Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

115. ഗുണം.(ക്രിയാവിശേഷണങ്ങൾ)

നാമത്തോടോ, ഗുണവചനത്തോടോ, ആയി മുതലായ ക്രിയാന്യൂനങ്ങൾ ചേൎന്നു ക്രിയാവിശേഷണങ്ങൾ ഉണ്ടാകും.
(i.) ഗുണനാമം.
1. രാമൻ അതിശയമായി പഠിച്ചു. 2. കൃഷ്ണൻ ജാഗ്രതയായി പണി എടുത്തു. 3. ബ്രാഹ്മണൎക്കു അസംഖ്യമായി ധനം കൊടുത്തു. 4. കോപമായി പോയി. 5. അവൻ മോടിയായി ഉടുത്തു. 6. അവൻ വിരോധമായി പറഞ്ഞു. അവൻ വിനോദമായി കാലം കഴിച്ചു. 8. അവൻ തീൎച്ചയായി ഉത്തരം പറഞ്ഞു. 9. ഈ ദൃഷ്ടാന്തം നിങ്ങൾക്കു ഉപദേശമായ്തീരും. 10. കുട്ടി ഉറപ്പായി പറഞ്ഞു.
(ii.) ഗുണവചനം.
1. ലക്ഷ്മി മധുരമായി പാടി. 2. വെള്ളം സുലഭമായി കിട്ടുന്നു. 3. രാജാവു വിശ്രുതനായി വാണു. 4. അതിന്റെ ഫലം സൂക്ഷ്മമായി കണ്ടറിഞ്ഞു, യഥാൎത്ഥമായി ഗ്രഹിച്ചു. 5. അവർ ത്വരിതമായോ മന്ദമായോ പോകുന്നില്ല. 6. വ്യാപാരി സ്വല്പമായി ധനം സംപാദിച്ചു.
[ജ്ഞാപകം: ആകു എന്ന സംബന്ധക്രിയ അഭേത്തെ കാണിക്കുന്നു എന്നു പറഞ്ഞുവല്ലോ. രാമൻ ജാഗ്രതയായി പണി എടുത്തു എന്നതു (1) രാമൻ ജാഗ്രതയായി എന്നും (2) രാമൻ പണി എടുത്തു എന്നും ഉള്ള രണ്ടു വാക്യങ്ങൾ കൂടി ചേൎന്നുണ്ടായ വാക്യമാകുന്നു. ജാഗ്രത എന്നതു രാമനിൽ ഉള്ള ഗുണവും, രാമൻ ഗുണിയും ആകുന്നു. ഇവിടെ ഗുണിയായ രാമന്നും അവന്റെ ഗുണമായ ജാഗ്രതക്കും ഐക്യം ഉപചാരാൎത്ഥം കല്പിക്കുന്നു. രാമൻ ജാഗ്രതരൂപേണ പരിണമിച്ചു ആ ജാഗ്രതയാകുന്ന രാമൻ പണി എടുത്തു എന്നു വാക്യാൎത്ഥബോധം. എന്നാൽ രാമൻ ജാഗ്രതയായി മാറാനുള്ള ഉദ്ദേശം പണി തീൎക്കാൻ ആകയാൽ ജാഗ്രത എന്ന ഗുണം ക്രിയാവ്യാപാരത്തിൽ ഫലിക്കുന്നു. അതുകൊണ്ടത്രേ ജാഗ്രതയായി എന്നതിനെ ക്രിയാവിശേഷണമായി സ്വീകരിച്ചതു. സീത മധുരമായി പാടി എന്നതിൽ സീത മധുരമായി സീത പാടി എന്ന വാക്യങ്ങളായി എടുപ്പാൻ പാടുള്ളതല്ല. സീത പാടി. അതു [=പാടുക എന്ന വ്യാപാരം] മധുരമായി. ഇവിടെ സീതയുടെ മാധുൎയ്യമല്ല വിവക്ഷിച്ചിട്ടുള്ളതു. സീത പാടുക എന്ന വ്യാപാരം ചെയ്തു. ആ വ്യാപാരം മധുരമായി. അതുകൊണ്ടു മധുരമായി എന്നതു ക്രിയാവിശേഷണം എന്നു സ്പഷ്ടമായല്ലോ. ബ്രാഹ്മണൎക്കു അസംഖ്യമായി ധനം കൊട്ടത്തു എന്നതു ബ്രാഹ്മണൎക്കു അസംഖ്യം ധനം കൊടുത്തു എന്ന വാക്യത്തിന്നു സമമാകയാൽ ആയി എന്ന പദം വ്യൎത്ഥതമാകുന്നുവെങ്കിലും ധനം അസംഖ്യമായിത്തീൎന്നു; ആ [അസംഖ്യം] ധനം ബ്രാഹ്മണൎക്കു കൊടുത്തു എന്ന രണ്ടു വാക്യങ്ങളായി ഭാഗിക്കാം. ധനം അസംഖ്യമായിത്തീരുന്നതു മ:നക്രിയയുടെ സാദ്ധ്യത്തിന്നാകയാൽ അസംഖ്യമായിഎന്നതിനെ ക്രിയാവിശേഷണമായി സ്വീകരിക്കുന്നു].
[ജ്ഞാപകം: ആയി എന്നതു ഇതരനാമങ്ങളോടും ചേൎന്നുവരും. അവൻ ആ വഴിയായി വന്നു. ഇവിടെ ആയി എന്നതു വഴി എന്ന നാമത്തോടു ചേൎന്നു. സ്ഥലത്തെ കാണിക്കുന്ന ക്രിയാവിശേഷണമായി എടുക്കേണം. ബോംബായി സ്ത്രീധനമായി കിട്ടി. ഗംഗ അനേകമുഖമായി ഒഴുകുന്നു ഇത്യാദി വാക്യങ്ങളിൽ ആലോചിച്ചു വിശേഷണത്തെ നിൎണ്ണയിക്കേണം.]

താളിളക്കം
!Designed By Praveen Varma MK!