Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകാവ്യങ്ങള്‍ / രാസക്രീഡ

രാസക്രീഡ

കുസുമമഞ്ജരീവൃത്തത്തിൽ നൂറ്റിമുപ്പത്തേഴു പദ്യങ്ങൾ. ക്രി: പി: എട്ടാംശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലായിരിക്കണം ഇതിന്റെ നിര്‍മ്മിതി.


ഹരി: ശ്രീഗണപതായ നമഃ അവിഘ്നമസ്തു


ഭൂമിഭാരപരിമോചനായ വസുദേവസദ്മനി പിറന്നുടൻ
രാമനോടു സഹ ഗോപവേശ്‌മനി വളര്‍ന്നനാളമരനായകൻ,
കാമബാണമകമേ തറച്ചു വിരഹാഗ്നിതൻ നടുവിൽനിന്നഹോ
ഭീമമായ പരിതാപമാര്‍ന്നു പശുപാംഗനാനികരമഞ്ജസാ.    1


കൊണ്ടൽവര്‍ണ്ണനതുകണ്ടനേരമിരുൾ കണ്ടിവാർകുഴലിമാര്‍ക്കെലാ- 
മിണ്ടൽ തീര്‍പ്പതിനു സന്ധ്യവന്നു ഭൂപനേ വിളങ്ങി വിലസുംവിധൌ,
തണ്ടലര്‍ച്ചരസമാനനായ്ക്കുഴലമൂതി നല്ല വിപിനാന്തരേ
കണ്ടുകണ്ടു നടകൊണ്ടു മാധവനഖണ്ഡനായ് മതിമനോഹരം    2


നല്ലമുല്ല നവമാലതീമുഖലതാവലീമലർമനോഹരം
പല്ലവങ്ങൾ ഫലപുഷ്പമെന്നിവ കനത്തു താണ തരുസഞ്ചയം
മെല്ലമെല്ലെ മധുവന്തി മന്ദമലരും മധുവ്രതസമാകുലം
വല്ലവീജന മമന്മരാഗഘ നമാവിവേശ മധുസൂദനാ.    3


ചെന്നു തത്ര വിപിനാന്തരേ നിഖിലനായകൻ കുഴലുമായ്തലാ
പൊന്നുകൊണ്ടു നിതരാം പടുത്ത സുരദാരുമൂലഭൂവി നിന്നുടൻ
കന്നാൽനേർമിഴികൾതന്നകത്തു മദനാര്‍ത്തിചേര്‍പ്പതിനു പാടിനാ-
നെന്നനേരമതുകേട്ടുഴന്നിതു നതാംഗിമാർകുലമശേഷവും    4


വേണുഗീതമതിമോഹനം ചെവിയിലേറെനേരമൊരു മന്മഥൻ
ബാണജാലമകമേ തറച്ചഴൽ പെരുത്തു പാഞ്ഞു നിജമന്ദിരാൽ
ബാണവൈരിപലതാർ തിരഞ്ഞു നടകൊണ്ടു തമ്മിലറിയാതെ ക-
ണ്ടേണശാബമിഴിമാർ വെടിഞ്ഞു നിജഗേഹപുത്രധനസഞ്ചയം    5


പാൽതികന്നതിനെ വാങ്ങുവാനൊരുവളാഞ്ഞനേരമതിമോഹനം
ഗീതിരീതികൾ നിശമ്യ മണ്ടിനടകൊണ്ടുതേ മുരഹരാന്തികം
മാൽപെരുത്തു പുനരങ്ങൊരുത്തി നിജമന്ദിരേ ദയിതസന്നിധൌ 
കാൽതലോടുമളവംബുജാക്ഷനികടത്തിൽ മണ്ടിനടകൊണ്ടുതേ    6


ഉണ്ടിരുന്നവളൊരുത്തിയമ്മധുരഗീതമമ്പിനോടു കേട്ടുടൻ
മണ്ടിനാളതുവെടിഞ്ഞു മാധവസമീപസീമ്നി മദനാതുരാ
കൊണ്ടൽവര്‍ണ്ണമധുരസ്വരം ചെവിയിലേറ്റനേരമൊരു കാമിനീ
മണ്ടിനാളഥ തടാകമാര്‍ന്നു കളിതങ്ങിനോരളവു മോഹിതാ.    7


ബാലകന്നു മുലനൽകുവാൻ മടിയിൽവെച്ചുകൊണ്ടു തുടരുന്നനാൾ
ബാലികാ മധുരഗീതമാർന്നതുവെടിഞ്ഞു പാഞ്ഞിതു വനാന്തരേ;
ചാല മറ്രൊരുവളഞ്ജസാ നിജവിഭൂഷണങ്ങളണിവാൻ തുനി-
ഞ്ഞാലയത്തിൽ മരുവുംവിധൌ രഭസമോടിനാൾ മുരഹരാന്തികം    8


ദോഹനത്തിനൊരു നാരിചെന്നു പശുസന്നിധൌ തുടരുമന്താരാ
മോഹനം വിമലഗീതമമ്പൊടു നിശമ്യ ദേവവദനോദിതം
ദോഹസാധനമെറിഞ്ഞു പാഞ്ഞിതു വനത്തിലേയ്ക്കു മധുസൂദന-
ന്മേവിനോരു സുരദാരുതൻ നികടമംഗജാധിവിധുരാശയാ.    9


ഇത്ഥമത്തലോടു മുഗ്ദ്ധലോചനസമീപമാര്‍ന്നു മധുവാണിമാർ
ബദ്ധമോദമവർകണ്ടുതേ വിപിനമണ്ഡലേ മധുനിഷൂദനം
ചിത്രരത്നകൃതകല്പകത്തിനടിയിൽച്ചമഞ്ഞ, മുരളീരവം
പത്തുദിക്കുമലിയും പ്രകാരമധികം വിളിച്ചു, സുമനോഹരം    10


കൊണ്ടൽ പോലെ നിറമാണ്ട കേശവുമുരുണ്ടു നീണ്ട ഭുജദണ്ഡവും
കണ്ഠസീമ്നി വനമാല കൌസ്തുഭവുമിണ്ടമാല മണിഹാരവും
ഗണ്ഡമണ്ഡവിലോലമാനമണികുണ്ഡലങ്ങൾ മൃദുഹാസവും
തൊണ്ടിയോടെതിരുകൊണ്ട വായ്മലരു,മാണ്ടെഴുന്നൊരു കടാക്ഷവും    11


കങ്കണാദിമണിഭൂഷണാങ്കിതകരാംബുജദ്വയമനോഹരം
കിങ്കിണീഗണ നിബദ്ധപീതപടമംരാഗപരിലേപിതം
പങ്കജാലസിതവക്ഷസം പൃഥുനിതംബമൂരുയുഗമണ്ഡിതം
ഘംഘണാസഹപദാംബുജം തദനു കണ്ടുതേ യുവതിമണ്ഡലം.    12


കന്നൽ നേർമിഴികളൊക്കെവേ മദനമാൽകലര്‍ന്നു മധുസൂദനൻ-
തന്നുടെ നികടമാര്ന്നുകൊണ്ടു തൊഴുതീടിനോരു സമയേ മുദാ
മന്ദഹാസമതു തൂകി മന്ദമരുൾ ചെയ്തിരുന്നു മധുസൂദനൻ
സുന്ദരീജനമുഖം വിലോക മകരന്ദസാരമധുരാക്ഷരം    13


മന്ദിരത്തിലൊരു താപമങ്ങു വലുതായിവന്നതു പൊറായ്കയോ,
ചന്തമോടു പരിചന്ഥിവര്‍ഗ്ഗമുടനങ്ങു വന്നു കലഹിക്കയോ,
എന്തു നിങ്ങളിവിടെയ്ക്കു രാത്രിയിലമന്ദമോടിവരുവാനെടോ!
എന്തു കാരണമിതെന്നുചൊൽക മമ ബന്ധുവായ യുവതീജനം    14


നല്ല പൂനിരപടർന്ന വല്ലികൾ മരങ്ങൾ കുന്നുകൾ സരസ്സുകൾ
ചൊല്ലെഴുന്ന മധുപങ്ങൾ പക്ഷികൾ മൃഗങ്ങളെന്നിവ നിറഞ്ഞിടും
നല്ലനല്ല വനശോഭകാണ്മതിനിതല്ലയോ സഖികളൊക്കവേ
മെല്ലവേ സഹ വരുന്നു നിങ്ങളിവിടേയ്ക്കിതെങ്കിലിതു നന്നെടോ    15


കണ്ടുകൊണ്ടു നടകൊൾവിനെങ്കിലുടനേ തെളിഞ്ഞരികെ കണ്ടിടാ-
ഞ്ഞിണ്ടൽ പൂണ്ട നിജബന്ധുജാലമുഴലാതെ കണ്ടു നിജമന്ദിരാൽ 
കണ്ടിവാർകുഴലിമാർകളെങ്കലനുരാഗമാർന്നിടുകയെങ്കിലോ
വേണ്ടതിന്നതുവരുന്നവസ്തു ഭൂവനത്തിലുള്ളവരിലഞ്ജസാ    16


രാവിവണ്ണമലസാക്ഷിമാര്‍ക്കു നിജകാമുകന്നരികിൽ നിന്നഹോ
പോകയെന്നതു പതിവ്രതയ്ക്കു ബത യോഗ്യമല്ല പറയുംവിധൌ
സർവ്വദോഷ പരിപൂര്‍ണ്ണനെങ്കിലുമൊരിക്കലും പതിയൊടാരുമേ
ഗര്‍വതേടരുതിതത്രയല്ല പതി ദൈവതം കലവധൂനെടോ    17


