17-01-2025ന് നടന്ന മലയാളം ഡിജിറ്റൈസേഷന് ശില്പശാലയില് തയ്യാറാക്കിയതു്
വെള്ളിക്കുന്നിൽ പള്ളിവസിക്കും
പള്ളിപ്പരമേശ്വരനുംതന്നുടെ
പിള്ള ഗണേശനുമറുമുഖനമ്മയു-
മുള്ളുതെളിഞ്ഞുവസിച്ചീടുമ്പോൾ
ഉള്ളിലഹമ്മതിതള്ളിനിറഞ്ഞഥ
ഭള്ളു നടിച്ചു തിരിച്ചുധനേശൻ
വെള്ളം ചൂടും പരമേശ്വരനുടെ
പള്ളിക്കാലിണതൊഴുതറിയിച്ചു:
“കള്ളമതല്ലിഹ നമ്മുടെനഗരേ
പള്ളിവിരുന്നിനെഴുന്നരുളേണം
ഉണ്ണികൾ ഭൂതാദികളും വന്നാൽ
ദണ്ഡം നഹിനഹിവിരവൊടുവരണം
ഉണ്ണിഗണേശനു വയർ നിറവോളം
കണ്ണുമടച്ചമൃതേത്തുകഴിക്കാം
ധനപതിതന്നുടവചനം കേട്ടു
പനിമതിചൂടും പരമേശ്വരനും
കനിവൊടിവന്റെയഹമ്മതി തീർപ്പാൻ
പണിചെയ്യേണമിതെന്നുമുറച്ചു
"വേണമിതെന്നാൽ വരുവൻനാമിഹ
കാണിയുമില്ലിഹമട ''യെന്നരുളി
ഗണപതിതന്നുടെ കുംഭതലോടി
ക്ഷണമൊടുമുന്നിലയച്ചുമഹേശൻ
ഗണപതിയുംധനപതിയുംകൂടി
കനിവൊടുതൊഴുതിട്ടാശു നടന്നു
ഗുണഗണമിയലും പുരമതിലെത്തി-
ഗ്ഗണപതിപൂജയ്ക്കാശു മുതിർന്നു;
വലുതായുള്ളൊരു പലകയതിന്മേൽ
വടിവൊടിരുത്തിഗ്ഗണനാഥനെയും
വിരവൊടുധനപതിവിശറിയെടുത്തു
വിരുതൻഗണപതിയേയഥവീശി;
തെളിവേറീടും പൊൻകിണ്ണത്തിൽ
തെളു തെളെ നല്ലോരെണ്ണയെടുത്തു
പിള്ളർവന്നിഹമെല്ലെ ത്തേപ്പി-
ച്ചുള്ളൊരു കൗതുകമെന്തുരചെയ്വു
വലിയൊരു കർണ്ണദ്വയവും മൂക്കും
വെളുവെളെമുഖവുംകുംഭയുമെല്ലാം
എണ്ണയൊലിപ്പിച്ചയ്യോ !ശിവശിവ
കണ്ണും ചിമ്മിപ്പിച്ചതു നേരം
താളിയുമിഞ്ചകൾ യോജിപ്പിച്ചി-
ട്ടാളികളാൽ ബതസ്നാനം ചെയ്തൂ
കാലുംകഴുകിച്ചാദരവോടെ
നാലിനകത്തൊരെടത്തുതളിച്ചു
മണ്ഡലവും തേച്ചിലയും വച്ചുക-
മണ്ഡലജലമതിടത്തുംവച്ചു
പൊന്നുവിളക്കുകൊളുത്തിപ്പരിചൊടു
മുന്നിൽവച്ചിട്ടാദരവോടെ
ഇലയുടെയരികെപലകയുമിട്ടു
വലിയൊരുഗണനാഥനെയുമിരുത്തി
ജലഗന്ധാക്ഷതധൂപംദീപം
കുസുമംചന്ദനമിവകളണിഞ്ഞു
മെല്ലെയിലയ്ക്കു ജലാദികൊടുത്തു
നല്ലൊരുചോറും കദളീഗുളവും
നറുനെയ്യീവകയൊക്കെവിളമ്പി
ക്കുടിനീർവീഴ്ത്തിക്കനിവൊടു കൂപ്പി.
അമ്പൊടുഗണപതിതന്നുടെ മടിയിൽ
കുംഭയൊതുക്കീട്ടൂണുതുടങ്ങി
ഝടിതിവിളമ്പിനവിഭവമതെല്ലാം
ഝടുഝടനെന്നമൃതേത്തുകഴിച്ചു
തെരുതെരെയായതുകണ്ടു വിളമ്പീ-
ട്ടരുതരുതെന്നരുളാശുതുടങ്ങി
കോരികവച്ചവർ വട്ടിയെടുത്ത –
ച്ചോറുകൾകൊണ്ടുവിളമ്പുതുടങ്ങി;
ചട്ടമിതൊന്നുപകർന്നതുകണ്ടവർ
വട്ടളമാശുചരിച്ചുവിളമ്പി
തുമ്പിക്കരവും പൊക്കിപ്പരിചൊടു
വൻപൻവായ് പിളർന്നുവശായി
ചെല്ലുന്നവരവർചോറും കറികളു-
മെല്ലാം തൊള്ളയിലിട്ടു തുടങ്ങി
ചോറതൊടുങ്ങികറിയതൊടുങ്ങി
വീരൻധനപതിയൊന്നുനടുങ്ങി;
വച്ചൊരു ചോറും കറികളുമെല്ലാം
കൊച്ചുഗണേശൻകൊറ്റുകഴിച്ചു
കുലയതെടുത്തു കുടഞ്ഞുപഴങ്ങൾ
കുലയുടെകൂടെയതൊക്കെയൊടുങ്ങി
പച്ചക്കായും പപ്പടവും പല
പച്ചക്കോപ്പുകളൊക്കെയൊടുങ്ങി;
തൈരതൊടുങ്ങിമോരതൊടുങ്ങി
സ്വൈരംകുംഭവുമൊക്കെത്തീർന്നു
ഉപ്പും മുളകും ചപ്പും ചിപ്പും
ക്ഷിപ്രംഗണപതിയപ്പടിതിന്നു
ഉള്ളതശേഷമൊടുങ്ങീട്ടവനുടെ-
യുള്ളിലൊരാധിവളർന്നുവശായി
ഒറ്റക്കൊമ്പനുകൊറ്റുമുഴക്കാ
ഞ്ഞേറ്റംകോപിച്ചെഴുനേറ്റുടനെ
മുൻപിലിരുന്നവിളക്കുവിഴുങ്ങി
ചെമ്പുകളങ്ങമൃതേത്തുതുടങ്ങി
ചട്ടുകവും പലകുട്ടകവും ചില
വട്ടികളെന്നിവയൊക്കെ വിഴുങ്ങി
മുരളിനടന്നങ്ങുരുളിവിഴുങ്ങീ
ട്ടതിരുചിയോടരകല്ലുവിഴുങ്ങി
കട്ടോടങ്ങളുലക്കയുമീവക
പാത്രംശാലയുമൊക്കെവിഴുങ്ങി
ആർത്തിപെരുത്തു സഹിക്കരുതാഞ്ഞി-
