Contacts

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍

സീതാസ്വയംവരം



രാമനെക്കുതുകമോടു കൊണ്ടുപോയ്
ഭൂമിപുത്രിയൊടിണക്കി വെയ്ക്കണം,
മാമുനിക്കു മനതാരിലീവിധം
കാമമമ്പൊടുളവായിരിക്കണം. 17


കേവലയാഗരക്ഷക്കിദ്ദേഹത്തിനു പരാപേക്ഷവേണമോ? (പ്രകാശം) ആട്ടെ. ഇപ്പോൾ മഹഷി എവിടേയാണ്?

ശുനശ്ശേഫന്‍-

സുരമുനിസമനായോരീ മുനീന്ദ്രൻ വരുമ്പോൾ
നരപതിയെതിരേറ്റിട്ടാദരിച്ചാത്ത ഭക്ത്യാ
ഉരുതരവിനയത്താൽ കൊണ്ടുപോയിഗ്ഗൃഹത്തിൽ
പരിചിനൊടുപചാരം ചെയ്തിടുന്നുണ്ടിദാനീം. 18


വസിഷ്ഠന്‍-

പണ്ട ത്രിശങ്കുനൃപവംശജരിൽ പ്രസാദ-
മുണ്ടേറെ,യിദ്ദശരഥങ്കലതിങ്കൽ വെച്ചും
കുണ്ഠേതരപ്രണയമുണ്ടിഹ കൌശികന്നു;
കണ്ടറെയുണ്ടനുഭവം പല നാളിനിക്കും. 19


അതുകൊണ്ടവർ വളരെക്കാലത്തെ മമതയ്ക്കുന്നുരൂപമായിട്ടുള്ള സംവാദങ്ങൾ ചെയ്തുകൊണ്ടിരിക്കയായിരിക്കും. ആട്ടെ, എങ്ങിനെയാണീയാഗത്തിന്റെ വിഘ്നം നശിപ്പിക്കേണ്ടതെന്നാണ് മഹര്‍ഷി വിചാരിക്കുന്നതു്.

ശുനശ്ശേഫന്‍-

മാന്യശ്രീമൻ! മന്നവൻ ചൊല്ലിവിട്ടാൽ
നന്ദിച്ചൊപ്പം രാമനെക്കൊണ്ടുപോയി
വന്നെത്തീടും യാഗവിഘ്നം നശിപ്പി-
യ്ക്കുന്നബ്ഭാരം തീരെയേല്പിച്ചിതന്നെ. 20


വസിഷ്ഠന്‍- (വിചാരം)അങ്ങിനെ. ഇപ്പോളെന്റെ ഊഹമൊത്തു. (പ്രകാശം) രാമൻ വിചാരിച്ചാലിതു സാധിക്കാൻ കഴിയുമോ?
ശുനശ്ശേഫന്‍-

ഉവ്വെന്നാണരുൾ ചെയ്തതെൻ ഗുരുവരൻ,
ശ്രീരാമനെപ്പോലെയി-
ത്തവ്വിൽ സർവ്വനൃപാലബാലഗുണമു-
ള്ളാളില്ലയെന്നിങ്ങിനെ
ദിവ്യശ്രീസുരലോകനാഥസഭയിൽ-
കൂടി സ്തുതിക്കുന്നതു-
ണ്ടവ്യാജം പല സിദ്ധചാരണസുര-
സ്ത്രീലോകസംഘങ്ങളും. 21


വസിഷ്ഠന്‍- (വിചാരം) അതു സംശയമുണ്ടോ? സാക്ഷാൽ വിഷ്ണുവിന്റെ അംശമല്ലേ അദ്ദേഹം. പക്ഷേ,

പുത്രനിൽ വാത്സല്യത്താ-
ലത്ര മഹത്വം നൃപൻ നിനയ്ക്കില്ലാ;
അത്രയുമല്ല പിരിഞ്ഞിടു-
കത്രേ സന്താപമായിടും താനും 22


അതുകൊണ്ടു രാമനെ വിശ്വാമിത്രന്റെകൂടെ അയപ്പാൻ മടിച്ചു എന്നും വരാം മഹാരാജാവ്. എന്നാൽ വലിയ ദുർഘടമായിത്തീരും.

സകലസുരന്മാര്‍ക്കും ഭൂവി
നിഖിലജനങ്ങൾക്കുമുള്ളഭിപ്രായം
വികടമതാകും, നൃപനുടെ
നികടേ ഞാനും കടന്നു കൂടട്ടേ. 23


(സ്പഷ്ടം) എന്നാൽ മഹാരാജാവും വിശ്വാമിത്രമഹര്‍ഷിയും കൂടിയുള്ള പല സംഭാഷണങ്ങളും ഏറ്റവും രസകരമായിരിക്കാനിടയുള്ളതുകൊണ്ട് അതു കേൾക്കുന്നതിന്നു ഞാനും പോകുന്നു. അങ്ങു നിന്നോളൂ.

ശുനശ്ശേഫന്‍- കല്പനപോലെ.

(എന്നു രണ്ടാളും പോയി)

അങ്കാരംഭം


(ദരശരഥമഹാരാജാവും വിശ്വാമിത്രനും പ്രവേശിക്കുന്നു.)

ദശരഥന്‍-

എന്താണിങ്ങിനെ നിങ്ങളൊക്കയരുൾചെ-
യ്തീടുന്നതിബ്ബാലകൻ
സന്താപങ്ങളിതേവരെദൃഢമറി-
ഞ്ഞിട്ടില്ല തെല്ലെങ്കിലും;
ഹന്താത്യന്തഭയങ്കരാശരഭട-
ന്മാരോടു പോരാടുവാ-
നെന്തായാലുമയയ്ക്കയെന്നതു കുറേ-
സ്സന്ദേഹമാകുന്നു മേ. 24


വിശ്വാമിത്രന്‍-

അങ്ങുന്നു വാത്സല്യബലത്തിനാലേ
തിങ്ങുന്നൊരീ രാമഭുജപ്രഭാവം
എങ്ങും നിനക്കുന്നതുമില്ലിഹാശാ-
ഭംഗം നമുക്കിങ്ങിനെ ചെയ്തിടൊല്ലേ 25


ഋശ്യശൃംഗനുടെ വൻതപോബലാൽ
വിശ്വരക്ഷയതിനായ്ജ്ജനിച്ചവൻ
വിശ്വനായകനതാണെടോഭവാ-
നാശ്വസിക്കുക സഖേ! തവാത്മജൻ. 26


ദശരഥന്‍- (വിചാരം)

മാമുനിയരുളിച്ചെയ്താൽ
നാമിനിയതിനൊരു വിരോധമോതാമോ?
(ഒന്നും കൂടി ആലോചിച്ചിട്ട്)
ഓമനയായിടുമെന്നുടെ
രാമനെയസുരര്‍ക്കിരയ്ക്കു നൽകാമോ? 27


വിശ്വാമിത്രന്‍- എന്നുതന്നേയല്ല, എന്റെകൂടെ ഇപ്പോൾ രാമനെ അയച്ചതന്നാൽ അങ്ങയ്ക്കും രാമനും പിന്നെ പലര്‍ക്കും പലവിധത്തിലും ഗുണങ്ങൾ കിട്ടുവാനുണ്ട്
ദശരഥന്‍-

എങ്ങിനെയവിടത്തെ മന-
സ്സങ്ങിനെയെല്ലാം നമുക്കു സന്തോഷം;
ഭംഗി വസിഷ്ഠമുനിക്കു-
ള്ളിംഗിതമതു പോലെ ചെയ്കയല്ലല്ലീ? 28


വിശ്വാമിത്രന്‍- ഓഹോ, അങ്ങിനെതന്നെ.

(അനന്തരം വസിഷ്ഠൻ പ്രവേശിക്കുന്നു. എല്ലാവരും പരസ്പരം ഉപചാരങ്ങൾ ചെയ്ത് ഉചിതം പോലെ ഇരിക്കുന്നു.)

വിശ്വാമിത്രന്‍ - (വസിഷ്ഠനോട്)

ബ്രഹ്മാവിനുള്ളൊരു തപോമയശക്തികൊണ്ടു
നിര്‍മ്മായമിങ്ങിനെ ചമച്ചൊരു ചാരുമൂര്‍ത്തേ!
ചെമ്മേ ഭവാനുടെ തപോമയകൃത്യമെല്ലാ-
മുന്മേഷമോടയി നടന്നു വരുന്നതില്ലേ? 29


വസിഷ്ഠന്‍- ഒരുവിധമൊക്കെ ദിനചര്യ നടന്നുവരുന്നുണ്ട്.

