വെള്ളിക്കുന്നിലമർന്നെഴുന്നഭഗവാൻ വെള്ളപ്പളുങ്കാഭയും
വെള്ളം നല്ലൊരു വെള്ളെരുക്കിവജടയ്ക്കുള്ളിൽ സദാ ചൂടുവോൻ
എള്ളോളം തിരുവുള്ളമെന്നിലധുനാ തുള്ളക്കഥയ്ക്കേകുവാൻ
കിള്ളിക്കുർശ്ശിയമർന്നദേവമനിശം കള്ളംവിനാ ഭാവയേ.
സന്തതിധനധാന്യാദിസമസ്തം
ചിന്തിച്ചതുപോലാശുകൊടുക്കം
സന്താനദ്രുമമാകിയസന്തതി
ഗോപാലം കഥയതുകഥനീയം
അതിമോദത്തോടുരചെയ്യാമതു
മതിമാന്മാർകേട്ടരുളുകവേണം
മൽകൃതികൾക്കൊരു പിഴവന്നാലും
സൽകൃതിയെന്നിഹവരുവതിനായി
സുകൃതികളാകിയകൃതികളെയിന്നു
നമസ്കൃതിചെയ്തേനെല്ലാവരെയും
വികൃതിപറഞ്ഞുനടക്കുംദുർജ്ജന-
നികൃതികൾകൊണ്ടൊരു കൂസലുമില്ല
നാരായണനുടെകഥപറയുമ്പോ-
ളോരോദൂഷ്യംവന്നെന്നാലും
പോരായ്മകളില്ലെന്നതുകൊണ്ടോ
ധീരതയുള്ളിൽവളർന്നീടുന്നു
കാരണപൂരുഷനാകിയഭഗവാ-
നാരണപൂജിതനതിസുകുമാരൻ
കാരുണ്യാലയനച്യുതനജ്ജുന-
സാരഥിഭക്തപ്രിയനാംകൃഷ്ണൻ
ഈരെണ്ണായിരവും പുനരെട്ടും
ദാരങ്ങളതാം തരുണികളോടും
ദ്വാരകയെന്നമഹാപുരിതന്നിൽ
സ്വൈരം വാണരുളീടിനകാലം
ശതമഖമുഖസുരവന്ദ്യൻകൃഷ്ണൻ
വിരവൊടുഹയമേധംചെയ്‌വാനായ്
ചിതമൊടുയജനപുരാദികൾ തീർത്തി-
ട്ടതിനുപ്രയത്നം ചെയ്തുതുടങ്ങി
ജ്യേഷ്ഠനതാംബലഭദ്രരൊടുംപരി-
തുഷ്ടന്മാരാം വൃഷ്ണികളോടും
ഇഷ്ടന്മാരിൽശ്രേഷ്ഠനതായ
യുധിഷ്ഠിരസോദരനാം സഖിയോടും
എട്ടുംനിജപതിനാറായിരവും
മട്ടോൽമൊഴിമാർപെറ്റുളവാകും
എട്ടുസഹസ്രം മക്കളൊടുംപരി-
തുഷ്ട്യാഗേഹംപുക്കതിമോദാൽ
സദ്യശ്രമിപ്പാനനിരുദ്ധാദികൾ
തദ്ദിശിപോകെന്നവരെയയച്ചു
ശ്ലാഘ്യതപെരുകിനമാമുനിവരരുടെ
യോഗ്യതപോലെയിരുത്തിയഥാവൽ
യാഗത്തിന്നായ് വന്നൊരുനരവര-
യോഗത്തോടുമിരുത്തിമുകുന്ദൻ
അന്തണവരരുമസംഖ്യംവന്നി-
ട്ടന്തികസീമ്‌നിയിരുന്നുതുടങ്ങി
അടിതിരിയക്കിത്തിരിചോമാതിരി
പട്ടേര്യേം പ്രാൻനംപൂതിരിയും
പട്ടന്മാരും കുട്ടികളൊരുവക
വട്ടം പറവാൻകാലംപോരാ
മററും പലപലസാധുജനങ്ങളും-
മറ്റംകൂടാതസ്സഭതന്നുടെ
ചുറ്റും വന്നുനിറഞ്ഞുശശിയുടെ
ചുററും നക്ഷത്രങ്ങൾ കണക്കേ,
ഏറ്റംഘോഷിച്ചങ്ങനെജഗതീ-
പോറ്റിയുമവിടെയിരുന്നരുളുമ്പോൾ
തത്രസമീപത്തുള്ളൊരു ഭൂസുര-
സത്തമനും പുനരന്തർജ്ജനവും
എത്രകൊതിച്ചിട്ടുണ്ടായ് വന്നൊരു
പുത്രൻചത്തുപിറന്നുധരായാം
അത്തലൊടദ്ദ്വിജവരനും തന്നുടെ
ഹസ്തതലത്തിലെടുത്തുകുമാരം
ഉത്തമപുരുഷപദാംബുജസേവക-
നുത്തമമാകിനവക്ഷസിതാഡി-
ച്ചത്യുച്ചത്തിലിവണ്ണം ശിവശിവ!
പത്തിരുനൂറു വിലാപിച്ചിട്ടു
ചിത്തവിഷാദാൽ ചൊന്നാനപ്പോൾ
പദം.
ഹന്ത ഹന്ത!മുരാന്തകബന്ധുരാംഗദയാരാശേ
ബന്ധമെന്തെനിക്കിവണ്ണം സംഭവിപ്പാനും
വിപ്രകർമ്മം പിഴയാതെകിൽബിഷാംശമണയാതെ
ചിൽപുരുഷാർച്ചനസേവലുപ്തമാക്കാതെ
കൃഷ്ണകൃഷ്ണ! എന്നല്ലാതെതൃഷ്ണയെന്യെയെന്മനസ്സിൽ
വൃഷ്ണിവംശശിഖാമണേ! ചിന്തയില്ലമേ
പാലയ കൃപാലയലോകാലയഗുണാലയമാം
വേലയില്ലഭവാനോർത്താൽ പാലനമസ്മൽ
ഇത്ഥം ദുഃഖിച്ചു പുനരുത്ഥാനം ചെയ്തുവിപ്രൻ
പുത്രനെയുമെടുത്തുപ്രസ്ഥാനം ചെയ്തുശീഘ്രം
പേർത്തുശയിച്ചുദുഃഖമോർത്തുശരീരം പാരം
നേർത്തും ആനനംപാരം വീർത്തും കണ്ണനോടു
കയർത്തും കണ്ണുനീരൊട്ടുവാർത്തും കൈകൊണ്ടുകൂടെ
തോർത്തുംഭാര്യേടെദുഃഖമോർത്തും പാരാതെയാത്ര
പേർത്തും പറഞ്ഞുശീഘ്രം ആർത്തനായ് പുറപ്പെട്ടു
സത്യസ്വരൂപനാംശ്രീകൃഷ്ണന്റെമുമ്പിൽ കൊണ്ടായ്
സത്വരംവച്ചുനിജപുത്രനെയുമദ്ദേഹം
നിരക്കുംപന്തിയിൽചെന്നങ്ങിരിക്കും നിമ്മലന്മാരാ-
യിരിക്കും മാലോകർക്കുള്ളമെരിക്കും കന്മഷത്തെസം-
ഹരിക്കും മാലോകർമറ്റുള്ളവർക്കും ഗൂഢമാനസ-
മിരിക്കും ശോകവഹ്നിയിൽ ദഹിക്കും ബ്രാഹ്മണനെന്നു
നടിക്കുമാറെല്ലാവരും അടിക്കുംകൈകൊണ്ടുമാർവ്വ-
ത്തടിക്കും പൊടിയാംവണ്ണമിരിക്കും ഒച്ചകൾകൊണ്ടും
നടുങ്ങും പാഞ്ഞങ്ങുമിങ്ങും നടക്കും ഉണ്ണിയെമാർവ്വ-
ത്തെടുക്കും കണ്ണനുകൊണ്ടക്കൊടുക്കും കാൽത്താരിൽവീണു
കിടക്കുംകാലിണകെട്ടിപ്പിടിക്കും ഉണ്ണീടെജീവൻ
കിടയ്ക്കും എന്നുള്ളഭാവം നടിയ്ക്കും ഭൂസുൻ തന്റെ
തിടുക്കമിങ്ങിനെകഷ്ടം
തുഷ്ടമാനസരാകും ഭൂസുരരെല്ലാവരും
ഞെട്ടുമാറുരചെയ്തിടിവെട്ടും നാദംപോലെ
പാരംപരവശമാമെൻപീഡകൾ
നേരംപോക്കായ്‌ത്തീർന്നുനിനക്കും
മരണമടുത്തപുമാനുടെശ്വാസവി-
കാരംകണ്ടുരസിക്കുംപോലെ
നാരികൾ നാലഞ്ചുണ്ടല്ലോ തവ-
പുത്രന്മാരും മൂന്നാലില്ലെ
കർക്കശമാനസഞങ്ങളുമിങ്ങനെ
ദുഃഖിച്ചിട്ടു കിടപ്പാറെന്നോ?
