Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

110. സപ്തമി LOCATIVE.

496. ആധാരാൎത്ഥമുള്ള സപ്തമിക്കു രണ്ടു രൂപങ്ങൾ പ്രധാനം. ഇൽ, കൽ എന്നവ തന്നെ. അവ ഏകദേശം ഭേദം കൂടാതെവരും-ഉ-ം.
1.) Term of Place സ്ഥലവാചി (436, 3)
രാജ്യത്തിൽ വാണു (ഭൂമി വാണു.) നാവിൽ വാണീടു വാനരക്കൂട്ടത്തിൽ വാഴുക.(കേ. രാ.) കോവിൽക്കൽ പാൎക്ക. വലയിലടിപെട്ടു (പ. ത.)
Expressing Surface (on, upon) അന്തൎഭാഗത്തെ കുറിക്ക ഒഴികെമേൽഭാഗത്തിന്നും കൊള്ളാം.
മെത്തയിൽ ശയിക്ക (കേ. ര.) മുതുകിലേറി, കഴുത്തിൽ കരേറി, (കൃ. ഗ.) കമ്പത്തിൽ കയറി (പ. ചൊ.) രണ്ടും ഇടന്തോളിൽ വെച്ചു കൊണ്ടു (കേ. ര.) ചുമലിൽഅമ്മയെ എടുത്തു. പ്രയുത നരന്മാരിൽ ചുമന്നിട്ടുള്ള പൊന്നു (മ. ഭാ.) പിഴയാതവങ്കൽ പിഴ ചുമത്തി (കേ. രാ.) കല്ലിൽ നടന്നിട്ടു നോകുന്നു കാൽ. ചവിട്ടിനാൻ മെയ്യിൽ.വയറ്റിൽ അടിച്ചു. കൈകൾ മേനിയിൽ ഏറ്റു. (കൃ. ഗ.) ദേഹത്തിൽ വൎഷിച്ചാൻ ശരങ്ങളെ (കേ. ര.) വേർ തലയിൽ കെട്ടുക (വൈ. ശ.) നെറുകയിൽ ചുംബിച്ചു (ഉ. ര.)തീക്കൽ വെച്ച പാൽ; തേരിലേറി (കൃ. ഗ.)
2.) Term of Time സമയവാചി.
സ്രാവം ആദിയിങ്കലെ ഒഴിവൂ (വൈ. ശ.) ദേഹനാശെ കാണും (അ. രാ.) പടെക്കൽ കാണാം (പ. ചൊ.) തേരും അഴിച്ചാൻ നിമിഷത്തിൽ. ചൂതിങ്കൽ ചതി ചെയ്തു(മ. ഭാ.) മദ്ധ്യാഹ്നത്തിലാമാറു (ഭാഗ.)
3.) Term of occurrence സംഗതിവാചി.എന്തു പിഴ അതിൽ (കേ. ര.) വിരുദ്ധങ്ങളാം ഇവ ഒന്നിങ്കലെ സംഭവിക്കുന്നു(വില്വ.) സത്യത്തിൽ പിഴെച്ചു; ധൎമ്മത്തിൽ പിഴയായ്വാൻ (മ. ഭാ.)
497. Term of Place with different shades of meaning സ്ഥലവാചികൾ്ക്ക ഓരോരൊ അൎത്ഥവികാരങ്ങൾ വരും.
1.) സ്ഥലചതുൎത്ഥി പോലെ 507. കാണ്ക.
2.) മേത്ഭാഗാൎത്ഥം 496,1.
3.) Term of Proximity സാമീപ്യാൎത്ഥം പ്രത്യേകം-കൽ-(=ഓടു ചതുൎത്ഥി.)
