സരസ്വതീകടാക്ഷത്തിനു സ്ത്രീപുംസഭേദമില്ലെന്നു മനോരമത്തമ്പാട്ടി മുതൽപേർ പണ്ടും കുട്ടിക്കുഞ്ഞുതങ്കച്ചി മുതൽപേർ അടുത്തകാലത്തും ഈ കേരളദേശത്തിൽ തന്നെ ധാരാളമായി തെളിയിച്ചിട്ടുണ്ട്'. ഇന്ന് ആംഗലഭാഷയിൽ കവനം ചെയ്യുന്ന ഭാരതീയസന്താനങ്ങളിൽ അഗ്രപൂജയ്ക്കു് അര്‍ഹയായി ശോഭിക്കുന്നതു ശ്രീമതി സരോജിനിനായിഡുവാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. നമ്മുടെ മാതൃഭൂമിയായ ഇൻഡ്യാമഹാരാജ്യത്തിൽ വൈദികകാലംമുതല്ക്കുതന്നെ സുപ്രസിദ്ധകളായ അനേകം കവയിത്രികൾ ജീവിച്ചിരുന്നതായി സാഹിത്യചരിത്രത്തിൽ നിന്നു വെളിവാകുന്നു. ശീലാഭട്ടാരിക, വിജ്ജക മുതലായ സ്ത്രീരത്നങ്ങളുടെ കൃതികൾ മുക്തകങ്ങളായിട്ടെങ്കിലും കാവ്യപ്രകാശം തുടങ്ങിയ അലങ്കാരഗ്രന്ഥങ്ങളിൽ ഉദാഹരിച്ചു കാണുമ്പോൾ ഉണ്ടാകുന്ന ആനന്ദം അനിർവ്വചനീയമായിരിക്കുന്നു.
ക്രി. പി. പതിനേഴാംശതവര്‍ഷത്തിൽ തഞ്ചാവൂർ രഘുനാഥഭൂപതിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന 'മധുരവാണി' യുടെ നാമധേയം ലക്ഷ്മീഭായി വായനക്കാര്‍ക്കു പരിചിതമാണല്ലോ. ക്രി. പി. പതിന്നാലാംശതവഷത്തിൽ വിജയനഗരസാമ്രാജ്യത്തിൽ ജീവിച്ചിരുന്ന മറ്റൊരു മാന്യ കവയിത്രിയാണ് എന്റെ ഇന്നത്തെ ഉപന്യാസത്തിനു വിഷയീഭവിക്കുന്നത്.
ഏകദേശം രണ്ടു കൊല്ലത്തിനുമുൻപുവരെയും ഭാഷാഭിമാനികൾക്കു ഗംഗാദേവിയെപ്പറ്റി യാതൊരറിവും ഉണ്ടായിരുന്നില്ല. അതിൽ പിന്നീടു് എന്റെ സ്നേഹിതൻ തിരുവനന്തപുരത്തു ക്യുറൈറ്റർ ആപ്പീസിൽ അസിസ്റ്റന്റുപണ്ഡിതരായ ശ്രീമാന്‍ ജി. ഹരിഹരശാസ്ത്രിക്കു മധുരാവിജയം അഥവാ വീരകമ്പരായചരിതം എന്ന സംസ്കൃതകാവ്യത്തിന്റെ ഒരു കൈയെഴുത്തുപ്രതി കിട്ടുകയും അതിൽനിന്നു് ആ ഗ്രന്ഥം നിര്‍മ്മിച്ചതു ഗംഗാദേവിയാണെന്ന് അറിവാൻ ഇടവരികയും ചെയ്തു. അദ്ദേഹവും തിരുവനന്തപുരത്ത് ആര്‍ക്കിയോളോജിക്കൽ ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റുപണ്ഡിതർ ശ്രീമാൻ ശ്രീനിവാസശാസ്ത്രിയുംകൂടി പ്രസ്തുതകാവ്യം ചരിത്രകശലനായ തിരുവിതാംകൂർ പുരാണവസ്തുസംരക്ഷകൻ ശ്രീമാൻ ഗോപീനാഥരായർ എം. ഏ. യുടെ അത്യജ്ജ്വലമായ ഒരു ആമുഖോപന്യാസത്തോടുകൂടി ഈയിടയ്ക്ക് അച്ചടി ച്ചു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
