Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

234. പല ആഖ്യകളെയും, ആഖ്യാതങ്ങളേയും, കൎമ്മങ്ങളെയും ചേൎക്കുന്നതു എങ്ങിനെ?

നാമങ്ങളായിരിക്കുന്ന പല ആഖ്യകളും, ആഖ്യാതങ്ങളും, കൎമ്മങ്ങളും, ചേൎക്കുന്ന മാതിരിയാവിതു:
i.) ഉം അവ്യയത്താൽ.
ഉ-ം. അച്ഛനും അമ്മയും വന്നു; വിശ്വാമിത്രൻ രാമനെയും ലക്ഷ്മണനയും പുണൎന്നു.
ii.) സമാസത്താൽ.
ഉ-ം. ബ്രഹ്മാവിഷ്ണുഗിരിശന്മാർ മൂവരും എഴുന്നെള്ളി എന്നതിൽ ബ്രഹ്മാവു, വിഷ്ണു, ഗിരിശൻ എന്ന മൂന്നാഖ്യകൾ മാർ എന്ന ബഹുവചന പ്രത്യയത്താൽ ഒന്നാക്കി ചേൎത്തിരിക്കുന്നു.
കൃത്യാകൃത്യങ്ങൾ ഇവ എന്നതിൽ കൃത്യം അകൃത്യം എന്നരണ്ടു പദങ്ങൾ അങ്ങൾ എന്ന ബഹുവചനപ്രത്യയത്താൽ ഒന്നായി ചേൎന്നു ആഖ്യാതങ്ങളായി നില്ക്കുന്നു; രാമലക്ഷ്മണന്മാരെ ചെന്നെതിരേറ്റു, ഇതിൽ രാമൻ ലക്ഷ്മണൻ എന്നീരണ്ടു കൎമ്മങ്ങൾ മാരെ എന്ന ദ്വിതീയബഹുവചനപ്രത്യയത്താൽ ഒന്നാക്കി ചേൎത്തിരിക്കുന്നു.
പല ആഖ്യകളും ആഖ്യാതങ്ങളും കൎമ്മങ്ങളും ക്രിയകളായിരുന്നാൽ, അവറ്റെ ചേൎക്കുന്ന മാതിരി ആവിതു.
i.) ഭാവരൂപം ആക്കി ഉം ചേൎക്കുന്നതിനാൽ തന്നെ; ഒടുക്കത്തിൽ ചെയ്യ ധാതുവിൽനിന്നുണ്ടായ ക്രിയയിൽ ഒന്നു വരെണം.
ഉ-ം. കുളിക്കയും ജപിക്കയും ചെയ്യുന്നതു നിത്യകൎമ്മാനുഷ്ഠാനം തന്നെ എന്നതിൽ കുളിക്കയും ജപിക്കയും ചെയ്യുന്നതു എന്നതു ആഖ്യാതം. അവൻ കുളിക്കയും ജപിക്കയും ചെയ്യുന്നതിനെ ഞാൻ കണ്ടു, എന്നതിൽ കുളിക്കയും ജപിക്കയും ചെയ്യുന്നതിനെ എന്നതു കൎമ്മം.
ii.) അവസാനത്തെ ക്രിയ ഒഴികെ മറ്റെല്ലാം ഭൂതക്രിയാന്യൂനങ്ങൾ ആകുന്നതിനാൽ; ഒടുക്കത്തെതു സമയം പോലെ പൂൎണ്ണക്രിയ, ക്രിയാനാമം, ഭാവരൂപം മുതലായവറ്റിൽ ഒന്നായിരിക്കെണം.
ഉ-ം. ബ്രാഹ്മണരെ കൊണ്ടു വന്നു് കേരളത്തിൽ പാൎപ്പിച്ചു; വരുണനെ സേവിച്ചു് തപസ്സു ചെയ്തു.

താളിളക്കം
!Designed By Praveen Varma MK!