Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

158 കാരകം

149. (1) വാക്യത്തിൽ നാമപദത്തിന്നു ക്രിയാപദത്തോടുള്ള സംബന്ധത്തിന്നു കാരകം എന്നു പേർ. ഷഷ്ഠി നാമത്തോടു ചേരുന്നതുകൊണ്ടു കാരകവിഭക്തിയല്ല. ശേഷമുള്ള വിഭക്തികൾ ആറുവിധമായ സംബന്ധം കാണിക്കുന്നതു കൊണ്ടു ആറു കാരകങ്ങൾ ഉണ്ടു.(2) ആകാംക്ഷയാൽ ഉണ്ടാകുന്ന അൎത്ഥപൂൎത്തിക്കു സഹായിക്കുന്നതു കാരകങ്ങൾ ആകുന്നു. ഈ കാരകങ്ങൾക്കു ഒത്ത വണ്ണം നാമങ്ങളോടു പ്രത്യയങ്ങൾ ചേരും.
150. (1) ക്രിയ കാണിക്കുന്ന വ്യാപാരം ചെയ്യുന്നവൻ കൎത്താവു. ഇതിനെ കൎത്തൃകാരകമെന്നു പറയും.
(2) കൎത്തൃകാരകം കൎത്തരിപ്രയോഗത്തിൽ പ്രഥമവിഭക്തി യിലും കൎമ്മണിപ്രയോഗത്തിൽ തൃതീയയിലും വരും. (ii. 114.)


i. കൎത്തരി പ്രയോഗം. i. കൎമ്മണി പ്രയോഗം.
ശ്രീകൃഷ്ണൻ ഗീതയെ ഉപദേശിച്ചു. ശ്രീകൃഷ്ണനാൽ ഗീത ഉപദേശിക്കപ്പെട്ടു.
2. പരശുരാമൻ കേരളം സൃഷ്ടിച്ചു. പരശുരാമനാൽ കേരളം സൃഷ്ടിക്കപ്പെട്ടു.
3. ശിവാജി സാമ്രാജ്യം സ്ഥാപിച്ചു. ശിവാജിയാൽ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടു.
(i) i.ൽ ശ്രീകൃഷ്ണുൻ, പരശുരാമൻ, ശിവാജി എന്നീ പ്രഥമവിഭക്തികളും ii.ൽ ശ്രീകൃഷ്ണനാൽ, പരശുരാമനാൽ, ശിവാജിയാൽ എന്നീ തൃതീയവിഭക്തികളും കൎത്തൃകാരകങ്ങൾ ആകുന്നു.
(ii) ആഖ്യ എല്ലായ്പോഴും പ്രഥമവിഭക്തിയിൽ ഇരിക്കും. കൎത്താവു കൎത്തരിപ്രയോഗത്തിൽ പ്രഥമയിലും കൎമ്മണിപ്രയോഗത്തിൽ തൃതീയയിലും വരും.
(3) ദൂരത്തുള്ള ഒരാളെ വിളിക്കുമ്പോഴും അയാളുടെ മനസ്സു നാം പറയുന്നതിൽ ഇരുത്തുവാൻ വേണ്ടിയും ഉപയോഗിക്കുന്ന പ്രഥമയുടെ രൂപം സംബോധനയാകുന്നു.
ഇതിന്നു വാക്യത്തിൽ പ്രവേശമില്ലാത്തതിനാൽ വ്യാക്ഷേപകാവ്യയങ്ങളെപ്പോലെ തന്നേ ഇതിനെ വാക്യവിഭജനത്തിങ്കൽ വിട്ടുകളയേണം.
(i) സംസ്കൃതവൈയാകരണന്മാർ സംബോധനയെ ക്രിയാവിശേഷണമായി എടുക്കുന്നു.
(ii) രാമാ വരൂ എന്ന വാക്യത്തിൽ നാം രാമനോടു സംസാരിപ്പാൻ പോകന്നതുകൊണ്ടു രാമാ എന്ന സംബോധന മദ്ധ്യമപുരുഷൻ ആകുന്നു.
151. (1) ക്രിയാവ്യാപാരത്തിന്റെ ഫലം ഏതിൽ ചെന്നു ചേരേണമെന്നു കൎത്താവു ഇച്ഛിക്കുന്നുവോ അഥവാ കൎത്താവിൽനിന്നു ഏതിൽ ചെന്നുചേരുന്നുവോ ആയതു കൎമ്മം (കൎമ്മകാരകം). കൎമ്മം കൎത്തരിപ്രയോഗത്തിൽ ദ്വിതീയയിലും കൎമ്മണിപ്രയോഗത്തിൽ പ്രഥമയിലും വരും.