ഗ്രന്ഥത്തിന്റെ പേർകൊണ്ടുതന്നെ അതു വീരമ്പരായൻ എന്ന വിജയനഗരരാജാവിന്റെ പ്രശസ്തിയെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഒരു കൃതിയാണെന്നു കാണാവുന്നതാണല്ലോ. ഈ വീരകമ്പൻ അഥവാ വിരകമ്പണൻ ക്രി. പി. പതിന്നാലാം ശതവർഷത്തിന്റെ മദ്ധ്യത്തിൽ വിജയനഗരസാമ്രാജ്യത്തിന് അവകാശിയായിത്തീര്‍ന്ന പ്രഥമബുക്കമഹാരാജാവിന്റെ ജ്യേഷ്ഠപുത്രനാകുന്നു. ബുക്കനേയും കമ്പണനേയും പറ്റി ചില വിവരങ്ങള്‍ ഞാൻ 1092 തുലാമാസത്തിലെ മംഗലോദയത്തിൽ സായണാചാര്യരെപ്പറ്റി എഴുതിയിരുന്ന ഉപന്യാസത്തിൽനിന്നു ഗ്രഹിക്കാവുന്നതാണ്. പ്രസ്തുതകാവ്യം നിര്‍മ്മിച്ചതു ഗംഗാദേവിയായിരുന്നുവെന്നു് ഒന്നും രണ്ടും സര്‍ഗ്ഗങ്ങളു ടെ അവസാനത്തിൽ "ഇതി ശ്രീഗംഗാദേവ്യാ വിരചിതേ മധുരാവിജയനാമ്നി വീരകമ്പരായചരിതേ' എന്നൊരു കുറിപ്പു കാണുന്നതിൽനിന്നും, ആ സ്ത്രീരത്നം കഥാനായകനായ വീരകമ്പന്റെ പ്രേയസിയായിരുന്നു എന്നു ഏഴാംസർഗ്ഗം 39 മുതൽ 41 വരെ ശ്ലോകങ്ങളിൽനിന്നും ഗ്രഹിക്കാവുന്നതാകുന്നു. ആ ശ്ലോകങ്ങൾ താഴെ ചേര്‍ത്തുകൊള്ളുന്നു.
"അഥ കമ്പനൃപോപി കൃത്യവിൽ
കൃതസന്ധ്യാസമയോചിതക്രിയഃ
അവദൽ സവിധേ സ്ഥിതാം പ്രിയാം
ഭൂവി ഗങ്ഗേത്യഭിനന്ദിതാഹ്വയാം.
കമലാക്ഷി! കടാക്ഷ്യതാമയം
സമയോ വര്‍ണ്ണനയാ രസാർദ്രയാ;
ജന ഏഷ വചസ്തവാമൃതം
ശ്രവസാ പായയിതും കുതൂഹലീ
ഇതി സാ ദയിതേന ഭാഷിതാ
ദരനമ്രം ദധതീ മുഖാബുജം
വദതി സ്മ ശനൈശ്ശചിസ്മിതാ
സരസോദാരപദാം സരസ്വതീം".
കമ്പണൻ തന്റെ പ്രേയസിയായ ഗംഗാദേവിയോടു സായങ്കാലത്തെ വര്‍ണ്ണിക്കുവാൻ അപേക്ഷിക്കുകയും ആ സുന്ദരി ഭർത്താവിന്റെ ആജ്ഞയ്ക്കനുസരണമായി വര്‍ണ്ണനത്തിനു് ആരംഭിക്കുകയും ചെയ്യുന്നു.
"സ്വദമാനസുഗന്ധിമാരുതഃ
പ്രസരൽകോമളചന്ദ്രികോദയഃ
നൃപചന്ദ്ര! നിരീക്ഷ്യതാമയം
(സമയഃ) പോഷിതപുഷ്പസായകഃ
* * * *
അളിനീലമയസ്തമോമയം
പ്രവിലാപ്യോദയരാഗവഹ്നിനാ
കലയത്യയമോഷധീശ്വരഃ
കലധൌതം ശുചി കൌമുദീമിഷാൽ"
ഇത്യാദി പല പദ്യങ്ങളടങ്ങിയ ഈ സന്ധ്യാവര്‍ണ്ണനം പ്രസ്തുതകാവ്യത്തിനു് ഒരലങ്കാരമായിരിക്കുന്നു. ഗ്രന്ഥകർത്രിയും ഏഴാംസർഗ്ഗത്തിൽ പറയുന്ന രാജ്ഞിയും ഭിന്നകളല്ലെന്നൂഹിക്കുവാൻ പല ന്യായങ്ങളും ഉള്ളതു് ഇവിടെ പ്രപഞ്ചനം ചെയ്യുന്നില്ല.
മധുരാവിജയം ഒരു കാര്യമാണെനാ പ്രസ്താവിച്ചുവല്ലൊ. നഗരാര്‍ണ്ണവശൈലര്‍ത്തുചന്ദ്രാര്‍ക്കോദയാദിവര്‍ണ്ണനം അടങ്ങിയും ഏഴുസർഗ്ഗത്തിൽ കവിഞ്ഞും ഇരിക്കുന്നതിനാൽ അതു് ഒരു മഹാകാവ്യമാണെന്നുകൂടി പറയേണ്ടിയിരിക്കുന്നു.
