Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

103 കാലം

73. ധാതു കാണിക്കുന്ന വ്യാപാരം എപ്പോൾ ഉണ്ടാകുന്നു എന്നു കാണിക്കുന്ന ക്രിയാരൂപത്തിന്നു കാലം എന്നും, അതു എങ്ങനെ നടക്കുന്നു എന്നു കാണിക്കുന്നതിന്നു പ്രകാരം എന്നും വ്യാപാരത്തെക്കുറിച്ചു പറയുമ്പോൾ പ്രാധാന്യം കൎത്താവിന്നോ കൎമ്മത്തിന്നോ എന്നു കാണിക്കുന്ന രൂപത്തിന്നു പ്രയോഗം എന്നും മറ്റുമുള്ള അൎത്ഥഭേദങ്ങളെ കാണിപ്പാനായിട്ടു പ്രകൃതിയോടു ഓരോ പ്രത്യയങ്ങൾ ചേൎക്കും.

74 (1) പ്രകൃതിയോടു ഉന്നു ചേൎത്തു വൎത്തമാനകാലത്തെയും (i. 20 , 72), ഉം ചേൎത്തു ഒന്നാം ഭാവിയെയും, ഊചേൎത്തു രണ്ടാം ഭാവിയെയും ഉണ്ടാക്കും (i. 74).

(i) ചിലപ്പോൾ പ്രത്യയങ്ങൾ ധാതുവിനോടു തന്നേ ചേരും.

(ii) ഒരു സ്വരമാത്രമുള്ള ധാതുക്കളിലേ സ്വരം ദീൎഘമായാൽ അബലക്രിയ കളിൽ വൎത്തമാനഭാവികാലപ്രത്യയങ്ങളെ ധാതുവിനോടു ചേൎക്കും. പാടും, ചാടും, മാറും. ഈ വിധ ധാതുക്കളെ ദീൎഘധാതുക്കൾ എന്നു പറയും. അനേകസ്വരമുള്ള അബലക്രിയകളിലേ സ്വരങ്ങൾ ഹ്രസ്വങ്ങളാകുന്നുവെങ്കിൽ പ്രത്യയങ്ങൾ ധാതുവിനോടു ചേരും. വളരും, ഇളകും, തളരുന്നു. ഈ ധാതുക്കളെ ഹ്രസ്വധാതുക്കളെന്നു പറയും. ബലക്രിയകളിൽ പ്രത്യയങ്ങൾ ബലപ്രകൃതിയോടു ചേരും.
(2) രണ്ടാം ഭാവിയിൽ ബലക്രിയകളിൽ ക്കുവിന്നു പകരം പ്പുവും വരും. കൊടുക്കൂ, കൊടുപ്പൂ, ജയിക്കൂ, ജയിപ്പൂ, നടക്കൂ, നടപ്പൂ.
75. ഭൂതകാലം ഉണ്ടാക്കുവാൻ ധാതുവിനോടു ഇ,തു എന്ന പ്രത്യയങ്ങളിൽ ഒന്നു ചേൎക്കും (i. 75 — 78). ഇ. ആയി, പോയി, ഇളകി, ഉരസി, കുലുങ്ങി, കുലുക്കി, മങ്ങി, ചിന്തി,തുപ്പി. തു. ചെയ്തു, എടുത്തു, നൊന്തു, വലിച്ചു, വലഞ്ഞു, വിറ്റു, വിട്ടു, പുക്കു, ഉണ്ടു.
76. (1) ധാതുസ്വരങ്ങളിൽ ഒന്നു ദീൎഘമായും എല്ലാം ഹ്രസ്വമായും ഇരുന്നാൽ അബലക്രിയകളിൽ ഭൂതത്തിൽ ഇപ്രത്യയം വരും.
(i) ദീൎഘധാതു. - ആടി, ഓടി, ഊരി, ഓതി, ഏശി, മാറി, വാറി, വൈകി, തേകി.
(ii) ഹ്രസ്വധാതു. - ഉരസി, വിലസി, കരുതി, മരുവി, ഇളകി, വരുത്തി, കടത്തി.
(2) ധാതു സംയോഗാക്ഷരത്തിൽ അവസാനിച്ചാൽ ഭൂതത്തിൽ ഇപ്രത്യയം വരും. ആക്കി, ചിക്കി, മുക്കി, തേക്കി, അനങ്ങി, വണങ്ങി, തൂങ്ങി, മുങ്ങി, കാച്ചി, ആട്ടി, കാട്ടി, കൂട്ടി, വെട്ടി, നണ്ണി, എണ്ണി, മാന്തി, ചിന്തി, പൊന്തി, താഴ്ത്തി, വാഴ്ത്തി.