എണ്ണുകിലെത്താതുള്ളൊരുനിന്നുടെ
പെണ്ണുങ്ങൾക്കു പ്രതിപ്രതിയനവധി
ഉണ്ണികളും പെണ്ണുങ്ങളുമുള്ളതി-
ലൊന്നിനുമില്ലൊരുസൌഖ്യക്കേട്
കണ്ടാലമ്പതുമറുപതുമൊരുദിന-
മുണ്ടാകുന്നു നിനക്കുസുതന്മാർ
കൊണ്ടാടിക്കൊണ്ടവരെ പരിചൊടു
കണ്ടുരസിച്ചും കൈകളിലാക്കി
കുണ്ഠതതീർന്നുവസിച്ചീടുംവൈ-
കുണ്ഠാ! നിന്നുടെനാട്യം കൊള്ളാം
വിപ്രന്മാരുടെദുഃഖംകണ്ടാൽ
ഉൾപ്പുവിങ്കൽ കൃപയില്ലാത്തൊരു
ദുഷ്പ്രഭുവേനീയേറെഞെളിഞ്ഞാൽ
ക്ഷിപ്രം നിന്നെശപിക്കും ഞാനും
കുഴലുവിളിച്ചുരസിപ്പാൻ കൊള്ളാം
തോഴിയെവിളിച്ചുനടപ്പാൻ കൊള്ളാം
ചേലകൾ കട്ടുനടപ്പാൻ കൊള്ളാം
പാലുകവർന്നുഭുജിപ്പാൻ കൊള്ളാം
അംഗനമാരെയൊളിപ്പാൻ കൊള്ളാം
ഇങ്ങിനെയുള്ളതിനൊക്കെക്കൊള്ളാം;
പാർത്ഥിവധർമ്മം തിരിയാതുള്ളൊരു
ധൂർത്തമതേ! യീവണ്ണം രാജ്യ-
ത്താർത്തിവളർത്തതുകാത്തുവസിച്ചാൽ
കീർത്തികളും തിറമായിത്തീരും
നാട്ടിലിരിക്കുന്നൊരുനാനാജനത്തിന്റെയും
പാട്ടിലിരിക്കുംദ്രവ്യംപാടേകരസ്ഥമാക്കി
വീട്ടിലിരുന്നോരോരോഗോഷ്ഠികൾ കാട്ടുംനിന്നെ
ആട്ടിക്കളവാനുമീ നാട്ടിലാരുമില്ലല്ലോ
അന്യായം പലതിങ്ങനെ ബ്രാഹ്മണ-
നന്യായംവച്ചുരചെയ്തിട്ടും
മന്നവവരനതിനുത്തരമായി-
ട്ടൊന്നും തന്നെയുരിയാടീലാ
ഖിന്നതപൂണ്ടുവിഷണ്ണന്മാരായ്
നിന്നുപറഞ്ഞുമഹാജനമെല്ലാം
എന്നേവിസ്മയമെന്നുവിചാരി-
ച്ചന്യോന്യം ചിലവാക്കുതുടങ്ങി:
“ഈരേഴുലകിനുവേരായ്മരുവിന
നാരായണനുംനരനുംകൂടി
പാരാതിവിടെയിരുന്നരുളുമ്പോൾ
നേരേ വന്നൊരു ഭൂസുരനിങ്ങനെ
ചേരാതുള്ളതു ചൊന്നതുനല്ലൊരു
നേരായ് വരുമോയെന്നുംചിലരു്
നീരസമേതാൻകാട്ടീട്ടുണ്ടോ
സാരസനാഭനൊടെന്നും ചിലരു്
മാരണദേവതകൊല്ലുകയോപല
ബാലകമരണമിതെന്നും ചിലരു്
മാരണദേവതകൊല്ലുന്നതിനു
നിവാരണമുണ്ടോ എന്നുംചിലരു്,
കെട്ടിക്കൊണ്ടുവരേണ്ടുശവത്തെ
ഭൂസുരവരരുടെചുടലക്കളമോ
ഭാസുരമാമിദ്ദ്വാരകനഗരം;
അതുമല്ലിതുമല്ലങ്ങിനെയല്ല
മൃതിസംശയമതുനിശ്ചയമാക്കാം
കുട്ടികൾചത്താലിവിടേയൂംബത-
ആറും രണ്ടും ചത്തസുതന്മാ-
രാരേക്കാട്ടിസ്സംശയമാറ്റി
ബലഭദ്രാർജ്ജുനനാദികളാലൊരു
ഫലമില്ലാതായ് വന്നെന്നും’’ചിലർ;
പലരും പലവിധമുരചെയ്യുന്നതു
ബലനുംകേട്ടിട്ടുരിയാടീലാ
കുലിശായുധസമനാകിയഭൂപതി
കുലമണിമകുടമഹാമണിവിജയൻ
കുലിശം പോലെകഠോരവചസ്സുകൾ
കലശലൊടിങ്ങനെകേട്ടദശായാം
വളരുംകോപമടക്കരുതാഞ്ഞകു-
തളിരുംകൂടെവിറച്ചുതുടങ്ങി
വളറുംതോട്ടിയുമാദരിയാതൊരു
കളഭംനിന്നുമദിക്കുംപോലെ
ബലവീര്യാംബുധിവിജയൻനിജകുല
ചിലയുംകയ്യിലെടുത്തുപതുക്കെ
പലപലവിരുതുകളവിടെനടിച്ചു
ഘനജനമദഹരനാകിയവിജയൻ
ദുഃഖം പൂണ്ടുകിടക്കുംദ്വിജനെ
കൈക്കുപിടിച്ചെഴുനേല്പിച്ചുടനേ
ഭക്തിയോടേദ്വിജവരനെത്തൊഴുതു
സ്വശക്തി നടിച്ചുപഠഞ്ഞുതുടങ്ങി.
ദുഃഖംകൊണ്ടുള്ളതുപോരും മേലിൽ
സൌഖ്യംവരുത്താൻ ഞാൻ പോരും
ഇക്കഥകേട്ടിട്ടുമാരുമിളകാതെ
നിൽക്കുന്നതെന്തിതുധിക്കാരമല്ലയോ (ദുഃഖം)
ഇന്നിയൊരുണ്ണിയുണ്ടാകുമെങ്കിൽ
വന്നുരക്ഷിച്ചുതരുന്നേൻ
പന്നഗഭൂഷണകാരുണ്യംകൊണ്ടിപ്പോൾ
ഒന്നും നമുക്കു കഴിയാത്തതില്ലഹോ! (ദുഃഖം)
പാരം പരിതാപത്തോടേയുള്ള
ഗീരുകളിങ്ങനെകേട്ടാൽ
പൂരുകുലത്തിൽ പിറന്നുവളർന്നൊരു
പൂരുഷനേതും സഹിക്കയില്ലേതുമേ (ദുഃഖം)
പാർത്തലമൊക്കെനിറഞ്ഞോരെന്റെ
കീത്തികൾകേട്ടിട്ടില്ലയോ?
മൂർത്തികൾമൂന്നും മറുപക്ഷത്തായംലും
രക്ഷിപ്പൻബാലമെന്റച്യുതനാണഞാൻ. (ദുഃഖം)
ഇത്തരമുള്ളൊരുവാക്കുകൾകേട്ടു
കയർത്തുപറഞ്ഞുടനർജ്ജുനനോടേ
മതിമതിനിന്നുടെഗർവുകളെല്ലാം
ചതിവുകളും ഞാനറിയും മൂഢാ!
ക്ഷിതിപതിമാരുടെദുസ്സാമർത്ഥ്യം
ക്ഷിതിസുരവരരൊടുകൂടുകയില്ല;
അക്കടൽ വർണ്ണനുമഗ്രജനുംപുന-
രിക്കണ്ടാളുകൾ മറ്റുള്ളവരും
ദുർഘടമാകിയകാര്യമതെന്നു
നിനച്ചിട്ടവരാൽസാദ്ധ്യവുമല്ല
ആനപിടിച്ചാലിളകാത്തൊരു തടി
ശ്വാവിനുകൊണ്ടുഗമിക്കായ്‌വരുമോ
ഊാറക്കാരന്മാരാം നിങ്ങളെ
നൂറ്റുവരാട്ടിപ്പായിച്ചന്നു
ഊറംകൊണ്ടൊരു ഫലമില്ലാതെ
തോറ്റുമടങ്ങാനെന്തൊരുബന്ധം
ഏണവിലോചനയാളാം നിന്നുടെ
ഭാമിനിയെപ്പിടിപെട്ടുസഭായാം
ദീനതയെന്ന്യേദുശ്ശാസനനവ-
മാനമതോരോന്നേചെയ്യുമ്പോൾ
നാണംകൂടാതവിടെവസിച്ചതു്
ആണുങ്ങൾക്കിഹയോഗ്യമതാമോ
അക്ഷോണീസുരനാഥനിവണ്ണം
അധിക്ഷേപിച്ചുപറഞ്ഞതുകേട്ടു
വീരപരാക്രമശാലിയതാകിയ
കിരീടിയുമപ്പോളേവം ചൊന്നാൻ:
“കഷ്ടം ഭൂസുരനിത്ഥമുരപ്പാ-
നൊട്ടും മടിയില്ലാത്തതുമെന്തേ
കേട്ടിട്ടില്ലെഭൂസുരനെന്റെ
വിചേഷ്ടിതമൊട്ടുമറിഞ്ഞിട്ടില്ലേ?
മാരുതനന്ദനസോദരനായ
മഹാരഥനർജ്ജുനനെന്നറിയേണം
കാട്ടാളാകൃതിപൂണ്ടൊരു ഹരനൊടു
കാട്ടിയ ഘോരപരാക്രമമെല്ലാം
കിട്ടിനമുക്കിഹപാശുപതാസ്ത്രം
ഒട്ടും ദ്വിജവരകേട്ടിട്ടില്ലേ?
