Contacts

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍

സീതാസ്വയംവരം


അഞ്ചാമങ്കം

വിഷ്ക്കംഭം


(അനന്തരം രണ്ടു ബ്രാഹ്മണർ പ്രവേശിക്കുന്നു.)

ഒന്നാമൻ- അല്ലേ! വൃദ്ധബ്രാഹ്മണൻ അങ്ങ് എവിടേ നിന്നാണ് വരുന്നത്?

വൃദ്ധൻ - ഞാനോ? അയോദ്ധ്യയിൽനിന്ന്.

ചൊല്ലാളും ദശരഥമന്നവൻ വരുമ്പോ-
ളുല്ലാസാൽ ദ്വിജജനമെത്ര പോന്നു കൂടേ?
അല്ലാ താനിവിടെ വിശേഷമുള്ളതൊന്നും
കല്യാത്മൻ! കുതുകമൊടിന്നറിഞ്ഞതില്ലേ! 1


ബ്രാഹ്മണൻ- ഇല്ല, ഞാനൊന്നും അറിഞ്ഞില്ലല്ലോ. എന്താണിവിടെ വിശേഷം? എന്തിനാണ് ദശരഥരാജാവു് ഇവിടെ വന്നത്?

വൃദ്ധൻ- പടുവങ്ക! താനെവിടെ ചെന്നു കിടന്നിരുന്നു?

ബ്രാഹ്മണൻ- ഞാൻ ഹസ്തിനപുരത്തുകാരനാണ്. ഇന്നിവിടെ വന്നേയുള്ളു. അപ്പോഴക്കും എങ്ങിനെയാണ് ഇതൊക്കെ അറിയുക. ആട്ടെ, താനൊക്കെ വിസ്തരിച്ചു പറയൂ.

വൃദ്ധൻ- പറയാം. കേട്ടോളൂ.

പാരിൽപാരം പ്രസിദ്ധൻ ദശരഥനൃപനു-
ണ്ടായി നാലാളു പുത്ര-
ന്മാരെന്നാൽ നാലുപേരും നിരുപമനിപുണ -
ന്മാരതാണെങ്കിലും കേൾ
ചാരുശ്രീരാമഭദ്രൻ ചതുരനവരിൽവെ-
ച്ചഗ്രജൻ തന്നൊടേറ്റം
പേരും പാര്‍ത്താൽ സുമിത്രാതനയരിൽ വിരുതൻ
ലക്ഷ്മണൻ ലക്ഷണാഢ്യൻ. 2


എന്നാൽ എന്തോ ഒരു കാരണംകൊണ്ട് രാമലക്ഷ്മണന്മാർ വിശ്വാമിത്രമഹര്‍ഷിയുടെകൂടെ മിഥിലാരാജ്യത്തു ചാടിവീണു.

ബ്രാഹ്മണൻ- അപ്പഴോ?
വൃദ്ധൻ- ജനകരാജാവിന്റെ ഗൃഹത്തിൽ വെച്ചുപൂജിക്കുന്നതായ ശ്രീപരമേശ്വരന്റെ ഒരു വില്ലില്ലേ?

ബ്രാഹ്മണൻ- ഉവ്വ്.

ആ വില്ലെടുത്തു കുലയേറ്റുകിലായവന്നു
കൈവന്നിടും കമനി ജാനകിയെന്നിവണ്ണം
ശ്രീവീരവൈരമണിയാം ജനകന്റെ സത്യ-
മാ വിശ്വവിശ്രുതധനുസ്സിതു പറ്റിയില്ലേ? 3


വൃദ്ധൻ- അതേ, ശരിതന്നെ. സാക്ഷാൽ ശ്രീപരമേശ്വരന്റെ വില്ലു കുലയേറ്റാൻ രാമൻ വിചാരിച്ചാൽ കഴികയില്ലെന്നായി ജനകരാജാവ്.

അപ്പോൾ പരീക്ഷിക്കണമായതൊന്നു
കയ്പറ്റുമാറേകണമെന്നിവണ്ണം
കല്പിച്ചു സാക്ഷാൽ കുശികാത്മജാതൻ
കെല്പാര്‍ന്ന രാമന്റെ മുഖത്തു നോക്കി. 4


അപ്പോൾ ജനകരാജാവ്,

വരുത്തിടാം ഞാനിഹ വില്ലു; രാമൻ
പെരുത്ത മോദത്തോടു നോക്കിടട്ടേ;
കരുത്തൊടേന്തിക്കുലയേറ്റുമോയെ-
ന്നൊരിത്തിരിക്കും മമ ശങ്കയില്ല. 5


എന്നു പറഞ്ഞു വില്ലുവരുത്തി കാണിച്ചുകൊടുത്തു.

ബ്രാഹ്മണൻ- അപ്പൊഴോ?