കാമമെന്നെ നിനവാര്‍ന്നുകൊണ്ടു മരുവേണമെങ്കിലകലത്തെടോ,
ഭീമമായ ഭവവാരിരാശി, മമ തീരമാര്‍ന്നു മരുവീടുവിൻ;
കാമിനീജനമകന്നുപോയ നിജകാന്തനെക്കരുതുമെങ്ങനേ
പ്രേമമിങ്ങു നികടേ വസിക്കിലതുപോലെ വന്നിടുകയില്ലയോ?    18


എന്നിവണ്ണമരുളുന്ന വാക്കുകളുടൻ നിശമ്യ കളവാണിമാർ
തന്നകത്തു നിനവിന്നു ഭംഗമതു വന്നതോര്‍ത്തവശമാനസാ
കണ്ണുനീരു പരിചോടു വാർത്തു വിരൽ കൊണ്ടു ഭൂമിയിൽ വരച്ചഹോ
നിന്നുതേ ചിലരനേകമോഹവിധുരാശയാ നതമുഖാംബുജാഃ    19


ഇത്ഥമച്യുതനുരച്ചവാക്കു വിരവിൽദ്ധരിച്ചു മൃദുവാണിമാ-
രത്തൽ പൂണ്ടു നയനം തുടച്ചഖിലമോര്‍ത്തു ഗൽഗദതരാക്ഷരം
ഉത്തരം വചനമോതിനാരവർകളെത്രയും പരുഷമായഹോ
മുഗ്ദ്ധലോചനമുഖം വിലോക്യ രുചിരസ്ഫുരന്മൃദുതരാധരാഃ    20


ഇങ്ങനേ ബത തുടങ്ങൊലാ തവ പദാംബുജം കരുതിവന്നിടും
ഞങ്ങളോടു കരുണാനിധേ! സകലധര്‍മ്മമങ്ങറിയുമേ ഭവാൻ
എങ്ങുമുള്ള ജനതാന്തരേ പതിസുതാദികേ സതത,മാത്മനാ
ഭംഗിയോടു മരുവുന്ന നിങ്കലകതാരഴിഞ്ഞതിതു ദോഷമോ?    21


പങ്കജാക്ഷ! കരുണാനിധേ! കരുണ ഞങ്ങളിൽക്കരുതു, നിമ്പദം-
തങ്കലാശ്രയമിയന്നുവന്നവരോടങ്കമെന്തിഹ തുടങ്ങുവാൻ?
നിങ്കലാശ പലകാലമാണ്ടതു ലഭിപ്പതിന്നു തരമായ നാൾ
ഭംഗമാക്കരുതു വല്ലഭാ! മദനമൽകലര്‍ന്നുഴലുമെങ്ങളിൽ    22


നിൻമുഖാംബുജമതീന്നു സാന്ദ്രമുയരുന്ന ഗീതരസരീതികൊ-
ണ്ടെങ്ങൾ ചിത്തമഖിലം കവര്‍ന്നിതു ഗൃഹത്തിൽ നിന്നസമയേ പുരാ
ഇന്നു നിൻനികടമാർന്നപോതു നടകൊള്ളുവാൻ വ്രജഗൃഹത്തിലെ-
യ്ക്കെന്നുമേ പലകരങ്ങളൊന്നുമിളകുന്നതല്ല കമലാപതേ    23


ഇത്തരങ്ങൾ പറയായ്കെടോ മൃദുലഹാസവീക്ഷണവിലോഭനൈ -
രുൾത്തളിര്‍ക്കലലര്‍ബാണവഹ്നിവരുന്നനാള, ധരശീഥുനാ
മുഗ്ദ്ധലോചന! പൊഴിഞ്ഞു നിര്‍വൃതിവരുത്തിടേണമലമന്യഥാ
ചത്തുപോകുമിതുകാൺ പൊരിഞ്ഞു വിരഹാഗ്നിതൻ നടുവിൽ വീണഹോ    24


നാന്മുഖാദിസുരനാഥരൊക്കയുമൊരിത്തിരിക്കരുണ കിട്ടുവാൻ
നന്മചെയ്തു പദതാർവണങ്ങുമഖിലാര്‍ത്ഥമങ്ങു തടവീടുവാൻ
നന്നു ദേവി കമലാ തപസ്സു പെരികക്കലർന്നിതു പദാംബുജം,
തന്നിലുള്ള പൊടികിട്ടുവാൻ തവ കിമത്ര ഞങ്ങൾ പറയാതോ?    25


മന്ദിരത്തെയുമുടൻ വെടിഞ്ഞു പല ബന്ധുമാതൃപിതൃസോദരാ
നന്ദനാദിപതിയെന്നുചൊല്ലിനതുമിന്ദിരാവര! സമസ്തവും
ഹന്ത! ഞങ്ങളകലേ വെടിഞ്ഞു തവ പാദപത്മമുടനാശ്രയം
ചന്തമോടു കരുതീട്ടുവന്ന ഗൃഹദാസിമാരെ വെടിയായ്കെടോ.    26


ഇന്ദുബിംബനെറി തേടുമാ മുഖസരോജവും മൃദുലഹാസവും
സാന്ദ്രശീതളദയാനുരാഗവുമിയന്ന കണ്മുനവിലാസവും
കുന്തളങ്ങൾ മണികുണ്ഡലങ്ങൾ വിലസുന്ന ഗണ്ഡവുമുദാരമാം
ദന്തപംക്തി മധുരാധരാദികൾ വിലോക്യ ഞങ്ങളഴലാര്‍ന്നുതേ.    27


അംഗദങ്ങൾ വരകങ്കണങ്ങൾ ബഹുലാംഗുലീയകമുഖാദിയാം
മംഗലാഭരണശോഭപൂണ്ട കരപങ്കജത്തിലയി തേ സദാ
തുംഗമായ രസരീതികൊണ്ടുലകലിച്ചിടുന്ന മുരളീരവം
പങ്കജാക്ഷ! ചെവിയിൽക്കലര്‍ന്നു മലർബാണമേറ്റു വലയുന്നുതേ    28


കണ്ഠദേശമതിലാണ്ട കൌസ്തുഭവുമിണ്ടമാല മണിഹാരവും
തണ്ടലർത്തരുണി മേവിനോരു തിരുമാറുമങ്ങു തിരുവത്സവും
വണ്ടണഞ്ഞു മധുവുണ്ടലഞ്ഞടിയിൽവീണ നല്ല വനമാലയും
കൊണ്ടലോടെതിരിടുന്ന മൈനിറവുമെങ്ങൾകണ്ടു വലയുന്നുതേ    29


പഞ്ചരാഗമിഴുകുന്ന മേനിയുലകൊക്കെയുള്ളിൽ മറിമായയാ
സഞ്ചരിച്ചതികൃശത്വമാണ്ട നവരോമരാജിലസിതോദരം
കാഞ്ചനാംബരമുടുത്തതിങ്കൽ വിലസുന്നകിങ്കിണികൾ കാഞ്ചിയും
കഞ്ജനാഭ! തവ രൂനിതംബവുമഹോ! വിലോക്യ മദനാതുരാഃ    30


രംഭയും വലിയ കംഭിതൻകരവുമമ്പിനോടുനെ കുമ്പിടും
കമ്രമാം തുടകൾ ജാനുവും ക്രമമിയന്നിടുന്ന തവ ജംഘയും
സംഭ്രമത്തിലിളകുന്ന നൂപുരവുമുമ്പർനാഥ! വിരലും തഥാ
നിൻപദാംബുജവുമെന്നുവേണ്ട സകലം നിനച്ചു പരിമോഹിതാഃ    31


ലോകലോചനമനോജ്ഞമായ തവ മേനികണ്ടു മലർബാണമേ-
റ്റാക ഞങ്ങൾ വലയുന്നുതേ പരമപൂരുഷാ! ദയാനിധേ!
ശോകവാരിധിയിൽനിന്നു ഞങ്ങളെയുയർത്തിവച്ചു മതമൊക്കെയി-
ന്നേകവേണമതുചെയ്തിടായ്കിലയി! ഞങ്ങൾ വാനിൽ നടകൊള്ളുമേ    32


ഉൾത്തളിര്‍ക്കലധികംവരുന്ന മദനാർത്തി തീര്‍പ്പതിനു സത്വരം
സ്നിഗ്ദ്ധമായ തവ ഹസ്ത പങ്കജമെടുത്തുവെയ്ക്ക മൃദുശീതളം
ഉത്തമാംഗമതിലും മുഖത്തുമിഹ മുത്തണിഞ്ഞ മുലമൊട്ടിലും
മുഗ്ദ്ധലോചന! ദയാനിധേ! കരുതു മുഗ്ദ്ധദാസികളിലാദരം.    33


ഇത്തരം പരുഷമുത്തരം വചനമൊക്കെയും ചെവിയിലേറ്റുടൻ 
മുദ്ധലോചനനടുത്തുചെന്നവരൊടൊത്തുകൊണ്ടു കളി തേടിനാൻ
പത്രപുഷ്പഫലസഞ്ചയങ്ങൾ പെരുകിക്കനത്ത തരുവല്ലരീ-
ചിത്രമായ യമുനാതടോപവനമാര്‍ന്നുകൊണ്ടു മൃദുസൈകതേ    34


