Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

186 കേവലവാക്യം.

(i) പാലും പഴവും ഭുജിച്ചു തെളിഞ്ഞുടൻ,
കാലം വൃഥാ കളഞ്ഞീടാതെ ചൊല്ലെടോ.


(ii) അപ്പോൾ അതു കേട്ടു മൌൎയ്യസുതനോടു കെല്പോടു ചൊല്ലിനാൻ പൃത്ഥ്വീസുരേന്ദ്രനും.
(iii) ബാലനായുള്ള നീ എന്തറിഞ്ഞു, മമ ശീലഗുണങ്ങളും ബുദ്ധിവിലാസങ്ങളും.


ഞാപകം.— ഇങ്ങനെ രണ്ടു വിധത്തിലും അപോദ്ധരിക്കാം.

(i) താഴേ ചേൎത്ത വാക്യങ്ങളെ അപോദ്ധരിക്ക.
(ii) വിഭക്തികളുടെ അൎത്ഥവും പറക.
1. ആൎയ്യേ, വേഷം ധരിച്ചുകഴിഞ്ഞാൽ ഇങ്ങോട്ടു വരിക തന്നേ.
2. കുതിരകളുടെ വേഗം ആദിത്യാശ്വങ്ങളുടെ വേഗത്തേയും അതിശയിച്ചിരിക്കുന്നു.
3. ബ്രാഹ്മണാശീൎവ്വാദത്തെ ഞാൻ ഭക്തിയോടെ സ്വീകരിച്ചിരിക്കുന്നു.
4. ദുഃഖത്തിന്നും ആയുധപരിത്യാഗത്തിന്നും കാരണമെന്താണ്?
5. യാതുകൂരിരുൾ നീക്കിക്കളവാനും,
ലോകകൈരവബോധം വരുത്തുവാനും,
കൌസല്യാദേവീപൂൎവ്വാചലേ രാമ-
ചന്ദ്രൻ ജാതനായമ്പോടു, ഗോവിന്ദ.
[ഇവിടെ ഗോവിന്ദ എന്നതിന്നു വാക്യത്തിൽ പ്രവേശമേ ഇല്ല.]

6. വാനോർനദീപുരേ വാണരുളീടുന്ന
ദീനാനുകമ്പിയാം കൃഷ്ണൻതിരുവടി
ദീനം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളേണം.

7. ദ്രുപദനന്ദനിതന്റെ വചനമിങ്ങനെ കേട്ടു,
നൃപതി മാരുതി ഭീമൻ ചിരിച്ചുകൊണ്ടുരചെയ്തു.

8. അനേകം ആളുകൾ നിയമേന അതൃപ്തന്മാരായിട്ടിരിക്കുന്നു.
9. ഇങ്ങനെ ഒക്കയും വിചാരിക്കുന്ന ആളുകൾ സദാ ദീൎഘശ്വാസം വിടുകയും ദുഃഖിക്കയും മുറുമുറുക്കയും ചെയ്യുന്നു.
10. അല്ലയോ പ്രിയതമേ, ഞാൻ ഇത്ര നിൎദ്ദയനും മഹാപാപിയും ആയിത്തീൎന്നല്ലോ.
11. വിമാനചാരികളായിരിക്കുന്ന ഇന്ദ്രാദികൾ ദേവലോകത്തെ വിട്ടിറങ്ങി ഭൂതലത്തെ പ്രാപിച്ചു.
12. ഞാൻ ഇപ്പോൾ ഉണൎന്നിട്ടും വിചാരംകൊണ്ടു കൎത്തവ്യകൎമ്മങ്ങളെ ചെയ്യുന്നതിൽ അവയവങ്ങളെ വ്യാപരിക്കുന്നതിന്നു ശക്തയാകുന്നില്ല.
13. ആ രാജൎഷി അപ്രകാരമെല്ലാം പറഞ്ഞിട്ടു ഇതുവരെ ഒരെഴുത്തുപോലും അയച്ചില്ല.
14. മഞ്ഞു സാധാരണവായുവിൽ ചേൎന്നു ആകാശത്തിൽ വ്യാപിച്ചിരിക്കുന്നു.
15. ഇനി കാലതാമസം കൂടാതെ നാം എല്ലാവരും നമ്മുടെ പ്രവൃത്തി നോക്ക.
16. രാവിലേ പ്രാതൽ കഴിക്കേണ്ടതിന്നു കൃഷിക്കാർ അടുക്കളെക്കുള്ളിൽ വന്നു ഘടികാരം നോക്കി.
(iii) പാഠപുസ്തകത്തിലേ ചെറിയ വാക്യങ്ങളെ വിഭജിക്കുക.
2. സങ്കീൎണ്ണവാക്യം.
1. യൌവനം വന്നു പരിപൂൎണ്ണമായ്ചമഞ്ഞതി
ഗൎവ്വിതന്മാരായുള്ള പുത്രരെ കണ്ടു, നൃപൻ
മന്ത്രികളെയും നിജപുത്രന്മാരെയും വിളി
ച്ചന്തികേ വരുത്തിക്കൊണ്ടീവണ്ണമുരചെയ്താൻ:
ഒമ്പതു തനയന്മാരുണ്ടല്ലോ പുനരിനിക്കു,
ഒമ്പതിലൊരുവനെ ഭൂപതിയാക്കി വെച്ചു,
കാനനം പുക്കു തപം ചെയ്തുകൊണ്ടനുദിനം,
ഊനമെന്നിയെ ഗതിവരുത്തീടുകവേണം.