പുരത്തിൽ ക്രോശമാത്രം അടുത്തുണ്ടൊരു ഗോഷ്ഠം (മ. ഭാ.) നാഥങ്കലടുത്തു, കതവിങ്കൽ നില്ക്കുന്നു (കേ. രാ.) സിംഹാസനം തലെക്കൽ വെപ്പിച്ചു (മ. ഭാ.) ദേവകൾപുഛ്ശത്തിങ്കൽനിന്നു അസുരകൾ തലെക്കൽ കൂടീടിനാർ (ഭാഗ.) കിണറ്റിങ്കലടുത്തു(പ. ത.) വാതുക്കൽ, പടിക്കൽ, കാക്കൽ, പാദപങ്കജെ വന്ദനം ചെയ്തു (നള.) നിങ്കഴലിൽ ചേൎപ്പു (കൃ. ഗ.)
4.) Verbs of wearing, dressing etc. ഉടുക്ക, കെട്ടുക മുതലായവ
മുത്തു മാറിലണിഞ്ഞു; മാല അവൻ്റെ കഴുത്തിൽ അലങ്കരിച്ചു (ചാണ.) കൊങ്കകളിൽ കുങ്കുമം അലങ്കരിച്ചു (മ. ഭ.) പ്രേതത്തെ വസ്ത്രാദികൊണ്ടലങ്കരിക്ക (മൂടുക എന്ന പോലെ) (436) തൂണിൽ വരിഞ്ഞു (പ. ത.) മുഷിഞ്ഞ ശീല അരയിൽ കെട്ടി (കേ.രാ.) വയറ്റിൽ തളെച്ചു (വൈ. ച.)
5.) Term of Rear പിൻഭാഗാൎത്ഥം.
വൃക്ഷം ഒന്നിൽ മറഞ്ഞു നിന്ന് എയ്തു (കേ. ര.)
498. Instrumental Bearing of the Locative തൃതീയയുടെ അൎത്ഥങ്ങളും സപ്തമിയിൽ കാണും.
1.) Term of Instrumentality, Means കരണവാചി.
തളികയിൽ, ഇലയിൽ ഉണ്ക. വില്ലിൽ തൊടുത്ത ശരങ്ങൾ (കേ. രാ.) മുപ്പുരം തീയിൽ എരിച്ചതു (മ. ഭാ.) ഭക്ഷ്യത്തെ കണ്ണിൽ കാണവെ കാട്ടി (കൈ. ന.) കണ്ണിൽകണ്ടതെല്ലാം (കൃ. ച.) കണ്ണിണയിൽ കാണുമതു (ര. ച.)
ആറിൽ ഗുണിപ്പു. ഇവറ്റെ പത്തിൽ പെരുക്കി (ത. സ.) അഞ്ചിൽ പെരുക്കിയൊരഞ്ചു=25 (കേ. ര.)
2.) What passes through കൂടിക്കടക്കുന്നതു (426, 2.)
പുരദ്വാരത്തിങ്കൽ പുറപ്പെടും; പുക്കും സഞ്ചരിക്ക (കേ. ര.) കല്ലിലും മണ്ണിലും ഇട്ടിഴെച്ചു. (കൃ. ച.)
What passes along പിന്നെ കൂട്ടിചേൎത്തിട്ടു.
ദ്വീപിങ്കന്നു കപ്പലിൽ കൂടി വന്നു (കേ. ഉ.) വാതുക്കൽ കൂടി എറിഞ്ഞു (പ. ത.)
499. Term of Superiority (related to Term of share) വിഭാഗാൎത്ഥം ചേൎന്ന നിൎദ്ധാരണത്തിങ്കലും സപ്തമി പ്രമാണം.
ഉ-ം 1.) നാലു പേരിലും മുമ്പൻ രാമൻ. അരക്കരിൽ നൂറ്റിനെക്കൊന്നു വില്ലാളിമാരിൽ മികെച്ച നീ (കേ. ര.) അതിൽ മൂത്തവൻ. കൊണ്ടതിൽ പാതി വില (പ.ചൊ.) സാലത്തിലല്പം (നള.) എല്ലാവരുടെ വസ്തുവിങ്കലും ഷൾഭാഗം (കേ. ഉ.) മീനിൽ കുറിച്ചി കൊള്ളാം, ഇറച്ചിയിൽ മുയൽ (വൈ. ശ.)-ആൽ എന്ന പോലെ425,1.