ചിത്രമെന്തു പറയാവതത്ര മൃദുവാണിമാരിടയിലീശ്വരൻ 
നേത്രപാതപരിചുംബനാലപനമന്ദഹാസമധുരാക്ഷരൈഃ
ചേർത്തുകൊണ്ടു രതി തേടിനാൻ യുവതിമാരൊടേ, ഗഗനമണ്ഡലേ 
രാത്രിയിങ്കലമൃതാംശുമണ്ഡലമതെങ്ങനേ വിമലതാരകൈഃ    35


നന്ദനന്ദനനിരിപ്പെടത്തു നടകൊള്ളുവാൻ ചില നതാംഗിമാർ
മന്ദിരാന്തമതീന്നു വേഗമൊടു പോവതിന്നു തുനിയുംവിധൌ,
ബന്ധുവായവർ തടുത്തയത്തളവു ചിന്തചെയ്തു മധുസൂദനന്‍-
തങ്കലാര്‍ന്നു ഗതി തേടിനാരവർ വെടിഞ്ഞു ദേഹമുടനേ മുദാ        36


മല്ലബാണതുയിർകൊണ്ടുഴന്നു പശുപാംഗനാനികരവും തദാ
മല്ലവൈരിയുമടുത്തു കാമരസരീതികൊണ്ടു വിലസുംവിധൌ.
വല്ലവീജനഹൃദന്തരത്തിൽ വളരുന്ന സൌഭഗമദങ്ങൾ ക-
ണ്ടല്ലൽ മെല്ലെ നടകൊണ്ടിതങ്ങാളിവിലംബുജാക്ഷനതു തീരുവാൻ.    37


സുന്ദരാംഗികൾ മറന്നഴിഞ്ഞു മുകിൽവര്‍ണ്ണരോടു രതിതേടിനോ-
രന്തരാ മറയിലാര്‍ന്ന നേരമഴൽപൂണ്ടിവണ്ണമുരചെയ്തുതേ.
"ഹന്ത കാന്ത കരുണാനിധേ! മറയിലെന്തിനിന്നു മറയുന്നു നീ;
ചന്തമോടു തിരുമനി ഞങ്ങളുടെ മുമ്പിലാക്കുക ദയാനിധേ!"    38


എങ്ങുവാൻ ദയിതനെങ്ങുവാനിതി തിരഞ്ഞു നീളെ നടകൊണ്ടഹോ
തിങ്ങിനോരു പരിതാപമാര്‍ന്നഖിലവല്ലവീജനമുഴന്നുടൻ
അങ്ങു ചെന്നു വിപിനാന്തരേ പല ലതാതരുക്കളൊടുമച്യുതൻ
ഭംഗിയോടു നടകൊണ്ടദിക്കവർകൾ ചോദ്യമാര്‍ന്നു നടകൊണ്ടുതേ    39


"വൃക്ഷരാജ! പറയേണമിന്നു ഭൂവനേശ്വരൻ പദവി ഞങ്ങളോ-
ടിക്ഷണം, കിമുത കണ്ടുതോ? മദനമാൽ കലർന്നു വലയുന്നുതേ;
സൂക്ഷ്മമെങ്ങളൊടു ചൊല്ലു നീയുമപി കണ്ടുതോ വടതരോ ഭവാൻ
പക്ഷിവാഹന പദാംബുജം തൊഴുതുകൊണ്ടു ഞങ്ങൾ പറയുന്നുതേ    40


അത്തിയോടു പറയുന്നു ഞങ്ങിളതിനുത്തരം പറക കണ്ടുതോ
മുഗ്ദ്ധലോചനപദാംബുജം പ്രണതഭക്തലോകപരിപാലനം.
ആര്‍ത്തി ഞങ്ങളിൽ വരുത്തിയോടി മറയത്തിയന്നവനെയെത്തിയാ
ചേര്‍ത്തിടങ്ങളിലൊരുത്തി നീ കരുണ സത്യവാക്കു പറയേണമേ.    41


ചൂതപോത തവ പല്ലവങ്ങളഴകോടൊടിച്ചു ബത ചാര്‍ത്തുവാ-
നാദരേണ നികടേ ഭവാൻ സപദി കണ്ടുതോ കമലലോചനം.
പാതിരിത്തരുപറഞ്ഞിതോ മറയിൽ മണ്ടുമക്കപടമാനുഷൻ-
തന്നുടേ പദവി ചൊല്ലുചൊല്ലു മദനാര്‍ത്തി പൂണ്ടു വലയുന്നുതേ.    42


കണ്ടുതോ ബകുള! മണ്ടുമാറുപരി കണ്ടിവാർകുഴലിമാര്‍ക്കുടൻ
തണ്ടലര്‍ച്ചരതുരം  ചൊടുക്കുമൊരു കൊണ്ടൽവര്‍ണ്ണപദപങ്കജം
മിണ്ടെടോ സരസസാലപോത ബത! കണ്ടുതോ കപടമാനുഷൻ
പുണ്ഡരീകനയനൻ വരുന്നവഴി മണ്ടുമാറു ബഹു കാനനേ?    43


കുന്ദ നീ പറക നന്ദഗോപസുതനെങ്ങൊളിച്ചു മരുവുന്നുവെ-
ന്നെങ്ങളോടു ഭയമാര്‍ന്നുകൊണ്ടു പറയാത്തതെന്തിതു ഭവാനെടോ?
മന്ദഹാസനെറി നിന്ദചെയ്തു തവ സുന്ദരത്വമിളതാക്കുമി-
ന്നെന്നതോ മനസി ശങ്ക നിങ്കലിഹ ചൊല്ലു ഗൂഢമതിനിന്നു നീ    44


ശോകമെങ്ങളിലശോക നാശമിഹ ചേർത്തിടേണമടികൂപ്പിനേൻ
കേശവൻ മറയിലെങ്ങുവാൻ പറക നാശമാക്കി നടകൊണ്ടവൻ?
ആശനത്തിലലർബാണമേറ്റു വലയുന്നുതേ പറക നീയെടോ
കാശവൃക്ഷ! പശുപാലബാലനെവിടുത്തു വന്നു മഹിതാദരം?    45


നേരുചൊല്ലു തിരുമാറിടത്തിൽ വിലസുന്ന നീ തുളസി മാധവൻ
മാറിയൊരു വഴിയേതിതെന്നു പരമാര്‍ത്ഥമായതിതു സാദരം
മാരതാപമിയലുന്നുതേ പറക കല്പവല്ലി! മധുസൂദനൻ
പോയമാര്‍ഗ്ഗമയി മാധവീ! പറക നീയുമിന്നു ദയ പൂണ്ടെടോ.    46


മല്ലികേ! കഥയ വല്ലഭന്റെ കഥ വല്ലവണ്ണമഴകോടു നീ-
യുള്ളിലല്ലൽ വിരവോടു മാറ്റുക മനോഹരേ! ശരണമസ്തു തേ
നല്ല പത്മിനി പറഞ്ഞിടേണമയി പത്മനാഭചരിതാമൃതം
കള്ളനങ്ങൊളിവിലെങ്ങുപോയിതു പറഞ്ഞിടേണമയി സാദരം    47


മത്തവാരണഗതിക്കു നിന്നൊടു മറുത്തു മന്ദമെഴുനള്ളുമ-
മുഗ്ദ്ധലോചനനടുത്തു നീ കപടമെന്നിയേ പറക കണ്ടിതോ?
കൃഷ്ണസാരമൃഗപോത! കോക മഹിതാശു ചൊല്ലു മധുസൂദനൻ
കൃഷ്ണനെങ്ങു നടകൊണ്ടുതെന്ന പരമാര്‍ത്ഥമായതധുനാ സഖേ!    48


ഇന്ദുശീതകിരണങ്ങളേന്തി മരുവും ചകോര! ശുകശാരികേ!
സുന്ദരാഗമ പറന്നിടുന്ന കളഹംസ! കാമുകരസായന!"
ഹന്ത കാമിനികളിങ്ങനേ വിരഹതാപമാര്‍ന്നു വിപിനങ്ങളിൽ
ഭ്രാന്തുകൊണ്ടു നടകൊണ്ടുതേ മദനമാൽ കലര്‍ന്നു മഹിളാജനം    49


പിന്നെയത്തരുണിമാർകളൊക്കയൊരുമിച്ചുകൊണ്ടു ഭൂവനേശ്വരൻ
തന്നുടേ ചരിതമമ്പിനോടുടനുരച്ചുതേ മതിമറന്നഹോ
ചെന്നുകൊണ്ടു മുലനൽകിനാളൊരുവൾ പൂതനാമനുകരിച്ചഹോ
കൃഷ്ണനായ് മുല കുടിച്ചുതേ പരിചൊടങ്ങൊരുത്തി മദനാതുരാ.    50


മറ്റൊരുത്തി മലരെക്കിടന്നു പദതാരുകൊണ്ടഥ ചവിട്ടിനാൾ
കറ്റവാർകുഴലി ചാടിതെന്നൊരുവൾ മെയ്യിലങ്ങു ചലമാനസാ;
കാറ്റുപോലെ കരുതീട്ടൊരുത്തത്തി പിടിപെട്ടുകൊണ്ടു നടകൊണ്ടു തേ
മറ്റൊരുത്തിയെ മുകുന്ദനെന്നു നിനവാര്‍ന്നു തത്ര പരിമോഹിതാ    51