ട്ടൻപിനൊടൊത്തൊരു തൂണുവിഴുങ്ങി
സത്വരമങ്ങു നെടുമ്പുരയുണ്ടു
തൃപ്തിവരാഞ്ഞുഗണേശസ്വാമി
കണ്ടതശേഷവുമുണ്ടിട്ടുംബത-
കൊണ്ടാകൊണ്ടായെന്നരുൾചെയ്തു
ധനപതിതാനുമൊരാധിമുഴുത്തു
മനമതിലോർത്തു ഗിരീശനെയുടനെ
‘ഹരഹര ശിവശിവ’യെന്നുവിളിച്ചു
പരവശനായിനടന്നുതുടങ്ങി
ഒറ്റക്കൊമ്പൻ പിമ്പേചാടി
തെറ്റെന്നോടിച്ചെന്നുമഹേശൻ
തന്നുടെയടിമലർവീണുവണങ്ങി
ഖിന്നത വന്നതു തൊഴുതറിയിച്ചു:
"ഗണപതിയടിയനെയുണ്ണുംമുമ്പേ
ഗിരിമകൾപതി നീ രക്ഷിക്കേണം
പാത്രാപാത്രമിതോർക്കാഞ്ഞെന്നുടെ
പാത്രാദികളും തിന്നു ഗണേശൻ
അരുതരുതെന്നുവിലക്കീട്ടങ്ങനെ
ഒരുപിടിമലരുകൊടുത്തുമഹേശൻ
മതിമതിയെന്നരുൾചെയ്തതു കേട്ടു
തുരുതുരെയെല്ലാംഛർദ്ദിതുടങ്ങി
നെടുങ്ങനെയുള്ളനെടുമ്പുരമുൻപിൽ
ചടചടയങ്ങുഞെരിഞ്ഞഥവീണു
ഉണ്ടതുപോലെ ക്രമത്താൽതൂണും
തണ്ടെന്നീവകകണ്ടുതുടങ്ങി
ചെമ്പും വാർപ്പുവിളക്കും പലവക
വൻപനുമാശുവമിച്ചാനഖിലം;
എണ്ണവുമേറ്റു നടന്നാനങ്ങൊരു
വണ്ണംധനപതിതലയും താഴ്ത്തി;
ഇത്തരമുള്ളൊരു ഗണപതിഭഗവം-
നിന്നിതിനൊന്നുതുണച്ചീടേണം.
കളഭാസ്യൻഗണനായകനെന്നുടെ
കളഭാഷ്യത്തിനു തുണയായ് വരണം
കളഭാഷിണി വാണിയുമെൻ നാവിൽ
കളമാംവണ്ണംവിളയാടേണം
പ്രളയപയോധിയിലിളകിമറിഞ്ഞഥ
തെളുതെളവരുമൊരുതിരമാലകൾപോൽ
ഇളകിവരേണം വാക്കും പടുതയിൽ
ഇളകാതൊരു ഗുരു കൃപയൊടുകൂടെ
തെളിയണമാത്മജ്ഞാനമതിന്നായ്
തെളിവൊടുഞാനിതവന്ദിക്കുന്നേൻ.
കുന്തിയിരിക്കുമിടത്തുംപടിയേ
സന്തോഷത്തൊടുവിപ്രന്മാരും
ഗാന്ധാരിയെമാനിച്ചീവണ്ണം
ഹന്തപറഞ്ഞുരസിച്ചുനടന്നാർ.
"സദ്യാഘോഷമുരന്തന്നേധൃത
രാഷ്ട്രർക്കില്ലൊരു ലുബ്ധൊന്നിന്നും
സൂപട്ടെട്ടുലഭിച്ചതു സുബലജ-
പോർവട്ടസ്തനിമൂലം തന്നെ
പേവട്ടക്കാറൻ ശകുനിക്കും
ഈവട്ടം ചേർന്നിട്ടില്ലൊട്ടും
നാലുംരണ്ടും മതിയെന്നവനും,
ചേലൊടു ഗന്ധാരിയുമുരചെയ്തു.
എട്ടും പത്തും ചെയ്യണമായതി-
നൊട്ടം സംശയമില്ലെന്നവളുടെ
നെഷ്ടികൾകൊണ്ടിട്ടൊട്ടുലഭിച്ചതു
മിഷ്ടന്മാരേ! ബോധിച്ചാലും
ഭാഗ്യവതി ഗാന്ധാരിയവളുടെ
യോഗ്യത മറ്റാർക്കുള്ളൂ നിനച്ചാൽ
അല്ലേനമ്മുടെകുന്തികണക്കിനി-
യില്ലേനാളെയുമിങ്ങിനെപൂജാ
അല്ലേ പാണ്ഡമഹീപതിതന്നുടെ
വല്ലഭയെന്നിവളെന്നറിയേണം
പാതിരാജ്യത്തിന്നവകാശികൾ
ബോധിച്ചാലുംധർമ്മസുതാദികൾ
നാളെത്തന്നെപൂജതുടങ്ങും
നാമെല്ലാം പോയിടരുതിന്നു
കോളപ്പുറവും കോശ്യപ്പള്ളി
വാളക്കോടുംവള്ളിക്കാടും
കൂടെക്കേറിച്ചെന്നിട്ടിപ്പോൾ
കുന്തിയൊടും ചോദിച്ചറിയേണം
ആരെല്ലാം സദ്യയ്ക്കുശ്രമിപ്പാൻ
സംഘക്കാരരു നിന്നീടേണ്ടു
നാളെത്തന്നേയുണ്ടോയെന്നും
നല്ലപ്പോഴേയാവോയെന്നും
സൂപട്ടെത്രലഭിക്കുമിതെന്നും
ബോധിച്ചല്ലോ പോകണമെന്നും
അന്തണഭാഷിതമേവം കേട്ടഥ
ചിന്താപരവശയായിവണ്ണം
"നിനയ്ക്കിലിനിക്കല്ലോകണക്കുരാജ്യത്തിന്നു
ഇവൾക്കുകുട്ടിനീടെ കണക്കുള്ളവകാശം
കൊടുക്കുന്നതും തിന്നുകിടക്കേണ്ടവൾക്കിപ്പോൾ
അടക്കം നാടുമായി നമുക്കിപ്രകാരമായ്
വിധിക്കും നേരില്ലാതെയിരിക്കും കാലത്തിങ്കൽ
ഇരിക്കേക്കാളുംനല്ലമരിക്കസകലർക്കും;
ഭുജിക്കുംചെയ്തകർമ്മംമരിക്കും പിന്നെവന്നു
പിറക്കും മുന്നോക്കർമ്മം ഭുജിക്കുന്നിപ്രകാരം
വചിക്കുന്നതുംനേരായിരിക്കിലിനിക്കിതു
വരുവാൻസംഗതിയുംവരികയില്ലാഞ്ഞല്ലോ;
എന്തീശ്വര! ഞാൻ മുന്നേജ്ജന്മനി
ഹന്തമഹാപാപം ചെയ്തിട്ടോ
കാന്തൻമൃതനായിങ്ങനെയുള്ളൊരു
സന്താപങ്ങൾ ഭുജിച്ചീടുന്നു!