പാഞ്ചാലഭൂപനൊടേറ്റവരണംചെ-
താശുജയിച്ചുപിടിച്ചഥകെട്ടി-
യെടുപ്പിച്ചെന്നുടെഗുരുവിനു
പുഷ്ടകുതൂഹലദക്ഷിണചെയ്തു
വമ്പന്മാരാം ഭൂപതിമാരവർ
ഡംഭംകാട്ടിഞെളിഞ്ഞിങ്ങവരുടെ
ഡംഭത്തരവും വമ്പത്തരവും
കൊമ്പത്തരവും മുമ്പത്തരവും
പിമ്പിട്ടാശുമടക്കിദ്രൌപദി
തൻപാണിഗ്രഹണോത്സവകാലേ
യന്ത്രംഭിത്വാവേളികഴിച്ചതു-
മന്തണനാഥ! കേട്ടിട്ടില്ലേ?
യാദവകേളിയതെന്നമഹാവിധി
മാധവിഹരണംകേട്ടിട്ടില്ലേ?
സുരലോകേചെന്നമാരികളാം
അരിയ നിവാതകകവചന്മാരെ
വിരവിൽ വധിച്ചുടനവരെവരിച്ചു
വിവശമൊഴിച്ചു പുരിയിലയച്ചു
കേൾക്കദ്വിജേന്ദ്ര! വിരാടനൃപന്റെ
പശുക്കളെയൊക്കെഹരിച്ചതുമൂലം
ഭീഷ്മദ്രോണകൃപാചാര്യന്മാർ
ഭീഷ്മപരാക്രമരാമവർ പലരും
പോരിനുവന്നവരോടുപിണങ്ങി
ധീരതയോടുടനവരുമടങ്ങി
അപ്പശുവൃന്ദമശേഷം വീണ്ടി-
ട്ടപ്പൃഥിവീവരനാശുകൊടുത്തു
ഭാരതമാകിന പോരിലേറ്റം
ധീരതപൂണ്ടമഹീപതിമാരെ
തേരിതിലേറ്റിയെതിർത്തുജയിച്ചൊരു
വീരൻവിജയൻ ഞാനറിയേണം,
ലോകാധീശ്വരനാകിയഭഗവാൻ
ശ്രീകൃഷ്ണപ്രിയനഹമറിയേണം
തന്റെ വലിപ്പം താൻ പറയരുതതു-
കൊണ്ടുമിതിങ്ങറിയാഞ്ഞിട്ടല്ലാ
ധാത്രീസുരരുടെ ദുഃഖം കാൺമതു
ക്ഷത്രിയഭൂപർക്കുചിതവുമല്ല
അതിനുശ്രമിച്ചാലവരെമുഷിപ്പതു-
മനുചിതമയിതവഭുവനസുരേശാ!
സംശയമൊട്ടും വേണ്ടമഹേശ്വര
വംശപരാക്രമ! പൊയ്ക്കൊലും
പത്താം തനയനെരക്ഷിപ്പൻഞാ-
നിത്ഥംചൊല്ലിയസത്യഗിരംമേ
വ്യർത്ഥമതാകിലരക്ഷണവുംബത
പാർത്തിരിയാതതിനുടനേഞാനും
കയ്യിലിരിക്കും ഗാണ്ഡിവമോടും
തീയ്യിൽചാടിദഹിച്ചീടുന്നേൻ;
സത്യം ഗുരുവരചരണത്താണ
സത്യംപൂർവജപാദത്താണ
ശ്രീഗാണ്ഡിവമാംചാപത്താണ
ശ്രീകൃഷ്ണൻശ്രീപാദത്താണ
നിശ്ചയമായിദമുൾക്കൊണ്ടാലും
സജ്ജനനാഥ! പൊയ്ക്കൊണ്ടാലും”
മേദുരമർജ്ജുനവാക്കുകളിങ്ങനെ
ആദരവോടഥകേട്ടൊരുവിപ്രൻ
ദുർജ്ജനരിപുവാം പാർത്ഥൻ തന്നൊടു
വിപ്രൻതാൻ പുനരരുളിച്ചെയ്തൂ:-
അറിവില്ലാതെ ഞാൻ വല്ലതും പറഞ്ഞുപോയെന്നിരിക്കിലും
അറിവുള്ളൊരു ഭവാനുള്ളിൽകരുതിവയ്ക്കൊല്ല
സജ്ജനവന്ദിതനായൊരർജ്ജുനാ! നീയെന്യേമറ്റു
ഇജ്ജനത്തിന്നാരുമൊരുശരണവുമില്ലേ!
പുത്രന്മാരൊമ്പതുംക്ഷിപ്രം ചത്തുപോയ ദുഃഖംകൊണ്ടു
ഇപ്രകാരം ദുർഭാഷണം ചെയ്തുപോയേൻഞാൻ
എന്നതുകൊണ്ടൊന്നുമിന്നുമന്നവ! നിന്നകതാരിൽ
കന്മഷങ്ങൾ തോന്നരുതേ നിർമ്മലമൂർത്ത!
ക്ഷീണവചസ്സുകളോരോന്നിങ്ങിനെ
കേണുപറഞ്ഞതുകേട്ടുകിരീടി
പാണിതലംകൊണ്ടദ്ദേഹത്തെ
താണുതലോടീപുനരതിസദയം
പോണം ഭൂസുരനീയെന്നങ്ങൊരു
വാണിയുമൻപൊടുയാത്രപറഞ്ഞു
മണ്ണിൽ മരിച്ചുമലന്നുകിടക്കുമൊ-
രുണ്ണിയെവേഗാൽകോരിയെടുത്തൊരു
വണ്ണം യാത്രപറഞ്ഞെല്ലാരും
ഉന്നത ഗുണനിധിയാത്രതിരിച്ചു;
വില്പാനായിക്കൊണ്ടുഗമിച്ചമ-
രപ്പാവയ്ക്കിഹവിലചേരാഞ്ഞാൽ
അപ്പൊഴുതുടനേതിരിയെക്കൊണ്ടു
ഗമിപ്പാൻഭാവിച്ചെന്നകണക്കേ
അരനാഴികകൊണ്ടില്ലത്തെത്തി
തെരുതെരെവേഗമകായിൽപുക്കു
ഉദകക്രിയവിധിയെല്ലാംചെയ്തി-
ട്ടുടനേതന്നുടെ കാന്തസമീപേ
പരിതാപേനവിമൂർഛിതയായി-
ട്ടുരിയാടാതെകിടക്കുംപത്നിയെ
തരസാകോരിയെടുത്തു മനോഹര
ലീലാമന്ത്രവുമാശുതുടങ്ങി;
“ഖേദംമതിമതി! മതിമുഖീ! നീയിനി
മോദിച്ചിട്ടുടനെഴുനീറ്റാലും
നാഥേനമ്മുടെ കാര്യമിതെല്ലാം
സാധിപ്പാനൊരുയോഗംവന്നു;
പൊയ്യല്ലെന്നുടെദുഃഖംകണ്ടി-
ട്ടയ്യോ! കഷ്ടമിതെന്നുപറഞ്ഞു
കയ്യേറ്റാനിക്കാര്യം നമ്മുടെ
കൈയൂക്കുള്ളൊരുപാത്ഥനുമിപ്പോൾ
ചൊന്നതിനിന്നൊരുനീക്കംവന്നാൽ
മന്നവവരനതിനുടനേതന്നെ
കയ്യിലിരിക്കുംഗാണ്ഡിവമോടും
തീയിൽചാടിദഹിക്കുമിദാനീം,
നമ്മുടെസുകൃതവിശേഷംകൊണ്ടു
മന്നവവരനുടനങ്ങനെചെയ്തു;
നന്നായിവിടെവസിച്ചാലുംനീ
മന്ദതപഴുതെവൃഥാഫലമല്ലോ”
ശാന്തിദവാക്കതുകേട്ടൊരുനേരം
കാന്തയുമാശുതെളിഞ്ഞെഴുനീറ്റു
കാന്തനുമായിട്ടോരോരോവൃ-
ത്താന്തംതമ്മിലുരച്ചുതുടങ്ങി;
“കണ്ണനെയുണ്ടോകണ്ടെങ്ങാനും?
കണ്ണനെയും ഞാനവിടെക്കണ്ടു;
ഉണ്ണിയെയുണ്ടോകണ്ടുമുകുന്ദൻ?
ഉണ്ണിയെയും ഞാൻകാട്ടിമുകുന്ദം
കുല്പനയെന്തെല്ലാമുണ്ടായി?
കല്പനയൊന്നും ഞാൻ കേട്ടില്ല
കാരണപുരുഷൻമിണ്ടാത്തതിനുടെ
കാരണമെന്തെന്നുണ്ടോകാന്താ!
കാരണപുരുഷൻമിണ്ടാത്തതിനുടെ
കാരണമെന്തെന്നാർക്കറിയാവൂ?
ബലഭദ്രാദികളെന്തു പറഞ്ഞു?
ബലഭദ്രാദികളുരിയാടീല;
പാർത്ഥനുടെചരിതംകേൾക്കട്ടെ,
പാർത്ഥനുടെചരിതം കേട്ടാലും;
ഹേഹേ! പാർത്ഥനിതിന്നെളുതാമോ?
ഓഹോ പാർത്ഥൻപോരുമിതിന്നു്
കുന്തീസുതനുടെ സത്യത്തിന്ന-
ങ്ങന്തരമുണ്ടായ്‌വരുമോനാഥ!
