Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

093. നാമവിശേഷണ വിവരം ATTRIBUTIVE COMBINATIONS.

a. ശബ്ദന്യൂന സമാസാദികളാലേ നാമവിശേഷണം
Adjectival Etc. Attributives.
362. Position നാമവിശേഷണം പേരേച്ചത്താൽ വന്നാലും സമാസത്താൽ വന്നാലും (162) അതു കൎത്താവിൻ്റെ മുമ്പിൽ നില്പു.
363. 1. Adjectives Participles

ആകുന്ന, ആയ, ആം നാമവിശേഷണത്തിന്നു വിശേഷാൽ കൊള്ളാകുന്നതു ആകുന്ന ആയ ആം ഇന്ന പേരേച്ചങ്ങൾ തന്നെ.
ഉ-ം ആശയാകുന്ന പാശം. സത്യവാനായ മന്ത്രി. ഉമ്പർസേനാധിപനാകിയ ദേവൻ. ഉത്തമമായിട്ടുള്ള രാജ്യം. മുഖ്യനാകും ദുൎയ്യോധനൻ. ദൂതനാം എൻ്റെ (-നള.)
Expressing Comparison and Apposition ഉപമാനത്തിന്നും നാമധേയത്തിന്നും പ്രത്യേകം ആകുന്ന ആം ൟ രണ്ടു പറ്റും.
(യുദ്ധസ്ഥലമാകുന്ന സമുദ്രം= യുദ്ധാൎണ്ണവം-മ. ഭാ. ആധിയാം രാഹു. ഭേദമാം ഉപായം (നള).
364. Apposition എന്ന, എന്നുള്ള-ൟ പേരേച്ചങ്ങൾ വ്യക്തിനാമങ്ങൾ്ക്കും മുഴുവാചകങ്ങൾക്കും കൊള്ളാം.
ഉ-ം സൂചീമുഖി എന്ന പക്ഷി. നീ ജീവിച്ചിരിക്കെണം എന്നുള്ള ആഗ്രഹം.
365. Several attributes joined either അനേക വിശേഷങ്ങൾ ഉള്ള ദിക്കിൽ.
1.) by ഉം ഒന്നുകിൽ ഉമ്മെ കൊണ്ടു ചേൎപ്പു.
(രക്ഷിപ്പവനും ശിക്ഷിപ്പവനും ആയ രാജാ. ഉമ്പരിൽവമ്പും മുമ്പുമുള്ള നീ. ഭട്ടത്തിരി എന്നും സോമാതിരി എന്നും അക്കിത്തിരി എന്നും ഇങ്ങിനെ ഉള്ള പേരുകൾ (കേ. ഉ.)
2.) or by converting adjective Participles into adverbial Participles അല്ലായ്കിൽ മുമ്പെ പേരെച്ചങ്ങളെ വിനയെച്ചങ്ങളാക്കി മാറ്റൂ.
(ഉ-ം സത്യവാനായി ധൎമ്മജ്ഞനായി ദിഗ്ജയമുള്ള രാജാവ്. യോഗ്യനായ്പൂജ്യനായി ഭാഗ്യവാനായുള്ളവൻ- ചാണ. ചാൎന്നു ചേൎന്നുള്ള ഭൂപാലർ. മ. ഭാ.)
366. Two adjective Participles are an Exception ദുല്ലൎഭമായിട്ടു രണ്ടു പേരെച്ചങ്ങളും കൊള്ളാം.
(ഉ-ം മല പോലെ തടിച്ചുള്ളൊരളവില്ലാത വാനരൻ-കേ.രാ. നിണക്കുള്ള വലുതായ പണി.)
ഇതു വിശേഷാൽ നല്ല (174) മുതലായവറ്റിൽ പറ്റും.
(നല്ലൊരു കുലച്ച വില്ലു-ചെയ്ത നല്ല കൗെശലം-കുറ്റമറ്റുള്ള നല്ല ബാലൻ- കേ. രാ. തെളിഞ്ഞു പുതു വെള്ളം. കൎത്തവ്യമല്ലാത്ത വല്ലാത്ത ദിക്കു (ശി. പു).
367. 2. Compound Nouns