ഭർത്താവുള്ളന്നിങ്ങനെയൊരുവൻ
വൃത്താന്തംപോലും ചൊല്ലീടാ;
വൃദ്ധൻപൂർവജനുംപേടിക്കും
പൃഥ്വീപതികളുമെന്തുരചെയ് വൂ
ആവകയെന്തു പറഞ്ഞിട്ടിപ്പോൾ
ഈവിധമായ് വന്നതുവിധിവിഹിതം
ഹാ വിധിയോ മമ കർമ്മഫലംകിമു
ദൈവത്തിന്നുതകില്ലാതായോ?
ഈവിധമപവാദം കേട്ടാലി-
ജ്ജീവസുധാരണമെങ്ങിനെശിവശിവ!
നാരായണ! നരകാന്തകവിഷ്ണോ!
നീരദസന്നിഭവാരിജനാഭാ!
നേരിന്നാധാരം നീയല്ലാ.
താരും നഹിനരസിംഹശരീരം!
ഏകാദശിതിരുവോണം രോഹിണി
തിരുവാതിര കാർത്തികവ്രതമിങ്ങനെ
ശിവരാത്യാദികളുപവാസിച്ചതു
വിഫലമതായ്പോയോമുകിൽ വർണ്ണാ !
കരുണാകരകമലാവല്ലഭ!ജയ
ധരണീധരഭരണം സവേശം!
തിരുമലരടിയെന്യേമറ്റൊരു ഗതി
ഒരുവർക്കും നഹിസുരമുനിവന്ദ്യം
സ്രഷ്ടാസൃഷ്ടിപ്പതു നിൽകരുണാ
പുഷ്ട്യാതന്നെസന്ദേഹം നഹി
മട്ടലർശരവൈരിയുമിന്നിപ്പോൾ
മററല്ലെന്നുമഹത്തുകൾപറവൂ
ധൃഷ്ടതഭാവിച്ചമരേന്ദ്രൻദിവി
പുഷ്ടാടോപംമൌഢ്യതഭാവി-
ച്ചിട്ടുതെളിഞ്ഞീടുന്നതുനിന്നുടെ
പുഷ്ടകൃപാബലമല്ലോ പോറ്റി!
വിഡ്ഢിക്കുടവയറച്ചാർ കുബേരൻ
മൌഢ്യതയും നിൻതിരുവുളമത്രേ;
അന്തകനും തവകരുണാശക്ത്യാ
ഹന്തകഴിച്ചീടുന്നു നിതാന്തം,
എന്തീ കുന്തിപിഴച്ചതുനിന്നൊടു
ചെന്താമരനയനാനരകാരേ!
അവളുടെമക്കളുമെന്നുടെ മക്കളു-
മവകാശംകൊണ്ടൊരുപോലിവിടെ
ഇവരുടെ അച്ഛൻമൃതനായതിനാൽ
അഹമിതിപിടിയാത്തവളായ് വന്നു;
അതിബാലന്മാർമിറികിൻമുട്ടക-
ളവരുടെ ഭാഗ്യം പോരായ്കത്രേ;
അവനീശൻമൃതനായതിനെന്തിനു
പഴുതേഞാൻദുഃഖിച്ചീടുന്നു;
മായാമാനുഷനാകിയകൃഷ്ണൻ
ആയവനുടെകൃപയുണ്ടെന്നാകിൽ
ആയതുസാധിപ്പാൻ ഞാനോമതി –
യായേക്കാമിക്കാലംതന്നെ;
പണവുംഭണ്ഡാരംകരികോലം
പടയും നാടും പാടെയവക്കായ്;
ഒടികടമാടവുമോട്ടപ്പാത്രവു-
മുടുതുണിപഴയതുമായിനമുക്ക്
കൊട്ടണമുണ്ടോട്ടെപാണ്ഡവരും
കൊട്ടണമതുവേണ്ടായെന്നാലും
ഇഷ്ടം ദുര്യോധനനുറുങ്ങരി
എട്ടുനുറുങ്ങയവയ്ക്കേ വേണ്ടു
കൊട്ടുവതിന്നിമ്മക്കളെയെല്ലാം
യഷ്ടിയുമായിനടക്കും ശകുനി;
വിദുരരുഗംഗാദത്തനുമൊഴികെ
വിരുദ്ധക്കാറേയുള്ളിവിടത്തിൽ
ഒരുവരുമില്ലനമുക്കെന്നായി
അരുമയിതെന്നിവിടെസ്സാധിപ്പാൻ
ഇത്തിരിയെല്ലാമുണ്ടു നമുക്ക-
പ്പൊന്നുംപൊടിയുമെടുപ്പാനിന്നും
കിംഫലമിതുസാധിപ്പാൻഞാനും
എൻപിള്ളകളും മതിയാകാതായ്
ശരണാഗതവത്സല! ജയശൗരേ
ശാർങ് ഗായുധശാശ്വതഗോവിന്ദ!
എൻമക്കൾക്കാധാരം മറ്റി-
ലിമ്മഹിയിങ്കലിതതിനിതതൊഴുതേൻ.
നിനച്ചീവണ്ണം ചിന്തിച്ചഴുതുകുന്തിയപ്പോൾ
ഗമിച്ചുധർമ്മജനുംഅനുജന്മാരുമായി
എടുത്തുഭീമനൊരുകരത്തിൽ ചോറുമന്യ-
കരത്തിൽപ്രഥമനും കലത്തിൽപകർന്നിട്ടു
കുടത്തിൽ ദധിതൂക്കിഎടുത്തുകിരീടിയും
എടുത്തു മാദ്രിജരുംകരത്തിലിവമറ്റും
നിരത്തിവെച്ചമ്മയെ വിളിച്ചുമ്മാനായപ്പോൾ
മരുത്തിൻമകനതികരുത്തനായഭീമൻ
അമ്മേ! അമ്മേ!വന്നാലും തവ
ഉമ്മാനെന്തേവൈകിക്കുന്നു?
