കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾക്ക്
ചൊല്ലേറുന്നഭവാൻ മനോരമയിൽ ഞാൻ
കണ്ടീടുവാൻവേണ്ടി,യീ-
ട്ടില്ലേ താങ്കൾ സഭയ്ക്കു പോയ വിവരം
സര്വം സവിസ്താരമായ്
എല്ലാം നോക്കി മനസ്സിലാക്കി,യതിലെ-
സാരങ്ങ, ളന്നാസ്സഭ-
യ്ക്കുല്ലാസത്തോടു പോയപോലനുഭവം
വന്നൂ സമസ്തം സഖേ! 1
കണ്ടാലതീമാതിരിഭംഗിയാക്കി-
ക്കൊണ്ടാതിയന്യന്നുമനസ്സിലാക്കാൻ
ഉണ്ടോമിടുക്കോര്ക്കുക ചിൽപുമാൻ കൈ-
ക്കൊണ്ടുള്ളതല്പത്തിനുമിപ്രകാരം. 2
വൈക്കത്തേയ്ക്കുഗമിയ്ക്കുവാനിവിടെവ-
ന്നെത്താം ഭവൽഭാരമ-
ങ്ങൊക്കെപ്പേറിനടത്തിടാം ദിനസരി-
ക്കൂനംവരാതങ്ങിനെ
ചിക്കെന്നന്നുപറഞ്ഞപോലിവിടെവ-
ന്നില്ലെന്നുമല്ലാഭവാൻ
വൈക്കത്തേയ്ക്കുമിറങ്ങിയില്ല പണികൊ-
ള്ളാം നല്ലമുട്ടാണിതു. 3
ശ്ലോകത്തിലാക്കി വരവിങ്ങിനെതാങ്കളെന്നെ-
ശ്ലോകത്തിലാക്കി വിവരത്തിനെഴുത്തുപോലും
പാകത്തിലങ്ങിനെ കുറിച്ചിവനേകിടാതെ
മൂകത്വമാര്ന്നു മരുവുന്നതുഭംഗിയായോ? 4
ദീനംകൊണ്ടുഴലുന്നൊരെന്റെ ദിനച-
ര്യയ്ക്കൂനമേൽക്കാതെക-
ണ്ടാനന്ദത്തൊടുകൊണ്ടു പോകുവതിനായ്
കയ്യേറ്റൊരാത്തോഴരെ
കാണാനി,ല്ലിനിയാരു, നമ്മുടെ പെരും
തൃക്കോവിലപ്പന്റെ കാ-
ലാണല്ലോഗതിയെന്നുറച്ചു സുമതേ,
വയ്ക്കത്തുപോയ്പോന്നുഞാൻ! 5
ഇപ്പോയീടിനവൃശ്ചികത്തിലിരുപ-
ത്തഞ്ചാന്തികാലത്തുണര്-
ന്നപ്പോൾത്തന്നെകളിച്ചുസാന്ധ്യവിധിയും
മററുള്ള തേവാരവും
സാപ്പാടും പതിവുള്ള വസ്തിയുമഹോ
സാധിച്ചുറേൽസഞ്ചിയും
ചോപ്പിച്ചങ്ങിനെചെന്നുചേര്ന്നുറയിൽവേ
സ്റ്റേഷന്റെ മുറ്റത്തുഞാൻ. 6
എന്നെക്കൂടിയെനിക്കുവേണ്ടിയതുനാ-
ളെൻപുത്രനും,വൈദ്യനാം
ധന്യൻമാതുലപുത്രനായ സരസൻ
വിഷ്ണുക്കുടുപ്പിള്ളിയും .
പോന്നാ, രായവർമാസ്റ്റരോടുവിവരം
കേൾപ്പിച്ചുതീവണ്ടിയിൽ-
ത്തന്നത്താൻബഹളം വരാതൊരു മുറി-
യ്ക്കേര്പ്പാടുചെയ്തീടിനാർ. 7
എന്നിട്ടങ്ങിനെവാച്ചെടുത്തു മണിപ-
ത്തായെന്നുചൊല്ലുമ്പൊഴേ -
യ്ക്കൊന്നൂതീകുഴൽ, കൈയുവീണു,മണിമു-
ട്ടീ,വാച്ചരോടീ,സഖേ!
നിന്നൂവണ്ടി തറക്കൽവന്നിതുടനെ
ബ്ലോക്കും കൊടുത്താദരാൽ
വന്നൂമാസ്റ്റർവെളിക്കുഗാർഡിനുകരം
നൾകിസ്സലാം ചെയ്തുതേ. 8
പിന്നെച്ചെന്നുമുറയ്ക്കു മാസ്റ്റർമുറിയൊ-
ന്നപ്പോളൊഴിച്ചിട്ടുവ-
'ന്നെന്നാൽ കേറുക'യെന്നുഞങ്ങളെയതിൽ
കൊണ്ടാക്കിവേണ്ടുംവിധം
പിന്നെപ്പാസ്സുപതിച്ചുപോട്ടർ മുറിപൂ-
ട്ടിക്കൊണ്ടുനിൽക്കുമ്പൊഴേ
യ്ക്കൊന്നാട്ടീകൊടി, ഗാർഡിതോര്ത്തു കുഴലൂ -
തീവണ്ടിമണ്ടീ,സഖേ! 9
ഒന്നോതാംമുറിഞങ്ങളങ്ങിനെയൊഴി-
ച്ചിട്ടൊന്നു വാങ്ങിച്ചതി-
ല്ലെന്നാൽതീര്ന്നുതിരക്കിലെന്റെകഥഞാൻ
കഷ്ണിച്ചുപോം തോഴരേ!
അന്നോരോമുറിയിൽസ്സുമാറിരുപതാ-
ളോളംകരേറീട്ടുമു-
ണ്ടെന്നല്ലോര്ക്ക മുറക്കു, വീടി, പൊടി, തൊ-
ട്ടെന്തൊക്കയോ ദുഗഘടം. 10
നമ്പൂരി, പട്ടര,ടിയോടികൾ, വാരിയന്മാർ,
നമ്പ്യാരു, കൊങ്ങിണി, മഹമ്മദർ, ക്രീസ്തിയന്മാർ
എമ്പ്രാന്തിരിപ്പരിഷ, യീഴവർ, ചെട്ടി, തൊട്ടി-
ട്ടമ്പാ,മഹാലഹളവണ്ടിയിലന്നു, ധീമൻ! 11
അഷ്ടമിക്കുഗമിക്കുന്ന
കൂട്ടരാണിവരൊക്കയും
മൊട്ടച്ചിമാരുമോര്ക്കുമ്പോ-
ളൊട്ടല്ലായതിലുള്ളതു. 12
പിന്നത്തെക്കഥഞാനൊന്നും
ചൊന്നാലാവില്ല തോഴരേ!
നന്നെവേഗത്തിലാവണ്ടി
ചെന്നെത്തിയെറണാകുളം. 13
ഇറങ്ങിതീവണ്ടിയിൽനിന്നുവേഗം
തുരംഗവണ്ടിക്കകമേറിഞങ്ങൾ
പരുങ്ങിടാതെത്തിമുറയ്ക്കുമുക്കോ-
രൊരുങ്ങിനിലും കടവിൽ, ഗുണാബ്ധേ! 14
വണ്ടിയോടുമളവങ്ങിനെനോക്കി-
ക്കണ്ടു കൊണ്ടുനടകൊണ്ടൊരുനേരം
പണ്ടുകണ്ടൊരെറണാകുളമല്ലീ-
ക്കണ്ടിടുന്നകരയെന്നുനിനച്ചു. 15
ചേലോവത്താലെറണാകുളത്തിനിതുപോ
ലുണ്ടാക്കുവാൻ രാജഗോ-
പാലാചാരി ദിവാനൊഴിഞ്ഞൊരുവനും
സാധിക്കയില്ലെന്നുഞാൻ
ആലോചിച്ചുമഹാമതേ, വിരുതെഴും
തൽപ്രാഭവംനാട്ടുകാർ
മേലാലോര്ക്കണമെന്നെടുത്തൊരുചിത-
ക്കയ്യാണിതയ്യാരസം. 16
കേവള്ളമൊന്നവിടെനിന്നുപിടിച്ചുപിന്നെ-
യാവുന്നവേഗമൊടുപോയ്പവനപ്രസാദാൽ
രാവിൽ,ക്കവീന്ദ്ര, മണിയേഴരയായനേരം
താവുന്നമോദമൊടുവെക്കണഞ്ഞു ഞങ്ങൾ. 17
തട്ടുമ്മേൽച്ചെന്നിറങ്ങീ തരമവരവരോ-
രോന്നുചൊല്ലിത്തുടങ്ങീ
കഷ്ടംനാമോര്ക്കിലെങ്ങീക്കഠിനനിശകഴി-
ച്ചീടുമെന്നായ്മരുങ്ങീ
ഇഷ്ടന്മാരെന്നിണങ്ങീലൊരുവരുമതിനാൽ
ബുദ്ധിവല്ലാതെമങ്ങീ
വെട്ടംകത്തിച്ചിറങ്ങീവരുമതുവരുമെ-
ന്നോര്ത്തു ദേവംവണങ്ങീ. 18
എന്നിട്ടുഞങ്ങളവിടന്നുനടന്നിടുമ്പോൾ
മുന്നിട്ടുകണ്ടവിവരം വിവരിച്ചുചൊല്ലാൻ
എന്നിഷ്ടനായസുമതേ, വിഷമം, ഭവാനു-
മിന്നൊട്ടുമട്ടു,മിവനോ പറയേണ്ടതുണ്ടോ? 19
തട്ടുതൊട്ടുകിഴക്കോട്ടേ-
യ്ക്കൊട്ടല്ലഗ്ഗോപുരംവരെ,
പുഷ്ടശ്രീവിലസുംറോട്ടിൻ
മട്ടുകണ്ടാൽമനോഹരം. 20
കച്ചോടക്കാരനേകം കുടിലുകളിരുഭാ-
ഗങ്ങളിൽക്കെട്ടി, നന്നായ്
വെച്ചോരോരോപദാര്ത്ഥങ്ങളെയതിനകമേ
മോടികൂടും പ്രകാരം
അച്ഛിന്നാഭംവിളക്കങ്ങിനെനിരനിരയായ്
വച്ചു വാഴുന്നകണ്ടാൽ
കൊച്ചിക്കമ്പോളമെന്നല്ലുടനടിപണിയും
ബൊമ്പയുംകമ്പമെന്യേ! 21
ചൊല്ലാമങ്ങൊരുദിക്കിലാസകലവും
ബങ്കാളനാച്ചീനനെ-
ന്നെല്ലാനാട്ടിലെഴുന്നമറ്റുഭരണി-
ക്കൂട്ടങ്ങൾകൂട്ടങ്ങളായ്
തെല്ലല്ലോര്ക്കണമിട്ടുരുട്ടികളട-
പ്പിട്ടിട്ടുമില്ലാതെയും,
കല്യന്മാരണിയുന്നസൽകവിമണേ,
കണ്ടേൻകണക്കെന്നിയേ! 22
ചാരുള്ള കട്ടിൽ, വലുതായകസാല,യീസി-
ച്ചേറ,സ്സലായപലമാതിരിമേശ, പിന്നെ,
സാരജ്ഞ, കൈയുകളിടാത്തകസാല, വട്ട-
ച്ചേറെ,ന്നുതൊട്ടുപലതും പരമന്നുകണ്ടേൻ! 23
വട്ടംതിരിച്ചുചിലരെ,ച്ചിലരെത്തരത്തിൽ
നട്ടംതിരിച്ചു, ശിവരാമ, പണംപിടുങ്ങും,
ചട്ടറ്റൊരെന്ത്രപദരൂപമതാമുഴിഞ്ഞാ-
ലിട്ടാട്ടിടുന്നതഹമങ്ങിനെനിന്നുകണ്ടു. 24
മെത്തപ്പായ തരംതിരിച്ചി,രുപതേ -
തായിട്ടൊതുക്കിപ്പരം
വൃത്തിക്കങ്ങിനെകെട്ടിവെച്ചതു, ചുരു-
ക്കംകെട്ടൊരയ്യായിരം,
വ്യത്യാസംപറയുമ്പൊഴില്ല, കുറവി-
ല്ലൊട്ടും തഴപ്പായയും,
പ്രത്യേകിച്ചിവരണ്ടിലുള്ളൊരു തടു
ക്കിന്നില്ലൊടുക്കം, സഖേ! 25
കോട്ടപ്പെട്ടി,യെഴുത്തുപെട്ടി, ചെറുതാം
കയ്പെട്ടിതൊട്ടൊക്കയും
കോട്ടംവിട്ടൊരുവീട്ടികൊണ്ടു, സുകവേ,