നാമവിശേഷണത്തിന്നു രണ്ടാമത്തേ വഴി സമാസം തന്നെ. (നാമസമാസത്തിന്നും ധാതു സമാസത്തിന്നും ഉദാഹരണങ്ങളെ 163 170 നോക്കുക.)
രണ്ടു മൂന്നു സമാസങ്ങളെ ചേൎക്കുന്നതിവ്വണ്ണം.
നൽപൊന്മകൻ. പെരിയനാല്ക്കൊലെപ്പെരുവഴി (കേ. രാ.) നരച്ചവൃദ്ധക്കാക്കക്കള്ളൻ്റെ (പ. ത.) തൂവെൺനിലാവു (കൃ. ഗാ.) നിൻ ഓമൽപുറവടി (സ്തു).
രണ്ടു വഴികളെയും ചേൎപ്പു.
ഉ-ം പാരം മെലിഞ്ഞുള്ള വെള്ളക്കുതിരകൾ (നള).
368. The different cases being the cement ഓരൊ വിഭക്തികളും സമാസരൂപേണ ചേരും.
1.) സപ്തമി 168.
കാട്ടിലേ പെരുവഴിയമ്പലം (നള.) ചെഞ്ചീരത്തണ്ടിന്മേലേത്തൊലി.
ഏകാരം കൂടാതെയും.
ക്ഷത്രിയകുലത്തിങ്കൽ ദുഷ്ടരാജാക്കൾ (കെ. ഉ.) പഞ്ചവൎണ്ണത്തിൽ ഒരു കൃത്രിമക്കിളി. (മ. ഭാ.) 16 വയസ്സുപ്രായത്തിൽ പത്മാവതി എന്നു പേരായിട്ട് ഒർ ഇടച്ചി. സുന്ദരിയിൽ അനുരാഗകാരണാൽ (വെ. ച.) കുലയാനമുമ്പിൽ കുഴിയാനയെ പോലെ (=മുമ്പിലുള്ള)
2.) ഷഷ്ഠി കേവലം സമാസവിഭക്തി; വളവിഭക്തിയും ഒക്കും (481 486.)
3.) തൃതീയചതുൎത്ഥിസമാസങ്ങൾ ദുൎല്ലഭം
(പട്ടാലണകൾ-മുത്തിനാൽകുടകൾ. കേ. രാ.)
സാഹിത്യ സമാസം.
അവനോടെ ചേൎച്ചയാൽ. ദേവകളോടു പോരിൽ (മ. ഭാ.)
ചതുൎത്ഥി.
കവികുലത്തരചൎക്കരചൻ. (ര. ച.)
പഞ്ചമിസമാസം:
രാമങ്കൽനിന്നൊരു പേടി=നിന്നുള്ള (അ. രാ.)
369. 3. Adjectives converted into Adverbs നാമവിശേഷണത്തെ ക്രിയാവിശേഷണമാക്കി മാറ്റുക തന്നെ മൂന്നാമത്തേ വഴി—
1.) In Computation എണ്ണക്കുറിപ്പിൽ.
ഉ-ം പൊന്നും പണവും കൊടുത്താർ അസംഖ്യമായി (ചാണ=അസംഖ്യമായ പൊന്നു). സഖികളും അസംഖ്യമായി യാത്ര തുടങ്ങി (നള). ദ്രവ്യങ്ങൾ അറ്റമില്ലാത വണ്ണം നല്കി. നാഗങ്ങൾ അറ്റമില്ലാതോളം ഉണ്ടിവർ സന്തതി. പെരുമ്പട മതിക്കരുതാതോളം (മ. ഭാ ) അതിന്നു വൈഷമ്യം എണ്ണരുതാതോളം ഉണ്ടു (ചാണ.)
2.) With negative adverbial Participles മറവിനയെച്ചത്തിൽ.
അവൻ ഊടാടി നടക്കാതെ ഇല്ലൊരു പ്രദേശവും. നിന്നോട് ഒന്നും പറയരുതാതെ ഇല്ല (ദേ. മാ.) ആറുണ്ടു ഗുണം ഉപേക്ഷിക്കരുതാതെ പുംസാം. പത്തു പേർ ഉണ്ടു ഭുവിധൎമ്മത്തെ അറിയാതെ (മ. ഭാ.) അവനു സാദ്ധ്യമല്ലാതെ ഒന്നും ഇല്ല (ചാണ.)
3.) When reporting how one has seen or heard കണ്ടും കേട്ടും കൊള്ളുന്ന പ്രകാരത്തെ ചൊല്ലുമ്പോൾ.
ഉ-ം വചനം അതികടുമയോടും കേട്ടു. (ചാണ=അതികടുമയുള്ള). അവനെ ഭംഗിയോടും കണ്ടു. നാദം ബ്രഹ്മാണ്ഡം കുലുങ്ങുമ്പടി കേട്ടു. (മ. ഭാ.) രാക്ഷിയുടെ വാക്കു ഘോരമായി കേട്ടു. (കേ. രാ.)
4.) When telling names, attributes etc. പേർ മുതലായ ഗുണങ്ങളെ ചൊല്കയിൽ.
ഉ-ം ഒരു ഋഷി നിതന്തു എന്ന പേരായി ഉണ്ടായാൻ (മ. ഭ.) ദാസികൾ 500 ആഭരണ ഭൂഷിതരായിരിക്കുന്നെനിക്കു (കേ. ര.) നാളവേണം അഭിഷേകം ഇമയായി രാമനു (അ. രാ.)
370. 4. Adjective Participles converted into personal Nouns and following the subject