ചെമ്മേചോറും കറികളുമെല്ലാം
ചേലൊടുകൊണ്ടന്നിട്ടുണ്ടല്ലോ,
ഉമ്മിണിയല്ലമ്മേപരമാന്നം
തിമ്മാൻപട്ടർവിളമ്പുകമൂലം
അമ്മേയുണ്മാൻവരുവാറായെ
ന്നമ്മാരുതതനയൻപറയുമ്പോൾ
അമ്മാൻമിഴിയാളാകിയ കുന്തിയു-
മശ്രുപൊഴിച്ചഥമൂക്കുപിഴിഞ്ഞു
അമ്മുഴുമതിമുഖവുംബന്ധൂകം
ചെമ്മേകുമ്പിടുമധരോഷ്ഠങ്ങളു-
മാച്ഛാദിച്ചിതുകരകമലത്താൽ
ദീർഘശ്വാസത്തോടുംകൂടെ
അമ്മേയിവണ്ണംകണ്ടപ്പോൾ
അന്തകസുതനും ചിന്തതുടങ്ങി
അന്നേരം ഭീമനുമർജ്ജുനനും
ആദരവോടുപറഞ്ഞാനേവം:
"എന്താണമ്മയുംജ്യേഷ്ഠനുമിങ്ങനെ
ഹന്തതുടങ്ങീടുന്നതുകഷ്ടം!
അയുതഗജാധികബലവാനായ് ഞാ-
നനുജനുമായിങ്ങനെജീവിക്കിൽ
അവരിലുമധികമെശസ്സൊടുവാഴുവ-
നച്ഛൻപാണ്ഡുനൃപാധിപനാണ
അച്ഛന്റേകാലത്തിൽ സുബലജ.
യിച്ഛകളൊന്നു സാധിച്ചീലം
ആശ്രിതഭാവവുമുണ്ടായില്ല-
ന്നയശസ്സുകൾ കേൾപ്പാറായില്ല
അച്ഛൻസ്വർഗ്ഗതനായെന്നാലു
മനുഗ്രഹമുണ്ടെന്നാലീഞങ്ങൾ
അച്ഛൻപാതിക്കവകാശിക
ളിജ്ജനമെന്നതുസംശയമില്ല;
തുച്ഛന്മാർക്കതൊഴിഞ്ഞുകൊടുപ്പാ –
നിജ്ജന്മംമൂളകയില്ലിഹഞാൻ;
അച്ഛന്റെ ശീലം നന്നല്ലോ
അജ്ജന്തുഗാന്ധാരിവഷള്
ഇച്ഛിച്ചതു സാധിക്കട്ടിപ്പോ
ളിജ്ജനമിശ്ശിപ്രായം വരുവോളം
നൂറിനെയും കൊട്ടിക്കൊന്നെന്റെ
ഊറ്റമതാംകരകരശനതീർത്തു
കാറ്റിന്മകനാം ഞാനും ജേഷ്ഠനെ
വെറ്റിയൊടേരാജ്യം വാഴിപ്പൻ!
കൊറ്റവനന്ധൻ മുതുപ്രാണിയെനാം
കൊല്ലേണ്ടാ അതുമാനവിരോധം
ഇല്ലൊരു കഥയിന്നവനാലേതും
സൊല്ലയുമില്ലൊരെടത്തുകിടക്കും;
കറ്റണികുഴൽഗാന്ധാരിയെയിന്നൊരു
പറ്റു കുടിപ്പിച്ചീടുകയില്ലാ
കൊറ്റിനുമുട്ടിപ്പട്ടിണിയിട്ടു
ദുഷ്ടതയെന്നുനിനച്ചുകരഞ്ഞേ
തുഷ്ടിവരൂമമചിത്തതയെന്നതു
ജ്യേഷ്ഠനുമമ്മയുംബോധിച്ചാലും''
ഹരിസമഭുജബലവിക്രമിയാകിയ
ഹരിസുതഗിരമിതുകേട്ടദശായാം
ഹരിഹരവിക്രമിയാകിയപാർത്ഥൻ.
ഹരിഹരസൂനുവുരത്താനേവം.
“ഒടുക്കി നൂറ്റുപേരെ അടക്കം രാജ്യം വാഴ്വാൻ
മിടുക്കില്ലാഞ്ഞിട്ടല്ലേകിടക്കുന്നീവണ്ണം
നാം അടിക്കീഴ്പൊടിയേറ്റുകിടക്കുന്നെന്നഭാവം
നടിക്കുമവരിപ്പോൾക്ഷമിക്കകുറഞ്ഞൊന്നു
അടൽക്കുയോഗമെത്തി അടല്ക്കളത്തിലെത്തി
അടുക്കുന്നേരം കാട്ടിക്കൊടുപ്പൻ ഭുജബലം;
മുടിച്ച കള്ളന്മാരെ മുടിച്ചു ചിലരുടെ
മുടിക്കു ഭംഗമേറ്റിപ്പിടിച്ചുകെട്ടിനന്നാ –
യടിച്ചുകൊല്ലുവാനുമസഹ്യമഗ്രജനും
പടുത്വമോടുഞാനും മുടിപ്പൻ രിപുക്കളെ"
മക്കളുടെഗിരമേവം കേട്ടുകുന്തിതാനും
ചിക്കനെമോദാശ്രുപൊഴിച്ചുൾക്കനിവിനോടെ-
ദുഃഖവുമടക്കിച്ചെന്നുതൃക്കൈകൾകൊണ്ടപ്പോൾ
മക്കളെയനുഗ്രഹിച്ചുഗൽഗദവണ്ണേന !
ദുഃഖകാരണങ്ങളൊക്കെ അക്കരി നടയാൾ
തൽക്ഷണംചൊന്നതുകേട്ടഫൽഗുനനും ചൊന്നാൻ
"ധിക്കരിച്ചപൂജയിതുദുഷ്കരമിതല്ലോ.
മുഷ്ക്കരമായൊരുകർമ്മംമമ്മബോധിക്കേണം
അക്കരീശനെയിവിടെയിക്കിരീടികൊണ്ട-
ന്നിക്രിയകഴിപ്പനഹംമദ്ഗിരീശനാണ
പുഷ്കരലോചനനുടെഉൾക്കൃപയാൽവ്യോമ-
പുഷ്കരചാരികളോടും ശുക്രനെവരുത്തി
സ്വർഗ്ഗവിലാസിനികളാലിഗ്ഗൃഹമലംകൃ-
ത്യാഗ്രഭുക്കുകൾക്കമൃതഭുക്കുകളെയാക്കി-
സ്വർഗ്ഗവാസികളെക്കൊണ്ടുഭുക്തവുമുണ്ടാക്കി-
ച്ചിഗ് ഗൃഹേകഴിപ്പൻസദ്യഇക്കിരീടിനാളെ;
അച്ഛനമരേശൻപാണ്ഡുവാകുമച്ഛനോടും
ഇച്ഛയിൽ വന്നിവിടിരുന്നിജ്ജനവുമായി
മജ്ജനഭോജനനിദ്രാസക്തരായിമോദാൽ
മാനമോടും ഐരാവതപൂജകഴിപ്പിച്ചു
വേണ്ടുവോളംധനം വാരിക്കോരി വിപ്രന്മാർക്കും -
കൊണ്ടുപോവാൻ കൊടുപ്പിപ്പാനൊണ്ടിനിക്കുശക്തി
ശണ്ഠികൾമണ്ണുകൊണ്ടുള്ളോരാനയല്ലോപൂജി-
ച്ചണ്ടർകോനേയും ആനയുമിങ്ങുവരുത്തീട്ടു
രണ്ടുനാലുദിനം കഴിയുന്നതിനുമുമ്പേ
ഇണ്ടലെന്യേസാധിപ്പൻഞാൻകണ്ടുകൊൾകെന്റമ്മേ
ഉണ്ടുകൊണ്ടാലുമിതുകൊണ്ടുണ്ടാകേണ്ടതാപം
കുണ്ഠതകൈവെടികമ്മേ! ദണ്ഡനമസ്കാരം
ഫൽഗുനഗിരമിവണ്ണം കേട്ടുകുന്തിതാനും
ഫൽഗുപരിതാപയായിസൽഗുണിനിവേഗാൽ
ഭക്ഷ്യം ഭോജ്യഖാദ്യപേയാദ്യങ്ങളെല്ലാമൻപാൽ
ഭക്ഷണംശിക്ഷയിൽത്തന്നെതദ്ദിനംകഴിച്ചു;
ദക്ഷനാമർജ്ജുനൻ സഹസ്രാക്ഷനായിക്കൊണ്ടു.