ഒന്നാംസർഗ്ഗം ഇഷ്ടദേവതാവന്ദനത്തോടുകൂടി ആരംഭിക്കുന്നു. അനന്തരം ഗ്രന്ഥകർത്രി തന്റെ ഭര്‍ത്താവിന്റെ കുലഗുരുവായ കാശിവിലാസ ക്രിയാശക്തിയേയും അതിൽപിന്നീട് അക്കാലത്തേ കവിസമ്പ്രദായമനുസരിച്ചു മുമ്പു ജീവിച്ചിരുന്ന കവിശ്രേഷ്യന്മാരിൽ തനിക്കു പ്രത്യേകപ്രതിപത്തിയുള്ള മഹാത്മാക്കളേയും സ്മരിക്കുന്നു. ഇക്കൂട്ടത്തിൽ വാല്മീകി, വേദവ്യാസൻ, കാളിദാസൻ, ഭട്ടബാണൻ, ദണ്ഡി, ഭവഭൂതി, ഇവരുടെ പാവന നാമധേയങ്ങൾ പ്രത്യേകം സ്മരണീയങ്ങളാണു്.
"ചേതസോസ്തു പ്രസാദായ
സതാം പ്രാചേതസോ മുനിഃ
പൃഥിവ്യാം പദ്യനിര്‍മ്മാണ-
വിദ്യായാഃ പ്രഥമം പദം
വൈയാസികേ ഗിരാം ഗുംഭേ
പുണ്ഡ്രേക്ഷാവിവ ലഭ്യതേ
സദ്യസ്സഹൃദയാഹ്ലാദീ
സാരഃ പര്‍വണി പര്‍വണി
ദാസതാം കാളിദാസസ്യ
കവയഃ കേ ന ബിഭൂതി
ഇദാനീമപി തസ്യാര്‍ത്ഥാ-
നുപജീവന്ത്യമീ യതഃ
വാണീപാണിപരാമൃഷ്ടി-
വീണാനിക്വാണഹാരിണിം
ഭാവയന്തി കഥം വാന്യേ
ഭട്ടബാണസ്യ ഭാരതീം
വിമർദ്ദവ്യക്തസൌരഭ്യാ
ഭാരതീ ഭാരവേഃ കവേഃ
ധത്തേ വകുളമാലേവ
വിദഗ്ദ്ധാനാം ചമൽക്രിയാം
ആചാര്യദണ്ഡിനോ വാചാ
മാചാന്താമൃതസമ്പദാം
വികാസോ വേധസഃ പത്ന്യാ
വിലാസമണിദര്‍പ്പണം.
സാ കാപി സുരഭിശ്ശങ്കേ
ഭവഭൂതേസ്സരസ്വതീ
കര്‍ണ്ണേഷു ലബ്ധവര്‍ണ്ണാനാം
സൂതേ സുഖമായീം സുധാം.”
മേലെഴുതിയ ശ്ലോകങ്ങളിൽനിന്നു ഭാരവിയുടെ കവിതയ്ക്കു് ആപാതത്തിൽ അര്‍ത്ഥം സുഗ്രഹമല്ലെന്നും ഭവഭൂതിയുടെ കവിത പണ്ഡിതന്മാർ രസിക്കേണ്ടതാണെന്നും മറ്റുമുള്ള പല സാഹിത്യമർമ്മങ്ങൾ ഈ കവയിത്രി നമ്മെ ധരിപ്പിക്കുന്നതോടുകൂടി തനിക്കു വിശേഷപ്രതിപത്തി കാളിദാസരിൽ ആണെന്നു ധ്വനിപ്പിക്കുന്നു. ഇതുകൂടാതെ കേരളത്തോടു പ്രത്യേക ബന്ധമുള്ള വില്വമംഗലത്തു സ്വാമിയാരെപ്പറ്റിയും ഒരു ശ്ലോകം കാണുന്നതു നമുക്കു പ്രത്യേകിച്ച് അഭിമാനകരമാണ്.
"മന്ദാരമഞ്ജരീസ്യന്ദി-
മകരന്ദരസാബ്ധയഃ
കസ്യ നാഹ്ലാദനായാലം
കര്‍ണ്ണാമൃതകവേര്‍ഗ്ഗിരഃ?"
സാക്ഷാൽ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തിന്റെ നിര്‍മ്മാതാവ് വില്വമംഗലത്തു സ്വാമിയാരാണെന്നും അതിലേ രസം മന്ദാരമഞ്ജരിയിൽനിന്നു പ്രവഹിക്കുന്ന മകരന്ദത്തിന്റെതാണെന്നും ഞാൻ ആമ്രേഡനം ചെയ്യേണ്ടതില്ലല്ലോ. അടുത്ത എട്ടു പദ്യങ്ങൾ കവിതയെപ്പറ്റിയുള്ള സാമാന്യനിരൂപണമാണു്.