2.) ഇൽ ചിലപ്പോൾ ഇൻ പ്രത്യയത്തോടും ഒക്കും.
ഇതിൽ ശേഷത്തെ പറക (മ. ഭാ=ഇതിൻ്റെ.) നീതിശാസ്ത്രത്തിൽ മറുകര കണ്ടവൻ (പ. ത.)
3.) Superiority made conspicuous by വെച്ച്-നിൎദ്ധാരണത്തിന്നുവെച്ച് എന്നതിനാൽ ഉറപ്പു വരും.
ഉ-ം ഗുഹ്യങ്ങളിൽ വെച്ച് അതിഗുഹ്യമായിരിപ്പോന്നു (ദേ. മാ.) തത്തകൾ രണ്ടിൽ വെച്ച് ഏതു തോറ്റു (വേ. ച.) ജന്തുക്കളിൽ വെച്ചു മാനുഷൎക്കു ചെറ്റു വൈശിഷ്യംഉണ്ടു. ഭവാന്മാരിൽ വെച്ചേകൻ (ഭാഗ.) സ്ത്രീകളിൽ വെച്ചത്ഭുതാംഗി (മ. ഭാ.)
500. Term of Pervasion, Penetration വ്യാപനത്തിൻ്റെഅൎത്ഥവും ഉണ്ടു.
ഉ-ം. തേനിൽ അരെച്ചുപാലിൽ പുഴുങ്ങി, പാലിൽ കുഴമ്പാക്കി, മോരിൽ കുടിപ്പിച്ചു. Interchangeable with Social അതുകൊണ്ടു സാഹിത്യത്തോടുംചേരും.
ഉ-ം കടലിൽ കായം കലക്കി, ചോരയെ ചോറ്റിൽ, (ചോറ്റിന്നു നെയി കൂട്ടി.)ശേഷത്തിൽ കൂട്ടുക. (ത. സ.) അഗ്നിയെ മാതരിൽ ചേൎത്താൻ ചങ്ങാതിക്കൈയിൽ തൻകയ്യും ചേൎത്തു (കൃ. ഗ.) വിഷത്തിൽ കലൎന്നന്നം (കേ ര.) മന്നവന്മാരിൽ ചെന്നു ചേൎന്നുള്ള ദുൎമ്മന്ത്രി (പ. ത.) ശവം എടുത്ത് അംഗത്തിൽ ചേൎത്തു (മ. ഭാ.)
മറ്റെ വില്ലിതാ എങ്കൽ ഇരിക്കുന്നു (കേ. ര=പക്കൽ)
501. Related to Ablative പഞ്ചമിയോടും വളരെ ചേൎച്ചകൾ ഉണ്ടു.
1.) When expressing Production ജനനത്തിൽ. (478.)
പാർ എല്ലാം ൟരേഴും നിങ്കൽ എഴുന്നൂതും നിങ്കൽ അടങ്ങുന്നൂതും (കൃ. ഗ.)കൊന്നതിൽ കൃതഘ്നത ഫലം; കുസൃതികളിൽ അനുഭവം ഇതു (ചാണ.)
2.) സങ്കടേ രക്ഷിക്ക (പ. ത.)
3.) When expressing Difference and Comparison ഭേദാൎത്ഥത്തിലും താരതമ്യത്തിലും (480.)
തങ്ങൾക്കു മറ്റുള്ളോരിൽ ഭേദം ഉണ്ടു (പ. ത.)
502. The Locative expresses Manner and Measure പ്രകാരപ്രമാണങ്ങളെയും സപ്തമി അവസ്ഥാവിഭക്തിയെ പോലെ കുറിക്കും (402, 404.)
1.) Manner പ്രകാരം എന്നാൽ.
