Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

076. പുരുഷന്മാർ

77. സംസാരിക്കുന്ന ആൾ, ആയാൾ ആരോടു സംസാരിക്കുന്നുവോ ആയാൾ, സംസാരിക്കുന്ന വിഷയം, ഇങ്ങിനെ മൂന്നു കൂട്ടം സംഭാഷണത്തിൽ അടങ്ങിയിരിക്കും.
78. സംസാരിക്കുന്ന ഞാൻ [ഞങ്ങൾ, നാം] ഉത്തമപുരുഷനും, ആരോടു സംസാരിക്കുന്നുവോ ആ ആളായ നീ [നിങ്ങൾ] മദ്ധ്യമപുരുഷനും, ശേഷം പ്രഥമപുരുഷനും ആകുന്നു.
ഉത്തമപുരുഷൻ. ഞാൻ എഴുതുന്നു, നാം മരിക്കും, ഞങ്ങൾ എത്തി.
മദ്ധ്യമപുരുഷൻ. നീ വരും, നിങ്ങൾ പാഠങ്ങൾ പഠിക്കുവിൻ.
പ്രഥമപുരുഷൻ. അവൻ പോയി, അവൾ വന്നു, രാമൻ കളിച്ചു.
79. ഈ മൂന്നു പുരുഷന്മാരെ അനുസരിച്ചു അവരോടു അന്വയിച്ചു വരുന്ന ക്രിയകളെയും അതാതു പുരുഷക്രിയ എന്നു പറയുന്നു.ഞാൻ പോകുന്നു എന്നതിൽ പോകുന്നു എന്നതു ഉത്തമപുരുഷക്രിയ. നിങ്ങൾ വന്നു എന്നതിൽ വന്നു എന്നതു മദ്ധ്യമപുരുഷക്രിയ. മഴ പെയ്തു എന്നതിൽ പെയ്തു എന്നതു പ്രഥമപുരുഷക്രിയ.
80. ഈ പുരുഷഭേദങ്ങളെ കാണിപ്പാനായിട്ടു ക്രിയാപദത്തോടു പ്രത്യയങ്ങൾ പണ്ടു ഉപയോഗിച്ചിട്ടുണ്ടായിരുന്നു. ഇതു പാട്ടിൽ ഇപ്പോൾ കാണാം. എന്നാൽ സംഭാഷണത്തിൽ ഉപയോഗമില്ല.
ഉദാഹരണം.

(i.) ഉത്തമപുരുഷൻ.
ശങ്കാവിഹീനം പറഞ്ഞു തരുവെൻ ഞാൻ.
ഞാനിഹ നന്നായ്ഭുജിപ്പതിന്നായി വന്നീടിനേൻ.
ആചാരമല്ലാതെ ചൊന്നേൻ.

(ii.) മദ്ധ്യമപുരുഷൻ.
പോകുന്നായ്.

(iii.) പ്രഥമപുരുഷൻ.
ധന്യശീലയാം അവൾ മെല്ല വെ ചൊല്ലീടിനാൾ.
ഉത്തമനായുള്ളൊരു പുത്രനെ പെറ്റാൾ അവൾ.
നല്ല നാം മന്ത്രിവിശിഖാഖ്യനും ചൊന്നാൻ അപ്പോൾ.
രാക്ഷസൻഅതുകാലം ഉൾക്കാമ്പിൽ നിരൂപിച്ചാൻ.
ഈവണ്ണം കല്പിച്ചവർ ആക്കിനാർ അവനെയും.
ദേവനാരികൾ പാട്ടമാട്ടവും തുടങ്ങിനാർ.
അങ്ങിനെ തന്നെയെന്നു കുന്തിയുമുരചെയ്താൾ.

താളിളക്കം
!Designed By Praveen Varma MK!