Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

178. PASSIVES MAY BE RENDERED.

642. പടുവിനയുടെ താൽപൎയ്യത്തെ പുരാതനനടപ്പിനാൽ സ്ഥാപിച്ചപ്രയോഗങ്ങളെ കൊണ്ടു സാധിപ്പിക്കുന്നതിവ്വണ്ണം.
a.) By the mere Active Verb (Adv. and Adj. Participle).
വെറുംപുറവിനകളാലും (572, a; 587 ഉപമേയം.)
ഉ-ം തല്ലുവാൻ പോരാതപൈതൽ (കൃ. ഗാ. a child hardly old enough to be flogged).
നന്നായി വാഴുന്ന നാടു നോക്കി പോകുന്നേൻ (a well governed country); എന്നുടെ കൈകൊണ്ടു കോല്വതിന്നായൊരു പുണ്യമില്ലാത പാപൻ (കൃ. ഗാ.) മാതൃഗൎഭത്തിൽനിന്നു പെറ്റുവീഴുമ്പോൾ (പ. ത.) ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല (പഴ.) വധിക്കേണ്ടും പേരിൽ ആർ? (കേ. രാ= വദ്ധ്യന്മാരിൽ ആർ). തീയിൽ ഇട്ടു വറുത്തു കറുത്തു ഞാൻ (നള.) ചാണക്യൻ അയച്ചു ഞാൻ വന്നേൻ (ചാണ. sent by). വിധിച്ച കൎമ്മം ചെയ്യാതെ (=വിധിക്കപ്പെട്ട).
പുറവിനകളോടു തൃതീയ നില്ക്കിലും ആം (പ്രഥമെക്കു പകരം) (b. കാണ്ക.)
ഉ-ം സൂതാദികളാൽ സ്തുതിപ്പതു പൃഥു കേട്ടു; ഭവാനാൽ ഹനിച്ചീടിന യജ്ഞപശുക്കൾ (ഭാഗ.) പ്രയുതം നരന്മാരാൽ ചുമന്നിട്ടുള്ള പൊന്നു (ഭാര 10,00,000).
b.) By the Auxiliaries പോക, ഇരിക്ക and other Neutrals.
പോക, ഇരിക്ക മുതലായ സഹായക്രിയകളാലും ഓരോ തൻ വിനകളാലും (74 4, b.)
ഉ-ം ഞാൻ മറന്നു- എനിക്കു മറന്നു പോയി. പഠിച്ചശാസ്ത്രവും സകല വിദ്യയും മനസ്സിങ്കൽനിന്നു മറന്നുപോകട്ടെ (കേ. രാ.) വസ്ത്രം കളഞ്ഞുപോയി (നള. 1ost). ഇന്ദ്രത്വം പറിച്ചുപോം (ശബ. I shall be deprived of the celestial royalty). വളരെ തേങ്ങാ പറിച്ചു പോയി. അവൻ ഇടി വെട്ടിപോയി (ഭാര=കൊല്ലപ്പെട്ടു). അൎത്ഥം അപഹരിച്ചു പോക (ഭാര=കവരപ്പെടട്ടേ may it be robbed!). ഉത്തമജനങ്ങളെ കൊന്നുപോകയോ (ചാണ. by their being killed).
താലവൃക്ഷം പൎവ്വതാഗ്രത്തിൽ സ്ഥാപിച്ചിരിക്കുന്നു (കേ. രാ=താലവും നാട്ടിനില്ക്കുന്നു) പൂട്ടികിടക്കുന്നു.
പേരെച്ചം 587: ഞാൻ അമ്പെയ്തു (അഥവാ എയ്തമ്പു) ഭേദിച്ചു പോയ മൃഗത്തെ കണ്ടോ (ഭാര. the gazel wounded by me).
തൻവിനകൾ തൃതീയയോടും നില്ക്കും (a. കാണ്ക.)
