Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

146. GENERALLY SPEAKING NO NOUN CAN BE PRECEDED BY MORE THAN ONE RELATIVE PARTICIPLE, THE ATTRIBUTES PRECEDING IT, BEING REGARDED AS ITS MODIFICATION, MUST BE CHANGED INTO ADVERBIALS.

589. നാമങ്ങൾക്കു വിശേഷണത്തിന്നു ഓരേ പേരെച്ചം മതി. പേരെച്ചത്തിലുള്ള ക്രിയാഭാവേന ഓരൊ പേരെച്ചത്തെ വിശേഷിക്കേണ്ടും പേരെച്ചം വിനയെച്ചമായി മാറുക വിധി.
ഉ-ം നന്നായുറച്ചിളകാത്തൊരു നിശ്ചയം വന്നു (ചാണ.) ഞാൻ പിറന്നു വളൎന്ന വീട്ടിൽ (അൎത്ഥാൽ: ആ വീട്ടിൽ ജനിക്കയും വളരുകയും ചെയ്തതു, എന്നാൽ ഈ വളൎത്തൽ പിറന്നന്നേ ആ വീട്ടിൽ തന്നെ നടന്നതു.) നിനയാതെ കണ്ടു പിടിച്ച മീൻ: നിനയാതെ എന്നതു കണ്ടു എന്ന വിനയേച്ചത്തെയും, കണ്ടു എന്നതു പിടിച്ച എന്ന പേരെച്ചത്തേയൂം വിശേഷിപ്പിക്കുന്നു (265, 2 ഉപമേയം.)
രണ്ടു നിഷേധങ്ങളിൽ ഒന്നാമത്തേതു ക്രിയാവിശേഷണമാകും.
ഉ-ം ശക്തിയും ഇല്ല ഭക്തിയുമില്ലാതോൎക്ക (പ. ത= ശക്തിയും ഭക്തിയുമില്ലാതോൎക്ക) Legitimate Exceptions:
590. എന്നാൽ ഈ വിധാനത്തിന്നു വിരോധമുള്ള ചില അപവാദങ്ങൾ പ്രമാണമായി നടക്കുന്നു. a.) സംസ്കൃതാകൎഷണത്താൽ ഗദ്യത്തിൽ കാണുന്ന ഓരൊ നടപ്പു മലയാളഭാഷാഭാവത്തിന്നു പ്രതികൂലം അത്രെ. സംസ്കൃത ഇംഗ്ലിഷ് ഭാഷാഭാവത്തെ അല്ല അവറ്റിൻ രീതിയെ അനുസരിച്ചു ഭാഷാന്തരീകരിക്കയാൽ ഈ അബദ്ധം പ്രമാണമായി പോകും എന്നു ക്ലേശിക്കുന്നു ഉ-ം നിണക്കുള്ള വലുതായ പണി (വലുതായ നിൻ്റെ പണി). തുണികളെ നെയ്യുന്ന (നെയ്യുന്നതായി) നമ്മുടെ അടുത്ത വീട്ടുകാരൻ. മണ്ണു മുതലായതു തേച്ചു കളയാതെ ഒന്നിന്നും കൊള്ളരുതാത്ത(തായി) കുത്തു പിടിച്ച പയറും ഈ മൂന്നിൽ ഒടുക്കത്തേ ഉദാഹരണത്തെ ഒരുപ്രകാരത്തിൽ സമ്മതിക്കാം. അതിൻ്റെ ശ്രുതികഷ്ടം ഉം ചേൎത്താലും നീങ്ങാ.27

b.) പദ്യസമ്പ്രദായത്തിന്നു വിശേഷിച്ചു ഭാവിപേരെച്ചം അനുകൂലം ആകുന്നു (366 കാണ്ക.) ഭൂ-ഭാ. വ. ചൊല്ലിന സമ്മതിയാകിയ നന്മൊഴി; വീണകൾ വേണുക്കൾ താളങ്ങൾ എന്നുള്ള ചേണുറ്റ വാദ്യങ്ങൾ (കൃ. ഗാ.) ദോഷം കാണുമ്പോൾ അകലുന്ന നിൎമ്മലമായ സേതുസ്നാനവും ചെയ്തീല (വേ. ച.) പെൺപുലിയെ കണ്ടുള്ള കരുത്തില്ലാത മാൻ (കേ. രാ.)ഭാ-വ. ഭൂ. നിന്നുടെ ചരിത്രമാകുന്ന ധന്യമാം ചട്ട (നള.) ദിക്കുകൾ നടുങ്ങും നല്ലട്ടഹാസങ്ങൾ (കൃ. ഗാ. shouts making resound) മതിത്തെല്ലിനെ കുറ്റം ചൊല്ലും കുറ്റമറ്റുള്ള പെൺ (ശീല.) (641. ഒന്നാം ഉദാഹരണം.)
ആചാരമല്ലാത്ത വല്ലാത്ത മോഹങ്ങൾ (ശീല. 578, e. ഉപമേയം.)

c.) പ്രതിസംഖ്യകൾ ചേരുമ്പോഴും.
ഉ-ം കേളി ഏറുന്ന മറ്റുള്ള നൃപന്മാർ (381 — 392 കാണ്ക.)

d.) പ്രതിസംജ്ഞകൾ കൂടുകിലും (e. f.)
ഉ-ം ആണ്ടു തികഞ്ഞൊരു (390) തന്നുടെ പുത്രൻ (ശി. പു.) അല്പ സൌഖ്യം കൊതിച്ചെന്നുടെ മാനിനി (നള.)

e.) ചില പേരെച്ചങ്ങൾ സമാസരൂപേണ ഗുണവാചകങ്ങളായി പോയതിനാലും (d. f.)

ഉ-ം അവനുടെ കെട്ടിയ പെൺ (പ. ത.) എൻ്റെ പെറ്റമ്മ അവളുടെ ഉടുത്ത പുടവ (ഭാര) തന്നുടെ വളൎത്ത മാതാ. (596 കാണ്ക) അവളുടെ അന്തിക്കു മേൽ കഴുകുന്ന വെള്ളം (ശീല her evening-wash water).

f.) നാമഷഷ്ഠിയുമായി കൂടക്കൂടെ (d. e.)
ഉ-ം എന്നുള്ള ഹംസത്തിൻ്റെ വാക്കു; കല്യമായുള്ള നളൻ്റെ കഥാമൃതം (നള.) വെള്ളിലയുടെ ഇടിച്ചു പിഴിഞ്ഞനീർ (വൈ. ശാ.) 368, 389. കാണ്ക.

താളിളക്കം
!Designed By Praveen Varma MK!