Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

119. വ്യാകരിക്കുന്ന രീതി.

(iv) മാൻ ആകൃതിയിൽ കാട്ടാടിനെപ്പോലെ ആകുന്നു.
മാൻ സാമാന്യനാമം, നപുംസകലിംഗം, ഏകവചനം, പ്രഥമവിഭക്തി, ആകുന്നു എന്നതിന്റെ ആഖ്യ.
ആകൃതിയിൽ ഗുണനാമം, നപുംസകലിംഗം, ഏകവചനം, സപ്തമിവിഭക്തി, ആകുന്നു എന്ന ക്രിയയോടു അന്വയിക്കുന്നു.
കാട്ടാടിനെ സാമാന്യനാമം, നപുംസകലിംഗം, ഏകവചനം, ദ്വിതീയ വിഭക്തി, പോലേ എന്നതിന്റെ കൎമ്മം.
പോലെ അവ്യയം സാമ്യത്തെ കാണിക്കുന്നു. [കാട്ടാടിനെപ്പോലെ എന്നു പറഞ്ഞാൽ കാട്ടാടുതുല്ല്യം എന്നൎത്ഥം.] ആകുന്നു എന്നതിനോടു അന്വയിക്കുന്നു.
ആകുന്നു ക്രിയ, അബലം, അകൎമ്മകം, പ്രഥമപുരുഷൻ, വൎത്തമാനകാലം, ഏകവചനം, മാൻ എന്ന ആഖ്യയുടെ ആഖ്യാതം.

(v.) കുഞ്ഞേ! ആനന്ദബാഷ്പത്തെ പ്രവഹിപ്പിക്കുന്ന നേത്രത്താൽ നിന്നെ അത്യന്ത വാത്സല്ല്യത്തോടെ നോക്കികൊണ്ട് ഇതാ നിന്റെ അച്ഛൻ വന്നിരിക്കുന്നു. ഉചിതമായ മൎയ്യാദയെ ചെയ്യ്. (ഭാഷാശാകുന്തളം.)