(i) “ഏതൊരു രാജൎഷിവംശമാണു ഭവാനാൽ അലങ്കരിക്കപ്പെട്ടതു” എന്നതിൽ പ്രഥമയായ രാജൎഷിവംശം എന്നതു കൎമ്മം. “രാമൻ കൃഷ്ണനെ കണ്ടു” എന്നതിൽ കൃഷ്ണനെ എന്ന ദ്വിതീയ കൎമ്മം.
(2) സകൎമ്മകക്രിയകൾക്കു മാത്രം കൎമ്മം ഉണ്ടാകയുള്ളൂ.
(3) അകൎമ്മകധാതുക്കളിൽനിന്നുണ്ടായ ക്രിയാനാമങ്ങൾ അകൎമ്മകക്രിയകൾക്കു കൎമ്മമായ്വരും.
നോട്ടം നോക്കി, ചട്ടം ചാടി, ഓട്ടം ഓടി, പോക്കു പോയി. ഈ കൎമ്മത്തിന്നു സജാതീയകൎമ്മം (cognate object) എന്ന പേർ ഇരിക്കുട്ടെ.
(4) സകൎമ്മകധാതുക്കളിൽ നിന്നുണ്ടായ നാമങ്ങൾ ദ്വിതീയയോടു അന്വയിച്ചു വരും.
എന്നെ സ്നേഹമുള്ളോർ. നമ്മെ ദ്വേഷമുള്ളോർ.
താതനെ സ്നേഹമുള്ളോർകളെ നന്നായ്വശീകരിച്ചീടിനാൻ മൌൎയ്യനും.
(5) ചില ക്രിയകൾക്കു രണ്ടു കൎമ്മങ്ങൾ ഉണ്ടാകും.
എന്നെ ചില ദുൎവ്വചനങ്ങൾ ചൊന്നാൻ; എന്നെ ചീത്ത പറഞ്ഞു; കൃഷ്ണൻ അൎജ്ജുനനെ ഗീതയെ ഉപദേശിച്ചു.
152. (1) കേവലപ്രകൃതികളുടെ കൎത്താവു പ്രയോജകപ്രകൃതികളിൽ കൎമ്മമായ്വരും (ii. 72. 3.)
1. അകൎമ്മകക്രിയകൾ.

2. ജ്ഞാനാൎത്ഥക്രിയകൾ.


3. മറ്റു സകൎമ്മക ധാതുക്കൾ.


(2) ചെയ്യു മുതലായ സകൎമ്മകധാതുക്കളിൽ കേവലപ്രകൃതികളുടെ കൎത്താവു പ്രയോജകപ്രകൃതികളിൽ കൊണ്ടു എന്ന ഗതിയോടുകൂടിയ കൎമ്മമായ്വരും.


(3) പ്രയോജകപ്രകൃതികൾ ഉണ്ടാക്കുന്ന പ്രകാരം:—
(i) അബലക്രിയയെ ബലക്രിയയാക്കുക, ഇളകു–ഇളക്കു, ആകു–ആക്കു,പോകു–പോക്കു.
(ii) ധാതുവിന്റെ അന്തത്തിലെ ങ്ങു എന്നതിന്നു പകരം ക്കു ഉപയോഗിക്കുക. മുങ്ങു–മുക്കു, തൂങ്ങു–തൂക്കു, മുഴങ്ങു–മുഴക്കു, തിങ്ങു–തിക്കു, അടങ്ങു–അടക്കു.
(iii) ത്തു ചേൎത്തുണ്ടാക്കും. ഇരുത്തുക, കിടത്തുക, നിറുത്തുക, വളരുക–വളൎത്തുക, വീഴ്ത്തുക, കമിഴ്ത്തുക.
(iv) ധാതുവിന്റെ അന്ത്യമായ ടു, റു, കു, ളു, ൺ മുതലായ വൎണ്ണങ്ങൾക്കു ദ്വിത്വം വരും.
റു–ആറു–ആറ്റു, ഏറു–ഏറ്റു, കേറു–കേറ്റു, പാറു–പാറ്റു.
ടു–ആടു–ആട്ടു, വാടു–വാട്ടു, ഓടു–ഓട്ടു.
ളു–വീളു–വീട്ടു, ഉരുളു–ഉരുട്ടു.
കു–പോകു–പോക്കു.
ൺ–കാൺ–കാട്ടു, ഊൺ–ഊട്ടു
(v) ധാതുവിനോടു ഇക്ക ചേൎക്കും; ബലക്രിയകളിലേ ക്കഎന്നതിന്നു പകരം പ്പു വരും.
അറിയിക്ക–അറിവിക്ക, ഒപ്പിക്കു, കുളിപ്പിക്ക, കളിപ്പിക്ക, എടുപ്പിക്ക.
153. (1) കൎമ്മണിപ്രയോഗത്തിൽ തൃതീയവിഭക്തി കൎത്താവിനെ കാണിക്കും.