ശിക്ഷയിലൊരുസന്ദേശപത്രികഎഴുതി
തൽക്ഷണമൊരമ്പുംകോലേലെക്കുട്ടിവില്ലും പൂട്ടിത്തൊടു
ത്തിക്ഷിതിയിൽ നിന്നുമേൽഭാഗത്തയച്ചരുളി.
ബാണവുമന്നേരംജഗൽ പ്രാണ വേഗംഗമിച്ചുഗീർ -
വാണലോകംപ്രവേശിച്ചനേരമമരാധിപനും
ഊണുമെല്ലാങ്കഴിച്ചുടനേണശാബാക്ഷികളോടു
വേണുവിളിച്ചീടുകയുംവീണവായിച്ചീടുകയും
തിത്തിയിൽ സ്വരം വിളിക്കമദ്ദളക്കാരൊത്തുകയും
നർത്തകീജനംവിവിധനർത്തന കൌതുകത്തോടും
ഉത്തമനാംനാരദനുംതുംബുരുവുംകയ്പിടിച്ചു
രുദ്രവീണതംബുരു തോളത്തുവച്ചതികുതുകം
ക്രത്തുകണ്ടുരസിച്ചുംമൂർദ്ധാവുകൊണ്ടുസമ്മാനിച്ചും
തത്രമദ്ധ്യേമദ്ധ്യേസൂത്രാമാവിനെനോക്കിച്ചിരിച്ചും
വൃത്രവൈരിതാനുമേറ്റം സുപ്രമോദം കലർന്നതി
സ്വസ്ഥനായിസിംഹാസനേഇത്തിരിനേരമിരുന്നു
പുത്രനാമർജ്ജുനനെയ്തൊരസ്ത്രവും പത്രികയുമായ്
സൂത്രാമാവിന്റെമടിയിൽവന്നിരുന്നനേരം
ചിത്രമിതെന്തെന്നുതന്റെതൃക്കരങ്ങൾകൊണ്ടെടുത്തു
പത്രികനോക്കിവായിച്ചു വാചകവുംധരിച്ചേവം
പുത്രവാത്സല്യാതിരേകാലെത്രയുംമുഖത്തുകാട്ടി
പത്രികമാർവത്തണച്ചുനിസ്തുല കൌതുകത്തോടും
പുഞ്ചിരിതൂകിമഹേന്ദ്രനുമപ്പോൾ
കഞ്ജഭവാത്മജനോടിദമരുളി
ഹേ ഹേ! നാരദർ വരികരികേയി-
സ്സാധനമധുനാവായിച്ചാലും!
ഊർവശ്യാദികളിശ്ശിയിരിപ്പിൻ
ഇശ്ശിയിരിപ്പിൻ വാദ്യക്കാരും;
അപ്പോൾ നാരദനമരാധിപനൊടു
പത്രികവാങ്ങിയുടൻ വായിച്ചു,
"അഗ്രജനായജയന്തൻവായി-
ച്ചച്ഛനെയറിയിക്കേണ്ടുമവസ്ഥ
സുബലസുതാതനയന്മാരിപ്പോൾ
പ്രബലംവിദ്യാഭ്യാസേവരുവാൻ
പ്രബലകരീശ്വരപൂജകഴിച്ചു
പ്രബലതയവിടെകാട്ടീതവരും;
ഉത്സവഘോഷമിവണ്ണം തന്നെ
ഉർവിയിലെങ്ങും കേട്ടിട്ടില്ല,
കുത്സയതിന്നുണ്ടായിട്ടില്ലതി
ദുസ്സഹമായവന്നിതുഞങ്ങൾക്കും;
സദ്യകഴിഞ്ഞാ ഭുസുരവരരും
സദ്യോഞങ്ങടെപടിയേപോമ്പോൾ
പരിഹാസോക്തികളിഹവിപ്രന്മാർ
പഥിവിവരിച്ചുനടന്നാരേവം:
"കുന്തികണക്കിനിയുണ്ടേനാളേ
ദന്തീശ്വരപൂജാഭുസുരരേ!
ഹന്തപണംവിംശതികിട്ടീടും
പന്തിയിതിനില്ലെന്നും കേചിൽ
ഹന്തനൃപൻമൃതനാകാഞ്ഞെങ്കിൽ
അങ്ങിനെതന്നെസംശയമില്ല;
ഇത്ഥം മാർഗ്ഗികൾ പറയുന്നതുകേ -
ട്ടുൾത്താപം ജനനിക്കുംജ്യേഷ്ഠനും
അക്കാര്യത്തിന്നച്ഛൻതന്നെ
അമരവരന്മാരേയും കൂട്ടി
അക്കരിവരനെയുമിങ്ങുവരുത്തി-
ട്ടിജ്ജപമാശുതുടങ്ങിക്കേണം;
പിന്നെവിശേഷിച്ചും താമസിയാ
തൊന്നിനുപേക്ഷവരാതേകണ്ടു
വന്നീടണമച്ഛൻതന്നെയി
തൊന്നൊഴിയാതെവഹിപ്പിക്കേണം;
ഇപ്പടികൈയെഴുതിയയയ്പമ്പാൽ
ഇന്ദുകുലേശൻ പാർത്ഥനെഴുത്തു്"
കുറിവാചകമതുകേട്ടമരേശൻ
കുറവിയലാതൊരുപ്രണയത്തോടും
മറുവാചകമുരചെയ്യാതേതൻ
മന്ത്രികളോടിദമരുളിച്ചെയ്തു:
"എല്ലാരും കേട്ടല്ലോയിതുകൊ-
ണ്ടെങ്ങിനെവേണ്ടുവെന്നതുപറവിൻ
ചെല്ലാഞ്ഞാലുണ്ടേപോരായ്മകൾ
ചെന്നാലും പുനരങ്ങിനെതന്നെ;
എല്ലാരും കൂടിക്ലേശിച്ചു
ചൊല്ലണമെങ്ങിനെവേണ്ടുവതെന്നും''
അമരാധിപഗിരമേവംകേട്ടി-
ട്ടമരന്മാരും ചിന്തിച്ചേവം
കുമതികൾ പലർകൂടിക്കൊണ്ടിന്ദ്രനെ
നമനം ചെയ്തീവണ്ണമുരത്താർ:
"ഇന്ദ്രാണീവല്ലഭ ദേവേന്ദ്ര
വന്ദാരോർമന്ദാരം!ജയജയ!