അമ്മയെന്നൊരുവൾ മായകൊണ്ടു ബത കെട്ടിനാളൊരു നതാംഗിയെ
ചിന്മയൻ പുരുഷനെന്നുവെച്ചു രതിതേടിനാളുരലിലഞ്ജസാ
വന്മരങ്ങളിവയെന്നു രണ്ടു മധുവാണിമാർ നടുവിലഞ്ജസാ;
ഉന്മദത്തിൽ നടകൊണ്ടിതങ്ങൊരു നതാംഗി തത്ര മദനാതുരാ    52


മണ്ണു തിന്നിതു കുമാരനെന്നൊരുവൾ പൊന്നാനേരമപരാംഗനാ
കണ്ണനെന്നു നിനവാര്‍ന്നു വായ്മലർ പിളന്ര്‍നു കാട്ടിയതിമോഹിതാ
വിണ്ണവേന്ദ്രനധികം ചൊരിഞ്ഞ മഴ നിർത്തുവാനൊരുവളംബരം
വണ്ണയങ്ങുയരെനിര്‍ത്തിനാൾ മുദുലബാഹുനാ കമലലോചനാ.    53


കാട്ടുതീയിത വരുന്നു നിങ്ങൾ നയനങ്ങൾ ചിമ്മുകയിതി ക്ഷണം
വാട്ടമെന്നിയെ കുടിച്ചിട്ടുണ്ടു ഭയമാര്‍ന്നിടേണ്ട പശുപാലരേ
കൂട്ടമിട്ടു വഴിയും പിഴച്ചു വലയുന്ന ഗോക്കളെ വിളിച്ചിടും
പാട്ടിലങ്ങു വരുവാൻ വിളിച്ചിതു ഘനാഭിരാമമപരാംഗനാ    54


അങ്കസീമനി കിടത്തിനാളൊരു നതാംഗി മറ്റൊരു നതാംഗിയെ
പ്പങ്കജാവരനിതെന്നു ചൊല്ലിയവൾ കൊഞ്ചിനാളധികമോഹിതാ
അംഗനാജനമനംഗമാൽ പെരുകിയിങ്ങനേ മധുനിഷൂദനൻ
തങ്കലേറെ മതിപൂണ്ടു ഗോപചപലാക്ഷിമാർ ചപലമാർന്നിതേ    55


ചന്തമോടു വിപിനാന്തരേ പശുപസുന്ദരീജനമശേഷവും
നന്ദസുനുപദതാർ തിരഞ്ഞു നടകൊണ്ടനേരമവർ കണ്ടുതേ
ഇന്ദിരാപതിപദാംബുജം പലവ ചിഹ്നമാർന്നാധികമോഹനാ
ഭംഗിയോടതിനിടഞ്ഞു മറ്റൊരു നതാംഗിതന്നടിയുമഞ്ജസാ.    56


വല്ലവീജനമഴ, ന്നിയന്നവളിലുള്ള ഭാഗ്യമതുകണ്ടഹോ
ചൊല്ലിനാരവർകൾതങ്ങളിൽ "പെരികെ നന്നിതോമളവെത്രയും
മല്ലനേർമിഴിയൊരുത്തിയിങ്കൽ മനതാരഴിഞ്ഞു മധുസൂദനൻ
കള്ളനെങ്ങളെ വെടിഞ്ഞൊളിച്ചു രതിതേടുവാനവളുമായെടോ.    57


നല്ലഭാഗ്യമിതു കാണ്മിനിന്നിഖിലനാരിമാർകളെ വെടിഞ്ഞവൻ
മെല്ലവ മദനമാൽ കലർന്നവളുമായ്‍വനത്തിൽ നടകൊണ്ടുതേ
ചൊല്ലിടാമിവൾ നടേ ലഭിച്ച സുകൃതാതിരേകപരിപാകമെ-
ന്നല്ലയോ സഖികൾ തോന്നി നിങ്ങളിൽ നമുക്കതിന്നു തടവായ്കയാൽ"    58


കൊണ്ടൽവര്‍ണ്ണപദതാരുതന്നിലിടചേര്‍ന്നുകൊണ്ടു മരുവുന്ന നൽ-
ക്കണ്ടിവാർകുഴലിതൻ പദങ്ങളഥ കണ്ടനേരമബലാജനം
തണ്ടിനാരധികമാധിയും വലിയ കോപവും ബഹുലമാനവും,
തണ്ടലർച്ചതുരാലവര്‍ക്കകതളിര്‍ക്കലാണ്ടതറിയാവതോ!    59


കഷ്ടമെന്തു പറയാവതിന്നിതിനു ധൃഷ്ടമിങ്ങിവളെ നമ്മുടേ
മട്ടെഴുന്നzധുരാധരാകൃതമെഴുന്നകാഞനൊടു പോയിതെ;
കിട്ടുമോ ബത! നമുക്കിതിന്നവനനിഷ്ടമാകിനതു വേണ്ടിയി-
ല്ലിഷ്ടയായവൾതനിക്കുതന്നെയതു കിട്ടുമെങ്കിലതു പോരുമേ.    60


ആക്കമാർന്നവർകൾ പിന്നെയും വഴിയിൽ നീളവേമധുനിഷൂദനൻ
തൃക്കഴൽത്തളിർ തിരഞ്ഞുപോമളവു കണ്ടിവണ്ണമവർചൊല്ലിനാർ
പുൽക്കൊടിക്കലഴൽപൂണ്ടവൾക്കു നടകൊള്ളുവാൻ കഴിവു വന്നിടാ-
ഞ്ഞക്ഷണം ചുമലിൽ വെച്ചുകൊണ്ടു നടകൊണ്ടുതേ ജളത പൂണ്ടിവൻ    61


പങ്കജാക്ഷനിവിടുന്നു പൂമലരറുത്തിടാനവളെ മെല്ലവെ
തൻ കഴുത്തിലഥ നിര്‍ത്തിയങ്ങു നവമാലതീകുസുമമാർന്നുതേ;
അംഗജാര്‍ത്തി തടവീട്ടവൻ മടിയിൽ വെച്ചുകൊണ്ടഥ ശിരോരുഹേ
ഭംഗിയോടു മലർ ചാര്‍ത്തിനാനിവിടെ വന്നിരുന്നു തളിർമെത്തമേൽ    62


അംസദേശമതിൽവെച്ചുകൊണ്ടു കരപല്ലവം സഖി തളർച്ചയാ
കംസവൈരി തിരുമേനിമേൽത്തഴുകി നിന്നദേശമിതു കാണെടോ
ശിംശപാനിഴലിലാര്‍ന്നുകൊണ്ടു മലർമെത്തചേർത്തതിതു കാണെടോ
സംശയം കളക മാരകേളി തടവീട്ടിരുന്നിവിടെനിന്നഹോ    63


മുന്നടിക്കലമിഴച്ചു വട്ടിളവരത്തു നിന്ന മലരെത്തുവാൻ
കന്നൽനേർമിഴിനിവിർന്നറുത്തിതിവിടുന്നു പുഷ്പമിതു കാണെടോ
തന്നവൾക്കു കുസുമം പറിച്ചു ബത ചാര്‍ത്തുവാനഖിലനായകൻ
വന്നിതിന്മലുയരത്തു ചെന്നു കരയേറിനാന്മദനമോഹിതൻ    64


നല്ല നല്ല കുസുമങ്ങൾ പല്ലവദളങ്ങളുള്ള നവവല്ലരീ
മല്ലമായ ഗൃഹമാര്‍ന്നു കൊണ്ടിവിടെ മുല്ലബാണകളി തേടിനാൾ
മെല്ലെ വന്നവളുമല്ലൽപോവതിനു വല്ലഭന്റെമടിയിൽ തദാ
വല്ലവീശയനമാര്‍ന്നുതേ വിമലശീതരശ്മികരശോഭിതേ    65


മങ്കമാർ വിപിനമണ്ഡലേ മലർചരാര്‍ത്തി പൂണ്ടു മധുസൂദനൻ
തങ്കഴൽത്തളിർ തിരഞ്ഞു നീളെ നടകൊണ്ടനേരമഥ രാധികാ
എങ്കലുള്ള പല ഭംഗികണ്ടു ബഹുമങ്കമാർകളെ വെടിഞ്ഞിവൻ
പങ്കജാവരനിതെങ്കഴൽക്കലിളകൊണ്ടുവെന്നു മദമാർന്നുതേ    66


ഇങ്ങനേ മദമിയന്നുകൊണ്ടവൾ പറഞ്ഞുതേ ദയിതസന്നിധൌ
"പങ്കജാക്ഷ! വിപിനാന്തരത്തിൽ നടകൊൾകകൊണ്ടു വളരുന്നുമാൽ;
നിങ്കഴുത്തിലഴകോടെടുത്തു നടകൊൾകവേണ്ടുകി"ലിതെന്നവൾ
ചൊന്നനേരമവളെ ക്കുനിഞ്ഞു'നെടുപ്പതിന്നു തുടരുംവിധൌ    67


മാറിയാന്മറയിലേകനവ്യയനജൻ പരൻ പരമപുരുഷൻ
കാരണൻ സകലനിഷ്ക്കളാത്മകനനേകനാദ്യനഖിലേശ്വരൻ 
വേർപിരിഞ്ഞവളുമാടൽപൂണ്ടവനിതന്നിൽവീണു മുറയിട്ടുതേ
ദൂരവേ ദയിതനോടിയോരളവു ഗോപികാ തദനു രാധികാ    68