കുഞ്ഞേ സാമാന്യനാമം, ഏകവചനം, ഇവിടെ സ്ത്രീലിംഗം, സംബോധനവിഭക്തി.
ആനന്ദബാഷ്പത്തെ സാമാന്യനാമം, ഏകവചനം, നപുംസകലിംഗം, ദ്വിതീയവിഭക്തി, പ്രവഹിപ്പിക്കുന്ന എന്ന ക്രിയയുടെ കൎമ്മം.
പ്രവാഹിപ്പിക്കുന്ന ക്രിയ, ബലം, സകൎമ്മകം, വൎത്തമാനശബ്ദന്യൂനം, നേത്രത്താൽ എന്ന നാമത്താൽ പൂൎണ്ണം. ഇവിടെ നേത്രം പ്രവഹിപ്പിക്കുന്നു എന്നതിന്റെ കരണം.
നേത്രത്താൽ സാമാന്യനാമം, ഏ. വ., നപുംസകലിംഗം, തൃതീയവിഭക്തി, നോക്കുക എന്ന ക്രിയയെ സാധിപ്പിക്കുന്ന കരണം ആകുന്നു.
നിന്നെ സൎവ്വനാമം, മദ്ധ്യമപുരുഷൻ, ഏകവചനം, അലിംഗം, ഇവിടെ സ്ത്രീലിംഗം, ദ്വിതീയവിഭക്തി, നോക്കിക്കൊണ്ടു എന്ന ക്രിയയുടെ കൎമ്മം.
അത്യന്തവാത്സല്യത്തോടെ ഗുണനാമം, ഏ. വ., ന. ലിംഗം, സാഹിത്യവിഭക്തി, നോക്കുക എന്ന ക്രിയയുടെ വിശേഷണം, നോക്കുമ്പോൾ അത്യന്ത വാത്സല്യവും കൂടേ ഉണ്ടായിരുന്നു എന്ന അൎത്ഥം കാണിക്കുന്നു.
നോക്കി ക്രിയ, ബലം, സകൎമ്മകം, ഭൂതക്രിയാന്യൂനം, കൊണ്ടു എന്ന ക്രിയയാൽ പൂൎണ്ണം, അച്ഛൻ എന്നതിന്റെ അപൂൎണ്ണാഖ്യാതം.
കൊണ്ടു ക്രിയ, അബലം, സകൎമ്മകം, ഭൂതക്രിയാന്യൂനം, വരുന്നു എന്ന ക്രിയയാൽ പൂൎണ്ണം. നോക്കിക്കൊണ്ടു എന്ന രണ്ടു ക്രിയകളും ചേൎന്നു ഒരൎത്ഥത്തെ ജനിപ്പിക്കുന്നു. നോക്കുക എന്ന ക്രിയാവ്യാപാരത്തിന്റെ അവസ്ഥയെ പ്രാപിച്ചു എന്ന അൎത്ഥത്തെ ജനിപ്പിക്കുന്നു.
ഇതാ സൎവ്വനാമം, അവ്യയമായി പ്രയോഗിച്ചിരിക്കുന്നു. കേർക്കുന്ന ആളുടെ ശ്രദ്ധയെ ഇങ്ങോട്ടു വരുത്തുന്നു.
[സൂചിതം: ആകുന്നു എന്നതു സംഭാഷണത്തിൽ ആണു എന്ന രൂപം ധരിക്കുന്നു. ഇതിലേ അന്ത്യ വൎണ്ണം ലോപിച്ചാൽ ആ എന്നു മാത്രം ശേഷിക്കും. രാമനാ = രാമൻ ആണോ = രാമൻ ആകുന്നുവോ. അതുപോലെ ഇതാ അച്ഛൻ വരുന്നു = ഇതാകുന്നു അച്ഛൻ+ അച്ഛൻ വരുന്നു. ഇങ്ങിനെ വാക്യാൎത്ഥം പറയാമെങ്കിലും ഇതാ എന്നതിനെ അഭിമുഖീകരണാൎത്ഥം ഉപയോഗിച്ച അവ്യയമായി സ്വീകരിക്കുന്നതു സൂകരം.]
നിന്റെ സൎവ്വനാമം, അലിംഗം, (ഇവിടെ സ്ത്രീലിംഗം), എ. വ., പ്രഥമപുരുഷൻ, ഷഷ്ഠിവിഭക്തി, അച്ഛൻ എന്നതിന്റെ വിശേഷണം. ഇവിടെ ജന്യജനക സംബന്ധം കാണിക്കുന്നു.
അച്ഛൻ സാമാന്യനാമം, പുല്ലിംഗം, ഏ. വ., പ്രഥമപുരുഷൻ, പ്രഥമ വിഭക്തി, വന്നിരിക്കുന്നു എന്ന ക്രിയയുടെ ആഖ്യ.
വന്നു ക്രിയ, അബലം, അകൎമ്മകം, ഭൂതക്രിയാന്യൂനം, ഇരിക്കുന്നു എന്ന ക്രിയയാൽ പൂൎണ്ണം.
ഇരിക്കുന്നു ക്രിയ, ബലം, അകൎമ്മകം, വൎത്തമാനകാലം, അച്ഛൻ എന്നതിന്റെ പൂൎണ്ണാഖ്യാതം. വന്നു+ഇരിക്കുന്നു എന്ന രണ്ടു ക്രിയകളും ഒരൎത്ഥത്തെ കാണിക്കുന്നു. വരിക എന്ന ക്രിയാഫലത്തെ പ്രാപിച്ചു എന്നു അൎത്ഥം ജനിപ്പിക്കുന്നു.
ഉചിതം ഗുണവചനം, മൎയ്യാദ എന്നതിന്റെ വിശേഷണം.
ആയ ക്രിയ, അബലം, അകൎമ്മകം, ഭൂതശബ്ദന്യൂനം, മൎയ്യാദ എന്നതിനാൽ പൂൎണ്ണം, ഉചിതമായ എന്ന മൎയ്യാദയുടെ വിശേഷണം.
മൎയ്യാദയെ ഗുണനാമം, ഏ. വ., ന. ലിംഗം, പ്രഥമപുരുഷൻ, ദ്വി. വിഭക്തി, ചെയ്യ് എന്നതിന്റെ കൎമ്മം.
ചെയ്യ് ക്രിയ, അബലം, സകൎമ്മകം, വിധി, മദ്ധ്യമപുരുഷൻ, ഏകവചനം, നീ എന്ന അദ്ധ്യാഹരിക്കേണ്ട ആഖ്യയുടെ ആഖ്യാതം.

താളിളക്കം
!Designed By Praveen Varma MK!