ക്ഷാത്രത്തിൻ കരക,ണ്ടതിന്റെ വിഭവം
സർവ്വം പ്രയോഗിച്ചിതിൻ
മാത്രം വൈഭവമില്ലിതെന്നു കരുതി
ബ്രാഹ്മണ്യമാണ്ടീടുവാൻ
ചിത്രം നിസ്തുലമായിടുന്നൊരു തപം
ചെയ്തുള്ളൊരീ ബ്രാഹ്മമാം
ഗാത്രത്തിന്നുമയേ തപസ്സിനുമതി-
ക്ഷേമോദയം തന്നെയൊ? 30


വിശ്വാമിത്രന്‍- ക്ഷേമംതന്നെയാണ്. എന്നാൽ വിശേഷിച്ച്,

പാടവത്തൊടൊരു യാഗമിങ്ങ ചെ-
യ്തീടുവാൻ പലതരം തുടര്‍ന്നു ഞാൻ
താടകാസുതരതിന്നു വിഘ്നവും
തേടിവിട്ടു തുടരുന്നു ദുർഘടം. 31


അതുകൊണ്ടു ആ യാഗത്തിന്റെ രക്ഷാഭാഗത്തിനു രാമനെ വരിച്ചു വിഘ്നം കൂടാതെ കഴിച്ചുകൂട്ടിയാൽ കൊള്ളാമെന്നുണ്ട്.

രഘുകുലഗുരുവാം ഭവാൻ പറഞ്ഞീ-
ടുകിലുടനേ സുതനേത്തരും നൃപൻ മേ;
അഖിലമുനിമണേ! ഭവാനതിന്നായ്-
ശ്ശകലിതശങ്കമനുജ്ഞ നൽകിയാലും. 32


വസിഷ്ഠന്‍- അങ്ങിനെതന്നെ; സംശയിക്കാനുണ്ടോ?

ബ്രാഹ്മണ്യമങ്ങയ്ക്കു ലഭിച്ചനാൾതൊ-
ട്ടിമ്മട്ടു നോന്തമ്മിലൊരൈകമത്യം
ചെമ്മേ കിടപ്പുണ്ടതു പാര്‍ക്കിലുണ്ടോ
സന്മാന്യ! നിൻവാക്കിൽ നമുക്കു വാദം. 33


(ദശരഥനോടു്)

വേഗം കൊടുത്തീടുക ലക്ഷ്മണനൊത്തു സർവ്വ-
ലോകം പുകഴ്ത്തുമൊരു രാമനെ മാമുനിയ്ക്കായ്;
മാഴ്കേണ്ട പുത്രവിരഹത്തെ നിനച്ചു, ഭാഗ്യ-
യോഗം വരും പലതുമായിതുകൊണ്ടുതന്നെ 34


ദശരഥന്‍- (ഉറക്കെ) ആരാണവിടെ?

(അനന്തരം രാമലക്ഷ്മണന്മാർ പ്രവേശിക്കുന്നു.)

ദശരഥന്‍- (നോക്കീട്ട്) രാമനോട്

വന്നാലും രാമ! പാർശ്വേ വലിയൊരു മുനിയാം
കൌശികന്നായ് ഭവാനേ
നന്നായ് നൽകുന്നതുണ്ടിന്നു്.
(ലക്ഷ്മണനോട്)
അയി! വരികരികേ
ലക്ഷ്മണാ! ക്ഷീണമെന്യേ
എന്നും വേർപെട്ടിടാതിസ്സഹജനെയനിശം
സാധുശുശ്രൂഷചെയ്തി-
ട്ടൊന്നിച്ചിപ്പോൾ ഗമിച്ചീടുക;
(വിശ്വാമിത്രനോട')
മുനിവര! തേ
ശിഷ്യരാണിജ്ജനങ്ങൾ. 35

(രാമലക്ഷ്മണന്മാർ എല്ലാവരേയും യഥോചിതം വന്ദിച്ചു വിശ്വാമിത്രന്റെ അടുക്കൽ ചെന്നു നില്ക്കുന്നു.)

വിശ്വാമിത്രന്‍- രാമലക്ഷ്മണന്മാരെ വാത്സല്യത്തോടുകൂടി തൊട്ടു തലോടീട്ട്,

ജയ രാമ! ഭവാനു മംഗളം
നയമോടേ വരുമൊട്ടുനാളിനി
അയി ലക്ഷ്മണ! നിങ്ങൾ പോന്നു മൽ
പ്രിയകൃത്യങ്ങൾ നടത്തിടേണമേ. 36


(ദശരഥനോടു) എന്നാൽ ഞാൻ പോട്ടെ.

പരോപകാരം വ്രതമാണു മന്നവര്‍-
ക്കൊരിക്കലും തെറ്റുവരില്ല നിങ്ങളിൽ;
പരം ഭവാന്മാക്കിതുകൊണ്ടു മംഗളം
വരും വിഭോ! വംശവിശുദ്ധിയും വരും. 37


വസിഷ്ഠന്‍-

കേൾക്കേണം താതനായും കനിവൊടറിവുനൽ-
കുന്നൊരാചാര്യനായും,
ശ്ലാഘ്യശ്രീബന്ധുവായും ദശരഥസുത! ഹേ
രാമ, തേ കൌശികൻതാൻ;
ഉൾക്കാമ്പിൽ പ്രീതിയോടിങ്ങിനെ കരുതുക നീ-
യച്ഛനായ് വേർപിരിഞ്ഞാ
ദുഃഖം ചെറ്റും ഭവിക്കില്ലനുദിനമിനി മൽ-
പ്രീതിയുണ്ടായ്‍വരും തേ. 38


(രാമലക്ഷ്മണന്മാർ ദശരഥവസിഷ്ഠന്മാരെ പ്രദക്ഷിണം വെച്ചു നമസ്കരിക്കുന്നു.)

വിശ്വാമിത്രന്‍- എന്നാലങ്ങിനെയാവട്ടെ; ഞങ്ങൾ പോട്ടെ.

(എന്നു രാമലക്ഷ്മണന്മാരോടുകൂടി പോയി. ദശരഥനും മറ്റും അനുയാത്രയായി എല്ലാവരും പോയി.)

(ഒന്നാമങ്കം കഴിഞ്ഞു)
---------------------------

രണ്ടാമങ്കം

(വിഷ്ക്കംഭം)

അനന്തരം നാരദൻ പ്രവേശിക്കുന്നു.

നാരദൻ- ഛേ, മതിയായില്ല.

പാരെല്ലാമിട്ടടച്ചങ്ങിനെ പെരുകിവരും
സിംഹനാദം ശ്രവിച്ചി-
ട്ടാരെല്ലാമോ പടയ്ക്കായ്പരിചൊടു തുടരു-
ന്നെന്നു ഞാനോടിവന്നേൻ;
നേരെല്ലാം കണ്ടനേരം ചെറുതൊരു രസമു-
ണ്ടാ,യിതല്ലാഹോ! ഹൃ-
ത്താരുല്ലാസാൽ മുഹൂര്‍ത്താര്‍ദ്ധവുമിഹ തെളിയാ-
നൊന്നുമുണ്ടായതില്ല. 1


(പരിഭ്രമിച്ച പർവ്വതൻ വന്നിട്ട്.)

പർവ്വതൻ- ഹേ, ഹേ, നാരദൻ! എന്തെല്ലാമാണിവിടെ നേരമ്പോക്കുണ്ടായത്?

നാരദൻ- എയ'? സാരമില്ല.

പർവ്വതൻ- എങ്കിലും കേൾക്കട്ടെ.