(i) “യൌവനം വന്നു പരിപൂൎണ്ണമായ്ചമഞ്ഞു” – ഭേദകവാക്യം ii. വാക്യത്തിന്റെ കാരണം പറയുന്നു.
(ii) “ഗൎവ്വിതന്മാരായുള്ള” – ഭേദകവാക്യം പുത്രരേ എന്നതിനെ വിശേഷിക്കുന്നു.
(iii) “നൃപൻ പുത്രരെ കണ്ടു, മന്ത്രികളെയും നിജപുത്രന്മാരെയും വിളിച്ചു അന്തികെ വരുത്തിക്കൊണ്ടു ഈവണ്ണം ഉരചെയ്താൻ” – i, ii, iv. ഈ വാക്യങ്ങൾക്കു പ്രധാനവാക്യം.
(iv) “എനിക്കു പുനർ ഒമ്പതു തനയന്മാർ ഉണ്ടല്ലൊ” – നാമവാക്യം ഉരചെയ്തു എന്നതിന്റെ കൎമ്മം.
(v) “ഒമ്പതിൽ ഒരുവനെ ഭൂപതിയാക്കിവെച്ചു കാനനം പുക്കു അനുദിനം തപം ചെയ്തുകൊണ്ടു ഊനമെന്നിയെ ഗതിവരുത്തീടുകവേണം” –
നാമവാക്യം ഉരചെയ്തു എന്നതിന്റെ കൎമ്മം.
(iv) ലും (v) ലും സമാനാധികരണത്തിലുള്ള വാക്യങ്ങളാകയാൽ ഇവയെ സാജാതീയവാക്യങ്ങൾ എന്നു പറയും.
ഇങ്ങനെ വാക്യം വിഭജിച്ചിട്ടു അതിലുള്ള അവാന്തരവാക്യങ്ങളെ വേർപിരിച്ചതിന്റെ ശേഷം ഓരോരോ വാക്യത്തെ കേവലവാക്യത്തെ പോലെ വിഭജിക്കേണം.


ആഖ്യാതം– ഉരചെയ്താൻ (പൂ: ക്രിയ.)
ആഖ്യാതവിശേഷണം– (a)1. കണ്ടു, 2. വിളിച്ചു, 3. വരുത്തിക്കൊണ്ടു ക്രിയാന്യൂനങ്ങൾ. (b) അന്തികേ (സ്ഥലം), ഈവണ്ണം (പ്രകാരം).
v. വാക്യം.
ആഖ്യ– ഞാൻ (അദ്ധ്യാഹരിക്കേണം).
ആഖ്യാതം– വരുത്തീടുകവേണം (സമാസക്രിയ, വിധായകപ്രകാരം.)
കൎമ്മം - 1. ഒരുവനെ. (ആക്കിവെച്ചു എന്നതിന്റെ കൎമ്മം.) 2. കാനനം. (പുക്കു എന്നതിന്റെ കൎമ്മം) 3. തപം (ചെയ്തു എന്നതിന്റെ കൎമ്മം) 4. ഗതി. (വരുത്തീടുകവേണം എന്നതിന്റെ കൎമ്മം).
ആഖ്യാതവിശേഷണം– 1. ഒമ്പതിൽ. (നിൎദ്ധാരണാൎത്ഥം കാണിക്കുന്നു. ആക്കി എന്നതിനെ വിശേഷിക്കുന്നു.) 2. അനുദിനം. (അവ്യയീഭാവസമാസം. ചെയ്തു എന്നതിനെ വിശേഷിക്കുന്നു.) 3. ഊനം എന്നിയെ (വരുത്തീടുകവേണം എന്നതിന്റെ വിശേഷണം).

