Contacts

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ (1040–1088)





ജനനം
ആധുനികഭാഷാകവിതയുടെ വിധാതാവായ വെണ്മണി അച്ഛൻനമ്പൂതിരിപ്പാടു കൊടുങ്ങല്ലൂർക്കോവിലകത്തു കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയെ വിവാഹംചെയ്തു (ജീവിതകാലം 1011 –1096). 28 വയസ്സുവരെ ആ സുചരിതയ്ക്കു സന്താനലാഭം ഉണ്ടായില്ല. ആ ദമ്പതിമാർ പല ദേവതകളെ ഭജിച്ചു; പല വഴിപാടുകൾ നടത്തി; ആ സൽകർമ്മങ്ങളുടെ ഫലമായി തമ്പുരാട്ടിയുടെ 29-ആമത്തെ വയസ്സിൽ നമ്മുടെ കഥാനായകൻ 1040-ാമാണ്ടു കന്നിമാസം 4-ാം തിയ്യതി അശ്വതിനക്ഷത്രത്തിൽ ജനിച്ചു. കുഞ്ഞിക്കുട്ടൻ എന്നതു് ഓമനപ്പേരാണു്; കുഞ്ഞനെന്നും വിളിക്കും. ആചാര്യദത്തമായ നാമധേയം രാമവർമ്മ എന്നായിരുന്നു.

1047-ൽത്തന്നെ കുഞ്ഞിക്കുട്ടൻതമ്പുരാൻ കവിതയെഴുതിത്തുടങ്ങി. 1055-ൽ വ്യാകരണാധ്യയനം പൂർത്തിയായതിനുമേലാണു് ആ വ്യവസായത്തിൽ നിരന്തരമായി ശ്രദ്ധ പതിപ്പിച്ചതു്. ആദ്യകാലത്തു കവനം ചെയ്തുകൊണ്ടിരുന്നതു സംസ്കൃതത്തിലായിരുന്നു. ആ കവിതാഗംഗയെ ഭാഷയിലേയ്ക്കു തിരിച്ചുവിട്ടതു പ്രധാനമായി അച്ഛനാണു്. ഒറവങ്കുരനമ്പൂരിയുടെ നിത്യസഹവാസവും അതിനു പ്രയോജകീഭവിചു. ഭാഷാകവനവിഷയത്തിൽ അദ്ദേഹത്തിനു മാർഗ്ഗദർശികളും ഉപദേഷ്ടാക്കളും അച്ഛനും ജ്യേഷ്ഠനായ കൊച്ചുണ്ണിത്തമ്പുരാനും വെണ്മണിമഹനുമായിരുന്നു അവരെപ്പറ്റി അദ്ദേഹത്തിനുണ്ടായിരുന്ന ആദരാതിശയം സുവിദിതമാണു്.

കുഞ്ഞിക്കുട്ടൻതമ്പുരാൻ 21-ആമത്തെ വയസ്സിൽ കൊടുങ്ങല്ലൂർ കോയിപ്പള്ളി പാപ്പിഅമ്മയെ വിവാഹം ചെയ്തു. ആ സാധ്വി 1079-ൽ മരിച്ചു. അതിനുമേൽ തൃശ്ശൂർ വടക്കേക്കുറുപ്പത്തു കിഴക്കേ സ്രാമ്പിയിൽ കുട്ടിപ്പാറുവമ്മയുടെ ഭർത്താവായി. സങ്ഗീതകലാകുശലയായിരുന്ന ആ ഭാഗ്യവതി ഏകദേശം 35 വയസ്സുവരെ അവിവാഹിതയായിരുന്നു; പിന്നീടാണു് തമ്പുരാന്റെ പ്രേയസിയായതു്; 1086-ൽ അന്തരിക്കുകയും ചെയ്തു. 1068-ാമാണ്ടു കോട്ടയ്ക്കൽ സാമൂതിരിക്കോവിലകത്തെ തമ്പാട്ടി എന്ന നാമാന്തരത്താൽ വിദിതയായ ശ്രീദേവിത്തമ്പുരാട്ടിയ്ക്കും അദ്ദേഹത്തിന്റെ സഹധർമ്മിണീപദം ലഭിക്കുന്നതിനു യോഗമുണ്ടായി. ആ ദാമ്പത്യബന്ധം തമ്പുരാൻ മരിക്കുന്നതുവരെ നിലനിൽക്കുകയും ചെയ്തു. ആ തമ്പുരാട്ടി 1049-ൽ ജനിച്ചു; 1105-ൽ മരിച്ചു.

