Contacts

പെട്ടരഴിയത്തു വലിയ രാമനിളയതു് (1042–1110)





ജീവചരിത്രം
പെട്ടരഴിയത്തില്ലം മുൻപു സ്ഥിതിചെയ്തിരുന്നതു് മലബാറിൽ പൊന്നാനിത്താലൂക്കു് ഇടക്കുഴിയുരംശത്തിലായിരുന്നു. രാമനിളയതിന്റെ അച്ഛൻ വാസുദേവനിളയതായിരുന്നു കുടുംബത്തിലെ കാരണവർ. അദ്ദേഹം തൃശ്ശിവപേരൂർ കണിമങ്ഗലത്തിനടുത്തുള്ള വെമ്പള്ളിയില്ലത്തു് ഇട്ടിവാസു ഇളയതിന്റെ പ്രഥമപുത്രിയായ ഉണ്ണിമായ അന്തർജ്ജനത്തെ വിവാഹം ചെയ്തു. അവരുടെ ആദ്യത്തെ പുത്രനായ രാമനിളയതു് ആ ഇല്ലത്തിൽ 1042-ാമാണ്ടു കർക്കടകമാസത്തിൽ പൂയം നക്ഷത്രത്തിൽ ജനിച്ചു. വാസുദേവനിളയതു് 1047-ൽ ചാവക്കാട്ടു ‘ചക്കക്കണ്ട’ക്കടവിനടുത്തു് ഒരു പുതിയ ഗൃഹം പണിയിച്ചു പെട്ടരഴിയത്തു കുടുംബത്തെ അവിടെ മാറ്റിത്താമസിപ്പിച്ചു. പഴയരീതിയിലുള്ള പ്രാഥമികവിദ്യാഭ്യാസവും പള്ളിക്കൂടത്തിൽ വളരെ താണ ക്ലാസ്സുകളിൽനിന്നു കിട്ടാവുന്ന കഷ്ടിപിഷ്ടി പഠിത്തവുമല്ലാതെ മറ്റു യാതൊരു തരത്തിലുള്ള വിജ്ഞാനവും ഗുരുമുഖത്തുനിന്നു നമ്മുടെ കവിക്കു ലഭിച്ചിട്ടില്ല. അപ്പോഴേക്കു നല്ല കാര്യസ്ഥനെന്നു പൊതുജനസ്സമ്മതി നേടിയിരുന്ന വാസുദേവനിളയതിനു കടം വർദ്ധിച്ചു് അതിന്റെ ഫലമായി കാരാഗൃഹവാസം അനുഭവിയ്ക്കേണ്ടിവരികയും തന്നിമിത്തം നമ്മുടെ രാമനിളയതിനു യൗവനാരംഭത്തിൽത്തന്നെ കുടുംബത്തിന്റെ സംരക്ഷണഭാരം കൈയേല്ക്കേണ്ടിവരികയും ചെയ്തു. 1062 മുതൽ മരണംവരെ ഏറെക്കുറെ ദാരിദ്ര്യദുഃഖം അനുഭവിച്ചു ലോകയാത്ര ചെയ്യേണ്ട ദുർവിധിയാണു് അദ്ദേഹത്തെ അഭിമുഖീകരിച്ചതു്. എന്നാൽ ആ വിഷാദാത്മകത യാതൊന്നും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലോ രചിക്കുന്ന കൃതികളിലോ പ്രതിഫലിക്കാതെയിരിക്കത്തക്ക ശാന്തമായ മനോവൃത്തി അദ്ദേഹത്തിനുണ്ടായിരുന്നു. ഫലിതമായിരുന്നു അദ്ദേഹത്തിന്റെ രസനയുടേയും തൂലികയുടേയും വ്യാപാരം. തന്നിമിത്തം ഒട്ടുവളരെ പുരസ്കർത്താക്കന്മാരേയും സുഹൃത്തുക്കളേയും അദ്ദേഹത്തിനു സമ്പാദിയ്ക്കുവാൻ സാധിച്ചു. ലോകപരിചയം വർദ്ധിപ്പിയ്ക്കുന്നതിനുവേണ്ടി അദ്ദേഹം ഉത്സവാഘോഷങ്ങളിലും സാഹിത്യസമ്മേളനങ്ങളിലും സന്നിഹിതനായി. തൃശ്ശൂർപൂരം, പെരുവനത്തുപൂരം, ആറാട്ടുപുഴപൂരം, കൊടുങ്ങല്ലൂർ താലപ്പൊലി മുതലായ വിശേഷസന്ദർഭങ്ങളിൽ അദ്ദേഹം ഏതാണ്ടു നിത്യനെപ്പോലെ കടന്നുകൂടും. അവിടങ്ങളിൽ ചെന്നുചേരുന്ന പണ്ഡിതന്മാരേയും കവികളേയും സരസകൃതികൾകൊണ്ടും സംഭാഷണചാതുരികൊണ്ടും വശീകരിയ്ക്കും. അങ്ങനെയാണു് അദ്ദേഹം കൊടുങ്ങല്ലൂർ കവീശ്വരന്മാരുടെ-പ്രത്യേകിച്ചു കുഞ്ഞിക്കുട്ടൻതമ്പുരാന്റെ-വിശേഷവാത്സല്യത്തിനു പാത്രീഭവിച്ചതു്. നാടകഭ്രമം കലശലായിരുന്ന കാലത്തു ശാകുന്തളം, ഉത്തരരാമചരിതം മുതലായ നാടകങ്ങളിൽ സ്ത്രീവേഷംകെട്ടി നിപുണമായി അഭിനയിച്ചിട്ടുണ്ടു്. ഇളയതിന്റെ പുരശ്ചാരികളിൽ പ്രഥമഗണനീയനായിരുന്നു വളരെക്കാലം ഗുരുവായൂർ ദേവസ്വം മാനേജരായിരുന്ന മേലേപ്പുറത്തു കോന്തിമേനോൻ. അദ്ദേഹത്തെ ആശ്രയിച്ചു പത്തൊൻപതുകൊല്ലം ഗുരുവായൂരിൽ താമസിച്ചു. 