മാതാവേ! ബെസന്റമ്മ! മത്സ്യാവതാരം പൂണ്ട
ഗീതാവാക്യാധിഷ്ഠാനദേവതേ! നമസ്കാരം!,
ലോകമോഹാന്ധകാരച്ഛേത്രിയാമുഷസ്സന്ധ്യ!
ദേഹദേഹ്യംബുക്ഷീരഭേദവിജ്ഞയാം ഹംസി!
ജംഗമബ്രഹ്മവിദ്യേ! രത്നഗർഭാലങ്കാര-
മംഗലപ്രദീപികേ! മാഹാത്മ്യസ്വരൂപിണി!
ആര്‍ക്കുതാനങ്ങേയ്ക്കുള്ളൊരത്ഭുതാപദാനങ്ങൾ
വാക്കിനാൽ വാഴ്ത്തീടാവൂ? വാഴ്ത്തിയാലൊടുക്കാവൂ?
ത്വജ്ജന്മോദ്ദേശം സാക്ഷാൽ ധർമ്മത്തിൻ സംസ്ഥാപനം
സ്വച്ഛന്ദയോഗക്ഷേമേ! സിന്ധുമേഖലാസുതേ!
ദൂരസ്ഥകാന്താരമേ നേദിഷ്ഠപ്രതോളിയായ്,
ഘോരകാരാഗാരമേ കോളപ്രസാദമായ്,
സ്വാനുഭൂത്യഗ്നിജ്വാലാശുദ്ധയാമങ്ങല്ലാതെ
മാനുഷര്‍ക്കാരുണ്ടമ്മേ! മാര്‍ഗ്ഗോപദേശം ചെയ്‍വാൻ?
മന്നിൽനിന്നാഴിക്കുള്ളിൽ മഗ്നമാം മഹാമ്നായം
ത്വന്നത്രമീനോദ്ധൃതം വീണ്ടുമിന്നുത്ഭാസിപ്പു.
പ്രത്യക്ഷവാഗ്ദേവതേ! ഭാവൽകസദ്വ്യാപാരം
പ്രത്യഹം ജയിക്കുന്നു തദ്രഹസ്യാദ്ധ്യാപനം
ഭാരതക്ഷ്മദേവിയെപ്പണ്ടത്തെച്ചൈത്രം നീങ്ങി
ഗ്ഘേരദൗതികഗ്രീഷ്മതപ്തയായ് ദൈവം കാൺകേ
ഐശ്വര്യവര്‍ഷാഗമം ശംസിപ്പാൻ നിയോഗിച്ചാൻ
പശ്ചിമാകാശത്തിൽനിന്നങ്ങയാം വലാകയെ.
പണ്ടുതൊട്ടോരോമട്ടിൽ പാശ്ചാത്യർകെട്ടിക്കേറി-
ക്കൊണ്ടുപോകുവോരസ്മദ്വിത്തത്തിന്നശേഷവും
പാല്യരങ്ങയാലെന്നു വന്നപ്പോൾതന്നെ നേടീ
മൂല്യവും വാർദ്ധൂഷ്യവും ചക്രവൃദ്ധിയും ഞങ്ങൾ.
പാതാളത്തോളമന്യപാദാഘാതത്താൽ താണ
മാതാവേ! മനംനൊന്തു മാഴ്‌കിടും മനസ്വിനി!
ഭാരതക്ഷമേ! ഭവൽപ്രഷ്യപുത്രിയാലങ്ങു
പാരതന്ത്ര്യാന്ധുവിട്ടു പാതിയും കേറിപ്പോയി.
തൽകരാവലംബത്താലങ്ങേയ്ക്കു നേടാം വീണ്ടു-
മഗ്ര്യമാം പൂർവസ്ഥാനമപ്പുറത്തേക്കും ചെല്ലാം!
ഈഹിപ്പതേതും തപശ്ശക്തിയാൽ ലഭിച്ചീടു-
മീഹിമധരാത്മജയ്ക്കീശ്വരൻ നിത്യാധീനൻ.
സൂര്യ്യനും സൂര്യനാവാൻ രാപ്പകൽ പ്രകാശിക്കു-
മാര്യമാമാദ്ധ്യാത്മിക സാമ്രാജ്യം പാലിപ്പോളേ!
സാധുസംരക്ഷചെയ്യും തൻതൂവൽച്ചെങ്കോൽകൊണ്ടു
ഭൂതലം പുതുസ്വര്‍ഗ്ഗമാക്കീടും പുണ്യാത്മികേ!
ഇന്നത്തെ വിക്റ്റോറിയാദേവിയാം ബെസന്റമ്മേ!
എന്നെന്നുമങ്ങേയ്ക്കുമീശ്വരൻ സന്മംഗലം,
ശാരദാരൂപേ! മഹാതാപി! ജഗദേക-
ശാരദപൌര്‍ണ്ണമാസീചന്ദ്രിക! ജയിച്ചാലും