Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

090 വിഭക്തി

58. നാമത്തിന്നു വാക്യത്തിലേ മറ്റു പദങ്ങളോടുള്ള സംബന്ധം കാണിക്കുന്ന നാമരൂപത്തിന്നു വിഭക്തിയെന്നു പേർ.
59. പ്രഥമക്കു പ്രത്യയമില്ല.
അൻ, ആൻ, ഓൻ, അൾ, ആൾ, ഓൾ, അം മുതലായവയെ ലിംഗപ്രത്യങ്ങളായും അർ, ആർ, മാർ, കൾ മുതലായവയെ വചനപ്രത്യയങ്ങളായും എടുത്തിരിക്കയാൽ ഇവയെ തന്നേ വിഭക്തിപ്രത്യയങ്ങളായി രണ്ടാമതും എടുക്കരുതു.
പ്രഥമയുടെ രൂപമായ സംബോധനയിൽ നാമത്തിന്റെ അന്ത്യസ്വരം ദീൎഘമാകും.
സ്വാമീ, നാണൂ, ശങ്കൂ, ദേവി, ഭഗവതീ, പാറൂ, മാതു.
(2) അൻപ്രത്യയത്തിന്റെ നകാരത്തിന്നു ലോപവും അകാരത്തിന്നു ദീൎഘവും വരും.
രാമാ, കൃഷ്ണാ, കണ്ണാ, ഗുരുവായൂരപ്പാ, അച്ഛാ.
(3) സ്ത്രീലിംഗത്തിൽ അന്ത്യമായ അകാരത്തിന്നു ഏകാരം ആദേശം വരും.
അമ്മേ, രാധേ, സീതേ, ശകുന്തളേ.
(4) വ്യഞ്ജനാന്തങ്ങളിൽ ഏപ്രത്യയം വരും.
മകനേ, മകളേ, കട്ടികളേ, പെരുമാളേ, മനമേ.
(5) അല്ലയോ, എടോ, എടാ, എടീ എന്നിവയെ സംബോനയോടു ചേൎക്കും.
അല്ലയോ ബ്രാഹ്മണശ്രേഷ്ഠ, എടോ രാമാ, എടാ കള്ളാ.
(6) വിശേഷണത്തെ സംബോധനയോടു ചേൎക്കാനായിട്ടു അതിനോടു ആയുള്ളോവേ എന്നതിനെ ചേൎക്കും.
അല്ലയോ ദേവശ്രേഷ്ഠനായുള്ളോവേ വാസവാ.
61. ദ്വിതീയാദിപ്രത്യയങ്ങളെ ചേക്കുമ്പോൾ പ്രാതിപദികത്തിനുണ്ടാകുന്ന രൂപഭേദത്തിന്നു ആദേശരൂപം എന്നു പേർ.
(1) ആദേശരൂപത്തിൽ അന്ത്യമകാരത്തിന്റെ സ്ഥാനത്തു ‘ത്തു’ പ്രത്യയം വരും.
മരം + എ = മരത്തു + എ = മരത്തെ. മരം + ഓടു = മരത്തു + ഓടു = മരത്തോടു.
(2) സാഹിത്യപ്രത്യയങ്ങളായ ഒടു, ഓടു ചേരുമ്പോൾ പദ്യത്തിൽ ത്തു വികല്പമായ്വരും.
നലം + ഒടു = നിലമൊടു, ഹിതമൊടു, ധനമൊടു.