1099-ാമാണ്ടാണു് കോന്തിമേനോൻ മരിച്ചതു്. ഇളയതു് 1062-ാമാണ്ടിടയ്ക്കു് തൃപ്പറയാറ്റുക്ഷേത്രത്തിൽനിന്നു് ആറുനാഴിക തെക്കുള്ള കൈപ്പമംഗലം എന്ന ദേശത്തു കണ്ണംകുളത്തു ബ്ലാഹയില്ലത്തു വാസുദേവനിളയതിന്റെ മകൾ സാവിത്രി എന്ന കന്യകയെ വേളികഴിച്ചു. ആ ഇളയതിന്റെ അച്ഛന്റെ അമ്മാത്തുമുത്തച്ഛനായിരുന്നു സാക്ഷാൽ മച്ചാട്ടിളയതു്. ആ ദമ്പതികളുടെ ദ്വിതീയപുത്രനാണു് ചെറിയ രാമനിളയതു്. അദ്ദേഹം 1015-ൽ ജനിച്ചു. പിതാവിന്റെ കവനപാരമ്പര്യം പ്രശസ്തമായ രീതിയിൽ പാലിച്ചിരുന്നു. 1110-മാണ്ടു കർക്കടമാസം 6-ആംനുയായിരുന്നു വലിയ രാമനിളയതിന്റെ നിര്യാണം. വാതമാണു് മരണഹേതുകമായിത്തീർന്ന രോഗം.
കവിതാരീതി
ഒരു യഥാർത്ഥകവിക്കു വാസനാവൈഭവംകൊണ്ടുമാത്രം സമഞ്ജസമായ രീതിയിൽ സഹൃദയഹൃദയാഹ്ലാദനംചെയ്യുവാൻ സാധിക്കുമെന്നുള്ളതിനു മറ്റൊരു മകടോദാഹരണമാണു് വലിയ രാമനിളയതിന്റെ സാഹിതീവ്യവസായം. സംസ്കൃതം അദ്ദേഹം അഭ്യസിച്ചിട്ടില്ലെന്നു നാം കണ്ടുവല്ലോ. എങ്കിലും അദ്ദേഹത്തിന്റെ കവിത വായിച്ചാൽ അതു് ആരും ഗ്രഹിക്കുകയില്ല. അക്കാലത്തെ കവിമുഖ്യന്മാരുടെയിടയിൽ അദ്ദേഹത്തിനു് ആർക്കും അഭികാമ്യമായ ഒരു സ്ഥാനമാണുണ്ടായിരുന്നതു്. കവിതാവിഷയത്തിൽ അദ്ദേഹത്തിന്റെ മാർഗ്ഗദർശി എന്നു പറയേണ്ടതു കുഞ്ഞിക്കുട്ടൻതമ്പുരാനെയാണു്. സമുചിതങ്ങളായ ഭാഷാപദങ്ങളുടെ സന്നിവേശനത്തിൽ ഇളയതു് തമ്പുരാനു് ഏറെക്കുറെ സമസ്ക്കന്ധനായിരുന്നു. ശയ്യാസുഖം അദ്ദേഹത്തിന്റെകൃതികൾക്കു അഭംഗുരമായുണ്ടു്.ദ്രുതകവിതയിലും അദ്ദേഹം പിന്നോക്കമായിരുന്നില്ല. മലയാളവാക്കുകളെക്കൊണ്ടു ശേഷാലങ്കാരം പൊടിപാറ്റുന്നതിനുള്ള ഒരു വിരുതു് അദ്ദേഹത്തിനു പ്രത്യേകിച്ചും സ്വാധീനമായിരുന്നു. നിരർത്ഥകപദങ്ങൾകൊണ്ടു് അദ്ദേഹത്തിനു കൈകാര്യംചെയ്യേണ്ടിവന്നിട്ടില്ലെന്നു പ്രത്യേകം പറയേണ്ടതുണ്ടു്. ഏതാനും ചില ചില്ലറക്കൃതികളും കുറേ മുക്തകങ്ങളുമല്ലാതെ അദ്ദേഹം ഒന്നും എഴുതീട്ടില്ല. അവയിൽത്തന്നെ പലതും സൂക്ഷിച്ചുവയ്ക്കണമെന്നു നിർബന്ധമില്ലായിരുന്നതിനാൽ നശിച്ചുപോയിട്ടുണ്ടു്. ബാക്കിയുള്ളവയിൽനിന്നാണു് നമുക്കു് അദ്ദേഹത്തിന്റെ പ്രഭാവം നിർണ്ണയിക്കേണ്ടിയിരിക്കുന്നതു്. പക്ഷേ അതുകൊണ്ടു് നമ്മുടെ ആവശ്യം ധാരാളം നിറവേറുന്നതുമാണു്.