വൃദ്ധൻ- അപ്പോൾ,

ഉടൻ കണ്ടു രാമൻ കുറഞ്ഞൊന്നടുത്തി-
ട്ടിടംകയ്യുകൊണ്ടേന്തിയാശ്ശംഭുചാപം
പൊടുക്കെന്നു ഞാണൊന്നു കെട്ടീട്ടു ലോകം
നടുങ്ങുന്നമട്ടിട്ടു മൂന്നാലുലച്ചാൻ. 6


ബ്രാഹ്മണൻ- എയ്! അതുവ്വോ? എന്നേ അത്ഭുതമോ?
വൃദ്ധൻ-

ആയതുനേരം ശാംഭവ-
മായൊരു ചാപം മുറിഞ്ഞു രണ്ടായി;
ഞായമൊടതുനേരം ഹരി-
ണായതമിഴി സീത രാമനുടെയായി. 7


അപ്പോൾ ജനകരാജാവ്',

സന്തോഷം, സങ്കടം, സംഭ്രമ, മതിതരമാ-
യത്ഭുതം പിന്നെയോര്‍ത്താ-
ലെന്തോ! ചൊല്ലാവതല്ലേ പലവക രസവും
മൈഥിലൻതൻമുഖത്തിൽ
ചിന്തും മാറങ്ങു കാണായിതു, ചിതമൊടു വൈ-
ദേഹിയെക്കൊണ്ടുവന്നി-
ട്ടന്തര്‍മ്മോദേന നൽകീ നിഖിലനൃപരിലും
കേമനാം രാമനായി. 8


എന്നിട്ടു്?

ഇതിനിവിടെ നമുക്കത്യന്ത സന്തോഷമായു-
ള്ളതിനുടെ ഫലമായിട്ടൂര്‍മ്മിളാനാമമോടും
ചിതമൊടു വിലസീടും പുത്രിയേ ലക്ഷ്മണന്നാ-
യിതസപദി കൊടുക്കുന്നുണ്ടതെന്നാൽ പ്രസന്നൻ. 9


പിന്നെ വിശ്വാമിത്രനെ നോക്കീട്ട്,

ഭവാനിവണ്ണം മമ ഭാഗ്യപൂരം
ഭവിയ്ക്കുവാനായിവരേ ഗൃഹത്തിൽ
ജവാൽ പ്രസാദിച്ചിഹ കൊണ്ടുവന്നൊ-
രവയ്ക്കു ചേരും ഫലമെന്തു ചൊൽവൂ? 10


അതുകൊണ്ട് എന്റെ അനുജന്റെ പുത്രികളായ മാല്യവതിയേയും ശ്രുതകീർത്തിയേയും ഭരതശത്രുഘ്നന്മാര്‍ക്കായിക്കൊണ്ടു കൊടുപ്പാനായി വിചാരിക്കുന്നു.

അപ്പോൾ വിശ്വാമിത്രൻ

എന്നാലുടൻ ദശരഥന്നൊരു ദൂതനേ വി-
ട്ടെന്നാൽത്തെളിഞ്ഞു വിവരങ്ങളറിഞ്ഞുവേഗം
വന്നീടുമാപതി തൻസുതരോടുകൂടി-
പിന്നീടു പോരുമിതു കേളിഹ വേളിയെല്ലാം. 11


എന്നു കേട്ടതിന്റെ ശേഷം ജനകൻ ഉടനെ അയോദ്ധ്യയിലേക്കു ദൂതനെ അയച്ചു.

ഇതു വിവരം കേട്ടപ്പോൾ
മതിവിവരംവിട്ടടച്ച രസമോടും
ധൃതിയോടും പദവിയൊടും
ക്ഷിതിപതി നിജപുത്രരൊത്തു വന്നെത്തി. 12


ആ കൂട്ടത്തിൽ ഞങ്ങൾ അനവധി ബ്രാഹ്മണരും വന്നിട്ടുണ്ട്.

ബ്രാഹ്മണൻ- എന്നാൽ നമുക്കിനി നല്ല തരം. അഞ്ചു പത്തു ദിവസം സദ്യ പൊടിപൊടിച്ചു സാപ്പിടാം.

വൃദ്ധൻ- അതു ശരിയാണ് . തൃഷ്ണക്കു വല്ല വകയുമുണ്ടാവും.

ബ്രാഹ്മണൻ-

അഷ്ടി മുറയ്ക്കും കഴിപ്പാ-
നഷ്ടകമോരോന്നു ഞാൻ ദിനംതോറും
തിട്ടം നമസ്കരിക്കുക
ചട്ടമതാണെട്ടു കൊല്ലമായിട്ടേ. 13


എന്നുതന്നെയല്ല,

ജട ഘനം ക്രമമെന്നിവയൊക്കയും
പടുതയിൽ സ്വരഭംഗമതെന്നിയേ
പൊടിപൊടിച്ചു പഠിയ്ക്കുവതിന്നുമി-
യ്യിട നമുക്കു മിടുക്കു കിടച്ചതേ. 14


അതുകൊണ്ടു വിവാഹത്തിന്റെ ക്രിയയ്ക്കും എന്നെ ക്ഷണിയ്ക്കുമായിരിക്കാം, അല്ലേ?

