171. ശേഷമുള്ള ഊനക്രിയകളുണ്ടൊ?
മേൽ പറഞ്ഞ ഊനശുദ്ധക്രിയകൾ കൂടാതെ, നാമങ്ങളുടെ ഗുണലക്ഷണങ്ങൾ മുതലായ വിശേഷണങ്ങൾ കാണിക്കുന്നതിനായ്വരുന്ന അനേക പഴയ ഊനക്രിയകൾ ഉണ്ടു. ഇവ ക്രിയ കാണിക്കുന്ന ഭാവത്തെ വിട്ടതുകൊണ്ടു മിക്കവാറും ഭൂതഭാവിശബ്ദന്യൂനങ്ങളും ഭൂതക്രിയാന്യൂനവും ഭാവരൂപവും പഴയ ക്രിയാനാമങ്ങളും ക്രിയാപുരുഷനാമങ്ങളും എന്നീരൂപങ്ങൾ മാത്രമെ ഉള്ളു. ചിലപ്പോൾ ഈ രൂപങ്ങളിലും ചിലതു പോയ്പൊയിട്ടു കാണും. ഇവറ്റിൽ, നൽ, ചെവ്, (=ചെം) വെൾ, വൽ, പെരു, ചെറു, കുറു, ഇള, മുതു, പുതു, പഴ, കടു ഇത്യാദി പ്രധാനം.