അദിതിദേവിയാൽ നട്ടു വളൎത്തപ്പെട്ട വൃക്ഷങ്ങളോടുകൂടിയ ആശ്രമത്തെ നാം പ്രാപിച്ചിരിക്കുന്നു.
(2) പ്രയോജ്യ കൎത്താവു തൃതീയവിഭക്തിയിൽ വരും.
രാമൻ വാനരന്മാരെക്കൊണ്ടു സേതു കെട്ടിച്ചു.
(3) ക്രിയ കാണിക്കുന്ന വ്യാപാരം സാധിപ്പിപ്പാൻ കൎത്താവിന്നു ഏറ്റവും ഉപയോഗമുള്ളതായ്വരുന്നതു കരണം. കരണത്തിൽ തൃതീയ വരും.
വാളാൽ വെട്ടി.
(4) ഈ അൎത്ഥത്തിൽ അധികമായും കൊണ്ടു എന്ന ഗതി വരും.
വടികൊണ്ടു അടിച്ചു, അമ്പുകൊണ്ടു എയ്തു.
(5) കൎമ്മണിപ്രയോഗത്തിൽ കരണാൎത്ഥത്തിൽ കൊണ്ടു എന്ന ഗതിയെ ഉപയോഗിക്കുന്നതു നന്നു.
രാമനാൽ അമ്പിനാൽ രാവണൻ വധിക്കപ്പെട്ടു എന്നതിനെക്കാൾ രാമനാൽ രാവണൻ അമ്പുകൊണ്ടു വധിക്കപ്പെട്ടു എന്നു പറയുന്നതു നന്നു.
(6) ക്രിയാവ്യാപാരം ഉണ്ടാകുന്നതിന്നു ഹേതുവായതിനെ യും തൃതീയ കാണിക്കും.
അവൻ പഠിക്കയാൽ ജയിച്ചു. (ജയത്തിന്നു കാരണം പഠിപ്പാകുന്നു.) അൎത്ഥത്താൽ വലിപ്പം ഉണ്ടാകും.
(i) മേയനാമങ്ങളോടു ചേരുന്ന കൊണ്ടു എന്ന ഗതിയും കാരണാൎത്ഥം കാണിക്കും. പരുത്തികൊണ്ടു തുണി ഉണ്ടാക്കുന്നു, തുണികൊണ്ടു കടലാസ്സുണ്ടാക്കുന്നു, പൊന്നുകൊണ്ടു മോതിരം ഉണ്ടാക്കുന്നു. ഇതു ഉപാദാനകാരണമാകുന്നു.(Material cause)
(7) കഴിവു എന്ന അൎത്ഥമുള്ള പദങ്ങളോടു തൃതീയ അന്വയിച്ചു വരും.
എന്നാൽ കഴിയാത്തതു നിന്നാൽ ശക്യമല്ല, ഞങ്ങളാൽ അസാദ്ധ്യം.
(8) അനേകവസ്തുക്കളിൽനിന്നു ഒന്നിനെ തിരഞ്ഞെടുക്കുന്നതു നിൎദ്ധാരണം. നിൎദ്ധാരണത്തിൽ തൃതീയ വരും.
നാലാൽ ഒരുത്തൻ. മേനിയാൽ പകുതി നല്കി എന്നതിൽ മേനിയെ അവയവങ്ങളോടു കൂടിയ സമൂഹമായി വിചാരിക്കും.
154. (1) സാഹിത്യപ്രത്യയമായ ഒടു. ഓടു എന്നതിന്നു കൂടെയുള്ള, ഒന്നിച്ചുകൂടിയ, ചങ്ങാതി എന്നു അൎത്ഥം. അതു സംസ്കൃതത്തിലേ ഒന്നിച്ചു എന്നൎത്ഥമുള്ള സഹിത എന്നതിന്നു തുല്യമാകയാൽ വിഭക്തിക്കു സാഹിത്യമെന്നു പേർ.
അനുജനോടും ഭാൎയ്യയോടും കൂടി രാമൻ കാട്ടിൽ പോയി. ഇവിടെ പോക എന്ന പ്രവൃത്തി രാമനും അനുജനും ഭാൎയ്യയും ചെയ്തുവെങ്കിലും രാമന്നു പ്രാധാന്യം ഉള്ളതുകൊണ്ടു രാമപദം പ്രഥമയിലും ശേഷമുള്ളവ തൃതീയയിലും വന്നിരിക്കുന്നു.
(2) കൂടെയിരുന്നാൽ ഉണ്ടാകുന്നതു സംയോഗം അല്ലെങ്കിൽ അത്യന്തസാമീപ്യമാകുന്നു.