വൃത്തിക്കുതീര്ത്തങ്ങനെ,
പൂട്ടും കെട്ടുകളുംതറച്ചൊ,രുകണ-
ക്കില്ലാതകണ്ടെ, ത്രയോ
കൂട്ടീട്ടുണ്ടതുകണ്ടുനില്ക്കു,മതിനി-
ല്ലാവശ്യമെന്നാകിലും! 26
നെട്ടൂര്പ്പെട്ടികളോക്കുര്മ്പോ-
ളൊട്ടല്ലവിടെയുള്ളതു്;
ഇഷ്ടമില്ലതെനി,ക്കത്ര
ദൃഷ്ടിവെച്ചില്ലതിൽ, സഖേ! 27
വട്ടത്തൊപ്പി, വളര്ത്തമീശ, വളുസ-
ക്കുപ്പായ,മെന്നല്ലതേ
മട്ടിൽപ്പോട്ടൊരുകൽക്കുടുക്കിയിവയും,
വാച്ചും ധരിച്ചങ്ങനെ;
പുഷ്ടശ്രീമദമാര്ന്നു തമ്മിലവിടെ-
പാരംതിരക്കുന്നൊരാ-
സ്സേട്വന്മാരുടെ നല്ലപീടികകളും
കണ്ടേൻകണക്കെന്നിയേ. 28
കോട്ടും ഷർട്ടു,മഹോ, മഹാരസികനാ-
മാഫ്ഷർട്ടു,മെന്നല്ലലാ-
ങ്കോട്ടും,കേൾക്ക, കഴുത്തിലിയ്യിടെയണി-
ഞ്ഞീടുന്നൊരാപ്പട്ടയും,
ബൽട്ടും, തൊപ്പികളും, സുഖംതിരളുമാ-
ക്കൂമ്പൻതലത്തൊപ്പിയും
കെട്ടിത്തൂക്കിയിരിപ്പതെത്രവളരെ-
ക്കണ്ടാ,ന്നുകൊണ്ടാടിഞാൻ. 29
ശീലത്തരങ്ങളൊരുപാടയി, കണ്ടുപിന്നെ-
ശ്ശീലക്കുടത്തരമൊരമ്പതുജാതികണ്ടു
ചേലൊത്തറാന്തൽബഹുഭേഷ, തിലുംവിശേഷം
കോലുന്ന ചിമ്മിനിവിളക്കൊരുപാടുകണ്ടു. 30
പാലപ്പംവടദോശയിഡ്ഡലിയത-
ല്ലുപ്പിട്ടറൊട്ടിത്തരം
ചേലഞ്ചുന്നൊരുപാൽമിഠായി, സുഖിയൻ,
പിട്ടെ,ന്നുതൊട്ടിങ്ങനെ, മാലോകര്ക്കുഭുജിക്കുവാൻപലതരം
ഭോജ്യങ്ങൾ നിര്മ്മിച്ചുവ-
ച്ചാലോചിച്ചതുവിഠ്റുദമ്പടിപിടു-
ങ്ങുംപട്ടരൊട്ടല്ലെടോ. 31
സിന്ദൂരം,നല്ലതീപ്പെട്ടികൾ, തുടൽ, കടലാ-
സ്സ, സ്സലായുള്ളറേസേ
ഴ്സെന്നുള്ളക്കത്തി, മുത്താ,പ്പെനസിൽ, മഷികൾ
ലക്കോട്ടു,ബ്ലാട്ടിങ്ങു, പിന്നെ,
ധന്യാത്മൻ, ശീട്ടു, സോപ്പാ,പ്പശ, പലവകയാം
സ്റ്റീൽപെ,നപ്പെട്ടിനൂലിൻ-
കുന്നാ,നീലച്ചതും, ചോന്നതു,മിവപലതും
കൺനിറെക്കണ്ടുഞങ്ങൾ. 32
മുട്ടിച്ചെരിപ്പു,വിലയേറിയതോൽച്ചെരിപ്പു,
മൊട്ടുള്ള തൂശി, പലമാതിരിയുണ്ടനൂല്,
ചട്ടറ്റൊരാസ്ഫടികനിമ്മിതപാത്രജാല-
മൊട്ടല്ലകണ്ടതവയെങ്ങിനെഞാൻകഥിക്കും? 33
കരിമണി, പൊന്മണി, യെന്നിവ
കുരുകുരെയൊന്നിച്ചുമാലയായ്ക്കോര്ത്തു
തെരുവിൽത്തൂക്കിയിരിപ്പതു
തരസാഞാൻകണ്ടുമോദമാണ്ടുസഖേ! 34
അടുക്കുകൂടും ചകലാസ്സ്, ബോമ്പായ് -
കിടക്ക,കാർപ്പെറ്റ,ഥയൂളിമെത്ത,
വെടിപ്പെഴും നൽത്തലവണ്ണ,യോരോ
കടയ്ക്കകത്തിങ്ങനെയെത്രകണ്ടു! 35
'അലുമിനീയ'മതെന്നുപരക്കെയി-
ന്നുലകിടത്തിൽനിറഞ്ഞവിളങ്ങിടും,
പലതരം ചെറുപാത്രഗണങ്ങളും
കലിതകൌതുകമന്നയികണ്ടുഞാൻ. 36
സോഡാ, പോർട്ടുവയിൻതുടങ്ങിയവകൊ-
ണ്ടേറ്റംനിറച്ചിട്ടുന-
ല്ലീടേറുന്നൊരടപ്പുമിട്ടുനിരയായ്
വെച്ചുള്ളൊരാക്കുപ്പികൾ,
പാടേകാണുകിലെത്രഭംഗി,യണിയായ്
പട്ടാളജാലംനിര-
ന്നീടുംമാതിരികണ്ടു, സൽകവിജന-
ശ്രേണിക്കുമാണിക്യമേ! 37
ചീനച്ചട്ടി,കരണ്ടി,കിണ്ടി, തവി,നാ-
രായം, വെറുംചട്ടകം,
മാനം ചേര്ന്നൊരുചോതനക്കുട,മിരു-
നാഴിക്കുടം, കാൽക്കുടം
പ്രാണസ്നേഹിത, കെട്ടുപൂട്ടു തുടലാ-
ത്താക്കോലു, കോൽത്താഴുതൊ-
ട്ടീനാട്ടാര്ക്കുതകുന്നയസ്കൃതമതാം
പാത്രങ്ങളുംകണ്ടുഞാൻ. 38
പൂത്താലി, താലി, വള, തോട, പരന്നനൂലിൽ
ച്ചേര്ത്തൊത്തതാകിയപതക്ക, മുരുണ്ടനൂല്,
ചാര്ത്തുന്നനൽക്കടക, മാക്കടിസൂത്ര, മേവം
തീര്ത്തന്നുകണ്ടുപലമുക്കുപണിത്തരങ്ങൾ. 39
എന്നാലതിന്റെഗുണവും നിറവും നിനച്ചാൽ
പൊന്നാലയിൽക്കയറുകില്ലിനിമേലിലെന്നും
ഇന്നാലപിപ്പതിനുസംശയമില്ല പൊന്നു -
തന്നാലെവിൽക്കുക, നമുക്കിനിമുക്കുനല്ലൂ. 40
കൊട്ടക്കോരിക, കിണ്ടി, കോരിക,കുടം
വൻകുട്ടകം, ചെമ്പു,നൽ-
ത്തൊട്ടീ, ചെമ്പു, പലേതരംജുഹു,പരം
പൂവ്വട്ട,പൂപ്പാലികൾ,
വട്ടച്ചെമ്പുകൾ,കിണ്ണ, മീവകനിര-
ത്തിക്കൊണ്ടുപേച്ചുംപറ-
ഞ്ഞിഷ്ടപ്പെട്ടഥ ചെമ്പുകൊട്ടികൾനിര-
ന്നീടുന്നതുംകണ്ടുഞാൻ. 41
ഓട്ടുപാത്രം പലതരം
കൂട്ടുപാകത്തിൽ വാര്ത്തതും,
കൂട്ടീട്ടുണ്ടൊരുദിക്കൊക്കെ
ക്കൂട്ടിച്ചൊല്ലുകയല്ലഞാൻ. 42
കേട്ടാലുംപരദേശിമാർ, കടകളിൽ,
ക്കൌതൂഹലംനൽകിടും
കോട്ടാറൻകസവിട്ടമുണ്ടുകരകാ-
ട്ടിത്തൂക്കിയിട്ടങ്ങനെ-
റോട്ടിൽക്കൂടിനടന്നിടുന്നവർകളെ-
ബ്ഭംഗ്യാവിളിച്ചിട്ടു,തൻ
പാട്ടിൽച്ചേര്ത്ത, തിനുള്ളനന്മകളുര-
ച്ചീടുന്നതും കേട്ടുഞാൻ! 43
ഇപ്പട്ടന്മാരിലോര്ക്കുമ്പോൾ
തുപ്പട്ടാവണ്ടുവേണ്ടതു്
ഏര്പ്പെട്ടാൽക്കൊട്ടയാട്ടീടും
വാപ്പിട്ടിലിളകുംജനം 44
ക്രിസ്ത്യൻ പള്ളികണക്കിലും, കവിമണേ,
സാക്ഷാൽബലിക്കല്ലിനോ-
ടൊത്തിട്ടുള്ളതു, മോര്ത്തുനോക്കുക പെരും
ചെണ്ടപ്രമാണത്തിലും,
മത്തങ്ങയ്ക്കെതിരായതും, പടരുമാ-
ക്കക്കിന്റെകാപോലയും
വൃത്തിക്കങ്ങിനെകണ്ടുനാഴികമണി-
ക്കൂട്ടങ്ങൾകൂട്ടില്ലിതിൽ. 45
പോരാ,ഹനൂമാൻമുടിയ്ക്കലുക്കു
ചേരാത്തമട്ടിൽച്ചിലതുണ്ടിടയ്ക്ക്;
പാരാതെപാടും ചിലതങ്ങുറക്കം
ദൂരത്തുപോക്കും ചിലതങ്ങടിക്കും. 46
തൂശിയും, പട്ടുചരടും,
പാശിച്ചുക്കിണിയും, സഖേ,
വേശനാരീജനം ചാര്ത്തും
കേശവുംതത്രകണ്ടു ഞാൻ. 47
കണ്ണൻ,കുന്നൻ, നിനച്ചാൽ, ക്കദളികൾ,മയിസൂർ
പൂവനെന്നല്ലപൂവൻ,
വണ്ണൻ, ചേലുള്ള ചിങ്ങൻ, രസകരളി,നെട-
ന്നേന്ത്ര, നേറാട, നേവം,
വര്ണ്ണിപ്പാൻ വയ്യ, വാഴപ്പഴമനവധിഞാൻ
കണ്ടു, ഹാ, മാമ്പഴത്തി-
ന്നെണ്ണുംകാണില്ല, ചക്കപ്പഴമതുമവിടെ
ക്ഷാമമില്ലാതെ കണ്ടു. 48
മോടിക്കുചിത്രപടമെത്രപെരുത്തുനല്ല
കൂടിട്ടു,ഭംഗിയിൽനിരത്തിനിരത്തിവെച്ച്;
പാടുന്നു, തൽഗുണമതോജനങ്ങൾ വാങ്ങാൻ
കൂടുന്നു, പിന്നെവിലകൊണ്ടലസുന്നു തമ്മിൽ. 49
കാപ്പിയും, ചായയും, നല്ല
സാപ്പടാനുള്ള വട്ടവും,
ഏര്പ്പെടുത്തീട്ടിരിക്കുന്ന
പാര്പ്പിടം തത്രകണ്ടു ഞാൻ 50
പൊരി,മല, രവിലും, ചോള-
പ്പൊരിയും, ചെന്തെങ്ങിനുള്ളിളന്നീരും;
പരമവിടെപ്പലദിശിയും
പരമരസംകണ്ടുഞാൻകണക്കെന്യേ. 51
ഓരോന്നിങ്ങിനെകണ്ടുകണ്ടുനടയിൽ-
ക്കൌതൂഹലംപൂണ്ടുഞാൻ
നേരേ ചെന്നളവാ,പ്പുരാരിയരുളും
ക്ഷേത്രത്തിലെഗ്ഗോപുരം,
ഭാരിച്ചങ്ങിനെകണ്ടു, കൈതൊഴുതുകൊ-
ണ്ടുൾപ്പുക്കു, തെല്ലൊന്നിരു-
ന്നോരോന്നോർത്തു കടുപ്പമാം നിശകഴി-
പ്പാനുള്ളപായങ്ങളെ. 52
ആരാണെനിക്കുഗതി, ഞാനറിയില്ലൊരാളെ-
പാരിച്ചസൌഹൃദമെഴുന്നവരാരുമില്ല.