"ക്വചിദതര്‍ത്ഥഃ ക്വചിച്ഛബ്ദഃ
ക്വചിദ്ഭാവഃ ക്വചിദ്രസഃ
യത്രൈതേ സന്തി സര്‍വേപി
സ നിബദ്ധോ ന ലഭ്യതേ.
പ്രബന്ധ മീഷന്മാത്രോപി
ദോഷോ നയതി ദൂഷ്യതാം;
കാലാഗരുദ്രവഭരം
ശുക്തിക്ഷാരകണോ യഥാ.
നിർദ്ദോഷാപ്യഗുണാ വാണീ
ന വിദ്വജ്ജനരഞ്ജിനീ;
പതിവ്രതാപ്യരൂപാ സ്ത്രീ
പരിണേത്രേ ന രോചതേ.
ഗുണം വിഹായ കാവ്യേഷു
ദഷോ ദോഷം ഗവേഷതേ;
വനേഷു ത്യക്തമാകന്ദഃ
കാകോ നിംബമപേക്ഷിതേ.
ചൌര്യാജ്ജിതേന കാവ്യേന
കിയദ്ദീവ്യതി ദുര്‍ജ്ജനഃ;
ആഹാര്യരാഗോ ന ചിരം
രുചിരഃ ക്രിത്രിമോപലഃ
താര്‍ക്കികാ ബഹവസ്സന്തി;
ശാബ്ദികാശ്ച സസ്രശഃ;
വിരളാൽ കവയോ ലോകേ
സരളാലാപപേശലാഃ.
ഇത്യാദി.
ചില കൃതികളിൽ അര്‍ത്ഥവും ചിലതിൽ ശബ്ദവും ചിലതിൽ ഭാവവും ചിലതിൽ രസവും സ്‌ഫുരിക്കും. ഇവയെല്ലാംകൂടിയിണങ്ങി ഒരു കൃതിയും ലഭിക്കുന്നില്ല. അതിസ്വല്പമായ ദോഷവും പ്രബന്ധത്തെ ദുഷിപ്പിക്കും; കസ്തൂരിച്ചാറു ചീത്തയാക്കാൻ ചിപ്പിച്ചാരത്തിന്റെ ഒരു ശകലം മതിയാകുമല്ലോ. ദോഷമില്ലാത്തതെങ്കിലും നിർഗ്ഗുണമായ കവിത വിദ്വാന്മാരെ രഞ്ജിപ്പിക്കുന്നതിനു മതിയാകുന്നില്ല; പതിവ്രതയാണെങ്കിലും രൂപവതിയല്ലാത്ത സ്ത്രീ ഭർത്താവിനെ രസിപ്പിക്കുവാൻ ശക്തയല്ലല്ലോ. ദുഷ്ടൻ കാവ്യങ്ങളിൽ ഗുണത്തെ ത്യജിച്ചു ദോഷത്തെ അന്വേഷിക്കുന്നു; പൂങ്കാവുകളിൽ തേന്മാവിട്ടു വേപ്പിനെയല്ലയോ കാക്ക ആശ്രയിക്കുന്നതു്? ദുര്‍ജ്ജനങ്ങൾക്കു മോഷ്ടിച്ച കാവ്യംകൊണ്ടു കുറേക്കാലം ശോഭിക്കാം; കൃത്രിമമായ രത്നത്തിൽ ചുവപ്പുചായം തേച്ചാൽ അത് അധികകാലത്തേക്കു നില്ക്കുന്നതല്ലല്ലോ. താര്‍ക്കികന്മാരും ശാബ്ദികന്മാരും ലോകത്തിൽ സംഖ്യയില്ലാതെയുണ്ടു്. സരളമായ വാഗ്ഗംഭത്തിൽ പടുക്കളായ കവികളോ? വളരെ അപൂര്‍വമായേ ഉള്ളു." ഇതാകുന്നു മേൽ ഉദ്ധരിച്ച പദ്യങ്ങളുടെ താൽപര്യം.
ഈ പദ്യങ്ങളിൽനിന്നു ഗ്രന്ഥകർത്ത്രിക്കുള്ള കവിധര്‍മ്മമര്‍മ്മജ്ഞതയും ഉല്ലേഖചാതുര്യവും വിശദമാകുന്നതാണു്. "പതിവ്രതയായാലും രൂപവതിയല്ലാത്ത സ്ത്രീക്കു ഭർത്താവിനെ രസിപ്പിക്കുവാൻ കഴിയുന്നില്ല" എന്നും മറ്റുമുള്ള കല്പനകളിൽ കാണുന്ന നൈസർഗ്ഗികമായ ചമൽക്കാരം എത്ര ഹൃദയംഗമമായിരിക്കുന്നു!