(3) യാതൊന്നിനോടുകൂടിച്ചേൎന്നു സംയോഗം ഉണ്ടാകുന്നവോ ആയതു സംയോഗി. ഈ സംയോഗിയെ കാണിക്കുന്ന നാമം സാഹിത്യവിഭക്തിയിൽ വരും.
(i) ക്രിയ കാണിക്കുന്ന വ്യാപാരത്താലോ ആ വ്യാപാരത്തിന്റെ ഫലത്താലോ സംയോഗം ഉണ്ടാകും. വ്യാപാരമോ ഫലമോ ചേരുന്നതു കൎമ്മമാകയാൽ കൎമ്മമായ സംയോഗി സാഹിത്യത്തിൽ വരും. അവൻ എന്നോടു പറഞ്ഞു.
ഇതിൽ പറ എന്നതു കാണിക്കുന്ന വ്യാപാരത്തിന്റെ ഫലം എന്നോടു ചേരുന്നതുകൊണ്ടു ‘എന്നോടു’ എന്നതു കൎമ്മം.
(4) ചൊല്ലു, പറ, ധരിപ്പിക്ക, കേൾപ്പിക്ക, അറിയിക്ക, ഉപദേശിക്ക, പഠിപ്പിക്ക, ചോദിക്ക, ബോധിപ്പിക്ക, നിയോഗിക്ക, യാചിക്ക, പ്രാൎത്ഥിക്ക, ഉരക്ക മുതലായ ക്രിയകളുടെ കൎമ്മം സാഹിത്യത്തിൽ വരും.
മഹീസുരൻ തന്നോടു ചോദിച്ചാൻ, അവനോടു പലവും ഉപദേശിച്ചു, ശക്തനാം രാക്ഷസനും അവനോടുരചെയ്താൻ.
(5) വാങ്ങുക എന്ന അൎത്ഥമുള്ള ക്രിയകളുടെ വ്യാപാരം യാതൊന്നിനോടു ചേരുന്നുവോ ആയതു സംയോഗിയാകയാൽ സാഹിത്യത്തിൽ വരും.
രാജാവിനോടു അനുജ്ഞ വാങ്ങി, എന്നോടു മേടിച്ചു.
(6) വിരോധം മുതലായ വ്യാപാരം കാണിക്കുന്ന ക്രിയകളുടെ ഫലം ചേരുന്ന നാമം സംയോഗി ആകയാൽ ആയതു സാഹിത്യത്തിൽ വരും.
രാജാവിനോടു അനുജ്ഞ വാങ്ങി, എന്നോടു മേടിച്ചു.
(7) വിരോധത്താൽ ഉണ്ടാകുന്ന ഫലം വിയോഗമാകയാൽ സാഹിത്യം വിയോഗം കാണിക്കും.
രാഘവനോടു വിയോഗം, ബന്ധനത്തോടു വേൎവ്വിടുത്തി, നിന്നോടു പിരിഞ്ഞു ഞാൻ.
(8) രണ്ടു വസ്തുക്കളുടെ സാമ്യാസാമ്യം നോക്കുന്നതു അവയെ അടുത്തടുത്തു വെച്ചിട്ടാകയാൽ സാഹിത്യം കാണിക്കുന്ന സംയോഗം തുല്യതയെയും കാണിക്കും.
അവനോടു സദൃശൻ ഇവൻ, നിന്നോടൊപ്പവർ ആർ, നളനോടു തുല്യൻ.
(9) തുല്യതയാൽ ഉണ്ടാകുന്നതു ഐക്യം ആകയാൽ സംയോഗിക്കും ആഖ്യക്കും അഭേദം ഉണ്ടായി രണ്ടും പ്രഥമയിൽ വരും.

(i) ഇവിടെ ഉം എന്ന നിപാതം രണ്ടു വാക്യങ്ങളുടെ സമുച്ചയത്തെ ദ്യോതിപ്പിക്കുന്നു.
1. ശിവൻ ശക്തിയായി (പരിണമിച്ചു) ചേരുന്നു.
2. ശക്തി ശിവനായി (പരിണമിച്ചു) ചേരുന്നു.
155. (1) ക്രിയാഫലം കൎമ്മത്തിൽ ചേരും. ഈ കൎമ്മം ഏവനോടു ചേരേണമെന്നു കൎത്താവു ഇച്ഛിക്കുന്നുവോ ആയ വൻ സംപ്രദാനം. സംപ്രദാനം ചതുൎത്ഥിയിൽവരും.
അമ്മ കുട്ടിക്കു പാൽ കൊടുത്തു–കൊടുക്കു എന്ന ക്രിയയുടെ കൎമ്മമായ പാൽ കുട്ടിയോടു ചേരുന്നതുകൊണ്ടു കുട്ടി സംപ്രദാനം ആകുന്നു.