നാരദൻ-

സിദ്ധാശ്രമത്തിനിഹ കൌശികനൊത്തു രാമൻ
ബദ്ധാനുമോദമൊടു പോകുവതിന്നിടിയ്ക്ക്
ഇദ്ധാന്ധകാരതരുജാലമെഴും വനത്തി-
ലദ്ധ്വാനമോ നടകൊണ്ടു കുറച്ചു നേരം. 2


ഏറ്റം ദുഷ്ടതയുള്ള താടക വസി-
ച്ചീടുന്ന കാടാണതെ-
നൂറ്റപ്പെട്ടൊരു കൌശികോക്തിയതു കേ-
ട്ടപ്പോൾ വികല്പം വിനാ
തെറ്റെന്യേ വലുതായ വില്ലതു കുല-
ച്ചഞ്ചെട്ടുടൻ ലക്ഷ്മണൻ
തെറ്റെന്നച്ചെറുഞാണുലച്ചൊലിയതു-
ണ്ടാക്കിക്കുലുക്കീടിനാൻ. 3

അപ്പോൾ പാറപ്പുറത്തങ്ങിങ്ങിനെ വടിവൊടുറ-
ങ്ങുന്നൊരത്താടകയ്ക്കു-
ള്ളല്പം ഞെട്ടുന്നവണ്ണം ചെവിയിണവഴിയേ
ചെന്നുകേറി വിരാവം;
കെല്പോടേറ്റൊച്ച കേൾക്കും വിപിനതലമതിൽ
ചെന്നിതദ്ദുഷ്ട, കാലൻ
കല്പിച്ചക്കല്പനയ്ക്കങ്ങിനെ ഭടർ വഴികാ-
ണിച്ചണപ്പിച്ചപോലെ. 4


പർവ്വതൻ- അപ്പൊഴോ?

നാരദൻ-

താടകയെക്കണ്ടിട്ടൊരു
പേടി കുറച്ചാമുനിയ്ക്കുമുണ്ടായി;
രൂഢകഠോരവിരാവ-
ത്തോടു കടന്നെത്തിയവളുമവരരികേ. 5


പർവ്വതൻ- അപ്പൊഴോ?

നാരദൻ -

പോട്ടേ; തീരട്ടെ കാര്യം; തരുണിയിവളതെ-
ന്നുള്ള ദുശ്ശങ്കയാൽ കൈ-
വിട്ടെന്നാൽ തിന്നിടും നമ്മളെയിവൾ ശഠയാ-
ണെന്നു മൂന്നാലു വട്ടം
പിട്ടെന്യേ കൌശികൻ ചൊന്നളവു, ഗുരുവച-
സ്സൊന്നിനെ ഞാൻ പ്രമാണി-
ച്ചിട്ടെന്നെച്ചൊല്ലി വിട്ടീടണമിതിയനുജൻ
ജ്യേഷ്ഠനോടായ് പറഞ്ഞാൻ. 6


അപ്പോൾ ലക്ഷ്മണൻ പറഞ്ഞതു കേൾക്കാതെകണ്ട്,

വില്ലിന്മേൽ ഞാണു കുലകേറ്റി മടിച്ചിടാതെ
തെല്ലൊന്നു രണ്ടു വലിയിട്ടു വലിച്ചു രാമൻ
കല്യത്വമോടു ശരമൊന്നു വലിച്ചയച്ചു
ചെല്ലട്ടെയെന്നു കരുതിക്കഥയും കഴിഞ്ഞു. 7


അതാണ് ഞാൻ പറഞ്ഞതു സാരമില്ലെന്നു്.

പർവ്വതൻ- പിന്നെ?

നാരദൻ-

അപ്പോൾ തെളിഞ്ഞഥ ബലാതിബലാദിമന്ത്ര-
കല്പങ്ങളും രഘുകലേന്ദ്രനു മാമുനീന്ദ്രൻ
കല്പിച്ചു നൽകിയഖിലാസ്ത്രവിമോക്ഷവും താ-
നൊപ്പിച്ചുവെച്ചു നിശിചാരിവിനാശമൂലം. 8


അതുകൊണ്ടു വല്ലപ്പോഴുമൊരിക്കൽ വലുതായൊരു സന്തോഷമുണ്ടായെന്നും വരാം.

പർവ്വതൻ- വല്ലപ്പോഴുമെന്നു വെക്കണ്ട. ഇപ്പോൾതന്നെ താമസംകൂടാതെ ഒരു തരമുണ്ടാക്കിത്തരാം.

നാരദൻ- എന്താണത്?

പർവ്വതൻ-

വിശ്വാമിത്രന്റെ യാഗം വിരവിനൊടു തുട-
ങ്ങട്ടെ,യപ്പോൾ സ്വമായാ-
വിശ്വാസത്താൽ മറഞ്ഞിട്ടണയുമവിടെയ-
ത്താടകാനന്ദനന്മാർ;
വശ്യത്വം ചേര്‍ന്ന ബാണാവലിയതുപൊഴുതിൽ
ചെറ്റു രാമൻ മയക്കും
ദൃശ്യത്വം ചേര്‍ന്നൊരപ്പോരിനു മിഴിയിണ ന-
ന്നാക്കിടാം നോക്കിദാനീം. 9


നാരദൻ- അതു ശരിയാണ് പക്ഷേ ഞാനിതോര്‍ത്തില്ല. ഈ താടകാവധം ഇത്രവേഗം കഴിഞ്ഞ ബുദ്ധിക്ഷയംകൊണ്ടു പിന്നത്തെക്കഥയൊന്നുമാലോചിച്ചില്ലെന്നേയുള്ളു.

പർവ്വതൻ- ആട്ടേ, നമുക്കു സിദ്ധാശ്രമത്തിലേക്കുപോവുക. (രണ്ടാളും നടന്നുനോക്കീട്ട് ) എന്തൊരു കൂട്ടക്കാരാണിത്?

നാരദൻ- സൂക്ഷിച്ചുനോക്കീട്ടു്,

പാരിച്ച മായയുടെ വൈഭവമുള്ള സാക്ഷാൽ
മാരീചനാണതി,വനാണു സുബാഹുവീരൻ,
പോരാ പറഞ്ഞിടുകിലിപ്പൊളിവര്‍ക്കു കൂട്ടു-
കാരായനേകരജനീചരരുണ്ടു വേറെ. 10


ആട്ടേ, എന്നാൽ നോക്ക് ഇവരുടെ അടുക്കൽ ചെന്നുകൂടി ശ്രീരാമന്റെ നേരെ നല്ലവണ്ണം ദ്വേഷം ഉണ്ടാക്കിത്തീര്‍ക്കുക. (എന്നുപോയി)

(വിഷ്കംഭം കഴിഞ്ഞു)

(പിന്നെ രാമലക്ഷ്മണന്മാർ പ്രവേശിക്കുന്നു.)

രാമന്‍- വിശ്വാമിത്രമഹഷിയുടെ യാഗത്തിന്റെ ക്രിയ തുടങ്ങിയെന്നുവെച്ചാലും തല്ക്കാലം കുറച്ചുനേരത്തേക്കു ക്രിയകളൊന്നുമില്ലായ്കകൊണ്ടു നമുക്കൊരിളവു കിട്ടി. രാക്ഷസരെ സൂക്ഷിച്ചുതന്നെ നിന്നില്ലെങ്കിലും തരക്കേടില്ല. അതുകൊണ്ടു് ഈ ആശ്രമഭൂമികളൊക്കെ ഒന്നു നോക്കുക.
(എന്നു ചുററിനടക്കുന്നു.)

ലക്ഷ്മണന്‍-

ഇക്കണ്ടിടും പല പലാശതരുക്കളെത്ര
പൊക്കത്തിലാണു വിലസുന്നതു പൂക്കളോടും
വക്രത്വമാര്‍ന്നു രുധിരാരുണദംഷ്ട്രയൊത്ത
രക്ഷോഗണങ്ങളിടചേര്‍ന്നമരുന്നപോലെ. 11


രാമന്‍-

ചായുന്നതുണ്ടു പുഴവക്കിൽ നിരപ്പിലായ് നി-
ല്പായുള്ളൊരിത്തരുഗണം പവമാനസംഗാൽ
ആയം കുറച്ചു രജനീചരരെക്കുറിച്ചു
വായവ്യമെയ്തിലതുകൊണ്ടവരെന്നപോലെ. 12


ലക്ഷ്മണന്‍- ഇതാ ഇങ്ങേപ്പുറത്തു നോക്കു.

നോക്കുമ്പോൾ പുഴവക്കിലും നടുവിലും
പാഷാണജാലങ്ങളു-
ണ്ടിക്കാലം ബത! കണ്ടിടുന്നു ജലഗം-
ഭീരാഭിരാവത്തോടും


രാമന്‍-

ചിക്കന്നെന്നുടെ വാരുണാസ്ത്രബലമോര്‍-
ത്തേറ്റം ഭയപ്പെട്ടു ശ-
ബ്ദിക്കും ഘോരനിശാചരപ്പരിഷയെ-
പ്പോലിന്നു മാലെന്നിയേ. 13


(ചുററിനടന്നിട്ട്) ഇതെന്തൊരത്ഭുതമാണ്!