സന്ദേശത്തിൽകണ്ടൊരു കാര്യം
സന്ദേഹം തന്നെയാകുന്നു
തന്ദേശം ഗന്തും നഹിയോഗ്യം
മന്ദേശന്മാരല്ലല്ലോനാം;
വൃന്ദാരാധിപ ! നമ്മളിലാരാ –
നിന്നേതിൽകീഴിൽ ഭൂലോകേ
ചെന്നൊരു മർത്ത്യനുമായിസ്സഖ്യം
വന്നിട്ടില്ലതുബോധിച്ചാലും;
ഇന്ദ്രന്മാർ പലരുണ്ടായിവിടെ
അന്നിങ്ങിനെയിതുകേട്ടിട്ടില്ല”
എന്നമരന്മാർചൊന്നതുകേട്ടി-
ട്ടിന്ദ്രനുമരുളിച്ചെയ്താനപ്പോൾ
"എന്നല്ലുത്തരകോസലമായൊ –
രയോദ്ധ്യാവാസികളാകും നൃപരൊടു
വൃന്ദാരകനാഥന്മാർസഖ്യമി
രുന്നാവഴിപലതും പറയാമേ
അതുമിതുമെന്തിനുപറയുന്നിങ്ങിനെ
ഇതുകൊണ്ടിപ്പോൾവന്നതുപറവിൻ'
അതുകേട്ടവർപിന്നെയുമുരചെയ്തു.
"ഇതുങ്ങൾക്കൊട്ടുംചേർന്നില്ല;[1]
കണ്ടവരുടെകുറികണ്ടീടുമ്പോൾ
മണ്ടീടത്തക്കവരല്ലല്ലോ
അണ്ടർപുരാനങ്ങുന്നെന്തിങ്ങനെ
ചെണ്ടത്തരമായിട്ടുതുടങ്ങി?
പണ്ടേയീകല്പനകൾക്കല്ലാ-
തൊണ്ടേ ഞങ്ങൾക്കൊന്നിൽ കാര്യം
കല്പിക്കുന്നതുകേൾക്കാമിന്നും
കല്പിക്കുംവേലകളും ചെയ്യാം;
കല്പിച്ചൊരുകാര്യത്തിന്നിപ്പോൾ
ഇപ്പടിയെന്നേതോന്നുന്നുള്ളു’’
എന്നമരന്മാർചൊന്നതുകേട്ടു
മന്ദസ്മിതമൊടുശചിയും ചൊന്നാൾ;
വല്ലായ്മകൾ പറയായ് വിൻ നിങ്ങൾ
വല്ലായ്മക്കാരായ് വന്നിടും
സ്വർലോകാധിപനുടെ അന്തർഗ്ഗത-
മല്ലോയിക്കുറിവന്നതുമിവിടെ;
എല്ലാരും വിപരീതിച്ചാലും
വല്ലഭനിതിനായങ്ങുഗമിക്കും ;
കുന്തീ 'കുന്തി'യെന്നു നിശായാം
ഹന്ത! കിനാവിൽവിളിച്ചീടുന്നു.
എന്തെന്നതുഞാൻ ചെവിപാർത്തപ്പോൾ
എന്തൊരു പുതുമകൾപറയാവല്ലേ
എല്ലാംകൊണ്ടും പോകേയാവൂ
അല്ലാഞ്ഞാലമരേശൻമരണം
വല്ലാതെപ്രാപിക്കും നമ്മൾ-
ക്കെല്ലാർക്കും സങ്കടമുണ്ടാമേ!
പണ്ടുണ്ടായിന്ദ്രന്മാർക്കാർക്കാ -
നങ്ങിളയിൽകാമിനിമാരാരാ -
നുണ്ടായിട്ട് മിണ്ടേണ്ടചില
ശണ്ഠകളുണ്ടാമതുകൊണ്ടിവിടെ
' ഇങ്ങനെശചിയുരചെയ്തതുകേട്ടി-
ട്ടിന്ദ്രനുമവരോടരുളിച്ചെയ്തു:
"ഇന്നിതുനിങ്ങൾക്കെല്ലാപേർക്കും
ചേർന്നതിനിക്കുംചേർന്നെന്നറിക,
എന്നാൽ പോകുന്നില്ലെന്നപ്പോൾ
ഇന്ദ്രാദികൾ പറയുന്നതു കേട്ടു
മന്ദസ്മിതമൊടുനാരദമുനിയും
മന്ദേതരമവിടുന്നു നടന്നു;
ഇന്നെന്തൊരു കലശൽ കൂട്ടേണ്ടൂ ഞാ-
നിന്ദ്രനുമർജ്ജുനനും തങ്ങളിലൊരു
ശണ്ഠകുറഞ്ഞൊന്നുണ്ടാവാനൊരു
സംഗതിയുണ്ടാമോഎന്നിങ്ങനെ
ചിന്തപൊറാഞ്ഞുടനേ നാരദനും
കുന്തീസുതരെക്കാണ്മതിനായി
ഹസ്തിനപുരമതിലസ്തായാസം
യുദ്ധകുതൂഹലിചെന്നാനപ്പോൾ
കൊക്കരവീണയുമക്കരതാരിൽ
ഉൾക്കമലേഹരിപാദസ്മൃതിയും
തെക്കുവടക്കിടയിടനോക്കുകയും
കൊക്കുകണക്കുഗളം നീട്ടുകയും
മൌക്തികമണിനിഭദന്തപ്രഭയും
മുക്തസ്ഫടികശരീരപ്രഭയും
അർക്കാഭാജിതമായികിരീടേ
വിഭ്രന്മരതകമണിയുടെ പ്രഭയും
തിക്കിത്തള്ളിയടുത്തുവരുന്നതു
ശിവശിവ!കുതുകംപറയാവല്ലേ
ഏണാങ്കാന്വയജാതന്മാരും
വീണാപാണിയെയിങ്ങനെകണ്ടു
വീണാദരവിൽ കൂപ്പിനിവർന്നു
പേണിപ്പയസാകാൽകഴുകിച്ചു;
പ്രീണിച്ചു തത്തീർത്ഥവുമാടി
അർഘ്യാദികളാമുപചാരത്താൽ
അർക്കാത്മജസുതനാദരവോടെ
അക്കമലോത്ഭവസുതനെപ്പൂജി-
ച്ചുൾകൃപയോടരുൾചെയ്തീവണ്ണം:
"ഇന്ദീവരസുന്ദരനയനകഥാ-
നന്ദാമൃതപാനാനന്ദാത്മൻ
വന്ദേതവചരണാംബുജയുഗളം
വന്ദാരോർമ്മന്ദാര!മുനീന്ദ്ര!