അങ്ങനെ തമ്പുരാൻ തദേകതാനനായി സാഹിതീദേവിയെ പ്രകൃഷ്ടമായ ഭക്തിപാരവശ്യ ത്തോടുകൂടി ആരാധിച്ചുപോന്നു. 1088-ാമാണ്ടു ധനുമാസം 29-ാം൹ അല്പം ദഹനക്ഷയം തോന്നി. അതു പെട്ടെന്നു അതിസാരമായി പരിണമിച്ചു. രോഗം വിഷമാവസ്ഥയിൽ എത്തിയതായിക്കണ്ടു മഹാകവിയും മഹാവൈദ്യനുമായ കൊച്ചുണ്ണിത്തമ്പുരാൻ കുഞ്ഞിക്കുട്ടനു സുഖക്കേടു് ഉടനേ മാറുവാൻ വേണ്ടി ഭഗവതിയെ സ്മരിച്ചു ശ്ലോകങ്ങളുണ്ടാക്കൂ എന്നുപദേശിച്ചു. ആ ഉപദേശമനുസരിച്ച് ആറേഴു് അനുഷ്ടിപ്പുശ്ലോകങ്ങൾ ശരീരത്തിനു് അശേഷം ശക്തിയില്ലായിരുന്നുവെങ്കിലും കഷ്ടിച്ചു കുറിച്ചു. ആ സംഭവം നടന്നതു് മകരം 7-ാം൹ യോ മറ്റോ ആയിരുന്നു. അവയിൽ രണ്ടു ശ്ലോകങ്ങൾ മാത്രമേ കൂടെയുണ്ടായിരുന്നവർക്കു വായിക്കുവാൻ കഴിഞ്ഞുള്ളു; അദ്ദേഹത്തിന്റെ കൈ അത്രമാത്രം കുഴഞ്ഞിരുന്നു.

മകരം 10-ാം൹ വെളുത്ത വാവുദിവസം മധ്യാഹ്നത്തിൽ ആ മഹാനുഭാവൻ കൈരളിയെ കദനസമുദ്രത്തിൽ തള്ളി പരഗതിയെ പ്രാപിച്ചു. അന്നു് ആ പുണ്യശ്ലോകനു 48 വയസ്സേ തികഞ്ഞിരുന്നുള്ളു. എന്തുചെയ്യാം? നമ്മുടെ സുകൃതക്ഷയം. പുത്രശോകം ബാധിച്ച അദ്ദേഹത്തിന്റെ മാതാവു് ഒരുമാതിരി ചിത്തഭ്രമത്തിനു വിധേയയായി അഞ്ചാറു കൊല്ലംകൂടി ജീവിച്ചിരുന്നു.

കൃതികൾ ഇവിടെനിന്നു മുന്നോട്ടു കടക്കുന്നതിനുമുമ്പായി കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കൃതികളുടെ ഒരു പട്ടിക കുറിക്കേണ്ട ആവശ്യമുണ്ടു്. അതു വലരെ ക്ലേശകരമായ ഒരു ഉദ്യമമാണു്. തമ്പുരാന്റെ വാങ്മയങ്ങളിൽ പലതും നശിച്ചുപോയിട്ടുണ്ടു്. ചിലതിന്റെയെല്ലാം പേരുമാത്രമേ കേട്ടിട്ടുള്ളു. ചിലതു പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല. ചിലതു മനോലയിൽ മാത്രം അവ്യക്തരൂപത്തിൽ കുറിച്ചിരുന്നതുമാണു്. ആരു് ഏതുമാതിരി കവിത വേണമെന്നാവശ്യപ്പെട്ടാലും ഉടനേ ചൊല്ലിക്കൊടുക്കുകയായിരുന്നുവല്ലോ പതിവു്. പിന്നെ അവയൊന്നും പ്രസിദ്ധീകരിക്കുവാൻ പലപ്പോഴും ശ്രദ്ധിക്കാറില്ലായിരുന്നു. അറിയാവുന്നിടത്തോളമുള്ള കൃതികളുടെ പേരുകൾ കുറിക്കാം. എഴുതിയതോ പ്രസിദ്ധീകരിച്ചതോ ആയ കൊല്ലത്തെക്കുറിച്ചു് അറിവുണ്ടെങ്കിൽ അതും എടുത്തുകാണിക്കാം.