തടിച്ചിടും വ്യാഘ്രവധൂമുലപ്പാൽ
കുടിച്ചിടുന്നുണ്ടൊരു മാൻ കിശോരൻ;
മടിച്ചിടാതപ്പൊഴടുത്തുചെന്നു
പിടിച്ചിളക്കുന്നിതു മര്‍ക്കടത്താൻ. 14


ലക്ഷ്മണന്‍- ആ, ആ, ഇതും തരക്കേടില്ല.

ഹരി, സടകൾ പിടപ്പിക്കുന്നനേരത്തു മറ്റേ
ഹരിയതു ബത! ചിക്കിച്ചെറ്റൊതുക്കുന്നു നന്നായ്;
ഹരിണമരികിലെത്തീട്ടപ്പോൾ നാറ്റുന്നു മന്ദം
ഹരിണധരകലയ്ക്കൊത്തോരു ദന്തവ്രജത്തെ. 15


രാമന്‍- (മറ്റൊരു ഭാഗത്തു നോക്കീട്ട്.)

തുമ്പിക്കൈകൊണ്ടു ചുററും കുടിലസിതവല-
ങ്കൊമ്പൊടും കര്‍ണ്ണമാട്ടി-
ക്കുംഭീന്ദ്രൻ നിന്നിടുന്നുണ്ടൊരു ചരണമയ-
ച്ചിട്ടു സന്തുഷ്ടനായി.


ലക്ഷ്മണന്‍- (നോക്കീട്ട്)

അമ്പാ കൊള്ളാമടുത്തിട്ടൊരു കരടിയിട-
ങ്കൊമ്പുതന്മേൽ പിടിച്ചി-
ട്ടയ്മ്പോടേ കൊണ്ടുപോകുന്നിതു പടുത പെരു-
ത്തോരു പാപ്പാൻകണക്കേ. 16


രാമന്‍- (മറ്റൊരു പുറത്തു നോക്കീട്ട്),

ഛത്രത്തോടൊട്ടെതിര്‍ക്കും പടമഴകിൽ വിടര്‍-
ത്തീട്ടു രത്നങ്ങൾ കാട്ടി-
ച്ചിത്രം പാമ്പാടിടുണ്ടുടൽ പകുതി നിലം-
വിട്ടു മേല്പട്ടു പൊങ്ങി;
പുത്രന്മാർ ഭാര്യ താനിങ്ങിന നകുലകലം
തൽഫണാപീഠപൃഷ്ഠേ
മിത്രത്വം പൂണ്ടു വാഴുന്നിതു മണിഗണവും
നാറ്റിയേററം തെളിഞ്ഞു്. 17


ലക്ഷ്മണന്‍- (മറ്റൊരു ഭാഗത്തു നോക്കീട്ട്)

പാറപ്പൃഷ്ഠത്തു വാലും ചെറിയ തരുഗണം
കൂട്ടി മേലേ വളച്ചി-
ട്ടേറേബ്ഭംഗ്യാ വിളങ്ങും തടിപെടുമുടലും
മറെറാരറ്റത്തു വായും
പേരും പൊണ്ണൻപെരുമ്പാമ്പരികിലിത കിട-
ക്കുന്നു, പൃഷ്ഠത്തിലേറി
സ്വൈരം പാര്‍ക്കുന്നു ഗാംഭീര്യമോടൊരു ശരഭം
ശാന്തനായ താൻതനിച്ചും. 18


രാമന്‍- അ, ആ, ഇതു തരക്കേടില്ല.

ചമത, പല മരത്തോൽ, പൂക്കൾ; കായെന്നിതെല്ലാ-
മമിതവിനയമൊടും കയ്യിലേന്തിപ്പതുക്കേ
ക്രമമൊടു നടകൊണ്ടീടുന്ന കീശങ്ങളിയ്യാ-
ശ്രമഭൂവി മുനിസേവാവ്യഗ്രരായഗ്രഭാഗേ. 19

ലക്ഷ്മണന്‍- (ചെവികൊടുത്തിട്ട്)

വര്‍ണ്ണവ്യക്തിയൊടിപ്പോൾ
കണ്ണിൽ ശ്രുതി തിരിച്ചു കേൾക്കുന്നു
വർണ്ണിമുനിമണ്ഡലാനന-
വർണ്ണിതപരിശുദ്ധവേദവാക്യങ്ങൾ. 20


നേരമുച്ചയായിത്തുടങ്ങിയെന്നാണ് നോന്നുന്നത്.

രാമന്‍- (മേല്പോട്ടു നോക്കീട്ട്)

കാണുന്നില്ല തരുച്ഛദാവലികളാൽ
മാര്‍ത്താണ്ഡബിംബം പരം
ചേണാര്‍ന്നങ്ങിനെ നോക്കിയാലുമിടയിൽ
കഷ്ടിച്ചിതാ രശ്മികൾ
ക്ഷോണീദേശമതിൽ കുറച്ചു പഴുതു-
ള്ളേടത്തു കൂടിക്കട-
ന്നാണല്ലേ പതിയുന്ന,താട്ടെയതിലേ
നോക്കട്ടെ ഞാനക്കനേ. 21


(എന്നു കുറച്ചു നീങ്ങിനിന്നു നോക്കീട്ട്)

കഷ്ടിച്ചു കണ്ടിടുമൊരര്‍ക്കനെഴുന്ന ദിക്കാൽ
നട്ടുച്ചയെന്നു നിരുപിച്ചതുമൊത്തിടുന്നു;
പെട്ടെന്നു സാന്ധ്യവിധിചെയ്തു തിരിച്ചുപോയി-
ത്തിട്ടം നമുക്കു സവനക്രിയ കാത്തിടേണം. 22


ലക്ഷ്മണന്‍- (കേട്ടിട്ട്)

ശ്രുതിപുടകടുവായിട്ടെന്തു ദുശ്ശബ്ദമാണി-
ങ്ങതികഠിനമതാകം മട്ടിതാ കേട്ടിടുന്നു;


രാമന്‍-

മതി മതിയിനി നിന്നാൽ നല്ല ചൊവ്വല്ല, പോയി
ദ്രുതമൃഷിയുടെ യാഗം കാക്കുവാൻ നോക്കിടേണം. 23
(എന്നു പരിഭ്രമിച്ചു ചുറ്റിനടക്കുന്നു. ഭയപാരവശ്യത്തോടുകൂടി ഒരു മഹര്‍ഷികുമാരൻ പ്രവേശിച്ചിട്ട്)

മഹര്‍ഷികുമാരൻ- എവിടെയാണാവോ രാമലക്ഷ്മണന്മാര് ? (നോക്കീട്ട്) ഇതാ നില്ക്കുന്നു. (എന്ന് ആശ്വാസദീര്‍ഗ്ഘശ്വാസമിട്ടിട്ടടുത്തു ചെന്നിട്ട്)

അയ്യോ! രാമ! ലക്ഷ്മണ! യാഗമദ്ധ്യേ
പെയ്യുന്നല്ലോ ചോര മാനത്തിൽനിന്നും;
കയ്യോടിപ്പോൾ നിങ്ങളീ രാത്രിചാരി-
ക്കയ്യന്മാരെക്കൊന്നു രക്ഷിച്ചിടേണം. 24


ലക്ഷ്മണന്‍- എന്നാൽ നമുക്കിപ്പോൾ മാദ്ധ്യാനികം വേണ്ട. ക്ഷത്രിയര്‍ക്കു തിടുക്കമായിട്ടൊരു കാര്യം വന്നാൽ നിത്യകര്‍മ്മവും കുറച്ചുനീക്കിവെക്കാമെന്നില്ലേ? (എന്നു വില്ലു കുലയ്ക്കുന്നു)

രാമന്‍- (വില്ലുകുലയേററ്റി രണ്ടു ചെറുഞാണൊലിയിട്ടിട്ട്. ആകാശത്തു ലക്ഷ്യം വെച്ച്)

തെറ്റൊന്നും ചെയ്തിടാതുള്ളൊരു മുനിവരരിൽ
ദ്രോഹമേവം തുടർന്നാൽ
പറ്റില്ലാ നിങ്ങൾ; ചോദിപ്പതിനൊരുവനുമി-
ല്ലെന്നു തൂള്ളുന്നുവെന്നോ?
മുറ്റും ധര്‍മ്മത്തെ രക്ഷിപ്പതുമൊരു പണിയാ-
ണിജ്ജനത്തിന്നതിന്നാൽ
തെറ്റിന്നാദ്ധർമ്മരാജ്യേ പരമതിഥികളായ്
നിങ്ങളേ ഞാനയപ്പൻ. 25