വൃദ്ധൻ- അതത്ര ഉറയ്ക്കാൻ പോവണ്ട.

എത്ര വൈദികജനങ്ങളുണ്ടു വ-
ന്നത്ര നിന്നു തല തല്ലിടുന്നുതേ?
വൃത്തിയോടു ദിനചര്യയിൽ പരം
കൃത്യമുള്ളവരെയാം ക്ഷണിപ്പതും. 15


ബ്രാഹ്മണൻ- എന്നാലും ഉത്സാഹിച്ചു നോക്കട്ടെ.

വൃദ്ധൻ- അതു വേണ്ടതാണ്. "ഉത്സാഹീ ലഭതേ കാര്യം" എന്നില്ലേ? നോക്കു പോയിനോക്കുക.
(എന്നു പോയി)

(വിഷ്കംഭം കഴിഞ്ഞു)


(അനന്തരം വിശ്വാമിത്രനും, വസിഷ്ഠനും, ശതാനന്ദനും, ദശരഥനും പുത്രന്മാരും, ജനകനും പുത്രിമാരും പ്രവേശിക്കുന്നു.)

രാമൻ - (വിചാരം)

ചാപം ഭഞ്ജിച്ചമൂലം ചതുരത കലരും
ചാരുസൽകീർത്തികിട്ടീ,
ഭൂപന്മാരൊക്കെ മട്ടീ, ഭൂവി പരമതിലും
പ്രീതിയുണ്ടൊന്നുകൊണ്ടു്
താപം കാമപ്രിയയ്ക്കേകിടുമഴകൊഴുകം
സീത പത്നീപദത്തെ
പ്രാപിയ്ക്കും കാര്യമോര്‍ക്കുമ്പൊഴുതു പഴുതട-
ച്ചുള്ളിൽ മുത്തേന്തിടുന്നേൻ. 16


സീത- (രാമനെ നോക്കീട്ട്')

പൂമൈ പുത്തൻകരിങ്കൂവളദളമാടു പോ-
രാടി മാനം ലഭിച്ചൂ
കാമൻ കായം മറച്ചൂ കളരുചി കലരും
രാമദേഹം നിനച്ചൂ
സാമര്‍ത്ഥ്യത്തോടൊളിച്ചൂ മമ മനസി തരം
നോക്കിയല്ലാതകണ്ടി-
ട്ടീമട്ടിൽ ബുദ്ധിധൈര്യക്കുറവിനിട വരാൻ
കാരണം കണ്ടതില്ല. 17

ഉര്‍മ്മിളയും ലക്ഷ്മണനും- (പരസ്പരം നോക്കീട്ട് വിചാരം)

കുളുർമതികരമൊക്കുന്നിശ്ശരീരത്തെ നോക്കു-
ന്നളവു മമ മനസ്സിൽ പ്രീതി വന്നേന്തിടുന്നു;
തളിരൊളിമൃദുഭാവം വാക്കിലുണ്ടെന്നുറയ്ക്കാൻ
തെളിവുതരുവതുണ്ടിയ്യാര്യമാം സൌകുമാര്യം. 18


ഭരതശത്രുഘ്നന്മാരും മാണ്ഡവീശ്രുതകീത്തികളും- (തമ്മിൽ നോക്കീട്ട് വിചാരം)

കാമസുഖത്തെയെടുപ്പാൻ
പ്രേമം സാരം നമുക്കതോ പാരം
കാമിതപൂര്‍ത്തിവരുത്തിയ
കാമ! കടാക്ഷിച്ചു മേൽക്കുമേൽ ഗുണമായ് 19


ജനകൻ - (ദശരഥനോട്)

പൂജ്യത്വമേറുമൊരു രാഘവവംശ്യരായി-
പ്രാജ്ഞത്വമോടുമൊരു ചാര്‍ച്ച വരുന്നതോര്‍ത്താൽ
ഇജ്ജന്മകൃത്യമഴകോടഖിലം കഴിഞ്ഞു
മുജ്ജന്മപുണ്യഫലമാണിതു തീര്‍ച്ചതന്നെ. 20


ദശരഥൻ-

ഉപനിഷത്തിലുമെത്രയുമുക്തനാം
നൃപതിസത്തമ! നിങ്ങടെ ചാർച്ചയാൽ
കപടമല്ല കൃതാര്‍ത്ഥത മേല്ക്കുമേൽ
സപദി വന്നതു ഞങ്ങളിലാണെടോ. 21