സംസ്കൃതം (1) ജരാസന്ധവധം, (2) കിരാതർജ്ജുനീയം, (3) സുഭദ്രാഹരണം, (4) ദശകുമാരചരിതം (അപഹാരവർമ്മചരിതംവരെ) എന്നീ നാലു വ്യായോഗങ്ങൾ, (5) ബഭ്രുവാഹനവിജയം, (6) ശ്രീശങ്കരഗുരുചരിതം എന്നീ രണ്ടു ഖണ്ഡകാവ്യങ്ങൾ, (7) ആര്യാശതകം, (8) സ്വയംവരമന്ത്രാക്ഷരമാല, (9) കിരാതരുദ്രസ്തവം എന്നീ സ്തോത്രങ്ങൾ, (10) കൃതജ്ഞസ്തുരുഷ്കഃ, (11) വിളംബിതമഞ്ജുഷാ ഇവയാണു് മഹാകവിയുടെ സംസ്കൃതകൃതികൾ. ഇവയിൽ പലതും 1070-ൽ തമ്പുരാൻ കോട്ടയ്ക്കൽ താമസം തുടങ്ങിയതിനുമേൽ അവിടെ സംസ്കൃത ഭാഷാപോഷണത്തിനുവേണ്ടി അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ വളർന്നുവന്ന ഗീർവാണീസഭ എന്ന സമാജത്തിന്റെ ആവശ്യത്തെ പുരസ്കരിച്ചു രചിച്ചിട്ടുള്ളതാണു്. ശങ്കരഗുരുചരിതം ആ കൂട്ടത്തിൽപ്പെട്ടതല്ല. അതു പുരാണച്ഛായയിൽ കിരാങ്ങോട്ടുമനയ്ക്കൽ ശങ്കരൻനമ്പൂരിപ്പാട്ടിലെ അപദാനങ്ങളെ വിഷയീകരിച്ചു രചിച്ചിട്ടുള്ള ഒരു കൃതിയാണു്. രണ്ടാം സർഗ്ഗം 8-ാമത്തെ ശ്ലോകത്തിനുമേലുള്ള ഭാഗം എഴുതിയോ എന്നു സംശയമുണ്ടു്. നാലു അഞ്ചും ഏഴു മുതൽ പതിനൊന്നു വരെയുമുള്ള കൃതികൾ ഞാൻ കണ്ടിട്ടില്ല. ഗുരുവായൂപുരേശസ്തവം, പ്രാർത്ഥനാ, കാലടിക്ഷേത്രം എന്നിങ്ങനെ ചില ലഘുകൃതികളും ഒട്ടുവളരെ കത്തുകളുംകൂടി തമ്പുരാൻ സംസ്കൃതത്തിൽ എഴുതിയിട്ടുണ്ടു്. “ധനശാസ്ത്രകാരികാ” എന്ന പേരിൽ 27 അനുഷ്ടുപ്പുശ്ലോകങ്ങൾ എഴുതി അവ ഭാഷയിൽ വിവർത്തനം ചെയ്തിട്ടു ള്ളതായും കാണുന്നു..
ഭാഷ ഭാഷയിൽ തമ്പുരാൻ സഞ്ചരിക്കാത്തതും വിജയം നേടാത്തതുമായ കവനസരണികൾ വിരളങ്ങളാണു്. ആദ്യമായി അവയെ (A) സ്വതന്ത്രങ്ങളെന്നും (B) ഭാഷാന്തരീകൃതങ്ങളെന്നും രണ്ടു് ഇനങ്ങളായി വിഭജിക്കാം. ഒന്നാമത്തെ ഇനത്തിൽ (I) കാവ്യങ്ങൾ, (II) രൂപകങ്ങൾ, (III) ഗാഥകൾ, (IV) ശാസ്ത്രഗ്രന്ഥങ്ങൾ എന്നിങ്ങനെ നാലു് അവാന്തരവിഭാഗങ്ങൾ അന്തർഭവിക്കുന്നു. പലവകയിൽ ഖണ്ഡകാവ്യങ്ങൾക്കുപുറമേ അനവധി അമൃതനിഷ്യന്ദികളായ കത്തുകളും മുക്തകങ്ങളും ചേർക്കേണ്ടതുണ്ടു്. എഴുത്തുകളിൽ പതിനായിരം ശ്ലോകങ്ങളോളം ഉൾപ്പെടുമെന്നാണു് അഭിജ്ഞന്മാരുടെ ഗണന. മുക്തകങ്ങൾക്കു സംഖ്യയില്ല.ഗദ്യകൃതികൾ പ്രായേണ രസികരഞ്ജിനി, മംഗളോദയം തുടങ്ങിയ നിരവധി മാസികകളിലും, കോഴിക്കോടൻ മനോരമ മുതലായ പത്രങ്ങളിലും വിപ്രകീർണ്ണങ്ങളായിക്കിടക്കുന്നു. പടിഞ്ഞാറേടത്തു കുഞ്ഞൻതമ്പുരാൻ എന്ന വ്യാജനാമത്തിൽ വിവിധവിഷയങ്ങളെപ്പറ്റി പല ഗദ്യലേഖനങ്ങളും അക്കൊല്ലത്തെ വൃത്താന്തപത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ടു്.