"ഹന്ത കാന്ത! കരുണാനിധേ! കരുതിടെങ്കലിത്തിരികൃപാമെടോ
ബന്ധുഗേഹധനമെന്നിതൊക്കയുമുടൻ വെടിഞ്ഞു വരുമെന്നിൽ നീ
നന്ദഗോപസുത നിൻ പദാംബുരുഹമാശ്രയിച്ചവളെയെന്തുവാൻ
ദന്തിസിംഹമഹിഷാദി ചേര്‍ന്ന വിപിനത്തിലിന്നു വെടിയുന്നുതേ?    69


വേർതിരിച്ചു പല നാരിമാരിടയിലെന്നെ നീ വിപിനകോടരേ
പോർ നിനച്ചിതിനു കൊണ്ടുപോന്നതഹമേതുമൊന്നു കരുതീലവാൻ
മാറിടത്തിലലർബാണമേറ്റു, മമ മുന്നമേ മരണമാര്‍ന്നിടാൻ
നേരിടുന്നവളൊടാത്മദാസിയൊടു വേണ്ടതല്ലിതു ദയാനിധേ!    70


എന്നിവണ്ണമിവൾ വീണു ഭൂമിയിലുഴന്നുരുണ്ടു കരയും വിധൌ
വന്നുതേ സകലനാരിമാരുമവിടത്തിരഞ്ഞു നിജകാമുകം
എന്നനേരമവൾ ചൊല്ലിനാളവരൊടാത്മനാണമവമാനവും
തന്നിലാര്‍ന്നൊരു മദം മനസ്സിലിളകൊണ്ടതും പശുപബാലികാ.    71


അക്ഷണം തരുണിമാർകളൊക്കയൊരുമിച്ചുകൊണ്ടു മുരശാസനം
ദിക്കിലെങ്ങു മുഴറിത്തിരഞ്ഞളവു കണ്ടിടാഞ്ഞു വിവശാശയാ:
അര്‍ക്കനന്ദനടെ തടത്തിലതിദുഃഖമാര്‍ന്നു മരുവീടിനാ
രൊക്കവേ വ്രജവധൂ ജനങ്ങൾ വിമലക്ഷമാരഹസുശോഭിതേ    72


കൂട്ടമിട്ടവരിരുന്നുകൊണ്ടു പരപൂരുഷൻചരിതമഞ്ജസാ
വാട്ടമെന്നിയെ നിനച്ചു താരമഥ പാട്ടുപാടുകതുടങ്ങിനാർ
“കാട്ടിലിട്ടു ചതിയായ്കെടോ രമണ കാടകാട്ടുമതിപോരുമേ
ധാർഷ്ട്യമല്ല തവ രൂപമെങ്ങളിലിതിഷ്ടമായതു മഹാമതേ.    73


നാഥ! നാഥ! കരുണാനിധേ! തവ പദാംബുജങ്ങളിഹ കണ്ടിടാ-
ഞ്ഞാധിയോടു തിരയുന്ന ഞങ്ങളുടെ മുമ്പിൽവന്നിടു മഹാമതേ.
നീതിയെന്തിയിൽ നിനക്കു വന്നതിഹ ഞങ്ങൾ താപമതുനേടിനാൽ
മാധവാദരവു ചേര്‍ത്തിടേണമയി ദാസിമാരിലധുനാ വിഭോ!    74


പഞ്ചബാണരുചിയാണ്ട കാന്ത!കുനുചില്ലിയായ കുലവില്ലിൽനി-
ന്നഞ്ജസാ തടവുമംബുജോപമ ദൃഗഞ്ചലാസ്ത്രനിരകൊണ്ടു നീ
നെഞ്ചിലെയ്തു ഹൃദയം പൊളിച്ചുമദനാമയാധിപെരികെച്ചമ-
ച്ചെന്തുവാൻ ദയിത ദാസിമാർകളെ വധിപ്പതിന്നു തുടരുന്നുതേ?    75


പൂതനാനിധനമാദിയായ പലതാപമെങ്ങളിൽ വളർന്നതി-
ങ്ങാദരേണ സകലം കളഞ്ഞഭയമാക്കി നിന്നൊരുവനല്ലയോ
ആധി ഞങ്ങളിലിതെന്തിനിന്നു വെറുതേ വരുത്തി മരുവുന്നുവാ-
നേതുമേ തവ പിഴച്ചതില്ല കഴലാശ്രയിച്ച പിഴയെന്നിയേ.    76


നന്ദഗോപസുതനല്ല നീ സകലജന്തുജാലഹൃദയാന്തരേ
സന്തതം വിമല ചിന്മരന്ദമവസക്തമെന്നു പറയുന്നു.
ചന്തമോടവനിതൻഭരം കളവതിന്നുമിബ്ഭുവനമണ്ഡലേ
ചിന്തിനോരഖിലധര്‍മ്മമിങ്ങിഹ വിധിപ്പതിന്നുമയി തേ ഭവം    77


ദേവദേവ! ജയ ദേവകീസുത ദയാനികേതന മനോജ്ഞമാം
താവകീന കരപങ്കജം മൃദുലശീതളം സ്മരതജാപഹം
തീവ്രമായ പരിതാപമെങ്ങളിൽ വളര്‍ന്നതിന്നു നടകൊള്ളുവാൻ
പീവരസ്തനതടത്തിൽ വെയ്ക്കതലമേലുമിന്നു മഹിതാദരം    78


നൃത്തരംഗഫണിമസ്തകത്തിലമിഴുന്ന രത്നകഷണാരുണം
ഭക്തസിദ്ധമുനിനിത്യവന്ദിതമുരത്ത പാപവനകര്‍ത്തനം
ഉൾത്തളിര്‍ക്കലഴകോടു വെച്ചു മദനാർത്തി തീര്‍ത്തരുൾ ദയാനിധേ!
രക്ത പങ്കജസഹോദരാമലപദാംബുജം ദയിത തേ മുദാ    79


മന്ദഹാസനെറിയോടു ചേർന്ന വചനങ്ങളും മുഴറിവീണിട്ടും
കൺവിലാസകരുണാകൃതത്തിലുലയുന്ന ചില്ലിയുഗളങ്ങളും
നന്ദഗോപസുത ഞങ്ങളിന്നു സതതാ നിനച്ചു വിരഹാഗ്നിയിൽ
വെന്തിടുന്നതു തണുത്തിടാനധരശീധുപാനമരുളീടെടോ    80


ഉച്ചഷഡ്ജനിഗമങ്ങളോടനുഗമിച്ചുലഞ്ഞകുനുചില്ലിയെ-
സ്സൽക്കരിച്ചു നവനീലലോല കമലാഭിരാമനയനാഞ്ചലം
മുദ്ധലോകമലിയിച്ചിടുന്ന മുരളീനിനാദവിലസന്മുഖം
വിശ്വനായക! വിലോക്യ ഞങ്ങൾ വിരഹാഗ്നിതന്നിലെരിയുന്നുതേ    81


പ്രാതരേവ വിപിനാന്തരത്തിൽ നട കൊള്ളവാൻ തവപദാംബുജം
ഭൂതലത്തിലഴകോടു വെയ്ക്കുമളവെങ്ങളിത്ഥമുഴലുന്നുതേ
ശാതമാകിന തൃണാങ്കുരങ്ങളകമേ തറച്ചഴല്‍പെടുക്കുമെ-
ന്നാധിപുണ്ട,തിഹ രാത്രിയിങ്കലടവീതലത്തിലധുനാ കഥം?    82


ഗോഗണങ്ങളവനീതലത്തിലുതറിപ്പൊടിഞ്ഞ പൊടിധൂളിമാര്‍-
ന്നാകുലാളക, മുദാരഘര്‍മ്മകണകമ്രഫാലമതിമോഹനം
വേഗമോടിഹ നിശാമുഖേ കുഴലുമൂതിമന്ദമെഴുനളിനോ-
രേകനാഥ തിരുമേനി കണ്ടു മദനാര്‍ത്തിപൂണ്ടു വയമാഗതാഃ    83


കാനനത്തിലഴകേകാടു ചെന്നു മരുവുന്നനേരമഴൽപൂണ്ടഹോ
മാനസത്തിലയുതം യുഗങ്ങാം പടി ഹാ! നിമേഷമിയലുന്നുതേ
മാനമാര്‍ന്നരികിലിങ്ങു നീ ദയിത നിന്നിടുന്ന സമയേ മുദാ
സാനുരാഗമധികം യുഗങ്ങൾ നൊടിയായ്‌ വരുന്നു കരുണാനിധേ.    84


സാന്ദ്രമായ മുരളീരവങ്ങളുമുദാരമായ മൃദുഗീതവും
നന്ദനന്ദനശരീരഭംഗിയിലിയന്ന സുന്ദരവിലാസവും
ഹന്ത! കണ്ടു നിജനന്ദനാദി നിഖിലം വെടിഞ്ഞു തവ സന്നിധൌ
വന്നിട്ടും വ്രജനതാംഗിമാരെ വെടിയായ്കെടോ! കഴൽവണങ്ങിനേൻ.    85