(2) ക്രിയാഫലം ദിക്കിനെയും കാലത്തെയും സംബന്ധിക്കുന്നതുകൊണ്ടു ദിക്കാലങ്ങളെ കാണിപ്പാൻ ചതുൎത്ഥി വരും.
(i) ദിക്കു–കോട്ടെക്കു ചെന്നു, രാജധാനിക്കടുത്തു, പുരെക്കു തീപിടിച്ചു, നദിക്കു പടിഞ്ഞാറു പോയി, പുല്ലിടക്കിടെ സ്വരൂപിച്ചു സഞ്ചി അരെക്കുകെട്ടി.
(ii) കാലം–ഉച്ചക്കു വന്നു, വേളിക്കു പാടും, 14 ആണ്ടെക്കു ഭരിച്ചുകൊൾ്ക.
(3) രണ്ടു നാമങ്ങൾ തമ്മിലുള്ള സംബന്ധം ചതുൎത്ഥി കാണിക്കും.
രാമന്നു ഒരു മകൾ ഉണ്ടായി. അസ്തഗിരിക്കു കിഴക്കു. ഇതിന്നു രണ്ടു മാസം മുമ്പേ.
(4) ക്രിയാഭാവത്തെ മാത്രം കാണിക്കുന്ന ചില ക്രിയകളുടെ കൎത്താവു പ്രഥമയിൽ വരികയില്ല. ഈ വിധം ക്രിയകളെ നിഗീൎണ്ണകൎത്തൃകക്രിയകൾ എന്നു പേർ പറയും. ഇവയുടെ കൎത്താവു ചതുൎത്ഥിയിൽ വരും.
1. കുട്ടിക്കു പനിക്കുന്നു. 2. രാമന്നു ദാഹിച്ചു. 3. കൃഷ്ണനു വിശന്നു. 4. കുംഭകൎണ്ണനു ഉറങ്ങേണം. 5. നിനക്കു പോവാം; പനിക്കുന്നു = പനിയുണ്ടു.
(5) എളുപ്പമായി ഗ്രഹിപ്പാൻ കഴിയുമെന്നു വിചാരിച്ചു വിട്ടുകളഞ്ഞ ഭാവിക്രിയാന്യൂനത്തിന്റെ കൎമ്മം ചതുൎത്ഥിയിൽ വരും.
പൂവിന്നു വനം പുക്കു = പൂ കൊണ്ടുവരുവാൻ വനം പുക്കു. പൂ എന്നതു കൊണ്ടു വരുവാൻ എന്നതിന്റെ കൎമ്മം; ഈ ക്രിയാന്യൂനം ലോപിച്ചാൽ ‘പൂ’ എന്നതിന്നു പകരം ‘പൂവിന്നു’ എന്ന ചതുൎത്ഥി വരും. പോൎക്കു (പേർ ചെയ്വാൻ) സന്നദ്ധൻ; ചൂതിന്നു തുനിഞ്ഞു; ഭിക്ഷക്കു തെണ്ടി നടന്നു; വെള്ളത്തിന്നു പോയി; വേളിക്കുമുഹൂൎത്തം നോക്കുന്നു.
(6) താദൎത്ഥ്യം, അനുസരണം, ലക്ഷീകരണം, സംഭാവന, പകരം, തുല്യത എന്നീ അൎത്ഥത്തിൽ ചതുൎത്ഥി വരും.
(i) താദൎത്ഥ്യം—(ഒരു കാൎയ്യം സാധിപ്പാൻ വേണ്ടി) ഊണിന്നു കാത്തിരിക്കുന്നു. കാൎയ്യത്തിന്നു കഴുതക്കാൽ പിടിക്ക, നാട്ടിലേ പുഷ്ടിക്കിഷ്ടി ചെയ്ക, ചാത്തത്തിന്നു ക്ഷണിച്ചു.

ജ്ഞാപകം.—ആയി, ആയ്ക്കൊണ്ടു, വേണ്ടി എന്ന ഗതികൾ ഈ അൎത്ഥത്തിൽ വരും.

(ii) അനുസരണം—(ഒരു ക്രിയക്കു ഒത്ത ക്രിയ ചെയ്ക). താളത്തിന്നു തുള്ളുന്നു (താളത്തിന്നു ഒത്തവണ്ണം) നിലക്കു നിന്നാൽ മലക്കു സമം.
(iii) ലക്ഷീകരണം—കാശിക്കു പോകുന്നു (കാശിയെ ലക്ഷ്യമാക്കി). കല്ലു കാലിന്നു തട്ടുന്നു.
(iv) സംഭാവന—ഹിരിച്ചശേഷം ഒന്നു വരികിൽ ആദിത്യൻ, രണ്ടിന്നു ബുധൻ (രണ്ടു വരികിൽ എന്ന അൎത്ഥം). നൂറ്റിന്നു അഞ്ചു പലിശ.