ജ്ഞാപകം. — ഇഷ്ടം പോലെ ഒരു വ്യാകരണസൂത്രം പ്രവൃത്തിക്കുന്നു വെങ്കിൽ അതിന്നു വികല്പം എന്നു പറയും. പദ്യത്തിൽ ധനമൊടു എന്നും ധനത്തൊടു എന്നും കവിയുടെ ഇഷ്ടം പോലെ ഉപയൊഗിച്ചു കാണുകയാൽ ആദേശം വികല്പമാകുന്നു.
(3) ടു, റു എന്ന സംവൃതാന്തങ്ങളുടെ പിന്നിൽ വിഭക്തിപ്രത്യയം വന്നാൽ ഇവൎക്കു സവൎണ്ണാഗമത്താൽ ദ്വിത്വം വന്നിട്ടു ഇഅവ ട്ടു, റ്റു എന്നാകും.
ആടു + ഇൽ = ആട്ടു + ഇൽ = ആട്ടിൽ, കാട്ടിൽ, നീറ്റിൽ, വയറ്റിൽ.

ജ്ഞാപകം.— ഈ ദ്വിത്വം ചില നാമങ്ങളിൽ പ്രവൃത്തിച്ചു ചില നാമങ്ങളിൽ പ്രവൃത്തിക്കാതെയും ഇരിക്കുന്നതുകൊണ്ടു അതിനെ വിഭാഷ എന്നു പറയും. ചൂടോടേ എന്നതിൽ ദ്വിത്വമില്ല. നീരിൽ, നീറ്റിൽ എന്നിവയിൽ വികല്പം.
(4) വൃഞ്ജനാന്തപ്രാതിപദികങ്ങളിലും ആദേശരൂപം വരുന്നവയിലും ഇൽ എന്ന സപ്തമിപ്രത്യയം ഒഴികേയുള്ള പ്രത്യയങ്ങൾ വന്നാൽ ഈ പ്രത്യയങ്ങൾക്കു മുമ്പായിട്ടു ഇൻപ്രത്യയം ആഗമമായ്വരും.
വാക്ക് + എ = വാക്ക് + ഇൻ + എ = വാക്കിനെ. പെണ്ണ് + എ = പെണ്ണിനെ. മരത്തു + എ = മരത്തിൻ + എ = മരത്തിനെ. (5) അപവാദം. അന്ത്യവ്യഞ്ജനം ലിംഗത്തിന്റെയോ വചനത്തിന്റെയോ അംഗമായാൽ ഇൻ വരികയില്ല.
അവളെ, മക്കളെ, മരങ്ങളുടെ.
(6) ദിതീയയിൽ ഇൻ വികല്പമാകുന്നു.
വാക്കിനെ, വാക്കെ, മരത്തെ, മരത്തിനെ, ആളെ, ആളിനെ.
(7) വിവൃതാന്തങ്ങളിലും രാജാവു, പിതാവു മുതലായ സംവൃതാന്തങ്ങളിലും ഇൻ വരും.
ഗുരു + എ= ഗുരു + ഇൻ+ എ = ഗുരു + വ് + ഇൻ + എ= ഗുരുവിൻ + എ = ഗുരുവിനെ, ഗുരുവിന്നു, ഗുരുവിന്റെ, തെരുവിന്റെ, രാജാവിനെ, രാജാവിന്നു, പിതാവിന്നു, പിതാവിനോടു.
(8) സ്വരത്തിൽ അവസാനിക്കുന്ന പ്രാതിപദികങ്ങളുടെ പിന്നിൽ വരുന്ന കൽപ്രത്യയത്തിന്നു മുമ്പായിട്ടു ഇൻ ആഗമം വരും.
ഗംഗ + കൽ = ഗംഗ + ഇൻ + കൽ = ഗംഗയിൻ + കൽ = ഗംഗയിങ്കൽ. ഹരി + കൽ = ഹരിയിങ്കൽ, ലക്ഷ്മിയിങ്കൽ, ഗുരുവിങ്കൽ, വിഷ്ണുവിങ്കൽ.