കുന്തീസുതനുമരിക്കാനുണ്ടാ
ഭ്രാന്തുപിടിച്ചുശിരസ്സിലെഴുത്ത്;
നിശ്ചലഹൃദയന്മാരായിട്ടവ–
രച്യുതപൂജകൾചെയ്തുവസിച്ചും
ഹരനുടെനാമവിശേഷമുരച്ചും
അവരുടനവിടെവസിച്ചുസുഖേന.
ഏവംകഴിഞ്ഞെല്ലാരും മേവുന്ന കാലമങ്ങു
ഭാവംതെളിഞ്ഞുതത്രഭൂസുരൻപത്നിയോടും
തോഷമിയന്നോരോവിശേഷങ്ങൾ ചോദിച്ചപ്പോൾ
യോഷമാർമൌലിതാനുംശേഷമരുളിച്ചെയ്തു.
അങ്ങനെവളരെദ്ദിവസംചെന്ന-
ങ്ങംഗനമണിമാർമൌലിക്കങ്ങു
പത്താം ഗർഭവുമുണ്ടായെന്നു
പത്താംമാസവുമങ്ങുതികഞ്ഞു
ഭൂസുരവരനുംതാപമിയന്നു
കുന്തീസുതനെക്കൊണ്ടിഹവരുവാൻ
സത്വരമങ്ങുഗമിച്ചുനരവര-
പത്തനസീമനിചെന്നഥകണ്ടു
പദം
“ഇന്ദ്രാത്മജാ! ഇതുകേൾക്കമനോഹര
സാന്ദ്രവചനമിദം ഇന്നു
ചന്ദ്രാന്വയോൽ ഭൂത! പോരികവൈകാതെ
മന്ദിരേമോദമോടും
സൂതിസമയമടുത്തവിടെ എന്റെകൂടെപ്പോന്നീടുക നീ
കൂടലർകാലനാം കൃഷ്ണന്റെമുമ്പീന്നു
ചെയ്ത സമയമിപ്പോൾ
അതിശൂരാ! മറന്നിതോ പോകനാം വൈകാതെ
മാനസേമോദമോടേ!
അയ്യോ എൻമാനിനിതാനേവസിക്കുന്നു
പൊയ്യല്ലേ പാത്ഥിവേന്ദ്രാ! ഒരു-
കല്മഷം കൊണ്ടുവളരും പരിതാപം
നന്ദസുതപ്രിയ! കേൾ,
കൂടലർകാലനാം കൃഷ്ണനോടും നിന്റെ
കൂടെപ്പിറന്നോരോടും ഇന്നു
കൂടിപ്പറഞ്ഞു നീതേരിൽ കരേറുക
പാടവശാലിൻവിഭോ!’’
എന്നുള്ള വാക്യം കേട്ടുനന്നായ്തെളിഞ്ഞുവീരൻ
അഗ്രജപാദാംബുജം വ്യഗ്രതവിട്ടുകുപ്പി
ഭീമപാദാരവിന്ദം ഭീമമാംഭക്തിയോടും
താണുതൊഴുതു നിജമാതൃപാദാംബുജവും
സോദരന്മാരെ നന്നായാശ്ലേഷം ചെയ്തുകൊണ്ടും
“ഖേദംകൂടാതെവാഴ്‌ക സോദരന്മാരെ! നിങ്ങൾ
പാഞ്ചാലരാജകന്യേ! വന്നാലുമരികത്തു
ചാഞ്ചല്യംകൂടാതെ നീമാതാവോടൊത്തു പാർക്ക
ഭദ്രേ! വരികശുഭേ! ഭദ്രംഭവിച്ചീടുക
ഭദ്രംഞാൻ ഭൂസുരന്റെ പത്തനേഗമിക്കുന്നു
നിന്നുടെസോദരന്റെ കാരുണ്യമുണ്ടെന്നാകി-
ല്ക്കണ്ടിടാമല്ലെന്നാകിൽകണ്ടതുകാര്യംതന്നെ
എന്നുപറഞ്ഞുപുറപ്പെട്ടുനിജ
മന്ദതവിട്ടുപരാക്രമശാലി
പോരിക വിപ്രാപക്ഷേനമ്മുടെ
പോരുകൾകിഞ്ചനകാട്ടുന്നുണ്ട്
എന്നുപറഞ്ഞുരഥമതിലേറീ-
ട്ടുന്നതഗുണനിധിയാത്രതിരിച്ചു,
പൂച്ചവിലങ്ങച്ചാടുകയും പല-
ദുശ്ശകുനംപുനരിങ്ങിനെകണ്ടു;
വാശ്ശതുമങ്ങുഗമിച്ചീടാംപുന-
രീശ്വരവിധിപോലൊത്തുവരട്ടെ.
എന്നുപറഞ്ഞുനടന്നുകടന്നു
മന്ദിരസീമനിചെന്നുകരേറി;
ഗർഭവിലാപവുമങ്ങുതുടങ്ങി
വിപ്രാംഗനമാർവരവുതുടങ്ങി
ഈശ്വരസേവകൾചെയ്യുന്നൂജഗ-
ദീശ്വരനാമംചൊല്ലുന്നൂചിലർ;
സതതാശ്രയമാകെന്നോതുന്നു;
വിബുധേശ്വരാദിയെവാഴ്‌ത്തുന്നൂ ചിലർ
തൽഗ്രഹനിലഗതിപാർക്കുന്നൂ ചിലർ
നിഴലടിനോക്കിയളക്കുന്നൂ ചിലർ
വിരലുകൾകൊണ്ടു പിടിക്കുന്നൂ ചിലർ
മാറിടമാശുതലോടുന്നൂ ചിലർ
ഭേഷജവരരെത്തേടുന്നൂ ചിലർ
വേരുമുറിപ്പാനോടുന്നൂ ചിലർ
ഘോഷമതിങ്ങനെ കേട്ടുതദാദമ-
ഘോഷസുരാരിസഖൻവിജയൻ താൻ
ഗാണ്ഡിവചാപമുടൻകുലപൂട്ടി
തൂണിയിലമ്പുനിറച്ചഥകെട്ടി
തൂർണ്ണം കൈച്ചരടഴകൊടുകെട്ടി
പാണ്ഡവനുംശരകൂടംകെട്ടി
ഭൂതലവാസികളാകവെ ഞെട്ടി
ഭൂമിയുമൊന്നുവിറച്ചഥഞെട്ടി
ഉമ്പരിൽ മുമ്പൻഗാംഭീര്യാംബുധി
ഉമ്പർകുലാധിപതനയൻവിജയൻ
ഉടനുടനേചെറു ഞാണൊലിയിട്ടം
ഇടിനിനദങ്ങൾവിറച്ചഥഞെട്ടി
ഈറ്റില്ലത്തിനകത്തുപുറത്തൊരെ-
ടത്തുകരത്തിൽ ധനുസ്സമെടുത്തുവ-
ലത്തുകരത്തിലുരുത്വമുരത്തക-
രുത്തുപെരുത്തശരത്തെയുമേന്തി
അന്തകഭടരെ വിരോധിച്ചഴകോ-
ടന്തണബാലനെരക്ഷിക്കേണം.
ഏവമുറച്ചുകിരീടിവസിച്ചു
മഹീസുരമാനിനിയും പ്രസവിച്ചു
അതിശയമായൊരുസുതനുണ്ടയതു
വധുകുലമണിമാർനോക്കിയിരിക്കെ
ഹാഹം! കഷ്ടം! കഷ്ടം! ശിവശിവ!
ദേഹത്തോടുമറഞ്ഞുകുമാരൻ
ഹന്ത! ഹന്ത! മരിച്ചുകുമാരകൻ
എന്തു ചെയ്‌വതുഞാനെന്റെ ദൈവമേ;
കുന്തീനന്ദനൻ തന്നുടെ സത്യവും
ഹന്തപാഴിലായ്‌വന്നുചമഞ്ഞല്ലോ
പാർത്ഥനല്ലയോ ഇല്ലത്തിരിക്കുന്നു
വാർത്തയേതുമറിഞ്ഞതുമില്ലയോ?
കർമ്മദോഷമിതെന്നുടെ ജാതകം
നിർമ്മലൻ പാർത്ഥൻതന്റെ പരാക്രമം
ഒന്നുമിപ്പോൾ ഫലിക്കാഞ്ഞതെന്നുടെ
കർമ്മദോഷമതെന്നേ പറയാവൂ,
മുന്നമൊന്നുമേയിവണ്ണംകണ്ടതി-
ല്ലെന്നെ വഞ്ചിച്ചുപോയാനോബാലകൻ
അയ്യോ ബാലക! എന്തുനീയിങ്ങനെ
മെയ്യോടെമറയുന്നു കുമാരക!
ഒച്ചയെങ്കിലും കേൾപ്പാനില്ലായിതു
നിശ്ചയം കൃഷ്ണൻ തന്നുടെമായങ്ങൾ
കൃഷ്ണനങ്ങുകൃപയേതുമില്ലാഞ്ഞാൽ
ജിഷ്ണു ഭാവിച്ചാൽ സാധിക്കുമോകാര്യം?
കൃഷ്ണകൃഷ്ണ! മുകുന്ദ! മുരാന്തക!
പത്മനാഭ പരൻപുരുഷോത്തമ!”
മാനിനിമാരുടെമുറവിളികേട്ടഭി-
മാനികിരീടിമഹേന്ദ്രതനൂജൻ
എന്തിതിവാർത്തകൾ ചെവിപാർക്കുമ്പോൾ
അന്തണനോടിവരുന്നതുകണ്ടാൻ.