കൊണ്ടൽവര്‍ണ്ണ! വിപിനാന്തരേ ബഹുലകണ്ടകാദിപരിപൂരിതേ
തണ്ടി നീളെ നടകൊണ്ടു പാദമതികുണ്ഠമാകി വിലസാതെ കേൾ
മണ്ടിവന്നു മദനാര്‍ത്തിപൂണ്ടു വരികണ്ടിവാർകുഴലിമാർ മുല-
യ്ക്കിണ്ടൽ തീര്‍പ്പതിനതിന്മേൽ വെച്ചു പരിരംഭണങ്ങൾ തടവീടു നീ!”    86


ഗോപനാരികളിവണ്ണമച്യുതനിലാശപൂണ്ടു യമുനാതടേ
താപമാര്‍ന്നഖിലനായകൻ ചരിതഗാഥ പാടി മരുവുംവിധൌ
സാപഹാസമവർമുമ്പിൽ മന്ദമെഴുനള്ളിനാൻ കമലലോചനൻ
ഗോപികാരമണനാദരേണ കരുണാനുരാഗനയനാഞ്ചലം.    87


പൂർണ്ണചന്ദ്രനുദയാദ്രിതങ്കലുയരുന്നവണ്ണമഥ ഗോപിമാ-
രര്‍ണ്ണവേശയ ശരീരമമ്പിനൊടു കണ്ണിലങ്ങു തടവീട്ടഹോ
തൂര്‍ണ്ണതൂര്‍ണ്ണമെഴുനേറുചെന്നു കടൽവര്‍ണ്ണനിൽ പ്രണയമാര്‍ന്നൊരോ
നിര്‍ണ്ണയം മനസി വന്നിടാതെ ചില കൌതുകങ്ങളവർ കാട്ടിനാർ.    88


മന്ദമങ്ങൊരുവൾ ചെന്നുകൊണ്ടു ബത നന്ദനന്ദനകരാംബുജം
മന്ദമെന്നിയെ പിടിച്ചു തന്മുലമെൽവെച്ചു ചേര്‍ത്തഴൽകളഞ്ഞുതേ; 
ഇന്ദിരാപതിമുഖത്തിൽനിന്നൊരുവളഞ്ജലിക്കലൊരു ചര്‍വ്വിതം
സുന്ദരാംഗി തടവീട്ടുദാരരസമാസ്വദിച്ചു മരുവീടിനാൾ.    89


പിന്നെ മറ്റൊരു നതാംഗി ചെന്നു കരമുന്നാതം മുടിയിൽവെച്ചു തേ
തന്നകത്തഴിൽ വെടിഞ്ഞിടാനമരമന്നവന്റെ മഹിതാദരം 
കന്നൽനേർമിഴിയൊളിച്ചുചെന്നൊരുവളാര്‍ത്തികൊണ്ടു നിജ കാമുകൻ-
പിന്നിൽനിന്ന വദനം തിരിച്ചു ദയിതാധരം മധു നുകര്‍ന്നു തേ.    90


മണ്ടിവന്നൊരുവളിണ്ടൽപോവതിനു കണ്ഠസീമനി പിടിച്ചുടൻ
കൊണ്ടൽവര്‍ണ്ണതിരുമേനിപൂണ്ടു വരികണ്ടിവാർകുഴലി നിന്നുതേ.
തണ്ടലർച്ചരതുരാലൊരുത്തി മൃദുഗണ്ഡസീമ്നി മുഖപങ്കജം
കൊണ്ടെവെച്ചു. സുചിരം നുകർന്നു മതമാണ്ടുകൊണ്ടു മരുവീടിനാൾ.    91


കേശഭാരനികരംതുടങ്ങിയടിയോളമുള്ള തിരുമേനിയാ-
ലാശപൂണ്ടൊരുവൾ നോക്കിനിന്നു ചിരമാര്‍ത്തിതീർത്തു മരുവീടിനാൾ;
കേശവന്റെ നയനാഞ്ചലങ്ങളിൽ നുകര്‍ന്നിതങ്ങൊരുവളാദരാ-
ലാശു ഗണ്ഡയുഗളം പിടിച്ചു സുചിരം നിശാമ്യ വദനാംബുജം.    92


പങ്കജാകളുർമുലയ്ക്കലാര്‍ന്ന നവകുങ്കുമാങ്കിതപദാംബുജം
മങ്ക മറ്റൊരുവളംഗജാര്‍ത്തി തടവീട്ടുടൻ കുചതടാന്തരേ
ശങ്കവിട്ടു ബത ചേര്‍ത്തുകൊണ്ടു നിജ തുംഗമായ വിരഹാഗ്നിയെ
ബ്ഭംഗമാക്കി മരുവീടിനാളമരനാഥനായകപദാന്തികേ.    93


എന്തുവാൻ കുതുകരീതി ചൊൽവതൊരു സുന്ദരീ പശുപസുന്ദരം
ഹന്ത കണ്ടവളനന്തകോപമദമാനകാമപരിമേളിതാ
നിന്ദചെയ്തു മറയത്തു നിന്നൊളിവിലിന്ദിരാപതിമുഖാംബുജം
ചന്തമോടു പരിവീക്ഷ്യ മന്ദമഴൽ നീക്കിനാളഖിലമോഹനം.    94


മുല്ലബാണതുയിരേറ്റുഴന്ന ബഹു വല്ലവീജനമൊരോതരം
മല്ലവൈരിനികടത്തിൽ നിന്നധികമുല്ലസിച്ചു മരുവീടിനാർ
വില്ലെടുത്തു മലർബാണമാരി ചൊരിയത്തുടങ്ങി മലർബാണനും
മെല്ലവേ മധുരവാണിമാരൊടിടചേര്‍ന്നുകൊണ്ടു മധുവൈരിയും.    95


ചന്ദ്രികാവിമലസൈകതേ മൃദുകളിന്ദജാതടവനാന്തികേ
കുന്ദസൂനകമുദാദിയിൽത്തടവി വന്ന മന്ദപവനാകുലേ
നന്ദഗോപസുതനോടു ചേര്‍ന്നഖിലസുന്ദരീനികരവും തുലോം
ഹന്ത! കൌതുകമിയന്നതന്നു പറയാവതല്ല ഫണിരാജനും.    96


ആക്കമൊക്കയകലത്തു നീക്കിയവരൊക്കവേ തദനു വെക്കമാര്‍-
ന്നര്‍ക്കജാപുളിനവക്കിലുൾക്കരൾ തെളിഞ്ഞു തൽക്ഷണമിരുന്നഹോ
ഭുക്തിപൂണ്ടു പുനരുത്തരീയമതിൽ വെച്ചു മുദ്ധകരലോചനം
തക്കരീതിയിലുരച്ചുതേ പരമചിദ്ഘനത്തൊടു തദാ രുഷാ.    97


"ധർമ്മരീതികൾ നടത്തുവാനുമൊരധര്‍മ്മമങ്ങു കളവാനുമി-
ന്നുണ്മയോടവതരിച്ചു നീയതിഹകൊണ്ടു ഞങ്ങൾ പറയുന്നു തേ.
ധര്‍മ്മമായതു പറഞ്ഞിടേണമിതു ഞങ്ങളോടു സകലം ഭവാൻ;
നിന്മനസ്സിലറിയാത്ത വസ്തു ഭൂവനത്തിലില്ല പറയുംവിധൌ.    98


തന്നെ വന്നഥ ഭജിച്ചിട്ടുന്നവനെ വന്നവൻ ഭജനമാര്‍ന്നിടും;
തന്നെയങ്ങു ഭജിയായ്കിലും ഭജനമാര്‍ന്നുകൊള്ളുമൊരുവൻ ബലാൽ;
തന്നെ വന്നു ഭജിയായ്കിലും ഭജനമാര്‍ന്നുകൊൾകിലുമൊരുത്തനീ
മന്നിൽ മറ്റൊരുവനെബ്ഭജിക്കയൊരുനാളുമില്ല; കിമു കാരണം?"    99


ഇത്ഥമങ്ങവർകൾ മുദ്ധചോചനമുഖത്തുനോക്കിയുരചെയ്തുപോ-
തുത്തരം മധുരമുക്തവാൻ തദനു സസ്മിതം ഭുവനമോഹനം
"ചിത്രമെത്രയുമെടോ പറഞ്ഞതിതു മിത്രമാം യുവതിമാർകളേ!
തത്ര കാരണമിതൊക്കയും ചെവിയിലേറ്റുകൊൾക മഹിതാദരം    100


ഉത്തമൻ ഭജനമാര്‍ന്നുകൊള്ളു മുപകാരമൊന്നുമിയലാതെക-
ണ്ടത്ര മദ്ധ്യമനഹോ ഭജിച്ചവനിലത്രയും സഹ ഭജിച്ചിടും;
സ്വാര്‍ത്ഥമായ് ഭജനമാര്‍ന്നിടുന്നതധമാഭിധൻ പരനനാദരൻ;
സ്വസ്ഥനാത്മനി ഭജിച്ചിടുന്നവരെയും വെടിഞ്ഞു കളയുന്നവൻ.'    101


മന്നിലുള്ള സചരാചരങ്ങളഖിലം നമുക്കു സമമെങ്കിലും
കന്നൽ നേർമിഴികൾ കേൾപ്പിനിന്നു മയി ഭക്തിപൂണ്ടവരിലെത്രയും
എന്നകത്തു കനിവാര്‍ന്നിടും നിയതമെന്നതെന്തു പുനരിങ്ങനേ
വന്നിടാനതു മനസ്സിതിങ്കലനിശം ഭജിച്ചു മരുവീടിനാൽ.    102