പിന്നീടു ബുക്കമഹാരാജപ്രശസ്തിപരങ്ങളായ ഏതാനും പദ്യങ്ങളാണ് കാണുന്നത് .
"യശ്ശേഷ ഇവ നാഗാനാം
നഗാനാം ഹിമവാനിവ
ദൈത്യാരിരിവ ദേവാനാം
പ്രഥമഃ പൃഥിവീഭുജാം;
തിഗ്മാംശോരപി തേജസ്വീ
ശീതാംശോരപി ശീതളഃ
സാഗരാദപി ഗംഭീരഃ
സുമേരോരപി യഃ സ്ഥിരഃ"
ഇങ്ങനെ പോകുന്ന ആ മഹാരാജപ്രശസ്തിയുടെ മാധുര്യം ഇത്രയെന്നു പറഞ്ഞറിയിക്കുവാൻ പ്രയാസമാണു് .
"വിവേകമേവ സചിവം
ധനുരേവ വരൂഥിനീം
ബാഹുമേവ രണോത്സാഹേ
യസ്സഹായമമന്യത.
പരിപന്ഥിനൃപപ്രാണ-
പവനാഹാരദാരണഃ
അസൃജദ്ഭുജഗോ യസ്യ
കൃപാണഃ കീര്‍ത്തികഞ്ചുകം.
യൽപ്രതാപാനലജ്വാലാ-
മാലാകബളിതാ ഇവ
കീര്‍ത്തയഃ ശത്രുഭൂപാനാ-
മാസൻ മലിനമൂര്‍ത്തയഃ"
ഇത്യാദി പദ്യങ്ങളുടെ പ്രണേതാവാകുവാൻ ഏതു കവിസാര്‍വഭൌമനാണ് ആഗ്രഹിക്കാത്തത്! ഇവിടെ "ഭുജഗ'പദത്തിന്റെ സന്നിവേശം സഹൃദയന്മാരുടെ സവിശേഷമായ ശിരഃകമ്പത്തെ അര്‍ഹിക്കുന്നു. ഭുജത്തെ പ്രാപിച്ചതാണല്ലോ കൃപാണം.
അതിൽപിന്നീടു് ആ മഹാരാജാവിന്റെ രാജധാനിയായ വിജയാനഗരത്തിന്റെ വര്‍ണ്ണനമായി.
"വികസ്വദ്വനിതാവല്ലീ-
വിലാസവനവാടികാ;
ദക്ഷിണാശാസരോജാക്ഷീ-
ഫാലലീലാലലാടികാ;
ദ്വിജരാജസമുല്ലാസ-
നിത്യരാകാനിശീഥിനി;
ഗന്ധര്‍വഗണസാന്നിദ്ധ്യ-
നവദിവ്യവരൂഥിനീ;
ഭുജംഗസംഘസംവാസ-
ഭൂതേശമുകുടസ്ഥലീ;
സുമനസ്തോമസംവാസ-
സുവര്‍ണ്ണഗിരിമേഖലാ;
ലീലേവ ദിഷ്ടിവൃദ്ധീനാം
ശാലേവ സകലശ്രിയാം
മാലേവ സര്‍വരത്നാനാം
വേലേവ സകൃതാംബുധേഃ"
ഇങ്ങനെ പകർത്തിയാൽ എത്ര ശ്ലോകങ്ങളാണ് പകര്‍ത്തേണ്ടിവരുന്നത്! ഇങ്ങനെയുണ്ടോ ശബ്ദത്തിനൊരു ധാടി? അര്‍ത്ഥത്തിനൊരു ചമൽക്കാരം? അമ്മേ! ഗംഗാദേവി! അവിടുത്തേക്കു് അനന്തകോടിനമസ്കാരം! സംസ്കൃതത്തിൽ അനുഷ്ടുഭവൃത്തത്തിൽ വാസനക്കാരായ കവികൾ പദ്യങ്ങൾ രചിച്ചാൽ ആസ്വദിക്കുമ്പോള്ള സുഖം ഒന്നു വേറേതന്നെയാണ്. എന്നാൽ ഇത്ര മനോഹരങ്ങളായ അനുഷ്ടുഭശ്ലോകങ്ങൾ ആ ഭാഷയിൽതന്നെയും അത്ര അധികമില്ലെന്നാണ് എന്റെ അനുഭവം. ദേവായി എന്ന മഹാരാജ്ഞി ബുക്കന്റെ പ്രേയസിയായിത്തീര്‍ന്നു. ആ സുന്ദരി ഗര്‍ഭം ധരിക്കുന്നതോടുകൂടി രണ്ടാംസർഗ്ഗം ആരംഭിക്കുന്നു. ഗര്‍ഭിണിയായ പ്രാണനാഥയെ ഭർത്താവു കണ്ടു് ആനന്ദിക്കുന്നതെങ്ങനെയെന്നു താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തിൽനിന്നു ഗ്രഹിക്കാം.