(ആകാശത്തിൽനിന്ന്)

അല്ലേ ബാലക! നീ വഴിയ്ക്കൊരു വധൂ-
ഹിംസാമഹാപാതം
മെല്ലേ ചെയ്തുവരുന്നുവല്ലി? ബഹുധര്‍-
മ്മിഷ്ഠൻ ഭവാനല്ലയോ!
ചൊല്ലും ഭൂപതി തെറ്റുചെയ്യുകിലതും
ധർമ്മത്തിലെന്നോ ഭവാ-
നില്ലെന്നോ വഴികാട്ടുവാനൊരുവനും
തെക്കോട്ടു പോയ്ക്കൊള്ളുവാൻ. 26


രാമന്‍-

നാരിയെ ഞാൻ കൊന്നെന്നോ
നേരിട്ടൊരു തെറ്റെനിയ്ക്കു ചൊല്ലുന്നു?
നേരം ദുഷ്ടനാരീ-
ദാരുണവും ധർമ്മമാം ചിലേടത്ത്. 27


ദിവ്യാസ്ത്രം, ദിവ്യലോകങ്ങളിലുമതിഭയം
നൽകിടും ബാഹുവീര്യം;
ഭവ്യത്വം ചേർന്ന ശൌര്യം പരമിവകളെഴും
നിങ്ങളെന്നാകിലും ഞാൻ
ചൊവ്വോടേ പോരടിപ്പാൻ മതി; ബഹുശിശുവാ-
ണെങ്കിലും കണ്ടുകൊൾവിൻ
നിർവ്വ്യാജം നിന്നുകൊൾവിൻ നിജഭുജബലവും
വെച്ചു കാണിച്ചുകൊൾവിൻ. 28


(എന്നു ശൌര്യത്തോടുകൂടി നടന്ന്) എല്ലാവരും പോയി.

(രണ്ടാമങ്കം കഴിഞ്ഞു)
---------------------------

മൂന്നാമങ്കം

വിഷ്ക്കംഭം


(അനന്തരം രണ്ടു ഗന്ധർവ്വന്മാർ പ്രവേശക്കുന്നു.)

ഒന്നാമത്തവൻ- ഇതാ നോക്കു, നോക്കു.

ആകാശത്തു നിറഞ്ഞ കാറുകൾകണ-
ക്കെത്തുന്നു രക്ഷോഗണം
ലോകാലോകധരാധരോപമതമ
സ്തോമം ചൊരിഞ്ഞങ്ങിനെ,
മാഴ്കുന്നൂ മിഴി കണ്ടിടുന്ന മതിമാ-
നായീടിലും ലക്ഷ്മണൻ
തൂകുന്നൂ ഗഗനം നിറച്ച വിശിഖം
രാമൻ വിരാമംവിനാ 1


രണ്ടാമത്തവൻ-

അല്ലാ തമസ്സള്ളതു ഹന്ത! ദൂര-
ത്തെല്ലാം പറക്കുന്നിതു ചിത്രമത്രേ
വില്ലാളിവീരൻ രഘുനാഥനെയ്യും
ചൊല്ലാന്ന ബാണാവലിയേൽക്കമൂലം 2


അത്രതന്നെയല്ല,

കയ്യും കാലും കഴുത്തും കുഠിനതപെരുകും
മാറുമൂരുക്കളും വ-
ന്മെയ്യും ഖണ്ഡിച്ചിടുന്നു രഘുവരനഴകോ-
ടാശരര്‍ക്കാശപോക്കി,
തിയ്യിന്നും ചൂടുനൽകീത്തുരുതുരുന വരും
തിഗ്മബാണങ്ങളാലേ
വയ്യെന്നായ്പ്പിൻവലിയ്ക്കുന്നിതു നിശിചരരിൽ
ചത്തതിൽ ശേഷമുള്ളോർ 3


വാടാതേ വാപിളർന്നങ്ങിനെ വലിയൊരു നീ-
ലാചലം പോലെ കൂട്ടം
കൂടാതൊറ്റയ്ക്കു പായുന്നിതു ഝടിതി മഹാ-
ബാഹുവാകും സുബാഹു;
കോടാതേ രാമനെയ്യും ശരനിരയതിനാൽ
കയ്യുപോയ്ക്കാലുപോയീ
കേടാകെത്തട്ടിയംഗങ്ങളിലഹഹ! ഗളം
വേറെയായായവന്റെ 4

ഒന്നാമൻ-

മറ്റുള്ള രാക്ഷസരശേഷവുമായടുത്തു;
തെറ്റെന്നു രാമനവരെക്കൊലചെയ്തുതീർത്തൂ;
തെറ്റെന്നിയേ രഘുകലോത്തമബാണമേറ്റു
ചുറ്റുന്നുതന്നില വെടിഞ്ഞിഹ താടകേയൻ. 5


ഇതാപോയീടുന്നൂ ഗഗനഭുവി മാരീചഹതകൻ;
നിതാന്തം വേഗത്തോടവന്നു പുറമേ രാമശരവും;
പതിയ്ക്കുന്നൂ വാരാന്നിധിയിൽ മുഴുകുന്നൂ ജവമൊടു-
ല്പതിയ്ക്കുന്നൂ മുങ്ങുന്നിതു പലതരം പറ്റിയവനും. 6


ഇപ്പോളൊരു വിധമായി-
ക്കെല്പെഴുമീപ്പോരു പാര്‍ക്കിൽ നന്നായി
ചിൽപൂരുഷനാം രാമനി-
തത്ഭുതമാകില്ല കളിയിൽ വകഭേദം. 7


ഇനി നോക്കെന്താ ഇവിടെ നിന്നിട്ടു്? യുദ്ധം കഴിഞ്ഞില്ലേ? പോവുക (എന്നു രണ്ടാളും പോയി)

(വിഷ്കംഭം കഴിഞ്ഞു)


(അനന്തരം രാമലക്ഷ്മണന്മാർ പ്രവേശിക്കുന്നു.)

രാമൻ- എന്താ ലക്ഷ്മണ! അസാരം വിഷമിച്ചു എന്നുണ്ടോ?

ലക്ഷ്മണൻ- ഇല്ല. പക്ഷേ,

രാക്ഷസമായാകൃതമാം
രൂക്ഷതമോരാശി വന്ന നേരത്തിൽ
ലക്ഷ്യത്തിൽ ചെല്ലാതാ-
യക്ഷികൾ കാണാതെയായിതക്കാലം. 8


പിന്നെ ഞാൻ,

ഭാസ്കരാസ്ത്രമതു കെല്പൊടെയ്യുവാൻ
നോക്കിടുന്നളവിലീവിധം ഭവാൻ
വായ്ക്കുമുൽബണശരങ്ങളെയ്തഹോ
നീക്കി നിസ്തുലതമോഭരത്തിനെ. 9


പിന്നെ ചിലരെ കൊല്ലണമെന്നു വിചാരിക്കുംപോഴെക്കും,

കഴിഞ്ഞു കാര്യം, ഭയമോടു ദൂരെ-
യൊഴിഞ്ഞു ചാകാത്തൊരു താടകേയൻ;
വഴിഞ്ഞ മോദേന ജയം ലഭിച്ചു-
കഴിഞ്ഞു, മേ നിഷ്ഫലമായി മോഹം. 10

രാമൻ-

ബാണങ്ങളെയാണു സുബാഹുതൊട്ടു
കാണുന്ന രക്ഷോഗണമുള്ളതെല്ലാം
ക്ഷീണംവിനാ ഞാൻ കുലചെയ്ത,തെന്തു-
വേണം? കലാശിച്ചിതു കാര്യമെല്ലാം. 11


മാരീചനെന്നൊരുവനുണ്ടവനേ വധിയ്ക്കു-
മാറായതി,ല്ലവനു ഞാനൊരു പാവനാസ്ത്രം
നേരിട്ടയച്ചി,തതുകൊണ്ടവനും പറന്നു
വരാശിതന്നിൽ മുഴുകീട്ടു കുഴങ്ങി മങ്ങീ. 12


ലക്ഷ്മണൻ - ഇതാ ഇവിടത്തെ ആ വായസ്യാസ്ത്രം ആവനാഴിയിൽ വന്നുവീഴുന്നു. ആട്ടെ; എന്തുകൊണ്ടാണ് ആ മാരീചനെ കൊല്ലുമാറായില്ലെന്നു പറഞ്ഞത്?