77. സ്വരങ്ങളിലും ചില്ലുകളിലും അവസാനിക്കുന്ന ബലക്രിയകളിൽ ഭൂതത്തിൽ തുപ്രത്യയം വരും.
(1) എയ്യാദികളിൽ മാത്രം തു വരും. മറ്റുധാതുക്കളിൽ അതു പല വിധത്തിലും മാറിപ്പോകും.
എയ്തു, കൊയ്തു, ചെയ്തു, നെയ്തു, പെയ്തു, പൊയ്തു, വീതു, പണിതു. തൊഴുതു, ഉഴുതു, പൊരുതു.
(i) ഇവ എയ്യാദികൾ ആകുന്നു. ഇവ അബലക്രിയകൾ.
(2) ഓഷ്ഠ്യസ്വരങ്ങളിലും , ആ, ഋ, ർ എന്നീ വൎണ്ണങ്ങളിലും അവസാനിക്കുന്ന ബലക്രിയകളിൽ തുപ്രത്യയം സവൎണ്ണാഗമത്താൽ ത്തു ആകും.
അ. മണത്തു, കനത്തു, ഉരത്തു.
ആ. കാത്തു.
ഉ. എടുത്തു, ഉടുത്തു, കൊടുത്തു, പകുത്തു, പഴുത്തു, മുഴുത്തു, തണുത്തു.
ഊ. പൂത്തു, മൂത്തു.
ഒ. ഒത്തു.
ഓ. കോത്തു, തോത്തു.
ഋ. മധൃത്തു, എതൃത്തു, കളൃത്തു.
ർ. പാൎത്തു, ചേൎത്തു, നേൎത്തു, ഓൎത്തു, ആൎത്തു, കയൎത്തു, വിയൎത്തു.
(3) താലവ്യസ്വരങ്ങളുടെ പിന്നിൽ ത്തു എന്നതു സവൎണ്ണാദേശത്താൽ ച്ചു ആകും.
അടിച്ചു, ഇടിച്ചു, കളിച്ചു, പറിച്ചു, വ്യസനിച്ചു, നാണിച്ചു, തേച്ചു, കൈച്ചു, വെച്ചു.
(4) കു, ടു, റു എന്നീ സംവൃതാന്തവൎണ്ണങ്ങളിൽ അവസാ നിക്കുന്ന ധാതുക്കളിൽ തുപ്രത്യയത്തിന്നു പൂൎവ്വസവൎണ്ണാദേശം വന്നിട്ടു ക്കു, ട്ടു, റ്റു എന്നാകും.
കു + തു = ൿ + തു = ൿ + കു = ക്കു; ടു + തു = ട് + തു = ട് + ടു = ട്ടു; റു + തു = റ് + റു = റ്റു. പുകു + തു = പുക്കു; മികു + തു = മിക്കു; തകു + തു = തക്കു; ഇടു + തു = ഇട്ടു; പെടു + തു = പെട്ടു; തൊടു + തു = തൊട്ടു; പെറു + തു = പെറ്റു; അറു + തു = അറ്റു.

ജ്ഞാപകം. - ഇവിടെ ധാതുവിന്റെ അന്ത്യസംവൃതം ലോപിക്കും.