"താമംബുഗര്‍ഭാമിവ മേഘമാലാം
വേലാമിവാഭ്യന്തരലീനചന്ദ്രാം
അന്തസ്ഥരത്നാമിവശുക്തിരേഖാ-
മാപന്നസത്വാം പ്രഭുരഭ്യനന്ദൽ"
രാജ്ഞി പ്രസവിച്ച ക്ഷണത്തിൽ മഹാരാജാവു പുത്രനെ സന്ദര്‍ശിക്കുന്ന ഭാഗം ഏറ്റവും മനോഹരമായിരിക്കുന്നു.
"അവൈക്ഷത ക്ഷാമശരീരയഷ്ടേഃ
കുമാരമുൽസംഗഗതം സ ദേവ്യാഃ
ശരൽകൃശായാ ഇവ ശൈവലിന്യാ-
സ്തരംഗലഗ്നം കളഹംസശാബം.
മുഹുർമ്മുഹുഃ പല്ലവപാടലേന
മുഷ്ടീകൃതേന ദ്വിതയേന പാണ്യോഃ
അരാതിലക്ഷ്മീകചസഞ്ചയാനാ-
മാകര്‍ഷശിക്ഷാമിവ ശീലയന്തം."
ഈ പുത്രനാണ് ഗംഗാദേവിയുടെ പ്രാണപ്രിയനും കഥാനായകനുമായ കമ്പണൻ.
"തഥാ ന കര്‍പ്പരഭരൈര്‍ന്ന ഹാരൈര്‍-
ന്ന ചന്ദനൈര്‍ന്നാപ്യമൃതാംശുപാദൈഃ
യഥാഭവന്നിർവൃതി മസ്യഗാത്രം
സുതാംഗസംസ്പര്‍ശഭുവാ സുഖേന."
ശരി, പുത്രസ്പര്‍ശസഖം ഒന്നു വേറേതന്നെയാണു് . കർപ്പൂരവും മുത്തുമാലയും ചന്ദനവും നിലാവും മറ്റും അതിന്റെ കഥ വിചാരിക്കുമ്പോൾ ശുദ്ധമേ തുച്ഛംതന്നെ.
മൂന്നാംസര്‍ഗ്ഗത്തിൽ കവയിത്രി കമ്പണന്റെ യൌവനത്തെ വര്‍ണ്ണിക്കുന്നു.
"സ പഞ്ചബാണദ്വിപകേളിദീർഘികാം
ധരാനുരാഗദ്രുമപുഷ്പമഞ്ജരീം
നിതംബിനീനേത്രചകോരചന്ദ്രികാ-
മവാപദാസ്തന്ദിതശൈശവാം ദശാം.
ഘനാംസപീഠൌ കറിനാരുണാംഗുലീ;
പദപ്രകോഷ്ഠൗ പരിഘാനുകാരിണൌ;
മഹൌജസസ്തസ്യ മനോഹരൌ ഭൂജാ-
വപശ്യദാജാനുവിലംബിനൌ ജനഃ''
അനന്തരം അച്ഛൻ പുത്രനെ സപ്തവ്യസനങ്ങൾക്കു വശംവദനാകാതേയിരിക്കുന്നതിനും തുണ്ഡീരമണ്ഡലത്തിന്റെ (തൊണ്ടമണ്ഡലത്തിന്റെ) അധിപനായ 'ചമ്പൻ'എന്ന ദ്രവിഡരാജാവിനെ ജയിക്കുന്നതിനും ഉപദേശിക്കുന്നു. ആ ഉപദേശത്തിൽ അനേകം ധര്‍മ്മഹസ്യങ്ങൾ അടങ്ങിയിരിക്കുന്നു.
"ഗുരൂപദേശഃ കില കഥ്യതേ ബുധൈ-
രകര്‍ക്കശം കിഞ്ചന രത്നകുണ്ഡലം
അമേചകം നൂതനമഞ്ജനം സതാ-
മജാതഗാത്രക്ഷയദ്ഭുതം തപഃ.
യുവാനമജ്ഞാതനയാഗമക്രമം
സ്വതന്ത്രമൈശ്വര്യമദോദ്ധതം നൃപം
വിപൽ ക്ഷണേന വ്യസനാനുബന്ധജാ
ക്ഷിണോതി ചന്ദ്രം ക്ഷണദേവ താമസീ
ഹിതാനി കുര്‍വന്നപി നാനുരക്തയേ
ജനസ്യ ജല്പൻ പരുഷം രുഷാ നൃപഃ;
പയാംസി വര്‍ഷന്നപി കിന്നു ഭീഷണഃ
കഠോരവിഷ്ഫൂര്‍ജ്ജഥഗര്‍ജ്ജിതോ ഘനഃ?"