ഇപ്പരിചിലാക (പ. ത.) വല്ല കണക്കിലും, കാണാം അനേക പ്രകാരത്തിൽ(നള.) ഓരൊ തരത്തിലെ വന്നവതരിച്ചു. ഓരൊ രസങ്ങളിൽ ചോറും കറികളും ഉണ്ടു(മ. ഭാ.) ബഹുളധൂളി എന്ന രാഗത്തിൽ ചൊല്വൂ (കേ. ഉ.) തെളിവിൽ പാടി, ഉച്ചത്തിൽ ചിരിച്ചു. ഭംഗിയിൽ നടന്നു, മേളത്തിൽ കളിച്ചു. ആണ്മയിൽ സ്വൎഗ്ഗം പൂക (മ. ഭാ.)നേരിൽ വെള്ളയിൽ പറഞ്ഞു, ശിക്ഷയിൽ ചെയ്തു. വടിവിൽ വിളങ്ങുന്നു. അവ്യയരൂപവും കാണ്ക (329.)
2.) Measure പ്രമാണം എങ്കിലോ.
ഒട്ടു പരപ്പിൽ പറക. മല പോലെ പൊക്കത്തിൽ കൂട്ടി (മ. ഭാ.) തക്കത്തിൽ ഒരുമിച്ചു പൊക്കത്തിൽ പറക്ക. (പ. ത.) നെല്ലിക്കയോളം വണ്ണത്തിൽ ഗുളികയാക്കി.ഒരു മുളം വട്ടത്തിൽ ഒരു മുളം ആഴത്തിൽ കുഴിച്ചു (വൈ. ശ.) നീളത്തിലുള്ളൊരു വീൎപ്പു (കൃ. ഗ)=നെടുവീൎപ്പു.
503. Conveying the meaning of having been within, in etc, ഉള്ളപ്പോൾ എന്നൎത്ഥത്തോടും സപ്തമി കാണും.
കുഞ്ഞിയിൽ പഠിച്ചതു (പ. ചൊ.) രജ്ജുഖണ്ഡത്തിലേ പന്നഗബുദ്ധി പോലെ (അ. ര.)ശുക്തിയിൽ വെള്ളി എന്നും, രജ്ജുവിൽ സൎപ്പം എന്നും കല്പിക്കും (കൈ. ന.) ദീനരിൽ തനിക്ക വന്നത് എന്നു വെച്ചുദ്ധരിക്ക (വൈ. ച.) പോഴും-പോഴും ഇവ നാലിങ്കലും അസത്യം പറയാം (മ. ഭാ.)=in 4 cases.
504. Expressing Position, Station, Title ചില സ്ഥാനനാമങ്ങളിൽ സപ്തമി പ്രഥമയെ പോലെ നടപ്പു. അങ്ങുന്നു=നീ. ഭട്ടതിരിപ്പാട്ടു നിന്നു എഴുന്നെള്ളി (കേ. ഉ.) അതിൻ ദ്വിതീയയോ: നമ്പൂതിരിപാട്ടിലെ വരുത്തി (കേ. ഉ.) തിരുമുമ്പിലെ വാഴിച്ചു. ചതുൎത്ഥിയൊ: വെട്ടമുടയ കോവില്പാട്ടിലേക്ക് 5000 നായർ. ഷഷ്ഠിയോ: തിരുമുല്പാട്ടിലെ തൃക്കൈ-തിരുമനസ്സിലെ അടുക്കൽ. ബഹുവചനമോ: മണ്ടപത്തിൻ വാതുക്കലുകൾ (തി. പ.)
505. May express Property, Authority, Bestowal ഉടമ, അധികാരം, ദാനം ഇവറ്റിന്നും സപ്തമി പോരും.
1.) എന്നിലുള്ള ദ്രവ്യം (പ. ത.) പറമ്പിൽ അധീശൻ ആർ (വ്യ. മ.) ശൂദ്രാദികൾ്ക്ക് ശ്രവണത്തിങ്കലധികാരം ഉണ്ടു (ഭാഗ. വ്യ.) വസുന്ധരനിങ്കലായി (കേ.രാ.) നാടും നഗരവും തങ്കലാക്കി (നള.) അഭിഷേചിച്ച് പട്ടണേ. യൌവരാജ്യത്തിൽ(കേ. രാ.)
