"കാളം', 'ചൂണ്ടലിവയാൽ തെങ്ങോളംപോന്ന മത്സ്യങ്ങളെ-
ക്കാളും മോദാൽപ്പിടിക്കുന്ന കാഴ്ച കാണുവാൻ
ആളൊട്ടല്ലാക്കരയ്ക്കു പട്ടാളം പോലെ നില്പതെല്ലാ-
നാളും പതിവാണതിനു നീക്കവുമില്ല.
മുക്കുവന്മാർ വലവീശീട്ടക്കടലിലുള്ള മത്സ്യം
മിക്കതും പിടിച്ചാരതിൽ മീനതും പെട്ടു;
വെക്കമൊക്കെക്കരയെത്തിച്ചക്കൂറ്റന്മാർ നോക്കുന്നര-
മക്കൂട്ടത്തിൽത്തിളങ്ങിക്കൊണ്ടതിനെക്കണ്ടു.
പണ്ടു കാണാത്തോരു കാന്തിയുണ്ടീമീനിനെന്നുവെച്ച
കൊണ്ടുപോയി മൂപ്പൻപക്കൽ കൊടുത്താരവർ;
കണ്ടു ദാശര്ക്കധീശന്നുമുണ്ടായില്ലതിന്റെ തത്വം
രണ്ടായാലുമിതു മത്സ്യരത്നമെന്നോര്ത്തു
പെട്ടെന്നേവമുറച്ചവർ പുഷ്ടഭക്തിയോടെടുത്തു
കൊട്ടും കുഴൽവിളിയുമായ്ക്കൊണ്ടുചെന്നുടൻ,
എട്ടു ദിക്കിങ്കലും വിളിപ്പെട്ട ശംബരന്റെ മുമ്പിൽ
വട്ടമിട്ടു വെച്ചു കരം വലിച്ചുകൂപ്പി.
അമ്മീനിനെ സ്വീകരിച്ചിട്ടമ്മാനി ശംബരനവർ-
ക്കുണ്മാനരി,യെണ്ണയെല്ലാമുടനേ നല്കി;
ചെമ്മേ മുക്കുവക്കൂട്ടത്തിലമ്മൂപ്പനെ വിളിച്ചേറും
സമ്മോദേന കുറേ ദ്രവ്യം സമ്മാനമേകീ.
'പോവാ'മെന്നു കല്പിച്ചപ്പോളാവന്ന മുക്കുവരെല്ലാം
കൈവണങ്ങിപ്പോന്നു മോദം കൈവളർന്നവർ.
"ഈ വന്ന മത്സ്യത്തെക്കീറി വേവിച്ചൊരു കറികൂടി-
യാവട്ടെയിന്നെന്നു ചൊന്നാനാശു ശംബരൻ.
കീറിനോക്കിയപ്പോൾ കാന്തിതേറിക്കണ്ടെടുത്തു ഞാനും
കൂറോടു വളർത്തിടുന്നു കുറേ നാളായി.
ആറണിയും തമ്പുരാൻ വെണ്ണീറാക്കിയ കാര്യം കാണു-
മാറായതു പാര്ക്കിലിന്നു മദീയഭാഗ്യം.
ഇത്തരമാകുന്നു പൂർവ്വവൃത്തമെന്നറിഞ്ഞു തന്റെ
ചിത്തരംഗേ കോപമേറ്റം ചിതറിക്കൊണ്ടേ
"സത്വരം താൻ കണ്ടുകൊൾകെന്നുത്തമേ! നിയ്യെ"ന്നുമാത്ര-
മുത്തരം തൻപ്രിയയോടന്നുരിയാടിനാൻ.
നൽക്കരിമ്പുവില്ലു പൂക്കളക്കരിങ്കൂവളംതൊട്ട-
തൊക്കെയെടുത്തമരിന്നായൊരുക്കത്തോടെ
ഉൾക്കരുത്തോടങ്ങു ചെന്നു പോര്ക്കു വിളിച്ചതു കേട്ടു
നില്ലെന്നോതിശ്ശംബരനും നില്ക്കാതണഞ്ഞു.
ശക്തി, മുൾഗ്ഗരം, കൃപാണം, പത്തി, വാ,ളീട്ടി, തോമരം,
ശക്തികൂടും പട്ടസവും, ശരജാലവും,
പത്തു നൂറായിരം പേരെടുത്തടുത്തു ചാരുശത-
പത്രശസ്ത്രൻ തന്റെ നേരേ പട വെട്ടുവാൻ.
അംബുരാശി കോപിച്ചാലുള്ളമ്മട്ടു പരന്ന പട
കൺമുന്നിൽക്കണ്ടപ്പോൾ മോദം കരകവിഞ്ഞു.
ശംബരാസുരനവരിൽ നന്മിടുക്കു കൂടുന്നോരെ
നിര്മ്മായം വിളിച്ചരികിൽ നിർത്തിക്കല്പിച്ചാൻ:-
"ചെറ്റകത്തു പേടി വിട്ടു വറ്റു കുത്തി മദിക്കുന്ന
ചെറ്റച്ചെക്കൻ തന്റെ തല ചെത്തുവിൻ ചെന്നു.
തെറ്റന്നീ വമ്പടക്കോപ്പും മറ്റും നമുക്കിപ്പോളെന്തി-
ന്നറ്റ കയ്യു കറിക്കത്തിയതുകൊണ്ടൊക്കും.
ബാലനൂക്കോടമ്പയച്ചിട്ടാലസ്യം കൂടാതവരെ-
ക്കാലനൂര്ക്കു കാൽക്ഷണത്തിൽക്കടത്തിവിട്ടു.
ചാലേ കേട്ടുകേട്ടോരീറയാലേ ചെന്നു യുദ്ധം ചെയ്തു
കാലം നീട്ടാതവരേയും കണക്കെഴുതി.
“നില്ലെടാ! നിന്നോടിപ്പോൾ ഞാൻ മല്ലടിച്ചു മടിക്കാതെ
പല്ലടിച്ചു കൊഴിച്ചേക്കാം പരമനീച!
തെല്ലിട നീ ജീവിച്ചിരിക്കില്ലെടാ! യല്ലെങ്കിലീ ഞാ-
നല്ലെടാ! യിപ്പറഞ്ഞതെന്നറിഞ്ഞിരിക്ക.
എച്ചിലൊക്കെത്തിന്നു തിന്നിട്ടിച്ചിലയ്ക്കുന്ന നിന്നെ ഞാൻ
വെച്ചിരിക്കയില്ലെ"ന്നീറ വെച്ചവൻ ചൊൽകേ
മെച്ചമോടണഞ്ഞു പോരടിച്ചുമാറി മന്മഥനും;
മെച്ചമാര്ക്കുമില്ല രണ്ടും മികച്ച വീരർ.
ദേവകളന്നേരം മഴ പൂവുകളെക്കൊണ്ടു കാമ-
ദേവൻ തന്റെ കാന്തികാളും ദേഹത്തിൽപ്പെയ്തു.
ആ വകതിരിവുകൂടും ദേവകളേപ്പോലിന്നാരു-
ണ്ടീവകയിൽ വേണ്ട കര്മ്മമീവിധം ചെയ്വാൻ?