ജ്ഞാപകം.– ഭൂപതിയാക്കി എന്നതു സമസ്തപദമായിട്ടെടുക്കാം. അല്ലെങ്കിൽ ഭൂപതി എന്നതിനെ ആക്കി എന്നതിന്റെ ആഖ്യാതപൂരണമായിട്ടും

എടുക്കാം. ആഖ്യാതപൂരണം പ്രഥമയിലേ വരൂ.
2. കല്യാണശീലനാം കാൎമ്മുകിൽവൎണ്ണനെ
കല്യാത്മഭാവേന വന്ദിച്ചുകൊണ്ടു ഞാൻ
കല്യാണസൌഗന്ധികാഖ്യം കഥാഭാഗ
മുല്ലാസകാരണം ഭാരതസത്തമം
ചൊല്ലെറുമിക്കഥാലേശം ചുരുക്കി ഞാൻ
ചൊല്വാൻ തുടങ്ങുന്നു ദേശികാനുഗ്രഹാൽ.

(1) താഴേ എഴുതിയ വാക്യങ്ങളെ ഉപോദ്ധരിക്ക.
(2) കാരകാൎത്ഥങ്ങളെയും പറക.
i. ചേതസ്സമാകൎഷകമായിടും നിൻ
ഗീതസ്വരത്താൽ ഹൃതനായി ഞാനും,
സ്ഥീതദ്രുതം പൂണ്ട മൃഗത്തിനാലീ
ശ്ശീതദ്യുതേൎവ്വംശജനാം നൃപൻപോൽ.

ii. ചെവിക്കു പേയമായിട്ടു ഭവിക്കും ഭാരതാമൃതം
ചമച്ച നിൎമ്മലാത്മാനം നമിക്കുന്നേൻ മഹാമുനിം.

iii. അരുളപ്പാടതു കേട്ടു കിരീടി
പുരികക്കൊടികൊണ്ടൊന്നറിയിച്ചാൻ:–
“കുരുവരനുണ്ടു ശിരോഭോഗേ തവ
മരുവീടുന്നു [നാരായണജയ]”.

iv. ഇന്നിന്നു പോം പ്രാണൻ എനിക്കുപൎത്താൽ
എന്നങ്ങു ചിത്തത്തിൽ നിനച്ചു തന്നേ
ഇന്നംബ വാഴുന്നതു മാനവേന്ദ്ര
കൊന്നീടൊല നീയതുകൊണ്ടടോ മാം.

v. മൌൎയ്യതനയൻ ഒരുദിനം
മംഗലശീലൻ കുസുമപുരത്തിങ്കൽ
സഞ്ചരിക്കുന്നോരുനേരത്തു ദൂരവേ,
തഞ്ചുന്ന കാന്തി കലൎന്നോരു വിപ്രനെ
പദ്ധതിമദ്ധ്യേ വസിച്ചു കൊണ്ടെത്രയും
ക്രുദ്ധനായ്മേഖല കുത്തിപ്പറിച്ചുടൻ
ചുട്ടതിൻഭസ്മം കലക്കിക്കുടിച്ചതി
രുഷ്ടനായ്നില്ക്കുന്നതു കണ്ടവൻതാനും.
vi. (a) ഉടനെ അവനെ നോക്കിക്കൊണ്ടിരുന്ന ആ വൎത്തകൻ അവൻ കുനിഞ്ഞെടുത്ത സാധനം എന്തായിരിക്കുമെന്നു വിചാരിച്ചു.
(b) നിലത്തു വീണു കിടക്കുന്ന മൊട്ടുസൂചിക്കൊപ്പമായ അല്പവസ്തുക്കളെ പെറുക്കിയെടുക്കുന്നതു സാധാരണമല്ലേ.
(c) ആയതു അത്ര വിചാരിക്കേണ്ടിയ ഒരു കാൎയ്യവുമല്ലെന്നു വല്ലവരും പറയുമായിരിക്കാം.
vii. ഇങ്ങനെ നിൎബ്ബന്ധമായി അവർ നാലുപേരും പറഞ്ഞതിനെ കേട്ടിട്ടു നളമഹാരാജാവു തന്റെ മനസ്സിൽ വിചാരിച്ചു.
viii. അമരാവതിയെ ജയിക്കുന്നതായ ആ രാജധാനിയെക്കണ്ടപ്പോൾ തന്നേ നളമഹാരാജാവു സന്തോഷസമുദ്രത്തിൽ മുങ്ങി.
(3) പാഠപുസ്തകത്തിലേ നൂറു വാക്യങ്ങളെ വിഭജിക്കുക.
3. സംയുക്തവാക്യം.

1. നക്ഷത്രങ്ങൾ തെളിഞ്ഞു ഗഗനത്തിൽ,
ദിക്കുകൾ പത്തുമൊക്കെ പ്രകാശിച്ചു,
അൎക്കസോമനും സുപ്രഭാ കൈക്കൊണ്ടു,
ലക്ഷ്മി വൎദ്ധിച്ചു ഭൂമിയിൽ, ഗോവിന്ദ.