എന്തിപ്പോളിവിടേനിന്തിരുവടി
ചെന്താർമലരടികൊണ്ടിഹഞങ്ങടെ
മന്ദിരമൊക്കെയലംകൃതമാക്കിയ-
തന്തർമ്മോദാലരുളീടേണം;
സ്വർഗ്ഗാവനിപാതാളങ്ങളിലെ-
ന്തിക്കാലത്തൊരു പുതുമകളുള്ളു?
നിഷ്കൈതവമരുളീടുകിൽ ഞങ്ങൾ
ക്കാഗ്രഹമേറീടുന്നതുകേൾപ്പാൻ''
ധർമ്മജനുടെ ഗിരമേവംകേട്ടു
നിർമ്മലമാനസനാകിയമുനിയും
അമ്മഹിപാലകബാലകമൂർദ്ധനി
ചെമ്മേതൃക്കൈവച്ചരുൾ ചെയ്തു
സ്വസ്ത്യസ്തുയുഷ്മാകം സുഖസം -
സിദ്ധിർഭവതുസുരൈന്ദ്രം സരസം"
അനുഗ്രഹിച്ചവരെമുനിപ്രവരനിത്ഥം
കുലുക്കിജ്ജട,മുടിചെറുപുഞ്ചിരിപൂണ്ടു
അനുത്തമപ്രയുക്തംവചിച്ചുനൃപനോടു
നിനച്ചുദേവാദികളുറച്ചകാര്യമെല്ലാം.
“ഇന്ദുവംശാംകുരന്മാരേ ഇന്നുഞാൻ വൈകുണ്ഠേ
നിന്നുവേഗാലമരേന്ദ്രസന്നിധിയിൽവന്നു
സുന്ദരിമാരോടുമുമ്പർനായകനും തന്റെ
മന്ദിരനികടേയാടിക്കൂടിയിരിക്കുമ്പോൾ
അസ്ത്രവും പത്രികയുമായ്ഗോത്രഭിത്തിന്റങ്കേ
മാത്രയും താമസിക്കാതെവന്നിരുന്നനേരം
വൃത്രവൈരിതാനതെടുത്താദരവോടെന്റെ
ഹസ്തേതന്നുഞാനതുവയിച്ചറിയിച്ചാറെ
സത്രഭുക്കുകളുമായിത്തത്രനിരൂപിച്ചു
ഇപ്പടയ്ക്കമ്പായ് വരികയില്ലയെന്നുറച്ചു;
ഇപ്പടിധരിച്ചവിടുന്നപ്പൊഴേ പുറപ്പെ-
ട്ടിപ്പുരിയിൽ വന്നുവിരയെപ്പറവതിന്നായ്
ഓലയെഴുതിയയച്ചകാരിയത്തിന്നിന്ദ്രൻ
നാളെ വരുമെന്നു ഭവിച്ചിങ്ങിരിക്കവേണ്ട
ആളുമമ്പും കണ്ടു പേടിക്കേണ്ടവനല്ലിന്ദ്രൻ
വ്രീളയാമിക്കുറിയിലെവാചകങ്ങൾകേട്ടു
ഇത്ഥമോരോ ഭർത്സനവുംകുത്സയായഗീരും
സൂത്രാമാവും കൂടിക്കൊണ്ടിട്ടത്രിദശന്മാരും
വത്സനെന്നഗീരുകേട്ടുമത്സരിച്ചിന്ദ്രാണീ
കുത്സയുരചെയ്തതൊന്നും ഹന്തപറയാമോ
ആയവസ്ഥകണ്ടും കേട്ടും ഞാനുമതിൽകൂടി
ആയബദ്ധന്മാർ പറഞ്ഞതാകവേധരിച്ചു
ആയവസ്ഥനിങ്ങളോടുബോധിപ്പിപ്പാനായി
മായഹീനം ഞാനിവിടെവന്നതുനരേന്ദ്ര!
ആയതിനെന്തിനിവേണ്ടു എന്നുനിരൂപിച്ചി -
ട്ടായുധപാണികൾ നിങ്ങളൈവരുമുറയ്ക്കു്’’’
നാരദഗിരമതുകേട്ടദശായാം
നലമൊടുധമ്മാത്മജനുരചെയ്യൂ:
"ഞാനൊരു പന്തീരാണ്ടേക്കിന്ദ്രനെ
നലമൊടു സേവിച്ചിടുന്നാകിൽ
നഹി സംശയമിവിടേയ്ക്കു വരുത്തി
ഞാനീക്കർമ്മം സാധിക്കുന്നേൻ
ഇത്ഥംധർമ്മജഗീരുകൾകേട്ടതി-
ബദ്ധാടോപംമാരുതതനയൻ
ക്രൂദ്ധിച്ചഗ്നിയിൽ വരുമൂർമ്മികളെ
സ്തംഭിച്ചദ്ധാലജ്ജിപ്പിക്കും
ക്രുദ്ധിതഭാവം കാട്ടിദൃഷ്ടികൾ
വട്ടത്തിൽ ചുറ്റിച്ചരുൾചെയ്തു:
"മത്തേഭത്തലവന്മാർതങ്ങടെ
മസ്തകമസ്തായാസമടിച്ചു
ഭിത്ത്വാരക്തം പാനം ചെയ്തതി
ക്രൂദ്ധിച്ചലറും കേസരിതന്നുടെ
മസ്തകപാടപടുവാം മൽഗദ -
ഹസ്തേധൃത്വാ ഞാൻ സുരലോകേ
ഗത്വാതത്രസ്ഥാമമരാവതി
സൂത്രാമ്ണാമൈരാവതസഹിതം
ഹൃത്വാത്രാനേതുംശക്തോഹം
തത്രഗമിപ്പതുമാത്രമസാദ്ധ്യം
എന്നെയെടുത്താരാനും വാസവ-
വാസേവെച്ചേച്ചുഎന്നാകിൽ
ഇന്ദ്രൻതന്നെക്കൊണ്ടിക്കാര്യം
ഇന്നേദ്ദിവസം സാധിക്കുംഞാൻ;
'' അന്തകമാരുതനന്ദനഗീരുക-
ളന്തസ്സാരവിഹീനമിവണ്ണം
കൗന്തേയൻവിജയൻകേട്ടുടനേ
അന്തസ്സാരസമേതൻചൊന്നാൻ:
“ക്ഷമിക്കകുറഞ്ഞൊന്നുവരുത്തുന്നൊണ്ടിന്ദ്രനെ
ഒരിക്കലിനിച്ചെന്നുപറകനാരദനും
ചതുർദ്ദന്തിയേയുംകൊണ്ടിവിടെവന്നിക്രിയ
തരത്തിൽക്കഴിപ്പിക്കതരമെന്നറിഞ്ഞാലും
കരുത്തനാകുമെന്റെ ഉരത്തബാണം കൊണ്ടു
കരുത്തു കേടുനന്നായ്വരുത്തുമമരരെ
കനക്കേടുകൾ വരും മരുത്ത്വാനതുനേരം
ഇനിക്കൊണ്ടപമാനം കനക്കെയതുകൊണ്ട്
തന്നത്താനറിയാതൊരുഡംഭുകൾ
നന്നല്ലെന്നു പറഞ്ഞേച്ചാലും!