പിന്നെ ൟ അൎത്ഥത്തിന്നു ചേരുന്നതു പക്കൽ താൻ സാഹിത്യം താൻ (ധൎമ്മജന്മാവോടുള്ള പൊരുൾ (മ. ഭാ.)

2.) രാമൻ ഭൂമിയെ എങ്കൽ നിക്ഷേപമായി തന്നു (കേ. ര.) രാജ്യം പുത്രങ്കലാക്കി (അ. രാ.) രാജ്യഭാരത്തെ പുത്രരിൽ ആക്കികൊണ്ടു അവങ്കൽ കളത്രത്തെവെച്ചു (=സമൎപ്പിച്ചു. ചാണ.) ഗ്രാമത്തിങ്കൽ രാജാംശം കല്പിച്ചു. ക്ഷേത്രത്തിൽ കൊടുത്തു (കേ. ഉ.) നിങ്കലെ ദത്തമായ മനസ്സ് (അ. രാ.) ദ്രവ്യം കയ്യിൽ സമൎപ്പിച്ചു (=സല്പാത്രങ്ങൾക്കൎപ്പണം ചെയ്തു. പ. ത.) ബ്രഹ്മണി സകലവും സമൎപ്പിക്ക. രാജ്യം തനയങ്കൽ സമൎപ്പിച്ചു. ഭരതൻ കയ്യിൽ മാതാവെ ഭരമേല്പിക്ക (കേ. രാ.) തനയൎക്കു സമൎപ്പിച്ചു (ഭാഗ.)
3.) നീചരിൽ ചെയ്യുന്ന ഉപകാരം (പ. ചൊ.) കൃതഘ്നങ്കൽ ചെയ്ത ഉപകാരം;എന്തയ്യോ കൃപാലേശം എങ്കൽ ഇന്നരുളാത്തു (കേ. രാ)
506. The Locative expresses chiefly the relation to an object വിഷയാധാരത്തിന്നും സപ്തമിതന്നെ പ്രമാണം (419-21. 439എന്നവ കാണ്ക.)
1.) as Inclination, Preference ഇഛ്ശാൎത്ഥം.
അവങ്കൽ സുസ്ഥിതം ഇവൾ ചിത്തം പതിക്ക് ഇവളിലതു പോലെ (കേ. രാ.)ൟശ്വരങ്കൽ മനം വരാ (വൈ. ച.) ദേവങ്കൽ ഉറപ്പിച്ചു മാനസം; അവങ്കലെ മാനസം ചെന്നൂതായി; ചിത്തം അവങ്കലാവാൻ; അവനിൽ മാനസം പൂകിപ്പാൻ; എങ്ങളിൽ വശം കെട്ടാൻ (കൃ. ഗ.) ദുൎമ്മാൎഗ്ഗങ്ങളിൽ മനസ്സ് ഉണ്ണികൾ്ക്ക് (പ. ത.) ദൃഷ്ടികൾപറ്റുന്ന് അന്യങ്കൽ (നള.) അവങ്കൽ മനം മഗ്നമായി; മോഹം മണ്ണിൽ; കാമം അവറ്റിങ്കൽ; ഒന്നിങ്കൽ സക്തി; മായയിൽ മോഹിക്കരുത്; ഭാവം നാരീജനെ; അവനിൽ രാഗം; രസം എല്ലായിലും (മ. ഭാ.) വിഷയങ്ങളിൽ തൃഷ്ണയും വൈരാഗ്യവും. ഒന്നിലുംകാംക്ഷയില്ല. ഭോഗത്തിലഭിരുചി (വില്വ.) നിങ്കൽ പ്രേമം. ശാസ്ത്രങ്ങളിൽ താല്പൎയ്യം.വീണാപ്രയോഗത്തിലിഛ്ശ (നള.) എങ്കൽ കൂറു. ഇവളിൽ ഏറ്റം സ്നേഹശാലി. കേൾ്ക്കയിലാഗ്രഹം. (വേ. ച.) കാണ്കയിലാശ (ര. ച.) ധൎമ്മത്തിലാസ്ഥ (പ. ത.)-ഇന്ധനങ്ങളിൽ തൃപ്തി വരുമാറില്ലഗ്നിക്കു; അന്തകന്നലം ഭാവം ഇല്ല ജന്തുക്കളിൽ (മ. ഭാ.) മൊഴിയിങ്കൽ സന്തോഷിച്ചു.