നേരോര്ക്കഞാനൊരുവയസ്സന, തല്ല, ദീന-
ക്കാരൻ, തണുപ്പിതുസഹിപ്പതിനും പ്രയാസം. 53
കാരുണ്യശാലി തിരുവൈക്കമെഴുന്നദേവ
നാരൂഢമോദമിനിവേണ്ടതുവേണ്ടവണ്ണം
നേരേവരുത്തിടുമതെന്നു നിനച്ചുറച്ചു
പാരാതെഞങ്ങളവിടുന്നുനടന്നുപിന്നെ. 54
ചിന്തിക്കിലില്ലഫലമെങ്കിലു,മന്നു, പട്ടി
ചന്തയ്ക്കു പോകുമതുപോലെ, കുറച്ചുനേരം,
അന്തിക്കു,ഞങ്ങൾനെറികെട്ടുനടന്നു പാരം
സന്ധിക്കുവാനവിടെയാരിവനെഗ്ഗുണാബ്ധേ! 55
ചിൽക്കാതലായി വിലസുംപുരമാഥിതന്റെ
തൃക്കൺകടാക്ഷമൊരുപിന്തുണനിന്നുപിന്നെ,
ചിക്കെന്നുഞങ്ങളെ, യഹോ, വെടിയല്ല, കൊച്ചി-
സ്സര്ക്കാരിലെപ്പഴയകോവിലകത്തു ചേര്ത്തു. 56
കൊട്ടാരംകാത്തുവർത്തിപ്പൊരുവിരുതിയലും
നമ്പിയാരുണ്ട,യാളാ-
യ്ക്കെട്ടായീനാലുവാക്കങ്ങനെസുകവിമണേ,
സംവദിച്ചപ്പൊഴേയ്ക്കും,
ഇഷ്ടംഭാവിച്ചുകൊണ്ടാസ്സരസ, നയിസഖേ,
ഭാണ്ഡവും,മറ്റുമെപ്പേര്-
പ്പെട്ടിട്ടുള്ളോരു ഞങ്ങൾക്കുടയസകലസം-
മാനവും, വാങ്ങിവെച്ചു. 57
പിന്നെച്ചെന്നുകുളിച്ചു, സാന്ധ്യവിധിയും
മററുംകഴിച്ചിട്ടു,ഞാൻ
നന്ദിച്ചാത്തിരുവയ്ക്കുമാര്ന്നരുളിടും
ദേവന്റെപാദാംബുജം,
വന്ദിക്കുന്നതിനാ,യ്ക്കുളപ്പുരയിൽനി-
ന്നങ്ങോട്ടുചെന്നപ്പൊഴെൻ
മുന്നിൽക്കണ്ടതുമുഖ്യമാംകൊടിമരം,
പൊന്നാണതത്യുന്നതം. 58
ആപാദമസ്തകമതിന്റെമഹത്വമോതാ-
നാഭാസനാകുമിവനോമതിയാകയില്ല
ശ്രീപൂണ്ടെഴും വിമലനാദികവീശകൃഷ്ണ-
ദ്വൈപായനൻതിരുവടിക്കുമെളുപ്പമല്ല. 59
ചിക്കെന്നിന്ദുകലാകലാപനഗജാ -
കാന്തൻവിളങ്ങും മഹാ
മുഖ്യശ്രീതിരളുന്നൊരമ്പലമകം -
പൂകി,ച്ചുലാവുംമുദാ,
തൃക്കാൽ താണുവണങ്ങി, ഞാൻമണിയടി-
ച്ചര്ത്ഥിച്ചു, 'ശംഭോ,ഭവാൻ
തൃക്കണ്പാര്ക്കുക,ദീനനാമടിയനെ-
പാലിക്കുകെ',ന്നിങ്ങനെ. 60
തെറ്റാറായൂട്ടിലന്നാളശന, മതുവിചാ-
രിച്ചുടൻഞങ്ങളപ്പോൾ
തെറ്റന്നങ്ങോട്ടുപോയി, ച്ചെളിപിളികലരും
സത്രമുൾപ്പൂക്കിരുന്നു
മറെറാക്കെച്ചൊൽവതെന്തി, ന്നൊരുവിധമവിടെ
ക്കൂട്ടരോടൊത്തുകൂടി-
ക്കൊറ്റുംപറ്റിച്ചുകൊച്ചിക്ഷിതിപതിനിലയം
പൂക്കുനന്നായുറങ്ങി. 61
നാലാറുനാഴികവെളുപ്പിനുപോയ്കളിച്ചു
കാലാരിതന്റെതിരുമുമ്പിലണഞ്ഞുനിന്നു
ചേലേറിടുംപദസരോരുഹമുള്ളിലോര്ത്തു
മാലാറുവാൻകരുതിയോതിയിതിൻപ്രകാരം:- 62
"കാലംതെല്ലായി, കാലാന്തക,കഠിനഗരം-
കൊണ്ടുഞാനിണ്ടൽതേടും
കോലംകൈക്കൊണ്ടുകൊണ്ടിങ്ങനെപകലിരവും,
നാഥ,കഷ്ണിച്ചിടുന്നു;
ആലംബംമറെറാരാളി,ല്ലടിയനടിമയാ-
ണെന്നുറച്ചിന്ദുമൌലേ,
പാലിച്ചീടേണമെന്നെപ്പരമകരുണയാ
പാര്വതീപ്രാണനാഥ! 63
ഏറെപ്പോന്നുള്ള രോഗംപെടുമവ,രിവിടെ-
സ്സന്നിധാനത്തിൽവന്നാൽ,
മാറിപ്പോകുന്നുമാലെന്നൊ, രുമഹിമഭവാ-
നുണ്ടുവേറി,ട്ടതോര്ത്താൽ,
ആരിപ്പോളാശ്രയിക്കാത്തതുപദകമലം
താവകംജീവലോകേ
പാരിൽപ്പേർ കൊണ്ട വൈക്കത്തടിയരുളിനചിൽ-
ക്കാതലേ, ഭൂതനാഥ! 64
ആരാണുഭാര്യ, യെവനാണുകുമാര, നിസ്സം-
സാരംസമസ്തമൊരുചെപ്പടിവിദ്യ, ശംഭോ!
സാരംനിനയ്ക്കിലിവനാരുടെ,യെങ്ങുനിന്നി-
പ്പാരിങ്കൽവന്നു, ശിവനേ, കഥയാരറിഞ്ഞു! 65
ദൂരത്തകറ്റുകധനാഗമതൃഷ്ണ, തത്വ-
സാരോപദേശമതുചെയ്യുക, ചാരുമൂര്ത്തേ!
പ്രാരബ്ധകര്മ്മഫലഹാനിവരുത്തുകെന്റെ
നേരേകുറച്ചുകൃപചെയ്യുക ദീനബന്ധാ! 66
അര്ത്ഥംനിനയ്ക്കുകിലനര്ത്ഥമതാണു, സൌഖ്യം
സിദ്ധിക്കയില്ലലവലേശമതിൽഭ്രമിച്ചാൽ
സ്വത്തേറെയുള്ളവനുപുത്രരിൽനിന്നുമേറ്റ-
മെത്തുംഭയം, പുരതിപോ, പരിപാഹിപാഹി! 67
ഒട്ടേറെയുള്ള നവയൌവ്വനമാനഗര്വ്വ-
ത്തട്ടിൽക്കളിച്ചുമതി കെട്ടുമനസ്സുമുട്ടി;
ചട്ടറ്റമായയുടെധോരണിയായൊരേതോ
പിട്ടാണിതെന്നറിയുവാൻ വരമേകിടേണം! 68
പാരിച്ച ശുണ്ഠി, ഒര, കാമ, മിതൊക്കെയെന്നിൽ-
ക്കേറിക്കളിച്ചു വളരെദ്ദിനമെന്നമൂലം,
തീരെക്കുഴങ്ങി, വിഷയഭ്രമമെന്റെ ശംഭോ,
തീരാത്തതാണ,ടിയനില്ലവലംബമാരും 69
തോലുണ്ടുടുപ്പതിനു, വീടിനു നൽതണുപ്പൊ-
ട്ടോലുന്നവൃക്ഷനിഴ,ലൂഴികിടക്ക,യേവം,
കാലംകഴിപ്പതു മഹാസുഖമെന്നുതോന്നാൻ
കാലസ്വരൂപ, കൃപചെയ്യണമെങ്കലല്പം! 70
തിയ്യെന്നുവെച്ചറിവെഴുന്നമുമുക്ഷുവര്ഗ്ഗം
പയ്യെന്നൊഴിഞ്ഞകലെമാറിയൊരീപ്രപഞ്ചം
ചെയ്യുന്നുപദ്രവചയം, സകലം സഹിപ്പാൻ
വയ്യിന്നെനിക്കു, ശിവനേ, കൃപവേണമെന്നിൽ! 71
ദുരിതം പരമാചരിപ്പവര്ക്കും
തിരുനാമം തവ മുക്തിനൽകിടുന്നു
പരമാശ്രിതനായൊരെങ്കലില്ലേ
കരുണാസാഗര, തൃക്കടാക്ഷലേശം? 72
കാലനെക്കഥകഴിച്ചദേവ,തൃ-
ക്കാലിണയ്ക്കു സതതം തൊഴുന്നു ഞാൻ
മാലൊഴിച്ചപരിരക്ഷചെയ്യണേ
നീലനീരദഗളപ്രഭ, പ്രഭോ!......'' 73
ഈവണ്ണമാധിയൊഴിവാനഗജാമണാളൻ
ദേവന്റെപാദകമലങ്ങൾ വണങ്ങി, ഞങ്ങൾ
മേവുമ്പൊഴന്നു, പരദേശികൾ വന്നുഭക്ത്യാ
സേവിപ്പതും പലതരം പരിചോടുകണ്ടു. 74
ഒരുദിശി', 'ശിവ, ശംഭോ, ശങ്കരം, വിശ്വമൂര്ത്തേ,
തരികതരിക മോക്ഷം ത്ര്യക്ഷ, ദക്ഷാദ്ധ്വരാരേ!
അരുതരുതടിയങ്ങൾക്കിപ്രപഞ്ചാര്ണ്ണവത്തിൻ
പെരിയതിരയിൽമുങ്ങാനെന്നുചൊല്ലുന്നഘോഷം. 75
മറ്റൊരേടത്തുപാര്ക്കുമ്പോൾ
'മറ്റന്നാൾക്കുറികിട്ടണം.
നൂറ്റുക്കൊന്നരലാഭത്തിൽ
കുറ്റികിട്ടണമിങ്ങനെ. 76
"നേരോടെന്റെ കുടുംബവും ധനവുമി-
ക്കൊച്ചുങ്ങളേയും സദാ
കാരുണ്യാലയ, കാത്തുകൊള്ളുകെഴുപ-
ത്തഞ്ചായ്വയസ്സേഷ,ഞാൻ,
പാരാതെന്നുമരിക്കുമോ, പരമിനി-
ബ്ഭാരങ്ങളെല്ലാം ഭവാൻ
പേറിക്കൊള്ളുക', യെന്നുനിന്നു ചിലര-
ങ്ങര്ത്ഥിപ്പതും കേട്ടു ഞാൻ. 77
ഭുക്തിക്കില്ലാശയെന്നാൽ ഭജനവിധിനട-
ത്തീടുവാൻ വേണ്ടതാകും
ശക്തിക്കായിട്ടുവാരംപ്രതിയൊരു സമയം
വല്ലതും തെല്ലശിച്ച്;
മുക്തിക്കിച്ഛിച്ചുബാഹേന്ദ്രിയസുഖമഖിലം
ദൂരെനീക്കിക്കളഞ്ഞാ-
ബ്ഭക്തന്മാർ മണ്ഡപത്തിൽപ്പരമസുഖമിരി-
ക്കുന്നതും തത്രകണ്ടു. 78
കോതമ്പും പാലുമാണീയ്യിവനനുദിവസം
ഭക്ഷണം ചട്ട, മന്നാ_
ളേതായാലും ഭുജിച്ചു,കവികളണിമണേ,
യമ്പലത്തിൽത്തരത്തിൽ
ജാതോല്ലാസം ഭുജിപ്പാനമരുമവരെയും
സദ്യയം പാര്ത്തുകണ്ടാ-
ലോതാനില്ലൊക്കയും, ഫം, ശിവമയ,മധികം
വിസ്മയം വിസ്മയം താൻ! 79
വൈക്കത്തമ്പലമുൾപ്പുക്കു
തിക്കിത്തള്ളിയിരുന്നുടൻ
ഭുക്തി ചെയ്യുന്നവര്ക്കെല്ലാം
മുക്തിയെന്നുക്തിയില്ലയോ? 80
പപ്പടംപായസംമറ്റു
മെപ്പേര്പ്പെട്ടവയൊക്കയും
വീര്പ്പുമുട്ടും വരേയ്ക്കന്നു
സാപ്പട്ടേൻവെടിയല്ലെടോ. 81
പഴക്കംപരം ചേര്ന്നൊരെൻബന്ധുവാകും
കിഴക്കില്ലമെന്നുള്ള വിപ്രേന്ദ്രനേഞാൻ
തഴയ്ക്കുംമുദാകണ്ടു സാപ്പട്ടശേഷം
പഴക്കിട്ടുതമ്മിൽപ്പരം കൂടിയാടി. 82
പ്രത്യേകം പലതും സഹായമവിടെ-
ച്ചെയ്തുകിഴക്കില്ലമാം
പൃത്ഥ്വീദേവ, നതല്ല, തൻകൃതികളൊ-
ട്ടല്ലന്നു കേൾപ്പിച്ചതും;
പദ്യം,തുള്ളലു, പാട്ടു, തൊട്ടുപലതു-
ണ്ടെന്നാലതെല്ലാം, സഖേ
ഹൃദ്യത്വംപരമുള്ളതാണു, ഫലിതം
കേട്ടാൽ ചിരിക്കും ജനം. 83
പിന്നെശ്ശിവേലിമുതലായ്പലകാഴ്ചയും ഞാ-
നന്നിശ്ശികണ്ടുകളിയ,ല്ലതുവിസ്തരിപ്പാൻ
നന്നായ്ശ്രമിക്കിലുമസാദ്ധ്യമതാണു, ഭൂമി-
തന്നിൽ,ശ്ശശാങ്കസമശുഭവിശുദ്ധകീര്ത്തേ! 84
നെറ്റിപ്പട്ടമണിഞ്ഞവാരണവര-
ശ്രേഷ്ഠന്റെ കണ്ഠത്തില-
ങ്ങറ്റംവിട്ടൊരുകാന്തിചേര്ന്നരുളിടും
കാലാരി,കാളും മുദാ,
തെറ്റെന്നുത്സവദര്ശനത്തിനണയും
ലോകര്ക്കു നേത്രോത്സവം
പെറ്റീടുംപടി, പന്തലിൽപ്പരിചില
ങ്ങേറ്റം വിളങ്ങീ സഖേ! 85
ചട്ടറ്റചാമരഗണം, കുട, നല്ലനെറ്റി-
പട്ടങ്ങ,ളേഴുവലയംപെടുമാലവട്ടം
പിട്ടല്ലിതൊക്കെവഴിപോലെയണിഞ്ഞുകൊണ്ടു
കൂട്ടായിവാരണഗണങ്ങളിണങ്ങിനിന്നു. 86
കേട്ടാൽമനസ്സലിയുമാ,റയി, രണ്ടുമൂന്നു
കൂട്ടംതിരക്കൊടുതകര്ത്തിതു പാണ്ടിവാദ്യം
കൂട്ടല്ലിനിക്കിതുവിധം രസമുള്ളവാദ്യം
കേട്ടോര്മ്മയില്ല, സുകവേ, രസമാര്ക്കുമേകും. 87
നാഗസ്വരത്തിനെഴുമാഗുണമോര്ത്തുകണ്ടാൽ
നാകത്തിൽനിന്നു സുരസിദ്ധഗണം, ഗുണാബ്ധേ,
ആകാശസീമനിയടുത്തിതുകേൾക്കുവാനാ-
യാകാംക്ഷമൂത്തവിടെവന്നുനിരന്നിരിക്കും! 88
ദൂരത്തുനിന്നുതിരുവുത്സവവേലകാണാ-
നേറെത്തിരക്കിവരുമീപ്പുരുഷാരഘോഷം
ചാരത്തുനിന്നു തലയാട്ടിരസിച്ചുകണ്ടു
കൂറൊത്തസൽക്കവിമണേ, രസമെന്തുചൊൽവൂ! 89
മുളിപ്പാട്ടും പൊടിപ്പട്ടയുമൊരു ചെറുതാം
ചൂരലും കയ്യുലേസ്സും
കാളുംജോടുള്ളകാതും തലമുടി ശരിയായ്
വെട്ടിയിട്ടുള്ള മട്ടും
കോളല്ലാതുള്ളൊരഷ്ഷർട്ടിവപലതുമണി-
ഞ്ഞങ്ങുമിങ്ങും നടക്കും
കൂളക്കൂട്ടങ്ങളൊട്ടല്ലയിസുകവിമണേ!