പേരെച്ചത്തെ പുരുഷനാമമാക്കി (231) കൎത്താവിൻ പിന്നിൽ ഇടുക തന്നെ നാലാമത്തേ വഴി.
1.) Neuter Singular നപുംസകം.

ഉ-ം ആട്ടുനെയി പഴയതു (വൈ. ശ.) അപഹരിച്ചാർ അൎത്ഥം ഉള്ളതെല്ലാം. പടചത്തതാഴിയിലിട്ടു. (മ. ഭാ.) മുതൽ പോയതെത്ര ഉണ്ടു (വ്യമാ). വൈരം തീൎപ്പാൻ ശക്തി വേണ്ടുന്നതില്ല (കേ. രാ=വേണ്ടുന്ന ശക്തി). ദക്ഷിണ വേണ്ടുന്നത് എന്തു (കൃ. ഗാ.) കണ്ണുനീർ ഇന്നുണ്ടായതാറുമോ (മ. ഭാ.) വൎത്തമാനം കേട്ടത് ഒട്ടും ഭോഷ്കല്ല. (നള.) ദേഹം ഏകമായുള്ളതനേകമായി. വിപ്രനു പ്രതിഗ്രഹം കിട്ടിയ പശുരണ്ടുണ്ടായതു മോഷ്ടിപ്പാൻ (പ. ത.) സേനകൾ ശേഷിച്ചതൊക്കവേ മണ്ടിനാർ (ശി. പു.)
2.) Neuter Plural നപുംസക ബഹുവചനം.

സംഖ്യകൾ ഒന്നു തുടങ്ങി പത്തോളം ഉള്ളവ (ത. സ.) ചേലകൾ നല്ലവ വാരി(കൃ. ഗാ.) അശ്വങ്ങൾ നല്ലവ തെരിഞ്ഞു (നള.) മാരിനേരായ ശരങ്ങൾ വരുന്നവ ഗദകൊണ്ടു തട്ടി (മ. ഭാ.) ബാണങ്ങൾ ഉടലിടെനടുമവയും പൊറുത്തു (ര. ച.)
3.) Masculine Plural പുല്ലിംഗ ബഹുവചനം.