എങ്ങനെ ധനമിയന്നവൻ നിഖിലമോര്‍ത്തുകൊണ്ടു മരുവുന്നനാ-
ളങ്ങു കള്ളർ നിഖിലം പറിച്ചുകളയുന്ന നേരമുളവായ്‍വരും,
അങ്ങനേ ഭവതിമാര്‍ക്കു ചിത്തമുടനെങ്കൽവന്നു ലയമാര്‍ന്നിടാ-
നിങ്ങനെ മറയിൽ മണ്ടിനേനതിനു കോപിയായ്ക സഖിമാർകളേ!    103


കര്‍മ്മമങ്ങു പല ചെയ്കിലും ബഹുലധര്‍മ്മമങ്ങു തടവീടിലും
സമ്മദത്തിലഥ യോഗമാര്‍ന്നു വിപിനേ തപസ്സു തടവീടിലും
ചിന്മരന്ദരസസൌരഭത്തിലനിശം ലയിച്ചതിനിതൊന്നുമേ
നന്മയല്ല മയി ഭക്തിപൂണ്ടു നിനയായ്കിലിന്നു സഖിമാർകളേ!"    104


മഞ്ജുവാണികളിവണ്ണമമ്മധുരസാരമായ വചനാമൃതം
മഞ്ജുളം ചെവിയിലേറ്റനേരമവർനെഞ്ചിലുള്ള ബഹുതാപവും
വഞ്ചനത്തിലിളകൊണ്ട് കോപവുമുടൻ വെടിഞ്ഞു ഹരിസന്നിധൌ
പഞ്ചബാണനു കളിപ്പതിന്നു ചില സാലഭഞ്ജികകളായിതേ.    105


ചുംബനാല വനദന്തപാതനഖരക്ഷതാദി പല കേളികൊ-
ണ്ടമ്പിനോടു വിലസുന്നപോതവരൊടംബുജാക്ഷനരുളീടിനാൻ
"സംഭ്രമങ്ങളകലംക്കളഞ്ഞരമുറുക്കിയിന്നു നിജ ഭൂഷണം
കമ്പിയാതെ കചഭാരവും തിരുകി വട്ടമിട്ടു മരുവീടണം.    106


തുംഗമാകിനൊരു രംഗദേശമിതു മങ്കമാർ വരിക നിങ്ങളി-
ന്നംഗഭംഗി വരുമാറു നാമിവിടെ രാസകേളി തടവീടണം;
അങ്ങുമിങ്ങു മുഴലാതെ തമ്മിലൊരുമിച്ചുനിൽക്കണ,മിടഞ്ഞു തന്‍-
കങ്കണങ്ങളുടയാതെ കച്ച മുലമേൽ മുറുക്കിമരുവീടണം.    107


കണ്ണുകൾക്കു സമമായ്പിടിച്ച കരപല്ലവാംഗുലിനഖത്തില-
ങ്ങൂന്നി നിർത്തുക വിലോചനം ഗളിതമാറുമാറു വിടിരേണമേ;
തിണ്ണമേറിന കടിത്തടത്തിലമരേണമേ ഞെളിവു ചേര്‍ക്കണം;
വണ്ണമുള്ള തുട തിക്കണം; പദതലങ്ങളൂന്നി മരുവേണമേ,    108


ചോടുകൾക്കു പിഴയായ്ക വേണമിടയാതെ ഭംഗികൾ വരുത്തണം
പാടിനോരളവു കോഴ തേടരുതു താളമൊന്നുമിളതാക്കൊലാ
ചാടുവാനടികളാഞ്ഞിടുന്നളവു തൂകി വെള്ളമലരേണമേ
കൂടവേയൊരുമതേടണം നയനബാഹുദേഹചരണങ്ങളും.    109


തന്നടിക്കലമരെക്കനം കഴൽ വളച്ചു തൻതുടകൾ തിക്കണം
മുന്നിലേയ്ക്കുടലമര്‍ത്തു മെയ്യിലെഴുകേണമശ്രമത ചേരണം;
ഒന്നെറിഞ്ഞു പകരേണമമ്മിഴികൾ തന്നുടേ കരയുഗങ്ങളിൽ
മന്ദമമ്പിനോടു വാങ്ങിടേണമുടലാനനേ തെളിവു തോന്നണം."    110


പങ്കജേക്ഷണനിവണ്ണമപ്പശുപമങ്കമാരൊടു പറഞ്ഞുടൻ
രാഗസീ്മ‌നി കളിതേടിനാൻ നിജനതാംഗിമാരൊടിടഹചേര്‍ന്നഹോ;
ശങ്കരാ! പറവതല്ല രാസകളിഭംഗികാൺകിലമൃതാംശുവ-
ങ്ങംബരേ വിമലതാരകൈരിവ തെളിഞ്ഞുടകാണ്ടു വരുമാറെടോ    111


രാസകേളി തടവീടിനോരളവു മാധവൻ ദയിതമാരുടേ
ഹാസവീക്ഷണവിലാസവിഭ്രമമിയന്നുകൊണ്ടു വിലസുംവിധൌ
വാസവാദികൾ വിമാനമേറി നിരവേ നിറഞ്ഞു ഗഗനാന്തരേ
ഭാസുരേ തദനു ഭാര്യമാരോടിടചേര്‍ന്നുകൊണ്ടു ബഹുകൌതുകം    112


ആദരേണ പല നാരിമാരിടയിലൊന്നിടഞ്ഞു നടമാടിനോ-
രാദിദേവനധികം തെളിഞ്ഞു വിലസീ തടാ യുവതിമണ്ഡലേ
ജാതവേദസി നിറന്ന ഹേമമണിമാലതന്നിലിടചേര്‍ത്തുടൻ
പ്രോതമായ പുരുഹൂതനീലമണി ശോഭയോടുസമമാര്‍ന്നുതേ.    113


കാമമങ്ങു കമനീജനത്തൊടിടചേര്‍ന്നു കൃഷ്ണനിയലും വിധൌ
വ്യോമസീമ്‌നി പരിമേളമാർന്നു പലവാദ്യമുമ്പരറിയിച്ചുതേ;
രാമമാരുമുടനോടിനാർ തദനു പാടിനാർ മലർ പരാര്‍ത്തിയാൽ
സീമവിട്ടു കുസുമങ്ങൾ പെയ്തിതു മുനീന്ദ്രനും കുതുകമാര്‍ന്നഹോ.    114


താളമേളമൃദുഗാനരീതിയിലുലച്ചുകൊണ്ടു ഭുവനത്രയം
നീലലോലനയനാഞ്ചലങ്ങളിൽ വലത്തുവെച്ചു നിഖിലാന്തരം
ചേലെഴുന്ന കുനുചില്ലിവല്ലിയിലിളക്കിയും സകലമാനസം
കേളിനേരമവരിങ്ങനേ വിപുലമോഹനം വിലസി നിന്നുതേ.    115


കാലെടുത്തു പരിചോടു ഭംഗിയിൽ നടക്കയും മൃദുലമേന്തിയ-
ങ്ങോളമാര്‍ന്നിടുകയും കരങ്ങളഴകോടുലഞ്ഞു പെരുമാറിയും
കാൽകരങ്ങൾ തളരുന്നനേരമരികത്തു നിന്ന നിജകാമുകൻ-
മേലമര്‍ന്നവർകളാശ്വസിച്ചു പരിതാപമങ്ങകലെ നീക്കിയും.    116


പാടിനോരളവു മാധവൻ ശ്രുതി പിടിച്ചിതമ്മധുരവാണിമാർ;
പേടമാൻമിഴികൾ പാടിനോരളവു മാധവൻ ശ്രുതി പിടിച്ചുതേ;
ഈടണഞ്ഞു വരുമാറു തന്മുഖസരോജസാരമധുതൂകിയും
പ്രൌഢരാഗമിടയിൽ പുണര്‍ന്നു രതിതേടുമാറു മഹിതാദരം.    117


സ്പര്‍ദ്ധപൂണ്ടൊരുവളച്യുതന്റെ മധുരസ്വരത്തിൽ നിവിരെത്തുട-
ഞ്ചേര്‍ത്തുകൊണ്ടു ബത പാടിനാളതിനു മോദമാര്‍ന്നു പുരുഷോത്തമൻ 
മുഗ്ദ്ധനെത്രയുമതിങ്കൽനിന്നുമുയരത്തുവെച്ചു കില പാടിനാ-
നെത്രയും തെളിവുപൂണ്ടവൾക്കു ബഹുമാനമങ്ങു ഹരി നൽകിനാൻ.    118


കങ്കണാദിമണിനൂപുരങ്ങൾ വലയങ്ങളെന്നിവ കിലുങ്ങിയും
മങ്കമാർവദനപങ്കജത്തിലുമെഴുന്ന മോഹനനിനാദവും
അംബരത്തിലിയലുന്ന ദേവവരവാദ്യസംസ്തവരവങ്ങളും
ശങ്കരാ! ശിവ! പറഞ്ഞിടാനരുതു രാസകേളിരസഡംബരം.    119


താണുകൊണ്ടു കളിതേടിനോരളവു പാണിമെല്ലെ മുതുകത്തുടൻ
ബാണവൈരി വിരവോടുവെച്ചു സുഖമാക്കിനാൻ തരുണിമാര്‍ക്കുടൻ;
ഏണബാലമിഴിമാർകരങ്ങൾ മുതുകത്തുവെച്ചധികകൌതുകം
താനുമങ്ങു തടവീടിനാൻ സുരഭിലാംഗരാഗപരിലേപിതൻ.    120