കൃതികൾ
(1) അംബോപദേശം, (2) ഒരു സ്വപ്നം, (3) ഒരു മിടുക്കൻ, (4) കുചേലവൃത്തം എന്നീ ലഘുകാവ്യങ്ങളും, (5) ശംബരവധം, (6) പാഞ്ചാലീവസ്ത്രാക്ഷേപം എന്നീ വഞ്ചിപ്പാട്ടുകളും, (7) വസ്ത്രാപഹരണം കൈകൊട്ടിക്കളിപ്പാട്ടുമാണു് ഇളയതിന്റെ മുൻകൃതികൾ. ശേഷമെല്ലാം പലവകയിൽ ഉൾപ്പെടുത്താം. കുചേലവൃത്തമാണു് ഇവയിൽ ഏറ്റവും വിശിഷ്ടമായിട്ടുള്ളതു്. പക്ഷേ, അതു് ഒരപൂർണ്ണകൃതിയാണു്. ആദ്യത്തെ 48 ശ്ലോകങ്ങളിൽ കുചേലൻ ദ്വാരകയ്ക്കു പുറപ്പെടുവാൻ ഒരുങ്ങുന്നതുവരെയുള്ള ഭാഗംമത്രമേ അടങ്ങുന്നുള്ളു. അതിനപ്പുറം കവി ആ ഗ്രന്ഥരചന തുടർന്നുകൊണ്ടുപോയതായി കാണുന്നില്ല. ഇളയതിന്റെ അംബോപദേശത്തിനു മറ്റു കവികളുടെ ആ പേരിലുള്ള കൃതികളിൽനിന്നു് ഒരു അഭിനന്ദനീയമായ വ്യത്യാസമുള്ളതു് അതിൽ വേശ്യാവൃത്തിയല്ല, സദാചാരമാണു് പ്രതിപാദ്യം എന്നുള്ളതാണു്. ഒരു സ്വപ്നത്തിൽ നായിക, നായകൻ പരസ്ത്രീസക്തനാണെന്നു സ്വപ്നം കാണുന്നതും ഉണർന്നപ്പോൾ തന്റെ ഭ്രമം നിർമ്മൂലമാണെന്നറിഞ്ഞു ലജ്ജിക്കുന്നതുമാണു് വിഷയം. ‘ഒരു മിടുക്കൻ’ എന്ന കൃതിയിൽ നടുമുല്പാട്ടുനമ്പൂരി എന്ന വിരുതൻ ഒരു അറുപിശുക്കൻ നമ്പൂരിയെ തക്കിടിവിദ്യകൊണ്ടു പേടിപ്പെടുത്തി അദ്ദേഹത്തിൽനിന്നു് ഒരു നേരത്തെ ആഹാരം പിടിച്ചുവാങ്ങുന്നു. ‘വസ്ത്രാപഹരണം ബാലകൃഷ്ണനേയും ഗോപികമാരേയും കുറിച്ചുള്ള സുപ്രസിദ്ധമായ ഭാഗവതോപാഖ്യാനത്തെ ഉപജീവിച്ചു് എഴുതീട്ടുള്ളതാണു്. ഇളയതിന്റെ പാട്ടുകൾക്കു സംസ്കൃതവൃത്തങ്ങളിൽ രചിച്ചിട്ടുള്ള കൃതികളുടെ മെച്ചം കൈവന്നിട്ടില്ല. പ്രാസദന്തുരമായ പാഞ്ചാലീവസ്ത്രാക്ഷേപമാണു് ഉള്ളതിൽ ഭേദം.

ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ - കേരളസാഹിത്യചരിത്രം





താളിളക്കം
!Designed By Praveen Varma MK!