വേഷമൊര്ത്താൽ വിശേഷം! 90
ജോടും വടിയും വൈര-
ജ്ജോടും കസവിട്ടവേഷ്ടിയും ഷര്ട്ടും
കൂടെശ്ശിപ്പായികളും
കൂടിവരും കൂട്ടരുണ്ടിടയ്ക്കൊക്കെ. 91
കീറപ്പട്ടുമുടുത്തു പുൽച്ചരടുമി-
ട്ടംഗങ്ങളിൽഭസ്മവും
വാരിത്തേച്ചൊരുകണ്ഠിയിട്ടുദുരയെ-
ദ്ധ്യാനിച്ചുകൊണ്ടങ്ങിനെ
ഓരോമന്ത്രജപംതകര്ത്തുതലതു-
ള്ളിച്ചാമടിസ്സഞ്ചിയും
പേറിപ്പാഞ്ഞണയുന്നപട്ടരൊരുപാ-
ടുണ്ടാത്തിരക്കിൽസ്സഖേ! 92
പാലക്കാട്ടുതുടര്ന്നദിക്കുകളിൽനി-
ന്നയ്യാച്ചുവയ്യാക്കുടം
ബാലക്കിട്ടനതെന്നുതൊട്ടുപലരും
പൊണ്ടാട്ടിയും കുട്ടിയും
ചാലേചേര്ന്നവിടത്തിൽവന്നു,ശിവനേ,
തിക്കിത്തിരക്കുന്നത-
ന്നാലോചിച്ചുമുറയ്ക്കു ഞാ, നവരിലെ-
സംസാരമല്ലേരസം. 93
പന്നണ്ടു നാളിന്നഹമാംപ്ടിയാനെൻ
പൊന്നിക്കുചേരുംപരമമ്മണിക്ക്
ശൊന്നാൻ തരക്ഷിക്കുമുഹൂര്ത്തമിന്നാൾ
ശിന്നമ്പിയെന്നാണൊരിടത്തുവാദം. 94
അങ്കച്ചിക്കു വിവാഹമിദ്ധനുകഴി-
ഞ്ഞാൽ വേണമെന്നാലതി-
ന്നെങ്കയ്യിൽപ്പണമില്ലിരക്കണമതെ-
ന്നാലും വെടുപ്പാക്കണം
തങ്കക്കോപ്പിനൊരെൺപതിന്നുപുറമേ
മുന്നൂറുകിട്ടേണമെ-
ന്നങ്കംവെട്ടിവരുന്നുവെന്നുചിലരോ-
തീടുന്നതും കേട്ടുഞാൻ. 95
നമ്പൂരി, ഭട്ടതിരി, യഷ്ടഗൃഹത്തിലേറെ
വമ്പുള്ളൊരാഢ്യർമുതലാംക്ഷിതിദേവവൃന്ദം,
സമ്പൽസമൃദ്ധിയൊടുകൂടിനടന്നിടുന്ന-
തമ്പോടുകണ്ടു ചിലരായ്ക്കുശലംപറഞ്ഞു. 96
വന്ദനം നടുവം വന്ന-
തെന്നാണു സുഖമല്ലയോ
ഒന്നിച്ചോ മഹനും പോന്ന-
തെന്നോതിച്ചിലരെന്നൊടും. 97
വൈരംചേത്തുള്ള നാസാമണി, ഗുണമിയലും
തക്ക, പൊൻനൂൽ. പതക്കം,
ചേരും രത്നാംഗുലീയം, വള,യിവപലതും
ഭംഗിയോടങ്ങണിഞ്ഞ്;
ചോരുംമന്ദസ്മിതംകൊണ്ടണിമുഖമധികം
മുഗ്ദ്ധമാക്കീട്ടുമോദാൽ
ചേരുംനാരീജനത്തെസ്സരസകവിമണേ,
തത്ര ഞാനെത്രകണ്ടു. 98
ഞാത്തും കാപ്പും റൌക്കിയും നീലരത്നം
ചേര്ത്തുള്ളോരാത്താലിയുംനൂലുമായി
ജാത്യംകൂടുംബാലലോലാക്ഷിമാർ വ-
ന്നെത്തുംഘോഷംതോഷമോടന്നുകണ്ടു. 99
മക്കളെമുമ്പുനടത്തി-
ത്തക്കത്തില്കാന്തനൊത്തു പിന്നാലെ
മുഷ്ക്കനടിച്ചിട്ടൊരുവക
പുഷ്കരമിഴിമാർ വരുന്നതുംകണ്ടു. 100
നരച്ചുവെഞ്ചാമരപോലെ, ഭസ്മം
ധരിച്ചു, രുദ്രാക്ഷമലങ്കരിച്ചു;
സ്മരിച്ചുകൊണ്ടീശ്വരനെസ്സദാപി
കുരച്ചിടുംവൃദ്ധകളുണ്ടസംഖ്യം. 101
ഓരോന്നി വണ്ണമുരചെയ്യിലൊടുങ്ങുകില്ലാ-
ക്കാര്യംവിടട്ടെ, പതിനൊന്നുമണിക്കു ശേഷം,
നേരേകഴിഞ്ഞിതുശിവേലി, മുറയ്ക്കകത്തെ-
യ്ക്കാരൂഡമോദമെഴുനള്ളിജഗന്നിവാസൻ. 102
ശീതങ്കൻ, പറയൻ,മഹാരസികനാ-
മോട്ടൻ തുടങ്ങിപ്പലേ-
ജാതിത്തുള്ളൽ തുടങ്ങിയാമതിലക-
ത്തന്നേരമന്നായതും,
ഓതാം, ചെപ്പടിവിദ്യയും,കവിമണേ,
ഞാണുമ്മലേറിക്കളി-
ച്ചാതങ്കം കലരാതെനില്പതുമഹം
കണ്ടങ്ങുകൊണ്ടാടിനേൻ. 103
സാക്ഷാൽ പണിക്കരന്നാളിൽ-
പക്ഷിപോലെ പറന്നതും
അക്ഷീണം സകലം നിന്നു
വീക്ഷിച്ചുവെടിയല്ലിത്. 104
മന്നെല്ലാടവുമൊന്നു പോലെ പുകൾപൊ-
ങ്ങീടുന്നൊരാളാകുമാ-
പ്പുന്നശ്ശേരിയിൽ നമ്പിയെക്കവിമണേ,
കണ്ടെത്തി പിന്നത്തതിൽ
ധന്യാഗ്രേസര,കേൾക്ക, വേണ്ടതുവിധം
സൽക്കാരപൂർവ്വം തെളി-
ഞ്ഞന്യോന്യംപലതും പറഞ്ഞു സരസം
തമ്മിൽപ്പിരിഞ്ഞുസഖേ! 105
ബ്രഹ്മസമാജംകൂടി-
ബ്രാഹ്മണരെക്കാക്കുവാൻ പ്രയത്നിക്കും
നമ്മുടെ പട്ടേരിയെയും
നന്മയിൽ ഞാൻകണ്ടു, കൂട്ടുകെട്ടായി." 106
നാടൊക്കെപ്പുകഴാര്ന്നുതിങ്ങിവിളയാ-
ടീടുംമടിപ്പെൺകൊടി-
പ്പേടക്കണ്ണിയിലുള്ളഴന്നുലയുമാ-
നമ്പൂരിമാരിന്നിമേൽ
മൂഢക്കുണ്ടിൽമറിഞ്ഞിടാതൊരുവിധം
സൂക്ഷിച്ചു നോക്കുന്നതി-
ന്നോടിക്കാത്തലയുന്നൊരാസ്സുകൃതിയെ-
ക്കൈകൂപ്പിവന്ദിച്ചുഞാൻ. 107
പാരം പ്രസിദ്ധ്യാ മരുവുംകവീന്ദ്ര,
നേരംകുറച്ചിങ്ങനെ ചെന്നശേഷം,
ശ്രീരാജ്ഞിമാരങ്ങെഴുനെള്ളുവാനു-
ള്ളാരംഭമോരോന്നഴകോടു കണ്ടു. 108
"തട്ടുമ്മേൽപ്പള്ളിയോടം പരിചിനൊടണയു-
ന്നോരു നേരത്തൊ,രുന്നു-
റൊട്ടാംകാൺസ്റ്റേബിൾപോയിപ്പരമവിടെനട-
ത്തേണ്ട കാര്യങ്ങളെല്ലാം
ശട്ടം കെട്ടട്ടെ, ഹേഡും ദ്രുതതരമവിടെ-
ത്തന്നെ പോകട്ടെ, നാല്പ-
ത്തെട്ടും നാനൂറ്റിമൂന്നും വഴിയിലെ വളുസ-
ത്തങ്ങൾ വാരിച്ചിടട്ടെ! 109
മുന്നൂറ്റമ്പതുചെന്നു റോഡുമുഴുവൻ
നന്നായ് നനപ്പിക്കണം
നിന്നാൽപ്പററുകയില്ല, നാല്പതുടനേ
നാട്ടിക്കണംതോരണം
മൂന്നൂറാക്കുലവാഴവേണ്ടതുവിധം
നാട്ടിക്ക, നാനൂറ പോയ്
ചിന്നിച്ചീടുകനല്ലതായമണലാ-
റോട്ടിങ്കലൊട്ടുക്കുടൻ! 110
തെരിക്കെന്നുപോയിട്ടുവേണ്ടുന്നതെല്ലാം
ശരിക്കെട്ടുപിൻനിന്നമാന്തിച്ചിടാതെ
തരക്കേടൊരേടത്തുതെല്ലൊന്നുകണ്ടാൽ
തരംതാഴ്ത്തിടുംഞാനതിന്നില്ലവാദം.'' 111
ഇൻസ്പെക്കട്ടിരിവണ്ണം
താല്പര്യത്തോടുപിന്നെയുംപലതും
ഏര്പ്പാടുകൾ ചെയ്തുടനേ
സൂപ്രേണ്ടൊന്നിച്ചണഞ്ഞുതട്ടിന്മേൽ. 112
വൈക്കംതഹശ്ശീലഥപപ്പുപിള്ള
തക്കത്തിലൊക്കയ്ക്കുമൊരാണിയായി
നിൽക്കാതൊരേടത്തുടനങ്ങുമിങ്ങു-
മുൽക്കണ്ഠപൂണ്ടോടിനടന്നിടുന്നു! 113
സാമ്യം സരസത്വവും സഹൃദയാ-
ഹ്ലാദിത്വവും സത്യവും
കാമക്രോധമദങ്ങളറ്റനിലയം
കേമത്വവും കേൾവിയും
സാമത്തിൽബ്ബഹുസക്തിയുംസതതവും
സാരള്യവാക്കും പെടും
ശ്രീമാനാകിയപപ്പുപിള്ളതഹശീൽ
ദാര്ക്കുണ്ടനേകം ഗുണം. 114
മണലിട്ടുമാര്ഗ്ഗമെല്ലാം
തണലായീതോരണം നിരന്നപ്പോൾ
ഗുണമേറിനകുലവാഴക-
ളണിയായ്ക്കെട്ടിക്കഴിഞ്ഞുതട്ടുവരെ. 115
ശേഷിയില്ലതിരക്കിൽപ്പോയ്
ഘോഷംകാണാനിതെങ്കിലും
തോഷമുൾകൊണ്ടുഞാൻ പോയി
ശേഷസമ്മതസന്മതേ! 116
തട്ടിന്മേൽബോട്ടടുത്തോരളവിലവിടെയു-
ണ്ടായവൃത്താന്തമിപ്പോ-
ളൊട്ടുക്കോതേണമെന്നാലഹികലവരനാം
ശേഷനും ശേഷിയില്ല
പൊട്ടിച്ചുമേഘനാദത്തോടുപടപൊരുതീ-
ടുന്നപീരങ്കി,തമ്പേർ
കൊട്ടിഗ്ഘോഷിച്ചു, കേട്ടാൽശിലയുമലിയുമാ-
റൂതിനാഗസ്വരക്കാർ. 117
ചെണ്ടകുറുങ്കുഴൽകൊമ്പും
വേണ്ടും വാദ്യങ്ങളിത്തരംപലതും
ഉണ്ടതുകൊണ്ടു നിതാന്തം
കൊണ്ടാടിക്കൊണ്ടുനിന്നുതിരുമുമ്പിൽ. 118
പേഷ്ക്കാർ,സൂപ്രണ്ട്, പാരം ഗുണമുടയമജി-
സ്രേട്ടു,വേറിട്ടുപിന്നെ _ -
സ്സര്ക്കാരുദ്യോഗമുള്ളോരനവധിയെതിരേ-
റ്റീടുവാൻവന്നുചേർന്നു;
തൃക്കണ്പാര്ക്കേണമെന്നെത്തെളിവിനൊടിവർമു-
മ്പിട്ടതെന്നോര്ത്തുപാരം
തിക്കിത്തള്ളിക്കരേറുംലഹളയുമവിടെ-
ക്കണ്ടുഞാൻവേണ്ടുവോളം. 119