(v) പകരം—ശപിച്ചതിന്നു അങ്ങോട്ടും ശപിച്ചു.
(vi) തുല്യത—നളന്നു തുല്യൻ, രാമനു സദൃശൻ, ധനദന്നു സമൻ.
156. (1) പഞ്ചമി എന്നതു സപ്തമിയോടു നിന്നു എന്ന ഗതി ചേൎന്നുണ്ടായ ഒരു വിഭക്തിയാകുന്നു. ഗതികളിൽ അവസാനിക്കുന്ന എല്ലാ രൂപങ്ങളെയും പ്രത്യേകമായ വിഭക്തികളായി ഗണിച്ചു വരാത്തതുകൊണ്ടു ഇതിനെയും ഒരു പ്രത്യേകവിഭക്തിയാക്കി എടുക്കേണമെന്നില്ല. ഈ രൂപം സംസ്കൃത പഞ്ചമിയുടെ ചില അൎത്ഥത്തിൽ ഉപയോഗിച്ചുവരുന്നതുകൊണ്ടു പൂൎവ്വ
വൈയാകരണന്മാർ അതിനെ പഞ്ചമി എന്നു പറഞ്ഞു.
(2) ക്രിയാവ്യാപാരത്താൽ രണ്ടു വസ്തുക്കൾക്കു വിയോഗം ഉണ്ടാകുമ്പോൾ യാതൊന്നു ഉറപ്പായി നില്ക്കുന്നുവോ ആയതു അപാദാനം ആകുന്നു. അപാദാനത്തിൽ പഞ്ചമി വരും. അവൻ മരത്തിൽനിന്നു വീണു; അവന്നും മരത്തിന്നും വീഴ്ചയാൽ വിയോഗം ഉണ്ടായി. അവൻ വീഴുമ്പോൾ മരം ഉറപ്പായിനിന്നതുകൊണ്ടു അതു അപാദാനമാകയാൽ പഞ്ചമിയിൽ വന്നു. നഗരത്തിൽനിന്നു പോയി; മോഹങ്ങൾ മാനസത്തിങ്കൽനിന്നു കളക; കടലിൽനിന്നു കര കയറ്റി.
(3) ദൂരം നിശ്ചയിക്കുന്നേടം, ഉൽപത്തിസ്ഥാനം, ദാതാവു എന്നിവയെ കാണിക്കുന്ന നാമങ്ങൾ അപാദാനം ആകയാൽ പഞ്ചമിയിൽ വരും.
(i) തലശ്ശേരിയിൽനിന്നു അഞ്ചുനാഴിക തെക്കു മയ്യഴി. മരത്തിൽനിന്നരക്കാതം ദൂരവേ.
(ii) പാദതലത്തിൽനിന്നുണ്ടായി ശൂദ്രജാതി; വക്ഷസ്സിൽനിന്നുണ്ടായി ക്ഷത്രിയജാതി; ഹിമവാനിൽനിന്നു ഗംഗ ഉത്ഭവിക്കുന്നു.
(iii) രാജാവിങ്കൽനിന്നു കിട്ടി; വിശ്വാമിത്രങ്കൽ നിന്നു പഠിച്ചു; എങ്കൽ നിന്നു കേട്ടു.
157. (1) ക്രിയാവ്യാപാരം എവിടെ വെച്ചു നടക്കുന്നുവോ ആയതു അധികരണം. അധികരണം സപ്തമിയിൽ വരും.
നാം കേരളത്തിൽ വസിക്കുന്നു. അവർ പാഠശാലയിൽ പഠിക്കുന്നു. ശൂരന്മാർ പോൎക്കളത്തിൽ യുദ്ധം ചെയ്യുന്നു.
(2) ഔപശ്ലേഷികം, അഭിവ്യാപകം, വൈഷയികം എന്ന അധികരണം മൂന്നു വിധം.
(i) ക്രിയാവ്യാപാരം അധികരണത്തിന്റെ ഒരു ഭാഗത്തിൽ മാത്രം നടക്കുന്നുവെങ്കിൽ അതിനെ ഔപശ്ലേഷികമെന്നു പറയും. കപ്പലിൽ കയറി, ഗിരിശിഖരത്തിൽ എത്തി, കിടക്കയിൽ കിടന്നു, തോണിയിൽ ഇരുന്നു, നിലത്തിൽ വീണു, കഴുത്തിൽ മാല ഇട്ടു.
