03. ആഖ്യ, ആഖ്യാതം
നാം ഏതിനെക്കുറിച്ചു വിചാരിക്കുന്നുവോ അതിന്നു ആഖ്യ എന്നും, ആ ആഖ്യയെക്കുറിച്ചു നാം എന്തു വിചാരിക്കുന്നുവോ അതിന്നു ആഖ്യാതം എന്നും, ഈ രണ്ടു പേരുകൾ വ്യാകരണശാസ്ത്രത്തിൽ നടപ്പുണ്ടു. ആകയാൽ ഒരു വാക്യത്തിൽ ചുരുങ്ങിയാൽ ആഖ്യ, ആഖ്യാതം എന്നീ രണ്ടു പദങ്ങൾ വേണം. ഉ-ം. ഇടി മുഴങ്ങുന്നു, ജനങ്ങൾ പേടിക്കുന്നു ഇവയിൽ ഇടി, ജനങ്ങൾ, ഈ രണ്ടും ആഖ്യകളും; മുഴങ്ങുന്നു, പേടിക്കുന്നു, ഈ രണ്ടും ആഖ്യാതങ്ങളും ആകുന്നു. ഗുരുനാഥൻ അമ്പുവിനെ ശിക്ഷിച്ചു ഈ വാക്യത്തിൽ ഗുരുനാഥൻ എന്ന ആഖ്യയും ശിക്ഷിച്ച എന്ന ആഖ്യാതവും ക്രടാതെ ശിക്ഷയെ അനുഭവിക്കുന്ന അമ്പുവിനെ എന്ന ഒരു പദവും കാണണ്മാനുണ്ടു. ഇങ്ങിനെ ചില വാക്യങ്ങളിൽ ആഖ്യാതം അനുഭവിപ്പിക്കുന്നതു കാണിക്കുന്ന ഒരു പദവും ക്രടെ ആവശ്യമായി വരും. അതിനു കൎമ്മം എന്നു പേർ. അമ്പുവിനെ എന്നതു കൎമ്മം ആകുന്നു.