62. ചതുൎത്ഥിക്കു കു, നു എന്നും ഷഷ്ഠിക്കു ഉടെ, ന്റെ എന്നും ഈ രണ്ടു പ്രത്യയങ്ങൾ ഉള്ളവയിൽ ഇവ എവിടെ വരുമെന്നറിയേണ്ടതാകുന്നു.
(1) ചതുൎത്ഥിയിൽ കു വന്നാൽ ഷഷ്ഠിയിൽ ഉടെ വരും; ചതുൎത്ഥിയിൽ നു വന്നാൽ ഷഷ്ഠിയിൽ ന്റെ വരും.
കു — അവൎക്കു, അവരുടെ; മരങ്ങൾക്കു, മരങ്ങളുടെ; കൈക്കു, കൈയിന്റെ.
നു — അവന്നു, അവന്റെ; മരത്തിന്നു, മരത്തിന്റെ; പിതാവിന്നു, പിതാവിന്റെ.
(2) ബഹുവചനങ്ങളിലും താലവ്യസ്വരങ്ങളിൽ അവസാനിക്കുന്ന പ്രാതിപദികങ്ങളിലും ചതുൎത്ഥിയിൽ കു വരും.
നിങ്ങൾക്കു, നമുക്കു, അവക്കു, മനുഷ്യൎക്കു, കൈക്കു, തീക്കു, നടിക്കു, ഹരിക്കു. അവൾക്കു, മകൾക്കു, ഇത്യാദി അൾപ്രത്യയാന്തങ്ങളിലും വരും.
(3) നകാരാന്തപ്രാതിപദികങ്ങളിലും ഇൻആഗമം വരുന്ന ആദേശരൂപങ്ങളിലും ചതുൎത്ഥിയിൽ നു വരും.
രാമന്നു, കൃഷ്ണന്നു, ഗുരുവിന്നു, പിതാവിന്നു, ആട്ടിന്നു, പശുവിന്നു.
63. സൎവ്വനാമങ്ങളുടെ വിഭക്തികൾ മറ്റു നാമങ്ങളെപ്പോലെ തന്നേ.
(1) ഞാൻ, നീ, താൻ എന്നിവക്കു ആദേശരൂപങ്ങളായി എൻ, നിൻ, തൻ എന്ന രൂപങ്ങൾ വരും.
ഞാൻ, എന്നെ, എന്നാൽ, എന്നോടു, എനിക്കു, എന്റെ, എന്നിൽ, എങ്കൽ. നീ, നിന്നെ, നിന്നാൽ, നിന്നോടു, നിനക്കു (നിണക്കു), നിന്റെ, നിന്നിൽ, നിങ്കൽ. താൻ, തന്നെ, തന്നാൽ, തന്നോടു, തനിക്കു, തന്റെ തന്നിൽ, തങ്കൽ.
(2) നാം, താം എന്നിവക്കു നമ്മ്, തമ്മ് എന്ന ആദേശങ്ങൾ വരും.
നാം, നമ്മെ, നമ്മോടു, നമുക്കു, നമ്മുടെ, നമ്മിൽ. താം, തമ്മെ, തമ്മോടു, തമ്മുടെ, തമ്മിൽ.
(3) ഞങ്ങൾ, നിങ്ങൾ, അവർ, തങ്ങൾ മുതലായ ബഹുവചനത്തിൽ വിശേഷിച്ചു പ്രക്രിയാകാൎയ്യമൊന്നുമില്ല.
(4) അതു, അതുകൾ, അവ, അവകൾ, ഇതു, ഇതുകൾ, ഇവ, ഇവകൾ എന്നിവയിൽ അവ, ഇവ എന്നിവക്കു അവറ്റു്, ഇവറ്റു് എന്ന ആദേശരൂപങ്ങൾ വികല്പമായ്വരും.
ഇവ, ഇവയെ, ഇവയാൽ, ഇവക്കു, ഇവയുടെ, ഇവയിൽ. ഇപറ്റെ, ഇവറ്റാൽ, ഇവറ്റിന്നു, ഇവയുടെ, ഇവറ്റിൽ, ഇവറ്റിങ്കൽ.

താളിളക്കം
!Designed By Praveen Varma MK!