നിർദ്ദയമാനസനാകിയഭൂസുര-
നർജ്ജുനനോടുപറഞ്ഞവയെല്ലാം
ഇജ്ജനമെങ്ങിനെചൊല്ലീടേണ്ടു
ലജ്ജയുമുണ്ടിസ്സഭയിൽ പറവാൻ
പാർത്ഥാ! ശൃണുപടുധൂത്താ! നിന്നുടെ
വാർത്താവൈഭവമതിശയമോർത്താൽ
ശശികുലജാതനൃപൻ ഞാനെന്നും
ശചിരമണന്റെ സുതൻ ഞാനെന്നും,
ചൊല്ലി ഞളിഞ്ഞുപറഞ്ഞതുനേരെ-
ന്നെന്നുള്ളത്തിൽനിനച്ചതബദ്ധം,
അതിമാനവുമതിവൻപുംമുൻപും,
തവമാനസമതിലമ്പുംഡംഭും
ചൊന്നവലിപ്പമതെവിടെപ്പോയി
മന്നവരിൽ ജള! ഹീനജളാഢ്യ!
തണ്ടും തപ്പിനടക്കും നിന്നൊടു
പണ്ടേ ഞാൻ വന്നുരചെയ്തിട്ടോ?
എന്നുടെമക്കൾ മരിച്ചൊരുദുഃഖം
നിന്നൊടുഞാൻ വന്നുരചെയ്തിട്ടോ?
സത്യം ചെയ്തതുമെന്തിനെടാ! നീ-
മദ്യം സേവതുടങ്ങീട്ടുണ്ടോ?
പേയാമീവകദുഷിവചനം പല
ഭൂയോഭൂയോഭുവനസുരേശൻ
വായിൽ തോന്നിയതഖിലമുരച്ചു
കായത്തിൽകൊതിവിജയനൊഴിച്ചു
ചേതസ്സിൽ പുനരേവമുറച്ചു
ശ്രീകൃഷ്ണൻ ദൃഢമെന്നെയൊഴിച്ചു
ഹാ! കഷ്ടം! പോരായ്മഭവിച്ചു
കേട്ടിട്ടില്ലാത്തവമാനോക്തികൾ
കേട്ടുസാഹിപ്പാനെളുതല്ലേതും
കായത്തോടെ ദ്വിജവരബാലക-
മായത്തോടെകൊണ്ടുതിരിച്ചിതു
ഞായത്താലല്ലെന്നതുനൂന-
മുപായത്താലെന്നാകിലുമുടനേ
പോയെത്തീടിനദേശത്തോളം
പോയിത്തിരവൻകൊണ്ടിഹവരുവൻ
ഏവമുറച്ചുകിരീടിവസിച്ചു
ദേവവരാത്മജനതിനുശ്രമിച്ചു
അംബരായണമഹാൽഭുതവിദ്യാ-
ഡംബരേണകപികേതനവീരൻ
ധർമ്മരാജപുരിനോക്കിനടന്നു
ധർമ്മജാനുജനുമീഷലകന്നു
കണ്ണടച്ചഥമിഴിക്കുമിടയ്ക്കാ-
ഖണ്ഡലാത്മജനുമന്തകദേശേ
ചെന്നടുത്തളവുകാലഭടന്മാർ
നിന്നുതങ്ങളിലിവണ്ണമുരച്ചാർ:
“ഏവനിന്നൊരു നരൻ പടുധീരൻ
ഏകനായധികചാരുശരീരൻ
പ്രേതനായകപുരിക്കുവരുന്നു
ഭീതിഭാവമവനുള്ളിലകന്നു
ചെന്നുകൊണ്ടിഹവരാതെയൊരുത്തൻ
ഇന്നുവന്നതുമതീവവിചിത്രം
ആയുധങ്ങളൊടുമശ്രമമിപ്പോൾ
ആയവൻവരുവതാശുതടുപ്പൻ
എന്നുറച്ചുബതകാലഭടന്മാർ
നിന്നുചാപവിശിഖാദികളോടും.
അടുത്തുഗോപുരദ്വാരമർത്ത്യനായകനസൂനു
എടുത്തുഗാണ്ഡീവചാപം കുലച്ചുതൂണിയുമേന്തി
ധിമുന്തീംധിമുന്തീദം തകർത്തുഞാണൊലിപാർത്ഥൻ
അമർന്നസംഭ്രമംപൂണ്ടങ്ങുഴന്നാരന്തകദൂതർ.
ഹുംകാരോദയ ചെറുഞാണൊലിയും
ശംഖാരവവും കേട്ടുകൃതാന്തൻ
നമ്മുടെതനയസഹോദരനാകിയ
വെൺമതികുലമണിശക്രതനൂജൻ
അവനുടെശംഖദ്ധ്വനിയതുനിർണ്ണയ-
മവനെ വിരോധിക്കായ്‌വിൻ വെറുതേ
ഗോഷ്ഠിക്കുവനൊടുകലഹിക്കാതെ
കൂട്ടിക്കൊണ്ടിഹവരുവിൻ വിരവിൽ
അന്തകശാസനകേട്ടുടനവരും
കുന്തീസുതനെക്കൊണ്ടിഹവരുവാൻ
നരനോടവരരുൾചെയ്തിതുദന്തം
സുരനാഥജനും കൂപ്പികൃതാന്തം
വിരവിലനുഗ്രഹമരുളിമുദായമ-
നരുളിച്ചെയ്തുകപിദ്ധ്വജനോട്
കിമതോ ഉണ്ണിധനഞ്ജയ! വരുവതി-
നെന്തൊരു കാരണമുരചെയ്താലും:
ഹരിസഖനാകിയഹരിസുതനപ്പോൾ
യമവചനംകേട്ടിദമുരചെയ്തു.
മതിമതിമഹാമതേമാധുര്യവാക്കുകൾ
ചതികളിഹചെയ്തതുമത്ഭുതമോർക്കിലോ
ധരണിസുരവരനുടയബാലകൻതന്നെഞാൻ
ധരണീസുരാലയേകാത്തുനില്ക്കുംവിധൗ
മമചരതശരനികരകൂടങ്ങൾഭേദിച്ചു
ചാരത്തുബാലനെക്കൊണ്ടിങ്ങുപോന്നതും
അമരവരതനയനഹമെന്നെയോർക്കായ്കിലെ-
ന്റഗ്രജൻതന്നെനീചിന്തചെയ്തീലയോ!
മധുമഥനനഖിലജഗദീശനാം കൃഷ്ണന്റെ
കാരുണ്യപീയൂഷമുണ്ടുനമുക്കഹോ
തരികമമകരതളിരിലഴകൊടുകുമാരനെ
താല്പര്യമാമെന്റെ ഗംഭീരസത്യവും
ഓർത്തുകൊള്ളല്ലായ്കിലന്തകനെന്നുള്ള
ധൂർത്തുപോക്കീടുവാൻ പാത്ഥൻമടിക്കുമോ,
ദ്വാരകാതീരത്തൊരു ഭൂസുരബാലന്മാരേ
പാരാതൊൻപതുപേരെ ചോരാനീകൊണ്ടുപോന്നു
പത്താംതനയനെ ഞാൻരക്ഷിച്ചുകൊടുപ്പാനായ്
സത്യവും ചെയ്തുകൊണ്ടുപത്തനേവസിക്കുമ്പോൾ
ചിത്തഭയംകൂടാതെ പൃഥ്വീസുരസുതനെ
അത്രനീകൊണ്ടുപോന്നതെത്രയുംധിക്കാരമായ്
ആയതിനിന്നു നിന്റെ നാശം വരുത്തുവാനായ്
ആശുഞാൻവന്നതെന്നുകൂശാതെ കേട്ടുകൊൾക
ശുദ്ധനാം പാർത്ഥനെന്നു അത്രനീശങ്കിക്കേണ്ടാ
പക്ഷേരണത്തിനായിപക്ഷങ്ങൾകൂട്ടുനന്നായ്
കുന്തീനന്ദനനെന്നുകേട്ടിട്ടില്ലയോഭൂപാ!
അന്തകവൈരിഞാനും അന്തരമെന്നേവേണ്ടു
കൂർത്തുള്ളശരംകൊണ്ടുപോർക്കളം തന്നിൽനിന്റെ
ധൂർത്തുകളവാനിന്നു പാർത്ഥൻ മടിക്കയില്ല.
ഇത്തരമുള്ളൊരു വിജയൻ തന്നുടെ
അത്തൽമുഴുത്തൊരു വാക്കുകൾകേട്ടു
ആധിപിടിച്ചുവിയർത്തുകൃതാന്തനു-
മാദരവോടങ്ങരുളിച്ചെയ്തു:-
“എന്തൊരു ഭൂസുരനെന്തൊരുബാലക-
നേതൊരുദിക്കിനുകൊണ്ടുതിരിച്ചു
ഹേതുവതെന്തിനുവരുവാനെന്നും
ഏതുമറിഞ്ഞിട്ടില്ലേ ഞാനും
മത്ഭടരാരും പോയിട്ടില്ല
മൽപുരിയിൽകൊണ്ട്വന്നിട്ടില്ലാ
നിന്നെക്കബളിപ്പിച്ചാരാണ്ടതി-
നെന്നൊടുകോപിച്ചാൽ ഫലമുണ്ടോ?