(i) ക്രിയാവ്യാപാരം അധികരണത്തിലെല്ലാം വ്യാപിച്ചിരിക്കുന്നുവെങ്കിൽ അതിനെ അഭിവ്യാപകം എന്നു പറയും. വെള്ളത്തിൽ പഞ്ചസാര കലക്കി, ശരീരത്തിൽ ചോരയുണ്ടു, സൂൎയ്യപ്രകാശം ജഗത്തിൽ വ്യാപിച്ചിരിക്കുന്നു, എള്ളിൽ എണ്ണ. (ii) വിഷയം, സംബന്ധം എന്ന അൎത്ഥത്തിൽ വരുന്ന അധികരണം വൈഷയികം. മോക്ഷത്തിൽ ആഗ്രഹം, ധനത്തിൽ മോഹം, ഈശ്വരങ്കൽ ഭക്തി, ബ്രഹ്മചൎയ്യത്തിൽ ഏകനിഷ്ഠ, പഠിപ്പിൽ ഉത്സാഹം, മരണത്തിൽ രതി.
(3) താരതമ്യം, കാലം, പ്രകാരം, നിൎദ്ധാരണം, എന്നീ അ ൎത്ഥത്തിൽ സപ്തമി വരും.
(i) താരതമ്യം— ഗൃഹത്തിലിരിക്കയിൽ മരിക്കു നല്ലൂ, ലക്ഷത്തിൽ പരം പുരുഷന്മാർ.
(ii) കാലം— യാഗത്തിങ്കൽ പാടി. ( = യാഗം കഴിക്കുന്ന സമയം.)
(iii) പ്രകാരം— തെളിവിൽ പാടി.
(iv) നിൎദ്ധാരണം— നാലുപേരിലും മുമ്പൻ രാമൻ, വമ്പരിൽ മുമ്പൻ, ഗുഹ്യങ്ങളിൽവെച്ചു അതിഗുഹ്യം.
158. ഷഷ്ഠി ക്രിയകളോടു അന്വയിക്കാത്തതുകൊണ്ടു അതിനെ കാരകവിഭക്തിയായി വിചാരിക്കുന്നില്ല. ഒന്നിച്ചു, ഒരുമിച്ചു, കൂടേ, കൂട, അടുക്കേ മുതലായ ഗതികളോടു അന്വയിക്കുന്നുണ്ടെങ്കിലും ഇവയെ ക്രിയകളാക്കി എടുക്കുന്നില്ല, ഷഷ്ഠിയുടെയും അൎത്ഥം വിവരിച്ചാൽ എല്ലാവിഭക്തികളുടെയും അൎത്ഥം ഈ പ്രകരണത്തിൽ തന്നേ അടങ്ങുമെന്നു വിചാരിച്ചു ഷഷ്ഠിയും ഇവിടെ ചേൎത്തിരിക്കുന്നു.
(1) രണ്ടു നാമങ്ങൾ തമ്മിലുള്ള സംബന്ധം ഷഷ്ഠി കാണിക്കും. ഈ സംബന്ധം അസംഖ്യവിധമായിരിക്കുന്നതു കൊണ്ടു പരിഗണിച്ചുകൂട. അതിൽ (a) ജന്യജനകഭാവം (b) അംഗാംഗിഭാവം (c) ഗുണിഗുണഭാവം (d) സ്വസ്വാമിഭാവം ഇവ മുഖ്യമായവ.
(a) ജന്യജനകഭാവം— ‘ദശരഥന്റെ പുത്രൻ രാമൻ’ ഇതിൽ ദശരഥൻ ജനകനും രാമൻ ജന്യനും ആകുന്നു. ‘രാമന്റെ അച്ഛൻ ദശരഥൻ’, ‘സീതയുടെ അമ്മ ഭൂദേവി, ഭൂദേവിയുടെ പുത്രി സീത’.
(b) അംഗാംഗിഭാവം— ശരീരത്തിന്റെ (അംഗിയുടെ) അവയവം (അംഗം). കാലിന്റെ വിരൽ, മരത്തിന്റെ ഫലം. പശുവിന്റെ പാൽ, പോത്തിന്റെ കൊമ്പു, ദുഷ്ടന്റെ ചിത്തം, സാധുവിന്റെ മനസ്സു.
(c) ഗുണിഗുണഭാവം— രാമന്റെ (ഗുണിയുടെ) ശൌൎയ്യം (ഗുണം). കൃഷ്ണന്റെ സാമൎത്ഥ്യം, ഈശ്വരന്റെ മഹാത്മ്യം, ജലത്തിന്റെ ശൈത്യം, വായുവിന്റെ ഉഷ്ണം, പാട്ടിന്റെ മാധുൎയ്യം, ജനങ്ങളുടെ മോഹം, കത്തിയുടെ മൂൎച്ച. (d) സ്വസ്വാമിഭാവം—രാജാവിന്റെ (സ്വാമിയുടെ) മന്ത്രി (സ്വം). രാമന്റെ സാരഥി, കൃഷ്ണന്റെ രഥം, വിഷ്ണുവിന്റെ ചക്രം, സൈനികന്റെ ആയുധം.