2.) as Thought, Reflection etc. ചിന്താവിചാരാദികൾ.
ശിവനിൽ ചിന്തിപ്പാൻ (വൈ. ച.) ഒരുത്തങ്കലും വിശ്വാസം ഇല്ല, മന്നവങ്കൽബഹുമാനം ഇല്ല (നള.) എങ്കൽ ഇളക്കമില്ലാത ഭക്തി (ദേ. മാ.) അതിൽ ആശ്ചൎയ്യംതോന്നും (മ. ഭാ.) ഇഷ്ടാനിഷ്ടപ്രാപ്തികൾ രണ്ടിലും സമൻ (അ. രാ.) ശബ്ദത്തിൽ അത്ഭുതം പൂണ്ടു (പ. ത.)

3.) as Favour etc. കൃപാദികൾ.
ദീനരിൽ കൃപ (പ. ത.) എങ്കൽ പ്രസാദിക്ക. തങ്കൽ തോഷിക്കും (കേ. രാ.) അമ്പരിൽ അമ്പൻ (മ. ഭാ.) ധൎമ്മിഷ്ടങ്കൽ കോമളൻ (നള)=സാഹിത്യം

4.) as Dislike, Fear, Grief etc. അപ്രിയഭയക്ലേശാദികൾ.
പരലോകെ ഭീരുവായി. വിനയവും ഭയവും വിപ്രരിൽ (വൈ. ച.) പോരിൽ ഭയം (നള.) ആരിതിൽ പേടിയാതു? ശുക്രനിലെ പേടി. (അപമാനത്തിങ്കൽ ഖേദിയാതെ മ. ഭാ=ചതുൎത്ഥി.) ചാകുന്നതിൽ ക്ലേശം ഇല്ലെനിക്കു (പ. ത.) രാമങ്കൽ വിപരീതം ചെയ്വാൻ (അ. രാ.) അതിൽ ദുഃഖം; അതിങ്കൽ ശോകം ഉണ്ടാക (ഭാഗ.) അവങ്കലുള്ള കോപം (കേ. രാ.) അവങ്കലേ ശത്രുത.
507. Expressing Motion towards a place ഒരു സ്ഥലത്തേക്കുള്ള ഗതിയെയും കുറിപ്പാൻ സപ്തമി തന്നെ മതി.
ഉ-ം. തോട്ടത്തിൽ ആന കടന്നു (പ. ചൊ.) മന്ദിരങ്ങളിൽ പുക്കാർ (കേ. രാ.) കോവിൽക്കൽ ചേന്നു, സിംഹേ ചെന്നു (പ. ത.) ചിത്തം അധൎമ്മത്തിൽ ചെല്ലാ; ഗോക്കൾ ശാലെക്കൽ വന്നാർ (മ. ഭാ.) മുരട്ടിൽ വീഴും; മണ്ണിടെ വീണു (ര. ച.) ഭൂമിയിൽ പതിക്ക; പാതാളത്തിൽ ഇറങ്ങി (കേ. രാ.) ശസ്ത്രം പ്രയോഗിച്ചാൻ അവൻ്റെ ദേഹത്തിങ്കൽ (കേ. രാ.) പരസ്ത്രീകളിൽ പോകാ (ദ. നാ.)
കാട്ടിലാക്കി (നള.) കിണറ്റിൽ തള്ളി വിട്ടു (മ. ഭാ.) നരകെ തള്ളീടും (കേ. രാ.)