മാററുള്ളാഭരണംമനോഹരമതാം
പൂമേനിയിൽചേര്ക്കയാ-
ലേറ്റംകാന്തികര്തിത്തുകൌതുകഭരം
കോരിച്ചൊരിഞ്ഞെത്രയും
ആറ്റുങ്ങൽത്തിരുമേനിമാരിരുവരും
മേനാവിലൊന്നിച്ചിരു-
ന്നൂറ്റത്തോടെഴുനെള്ളിടുന്നതരികിൽ-
കാണാൻ കഴിഞ്ഞൂ സഖേ! 120
എന്നാലീത്തിരുമേനിമാരുടെഭരം
സര്വ്വംവഹിച്ചാസ്ഥയാ
പിന്നെക്കേരളവര്മ്മയാംവലിയകോ-
യിത്തമ്പുരാനങ്ങിനെ
പിന്നിൽത്തന്നെയടുത്തുമേനിതിരളും
മേനാവിലൂനംവിനാ-
വന്നീടുന്നതുകാണ്കയാൽസഫലമെൻ-
കണ്ണിന്റെപുണോദയം. 121
ദ്വിതീയരാജ്ഞീജനയിത്രിപിന്നീ-
ടതീവധന്യാജഗദേകമാന്യാ
സ്മിതപ്രസന്നാനനയായിമേനാ-
വതിൽക്കരേറീട്ടുവരുന്നകണ്ടു. 122
എഴുന്നള്ളത്തു സാമാന-
മെഴുന്നുള്ളരസത്തൊടും
വഴിയേകൊണ്ടുപോംഘോഷം
വഴിയേകണ്ടുനിന്നുഞാൻ. 123
കാളവണ്ടികളിൽക്കേറീ-
ട്ടാളിമാരുവരുന്നതും,
കേളികേട്ടകവേ,കണ്ടേ-
നാളല്ലെല്ലാംകഥിക്കുവാൻ! 124
കൊട്ടിഗ്ഘോഷിച്ചുനാട്ടാരും
പട്ടാളക്കാരുമൊത്തുടൻ
കൊട്ടാരത്തിലെഴുന്നെള്ളീ
കോട്ടംകൂടാതെ രാജ്ഞിമാർ. 125
ഹോമപ്പുരയ്ക്കരികി, ലിയ്യിടെ,യെത്രയോകെ-
ങ്കേമത്തിലങ്ങിനെചമച്ചിതുരാജധാനി
സോമപ്രസന്നമുഖിമാരതിലാണുചെന്നുൾ-
പ്രേമത്തോടന്നു നിവസിച്ചതു നിര്മ്മലാത്മൻ! 126
സമ്മാന്യശീല,ഗുണമേറിയൊരിപ്പുരത്തിൽ-
ച്ചെമ്മേ ചെലുത്തിയപണിത്തരമോര്ത്തുകണ്ടാൽ,
നിര്മ്മായമമ്പൊടുനിലിമ്പർ പുരത്തിൽ വിശ്വ-
കര്മ്മാവെടുത്തകരകൌശലമെത്രതുച്ഛം! 127
പൊക്കത്തിൽപ്പന്തലി,ട്ടാർച്ചു
തക്കത്തിൽകെട്ടിയങ്ങനെ,
'വെൽക്കം'വെട്ടിപ്പതിച്ചെത്ര
ഡീക്കാക്കിത്തീർത്തുതൽപുരം. 128
വാട്ടംതട്ടാത്തവാഴക്കുലപലതരമായ്
കെട്ടിനന്നായുറപ്പി-
ച്ചിഷ്ടംചേരുംഗുളോപ്പും നിരവധിനിരയായ്
തൂക്കിമേക്കട്ടികെട്ടി,
കോട്ടംകൂടാതെമിറ്റത്തഴകൊടുമണലി-
ട്ടെത്രയുംവൃത്തിയാക്കി-
ക്കൊട്ടാരംവേറെയൊന്നുണ്ടവിടെയരികിലാ-
യിട്ടുതെന്മേൽക്കു നീങ്ങി. 129
വൻപൻ,വലിയൊരാക്കോയി-
ത്തമ്പുരാനുവസിക്കുവാൻ
ഉള്ളതാണിപ്പുരംതാനെ-
ന്നുള്ളതത്വമറിഞ്ഞുഞാൻ. 130
കൊട്ടാരത്തിനകത്തുതൽക്ഷണമൊരു-
ങ്ങീടേണ്ടതങ്ങൊക്കയും
ശട്ടം കെട്ടുവതിന്നുവേണ്ടവിധമു-
ള്ളപ്പാടുചെയ്തിട്ടുടൻ,
പെട്ടെന്നിങ്ങെഴുനെള്ളമപ്പൊഴുതിലീ-
മാര്ഗ്ഗത്തിൽനിന്നീടുകിൽ
ത്തിട്ടംകണ്ടിടുമപ്പൊഴെന്നെയലിവോ-
ടെൻ തോഴരെന്നോര്ത്തുഞാൻ. 131
'മുപ്പത്തൊമ്പതിലാണുകണ്ടതവിടെ-
ക്കാലംകണക്കാക്കിയാ-
ലിപ്പോൾനാല്പതു കൊല്ലമായിയിവനെ-
ക്കണ്ടലേറിഞ്ഞീടുമോ?
ഉൾപ്പുവിങ്കലിവണ്ണമോര്ത്തുപടിവാ-
തിൽക്കൽപ്പുറത്തായിഞാ-
നല്പംനേരമുഴന്നുനിന്നുവരവും
നോക്കിഗുണാംഭോനിധേ! 132
അപ്പോൾ കാണായി കാണുന്നവരുടെനയനാം-
ഭോരുഹങ്ങൾക്കുദിച്ചി-
ട്ടുൾപൊങ്ങീടുംദിനേശന്നുടെ സമതപരം
ചേരുമാച്ചാരുരൂപം
തൃപ്പാദംകൊണ്ടുതാനേപരമകുതുകിയായ്
മന്ദമന്ദം നടന്നാ
വിൽപ്പാടിങ്ങോട്ടടുത്തോരളവുതിരുമുഖം
പൊക്കിയൊന്നെന്നെനോക്കി. 133
പിന്നെയുംപിന്നെയുംസൂക്ഷി-
ച്ചെന്നെനോക്കിമഹാമതേ!
ഒന്നുംമിണ്ടാതെ കൊട്ടാരം
തന്നിലേയെഴുനെള്ളിനാൻ. 134
അറിഞ്ഞതില്ലെന്നെയശേഷമെന്നോ?
കുറഞ്ഞുപോയീകനിവെന്നിലെന്നോ?
നിറഞ്ഞസന്താപമൊടു കത്തി-
ക്കരിഞ്ഞുഞാനിങ്ങനെയോര്ത്തുനിന്നേൻ. 135
കൊട്ടാരത്തിലെഴുന്നള്ളീ-
ട്ടൊട്ടും താമസമെന്നിയേ
ശിഷ്ടൻ, തമ്പാനെനോക്കീട്ടു
തുഷ്ടിയോടേവമോതിനാൻ. 136
"പടിവാതില്ക്കൽ നിൽപ്പുണ്ടു
നടുവക്ഷ്മാസുരോത്തമൻ
തടവില്ലവരാൻചൊല്ലി
വടിവിൽക്കൊണ്ടുപോരണം?" 137
തമ്പാൻ,തന്നാജ്ഞകൈക്കൊണ്ടതിരഭസതരം
പോന്നുവന്നെന്നടുക്കൽ
സമ്പ്രീത്യാവര്ത്തമാനം സകലവുമുരചെ-
യ്തെന്നെയും കൊണ്ടുപോയി;
വമ്പൻ കോയ്ത്തമ്പുരാൻവാണരുളിടുമവിടെ
സ്സാദരം മോദപൂര്വ്വം
മുമ്പിൽ കൊണ്ടാക്കി മന്നിൽക്കവിജനമണിയും-
മാന്യസൌജന്യരാശേ! 138
പുണ്യം പുലര്ത്തും തിരുമേനിയെന്റെ
കണ്ണിനടുത്തങ്ങിനെകണ്ടനേരം
തിണ്ണംജനിച്ചോരു വികാരമിന്ന-
വണ്ണത്തിലെന്നെങ്ങിനെ ഞാൻ കഥിപ്പൂ! 139
പുണ്യത്തിൻപരിണാമമോ, പുരുഷധര്-
മ്മംമൂര്ത്തിമത്തായതോ,
വിണ്ണോർ നട്ടുനനച്ചിടും സുരതരു -
ത്തയ്യോ, തപോധര്മ്മമോ,
പുണ്യശ്ലോകനികേതമോ, പുകളെഴും
സാക്ഷാൽ കലാവിദ്യയോ,
വര്ണ്ണിപ്പാനരുതാമഹാന്റെമഹിമാ-
വമ്പോ,പരം പാര്ക്കുകിൽ ! 140
ചേലൊക്കുന്നകലാഭിവൃദ്ധി, പരമാ-
ഹ്ലാദിത്വമാ വിഷ്ണുപാ-
ദാലംബം, ജനസമ്മതം, കുവലയാ-
നന്ദപ്രദത്വംപരം,
കോലും നല്ലമൃതാർദ്രമായി വിലസും
ഗോസഞ്ചയം തൊട്ടുനോ-
ക്കാലോചിക്കുകിലന്തമില്ലഗുണമീ-
രാജാവു രാജാവുതാൻ. 141
ചൊല്ലാര്ന്ന വീരരസമങ്ങിനെ മൂര്ത്തിമത്താം
കല്യാശയന്റെ തിരുമുമ്പിലണഞ്ഞിടുമ്പോൾ
നില്ലെന്നു പേടിതടയുന്നിതടുത്തുചെല്ലാൻ
ചൊല്ലുന്നു പത്ഥ്യമിവനുള്ളു വിറച്ചിടുന്നു. 142
ഭോഷ്ക്കല്ലകാലിടറിയുംബതമുമ്പിലേക്കായ്
വെയ്ക്കുന്നകാലുപിറകോട്ടുവലിഞ്ഞുമേവം
നിൽക്കാതെകണ്ടുമറികങ്ങിനെനിന്നുമീഞാൻ
തൃക്കാക്കലെത്തിവിനയത്തൊടൊതുങ്ങിനിന്നു. 143
"കണ്ടിട്ടുകാലം കുറെയായി, ഭാഗ്യം-
കൊണ്ടിന്നുകാണാനിടയായിവന്നു"
കണ്ടപ്പൊളീവണ്ണമുരച്ചെണീറ്റു-
കൊണ്ടാദരിച്ചിങ്ങരികത്തുവന്നു. 144
"എന്നാലിരിക്കാമിനിവര്ത്തമാന-
മെന്നിട്ടുചൊല്ലാം. പര³"മെന്നിവണ്ണം
ചൊന്നോരു നേര, "ത്തവിടുന്നിരിക്കാ''-
മെന്നോതിഞാനേറെയൊതുങ്ങിനിന്നു. 145
ഇരിക്കുവാൻ പിന്നെയുമോതി,ഞാന-
ങ്ങിരുന്നുതാഴത്തൊരുപായനീര്ത്തി
ചാരത്തുതാഴത്തൊരുപായതന്നിൽ
നേരിട്ടിരുന്നാനവിടുന്നുമപ്പോൾ. 146
*"എന്നാൽ കസേരയതിലേഠിയിരുന്നുകൊള്ളാം''-
മെന്നോതിഞാനവിടെനിന്നെഴുനീറ്റിരുന്നു
അന്നേരമേറെമിനുസംകലരുംകവച്ചി
തന്നിൽക്കരേറിയവിടുന്നുമിരുന്നു ധീമൻ! 147
പിന്നെക്കഴിഞ്ഞകഥക-
ളന്യോന്യം പലതുംസഖേ!
ഒന്നിച്ചിരുന്നുകൊണ്ടോതി-
നന്ദിച്ചിങ്ങനെയൊക്കയും. 148
'എന്നുചോന്നതവിടുന്നു??"പോന്നുഞാ-
നിന്നലെ,ക്കവികുലേന്ദ്ര, രാവിലേ"
"വന്നതെപ്പൊളിവിടത്തി'"ലിന്നലെ-
ത്തന്നെരാത്രിമണിയെട്ടടിക്കവെ.'' 149
'ഹേ വിപ്ര, താങ്കളവിടന്നുജവേന പോന്ന-
താവിപ്രയോഗശകടംവഴിയായിരിക്കാം'-
"തീവണ്ടികേറിയെറണാകുളമെത്തി പിന്നെ-
ക്കേവഞ്ചിയാണവിടെനിന്നിവിടംവരയ്ക്കും 150
'മല്ലാരിതന്റെകൃപകൊണ്ടുഭവാന്റെദീന-
മെല്ലാംശമിച്ചൊരുവിധംസുഖമായതില്ലെ?'
