Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

014. രലാദികൾ. Liquids. ര. ല. ഴ. ള.

60. a. റ. ര. എന്ന റകാരവും രേഫവും തമ്മിൽ നന്ന അടുത്ത അക്ഷരങ്ങൾ ആകയാൽ-ർ എന്ന അൎദ്ധാക്ഷരം രണ്ടിന്നും പറ്റുന്നു (മാറ് -മാർ; കൂറു-ഇളങ്കൂർതമ്പുരാൻ; വേറു-വേൎപ്പെടുക)— പിന്നെ സംസ്കൃതത്തിലേ അൎദ്ധരേഫം രി-റു-എന്നാകും (അരിക്ക പുത്തിരൻ മ. ഭാ.-നിൎവ്വഹിക്ക-നിറുവഹിക്ക-15) പലതും ലോപിച്ചു പോകും (മൎദ്ദളം-മദ്ദളം)
60. b. ക്രൎക്കാദികളുടെ തത്ഭവങ്ങളിൽ റകാരം തന്നെ നടപ്പു(പ്രകാരം-പിറകാരം; ആശ്രയം-ആച്ചിറയം; ഗുല്ഗുലു-കുറുക്കുലു) ശ്രോണി-ചുറോണി; മൂത്രം-മൂത്തിറം; സൎവ്വാംഗം-തറുവാങ്കം-(വൈ-ശാ)
61. റകാരം ഖരങ്ങളിൽ കൂടിയതാകകൊണ്ടു, ദ്വിത്വം വരുവാനും (വയറ-വയറ്റിൽ) അനുനാസികത്തോടു ചേരുവാനും (എൻ്റെ) സംഗതി ഉണ്ടു. പദാന്തത്തിൽ ചില രേഫങ്ങളും റകാരമായി പോകയും ആം. (നീർ, നീറ്റിൽ) പറ്റ.റും എന്നിങ്ങനെ ഒരു കുത്തു ചേൎത്തു കൊണ്ടു ൩ റകാരങ്ങളെ എഴുതും (ര. ച.=പറ്റ അറും)
62. പല റകാരങ്ങളും-ൻ-ല-എന്നവറ്റിൽനിന്നുണ്ടായി (നിൽ-നിറുത്തു, നൃത്തു; വിൽ-വില്ത്തു, വിറ്റു; നൽ-നൽന്തു-നൻറു, നന്നു; മുറ്റം-മുൻ; തീറ്റുക-തീൻ.)
63. പദാദി രേഫത്തിന്നു-ഒന്നുകിൽ-അ-ഇ-ഉ-എന്നവ മുന്തി വന്നു. (13. 16. 18. 19.) അല്ലായ്കിൽ അതു ലോപിച്ചു പോയി. (രുധിരം-ഉതിരം.) ഇപ്പോഴോ പദാദിരേഫം സാധുവാകുന്നു.
64. രേഫം ചിലപ്പോൾ ലകാരത്തോടു മാറുന്നു (പരിച-പലിശ; ചീല-ചീര; പൎയ്യങ്കം-പല്ലക്കു; ഇരഞ്ഞി (തുളു) ഇലഞ്ഞി (തമിഴു.) ചകാരത്തോടും ദകാരത്തോടും പടുവാക്കിൽ ചേൎച്ച ഉണ്ടു. (രാമൻ-ചാമൻ; രയിരു-ദയിരു; രണ്ടു-ലണ്ടു-ചണ്ടു, ദണ്ടു-)
65. a. അൎദ്ധലകാരം സംസ്കൃതത്തിലേ അൎദ്ധ-ത-വൎണ്ണങ്ങൾക്കും (44) തമിഴിലേ അൎദ്ധറകാരത്തിന്നും പകരം വരും. (ഉം. ഉൽകൃഷ്ടം, മത്സരം, ഉൽപത്തി, ആത്മാ ഇങ്ങനെ അൎദ്ധതകാരം; അത്ഭുതം, തത്ഭവം, പത്മം ഇങ്ങനെ അൎദ്ധദകാരം; തല്പരാദികൾ തമിഴിൽ തറ്പരം മുതലായതത്രെ) നോല്ക്ക 53
65. b. ലകാരം ദ്വിത്വഖരങ്ങളുടെ മുമ്പിൽ ചേരുമ്പോൾ ലയിച്ചു പോകിലുമാം (ശില്പം-ചിപ്പം; കാല്ക്കൽ-കാക്കൽ; പാ (ൽ) ച്ചോറു; മേ (ൽ) ത്തരം; ക (ൽ) ത്തളം. (പ. ത.); വാതില്ക്കൽ-വാതിക്കൽ-വാതുക്കൽ; കോയിക്കൽ; വല്ക്കുക-വക്കുക) അപ്രകാരം മുൻജന്മം-മുൽജന്മം-മുജ്ജന്മമായ്‌വരും- തെക്കു എന്ന പോലെ-(53).
66. ഴ-ള- എന്നവ തമ്മിൽ നന്ന അടുത്തവ ആകയാൽ, ൾ എന്ന അൎദ്ധളാരം ഴകാരത്തിന്നായും വരും. (എപ്പോഴു-എപ്പോൾ- എപ്പോഴും-എപ്പോഴേക്കു; പുകൾ-പുകഴ്‌പ്പൂണ്ടു; തമിഴു-തമിൾ). തത്ഭവങ്ങളിൽ ഴകാരം ഡ-ഷ-ള-എന്നവറ്റിന്നു പകരം ആയ്ക്കാണും. (നാഡി- നാഴി; ദ്രമിഡം-തമിഴ; സീഹളം-ൟഴം; അനുഷം-അനിഴം; ഇലഴക്കണൻ ര.ച. ലക്ഷ്മണൻ; ക്ഷയം-കിഴയം-വൈ. ശാ) ണകാരത്തിൽനിന്നും ജനിക്കും (കാഴ്ച-കാണ്ച, തമിഴു കാട്ചി) യകാരത്തോടും സംബന്ധം ഉണ്ടു(മക്കത്തായം-ഴം) ആളി എന്നതിൽനിന്നു ആയ്മ-ആഴ്മ-).
67. ളകാരം സംസ്കൃതത്തിൽ ലകാരത്തിൽനിന്നുണ്ടാകും. (മലം-കോമലം, കോമളം); അതു ട-ഡ-എന്നവറ്റിന്നും പകരം നില്ക്കും (42 ഖഡ്ഗം-ഖൾ്ഗം) ണ-ഴ-കാരങ്ങളോട സംബന്ധം (52. 66)
68. a പദാദിയിൽ ളകാരം ഇല്ല (എങ്കിലും മഹാളോകർ, ളോകർ എന്ന് ഒരു പക്ഷം ഉണ്ടു); പിന്നെ ക്ര, ൎക്കാദികളിൽ റകാരം വരുമ്പോലെ (60 b.), ക്ലാദികളുടെ തത്ഭവങ്ങളിൽ ളകാരം നടക്കും ഉം-കിളേചം (ക്ലേശം), ചുക്കിളം-(ശുക്ലം).
68. b അൎദ്ധളകാരം ദ്വിത്വഖരങ്ങളുടെ മുമ്പിൽ ലയിച്ചു പോകും (മക്ക (ൾ) ത്തായം, കൾ്ക്ക-കക്ക-65); ഴകാരവും കൂട അങ്ങിനെ തന്നെ. (കമിഴ്ക്ക-കമിക്ക-കമിച്ചു-കമിഴ്ത്തി-കമുത്തി-കേ-രാ; പോഴ്തു-പോതു.)

താളിളക്കം
!Designed By Praveen Varma MK!