നാലാംസര്‍ഗ്ഗത്തിൽ കമ്പണന്റെ യുദ്ധയാത്രയുടെ വര്‍ണ്ണനമാരംഭിക്കുന്നു.
"അഥ മന്ദരസംഘട്ട-
ക്ഷുഭിതാംഭോധിമണ്ഡലഃ
രരാണ കോണാഭിഹതോ
രണനിര്യാണദുന്ദുഭിഃ.
കല്പാന്തോദ്ഭൂതചണ്ഡീശ-
ഡമരുദ്ധ്വാനഡാമരഃ
ഉദജൃംഭത ഗംഭീരോ
വിയദദ്ധ്വനി തദ്ധ്വനിഃ"
ഒടുവിലുദ്ധരിച്ച പദ്യത്തിന്റെ ശബ്ദസുഖം നോക്കുക; സാക്ഷാൽ പെരുംപറയുടെ ശബ്ദംതന്നെ. അനുഷ്ടുഭശ്ലോകം രചിക്കുവാൻ ഗംഗാദേവിക്കുള്ള വൈദഗ്ദ്ധ്യം അന്യാദൃശമെന്നു വീണ്ടും പറഞ്ഞേ മതിയാകുകയുള്ളു. ഒൻപതുശ്ലോകങ്ങൾകൊണ്ടു കമ്പണന്റെ അശ്വത്തെ സ്തുതിക്കുന്നു.
"സപക്ഷ ഇവ താർക്ഷസ്യ
സജാതിരിവ ചേതസഃ
സഖേവ ഗന്ധവാഹസ്യ
സംഘാത ഇവ രംഹസഃ
അപര്യാപ്താമതിക്രാന്താ-
ചേതോവൃത്തസ്സ്വരംഹസഃ
വിസ്താരയന്നിവ മഹീം
ചടുലൈ ഖ രഘട്ടനൈഃ''
ഇത്യാദി.
വിരിഞ്ചിനഗരത്തിലേ യുദ്ധത്തിൽവച്ചു കമ്പണൻ ചമ്പരായനെ തോൽപിക്കുകയും ആ ശത്രു ഓടിയൊളിച്ച രാജഗംഭീരദുര്‍ഗ്ഗം പിടിച്ചടക്കി അയാളെ ദ്വന്ദ്വയുദ്ധത്തിൽ വധിക്കുകയും ചെയ്തു കാഞ്ചീപുരത്തിൽ സിംഹാസനാധിരൂഢനായി രാജ്യഭാരമാരംഭിച്ചു. അഞ്ചും ആറും ഏഴും സർഗ്ഗങ്ങൾ കമ്പണപ്രശസ്തിപരവും ഋതുവര്‍ണ്ണനാദികാവ്യശൈലികളെക്കൊണ്ടു സമ്പൂവണ്ണവുമാണു്. അങ്ങനെ രാജ്യഭാരം ചെയ്യുമ്പോൾ ഒരുദിവസം ഒരു ദിവ്യസ്ത്രീ (മധുരാനഗരലക്ഷ്മിയായിരിക്കണം) കമ്പണന്റെ മുമ്പാകെ പ്രത്യക്ഷീഭവിച്ചു പാണ്ഡ്യരാജ്യവാസികൾ തുരുഷ്കരിൽനിന്നനുഭവിക്കുന്ന സങ്കടങ്ങളെ നിവേദനം ചെയ്യുന്നു. ഈ ഭാഗം തുലോം തന്മയത്വമുള്ളതും രഘുവംശം പതിനാറാംസര്‍ഗ്ഗത്തിൽ കുശചരിതത്തിന്റെ മദ്ധ്യത്തിൽ
"അഥാരാത്രേ സ്തിമിതപ്രദീപേ
ശയ്യാഗൃഹേ സുപ്തജനേ പ്രബുദ്ധഃ
കശഃ പ്രവാസസ്ഥകളത്രവേഷാ-
മദൃഷ്ടപൂര്‍വാം തരുണീമപശ്യൽ.'’
എന്ന പദ്യംകൊണ്ടാരംഭിക്കുന്ന ഘട്ടത്തോടു കിടനില്ക്കത്തക്കതുമാകുന്നു.
"സതതാദ്ധ്വരധൂമസൌരഭൈഃ പ്രാങ്-
നിഗമോൽഘോഷണവദ്ഭിരഗ്രഹാരൈഃ
അധുനാജനി വിസ്രമാംസഗന്ധൈ-
രധികക്ഷീബതുലുഷ്കസിംഹനാദൈ
മധുരോപവനം നിരീക്ഷ്യ ദൂയേ
ബഹുശഃ ഖണ്ഡിതനാളികേരഖണ്ഡം
പരിതോ നൃകരോടികോടിഹാര-
പ്രചലച്ഛൂലപരമ്പരാപരീതം.