(A) സ്വതന്ത്രഭാഷാകൃതികൾ (I) കാവ്യങ്ങൾ (12) കവിഭാരതം (1062), (13) അംബോപദേശം, (14) ദക്ഷയാഗശതകം (1065), (15) നല്ല ഭാഷ (1066), (16) മദിരാശിയാത്ര (1066), (17) പാലുള്ളിചരിതം (1067), (18) തുപ്പല്ക്കോളാമ്പി (1068), (19) ഹംസസന്ദേശം (1072), (20) കംസൻ, (21) കൃതിരത്ന പഞ്ചകം-നാരായണാസ്ത്രദാനം, ഭീമയോഗം, യാത്രാദാനം, ഭീഷ്മസമാധി, യുധിഷ്ഠിര ശമം എന്നീ അഞ്ചു കൃതികൾ, (22) കേരളം ഒന്നാം ഭാഗം (1087), (23) ദ്രോണാചാര്യൻ (ഒടുവിലത്തെ ഭാഷാകാവ്യം; അപൂർണ്ണം).

(II) രൂപകങ്ങൾ (24) ലക്ഷണാസംഗം (1065), (25) നളചരിതം (1066), (26) ചന്ദ്രിക-നാടിക (1066), (27) സന്താനഗോപാലം (1066), (28) സീതാസ്വയംവരം, (29) ഗംഗാവതരണം (1067), (30) ശ്രീമാനവിക്രമവിജയം (1074), (31) മാർത്താണ്ഡവിജയം (മൂന്നാമങ്കം മാത്രം തീർന്ന ഗാനസങ്കുലിതമായ ഒരു നാടകം, അപൂർണ്ണം), (32) മധുസൂദനവിജയം (കൊട്ടാരത്തിൽ ശങ്കുണ്ണി വായിച്ചിട്ടുള്ളതു്; ഇപ്പോൾ അലഭ്യം) ആട്ടക്കഥ:–(33) ഘോഷയാത്ര.

(III) ഗാഥകൾ (34) അയോധ്യാകാണ്ഡം (അഞ്ചുകളം), (35) ആത്മബോധം പാന, (36) ചൊവ്വര കൃഷ്ണൻ പാന, ഏറ്റുമാനൂരപ്പൻ പാന, ഭൂതപുരത്തപ്പൻ പാന, വൈക്കത്തപ്പൻ പാന, വേട്ടയ്ക്കൊരു മകൻ പാന എന്നിങ്ങനെ ഭഗവൽസ്തുതിപരങ്ങളായ അഞ്ചു പാനകൾ, (37) പട്ടാഭിഷേകം പാന, (38) ദോഷവിചാരം കിളിപ്പാട്ടു്, (39) രാധാമാധവയോഗം വഞ്ചിപ്പാട്ടു്, (40) ഷഷ്ടിപൂർത്തിമങ്ഗളം വഞ്ചിപ്പാട്ടു്, (41) കൊടുങ്ങല്ലൂർ ഭഗവതി കുറത്തിപ്പാട്ടു്, (42) മയൂരധ്വജചരിതം പത്തുവൃത്തം കൈകൊട്ടിക്കളിപ്പാട്ടു്, (43) പലവക പാട്ടുകൾ-ഇവയിൽ പതിനൊന്നെണ്ണം പി.വി.കൃഷ്ണവാരിയർ പ്രസിദ്ധീകരിച്ച കുഞ്ഞിക്കുട്ടൻതമ്പുരാൻ തിരുമനസ്സിലെ കൃതികൾ ആറാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്.