ഉ-ം എന്നാൽ പൊറുക്കാത്ത കാൎയ്യം (ഭാര.) പരശുരാമൻ തന്നാൽ പ്രതിഷ്ഠിച്ചിരിപ്പൊരു കരുണാകരനെ (വില്വ. I worship V. consecrating by P. R=whom P. R. has consecrated) രാക്ഷസരാജനാൽ സീതയും കട്ടുപോയി (കേ. രാ.) ഇന്ദ്രാദി ദേവകളാൽ ജയിപ്പാൻ അരുരാത്ത ഇന്ദ്രാരികൾ (ശബ.) മാനവന്മാരാൽ കാണപ്പെട്ടതും കേൾക്കായ്തും (രാമ.)
c.) By a due regard to the Neuter and Causal forms of the same Verb.
643. അതാത് ക്രിയെക്കുള്ള അകൎമ്മകഹേതുരൂപങ്ങളെ തക്കത്തിൽ പ്രയോഗിക്കുന്നതിനാലും.
ഉ-ം കാഞ്ഞ (കാച്ച) വെള്ളം—പൽപറിഞ്ഞീടിനപാമ്പു (കൃ. ഗാ.) ഈ ചൊന്നമൎമ്മങ്ങളിൽ മുറിഞ്ഞാൽ (മ. മ.=മുറിഏറ്റാൽ) മുറിഞ്ഞമൂക്കു (പ. ത.=അറുത്ത). അമ്പാൽ കൈമുറിച്ചതു കണ്ടു (ഭാര=മുറിഞ്ഞതു). നാഥൻ കാണായ്വന്നിതഹല്യയ്ക്കു (രാമ. നാഥനെ എന്നും വായിക്കുന്നു) രാജാവ് ധൎമ്മബുദ്ധിക്കു ദ്രവ്യം കൊടുപ്പിച്ചു (പ. ത=കൊടുക്കകല്പിച്ചു). യാത്രയും അയപ്പിച്ചു പോയി (ഭാര.) ഇത് അവരോടും ചൊല്ലി അയപ്പിച്ചുംകൊണ്ടു പുറപ്പെടുന്നു ഞാൻ (കേ. രാ.) വരുത്തി വന്ന നൃപന്മാർ (ഭാര.) മനുഷ്യപുത്രനും ശുശ്രൂഷ ചെയ്യിപ്പാനല്ല താൻ ശുശ്രൂഷിപ്പാനും അനേകൎക്കു വേണ്ടി തൻ്റെ ദേഹിയെ വീണ്ടെടുപ്പായി കൊടുപ്പാനും വന്നുവല്ലോ മാൎക്കൻ ൧൧, ൪൫. not to be ministered unto, but to minister=to be served—to serve) [561 വിശേഷിച്ചു മലയാളഹേതുക്രിയാസമ്പത്തു ഓൎക്കേണ്ടത്].
d.) By other circumlocutions.
പല പദവൃത്തീകരണത്താലും (വിസ്തൃതീകരണം).
ഉ-ം കുമ, അടികൊള്ളുക (=താഡനം ഗമിക്ക=അടിക്കപ്പെടുക) കുമാരനാൽ അടി ഉണ്ടു (ഉണ്ണുന്നു! രാ. ച=കുമയൂട്ടീടുന്നു ചിലരെ നീ (കൃ. ഗാ.) മുറി ഏല്ക്ക (=മുറിക്കപ്പെടുക) ക്ഷേത്രത്തിന്നു ശുദ്ധിക്ഷയം പറ്റി (=തീണ്ടി പോയി). ഏറിയ ആൾ ചേതം വന്നു (=നഷ്ടം ആയി). ഇഛ്ശെക്കു ചേരുന്നതു (ഭാര=ഇഛ്ശിക്കപ്പെട്ടതു). അതിഥിക്കു വന്നില്ലലംഭാവം (ഭാര=തൃപ്തിപ്പെട്ടില്ല). അവർ ഇപ്പോൾ അറുതിവന്നാർ (ഭാര.=ഒടുക്കപ്പെട്ടാർ) മുഴങ്ങും മാരി തട്ടി (കൃ. ഗാ.)