ജ്ഞാപകം.– ശ്രീരാമന്റെ ജനനദിവസത്തിന്റെ വൎണ്ണനമാകുന്നു ഇതു. ഇവിടെ സജാതീയവാക്യങ്ങളെ കൂട്ടിച്ചേൎത്തിട്ടില്ല എങ്കിലും ഇവ തമ്മിൽ ഒരു സംബന്ധമുണ്ടെന്നതു പ്രത്യക്ഷം തന്നേ. സംയുക്തവാക്യത്തിൽ അടുത്തടുത്തു നില്ക്കുന്നവയും സംബന്ധം കാണിക്കുന്ന നിപാതങ്ങളില്ലാത്തവയും ആയ വാക്യങ്ങൾക്കു ആനുഷങ്ഗിക വാക്യങ്ങൾ (Collateral clauses) എന്നു പേർ.
2. നാകഭേരികൾ താനേ മുഴങ്ങിയും
ലോകമാനസജാലം തെളികയും
നാകനാരികളാടിയും പാടിയും
തോയരാശികൾ തെളികയും ഗോവിന്ദ.

ഇവിടെ ഉം അവ്യയത്താൽ കൂട്ടിച്ചേൎത്ത വാക്യങ്ങളാൽ സംയുക്തവാക്യം ഉണ്ടായിരിക്കുന്നു. ചെയ്തു എന്ന ക്രിയാപദം അദ്ധ്യാഹരിക്കേണ്ടതാകുന്നു.

3. രാമചന്ദ്രം ജനിപ്പിച്ചു കൌസല്യാ
ദേവി കൈകേയി പെറ്റു ഭരതനെ
ലക്ഷ്മണനെയും ശത്രുഘ്നമാനം
പെറ്റു നല്ല സുമിത്രയും ഗോവിന്ദ.
4. പൎവ്വതരാജനും ചാണക്യവിപ്രനും
ഗൎവ്വം നടിച്ചോരു വൈരോധകാദിയും,
മ്ലേച്ഛഗണങ്ങളും പാരസീകന്മാരും
ഉച്ചത്തിലാമ്മാർ നിലവിളിച്ചൊക്കവേ
പുഷ്പപുരിക്കു വടക്കും കിഴക്കുമായി
കെല്പോടു ചെന്നു വളഞ്ഞാർ അതുനേരം.
ഇവിടെ അനേകം ആഖ്യകളെ ഒന്നിച്ചു കൂട്ടിച്ചേൎത്തിരിക്കുന്നു.

5. വീരനായുള്ളൊരു പൎവ്വതരാജനും
ധീരനായുള്ളൊരു വൈരോധകൻതാനും
പുത്രനായുള്ള മലയകേതുതാനും
എത്രയുമൂക്കുള്ള മന്ത്രിജനങ്ങളും
ബന്ധുക്കളും പഞ്ചസേനാധിപന്മാരും
സിന്ധുവാസികളായ ശകന്മാരും
പാരസീകന്മാർ യവനഗണങ്ങളും
വീരരായീടുന്ന ബന്ധുജനങ്ങളും
ആനതേർ കാലാൾ കുതിരപ്പടകളും
ആനകശൃംഗമൃദംഗാദിവാദ്യവും
ഒക്കവേ തിക്കിത്തിരക്കീട്ടു തെക്കോട്ടു വെക്കം നടന്നു.
6. ദ്രോണർ, കൎണ്ണൻ, ജയദ്രഥൻ തുടങ്ങിയുള്ളവർ അഭിമന്യുവിനെ നിഗ്രഹിച്ചു. (ഇതിനെ കേവലവാക്യമാക്കി എടുക്കേണം. ദ്രോണൻ, കൎണ്ണൻ, ജയദ്രഥൻ എന്ന പദങ്ങൾ സമാനാധികരണത്തിൽ തുടങ്ങിയുള്ളവർ എന്നതിനോടു അന്വയിക്കുകകൊണ്ടും തുടങ്ങിയുള്ളവർ നിഗ്രഹിച്ചു എന്നതിന്റെ ആഖ്യയാകകൊണ്ടും ഇതു കേവലവാക്യം.)
7. മേലെഴുതിയ വാക്യങ്ങളെ അപോദ്ധരിക്കുക. വിഭക്ത്യൎത്ഥങ്ങളും പറക. പാഠപുസ്തകത്തിലേ ൬ വാക്യങ്ങളെ വിഭജിക്കുക.

താളിളക്കം
!Designed By Praveen Varma MK!