ഖണ്ഡകൃതികൾ:–(44) ഇവ സംഖ്യാതീതങ്ങളാണു്. (1) കുലുക്കമില്ലാവൂര്, (2) എരുവയിൽ അച്യുതവാരിയർ, (3) കൂടൽമാണിക്യം, (4) ഒരു കരാർ, (5) ഒരു ചരിത്രകഥ, (6) ഗർവശമനം, (7) ഉദയസിംഹൻ, (8) ഒരിന്ദ്രജാലം, (9) ബ്രഹ്മരക്ഷസ്സ്, (10) ഒടി തുടങ്ങിയ കഥകളും; (11) ഒരു സായങ്കാലം, (12) ഒരായാസം, (13) ഒരു ശതാബ്ദത്തിനപ്പുറം, (14) മടി, (15) കാലടി മുതലായ വർണ്ണനാത്മകങ്ങളും ചിന്താപരങ്ങളുമായ കൃതികളും; (16) പരശുരാമാഷ്ടകം, (17) വെണ്മണി യക്ഷിസ്തവം, (18) ഭദ്രകാള ്യഷ്ടകം, (19) ദേവീഭുജങ്ഗസ്തോത്രം ഇത്തരത്തിലുള്ള സ്തോത്രങ്ങളും ഈ വകുപ്പിൽ ഉൾപ്പെടുന്നു.

(IV) ശാസ്ത്രഗ്രന്ഥങ്ങൾ (45) കരപ്പൻ (ബാലചികിത്സ), (46) മലയാളശബ്ദശാസ്ത്രം ഒടുവിലത്തെ ആറു പ്രകരണങ്ങൾ (1074), (47) ശബ്ദാലങ്കാരം.

(B) തർജ്ജമകൾ ഇതിഹാസപുരാണങ്ങൾ (48) മഹാഭാരതം (ഹരിവംശസഹിതം) (1079–1081), (49) ശ്രീമദ്ഭാഗവതം (ചതുർത്ഥ സ്കന്ധംവരെ), (50) ഹരിശ്ചന്ദ്രോപാഖ്യാനം (1083).

കാവ്യങ്ങൾ (51) കാദംബരീകഥാസാരം (1073), (52) ശങ്കരാചാര്യചരിതം (1073), (53) ശുകസന്ദേശം (1078), (54) കോകിലസന്ദേശം, (55) ഭാരതമഞ്ജരി (ദ്രോണപർവം) (1078), (56) ശ്രീസ്തുതി (ഒടുവിലത്തെ വിവർത്തിതകാവ്യം).

രൂപകങ്ങൾ (57) വിക്രമോർവശീയം (1067), (58) ആശ്ചര്യചൂഡാമണി (1068), (59) ചന്ദ്രികാവീഥി, (60) ഹാംലെറ്റു് (1071), (61) ഒഥെല്ലോ (രണ്ടാമങ്കം ഏതാനും ഭാഗംവരെ; അപൂർണ്ണം), (62) അഭിജ്ഞാനശാകുന്തളം, ഇവ കൂടാതെ (1) അത്ഭുതരാമായണം കിളിപ്പാട്ടു് (1066-ൽ ആരംഭിച്ചതു്), (2) മാണിക്യസാരം എന്ന പേരിൽ പാശ്ചാത്യരീതിയിൽ ശോകപര്യവസായിയായ നാടകം, (3) അർത്ഥാലങ്കാരം എന്നീ ഗ്രന്ഥങ്ങളും തുടങ്ങിവച്ചിരുന്നു.

ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ - കേരളസാഹിത്യചരിത്രം 49.17, 49.18

താളിളക്കം
!Designed By Praveen Varma MK!