(2) ക്രിയാനാമങ്ങളോടു ചേൎന്നുവരുന്ന ഷഷ്ഠി ആ ക്രിയയുടെ കൎത്താവിനെയോ കൎമ്മത്തെയോ കാണിക്കും. കൎത്താവായി നില്ക്കുന്ന ഷഷ്ഠിക്കു കൎത്തൃഷഷ്ഠി എന്നും കൎമ്മമായി നില്ക്കുന്ന ഷഷ്ഠിക്കു കൎമ്മഷഷ്ഠി എന്നും പേർ.
(i) കൎത്തൃഷഷ്ഠി—രാമന്റെ വരവു, കൃഷ്ണന്റെ യാത്ര, ബ്രാഹ്മണരുടെ ഭോജനം, രാജാവിന്റെറ്റ കല്പന.
(ii) കൎമ്മഷഷ്ഠി—രാവണന്റെ വധം, ധനത്തിന്റെ ആശ, രമണന്റെ മാൎഗ്ഗണം.

ജ്ഞാപകം. – (i) മറ്റു അൎത്ഥത്തിൽ വരുന്ന ഷഷ്ഠികൾ വെറും സംബന്ധസാമന്യത്തെയോ വിഷയത്തെയോ കറിക്കും. ഉറുപ്പികയുടെ വാക്കു, ഉറുപ്പികയെ സംബന്ധിച്ച വാക്കു, ഉറുപ്പിക വിഷയമായ വാക്കു.

(ii) പ്രഥമ ആശ്രിതമെന്നും അനാശ്രിതമെന്നും രണ്ടു വിധം ഉണ്ടെന്നു വ്യാകരണാന്തരത്തിൽ പറഞ്ഞതു കേവലം അസംഗതമാകുന്നു. വാക്യത്തിലേ പദങ്ങളെല്ലാം തമ്മിൽ അന്വയിച്ചു ആകാംക്ഷയോടു കൂടിയിരിക്കയാൽ എല്ലാം ആശ്രയിച്ചവ തന്നേ ആയിരിക്കേണം. അനാശ്രിതപദങ്ങൾക്കു വാക്യത്തിൽ പ്രവേശമേ ഇല്ല. സംബോധനയും വ്യാക്ഷേപകാവ്യയങ്ങളും വാക്യത്തിലേ ഇതരപദങ്ങളോടു ചേരാത്തതുകൊണ്ടു ഇവ അനാശ്രിതപദങ്ങൾ ആകയാൽ അവക്കു വാക്യത്തിൽ പ്രവേശമില്ല. (ii. 150.) അതുകൊണ്ടു അപോദ്ധാരത്തിൽ അവയെ ഉപേക്ഷിക്കേണ്ടിവരുന്നു. രാമൻ പോകുന്നു, മഴ പെയ്യും, അഗ്നിപൎവ്വതം പൊട്ടി എന്നിവയിലേ പ്രഥമ വാക്യത്തിലേ ആഖ്യയായി ക്രിയയോടു അന്വയിക്കുന്നതുകൊണ്ടു അതു അനാശ്രിതമെന്നു ഒരിക്കലും പറവാൻ പാടില്ല. സ്ഥലം, കാലം, കൎമ്മം, പ്രമാണം, പ്രകാരം എന്നീ അൎത്ഥത്തിൽ വരുന്ന രൂപം പ്രഥമക്കു തുല്യമാകയാൽ അതു ആശ്രിതപ്രഥമ എന്നു പറയുന്നതും യുക്തിവിരോധം. ഈ അൎത്ഥങ്ങളെല്ലാം നപുംസകനാമങ്ങളിൽ മാത്രം വരുന്നതുകൊണ്ടും നപുംസകത്തിൽ പ്രഥമയുടെ രൂപം ദ്വിതീയക്കും ഉള്ളതു കൊണ്ടും, ദ്വിതീയ ഈ അൎത്ഥത്തിൽ മറ്റുഭാഷകളിൽ ഉപയോഗിച്ചുവരുന്നതുകൊണ്ടും ഇവയെ ദ്വിതീയകളായി വിചാരിക്കേണം. എളുപ്പം നടന്നു എന്നതിൽ എളുപ്പം ആശ്രിതപ്രഥമപ്രകാരപ്രയോഗമെന്നു പറയുന്നതിനെക്കാൾ അതിനെ അവ്യയമായിട്ടു എടുക്കുന്നതു നന്നു. ഈ വിധം ക്രിയാവിശേഷണങ്ങളെല്ലാം ദ്വിതീയയിൽനിന്നുണ്ടായവ ആകയാൽ ദ്വിതീയയായ എളുപ്പം എന്നതു് ‘നടന്നു’ എന്ന തിന്റെ വിശേഷണമായി എടുക്കുന്നതു യുക്തിയുക്തമായിരിക്കും.

താളിളക്കം
!Designed By Praveen Varma MK!