കെട്ടഴിഞ്ഞ ചികുരോൽക്കരങ്ങളിലുതുര്‍ന്നുതിര്‍ന്ന കുസുമങ്ങളും
പൊട്ടിവീണു ചിതറുന്ന ഹാരനവഹേമചിത്രമണിമാലയും
പൊട്ടിയന്ന മൃദുഗണ്ഡസീമ്‌നി തിരളുന്ന കുണ്ഡല, മഴിഞ്ഞുപോം-
പട്ടുചേല കുലവട്ടവും കളിയിതോര്‍ത്തുകാൺകിലതി മോഹനം.    121


ക്രീഡകൊണ്ടു തളരുന്നനേരമഥ നാരിമാർ നിജകുചാന്തര
പീഡപോവതിനു വാരിജാക്ഷകരതാരുവെച്ചു തഴുകുന്നുതേ;
പേടമാന്മിഴികളാടൽപൂണ്ടു നിജകാമുകന്റെ ഗളമാന്നുടൻ
ഗാഢമങ്ങവർ പുണര്‍ന്നുകൊണ്ടധരപാനമാര്‍ന്നു പുളകാങ്കുലം.    122


നീരുവന്ന നവനീരദങ്ങളൊടിടഞ്ഞ മിന്നലതുപോലെയും,
വാരണപ്രവരനോടുചേര്‍ന്ന കരിണീഗണങ്ങളതുപോലെയും,
താരകങ്ങളിടയിൽത്തെളിഞ്ഞു വിലസുന്ന പൂര്‍ണ്ണശശിപോലെയും,
പാരമങ്ങു തെളിവാര്‍ന്നുതേ തരുണിമാരൊടേ കമലലോചനൻ.    123


ഇത്ഥമക്കളികൾ കണ്ടു ദേവമഹിളാജനങ്ങളഴൽ പൂണ്ടഹോ
ചിത്തവിക്രമമിയന്നു തന്നെയറിയാതെ നിന്നു വിലസീടിനാർ;
ഉത്തരീയവുമുടുത്ത വസ്തുവുമൊരോ വിഭൂഷണഗണങ്ങളും
ബദ്ധകേശവുമഴിഞ്ഞതങ്ങവരറിഞ്ഞതില്ല മദനാര്‍ത്തിയാൽ.    124


ഇങ്ങനേ തദനു രാസകേളിയിലഴിഞ്ഞു തമ്മിലനുരാഗമാര്‍-
ന്നംഗനാജനവുമംഗജാധിയൊടു പങ്കജാദയിതാനും തദാ
തിങ്ങിനോരു മദമാണ്ടു നല്ല വിപിനാന്തരേ തടവി മാധവൻ
ഭംഗിയോടു രതികേളികൊണ്ടവർ മതം വരുത്തി മരുവീടിനാർ.    125


വിസ്മയം പറകിലെത്രയും ബഹുനതാംഗിമാര്‍ക്കു പലരൂപമാര്‍-
ന്നച്യുതൻ വനനികുഞ്ജശൈലനളിനീതടേഷു വിചചാര ഹ.
കശ്മലങ്ങളകലത്തുനീക്കി രതരീതികൊണ്ടവരിലഞ്ജസാ
സത്സ്വരൂപനകതാരഴിച്ചു വിലസീ തദാ പരമപൂരുഷൻ    126


മാരകേളി നിതരാം കലര്‍ന്നു തിരുമാറിൽ വീണു തളരുംവിധൌ
നാരിമാർ വദനപങ്കജത്തിൽ വിലസുന്ന ഘര്‍മ്മകണമഞ്ജസാ
പാരമങ്ങു കനിവാർന്നു കൃഷ്ണനവശം കിടന്ന ചികുരോൽകരാൻ
ചാരു നീക്കി മൃദുലം തുടച്ചു പരിതാപമങ്ങകലെ നീക്കിനാൻ.    127


ഗോപനാരികളിവണ്ണമങ്ങു പല ഹാവഭാവരതവൈഭവൈ-
ഗോപികാരമണസേവ ചെയ്തു തെളിവാര്‍ന്നുകൊണ്ടു മരുവുംവിധൌ
താപമങ്ങു രതികേളികൊണ്ടുടലിലാര്‍ന്നതമ്പൊടു കളഞ്ഞിടാ-
നാപുരന്നവർ കളിന്ദജാനടുവിലാദരേണ കളിതേടുവാൻ.    128


നേരെ ചെന്നു മുരശാസനൻ പശുപനാരിമാരൊടിടചേര്‍ന്നുടൻ
നീരിൽ വീണു പലകേളിചേര്‍ത്തു ചിരനേരമത്ര വിലസീടിനാൻ;
നാരിമാരുമകതാരിലാണ്ട പല കാമമമ്പിനൊടശേഷവും
ചാരു തത്ര തടവീട്ടു മോദമതുലം ലഭിച്ചു മരുവീടിനാർ.    129


ഇങ്ങനെ പലതരം മുകുന്ദനലർബാണസാരരസരീതികൊ-
ണ്ടമിങ്ങുമനുരാഗമാന്നവർകളോടുചേര്‍ന്നു മരുവുംവിധൌ
പൊങ്ങിനാനുദയസീമ്നി മന്ദമഥപത്മിനീദയിതനഞ്ജസാ;
മങ്ങിമങ്ങിമതിബിംബവും മനസി മങ്കമാർക്കു മദനാര്‍ത്തിയും.    130


നന്ദനന്ദനനെ മന്ദപ്പശുപസുന്ദരീജനഹൃദന്തരേ
ചിന്തിനോരു മതമന്തികേ സകലമങ്ങു നൽകിയരുളീടാൻ;
'സന്ധ്യവന്നു രവിബിംബമിങ്ങിത കിഴക്കുദിച്ചു നിജമന്ദിരേ
ചെന്നുകൊൾവിനിനി നിങ്ങ' ളെന്നു മധുരം നിശമ്യ തരുണീജനാഃ    131


"കാന്ത! ഞങ്ങളെ വെടിഞ്ഞിടായ്ക കരുണാനിധേ! വെടികിലിന്നുമി-
ന്നന്തകൻ നിലയത്തിലാകുമതിനില്ല സംശയമൊരിക്കലും;
ഇന്നു ഞങ്ങൾ നിലയത്തിലങ്ങു നടകൊൾവിലെന്നുമവരൊക്കവേ
നിന്ദചെയ്യുമിഹ നിന്നു ഞങ്ങൾ നടകൊൾകയില്ല പുനരെന്നുമേ."    132


എന്നിവണ്ണമവർ ചൊന്നനേരമരവിന്ദനേത്രനഥ ചൊല്ലിനാൻ;
"ഒന്നുകൊണ്ടുമൊരു നിന്ദ നിങ്ങളൊടു വന്നിടാ പശുപമന്ദിരേ
എന്നുമേ കലഹമായിടാ നിജഗൃഹത്തിലുള്ളവരിതൊക്കയി-
ന്നെന്നുടേ ബഹുലമായകൊണ്ടിഹ മറന്നുപോയി മരുവീടുമേ.    133


പോക"യെന്നു ഭഗവാനയച്ചു നടകൊണ്ടനേരമനുരാഗമാര്‍-
ന്നാകവേ വിരഹഭൂതിപൂണ്ടുനിഖിലം നിനച്ചു മഹിളാജനം
വേഗമോടു നടകൊള്ളുമൊട്ടഥ തിരിഞ്ഞുനിന്നു വദനാംബുജം
നോക്കുമൊട്ടു നടകൊള്ളുമൊട്ടവർകളിങ്ങനേ നിലയമാര്‍ന്നുതേ.    134


രാത്രിയിങ്കുലവരിങ്ങനേ വിമലമൂര്‍ത്തിയോടു രതവൈഭവം
ചേര്‍ത്തുകൊണ്ടുമരുവും പൂലര്‍ച്ചയിലതോര്‍ത്തുകൊണ്ടു പകലുള്ളിടം
തീര്‍ത്തിവണ്ണമവർ കാമമൊക്കയുമനര്‍ത്ഥമമ്പൊടു വെടിഞ്ഞതീ-
വാര്‍ത്ഥമാര്‍ന്നു നിജമന്ദിരങ്ങളിൽ വസിച്ചിരുന്നു വിമലാശയാഃ    135


വൃത്തഭേദമിതു ഭക്തിപൂണ്ടു ഹൃദയത്തിലാക്കി മധുസുദനൻ-
ചിത്രമായ പദപത്മമമ്പിനൊടു നിത്യമങ്ങു കരുതീടിനാൽ
പുത്രദാരധനപത്തനാദിയെ വെടിഞ്ഞു ഭക്തിതടവീട്ടുടൻ
മുക്തിപൂണ്ടു പരമാര്‍ത്ഥസിമ്നി ലയമെത്തിടും പരമിതെന്നുമേ.    136


മാടരാജപദാംബുജത്തിലഴകോടു വന്നുദിതമാകുമീ-
ഗൂഢ മാനുഷകഥാകൃതം ബത മണിപ്രവാളകൃതബന്ധനം
ഈടണഞ്ഞ ദുരിതാധി തീര്‍പ്പതിനുമഞ്ജസാ ഹരിപദാംബുജം
തേടുവാനുമിഹ കേട്ടുകൊൾവിനിതു രാസകേളിപരിമേളിതം.    137


ശ്രീഗുരുഭ്യോ നമഃ