034. അഭ്യാസം.
I.1. ഈശ്വരൻ നമുക്കു ശരണം. 2. ലക്ഷ്മണൻ രാമന്റെ അനുജൻ. 3. ദൈവം നമ്മുടെ പിതാവു. 4. മൂത്തവരുടെ വാക്കു അമൃതു. 5. പ്രജാപാലനം രാജധൎമ്മം. 6. ക്ഷമ വീരന്മാരുടെ ഭൂഷണം. 7. നീ എന്റെ പ്രാണൻ. 8. വിനയം നാരിമാരുടെ ഭൂഷണം. 9. സത്യം പ്രമാണം. 10. ഈശ്വരൻ നിത്യൻ.
(1) ഈ വാക്യങ്ങളിലെ ആഖ്യയെയും ആഖ്യാതത്തെയും പറക. (2) മേൽവാക്യങ്ങളിൽ സംബന്ധക്രിയയെ ചേൎത്തു എഴുതുക. (8) സംബന്ധക്രിയയെ ചേൎത്തതിന്റെ ശേഷം അവയിലെ ആഖ്യ, ആഖ്യാതപൂരണം, ആഖ്യാതം ഇവയേവ എന്നു പറക.
II.1. പാപത്തിന്റെ കൂലിയാകുന്നു മരണം. 2. വിദ്യയാകുന്നു മഹാധനം. 3. ഗൎവ്വം നാശത്തിന്റെ വിത്താകുന്നു. 4. മൂത്തവരുടെ ഉപദേശം അമൃതമാകുന്നു. 5. ബുദ്ധിയാകുന്നു ബലം. 6. വഞ്ചന മഹാപാപമാകുന്നു.
(1) ഈ വാക്യങ്ങളിലെ ആഖ്യയെയും ആഖ്യാതത്തെയും പറക. (2) ഇവിടെ ആഖ്യാതപൂരണങ്ങൾ ഏവ? (3) മേൽവാക്യങ്ങളിലെ സംബന്ധക്രിയയെ വിട്ടെഴുതുക. (4) മനുഷ്യരെല്ലാം ജീവികൾ ആകുന്നു, എന്നും ജീവികൾ എല്ലാം മനുഷ്യരാകുന്നു എന്നും പറഞ്ഞാൽ അൎത്ഥത്തിൽ വ്യത്യാസം ഉണ്ടോ?