508. The meaning of Motion is being expressed by എന്നിയെ ഗതിയുടെ അൎത്ഥത്തെ വരുത്തുന്നവ:
1.) ഏ ചേൎന്ന സപ്തമി-(അതു സമാസാൎത്ഥമുള്ളതു (168.)
നീരിലേത്തിങ്കൾ, പുലിവായിലേപൈതൽ (കൃ. ഗാ.) നിങ്കലേസ്നേഹം കൊണ്ടു(വില്വ.) നിങ്കലേസഞ്ചയത്തിന്നാഗ്രഹം (പ. ത.) പിന്നെ ഗത്യൎത്ഥമാവിതു-എ.
അവളെ ജാരൻ തങ്കലെ നിയോഗിച്ചു (പ. ത.) പരൻ തങ്കലെ ലയിപ്പോളം (ഭാഗ.) കാതിലെ ചൊന്നാലും. ഏതിലേയും പായും (പ. ചൊ.) മാലതി തങ്കലെ വണ്ടുചാടും (കൃ. ഗ.) സൎവ്വലോകം തങ്കലെ അടക്കികൊണ്ടു (ഉ. രാ.) സ്ഥാനം പന്നിയൂർ കൂറ്റിലെ അടങ്ങി (കേ. ഉ.)
അദ്ദിക്കെ പോവാൻ. എദ്ദിക്കെ പോയവൻ (കൃ. ഗ.) 126.
2.) നോക്കി-മുതലായ വിനയെച്ചങ്ങൾ (അങ്ങോക്കി=അങ്ങുപട്ടു 126.)
പിന്നോക്കി മണ്ടുന്നു. വിണ്ണിനെ നോക്കി നടന്നാൻ (കൃ. ഗ.) വഴിയോക്കി ഓടി. വായു അകത്തു നോക്കി വലിക്കും (മ. മ.) പുരം നോക്കിപ്പോയാർ (മ. ഭാ.)
പട്ടു (പെട്ടു) വടക്കോട്ടു, തെക്കോട്ടു, വെള്ളത്തിലോട്ടു നോക്കി.
ദ്യോവിനെ മുന്നിട്ടു പോയി (മ. ഭാ.) പശ്ചിമദിക്കിനെ മുന്നിട്ടു. വാനിടം മുന്നിട്ടു പോകത്തുടങ്ങിനാർ (കൃ. ഗാ.)
നേരിട്ടു (521) അവൻ്റെ മെയ്ക്കിട്ടു വീണു (Arb.)
3.) ആമാറു (468, 2.)
ഹിമവാങ്കലാമാറു ചെന്നു (ദേ. മാ.) ജനനീസമീപത്താമാറ് എറിഞ്ഞു (കേ. രാ.)തേരിലാമാറു കരേറി; അവരെ മുന്നിലാമാറു വരുത്തി (മ. ഭാ.) അവളുടെ മുന്നിലാമാറുചെന്നു; തട്ടിന്മേലാമാറു ചാടി (നള.)
തെരുവിലേക്കാമാറു ഗമിക്ക (നള.) ഇന്ദ്രപ്രസ്ഥത്തിലേക്കാമാറു വന്നു (മ. ഭാ.)
മുഖത്തിലാമാറു നോക്കി (കൃ. ഗാ.) രാജ്യം അവങ്കലാമാറു സമൎപ്പിച്ചു. കഴുത്തിലാമാറകപ്പെട്ട പാശം (ഭാഗ.) ഭാൎയ്യാകയ്യിലാമാറു നല്കി (പ. ത.) ബലം അകത്താമാറടങ്ങിക്കിടക്ക (കേ. രാ.) തേരിന്മേലാമാറു നോക്കി (സ. ഗോ.)
4.) ചതുൎത്ഥി തന്നെ.
തെക്കു ദിക്കിനായ്ക്കൊണ്ടു നടക്കൊണ്ടാർ (മ. ഭാ.)
5.) കൊണ്ട.