സൂചകം 616 ഓരോ ക്രിയകളെ നീട്ടിച്ചത് മുറ്റുവിനയെ നടുവിനയെച്ചമോ ക്രിയാനാമമോ ആയ്മാറ്റി, ഓരോ ക്രിയകളെ മുറ്റുവിനയാക്കിയതിനാൽ. ഇവിടെയോ നാമജക്രിയകളെ അഴിച്ചു അടിയിൽ നില്ക്കുന്ന നാമത്തിന്നു കൊള്ളുന്ന ക്രിയയോടു പ്രയോഗിക്കും (കുമെക്ക-കുമ കൊള്ളിക്ക.) ഇങ്ങനെ ഒരു വിധത്തിൽ സംബന്ധം ഉണ്ടു.
e.) By Pronouns marking the change of Persons.
644. പുരുഷ പരിണാമത്തെ കുറിക്കുന്ന പ്രതിസംജ്ഞകളാലും.
ഉ-ം അവൻ പറഞ്ഞിട്ടു വന്ന ദൂതൻ ഞാൻ. തന്നോടു ചോദിക്കാതെ താൻ ഏറപ്പറകയും (ഭാര.) ഇങ്ങോട്ടു ചോദിച്ചില്ലെന്നാലും ശുഭാശുഭം അങ്ങോട്ടു പറഞ്ഞു (പ. ത.)
f.) By Sanscrit Passive Participles.
സംസ്കൃത കൃദന്തങ്ങളാലും (304. 305.) അവറ്റിൽ പലതും നാമമായി നടക്കുന്നു. ഉ-ം
1. പ്ര: ദൂതന്മാർ അവദ്ധ്യന്മാർ എന്നല്ലോ ശാസ്ത്രവിധി (ഭാര) കൃതം ആയപ്പോൾ (പദ്യ.)
2. ദ്വി: മേദിനിയാൽ ഇതു വേദിതനായി (കൃ. ഗാ. informed by earth of this).
3. തൃ: നിന്നാൽ ജിതനായ്തു (ഭാര.) ദേവരാൽ ആരാധിതൻ (പ. ത.) ദേവിയാൽ നഷ്ടമായി; ആരാലും വേദ്യമല്ല; പുത്രരാദികളാൽ നിരസ്തൻ (=ത്യക്തൻ. ദേ. മാ.)
എന്നാൽ സാദ്ധ്യം (രാമ.) എന്നു മഹിഷിയാൽ ഉക്തനാം മഹീപതി (ശി. പു. the king thus addressed by the queen.) അൎജ്ജുനനാൽ തപ്തയായുള്ളൊരു നൽചിത (കൃ. ഗാ.) കവിപ്രവരനാൽ നിൎമ്മിതമായ കാവ്യം (കേ. രാ=നിൎമ്മിക്കപ്പെട്ട.) ഞാൻ ധികൃനായതു കൊണ്ടും-അന്യൻ പൂജിതനായതു കൊണ്ടും (ചാണ.)
4. ച: ശത്രുക്കൾക്കു അയോദ്ധ്യ (കേ. രാ.) മമ വാക്കിന്നു വാച്യനായ്വരേണമേ (രാമ.)
5. ഷ: തന്നുടെ ഭക്തൻ, തന്നുടെ കാമിതം (ഭാര.) നിന്നുടെ ഭാഷിതം (നള=നിന്നാൽ ചൊല്ലപ്പെട്ടതു)
6. ൨ തൃ: അന്യ ദേവന്മാരാൽ ഭൂഷണായുധങ്ങളാൽ മാനിതയായ ദേവി (ദേ. മാ. honoured by — through).
7. സമാസത്താലും: മായാമോഹിതർ (fascinated by the unreality of the visible world); വീൎയ്യമത്തന്മാർ (ദേ. മാ=വീൎയ്യത്താൽ മദിക്കപ്പെട്ടവർ).

താളിളക്കം
!Designed By Praveen Varma MK!