"തെല്ലാശ്വസിച്ചു ഭഗവൽകൃപകൊണ്ടുപത്ഥ്യ-
മില്ലായ്ക്കിലില്ലസുഖമവമിരുന്നിടുന്നു." 151
'ഇല്ലത്തുശേഷമമരുന്നവർസൌഖ്യമായി
ട്ടല്ലേ വസിപ്പതഴലാരിലുമില്ലയല്ലീ?"
"വല്ലാതെവാച്ചകദനക്കടലിൽക്കളിപ്പോര്-
ക്കുല്ലാസമാര്ന്നുകുശലത്തിനുമാഗ്ഗമുണ്ടോ?" 152
"പണ്ടാമനോരമയിലാത്മജവിപ്രയോഗം
കൊണ്ടാര്ത്തിമൂത്തെഴുതിവിട്ടവിലാപപത്രം
കണ്ടന്നുകണ്ണുകൾനിറഞ്ഞിടനെഞ്ഞപൊട്ടി-
ക്കൊണ്ടൊക്കെനോക്കിവിധികല്പിതമാര്ക്കുനീക്കാം! 153
പുത്രാത്തികൊണ്ടുവലയുന്നഭവാന്റെ ദുഃഖം
വൃത്രാരിപൂജ്യനഗജാപതിതീർത്തിടട്ടേ!'
മിത്രങ്ങളിങ്ങിനെകനിഞ്ഞകഥിക്കിലെന്റെ
നേത്രങ്ങളിൽപ്പൊടിയുമോകലുഷാശ്രു ലേശം! 154
"ഇക്കൂടെയുള്ളതു ?,, "മഹൻ", "ശരിയാവടക്കൻ
ദിക്കിങ്കൽ മുൻപുമുനിഷിപ്പണിയായിരുന്നാൾ.'
"ഇക്കാലമില്ലമുനിഷിപ്പണി,യിക്കുശുശ്രൂ-
ഷയ്ക്കാക്കിയെന്റെസുകൃതക്കൊടിവെന്തശേഷം.' 155
"കാന്താവിയോഗദവദഗ്ദ്ധനതാംഭവാനോ-
ടെന്താണുഞാൻ കുശലവൃത്തമുണര്ത്തിടേണ്ടു?'
'സന്താപവഹ്നിയിലെരിഞ്ഞുഴലുന്നവര്ക്കു
സന്തോഷമിഷ്ടജനസംഗമമല്ലയല്ലി?" 156
"വഞ്ചീശവംശപരിവൃദ്ധിയതിന്റെഭാരം,
കൊഞ്ചിക്കളിപ്പൊരുകിടാങ്ങളിലാക്കിവെച്ച്
വഞ്ചിച്ചുനമ്മെയവിടുന്നുഗമിച്ചതോര്ത്തി-
ട്ടെൻചിത്തമന്നുമുതലിന്നുമെരിഞ്ഞിടുന്നു.'' 157
'എന്തോഴരിങ്ങിനെതപിപ്പതുസങ്കടം താൻ
സന്താപമാര്ക്കുമിതിലുണ്ടതിനെന്തുചെയ്യാം?
ചിന്താവിഷാദമരുതേ, വെറുതേഭവാന്റെ
ചെന്താരിനൊത്തതിരുമേനികളഞ്ഞിടൊല്ലേ!' 158
"ദോഷജ്ഞമൌലിഭവദഗ്രജനാതുരര്ക്കു
ഭൈഷജ്യമേകിമുദമാര്ന്നമരുന്നതില്ലേ?''
'തോഷത്തിനില്ലകുറ, വാത്മബലം കുറഞ്ഞു
ശേഷാലയത്തിൽവരവുംവളരെച്ചുരുങ്ങി.' 159
“കാണുന്നതിന്നുപരമാഗ്രഹമുണ്ടു, ദീന-
മാണി,ല്ലകായസുഖ,മിയ്യിവനെന്തുചെയ്യാം?''
'ക്ഷോണീസുരോത്തമ; സഖേ, തരമാണുപോയാൽ
കാണാ,മതല്ലഗദസംഗതിയും കഥിക്കാം.' 160
ഇങ്ങിനെ പലതും ചൊല്ലി-
ത്തിങ്ങിനകുതുകം കലര്ന്നുവാഴുമ്പോൾ
മംഗളമൂത്തിദിനേശനു-
മങ്ങിളകാതസ്തമിച്ചു സരസകവേ! 161
'എന്നാൽക്കുളിക്കാം, നിയമങ്ങളെല്ലാം
നന്നായ്ക്കഴിയ്ക്കാമിനി, വേണ്ടതെല്ലാം
പിന്നെക്കഥിക്കാമവിടുന്നുനേരി-
ട്ടെന്നൊക്കെയോതീട്ടുപിരിഞ്ഞുതമ്മിൽ. 162
ഇഷ്ടം പോലെവസിപ്പാൻ
കൊട്ടാരത്തിൽ,ക്കവീന്ദ്രമകുടമണേ,
ക്കെട്ടിടമൊന്നു നമുക്കായ്-
പ്പെട്ടെന്നപ്പോളൊഴിച്ചുതരുവിച്ചു; 163
എന്നല്ലൊരാളെപ്പരമെന്റെകൂടെ
നിന്നീടുവാൻകല്പനയായയച്ചു
എന്നാലിതെല്ലാമവിടുത്തെയുള്ളി-
ലെന്നെക്കുറിച്ചുള്ളനുകമ്പതന്നെ. 164
എന്നിട്ടു, പോന്നവിടെനിന്നു പുറത്തിറങ്ങി
നിന്നിട്ടു,കണ്ടകഥയെങ്ങനെഞാൻ കഥിപ്പൂ?
അന്നഷ്ടമിക്കവിടെവന്നജനത്തിനും, കേ-
ളെന്നിഷ്ട,ദീപമതിനുംകരകണ്ടതില്ല. 165
ലക്ഷദ്ദീപംവിശേഷാലൊ-
ന്നിക്ഷേത്രത്തിൽക്കഴിക്കുവാൻ
ദക്ഷനാംമൂലഭൂപാല-
നക്ഷീണമരുൾചെയ്തിതോ? 166
തിക്കുംതിരക്കുമൊരുലേശമറിഞ്ഞിടാതെ
ചിക്കെന്നു ചെന്നഥകളിച്ചുജപിച്ചുപിന്നെ,
നിൽക്കാതെകോവിലിനകത്തുകടന്നുചെന്നു
മുക്കണ്ണനെത്തൊഴുതുവീണു നമസ്കരിച്ചു. 167
കിടന്നുരുണ്ടും, തിരുനാമമോതിയും,
പിടഞ്ഞെഴുന്നേ, റ്റഥനിന്നുതുള്ളിയും,
ഇടയ്ക്കു വാവിട്ടുകരഞ്ഞുമീവിധം
നടന്നിടും ഭക്തരെയും വണങ്ങിനേൻ. 168
ആധികളൊഴിവാൻ ദീപാ-
രാധനസേവിച്ചു, ഭസ്മവുംതൊട്ടു
ബാധകരഹിതം പിന്നെ-
സ്സാധുകവേ, ചെന്നുചേര്ന്നുകോയിക്കൽ. 169
നല്ലോരാക്കേളി, തായമ്പക, രസമുതകും
പറ്റു,നാഗസ്വരം,ഹേ
കല്യാത്മൻ,ഫിട്ടി, ലാത്തംബുരു, മുരളി, വെറും
കാഹളീ, വീണ,യേവം,
മെല്ലെന്നോരോന്നിരുന്നങ്ങിനെ സരസർതകര്-
ക്കുന്നതും കേട്ടു; പിന്നെ-
ച്ചൊല്ലാംവാളേറു,കുന്തേറിതുകളുമവിടെ-
ക്കണ്ടു പോരും വഴിയ്ക്ക്. 170
വടക്കേപ്പുറത്താമൃദംഗപ്രയോഗം
പൊടിക്കുന്നതും, പാട്ടു പാടുന്നതും,ഞാൻ
അടുക്കൽഗ്ഗമിച്ചിട്ടുതെല്ലൊന്നുകേട്ടേൻ
തിടുക്കിച്ചുപോകുന്നിടയ്ക്കന്നുധീമൻ! 171
ശയനപ്രദക്ഷിണം, നൽ-
ജ്ജയജയഘോഷങ്ങൾ സാംബശിവശബ്ദം
വയമെന്തുചൊല്ലിടും,ശിവ-
മയമിതുപാര്ത്താലമാനുഷംഘോഷം! 172
ഉദരമെതിരുനിൽക്കും കണ്ണുരണ്ടും, കഠോരം
മുദിരരവമെതൃക്കും മുക്രയും, കൊമ്പുരണ്ടും,
മദരഭസനടപ്പും, പൂഞ്ഞിയും, കട്ടിമെയ്യും
ചിതറിനവൃഷഭത്തെക്കണ്ടതോതാൻ മറന്നു. 173
കാണാനാത്തിരുമേനിയെ,ക്കവിമണേ,
സാധിച്ചനേരം മുതൽ-
ക്കോണംവന്നുവതെന്നുതന്നെപറയാ-
മെന്നാൽക്കഴിഞ്ഞില്ലയോ?
ഊണിന്നുള്ളൊരുവട്ടമൊക്കെയമറേ-
ത്തിന്നുള്ളതാണാകയാൽ
പ്രാണസ്നേഹിത, സൌഖ്യമെന്തുപറയാ-
നുളളൂ വിശേഷിച്ചിതിൽ! 174
കണ്ടാലത്ഭുതമെത്രയാണുവിഭവം,
രണ്ടാമതും, പിന്നെയും,
രണ്ടാൾനിന്നുവിളമ്പിടുന്നതുവില-
ക്കാൻ കൈയു പോരാ, സഖേ!
പണ്ടാപ്പാണ്ഡവരാപ്രഭാകരപദാം-
ഭോജം ഭജിച്ചിട്ടുകൈ-
ക്കൊണ്ടോരക്ഷയപാത്രമായവരിവര്-
ക്കാണോ സമര്പ്പിച്ചത്? 175
വട്ടങ്ങളോരോന്നു ധരിക്കുവാനും
തൊട്ടെണ്ണിയാകത്തുകയാക്കുവാനും
ഒട്ടുംശ്രമിച്ചില്ലതസാദ്ധ്യമെന്ന-
ല്ലഷ്ടിക്കമാന്തം വരുമെന്നമൂലം. 176
വിശേഷാലിനിക്കിന്നു കോതമ്പുചോറും
വിശേഷംപെടും പാലുമുണ്ടായിരുന്നു
അശേഷം വിചാരിച്ചിരുന്നില്ലിതൊന്നും
നിശേശാഭിരാമപ്രസിദ്ധപ്രകീര്ത്തേ! 177
ഉണ്ടിട്ടുഞാൻ കവികലേശ്വര, തമ്പുരാനെ -
ക്കണ്ടൂര്കനിഞ്ഞുചില വാത്തകളും പറഞ്ഞു
പണ്ടത്തെമട്ടീവനുറക്കമിളയ്ക്കുവാൻവ -
യ്യുണ്ടാലുറങ്ങണമതെന്നറിയിച്ചുപോന്നു. 178
വിളക്കുകാണ്മാൻ രസമുണ്ടുറക്ക-
മിളയ്ക്കുവാൻ വയ്യതിനാൽമടിച്ചു ഞാൻ
കളിക്കുമവ്വണ്ണമടച്ചുവാതി-
ലിളക്കമില്ലാതെകിടന്നുറങ്ങിനേൻ. 179
ചൊല്ലാംമൂന്നുമണിക്കുണര്ന്നു; സുകവേ;
വെമ്പിക്കുളിച്ചൂത്തുടൻ
ചെല്ലുമ്പോൾ, നടകാവലുണ്ടവർകട-
ന്നെന്നെത്തടുത്തു സഖേ!