അങ്ങാടീത്തോറ്റെന്നാലിങ്ങിതി-
നമ്മയൊടെന്നപഴഞ്ചൊല്ലൊത്തു
സംശയമുണ്ടെന്നാകിലഹോരിപു-
വംശ! പരംതപ! പോരികകൂടെ”
എന്നുപറഞ്ഞുതുറന്നിതുയമനും
തന്നുടെവൻനരകൗഘകവാടം
പാപം ചെയ്തൊരുജീവനെയിങ്ങനെ
ദുഃഖിപ്പിപ്പതുകണ്ടുകിരീടി,
കണ്ടാലുമോരോമഹാപാപികൾകിടക്കുന്നു
കണ്ഠമറുത്തുകൊണ്ടുകുണ്ഠിതം പ്രാപിക്കുന്നു
ദേവസ്വംബ്രഹ്മസ്വവും കേവലമടക്കിക്കൊ-
ണ്ടാരോമൽപൂമേനിയായുള്ളൊരുകാന്തയോടും
സാദരം പുലരുന്നമൂഢന്മാരുടെതനു
താഡനംചെയ്തുകൊണ്ടുവാട്ടിവലിച്ചീടുന്നു
കള്ളുകുടിക്കും നായന്മാരുടെ
പള്ളയ്ക്കിട്ടുകൊടുക്കണകണ്ടു
വള്ളികൾകൊണ്ടുവരിഞ്ഞതുകണ്ടു,
പാശംകൊണ്ടുമുറുക്കണകണ്ടു,
പിന്നെപ്പലപല ജീവനെയിങ്ങനെ
ദണ്ഡിപ്പിപ്പതുകണ്ടർജ്ജുനനും,
അസ്ഥലമഖിലം പാർത്തു കിരീടി
നാസ്തികുമാരനതോർത്തഴൽതേടി
താതൻ പാദവുമാശുനമിച്ചു
ഖേദാദികളഖിലങ്ങളൊഴിച്ചു
അവിടെയുമില്ലെന്നുടനെവിധിച്ചു
ദിക്പാലാഷ്ടകഭുവനംപുക്കു
തത്രതിരഞ്ഞുംകാണാഞ്ഞതിനാൽ
നാണംകെട്ടുമനസ്സുമടങ്ങി
മാനംകെട്ടുമഹീന്ദ്രതന്ത്രജൻ,
നിശ്ചയമായി മനസ്സിലുറച്ചു
അച്യുതനെന്നെയുപേക്ഷിച്ചെന്നു്;
മൽചരിതം പുനരഗ്നിയിൽവീണുദ-
ഹിച്ചൊരവസ്ഥഗ്രഹിച്ചീടേണം.
ഏവം നിജമനതാരിലുറച്ചു
ദേവവരാത്മജനതിനുശ്രമിച്ചു;
അനവധിവിറകുവരുത്തിനിറച്ചു
മനമതിലതിശയഭക്തിയുറച്ചു.
ആശുകുളിച്ചുവിഭൂതിധരിച്ചഖി-
ലേശപദേനിജഭക്തിയുറച്ചു
ഇന്ധനമാശുവരുത്തിയുയർത്തി
ഘനഘടയും പുനരതിശയമോടെ
അഗ്രജജനകസഹായനതായോ-
രഗ്നിയെവിരവൊടുവിറകിൻനടുവേ
കത്തിയടുത്തു ചുഴന്നുപിളർന്നാഘ-
നാശ്രയമാർഗ്ഗത്തോളമുയർത്തി
ദിക് പതിമാരെയുമാരാധിച്ച-
ങ്ങഗ്നിയെമൂന്നുവലത്തും വച്ചു
ശരവുംശരധിശരാസനസമയുഗ-
കരതലപരിചോടഞ്ജലിചെയ്തു
ദേവകദംബവരിഷ്ഠാധികനാം
പാവകദേവനൊടായറിയിച്ചു:-
പാഹിധനഞ്ജയ! പാതമദന്ന്വയ
പാഹിധനഞ്ജയമയമിഹഭഗവാൻ!
ത്വദ്ദത്തായതചാപസമേതം
ത്വദ്ദേഹത്തോടുചേരുന്നേൻ ഞാൻ
എന്നുടെകൃഷ്ണായെന്നുവിളിച്ചു
വഹ്നിടെനടുവേചെന്നു പതിക്കാൻ
ആങ്ങിത്തൂങ്ങിയമർന്നു കുതിച്ചു
ജനങ്ങൾക്കനവധിഭയവുമുറച്ചു
ഉഷ്ണസമേതജനനിനികേതേ
കൃഷ്ണനറിഞ്ഞാൻ ജിഷ്ണുജസമയം
അയ്യോ! കഷ്ടം നമ്മുടെ പാർത്ഥൻ
തീയ്യിൽ ചാടി ദഹിക്കുമിദാനീം;
പേടിമുഴുത്തൊരു ഭാവത്തോടെ
ഓടിജനാർദ്ദനനതിമതിമോദാൽ
മഞ്ഞപ്പട്ടുടെ കുത്തുകിഴിഞ്ഞും
മഞ്ജീരധ്വനിതത്രപൊഴിഞ്ഞു,
ഓടിവലഞ്ഞും നാടികുഴഞ്ഞും
വാടിയുലഞ്ഞും മാടിവിളിച്ചും
വിജയാ! വിജയായെന്നുവിളിച്ചും
അരുതേ സാഹസമെന്നുപറഞ്ഞും
വിജയൻ വഹ്നിയിൽവീഴും മുമ്പേ
തരസാ ചെന്നുപിടിച്ചുമുകുന്ദൻ
മുൻനോക്കീട്ടുകുതിച്ചൊരു പാർത്ഥൻ
പിൻനോക്കിട്ടുമറിഞ്ഞഥവീണു
അപ്പോഴത്തെ അവസ്ഥനിനച്ചാ-
ലത്ഭുതമെന്നേ പറവാനുള്ളു!
വിഭ്രമമോടഥനോക്കന്നേരം
രുക്മിണിവരനെക്കാണ്മാറായി
വ്രീളാവിവശതപൂണ്ടു കിരീടി
കാളാഭാംഗനെവീണുവണങ്ങി
തൊണ്ടവിറച്ചും നെഞ്ചുവിറച്ചും
മിണ്ടരുതാതെവിയർത്തുതളന്നും
അണ്ടർവരാത്മജനിണ്ടൽമുഴുത്തതു
കണ്ടുദയാനിധി കാർമുകിൽവണ്ണൻ
പുഞ്ചിരിപൂണ്ടിദമരുളിച്ചെയ്തു.
നിശ്ചരിതം ബഹുവിസ്മയമേത്താൽ
കുന്തീകുമാരകാ! നീഎന്തിനായ്ക്കൊണ്ടീവണ്ണം
ഹന്തനിനച്ചുചെയ്തതന്ധകാരോദയമോ!
ചെന്തീയ്യിൽ വീണുദേഹംവെന്തുമരിപ്പാനൊരു
ബന്ധംഭവിച്ചീടുവാൻ കാരണമെന്തുപാർത്ഥാ!
ബുദ്ധിതെളിഞ്ഞുകേൾക്കതദ്വിധമായയെല്ലാം
സിദ്ധിദമാക്കിയ ഞാൻ പ്രസ്താവകാരിയായോ
ഭാരതായോധനത്തിൽ തേരതിലേറിനിന്റെ
വീര്യവും പൂരിപ്പിപ്പാൻ സാരഥിയായില്ലേ ഞാൻ
പോരിന്നായാരംഭിച്ചവീരന്മാരുമായ് നേരേ
ഘോഷിച്ചനേരത്തു നീ തേരിൽ പരിപതിച്ചു
അന്നേരംമോഹം തീർത്തു നന്നായുപദേശിച്ചു
തന്നോരുപനിഷത്തുമിന്നു മറന്നുപോയോ
ലോകങ്ങളെഴുരണ്ടും കീഴ്മേൽമറിപ്പതിന്നു-
മാകുലമില്ലചിത്തേമേവിചാരിച്ചീടുമ്പോൾ
ഭൂസുരബാലപരിപാലനവീരവാദ
ഹേതുവതെന്നോടുപറയാഞ്ഞതെന്തു പാർത്ഥ!
പൃത്ഥ്വിസുരേശൻതന്റെപത്തുകുമാരന്മാരിൽ
പത്തിലൊരുത്തനെനീകാത്തു തരുന്നേനെന്ന
സത്യവചനമിന്നുവ്യർത്ഥമായ്‌വന്നിതിപ്പോൾ
ബുദ്ധിക്ഷയവുംവേണ്ടാചിത്തേഖേദവും വേണ്ടാ
പത്തുകുമാരന്മാരുമൊത്തുധരിത്രീദേവ-
സത്തമനായ്ക്കൊണ്ടക്കൊടുത്താലുമർജ്ജുന നീ
ദാഹകർമ്മത്തിനിന്നുമോഹമുണ്ടായതുനിൻ
സാഹസമെന്നല്ലാതെ ഹാ! ഹാ! പറഞ്ഞീടാമോ”
ഇതിമാധവഗിരമമരാധിപസുത-
നതിമാധുര്യസമേതംശ്രുത്വാ
നത്വാമുരരിപു ചരണസരോരുഹ-
മുക്ത്വാഭീമസഹോദരനേവം:
“കരുണാകരതവതരുണാരുണസമ-
ചരണാംബുജയുഗമാധാരം മമ
പിഴകളശേഷമൊഴിച്ചരുളേണം
അടിയനെയോർത്തുക്ഷമിച്ചീടേണം
മുട്ടീടുന്നീയഗ്നിജ്ജ്വാലയിൽ
പെട്ടീടുന്നു ഹരേപരിതാപം
മുട്ടീടുന്നുവിവേകവുമകമേ
വൃഷ്ണിവംശജ! ജഗദീശമുരാരേ!