വിശ്വാമിത്രന്‍-

ഞാനെന്താണു പറഞ്ഞിടേണ്ടതിരുഭാ-
ഗക്കാര്‍ക്കുമോര്‍ക്കുംവിധൌ
നൂനം നല്ലൊരു ചേർച്ചയാണിതിതുമാ-
ത്രം ചൊല്ലി നിര്‍ത്താമിനി
ഊനംവിട്ടൊരു വേഴ്ച, രണ്ടു പരിഷ-
ക്കാരിങ്കലും തുല്യമായ് -
ത്താനുള്ളോര്‍ക്കിനി വല്ലതും പറകിലു-
ണ്ടാ പ്രശംസാഫലം. 22

വസിഷ്ഠൻ-

മഹത്തരശ്രീനിമിരാജവംശ-
മഹത്വമെന്തോ പറയേണ്ടതുണ്ടോ?
മഹിസ്ഥലേശര്‍ക്കറികീ വിവാഹ-
മഹത്തിനത്യാഗ്രഹമെന്നു ചൊല്ലാം. 23


ശതാനന്ദൻ -

വിവാഹകാലേ കുലമോതിവേണം
വിവാദമില്ലായതിനായി മേലിൽ
രവിപ്രസൂതിപ്രകൃതം പറഞ്ഞാൽ
ഭവിപ്പതൊന്നാണിഹ പൌനരുക്ത്യം. 24


അതുകൊണ്ടു കുലപ്രശംസാദികളൊന്നും ചെയ്യേണ്ടതില്ല. ഇനി ക്രിയ നടത്തുകതന്നെയല്ലേ?

(എല്ലാവരും സമ്മതിക്കുന്നു)

(ശതാനന്ദൻ കന്യകളുടേയും, വസിഷ്ഠൻ കുമാരന്മാരുടെയും പൌരോഹിത്യത്തോടുകൂടി വിവാഹക്രിയകൾ നടത്തുന്നു.)

വിശ്വാമിത്രന്‍-

ചാരുശ്രീസൂര്യവംശ്യോത്തമ! ദശരഥ! നിൻ-
നന്ദനന്മാര്‍ക്കിവണ്ണം
ചേരും കന്യാപ്രദാനം ക്രമമൊടിഹ കലാ-
ശിച്ചു വേണ്ടുന്നവണ്ണം;


(രാമനോടായിട്ട്)

ഹേ! രാമ! ക്ഷോണിപാലോത്തമമകുടമണേ!
നിൻ പ്രിയത്തിന്നുവേണ്ടി-
പ്പാരാതെന്തൊന്നു ഞാൻ ചെയ്യണമതിഹ കഥി-
ച്ചാലുമിച്ഛാനുകൂലം. 25

രാമൻ- (തൊഴുതുംകൊണ്ടു്)

അച്ഛൻതന്നരികത്തിൽനിന്നയി! ഭവാ-
ന്മാരിജ്ജനത്തെ ഗ്രഹി-
ച്ചഛന്നപ്രണയം കലർന്നു പല ദി-
വ്യാസ്ത്രങ്ങളും തന്നു മേ
ഉൾച്ചിന്നും വികൃതിത്വമുള്ളവർകളെ-
ക്കൊല്ലിച്ചുവെന്നല്ലിതാ
സ്വച്ഛന്ദം ക്ഷിതിജാവിവാഹവിധിയും
ചെയ്യിച്ചു സമ്പൂണ്ണമായ്. 26


എന്നാലിതിരിയ്ക്കട്ടെ.

ഭരതവാക്യം


ചന്ദ്രൻ നക്ഷത്രജാലം ചടുലരുചിയെഴും
ചാരുമാര്‍ത്താണ്ഡബിംബം
ചാരുത്വത്തോടുറപ്പേറിന ധരണിതലം
ത്വദ്യശസ്സാരപൂരം
എന്നിക്കാണിച്ചതെല്ലാമുടയൊരു ദിവസം-
തോറുമീ രാമനാമം
നന്ദിച്ചീടുംപ്രകാരം നിഖിലജനമുര-
യ്ക്കട്ടെ ദുഃഖങ്ങൾ നീക്കാൻ. 27


അത്രതന്നെയല്ല,

ചോരത്തിളപ്പും, ചൊരിയും ചുമപ്പും,
മാറിൽ തരിപ്പുള്ള മലപ്പൊടിപ്പും,
ദാരിദ്ര്യവായ്പും നടുവിൽ കിടപ്പു-
ള്ളൊരാദ്ദയാശക്തി ജയിച്ചിടട്ടേ. 28


(എല്ലാവരും പോയി)

(അഞ്ചാമങ്കം കഴിഞ്ഞു)
---------------------------


താളിളക്കം
!Designed By Praveen Varma MK!