രാമൻ-

ആയുസ്സെത്തിയതില്ലവ,ന്നിനിയുമാ-
ദ്ദുഷ്ടൻ നമുക്കേറ്റവും
മായാവിദ്യകൾകൊണ്ടു ചെയ്യുമിടയിൽ
ദ്രോഹങ്ങ,ളന്നാളുടൻ
പായിയ്ക്കാമവനിപ്പഴങ്ങിനെ കിട-
ക്കട്ടേ വിരോധത്തോടും
ന്യായക്കേടുകൾ കാൺകിലപ്പൊളൊടുവിൽ
കൊല്ലാമതല്ലോ ഗുണം. 13


(അനന്തരം ശുനശ്ശേഫൻ പ്രവേ രിക്കുന്നു.)

വഴിയ്ക്കുതാൻ താടകയേ വധിച്ചു,
വഴക്കടിക്കും നിശിചാരിലോകം
മുഴുക്കവേ കൊന്നിതു, രാമനൊട്ടും
കുഴക്കു പററീല യശസ്സു കിട്ടീ 14


ഇനി ഈ വലിയ ഉപകാരം ചെയ്തിരിക്കുന്ന രാമന്റെ ഈ പ്രവൃത്തിയെക്കുറിച്ചഭിനന്ദിയ്ക്കുന്നതിന്നായി യാഗത്തിനു മൌനവ്രതമായിരിക്കകൊണ്ടു ഗുരുനാഥനു വയ്യാതെ ആയിപ്പോയി. അതുകൊണ്ട് അദ്ദേഹത്തിന്റെ പകരം ഞാൻ തന്നെ ചെന്നു പ്രീതിയെ അറിയിക്കണമെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായമെന്നു ഇംഗിതം കൊണ്ട് അറിഞ്ഞു അങ്ങോട്ടു ചെല്ലുകതന്നെ.

(എന്ന് അടുത്തു ചെന്നിട്ട്)

ദുഷ്ടരാക്ഷസപിശാചരെബ്ഭയ-
പ്പെട്ടുഴന്നു വലയുന്ന ഞങ്ങളെ
പുഷ്ടമോദമൊടു കാത്തൊരിബ്ഭവാ-
നിഷ്ടസിദ്ധിവരുമേ സദായ്പോഴും. 15


രാമൻ- (തൊഴുതും കൊണ്ട്)

വമ്പുള്ള കൌശികമുനീശ്വരശിഷ്യലോകേ
മുമ്പുള്ള താവകപദം പരിചിൽ തൊഴുന്നേൻ;
എൻഭള്ളിനില്ലിവിടെയിന്നവകാശമേറ്റം
വമ്പുള്ളിൽ നിങ്ങൾ നിരുപിയ്ക്കുകയാൽ ജയിച്ചേൻ. 16


ശുനശ്ശേഫൻ-

വിശാലവീര്യം, വിരവോടു ശത്രു-
വിശോഷണത്തിൽ പടുവായ ശൌര്യം,
വശത്തിലല്ലോ തവ വംശജര്‍ക്കു
വിശേഷമായിട്ടിവ പണ്ടുപണ്ടേ. 17


പിന്നെ,

സാക്ഷാൽ പുരാണപുരുഷാംശജനാം ഭവാനി-
താക്ഷേപമെന്തു, ഗുണമായ ഗുണങ്ങളെല്ലാം
സൂക്ഷ്മത്തിലുണ്ട്, പല ദുഷ്ടരെയും വധിച്ചു
രക്ഷിയ്ക്കു ധര്‍മ്മമൊടു നന്മയിലിജ്ജനത്തെ. 18


രാമൻ- നിങ്ങൾ ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ ഉണ്ടാവും; ഇല്ലെന്നു പറഞ്ഞാൽ ഉള്ളതും ഇല്ല അങ്ങിനെയാണല്ലോ.

താണീടാതെ തപസ്സുകൊണ്ടു തരസാ
തൻചൊൽപ്പടിയ്ക്കാംവിധം
വാണീദേവിയെ വശ്യയാക്കി വടിവാൽ
വര്‍ത്തിച്ചുപോരും ജനം
ആണെന്നോതുകിലായതാവയനു വ-
ന്നീടും, മുനീന്ദ്രാജ്ഞയാ-
ലാണെല്ലോ ത്രിദിവേ ത്രിശങ്കു സരസം
വാഴുന്നതിന്നും വിഭോ! 19


ലക്ഷ്മണന്‍-

ഭവാദൃശന്മാർ കൃപചെയ്തുവെന്നാൽ
ഭവിയ്ക്കയില്ലായവനൊന്നുകൊണ്ടും
ഭവാബ്ധിയിൽ സങ്കടമെന്നുമിയ്യു-
ള്ളവര്‍ക്കു ദൃഷ്ടാന്തമഹോ! പലേടം. 20


ശുനശ്ശേഫൻ-

ദൈവം ദൈവമതെന്നു ചൊൽവതു ദൃഢം
ധമ്മത്തെയാണായതി-
ന്നീവണ്ണം നിലനില്പതും രഘുനൃപ-
ന്മാർതന്നിലാണെന്നതും,
ശ്രീവിദ്യാവിനയാദിസമ്പദുദയം
ധര്‍മ്മിഷ്ഠരായോരിലേ
കൈവന്നീടുവതെന്നുമിന്നു പറവാൻ
ദൃഷ്ടാന്തമാം നിങ്ങൾതാൻ. 21


എന്നുതന്നേയല്ല,

സകലമുനിജനം സദാപി ചെയ്യും
നിഖിലതപസ്സുകളും നൃപര്‍ക്കധീനം;
വികലത ചെറുതൂഴിപര്‍ക്കു വന്നാ-
ലകലുമതെന്നുമഹോ ജഗൽപ്രസിദ്ധം. 22


രാമന്‍-

ചൊല്ലേറും നിങ്ങൾ ചെല്ലും നടവടികൾ നട-
ത്തീടുമുദ്യോഗമായി-
ട്ടല്ലേ വാഴുന്നു ഭൂമീപതിക,ളവരിലും
മേൽ വിചാരം നിനച്ചാൽ
ഇല്ലേ സ്മൃത്യാദികൃത്യങ്ങളെ വെളിവിലുര-
യ്ക്കുന്ന നിങ്ങൾക്ക,തൊക്കു-
ന്നില്ലെന്നാലെന്തു സാരം സകലരുമുടനാ-
ബ്ഭൂപനെത്തള്ളുകില്ലേ? 23


അതുകൊണ്ടു വിചാരിച്ചുനോക്കുമ്പോൾ ധര്‍മ്മത്തിന്റെ ഇരിപ്പൊക്കെ ബ്രാഹ്മണരിലാണു്. അവരുടെ ഒരു തരം ഭൃത്യന്മാരെന്നേ രാജാക്കന്മാരെ പറയാൻ പാടുള്ളു. അതിനൊരു ദൃഷ്ടാന്തവും കൂടി പറയാം.

നാരീവധം ബഹുനികൃഷ്ടമതെന്നു മാത്രം
സാരംതൊടാതെ നിരുപിച്ച മടിച്ചൊരെന്നിൽ
നേരേ പറഞ്ഞൊരറിവേറ്റിയ കൌശികോക്തി-
യോരായ്ക്കിൽരാക്ഷസിയെഞാൻ കുലചെയ്യുവോന്നോ? 24


ഇതുമട്ടു പലര്‍ക്കുമപ്പൊഴപ്പോ-
ളതിസത്താകിയ ധര്‍മ്മസാരമോതി
മതിതന്നിൽ വിവേകമേകിടാഞ്ഞാൽ
ക്ഷിതിയിൽ ധര്‍മ്മമുറച്ചുനില്പതാമോ? 25


രവികലഭവരാം നൃപര്‍ക്കു നന്നാ-
യവികലബോധകനാം വസിഷ്ഠവിപ്രൻ
അവനിയിലരുളായ്ക്കിൽ മുമ്പുമിക്ക-
ണ്ടവരുടെ പേരു തിരിച്ചു കേൾക്കുകില്ല. 26


വിശ്വാമിത്രമുനീന്ദ്രനെന്നൊടരുളി-
ച്ചെയ്തൊരുമട്ടിന്നു ഞാൻ
വിശ്വാസത്തോടു ചെയ്തു രാക്ഷസകുല-
പ്രക്ഷോഭമെന്നുള്ളതും
വിശ്വത്തിൽ പുകൾപൊങ്ങിടും മുനിമണേ!
ചിന്തിച്ചുകൊണ്ടാലമ-
ത്യാശ്വാസപ്രണയ പ്രസാദമിവനിൽ
ചെയ്താലുമെന്നും ഭവാൻ. 27


ലക്ഷ്മണന്‍- എന്നാൽ നമുക്കിനി വിശ്വാമിത്രമഹര്‍ഷിയുടെ അടുക്കലേക്കു പോവുക.