ഇതിനരപതിഗിരമഖിലംകേട്ടു
അതിമോദേന ചിരിച്ചുമുകുന്ദൻ
അഗ്നിജ്വാലയിലുഷ്ണമകന്നു
ശക്രതനൂജനുദുഃഖമകന്നു
ദാരുകനാം നിജസൂതനെമാനസ-
താരകമേകരുതീജഗദീശൻ,
രഥവും കൊണ്ടഥവന്നവനും നിജ
പദവും വന്ദിച്ചളവുതദാനീം
നരനൊടുസഹിതം നാരായണനും
വിരവിനൊടത്ഭുതരഥമതിലേറീ-
ട്ടംബരമാർഗ്ഗേയാത്രതുടങ്ങി
ജവംബഹുദൂരമകന്നുതുടങ്ങി
രവിമണ്ഡലവുംശശിമണ്ഡലവും
ധ്രുവമണ്ഡലവും താഴെക്കാണായ്
വിബുധാധിപപുരിനിശനായകപുരി
നവഖേചരഗതിസുരദീർഘികയും
കല്പകവൃക്ഷം പുഷ്പോദ്യാനവു-
മബ്ധികളും കനകാചലശിഖരം
ഏറെത്താഴത്തേറെത്താഴെ
ദൂരെദൂരെക്കാണായ്‌വന്നു;
ലോകാലോകവുമങ്ങുകടന്നു
ഹാഹാകൂരിരുളാധിമുഴുത്തു
കൺകാണാഞ്ഞുമുടൻകമലേശ
മുഖം കാണാഞ്ഞുവലഞ്ഞുകിരീടി
ശക്രതനൂജനുദുഃഖമൊഴിപ്പാൻ
വിക്രമശാലിജഗൽഗുരുകൃഷ്ണൻ
ചക്രപരായണനുൾക്കമലേനിജ-
ചക്രത്തെപ്പരിശീഘ്രംസ്മൃത്വാ
ലോകൈകാഞ്ചികദീപാ കൃതിജഗ-
ദേകാശീതിസുദർശനചക്രം
തൂർണ്ണമുദിച്ചുകോപമൊഴിച്ചു
പാണ്ഡവനുള്ളിൽ വിഷണ്ണമൊഴിച്ചു
വൃത്രവിനാശനപുത്രനൊടാശു
ജഗത്ത്രയനായകനത്രവിനോദാൽ
എത്രയകന്നിതുപദ്ധതിദൂരമതിൽ
ത്രിദശേശജനോർത്തരുൾ ചയ്തു,
“യോജനദൂരമൊരമ്പതിനായിര-
മനവധികൂടീട്ടപ്പുറമായിതു”
ഓരോതരമിദമരുളിയനേര-
ത്തേറിയദൂരെമകന്നിതുതേരും
ശ്രീപാൽക്കടലുടെ തിരയടിനാദം
താപാൽകേട്ടു മഹാത്ഭുതജാതം
വൈഷ്ണവരൂപമഹാത്ഭുതപൂണ്ണ-
സുഖസ്ഥലമോഹനമാർഗ്ഗത്തൂടെ
ചെന്നണയുമ്പോളമ്പൊടുകണ്ടു
സുന്ദരമഞ്ജുളതേജോനിലയം
ശ്രീകണ്ഠാദിനിഷേവിതമാംഹരി
വൈകുണ്ഠംജഗദേകമനോജ്ഞം
ക്ഷീരാർണ്ണവമതിൽനാഗാധിപനുടെ
ചാരുഫണാഞ്ചിതമണിവരതല്പേ
നാരായണനധിവാസംകണ്ടു
മുരാരികിരീടിയോടരുളിച്ചെയ്തു:
“കുണ്ഠേതരമിതുകണ്ടീടുകവൈ-
കുണ്ഠപുരംപുരുഷോത്തമവാസം”
എന്നുപറഞ്ഞഥനന്ദസുതോപിപു-
രന്ദരനന്ദനനോടുസമേതം
സ്യന്ദനമതിൽനിന്നമ്പൊടിറങ്ങി
ജഗന്നിലയസ്ഥലമാശുവണങ്ങി;
അതിമോദത്തൊടുനോക്കുന്നേരം
അതിശയമനവധികണ്ടുതുടങ്ങി;
കനകക്കൊടിമരമുയരെക്കണ്ടു
ഖഗസത്തമസുനിവാസംകണ്ടു
ഹേമസമാനശയപ്രഭകണ്ടു
സോമസമാനമതിൽപ്രഭകണ്ടു
നവരത്നോജ്ജ്വലപരിഭാസുരമാം
സുരവർദ്ധിതസോപാനംകണ്ടു
ഹരിപദഭക്തജനത്തെക്കണ്ടു
സുരമുനിമാരെയുമഴകൊടുകണ്ടു
ഓരോതരമവർ സേവകൾകണ്ടു
നാരദമുനിയെവിശേഷാൽ കണ്ടു
മേരുസമാനകിരീടംകണ്ടു
ചാരുഗളോന്നതമാലകൾകണ്ടു
പുഷ്പോദ്യാനവിശേഷം കണ്ടു
ഷഡ്പദജാലവിലാസം കണ്ടു
പീതാംബരമാമുടുപുടകണ്ടു
പാദാംബുജയുഗമഴകൊടുകണ്ടു
ലക്ഷ്മീദേവിയെയരികേകണ്ടു
അക്ഷ്മാപതിയുടെവാസംകണ്ടു
ശ്രീവൈകുണ്ഠവിശേഷമുരപ്പാൻ
ആകാംക്ഷിതമെന്നാകിലുമിപ്പോൾ
ആവുന്നതിനേമോഹിക്കാവൂ
ഭാവിച്ചാലെളുതല്ലതുരപ്പാൻ
നരനൊടുസഹിതൻ നാരായണനും
ഹരിചരണാംബുജമാശുവണങ്ങി
ഭൂമാഭഗവതിമാരൊടുകൂടി
ആമോദേനവസിച്ചരുളുന്നൊരു
ഭഗവദ്രൂപവിലാസം കണ്ടു
പെരുകിനഭക്ത്യാഹരിസ്തുതിചെയ്തു
മുരഹരനരനുതിഗിരമിതിവിവിധം
ഹരികരുണാകരജഗദഖിലേശൻ
ശ്രുത്വാകൃത്വാമുഗ്ദ്ധസ്മിതമിദ-
മുക്ത്വാമധുരമനോഹരവാക്യം
“രാമസഹോദര! ഭീമസഹോദര
ഹേ! മമചാരുകുമാരന്മാരേ!
ഭൂതലവാസം സുഖമല്ലേതവ
സാധുജനത്തിനുമിഹനിങ്ങൾക്കം
കൃഷ്ണാനമ്മുടെശൂരസുരാദികൾ
തൃഷ്ണാസുഖമൊടുവാഴുന്നില്ലേ!
മുസലിക്കുംതവജനനിക്കുംമന-
മൊരുമിക്കുന്നയദുപ്രവരർക്കം
ഉപജനകനുമുപമാതാവിന്നും
തവസുഖവാസമതല്ലേകൃഷ്ണ?
നിർമ്മലഹൃദയാ! വിജയാ! നമ്മുടെ
ധർമ്മതനൂജനുസുഖമോവാസം?
മാരുതസുതനും മാദ്രീസുതരും
ശൂരജസോദരിതവമാതാവും
കുശലസമേതനിവാസരതല്ലേ?
വിശദമതേശതമന്യുതനൂജ!
ശത്രുഹരായുധചിത്തരസോദയ
നിത്യസുഖേനവസിക്കുന്നില്ലേ?