ആറു ശാസ്ത്രികൾ വന്നവരിൽ ഒരുത്തൻ (കേ. ഉ.) കൊന്നു ഞാൻ വീരർ വന്നവർ തമ്മെ എല്ലാം (കേ. രാ.) വേന്തർ നമ്മോട് എതിൎത്തവർ ആർ ഉയിൎത്തോർ (ര.ച.) യോഗ്യർ വരുന്നവരെ ക്ഷണിപ്പാൻ (ചാണ.)
371. 5. The Sanscrit Method

അഞ്ചാമത് വഴി സംസ്കൃതനടപ്പു പോലെ പേരെച്ചം കൂടാത്ത സമാനാധികരണം തന്നെ- ഇതു പ്രയോഗിക്കുന്ന ദിക്കുകൾ ആവിതു.1.) Vocative സംബോധനയിൽ.
ഉ-ം ബാലപ്പൈങ്കിളിപ്പെണ്ണേ തേന്മൊഴിയാളേ! (ചാണ.) വാഴ്ക നീ ഉണ്ണിയുധിഷ്ഠിര! (മ. ഭാ.) പൊട്ടീവിലക്ഷണേ! തമ്പുരാൻ തിരുവടികാത്തരുളുന്ന നാഥ! (പ. ത.) ഉണ്ണിയെ കണ്ണ നീ നോക്കിക്കൊ‍ൾ്ക (സ. ഗോ.)

2.) Appositions (proper Names) നാമധേയങ്ങളെ ചേൎക്കയിൽ.
of places ഒന്നു സ്ഥലനാമങ്ങൾ.
പെരിഞ്ചെല്ലൂർ ഗ്രാമം. ഋഷവാൻഗിരീ. ദണ്ഡകംവനം. കൎമ്മഭൂമിമലയാളം. കോലംനാടു. കോലംവാഴ്ച. മലയാളം ഭൂമിയിങ്കൽ.
of persons പിന്നെ പുരുഷനാമങ്ങൾ.
നിങ്ങളെ പുത്രൻ എൻ ഭ്രാതാവു രാമൻ. (കേ. രാ.) രാമവൎമ്മ ആറാം മുറ മഹാരാജാവ് (തി. പ.) എൻ പുത്രൻ ഉദയവൎമ്മൻ. ഉള്ളാടൻ ചേനൻ. വേലൻഅമ്പു.കേളുനായർ. ജ്യോത്സ്യൻപപ്പുപിള്ള. വാനരരാജൻബാലി.
ശേഷം ചിലതു.
മേടമിരാശി (പൈ.) അന്നുരാത്രി. നാല്ക്കൊമ്പനാന (കേ. രാ.) 165 – കള്ളത്തിപ്പശു; തുള്ളിച്ചിപ്പെൺ. (പ. ചൊ.)

3.) Poetical description of Qualities കവികളുടെ ഗുണവൎണ്ണനത്തിങ്കൽ.
ഉ-ം ഉഗ്രൻ ദശാസ്യൻ. വീരൻ ദശമുഖൻ (ഉ. രാ.) നിൎല്ലജ്ജൻ ദുൎയ്യോധനൻ; അവൾ പെറ്റവൻ ഒരു നന്ദനൻ (മ. ഭാ.) മാങ്കണ്ണിസീത (കേ. രാ.) ബ്രഹ്മസ്വം പശുവിനെ (പ. ത.) വില്ലാളിഫല്ഗുനൻ (സ. ഗോ.)
ജന്മനാശാദിഹീനൻ കന്മഷവിനാശനൻ നിൎമ്മലൻ നിരുപമൻ കൃഷ്ണനങ്ങെഴുന്നള്ളി (മ. ഭാ.) ഏകനായി ആദ്യന്തഹീനനായി നിഷ്കളൻ നിരഞ്ജൻ നിൎഗ്ഗുണൻ നിത്യൻ പരൻ സൎവ്വവ്യാപിയായിരിപ്പവനത്രെ പരമാത്മാവ് (വില്വ).

4.) Agreement of cases in Poetry പദ്യത്തിൽ വിഭക്തിപ്പൊരുത്തവും വന്നു പോകും.
ഉ-ം മന്ദിരേ മനോഹരേ (നള)

5.) Personal pronouns പ്രതിസംജ്ഞകളിൽ.
ഞാൻ ഒരു പുരുഷൻ താൻ കണ്ടിരിക്കവേ (ചാണ.) ഏഷ ഞാൻ .... 523 കാണ്ക.

താളിളക്കം
!Designed By Praveen Varma MK!