(എന്ന് എല്ലാവരും പോയി)

(മൂന്നാമങ്കം കഴിഞ്ഞു)
---------------------------

നാലാമങ്കം

വിഷ്ക്കംഭം


(അനന്തരം ഗൌതമനും അഹല്യയും പ്രവേശിക്കുന്നു.)

ഗൌതമന്‍- (വിചാരം)

പണ്ടെന്തോ സുരനാഥസംഗമവശാൽ
ദോഷത്തിലാപ്പെട്ടൊരീ-
വണ്ടാർവേണിയതാമഹല്യ ശിലയായ്-
ത്തീര്‍ന്നാളിതിന്നേവരെ
കൊണ്ടൽക്കാർനിറമാണ്ട വിഷ്ണുഭഗവാ-
നായോരു രാമൻെറ ചെ-
ന്തണ്ടാരൊടെതിര്‍പാദധൂളിയതിനാൽ
സംശുദ്ധയായിപ്പൊഴേ. 1


അല്ലാതെകണ്ടു മുമ്പിലത്തെപോലെ സ്ത്രീരൂപമായിട്ടെന്റെ അടുക്കൽ വരാൻ സംഗതിയില്ല. അതുകൊണ്ടു് എങ്ങിനെയെല്ലാമാണ് ശുദ്ധമായതെന്നു ചോദിക്കതന്നെ. (പ്രകാശം)

കല്യേ! ചൊല്ലുകഹല്യേ!
കല്ലായിത്താൻ കിടന്ന നീയിപ്പോൾ
ചൊല്ലാര്‍ന്നൊരു മുൻവടിവാര്‍-
ന്നുല്ലാസമൊടിങ്ങുവന്ന വിവരങ്ങൾ. 2


അഹല്യ-

സർവ്വജ്ഞനാകുമിവിടുന്നറിയാതെകണ്ടു
സവ്വത്രിലോകമതിലിന്നൊരു വസ്തുവുണ്ടോ?
ഭവ്യത്വമോടു പുനരെന്തിനിവണ്ണമെല്ലാം
ചൊവ്വോടെടുത്തുപറവാനരുൾചെയ്തിടുന്നു? 3


ഗൌതമന്‍-

മുമ്പേ നിന്നെശ്ശപിച്ചോരതുമുതലതിയായ്
വന്തപം ചെയ്തുകൊണ്ടാ-
ണെമ്പൈതൽപ്പെൺമൃഗാക്ഷീമണിയിതുവരെയും
പാര്‍ത്തതെന്നോര്‍ത്തുകൊൾക;
അമ്പോടീശ്ശാപമോക്ഷംവരെയുമുടയൊരീ-
വാര്‍ത്ത, ചിന്തിച്ചുകണ്ടാൽ
ഞാമ്പോരും ദിവ്യദൃക്കാലറിവതിനതു ചെ-
യ്യാതെ ചോദിച്ചതല്ലോ. 4


എന്നുതന്നേയല്ല,

രാമന്റെ ചരിതമോര്‍ത്താൽ
സീമാതീതപ്രമോദകരമല്ലോ;
നാമതു കേൾപ്പാൻ കൂടി-
ക്കാമിച്ചിട്ടാണു ചൊന്നതീവണ്ണം. 5

അഹല്യ- എന്നാൽ എനിയ്ക്കും മുഴുവൻ പറവാൻ നല്ല തരമുണ്ടോ?

കല്ലായിട്ടു കിടന്നള-
വില്ലാ വൃത്താന്തമറിയുവാൻ വിഭവം;
ചൊല്ലാം കേട്ടതു മാത്രം
ചൊല്ലാര്‍ന്ന മുനിപ്രധാനിമകുടമണേ! 6


ദശമുഖനിധനത്തിന്നായ് സുരാപേക്ഷമൂലം
ദശരഥസുതനായി ശ്രീമഹാവാസുദേവൻ.
വിശദതരയസ്സാം രാമനായിപ്പിറന്നാൻ
വശഗകലകളാകും മൂന്നു സോദര്യരോടും. 7


പിന്നെ, സകലവിദ്യാഭ്യാസവും കഴിഞ്ഞതിന്റെ ശേഷം,

ഗാഥിപുത്രനുടെ യാഗരക്ഷയെ-
ച്ചെയ്തിടുന്നതിനുവേണ്ടി രാഘവൻ
പ്രീതിയേറുമനുജൻ സഹായമായ്
സ്ഫീതമോദമെഴുനെള്ളിയാശ്രമേ. 8


പോരുംവഴിയിൽവെച്ച താടകയേയും, ആശ്രമത്തിൽ വെച്ച സുബാഹുപ്രഭൂതികളേയും കൊന്നു യാഗം രക്ഷിച്ചതിന്റെ ശേഷം,

മമത പെരുതുകൂടും യോഗരാജ്യൈകവിത്താം
നിമികുലവരൻതൻ നാടു പൂകുംവഴിയ്ക്കേ
അമിതദുരിതമൂലം പാറയായിക്കിടക്കും
മമ സവിധമതിൽ ശ്രീരാമനെക്കൊണ്ടുവന്നാൻ 9


എന്നുടെ വൃത്തമതെല്ലാ-
മൊന്നു ചുരുക്കിപ്പറഞ്ഞു മുനിതിലകൻ
മന്ദം രാമപദാബ്ജം
തന്നിലെഴും പൊടിയതെന്നിലാക്കിച്ചു 10


അതുപൊഴുതു ശിലാത്വം കേവലം വിട്ടു ഞാനും
ക്ഷിതിപതിതനുവാകും വിഷ്ണുതൻകാൽവണങ്ങി
യതിവര! ഭവദീയോപാന്തഭാഗത്തിലേക്കായ്
ധൃതിയോടുമിത വന്നൂ മാന്യമാഹാത്മ്യരാശേ! 11


(വിചാരിച്ചിട്ടു്)

ഗൌതമൻ - എന്തിനാണ് വിശ്വാമിത്രൻ രാമനെ മി ഥിലാപുരിയിലേക്കു കൊണ്ടുപോകുന്നതു്?

(വിചാരിച്ചിട്ടു്)

ഭൂമിജയായിസ്സീതാ-
നാമം കൈക്കൊണ്ട ലക്ഷ്മിയേ വേൾപ്പാൻ
മാമുനി രാമനെയധിക -
പ്രേമത്താൽ കൊണ്ടുപോകയാകേണം. 12


അഹല്യ-

കൊണ്ടാടും മിഥിലേശ്വരന്റെ നഗര -
ത്തിങ്കൽ ശതാനന്ദനി-
ന്നുണ്ടല്ലോ മമ നന്ദനൻ ഗുരുപദം
കൈക്കൊണ്ടു പാര്‍ക്കുന്നവൻ;
കുണ്ടാമണ്ടിയെനിക്കു തീർത്തതറിയു -
ന്നേരത്തിലേറ്റം മനം-
കൊണ്ടാബ്ബാലകനം രസിച്ചിഹ വിവാ-
ഹത്തിൽ സഹായിച്ചിടും. 13


ഗൌതമൻ - അതും ശരിയാണു്. ആട്ടെ, നമുക്കാശ്രമത്തിന്റെ അകത്തേയ്ക്കു പോവുക.

(എന്നു രണ്ടാളും പോയി.)

(വിഷ്കംഭം കഴിഞ്ഞു)


(അനന്തരം രാമലക്ഷ്മണന്മാരും വിശ്വാമിത്രനും പ്രവേശിക്കുന്നു.)

