Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

071 ആഗമസന്ധി.

34. (1) അകാരത്തിന്റെ പിന്നിൽ സ്വരം വന്നാൽ പ്രായേണ വകാരം ആഗമമായ്വരും.
അ + അൻ = അ + വ് + അൻ = അവൻ. അ + ഇടം = അ + വ് + ഇടം = അവിടം. പല + ആണ്ടു = പലവാണ്ടു. പല + ഉരു = പലവുരു.
(i) അകാരത്തിന്റെ പിന്നിൽ എല്ലായ്പോഴും വകാരം വരികയില്ലെന്നു കാണിപ്പാൻ പ്രായേണ എന്ന പദം പ്രയോഗിച്ചിരിക്കുന്നു. ചിലപ്പോൾ അകാരത്തിന്റെ പിന്നിൽ യകാരവും ആഗമമായ്വരും. തല + ഓടു = തലയോടു. തല + ഇൽ = തലയിൽ. ചോര + അണഞ്ഞു = ചോരയണഞ്ഞു.
(ii) അകാരത്തിന്റെ പിന്നിൽ യകാരം ആഗമം വന്നാൽ അകാരം താലവ്യവും വകാരം വന്നാൽ അകാരം ഓഷ്ഠ്യവും ആകുന്നു എന്നു പറയും.
(2) അകാരത്തിന്റെ പിന്നിൽ സ്വരപ്രത്യയം വന്നാൽ യകാരം ആഗമം വരും.
(i) സ്വരംകൊണ്ടു തുടങ്ങുന്ന പ്രത്യയം സരപ്രത്യയം ആകുന്നു.
പന + ഉടെ = പനയുടെ. ലത + ആൽ = ലതയാൽ. ഭാൎയ്യ + ഓടു = ഭാൎയ്യയോടു. ജായ + ഇൽ = ജായയിൽ. മല + ഉടെ = മലയുടെ, മല + അൻ = മലയൻ.
(ii) ആക + ഏ = ആക + വ് + ഏ= ആകവേ, ഒക്ക + ഏ= ഒക്കവേ, നീള + ഏ = നീളവേ, പതുക്കു + ഏ= പതുക്കുവേ, മെല്ല + ഏ = മെല്ലപേ ഇത്യാദി പൂൎവ്വരീതിയെ അനുസരിച്ചു പദ്യത്തിലുള്ള രൂപങ്ങൾക്കു പകരം ഇപ്പോൾ ഗദ്യത്തിൽ ഏകാരത്തിനു മുമ്പുള്ള അകാരത്തിന്റെ ലോപത്താൽ ഉണ്ടായ രൂപങ്ങളും ഉണ്ടു. ആക + ഏ= ആൿ + ഏ = ആകേ, ഒക്കേ, നീളേ പതുക്കേ, മെല്ലേ ഇത്യാദി.
(3) ആകാരത്തിന്റെ പിന്നിൽ സ്വരം വന്നാൽ ചിലപ്പോൾ വകാരവും ചിലപ്പോൾ യകാരവും ആഗമമായ്വരും.
വകാരം, പിതാ + ഉ = പിതാവു. രാജാ + ഉ = രാജാവു. അന്യഥാ + ആക്കി = അന്യഥാവാക്കി, വൃഥാ + ആക്കി = വൃഥാവാക്കി. എല്ലാ + അരും= എല്ലാവരും, വാ + എന്നു = വാവെന്നു. അമേരിക്കാ + ഇൽ = അമേരിക്കാവിൽ.
യകാരം, അമേരിക്കാ + എ = അമേരിക്കായെ; അമേരിക്കാ + ഇൽ = അമേരിക്കായിൽ, ആ + ഇ = ആയി; ചിനാ + ഇൽ = ചിനായിൽ.
(4) താലവ്യസ്വരങ്ങളുടെ പിന്നിൽ സ്വരം വന്നാൽ യകാരം ആഗമമായ്വരും.
ശക്തി + ഏറീടും = ശക്തിയേറിടും, ഓടി + അണഞ്ഞാർ = ഓടിയണഞ്ഞാർ, വഴി + ഇൽ = വഴിയിൽ, കൈ + ഉള്ള = കൈയുള്ള.
(5) ഇ എന്ന ചുട്ടെഴുത്തിന്റെയും ഏ, യാ എന്ന ചോദ്യെഴുത്തിന്റെയും പിന്നിൽ സ്വരം വന്നാൽ വകാരം വരും.
ഇ + അൻ = ഇവൻ; ഇവൾ, ഇവർ; ഇ + ഇടം = ഇവിടം; യാ + അൻ = യാവൻ, യാവൾ, യാവർ.
(i) ഇ + അൻ എന്നതിൽ താലവ്യമായ ഇകാരത്തിന്റെ പിന്നിൽ അകാരം വരുന്നതുകൊണ്ടു 4-ാം സൂത്രപ്രകാരം യകാരം വരേണ്ടതാകുന്നു. എന്നാൽ ആ യകാരം ഇവിടെ വരാൻ സംഗതിയുണ്ടായിട്ടും അതു വരരുതു എന്നുവെച്ചു 5-ാം സൂത്രം തുടങ്ങുന്നു. അതുകൊണ്ടു 4-ാം സൂത്രത്തിന്റെ പ്രവൃത്തിക്കു മുടക്കം വരുത്തുന്ന 5-ാം സൂത്രത്തെ അപവാദം എന്നു പറയും.
(6) ഓഷ്ഠ്യസ്വരങ്ങളുടെ പിന്നിൽ സ്വരം വന്നാൽ വകാരം ആഗമമായ്വരും.
തിരു + അടി = തിരുവടി, ശത്രു + ആം = ശത്രുവാം, ഗുരു+ ഇൻ+ എ = ഗുരുവിനെ, പൂ + ഉം = പൂവും, ഗോ + ഇന്റെ = ഗോവിന്റെ. (i) പോ + ഇ = പോയി, അയ്യോ + എന്നു = അയ്യോയെന്നു, മുതലായ അപവാദങ്ങളും ഉണ്ടു.

താളിളക്കം
!Designed By Praveen Varma MK!