(5) തുപ്രത്യയത്തിന്നു നകാരം ആഗമം വന്നിട്ടു ന്തു ആകും. നൊ+തു = നൊ+ൻ+തു = നൊന്തു; വെ+തു = വെ+ൻ+തു = വെന്തു.
(6) പൂൎവ്വസവൎണ്ണാദേശത്താൽ ന്തു എന്നതു ന്നു ആകും.
ന്തു = ൻ+തു = ൻ+നു = ന്നു.
ചെൽ+ന്തു = ചെന്നു; നട+ന്തു = നടന്നു; കട+ന്തു = കടന്നു; നിൽ+ ന്തു = നിന്തു = നിന്നു.
(7) താലവ്യത്തിൽ അവസാനിക്കുന്ന ധാതുക്കളിൽ ന്തുപ്രത്യയത്തിന്നു പൂൎവ്വസവൎണ്ണാദേശം വന്നിട്ടു ഞ്ചു ആകും. പൂൎവ്വസവൎണ്ണാദേശത്താൽ ഞ്ചു എന്നതു ഞ്ഞു ആകും. വലഞ്ഞു, മാഞ്ഞു, പാഞ്ഞു, നനഞ്ഞു, വളഞ്ഞു, കരിഞ്ഞു, പൊളിഞ്ഞു, അഴിഞ്ഞു, ഒഴിഞ്ഞു, തേഞ്ഞു, കുറഞ്ഞു, കവിഞ്ഞു. (i) ഈ ധാതുക്കളുടെ വൎത്തമാനത്തിൽ അബലപ്രകൃതിയിൽ ഉക എന്ന വികരണം പ്രായേണ വരുന്നു.
(8) ൺ, ൾ, ഴ് എന്ന വൎണ്ണങ്ങളിൽ അവസാനിക്കുന്ന ധാതുക്കളിൽ പൂൎവ്വസവൎണ്ണാദേശത്താൽ ന്തു എന്നുതു ണ്ടു ആകും. ൺ. കൺ+ന്തു = കൺ+ൻ+തു = കൺ+ൺ+തു = കൺ+ൺ+ ടു = കൺ+ടു = കണ്ടു; ഉൺ+ന്തു = ഉണ്ടു; പൂൺ+ന്തു = പൂണ്ടു. ള്. അരൾ+ന്തു = അരൾ+ൺ+തു = അരൾ+ൺ+ടു = അര+ ണ്ടു = അരണ്ടു; ഇരുൾ+ന്തു = ഇരുണ്ടു; ഉരുൾ+ന്തു = ഉരുണ്ടു; വറൾ+ന്തു= വരണ്ടു; നീൾ+ന്തു = നീണ്ടു; കൊണ്ടു; മുരണ്ടു, പിരണ്ടു. ഴ്. ആഴ്+ന്തു = ആഴ്+ണ്ടു = ആണ്ടു.

ജ്ഞാപകം - ധാതുവിന്റെ അന്തത്തിലേ ൺ, ഴ്, ൾ എന്നീ വൎണ്ണങ്ങൾ ലോപിക്കും.

(9) ഴ്+ന്തു എന്നതിന്നു പകരം ചില ഴകാരാന്തധാതുക്കളിൽ ണു വരും.
വാഴ്+ന്തു = വാണു; വീഴ്+ന്തു = വീണു; കേഴ്+ന്തു = കേണു.
(10) ചില ഴകാരാന്തധാതുക്കളിൽ ണ്ണു വരും.
കമിഴ്+ന്തു = കമിണ്ണു; കവിഴ്+ന്തു = കവിണ്ണു; അമിഴ്+ന്തു = അമിണ്ണു.

ജ്ഞാപകം.- കാലാൎത്ഥങ്ങളിലുള്ള വിശേഷങ്ങളെ സൂചിപ്പിക്കുന്ന കാലവിഭാഗങ്ങളെക്കുറിച്ചു ക്രിയാസമാസത്തിൽ പറയും.

താളിളക്കം
!Designed By Praveen Varma MK!