രാമൻ -

കാണുന്നുണ്ടു ജനങ്ങളെപ്പലതരം
പാര്‍ക്കുന്നൊരിപ്പട്ടണേ
ചേണാര്‍ന്നുള്ള വെടിപ്പു ചെറ്റു കുറവാ -
യിട്ടില്ലൊരാളെങ്കിലും;
ക്ഷീണപ്പെട്ടൊരു രോഗിയി,ല്ലഗതിയി,-
ല്ലെന്നല്ല സദ്വൃത്തരാ-
യാണെല്ലാവരുമിങ്ങു വാഴ്‍വതു നൃപൻ
തൻരാജ്യരക്ഷാബലാൽ. 14


ലക്ഷ്മണന്‍-

ചൊല്ലേറും യാജ്ഞവല്ല്യൻ മുനികുലതിലകൻ
തന്റെ സച്ഛിഷ്യനായി-
ക്കല്യശ്രീ ബ്രഹ്മ വിദ്യാമൃതഝരിയെ നുകർ-
ന്നിട്ടു സന്തുഷ്ടനായി
എല്ലായ്പോഴും പ്രജാരക്ഷണവിധിയതിനും
യോഗരക്ഷയ്ക്കുമൊപ്പം
ചെല്ലും ധീശക്തിയൊക്കും ജനനൃപതിയാ-
ണല്ലയോ രാജ്യപാലൻ? 15

രാമൻ - ശരിതന്നെയാണത്.

പലരുണ്ടു മഹര്‍ഷിമാരുമേറ്റം
വിലയേറുന്ന നൃപാലരും നിനച്ചാൽ
നലമോടവർ വേദമൌലിമദ്ധ്യേ
വിലസും ശിഷ്യഗുരുക്കളാവതുണ്ടോ? 16


വിശ്വാമിത്രൻ - (ചുററിനടന്നിട്ട്)

കണ്ടില്ലേ ഗോപുരത്തെപ്പരമുയരമെഴു-
ന്നോരിതിൽകുംഭകോണം-
കൊണ്ടല്ലേ ചന്ദ്രബിംബത്തിനു നടു തുളയായ്-
പ്പോയതെന്നും മനസ്സിൽ
ഉണ്ടെല്ലോ ശങ്ക, പിന്നെച്ചിലപൊഴുതതിൽ വ-
ന്നിട്ടടിച്ചിട്ടുപൊട്ടി-
ക്കൊണ്ടല്ലേ ഖണ്ഡമാകുന്നതുമിതി പലരും
സംശയിക്കുന്നിതത്രേ. 17


രാമൻ - (നോക്കീട്ട്)

ക്ഷിതിപരുടയ ചിഹ്നത്തോടുമിഗ്ഗോപുരത്തിൽ
പ്രതിഭടനിര തോൽക്കുന്നോരു ഗാംഭീര്യമോടും
ഇതയിത പലരേയും കൊത്തിവെച്ചിട്ടുമുണ്ടി-
ന്നിതു പറയണമാരെല്ലാരുമാണീമഹാന്മാർ. 18


വിശ്വാമിത്രൻ-

ചൊൽക്കൊള്ളുന്ന വിദേഹഭൂമിപതിതൊ-
ട്ടീരാജവംശത്തില-
ങ്ങുൾക്കൊള്ളുന്നവരായ ഭൂപരിവൃഢ-
ന്മാരാണിതെല്ലാവരും;
സ്വര്‍ഗ്ഗാരോഹണമാകിലന്നവർകൾ തൻ
രൂപങ്ങൾ തീര്‍ത്തീവിധം
വയ്ക്കുന്നോരു നടപ്പതുണ്ടവരെ മേ-
ലെല്ലാവരും കാണുവാൻ. 19


ലക്ഷ്മണന്‍- സജ്ജനസംസര്‍ഗ്ഗം കൊണ്ടു് ഈ രാജ്യത്തിലുള്ള എല്ലാവരുടേയും വിനയാദിഗുണങ്ങളുടെ തികവു പറവാനില്ല.

ഇവിടുന്നു വരുന്നകണ്ടനേര-
ത്തിവിടെഗ്ഗോപുരപാലകാദിലോകം
ജവമോടു വണങ്ങി വിട്ടു മാറി-
സ്സവിശ്ശേഷം തൊഴുതങ്ങു നിന്നിടുന്നു. 20


രാമൻ- അതിനെന്താണത്ഭും? മഹാവിനയശാലിയായ ജനകരാജാവിന്റെ അടുക്കൽനിന്നല്ലേ ഇവർ കണ്ടുപഠിച്ചിരിക്കുന്നത്?

(അനന്തരം അർഘ്യപാദ്യാദികളോടും മുമ്പിൽ നടക്കുന്ന ശതാനന്ദനോടും പരിവാരങ്ങളോടും കൂടി ജനകരാജാവു പ്രവേശിക്കുന്നു.]

ജനകന്‍-

സാക്ഷാൽ ശ്രീമുനിപുംഗവൻ കുശികജൻ
വന്നെത്തിയെന്നുള്ളൊരാ-
സൂക്ഷ്മം കിട്ടുകകൊണ്ടു വേഗമെതിരേ
റ്റീടാൻ നടന്നീടണം;
വിക്ഷോഭം കലരാതെ ഭൂമിപപദം
കൈവിട്ടു വിപ്രർഷിയാ-
യക്ഷീണപ്രഭനാകുമാമഹിതനെ-
ക്കാണ്മാൻ കൊതിയ്ക്കുന്നു ഞാൻ. 21


ശതാനന്ദൻ - ഇനിയ്ക്ക് അതുതന്നെയല്ലാ; വിശ്വാമിത്രമഹർഷിയെ മുമ്പു കണ്ടിട്ടുണ്ടല്ലോ.

ശ്രീരാമനെന്നുമിഹ, ലക്ഷ്മണനെന്നുമുള്ള
പേരാലുമംഗമതിനാലുമൊളിച്ച താനേ
നാരായണന്റെ വരവുണ്ടതു കാണ്മതിന്നായ് -
പ്പാരാതെ ചേതസി പരിഭ്രമമേറിടുന്നൂ. 22


(അടുത്തുചെന്നിട്ട് എല്ലാവരും തമ്മിൽ ഉപചാരങ്ങൾ ചെയ്യുന്നു)

ജനകൻ -

ഭാഗ്യ,മെന്നുടയ മന്ദിരമേറ്റം
യോഗ്യമായി ഭവദാഗമമൂലം;
ശ്ലാഘ്യരാകിയൊരു നിങ്ങളെ നേരേ
നോക്കിയാൽ സുകൃതിയായിതു ഞാനും. 23

(വിശ്വാമിത്രനോടായിട്ട്)

നിന്തിരുവടിയെഴുനെള്ളകി-
ലന്തരമതിലേറ്റമുണ്ടു സന്തോഷം;
എന്തോ ചെല്ലുവതിവരെയു-
മന്തികമതിലാനയിച്ചതോര്‍ക്കുമ്പോൾ. 24


(ശ്രീരാമനെ തൊട്ടു തലോടിക്കൊണ്ട്)

രാമചന്ദ്ര! തവ താതനേററവും
ക്ഷേമമല്ലി? സുതരായ നിങ്ങളെ
ഓമനിച്ചു സുഖമാർന്നിടുന്നിതോ
ഭൂമിതന്നുടയൊരേകനായകൻ? 25


ഉണ്ണിരാഘവ! ഭവാനെയേററവും
പുണ്യപൂരമതുകൊണ്ടു കണ്ടു ഞാൻ


(ലക്ഷ്മണന്റെ പുറത്തു കൊട്ടി)

കണ്ണിണയ്ക്കു സുഖമായ് ബ്ഭവാനുമി-
ന്നണ്ണനൊത്തണകകൊണ്ടു ലക്ഷ്മണ! 26


ശതാനന്ദൻ- (വിചാരം)

ഇവരെക്കണ്ടിട്ടുള്ള സന്തോഷം കൊണ്ടും സംഭ്രമം കൊണ്ടും മഹാരാജാവ് ഈ വഴിയിൽവെച്ചുതന്നെ സംഭാഷണം തുടങ്ങിയിരിക്കയാണ്. ഞാനും കുറച്ചുനേരം ഇവരെ കണ്ടിട്ടുള്ള ആനന്ദംകൊണ്ട് ഇത് അത്ര വിചാരിച്ചില്ല. ഇനി പറകതന്നെ. (ജനകനോടു സ്വകാര്യമായിട്ട്)

ഈവഴിയിൽവെച്ചിവണ്ണം
കേവലമോരോന്നു ചൊല്ലി നിന്നാലോ?
പോവുക ഗൃഹത്തിലേയ്ക്കായ് -
ബ്ഭൂവലശാസന! പറഞ്ഞുകൊണ്ടാലും. 27


ജനകൻ- ഓ, ഇതു ശരിതന്നെ. (വിശ്വാമിത്രനോടായിട്ട്) ഇതിലെ കടക്കാം

എന്ന് എല്ലാവരും പോയി

(നാലാമങ്കം കഴിഞ്ഞു.)



താളിളക്കം
!Designed By Praveen Varma MK!