Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

001 വ്യാകരണനിൎവചനം

1. വാക്കുകളെ വിഭാഗിച്ചു അൎത്ഥം നിൎണ്ണയിക്കുന്ന ശാസ്ത്രമാകുന്നു വ്യാകരണം. (i. 118)n(i) വ്യാകരണമെന്ന പദത്തിന്നു വിഭാഗം എന്നൎത്ഥം. പ്രകൃതിയും പ്രത്യയവും ചേൎന്നു പദങ്ങൾ (i. 3) ഉണ്ടാകുന്നു. വ്യാകരണം പദങ്ങളെ പ്രകൃതിപ്രത്യയങ്ങൾക്കായി (i. 57, 58) വിഭാഗിച്ചു അവയുടെ അൎത്ഥം നിശ്ചയിക്കുന്നു. പദങ്ങളെ നാമം, ക്രിയ, വിശേഷണം, അവ്യയം എന്നിങ്ങനെ നാലു തരങ്ങളായി വിഭാഗിക്കുന്നു.
(ii) ലോകത്തിൽ അസംഖ്യം വസ്തുക്കൾ ഉണ്ടല്ലോ. അവയെ ഓരോന്നായി അറിയുവാൻ കേവലം അസാധ്യമാകയാൽ നാം സൌകൎയ്യത്തിന്നു വേണ്ടി അവയെ തരം തിരിക്കുന്നു. ഏതെങ്കിലും ഒരു സംഗതിയിൽ ഒക്കുന്ന വസ്തുക്കളെ ഒരു തരമാക്കാം. അതുകൊണ്ടു ഒരു വൎഗ്ഗത്തിൽ ചേരുവാനായിട്ടു വസ്തുക്കൾക്കു തമ്മിൽ സാമ്യം വേണം. ഇങ്ങനെ സാമ്യത്താലുണ്ടായ വൎഗ്ഗമാകുന്നു ജാതി (i 13). വസ്തുക്കളുടെ സാമ്യത്താൽ വൎഗ്ഗങ്ങളുണ്ടാകുന്നതു പോലെ തന്നേ വൎഗ്ഗങ്ങളുടെ സാമ്യത്താൽ പിന്നെയും വൎഗ്ഗങ്ങളുണ്ടാകും. വസ്തുക്കളെ വൎഗ്ഗങ്ങളാക്കി വിചാരിക്കുന്തോറും അവയെക്കുറിച്ചുള്ള ജ്ഞാനവും വൎദ്ധിക്കും. ഇങ്ങനെ ജ്ഞാനം എളുപ്പത്തിൽ സംപാദിപ്പാൻ കഴിയുന്നതുകൊണ്ടു എല്ല ശാസ്ത്രങ്ങളിലും അവ ഉപപാദിക്കുന്ന വിഷയങ്ങളെ വിഭാഗിച്ചു തരം തിരിക്കുന്നു. വിഷയങ്ങളുടെ ഐക്യം കണ്ടുപിടിച്ചാൽ ആ ശാസ്ത്രം സംപൂൎണ്ണമായിരിക്കും.
(iii) വ്യാകരണശാസ്ത്രത്തിന്റെ വിഷയം വാക്കുകൾ ആകുന്നു. വാക്കുകൾ വാക്യത്തിൽ ചേൎന്നു പദങ്ങളായി അൎത്ഥത്തിന്നു തക്കതായ രൂപങ്ങൾ ധരിക്കുന്നു. ഈ രൂപഭേങ്ങൾ പ്രത്യയങ്ങൾനിമിത്തം ഉണ്ടാകുന്നു. ഒരേ പ്രത്യയത്തിൽ അവസാനിക്കുന്ന വാക്കുകളെ പ്രത്യയസാമ്യത്താൽ തരങ്ങൾ ആക്കുന്നു. അൎത്ഥം അനുസരിച്ചു പ്രത്യയങ്ങൾ വാക്കുകളിൽ ചേരുന്നതു കൊണ്ടു പദങ്ങൾക്കു വാക്യത്തിൽ ചില പ്രവൃത്തികൾ ചെയ്വാനുണ്ടു. ആഖ്യ, ആഖ്യാതം, കൎമ്മം, വിശേഷണം എന്നിവയുടെ സ്ഥാനം ഭരിച്ചു ഇരിക്കുകയാകുന്നു ഈ പ്രവൃത്തികൾ. ഈ വിധം പ്രവൃത്തികളുടെ സാമ്യത്താലും വ്യാകരണശാസ്ത്രം പദങ്ങളെ തരം തിരിക്കുന്നു. പദങ്ങളുടെ രൂപസാമ്യം വകവെക്കാതെ അവയുടെ പ്രവൃത്തികളെ മാത്രം പ്രമാണിച്ചു ഈ ഗ്രന്ഥത്തിൽ വാഗ്വിഭാഗം ചെയ്യും.
(iv) ഒരു കുട്ടിക്കു ‘പക്ഷി’ എന്ന പദത്തിന്റെ അൎത്ഥം അറിഞ്ഞുകൂട എന്നു വരാമല്ലോ. ആ അൎത്ഥം വിവരിപ്പാനായിട്ടു ഒരാൾ “രണ്ടു കാലും ചിറകും ഉള്ള ജീവി പക്ഷിയാകുന്നു” എന്നു പറയുന്നുവെങ്കിൽ ഈ വാക്യാൎത്ഥം അറിയുന്നവന്നു പക്ഷികളെ മറ്റു ജീവികളിൽനിന്നു തിരിച്ചറിവാൻ കഴിയും.

താളിളക്കം
!Designed By Praveen Varma MK!