Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

025. സംസ്കൃതരൂപാംശം Sanscrit Cases.

116. സംസ്കൃതനാമങ്ങളെ മലയായ്മയിൽ ചേൎത്തു കൊണ്ടാൽ, പലവറ്റിലും പ്രഥമ മാറാതെ ഇരിക്കും. ഇങ്ങിനെ ഗോധുൿ (ഹയാരാന്തം) ദൃൿ (ശകാര), വാൿ (ചകാര), ഭിഷൿ - സമ്രാൾ - സമ്രാട്ടല്ലൊ, സമ്രാട്ടിൻ, (ജകാര), മരുത്ത (തകാര.), ദേവവിത്ത. (ദകാര), സമിത്ത (ധകാര.), മഹാൻ, ഭവാൻ, (തകാര.), വിദ്വാൻ (സകാര.), രാജാ (നകാര.,) പിതാ (ഋകാര.), സഖി (ഇകാര.) പ്രിയ സഖാവ, വരസഖന്മാർ എന്നും ഉണ്ടു - കേ, രാ.) - പിന്നെ രേഫാന്തം ഗീഃ - ഗീർ ആകും (ഗീരുകൊണ്ടു. കെ - രാ). അന്ത്യദീൎഘങ്ങൾ കുറുകിലും ആം. (ഭവതി, ഭാൎയ്യ. 26. 27)
സംബൊധനകൾ. നിഖിലേശ്വര - മാതളേ, മതിനേരാനനേ - പതേ, സഖേ, ദയാനിധേ - ഗുരോ, വിഭോ - സ്വാമിൻ, രാജൻ.
117. ദ്വിതീയ. ശീഘ്രം, വേഗം, അല്പം, ഇത്യാദിയിൽ അവ്യയമായിട്ടു (ഭവന്തം തൊഴുന്നേൻ. കൃ. ഗാ). മലർമാതാം. അ - രാ.
തൃതീയ. ദിവസേന, ദുഃഖേന, സുഖേന, സാമാന്യേന, ക്രമേണ ശാസ്ത്രപ്രമാണേന, മനസാവാചാകൎമ്മണാ, മുദാ - യദൃഛ്ശയാ - ആസ്ഥയാ, കാംക്ഷയാ, ആജ്ഞയാ, ഭക്ത്യാ - ബുദ്ധ്യാ.
118. ചതുൎത്ഥി. കൃഷ്ണായ - കുത്ത്രേ, ഗണ പതയേ, ഗുരവേ - ദെവ്യൈ -നാന്മുഖായ (പ്രഹ്ല). വൈയ്യവായ ര. ച.
പഞ്ചമി: ക്രമാൽ - ക്ഷണാൽ - ആദരാൽ - ബലാൽ - സാക്ഷാൽ - വിസ്തരാൽ -വിശേഷാൽ - ദൈവവശാൽ - വിധിവശാൽ - ഗുരുമുഖാൽ - തഃ (ദാരിദ്ര്യതോലജ്ജിതത്വം വേ - ച.)
ഷഷ്ഠി: നൃണാം, അല്പമതീനാം, ജഗതാം.
119. സപ്തമി. ദൂരേ, മദ്ധ്യേ, ദേശേ, ആകാശമാൎഗ്ഗേ, പക്ഷേ, ദിനേദിനേ, അന്തൎഭാഗേ, പുലൎകാലേ, സമയേ, ആത്മനി, ഹൃദിമനസി (മാനസേ), രഹസിദിശി, ദിശി, രാത്രൊ, വിധൌ, സന്നിധൌ; ദശായാം, യസ്മിൻ; തസ്മിൻ, സൎവ്വേഷു, ഭൂതേഷു.
മലയായ്മ പ്രത്യയത്തോടും കൂടെ ഭുവിയിൽ (രാ. ച.) ജഗതിയിൽ, വയസിയിൽ, നിശിയിങ്കൽ, പ്രത്യുഷസ്സിങ്കൽ, ദിശിയൂടെ - കേ - രാ ദിശികളിൽ. ഭാഗ. ഇത്യാദികൾ കാണ്മാനുണ്ടു.

താളിളക്കം
!Designed By Praveen Varma MK!