ഇതിമധുസൂദനനതിമധുരോദയ-
മുചിതകുതൂഹലമരുൾചെയ്യുമ്പോൾ,
ഭക്തിനിറഞ്ഞുവഴിഞ്ഞുപൊഴിഞ്ഞനു-
സൂക്തമുവാചജഗല്പതികൃഷ്ണൻ,
കുശലം സകലംകരുണാജലധേ
കുശലമതില്പരമറിയുന്നില്ലേ
നിന്തിരുവടിയറിയാതഖിലാശയ,
കിഞ്ചിദുദന്തംനഹിനഹിഭുവനേ
ഒന്നുംപറവാൻതോന്നാതെബത
നിന്നുകിരീടിമുകുന്ദസമീപേ;
അന്നേരം മധുകൈടഭനാശൻ
അന്യോന്യാദരമരുളിച്ചെയ്തു;
ഉർവീതലപരിതാപഹര! തവ
ദുർവാരബലചരിതവുമപരം
സർവവിശേഷമശേഷമറിഞ്ഞേൻ
വസുദേവാത്മജവിജയന്മാരേ
നിങ്ങളെയുള്ളൊരു വാത്സല്യംപുന-
രിങ്ങുമുഴുത്തുഭവിച്ചതുമൂലം
ഇരുവരുമെന്നുടെമുമ്പിൽ വരേണം
പരിഭവരഹിതംകണ്ടീടേണം
അതിനൊരു പെരുവഴിഞാനിഹകരുതി
ക്ഷിതിസുരസുതരെക്കൊണ്ടിഹപോന്നു
ഇന്നുവരുംബതനിങ്ങളതുംപുന-
രെന്നുനിനച്ചുവസിച്ചിതുഞാനും
പത്തുകുമാരരെയൊത്തവനീസുര-
സത്തമനാശുകൊടുത്തുസുഖേന
ദമ്പതിമാരൊടനുഗ്രഹവും ബഹു
സംപ്രതിവാങ്ങിവസിച്ചീടുകപോയ്;
അതുകേട്ടളവഥതൊഴുതുനിവർന്നള-
വതികൌതുകമിഹകാണായ്‌വന്നു;
പൃത്ഥ്വീസുരനുടെ പത്തുകുമാരരു-
മത്രകളിച്ചുവസിച്ചീടുന്നു;
അച്ഛൻ മക്കളെയെന്നകണക്കെ
ആശ്ചരിയംബഹുമായാസഹിതം
വാഞ്ഛാസാകമൊരുണ്ണിയെ ഭഗവാൻ
ചാഞ്ചാടിച്ചുകളിപ്പിക്കുന്നു
പോക്കാക്കെക്കെയെന്നു പറഞ്ഞു
വിരലുപിടിച്ചുനിവർത്തികുമാരൻ
ഇതിലിതിലതിലിതിലെന്നുപറഞ്ഞു
വിരലുകൾചെന്നുപിടിച്ചു നിവർത്തും
കൗസ്തുഭമാശുപിടിച്ചുവലിച്ചു
കഴുത്തിലുടൻകരയേറിയിരുന്നും
മടിയിൽപുക്കുസുഖേഖനശയിച്ചും
മകരക്കാതിലകണ്ടുരസിച്ചും
വിടുവിടെമുട്ടുകൾകുത്തിനടന്നും
ഫണിവരതല്പേവീണുമറിഞ്ഞും
വലുസാധികമാം വചനമുരത്തും
കലിതരസേനകളിച്ചുരസിച്ചും
തൃക്കൈകൊണ്ടുപിടിച്ചുമുറുക്കി
ശീഘ്രം നിറുകയിലാഘ്രാണിച്ചും
ലക്ഷ്മീഭഗവതിപത്താംതനയനെ-
യാശ്ലേഷിച്ചുകുചങ്ങൾ കൊടുത്തും
അവനീദേവിയുമവനുടെപൂർവജ-
മാദരവോടഥതാലോലിച്ചും
ബാലകലീലാവിലസിതമഥപശു-
പാലകിരീടികൾകണ്ടുരസിച്ചും
പുഞ്ചിരിപൂണ്ടുപരൻപുരുഷൻ പുന-
രഞ്ചിതരൂപൻകിഞ്ചിൽബഭാഷേ:
“വിശ്രുതവിപ്രകുമാരന്മാരെ
പശ്യമുരഹരവിജയന്മാരെ!
പത്തുശിശുക്കൾക്രമത്തെയുമവരുടെ
നിത്യവളർച്ചവയസ്സുകളുംബത”
ഉണ്ണികളെപ്രതിപരിപാലിച്ചുട-
നർണ്ണോജാക്ഷനുമിദമരുൾചെയ്തു
സുഖമായങ്ങുഗമിച്ചുവസിപ്പിൻ
സുകുമാരാകൃതിമാരേനിങ്ങൾ
നിങ്ങൾക്കച്ഛനുമമ്മയുമുണ്ട്
നിങ്ങളെയോർത്തു വിലാപിക്കുന്നു;
എന്നതുകൊണ്ടിനിവൈകാതവരെ
ചെന്നഥകണ്ടുവരേണമിദാനിം
മധുകൈടഭാരിതന്റെമധുരമാംവാക്കുകേട്ടു
അധികസന്താപത്തോടുംകരയുന്നുബാലകന്മാർ
പൊഴിയുന്നുകണ്ണുനീരും കരയുന്നുമാനസവും
പതറുന്നുഖേദത്തോടെ പറയുന്നിതോരോതരം
വിയർക്കുന്നുദീർഘവീർപ്പും പിളർത്തുന്നുചണ്ടുരണ്ടും
തളരുന്നു പാരവശ്യം പറയുന്നിതോരോതരം
ജനകജനനിമാരും ഇവിടെയുണ്ടെല്ലോഞങ്ങൾ-
ക്കിനിയേതോരച്ഛനമ്മ അറിയുന്നില്ലല്ലോ ഞങ്ങൾ,
ഒരുനാളും പോകയില്ലെന്നുരചെയ്തുനാഥൻതന്റെ
തിരുമുഖംനോക്കിനോക്കിക്കരയുന്നു ബാലകന്മാർ
മഹിമാഭഗവതിമാരതുകണ്ടുട-
നാമോദേനസമാശ്ലേഷിച്ചു
ദുഃഖമൊഴിച്ചിദമരുളിച്ചെയ്തു:
“മക്കളെയങ്ങുഗമിക്കസുഖേന;
നിങ്ങൾക്കച്ഛനുമമ്മയുമുണ്ട്
നിങ്ങളെയോർത്തുവിലാപിക്കുന്നു;
പിതൃമാതാക്കളെദുഃഖിപ്പിക്കരു-
തതിദോഷം വരുമതിനുണ്ണികളേ!”
എന്നതുകേട്ടു കുമാരന്മാർക്കുട-
നൊന്നുപകർന്നുചമഞ്ഞു സ്വഭാവം
അങ്ങുള്ളവരെക്കണ്ടീടേണം
ഞങ്ങൾക്കങ്ങുഗമിച്ചീടേണം
അച്ഛനുമമ്മയുമുള്ളേടത്തേ-
ക്കിക്ഷണമിപ്പൊളയച്ചീടേണം;
മായാമയനാം നാരായണനുടെ
മായാവൈഭവമതിശയമോർത്താൽ
നിശ്ചലമാനസനാകിയഭഗവാൻ
കുട്ടികളോടിദമരുളിച്ചെയ്തു:-
“എങ്കിൽസുഖമായങ്ങുഗമിപ്പിൻ
സങ്കടമുള്ളിലശേഷമൊഴിപ്പിൻ
ഓജസ്സോടെചെന്നുടനവരുടെ
തേജസ്സോടുലയിക്കുക നിങ്ങൾ”
ഇദമരുൾചെയ്തഥഭൂയോഭൂയോ
വിരവൊടുതഴുകിയനുഗ്രഹമേകി,
യാത്രയയച്ചുമുകുന്ദൻകൃഷ്ണനു-
മാസ്ഥയോടേദ്വിജബാലന്മാരെ
തേരതിലേറ്റിയുഴറ്റൊടുവേഗാൽ
ദ്വാരകതന്നിലിറങ്ങിവിളങ്ങി
ധരണീസുരനുടെഭവനേചെന്ന-
ക്കരുണാകരനുടെവചനാവിജയൻ
പൃത്ഥീദേവനെയാശുവിളിച്ചു
അപ്പൊഴുതുംകൃതമായിശകാരം
വേണ്ടാപരിഭവഗിരമിനിഭൂസുര-
നിണ്ടലശേഷമൊഴിപ്പതിനായി
പങ്കജനയനൻശ്രീകൃഷ്ണൻ വ-
ന്നങ്കണസീമനിമരുവീടുന്നു,
മിറ്റത്തോളംവരികഭവാനിഹ
കുറ്റം പറവാൻ പിന്നെയുമാമേ
എന്നതുകേട്ടുപുറത്തുമിറങ്ങി
മന്നിടദേവൻമഹിഷീസഹിതൻ
ശ്രീധരദേവനുമിദമരുൾചെയ്തു
“ഭൂസുരനാഥനൊടയിഗുണരാശേ!
മൃത്യുഭവിച്ചസുതന്മാരെത്തവ
പത്തിനെയുംബതപശ്യമഹാത്മൻ
ഒന്നിനെവിജയൻരക്ഷിച്ചതുമതിൻ
മുന്നേപോയവരൊമ്പതുപേരും
കയ്ക്കൊൾകതവപുത്രരെയതിസുഖ-
മായ്ക്കൊള്ളുകതവ നിത്യനിവാസം”
എന്നരുൾചെയ്തഥനന്ദനാശു
പുരന്ദരജാതൻതന്നുടെകയ്യാൽ
നന്ദിച്ചൻപൊടുനന്ദനദശകം
മന്നിടദേവനുനൽകിപ്പിച്ചു
മേദിനിദേവൻമാനിനിയോടും
മോദമുദിച്ചതുചൊല്ലാവല്ലേ
അത്ഭുതമത്ഭുതമെന്നുമഹാജന-
മുല്പലനേത്രനെവാഴ്ത്തീടുന്നു.
ആലിംഗനമവർ ചംബനമങ്ങവ-
രാവോളമവർചെയ്തീടുന്നു.
അവനീസുരനുംരമണീസഹിതം
കമലാകാമുകവിജയന്മാരെ!
മക്കൾ മരിച്ചൊരുദുഃഖനിമിത്തമെ-
നിക്കുഭവിച്ചൊരതിബ്ഭ്രമമൂലം
ദുഷ്കൃതവചനമുരത്തവയെല്ലാം
സൽകൃതമെന്നേബോധിക്കാവൂ,
ഭൂസുരവരരുടെശീലമിതെന്നേ
ചേതസിനിങ്ങൾ നിരൂപിക്കാവൂ,
ആർത്തകുരൂഹലമോടവനപ്പോൾ
വാഴ്ത്തിമുരാന്തകവിജയന്മാരെ
മേദിനിതന്നിൽ മാനിനിയോടും
സാദരമത്രസുഖിച്ചുവസിച്ചു.
സന്താനഗോപാലം ഓട്ടൻതുള്ളൽ സമാപ്തം.

ഡോ. ആദർശ് സി.
അസോ.പ്രൊഫസർ