മലയോടു കൊണ്ടക്കലം എറിയല്ല (പ. ചൊ.) ആയവൻ കയ്യിൽ കൊണ്ടക്കൊടുത്തു (പ. ത.) ആശ്രമത്തിങ്കൽ അവളെക്കൊണ്ടയാക്കി പോന്നീടുക. (ഉ. രാ.)
6.) കൊള്ള.
ആ രാജ്യം കൊള്ള പടെക്കു പോയി. അവനെക്കൊള്ള പട കൊണ്ടുപോയി (ഠി.) അമ്പുമാറത്തു കൊള്ളത്തറപ്പിച്ചു (കേ. രാ.) ഭഗവാനെക്കൊള്ള (=ആണ-കേ. ഉ.)
7.) നിലയം പ്രതി പോയി (ഭാഗ.) 421.
509. The Locative Dative denoting സ്ഥലചതുൎത്ഥി തന്നെ ഗതിയുടെ അൎത്ഥത്തിന്നു പ്രമാണമായതു.
1.) Motion ദ്വീപാന്തരത്തേക്കു പോയി; മേത്ഭാഗത്തേക്ക് എറിഞ്ഞു. (കേ. ഉ.) അകത്തേക്ക് എറിഞ്ഞു (പ. ത.) ദ്വീപത്തിങ്കലേക്ക് എഴുന്നെള്ളി (മ. ഭാ.) പ്രദേശത്തേക്ക് ചെന്നു (നള.) വംശത്തിലേക്ക് ആപത്തു വരും. (മ. ഭാ.) ഇല്ലത്തേക്കാമാറു പോന്നു വിപ്രൻ (സ. ഗോ.) 508,3.
2.) Authority അധികാരാൎത്ഥം ഇങ്ങനെ.
സ്വരൂപത്തിങ്കലേക്ക് അടങ്ങി (കേ. ഉ.) സൎക്കാരിലേക്ക് ഒഴിഞ്ഞു കൊടുത്തു.
രണ്ടു രാജ്യത്തിങ്കലേക്കും അഭിഷേകം ചെയ്തു. (=നാട്ടിന്നഭിഷേകം, രാജ്യത്തിലഭിഷേകം-മ. ഭാ.) നന്ദരാജ്യത്തിങ്കലേക്ക് നീ രാജാവു; മന്ത്രിയാകുന്നതു ഞാൻ (ചാണ.)
3.) Mastership വിഷയപ്രമാണാൎത്ഥങ്ങൾ ഇവ്വണ്ണം.
ആൎക്കു വാസന ഏറും ധനുസ്സിങ്കലേക്ക്? തേരിലേക്കധികനായ്വന്നു യുധിഷ്ഠിരൻ (മ. ഭാ.)
ജ്യോതിഷത്തിങ്കലും മന്ത്രവാദത്തിന്നും സാമൎത്ഥ്യം ഏറും അതിങ്കലേക്ക് അതിതല്പരൻ (ചാണ.) എന്നതിനാൽ സപ്തമിക്കും ചതുൎത്ഥിക്കും ഉള്ള ചേൎച്ച തെളിയും (458.)
4.) Coinciding with pure Datives ശുദ്ധചതുൎത്ഥിയോടും ഒക്കും.
കഴുത്തേക്കും തലെക്കും പുറത്തേക്കും മുറികൾ ഉണ്ടായിട്ടു ചോര ഒലിയുന്നു.
510. Two Locatives in one sentence ഒരു വാചകത്തിൽ രണ്ടു മൂന്നു സപ്തമികൾ കൂടും.
ഉ-ം അവളിൽ കനിവുണ്ടായി മനസ്സിൽ (നള.) യുവാക്കളിൽ താല്പൎയ്യം ഏവനിൽ നിന്നുടെ മാനസെ (വേ. ച.)
9. അകമാദി അവയവങ്ങളോടു ചേരുന്ന വിഭക്തിവിവരം.

താളിളക്കം
!Designed By Praveen Varma MK!