വല്ലാതൊന്നുപകച്ചുതാന്നവതയാ-
യര്ത്ഥിച്ചുകോപിച്ചുവ-
ന്നല്ലോ കൂട്ടരൊഴിച്ചുപോന്നു, വെറിയ
ന്മാര്ക്കെന്തു വയ്യാത്തതും! 180
വലിയമടപ്പളി പറ്റീ-
ട്ടൊളിവിലകത്തേയ്ക്കു പോകുവാൻനോക്കി
ഫലീയാതെവിഡ്ഢിയായി-
ത്തലയും താഴ്ത്തിതിരിച്ചുപോന്നുസഖേ! 181
പിന്നെവടക്കേനടയി
ച്ചെന്നളവും നീന്നെതൃത്തുകാവൽക്കാർ
എന്നതുകണ്ടുതഹശ്ശീൽ
വന്നുകയത്തീപ്രകാരമുരചെയ്തു. 182
"അരുതരുതവിടത്തെക്കപ്രിയം ചെയ്തിടൊല്ലെ'-
ന്നരമവരെ വിലക്കിപ്പിന്നെയെന്നോടുചെന്നാൻ
"തിരുവടിയെഴുനള്ളാംദേവനെച്ചെന്നുകൂപ്പാം
പെരിയലഹളയാവുംമുന്നിലൊക്കെക്കഴിക്കാം. 183
എന്നാലീത്തടവിന്റെ സാരമറിവി-
ക്കാമീയുഷഃ പൂജതീര്-
ന്നെന്നാൽത്തീര്ന്നുതിരക്കുകൊണ്ടതുനട-
ത്തിക്കാൻ കുഴക്കായ്വരും
എന്നേയുള്ളുകടന്നുപോയ്തൊഴുതിടാം
മററുള്ള കൃത്യങ്ങളും
നന്നായിട്ടുനടത്തിടാം തിരുമന-
സെവ്വണ്ണമവ്വണ്ണമാം!' 184
എന്നോതിയുന്നതഗുണാംബുധിയാത്തഹശ്ശീ-
ലന്നെന്നെയുംമഹനെയും, മഹനീയകീത്തേ,
ഒന്നിച്ചുപോന്നൊരുകുടുപ്പിളിയേയുമേവം
മൂന്നാളെയിങ്ങിനെകടത്തിയയച്ചുഭാഗ്യം. 185
സോപാനമേറി, മണികൊട്ടി, മഹേശ്വരൻത-
ന്നാപാദമസ്തകമതെന്മനതാരിലോര്ത്തു
പാപാവലിക്കറുതികിട്ടുവതിന്നുവേണ്ടി
ശ്രീപാർവ്വതീശനെവണങ്ങിഗുണാംബുരാശേ! 186
തഞ്ചാരുമേനിയിലണിഞ്ഞവിഭൂതിചേര്ന്നു-
ഇഞ്ചാരപൂവ്വഴകിൽവാങ്ങിയണിഞ്ഞുകൊണ്ട്
അഞ്ചാതെമണ്ഡപമതിൽക്കരയേറിപിന്നെ-
പഞ്ചാക്ഷരം പരിചിലോതിനമസ്കരിച്ചു. 187
ഞങ്ങൾകടന്നു നമിച്ചള-
വങ്ങൊരു ഭൂതങ്ങളില്ല തിക്കില്ല
ഇങ്ങിനെസുഖമായ്തൊഴുവാൻ
സംഗതിവന്നില്ലയോ, മഹാഭാഗ്യം! 188
ശ്രീകണ്ഠനാത്തകൃപയോടമരുന്ന സാക്ഷാൽ
ശ്രീകോവിനുള്ളിലെഴുമാക്കഥ വിസ്തരിപ്പാൻ
ആകില്ല, വസ്തുതസമസ്തവുമങ്ങുതങ്ക -
മാകുന്നദീപനിരതൊട്ടതുമിഷ്ടബന്ധാ! 189
അപ്പോഴയ്ക്കും കഴിഞ്ഞൂ, കവിവര, കളിയ-
ല്ലന്നുഷഃ പൂജ,നാട്ടം-
രൊപ്പം കേറിക്കഴിഞ്ഞു പുരഹരനെവണ-
ങ്ങീടുവാൻ, ഞങ്ങളപ്പോൾ,
ചെല്പൊങ്ങും മണ്ഡപംവിട്ടഴകുടയവട-
ക്കുള്ളൊരാച്ചുറ്റിലുണ്ണാ-
നൊപ്പം മുണ്ടിട്ടിരുന്നൂ, ശിവശിവ, പറയാ-
വല്ല തിക്കുംതിരക്കും! 190
മലവെള്ളംവരുമ്പോലെ
നിലവിട്ടുമഹാജനം
കലിതാദരമന്നാള-
മ്പലമാകെ നിറഞ്ഞുതേ. 191
പിന്നത്തെക്കഥഞാൻ കടന്നുപറവാൻ
പോകുന്നതായാൽക്കുറ-
ച്ചെന്നാലും ശരിയാകയില്ലവളരെ -
ത്തിക്കിത്തിരക്കിജ്ജനം
ഒന്നിച്ചങ്ങിനെചേര്ന്നുവന്നു ഗിരിജാ-
കാന്തന്റെ പാദാംബുജം
വന്ദിക്കുന്നതുകണ്ടുകണ്ട-
കളിയല്ലാനന്ദമാര്ന്നേനഹം. 192
മെല്ലെക്കാലുകവച്ചുനിന്നു,മുടനേ
മുണ്ടിട്ടുമങ്ങേപ്പുറ-
ത്തെല്ലാംപുല്ലുകളിട്ടു,മാത്തകുതുകം
സോമൻവിരിച്ചും,സഖേ,
ചൊല്ലാ,മന്നശനത്തിനായിടമിടാ-
തേവം കുഴങ്ങിപ്പരം
തല്ലിട്ടും തകരാറടിച്ചുമമരും
ഭൂദേവരൊട്ടല്ലെടോ. 193
തീപ്പെട്ടിക്കോലുകൂട്ടിൽത്തിരുകിനവിധമാ-
ക്കോവിലിന്നുള്ളിലെല്ലാം
സാപ്പെട്ടീടാൻ ദ്വിജന്മാർ തുരുതുരെയമരും
മട്ടുകണ്ടാൽ മനോജ്ഞം.
ആപ്പെട്ടീടില്ലൊരാൾക്കെങ്കിലുമശുഭലവം
സ്വാമിതൻ പ്രാഭവത്താ-
ലാര്പ്പിട്ടീടും സുമൃഷ്ടാശനപരമരസാ-
ലന്ധരായന്തണന്മാർ. 194
ചൊല്ലേറും പപ്പടം നൽപ്പഴമിതുകളുമു-
പ്പേരിയും ബ്രാഹ്മണര്ക്കായ്.
മെല്ലെന്നപ്പോൾ വിളമ്പുന്നതിനവിടെയരം
കൊണ്ടുവന്നാലതെല്ലാം
നില്ലാതേ ചെന്നുവാരിക്കശപിശകൾപറ-
ഞ്ഞൊക്കയും തിന്നൊടുക്കും
ചെയ്യില്ലെന്നാലുമാരും ക്ഷിതിസുരവരരോ-
ടപ്രിയം ചട്ടമേവം. 195
ഇലവെച്ചിതൊരെട്ടരയ്ക്കു ശേഷം
നിലവിട്ടാത്തുവിളിച്ചു വിപ്രവര്ഗ്ഗം
ഇലവാങ്ങിയിരുന്നുഞങ്ങളും കേ-
ളലയാതൂണുകഴിഞ്ഞ സൌഖ്യമായി. 196
ധാരാളംകണ്ടിടുമ്പോൾ,ക്കവിവര, കളിയ-
ല്ലക്ഷയം പാത്രമുണ്ടെ-
ന്നാരും ശങ്കിക്കുമോരോ വിഭവമതിനെഴും
സ്വാദുനോക്കുന്നതായാൽ
ഏറെക്കൈപ്പുണ്യവാനാം നളനൃപതിചമ-
ച്ചെന്നതാണെന്നു തോന്നും
വേറിട്ടോതേണ്ടതതന്താണശനമിതുവിധം
മറെറാരേടത്തിലുണ്ടോ! 197
അരിയൊരുമുന്നൂറ്റൻപതു പറവെയ്ക്കും,
തിട്ടമേവമഷ്ടമിനാൾ പറയാം
പ്രഥമനുമൂവ്വാ-
യിരമാണേത്തപ്പഴം പഴേ ചട്ടം. 198
തിട്ടം മൂന്നുമണിക്കുഷയ്ക്കഥനിവേ-
ദ്യത്തിന്നു തീപ്പൂട്ടിയാൽ
മുട്ടം തീയിടുമാമടപ്പിളിയില-
ന്നത്തെദ്ദേഹണ്ഡത്തിന്നും
ഒട്ടേറെജ്ജനമില്ലകേൾക്കുക പതി-
ന്നാലാൾ ദണ്ഡിക്കുവാ-
നഷ്ടിക്കെട്ടരമുട്ടിയാലിലയിടും
പാര്ത്താലിതത്യത്ഭുതം. 199
ഇതിലുമൊരത്ഭുതമോതാം
പതിനൊന്നാളേ വിളമ്പുവാനുള്ള
പതിനായിരമാളുണ്ണി-
നതിലാര്ക്കും പാര്ക്കിലില്ലൊരാവലാതി. 200
ഹേ,വൻകവീന്ദ്ര, പരമത്ഭുതമിത്ഥമോര്ത്താ-
ലാവൈക്കമാര്ന്നരുളിടും ജഗദേകനാഥൻ,
ഏവര്ക്കുമേതിനുമഹോ, തുണയായിനിന്നി-
ട്ടേവം നടത്തുകയതാണ, തിനില്ലവാദം! 201
തീയ്യും, വെള്ളവും, മത്രയല്ലരിയു,മാ-
മറ്റുള്ള സാമാനവും
പയ്യെന്നീവകവെച്ചിടുന്നവർകളും,
സാപ്പെട്ടിടും കൂട്ടരും,
കയ്യോടൊക്കെ വിളമ്പിടും വിരുതരും,
മറ്റും മഹാ ലോകരും
പീയൂഷാശികൾകൈതൊഴും പുരഹരൻ
താനെന്നു കാണുന്നു ഞാൻ. 202
തെററാതുഷയ്ക്കു തൊഴുതഷ്ടിമിനാൾ വടക്കേ-
ച്ചുറ്റിങ്കലുണ്ണണമതാണൊരുവിപ്രധര്മ്മം
പറ്റീ നമുക്കിതുകൾരണ്ടുമതിന്നുമൂലം
മറ്റൊന്നുമല്ലശിവസാംബകൃപാകടാക്ഷം. 203
ഊണിന്നുമുമ്പിലായന്നു
കാണിക്കിട്ടു നടയ്ക്കൽ ഞാൻ
താണുവന്ദിച്ചുനഗജാ
പ്രാണനാഥപദാംബുജം. 204
ചൊല്ലുറുന്നുദനാപുരത്തരുളിടും
പുത്രൻ ഗുഹസ്വാമിയൊ-
ത്തല്ലിൽപ്പന്തലിലിന്ദുചൂഡനരുളും
നേരത്തിലാണേവരും
കാണിക്കിട്ടുവരാറതിന്നുതരമി-
ല്ലീയുള്ളവൻ ശ്രാദ്ധമൂ-
ട്ടേണം കേൾക്കുകടുത്തനാളിലതിനാ-
ലന്നിങ്ങു പോരേണ്ടയോ? 205
കൊട്ടാരം പൂക്കുടൻ പിന്നെ-
ക്കൊട്ടാരത്തിലെഴും സഖേ,
ഇഷ്ടാനുസരണം വാണു
തുഷ്ട്യാനാലഞ്ചുനാഴിക. 206
അറികവലിയകോയിത്തമ്പുരാൻ മുമ്പിലെയ്ക്ക -
ന്നൊരുമണിസമയത്തിൽചെന്നുതന്നാജ്ഞയാലെ,
തിരുമുഖമിനിയെന്നോ കാണുവാൻ യോഗമെന്നു-
ള്ളെരിപൊരിചിതറീടും മട്ടുഞാൻ യാത്രചൊല്ലി. 207
സമ്മാനമേകിയവിടുന്നു കനിഞ്ഞിരിക്കു
സമ്മാന്യ! നോക്കുകിലതത്ര ചുരുക്കമല്ല
എന്മാനസത്തിലിതുഞാൻ കരുതീലമുന്ന-
മമ്മാനവേന്ദ്രകരുണയ്ക്കു വസാനമുണ്ടോ? 208
'സന്തോഷമെന്നിലുളവായതിനൊത്തതായീ-
ലെന്തോ നിനയ്ക്കിലിതു തുച്ഛമതെ'ന്നിവണ്ണം
എന്തോഴരെന്നൊടലിവോടുരചെയ്തതിഷ്ട-
ബന്ധോ! മറന്നിടുകയില്ല മരിക്കിലും ഞാൻ. 209
പിരിഞ്ഞപോരുന്നൊരു സങ്കടത്താ-
ലെരിഞ്ഞചിത്തം പരമെന്നമൂലം
പറഞ്ഞിടാതൊന്നുമൊരല്പനേരം
നിറഞ്ഞബാഷ്പത്തൊടുനിന്നുഞാനും. 210
"വന്നീടുമാമുറജപത്തിനു തീര്ച്ചയായി
വന്നീടണം തിരുവനന്തപുരത്തിലേക്കു
തന്നീടുമായതിനുശക്തി സരോജനാഭൻ'
പിന്നീടിവണ്ണമുരചെയ്തു കൃപാസമേതം. 211
ഇതൊക്കെയുംകേട്ടു മനോവികാര-
മൊതുക്കിഞാനിങ്ങു പുറത്തിറങ്ങി
പതുക്കെനോക്കുമ്പൊഴുതന്നുകണ്ടൻ
മതിക്കചേരും ശകുനം ശകുന്തം. 212
അനന്തരം ഞാൻ ത്രിപുരാന്തകൻത-
ന്നനന്തപുണ്യപ്രഭവം പദാംബുജം
മനം തെളിഞ്ഞൊന്നു നമിച്ചുയാത്ര-
യ്ക്കനന്തകീര്ത്തേ! പരമുദ്യമിച്ചിതേ. 213
പെട്ടെന്നുപോന്നുഞാൻ പിന്നെ-
ക്കൂട്ടരൊത്തു, ഗുണാംബുധേ,
തട്ടിന്മേൽ വന്നനേരത്തു
കിട്ടീ ബോട്ടൊന്നു പോരുവാൻ. 214
എടുത്തു കെഞ്ചാതൊരു മൂന്നുരൂപ
കൊടുത്തു, ബോട്ടിൽക്കരയേറി ഞങ്ങൾ
കടുത്തവേഗത്തോടുപോന്നു തെറdറാ-
തടുത്തസന്ധ്യയ്ക്കെറണാകുളത്ത്. 215
കേമന്മാരിൽക്കേളികേട്ടുള്ള വീ. കേ.