ഹിമചന്ദനവാരിസേകശീതാ-
ന്യഭവൻ യാനി ഗൃഹങ്കണാനി രാജ്ഞാം
ഹൃദയം മമ ഖേദയന്തി താനി
ദ്വിജബന്ദിനയനാംബുഭൂഷിതാനി.
സ്തനചന്ദനപാണ്ഡു താമ്രവര്‍ണ്ണ്യാ-
സ്തരൂണീനാമഭവൽ പുരാ യദംഭഃ
തദസൃഭിരുപൈതി ശോണിമാനം
നിഹതാനാമഭിതോ ഗവാം നൃശംസൈഃ"
ഇത്തരത്തിലായിരുന്നു വിലാപം. ഒടുവിൽ ആ ദേവത ഒരു വിശിഷ്ടമായ ഖഡ്ഗം കമ്പണനു പ്രദാനംചെയ്യുന്നു.
"അഥ തം കളധൌതകോശജാഗ്രൽ-
കരലഗ്നത്സരുരുച്യമാനഖഡ്ഗം
അചിരോഝിതകഞ്ചുകാൻബുദ്ധ-
സ്‌ഫുടകാളോരഗഭോഗസാമ്യഭാജം:
ക്ഷയകാളകരാളഭദ്രകാളീ-
ഗളകാളാഗരുകർദ്ദമായമാനൈഃ
മഹസാം പ്രസരൈരദീപഹാര്യം
കിമപി ധ്വാന്തമിവ പ്രകാശയന്തം;
പ്രതിബിംബിതദീപകാന്തിമന്തഃ
സ്ഫുടതാപിഞ്ഛതരുപ്രസൂനനീലം
നവമംബുധരം വിഡംബയന്തം
ജഠരോജ്ജൃംഭിതവൈദ്യുതപ്രകാശം;
തമരാതിനരാധിനാഥനാരീ-
നയനാംഭഃകണപാതഹേതുഭൂതം
പ്രഭുരുന്മിഷിതസ്വരോഷവഹ്നേ-
രധികോദ്ദാമമംസ്ത ധൂമദണ്ഡം."
ഗൌഡീരീതിയുടെ ഭംഗികാണണമെങ്കിൽ ഈമാതിരി ശ്ലോകങ്ങൾ പരിശോധിക്കണം. ആ ഖഡ്‌ഗം അഗസ്ത്യമഹര്‍ഷിതന്നതാണെന്നും അതുകൊണ്ടു തുരുഷ്കരാജാവിനെ വധിക്കുവാൻ സാധിക്കുമെന്നുംപറഞ്ഞു് ദേവി അന്തര്‍ദ്ധാനംചെയ്യുകയും അതനുസരിച്ചു ദ്വന്ദ്വയുദ്ധത്തിൽ കമ്പണൻ മധുരാധിപതിയായ തുരുഷ്കനെ വധിക്കുകയും ചെയ്യുന്നു. ഗ്രന്ഥം മുഴുവൻ കിട്ടീട്ടില്ലെങ്കിലും മധുരാവിജയംഎന്ന നാമധേയം കിട്ടീട്ടുള്ളഭാഗംകൊണ്ടു സാര്‍ത്ഥമാകുന്നതിനാൽ അതിനപ്പുറം അധികമൊന്നുമില്ലെന്ന് അനുമാനിക്കുന്നതിൽ അസാംഗത്യമില്ല. ഈമഹാകാവ്യത്തിന്റെ സര്‍വതോമുഖമായ രാമണീയകം ഞാൻ ഇതുവരെ ഉദ്ധരിച്ചിട്ടുള്ള ശ്ലോകങ്ങളിൽനിന്നു ധാരാളം വിശദമാകുന്നതും സംസ്കൃതസാഹിത്യനഭോമണ്ഡലത്തിൽ ഗംഗാദേവി ഒരു ജാജ്വല്യമാനമായ ജ്യോതിസ്സായി എന്നെന്നേയ്ക്കും പ്രകാശിക്കുന്നതുമാണു്. ആ സ്ത്രീരത്നത്തിന്റെ പവിത്രചരിത്രം ലക്ഷ്മിഭായി വായനക്കാരും കവിയശഃപ്രാര്‍ത്ഥിനികളുമായ കേരളീയമഹിളകളുടെ സ്ഥൈര്യത്തിനും സമാശ്വാസത്തിനും പ്രയോജകീഭവിക്കുമാറാകട്ടെ.
ലക്ഷ്മിഭായി