രാമന്മേനോൻ സെറ്റിൽമെണ്ടിന്നുപേഷ്ക്കാർ
ധീമാൻ മേവും മേടയിൽപ്പുക്കുപിന്നെ-
സ്സാമാനം വെച്ചിങ്ങുപോന്നൂകുളിപ്പാൻ. 216
രസസുവര്ഷിണിസാദ്ധ്വിജനങ്ങളിൽ
സുസുഖഗാമിനിയെന്നു പുകഴ്ത്തിടും
"രസികരഞ്ജിനി തൻ മണവാളനാ-
രസികനാം നൃപസന്നിധിപുക്കു ഞാൻ. 217
നേരോടുഞാൻ ചെന്നളവൂഴിപാലൻ
നീരാടിനില്ക്കുന്നിടയായിരുന്നു
ആരൂഡമോദാലെതിരേറ്റുവന്നുൾ-
കൂറോടുനമ്മോടരുൾ ചെയ്തിതേവം. 218
"അല്ലല്ലാ, നടുവത്തച്ഛ-
നല്ലയോ, സുഖമല്ലയോ?
കല്യാത്മൻ, സ്വാഗതം, സ്നാന-
മില്ലേ, തേച്ചുകുളിച്ചിടാം! 219
കുളിക്കുവാനെണ്ണ, മെഴുക്കിളക്കാൻ
കുളുര്ത്തവാകപ്പൊടി കാഞ്ഞ വെള്ളം,
ഇളച്ചുനില്ക്കാതെയിതൊക്കെവേഗം
കുളിപ്പുരയ്ക്കുള്ളിൽ വരട്ടെ'', യെന്നാൻ. 220
ഈവണ്ണമന്നുചിലകല്പനനൽകി ഭൂപൻ
താവും പ്രിയത്തോടിവനോടരുൾചെയ്തു പിന്നെ
"ഹേ വിപ്ര, താങ്കളെവിടുന്നിവനിന്നുകാണ്മാ-
നീവന്നസംഗതി കിനാവിലുമോതില്ലേ?'' 221
"വൈക്കത്തേയ്ക്കു ഗമിച്ചുഞാ, നവിടെനി-
ന്നാണിപ്പൊ'"ളങ്ങഷ്ടമി-
ക്കിക്കൊല്ലത്തിൽ വിശേഷമെന്തു? '''പറവാ-
നില്ലൊന്നു,മെന്നാകിലും,
ഒക്കെപ്പാടെയധോഗതിക്കു തുടരും
നമ്പൂരിമാര്ക്കുന്നതി-
യ്ക്കായൊണ്ടിന്നുസമാജമൊന്നവിടെയു-
ണ്ടായീ ധരിത്രീപതേ! 222
തെക്കും വടക്കും ഗതിചെയ്തുകാലം
പോക്കും, പഠിക്കില്ല, പണത്തിനായി,
വിൽക്കും സ്വതേയുള്ളൊരു ജന്മവസ്തു,
നോക്കുമ്പോളെത്തോ കഥതമ്പുരാനേ!' 223
"ശരിശരിയിതുമട്ടാ-
ണിപ്പൊൾ നമ്പൂരിമാര്ക്കു-
ള്ളൊരു തൊഴിലിനിമേലിൽ
വല്ലതും നോക്കിടാഞ്ഞാൽ,
വരുമൊരുനിലയെന്തോ,
കൂടിയോരീസ്സമാജം
പരിചൊടുനിലനിന്നെ-
ന്നാകിൽ നന്നായിരുന്നു!” 224
"സ്മാര്ത്തത്തിലും വൈദികവൃത്തിയിങ്കലും
ശാസ്ത്രത്തിലും ശ്രോത്രിയവൃത്തിതന്നിലും
ഓത്തിങ്കലും ബ്രഹ്മവിചാരസത്തിലും
കീർത്തിച്ചിടാൻനല്ല പരീക്ഷവെയ്ക്കണം. 225
മട്ടസ്ഥാനങ്ങൾ, വര്ഷാശന, മതിശുഭമാ-
യുള്ള ഗോദാന,മെങ്ങും
കിട്ടില്ലാ, നൽപ്പഠിപ്പും വിജയവുമണയാ-
തുള്ളവര്ക്കെ,ന്നിവണ്ണം,
ചട്ടംവെച്ചാൽ,പ്പഠിപ്പിന്നലയു, മതുവശാ-
ലുന്നതിക്കുള്ള മാര്ഗ്ഗം
കിട്ടും, ഭൂപാലരാണീ നടവടികൾ നട-
ത്തേണ്ടതെന്നേ നടക്കൂ. 226
എന്നല്ലവേളിക്കു പണംതനിക്കു
തോന്നുന്നവണ്ണം പരമെന്നചട്ടം
ഇന്നൊന്നുമാറ്റീട്ടൊരു തീച്ചചെയ്താൽ
നന്നായതിന്നും നൃവരാജ്ഞ വേണം.'' 227
'ചൊല്ലേറും മാടഭൂപാലക, തിരുവടിക-
ല്പിച്ചകാര്യങ്ങളോര്ത്താ-
ലെല്ലാം കൊള്ളാ, മിതൊക്കെപ്പരിചിനൊടുനട-
ത്തേണ്ടതിന്നുള്ള ഭാരം,
ചൊല്ലുമ്പോൾ, വഞ്ചിഭൂപാലകനതിസരസൻ,
കുന്നലക്കുള്ള നാഥൻ,
കല്യൻകൊച്ചിക്കധീശൻ, പരമിവർകൾവഹി-
ച്ചെങ്കിലേ പന്തിയാവൂ. 228
ചട്ടറ്റചെങ്ങഴമെഴും പരമേശ്വരാഖ്യൻ
പട്ടേരിയാണുസഭകൂട്ടിയതിപ്രകാരം
കഷ്ടപ്പെടാനിടവരാതെ സഭയ്ക്കു നൽപ്പേർ
കിട്ടീടുമീ നൃപതിമാർ തുണയായിനിന്നാൽ. 229
[കീർത്തിപ്പെടുന്നൊരുഭവാൻ സഭ വേണ്ടവണ്ണം
കാത്തീടണം സഭയിൽ വന്നണ]യേണമേവം
കീർത്തിച്ചുഭട്ടതിരി, പക്ഷെ, യിനിക്കുനാളെ
ശ്രാദ്ധം, തരേണമിട, യെന്നുപറഞ്ഞുപോന്നേൻ. 230
"അല്ലാ, ഹേ, നടുവം പോയി-
ല്ലല്ലേ ചേരേണ്ടതാണതിൽ!
'കില്ലി,ല്ലെനിക്കുനിര്വ്വാഹ-
മില്ലാഞ്ഞിട്ടാണ് പോന്നതു്.' 231
"ഊണിന്നുപത്ഥ്യമെന്തൊക്കെ-
യാണിപ്പോൾപതിവുള്ളതു്?''
ഊണില്ലൊരിക്കലാ, "ണെന്തു
വേണ,'''മെന്തും പ്രിയംമമ. ' 232
എന്നോതിമാടതൃപനങ്ങമറേത്തിനായി-
ടുന്നിദ്രമോദമെഴുനെള്ളിയനന്തകീര്ത്തേ!
പിന്നെക്കുളിച്ചുനിയമങ്ങൾ കഴിച്ചുവേഗം
മന്നിന്നധീശസവിധത്തിലണഞ്ഞു ഞാനും. 233
പൂവൻപഴം, സിത, മലര്പ്പൊടി, പാലിതെല്ലാം
ഭൂവല്ലഭൻകനിവൊടേകി,യശിച്ചുമോദാൽ,
സേവയ്ക്കുനിന്നുവിവരങ്ങളുണര്ത്തി,യാത്ര-
യ്ക്കാവിർമ്മുദാപുനരനുജ്ഞയുമന്നുവാങ്ങി. 234
സിയ്യെസ്സൈവിരുതാര്ന്നെഴുംവലിയകോ-
യിത്തമ്പുരാനുള്ളഴി-
ഞ്ഞിയുള്ളോനിലുദിച്ചവൻകരുണയാൽ
ക്കാണിച്ചകൈയൊക്കയും.
പയ്യെപ്പാര്ത്ഥിവനോടുവാര്ത്തകളുണ-
ത്തീടുന്നകൂട്ടത്തിൽഞാൻ
പൊയ്യല്ലന്നറിയിച്ചുകേട്ടുവളരെ-
സന്തുഷ്ടനായീനൃപൻ. 235
"നേരോ,ടക്രൂരഗോപാലക, മിതിപുകഴും
നാടകംതീര്ക്കുവാനാ-
യാരംഭിച്ചിട്ട, മാന്തിച്ചതുസമുചിതമാ-
യില്ല,വേഗംകഴിക്കൂ;
കൂറോടെൻമാസികയ്ക്കേകണ,മതിലിടുവാൻ
കാത്തിരിക്കുന്നു''വെന്നും
പോരുമ്പോൾഭൂമിപാലൻതിരുവടിയ-
രുളിച്ചെയ്തുപിന്നാലെ വന്ന്. 236
'എല്ലാംകല്പനപോലെ,'യെന്നൊരു സമാ
ധാനംപറഞ്ഞിട്ടുഞാൻ
മെല്ലെപ്പോന്നുകിടന്നുറങ്ങിസുകവേ,
പേഷ്ക്കാരുതൻമേടയിൽ
ചൊല്ലാംപിന്നെയുണര്ന്നുനാലരമണി-
ക്കെന്നിട്ടുപോയിക്കുളി-
ച്ചുല്ലാസാലെറണാകുളുത്തെഴുമൊര-
ദ്ദേവാലയം പൂകിനേൻ. 237
കളക്കുമാനന്ദമൊടന്നുഞാൻനൈ-
വിളക്കുവെച്ചങ്ങുനമിച്ചുവേഗം
ഇളക്കമറ്റാശ്ശകടേനനേരം
വെളുക്കവെസ്റ്റേഷനിൽവന്നുചേർന്നു. 238
ടിക്കററുവാങ്ങിമണിയേഴുകഴിഞ്ഞശേഷം
നിൽക്കാതെ ചെന്നുപുകവണ്ടിയിലേറിഞങ്ങൾ
ചൊൽക്കൊണ്ടസൽക്കവിമണേ, കുഴലൂതിഗാര്ഡ്
പൊക്കത്തിലാട്ടികൊടിവണ്ടി കുതിച്ചുമണ്ടി. 239
ഭക്തന്മാരുടെമാനസംവിഭുവിലെ-
ത്തുംപോലെയുംയോഗിമാർ
ചിത്തം ചിത്തിലണഞ്ഞിടുന്നവിധവും
ചന്ദ്രാര്ക്കരശ്മി വ്രജം
പാര്ത്തട്ടിൽ പതിയുന്നപോലെയുമുടൻ
തീവണ്ടിചാലക്കുടി-
ക്കീർത്തിപ്പെട്ടുവിളങ്ങിടുന്നറയിൽവേ-
സ്റ്റേഷൻപ്രവേശിച്ചുതേ. 240
നിൽക്കാതെഞങ്ങൾ പുകവണ്ടിയിൽനിന്നിറങ്ങീ
ടിക്കററുനൾകിയവിടുന്നു പുറത്തിറങ്ങി
ദുഃഖങ്ങളൊന്നുമണയാതെമമാലയത്തിൽ
ചിക്കന്നുചെന്നുമണിയെട്ടരയോടുകൂടി. 241
ഒട്ടന്നു വിശ്രമമെടുത്തുകുളിച്ചുചാത്ത-
മുട്ടിക്കഴിച്ചു പതിവിൻപടിപാൽക്കഷായം
പെട്ടെന്നു നമ്മുടെനടപ്പുരയിൽക്കിടക്കും
കട്ടിന്മേൽവന്നഥ കിടന്നു ശുഭംവരട്ടെ. 242
ഭാഷയ്ക്കു ശുദ്ധികുറവത്രയുമല്ലനല്ല-
ഭാഷയ്ക്കെനിക്കുകവിതയ്ക്കു മിടുക്കുമില്ല.
ഭോഷത്വമിങ്ങിനെ കടന്നുപുലമ്പി, യോഗ്യർ
ഭാഷിച്ചിടാതെ പിഴതീർത്തുതരട്ടെ,യല്ലേ? 243
ചൊൽക്കൊള്ളുന്നഷ്ടമിക്കായടിയനവിടെവ-
ന്നിങ്ങു പോന്നോരുവൃത്തം
ചിക്കെന്നെല്ലാരുമിപ്പോളറിയണമതിനായ
പദ്യമായ്തീര്ത്തതെല്ലാം
തൃക്കാക്കൽത്താൻ സമര്പ്പിപ്പതുപരമരസാൽ
സ്വീകരിച്ചിട്ടുപിന്നെ-
ആക്കണ്പാര്ക്കേണമെന്നെത്തളിവൊടുതിരുവൈ-
ക്കത്തെഴും തിങ്കൾമൌലേ ! 244
ഓരോന്നോതുന്നനേരത്തടിയനറിവുപോ-
രായ്കയാലും വിശേഷാൽ
സാരള്യം ചേർത്തുചൊല്ലുന്നതിനുവശതപോ-
രായ്കയാലും നിതാന്തം
ധാരാളം വന്നിരിക്കാം പിഴകളതുകള-
ഞ്ഞൊക്കയും നന്മയാവാൻ
കാരുണ്യം വേണമെന്നിൽത്തെളിവൊടുതിരുവൈ-
ക്കത്തെഴും തിങ്കൾമൌലേ! 245
ത്വൽകാരുണ്യംകൊതിച്ചാണടിയനിതുവിധം
ഗോഷ്ഠികാണിച്ചതല്ലം-
തുൾക്കാമ്പിൽസ്സൽക്കവിപ്രൗഡിമകരുതിഞെളി-
ഞ്ഞല്ല പൊയ്യല്ലിതൊന്നും
തൃക്കണ്ണിട്ടെന്നെരക്ഷിക്കുകപിഴകൾപൊറു-
ത്തെൻപ്രയത്നം സമസ്തം
മുക്തിക്കാക്കിത്തരേണം തെളിവൊടുതിരുവൈ-
ക്കത്തെഴും തിങ്കൾമൌലേ! 246