തന്നത്താനറിയാഞ്ഞാലുടനെ
പിന്നെത്താനറിയും പുനരെന്നും
ഇന്നത്തേതും മുന്നത്തേതും
പിന്നത്തേതും ചിന്തിക്കേണം;
ഇന്നത്തേദിവസംതന്നെചെ -
ന്നിന്ദ്രനൊടിങ്ങനെബോധിപ്പിക്ക;"
എന്നർജ്ജുനനുരചെയ്തതുകേട്ടു
മന്ദസ്മിതമൊടുനാരദമുനിയും
മന്ദേതരമാശ്ശിസ്സുംചൊല്ലി
മംഗലധാമാവരുളിച്ചെയ്തു:
"ഇന്നീവണ്ണം ചെന്നുപറഞ്ഞാ-
ലിന്ദ്രൻബഹുമാനിച്ചുവെങ്കിൽ
വന്നീടുവനഹമിന്നേതന്നപ-
മാന്യതയാകിലതന്യേതന്നെ;
എന്നുപറഞ്ഞമരാലയഗതനായ്
ഇന്ദീവരസുതസുതനാംമുനിയും;
ഒന്നൊഴിയാതമരേന്ദ്രനെയർജ്ജുന
സന്ദേശങ്ങളുണർത്തിച്ചരുളി
ഒന്നുംമിണ്ടീലാവാസവനും
നിന്നുകുറഞ്ഞോന്നവിടെമുനീന്ദ്രൻ.
അക്കഥയവിടെയിരിക്കട്ടേപുന-
രർജ്ജുനനദ്ദിനമിംഗിതമോടും
നിർജ്ജരനിശ്ചയമറിയണമെന്നതി
നിശ്ചലനായിവസിച്ചുഗംഭീരൻ;
പിറേറന്നാളെതിരേഫൽഗുനനും
തെറ്റന്നഥനിയമങ്ങൾ കഴിച്ചു
ഊറ്റമതായൊരു വില്ലുകുലച്ചഥ
കാറ്റിൻജവളിതബാണവരങ്ങളെ
മുറ്റുന്തെളികടയിച്ചുവെളുപ്പി-
ച്ചറ്റംകൂടാതുള്ളൊരുവഴിയിൽ
ഒറ്റാൽകുത്തും പോലേതന്നെ
ചുറ്റുംകുത്തിനിറുത്തികിരീടി;
വെറ്റിയൊടേതലകോർത്തുവലിച്ചഥ
ചുറ്റിക്കെട്ടിമുറുക്കിതദാനീം
നെറ്റിപ്പട്ടം പൊൻതകടാലൊരു
കുറ്റംകൂടാതുള്ളതുകെട്ടി,
മറ്റുംചട്ടകൾതോൽമെത്തകളും
മംഗലധാമാഭംഗീകൃത്വാ
തെറ്റെന്നഥ ചെറുഞാണൊലിയിട്ടുട
നൊറ്റക്കൊമ്പന്നായിക്കൊണ്ടു
ബാണവരം ചെവികഴിയെ വലിച്ചു
പിന്നെയൊരസ്ത്രം ഭൂമിയിലെയ്തു
ഗുരുഭൂതന്മാരെയുമപിതന്നുടെ
ഭരദേവതമാരെയുമപിചിന്തി-
ച്ചുരുരതരശൗര്യപ്രകടിതധാമാ
വരശരനിരസുരവരലോകത്തിൽ
തെരുതെരെയങ്ങനെ വർഷിക്കുന്നതു
കരിമുകിൽ നിരപെരുവരിഷം പോലെ
അഭ്രസ്തംഭ്രമദഭ്രംക്ഷിപ്രം
ശ്വഭ്രപ്രായോജന്യാഥഭ്രമു
വഭ്രതിവജ്റധ്വനിവിഭ്രമമൊടു
തൽപ്രതിമാർജ്ജുനസിംഹദ്ധ്വനിഭിഃ
ക്ഷിപ്രം ബ്രഹ്മാണ്ഡങ്ങളുമിളകി,
അഭ്രമുവല്ലഭനുൾഭ്രമമുൾക്കൊണ്ട -
ഭ്രതലേപരവശനായ് മണ്ടി
നിഭൃതേതരചെറുഞാണൊലികൊണ്ടും
നിർഭരകുതുകം ഘുമുഘുമുനിനദം
കിമിദമിതിസ്മൃതിചേർന്നമരകളും
സമരകുതൂഹലിനാരദമുനിയും
ഭ്രമമൊടു കീഴ്പോട്ടഥനോക്കുമ്പോൾ
ഭ്രമണശരാവലിവന്നുതുടങ്ങി,
അമരാധിപനും നാടകശാലയി-
ലമിതാഭോഗമികുന്നീടുമ്പോൾ
ധിമിനെന്നോരോപത്രികളാലേ
സദനസ്തംഭക്ഷോഭംകൊണ്ടു
കടച്ചിത്തൂണുകൾക്കുകടുക്കെന്നമ്പുകൊണ്ടു
നടുക്കംപൂണ്ടു പാരംനടുക്കമായിന്ദ്രനും
കടക്കങ്ങകത്തോട്ടുഅടയ്ക്കുവാതിലൊക്കെ
മിടുക്കന്മാരെങ്ങുപോയ്ത്തടുക്കകുമയെന്നു
മിടുക്കുള്ളവരോടീയവസ്ഥമുന്നേചൊന്നേൻ
തടുക്കാമെങ്കിലമ്പൂതടുപ്പിൻകയ്യന്മാരെ!
ഒടുക്കമിതുവരും നമുക്കെന്നതു ഞാന-
ന്നുരച്ചതന്നുചെമ്മേനിരസിച്ചിതുമിവർ
മടക്കിവാക്കാലെന്നെത്തടസ്സംചെയ്കകൊണ്ടു -
മുടിക്കുമിപ്പോഴെന്റെമിടുക്കനായമകൻ
അടക്കാമമരരെ അതിനുകില്ലില്ലേതും
ഇതിത്രിദശരോടെ വചിച്ചീടുന്നനേരം
പതത്രീപതിയാകയാലടച്ചുകതകുകൾ
അമരന്മാർക്കെല്ലാർക്കുംശരനിര
ധിമിധിമിനെന്നിടകൊണ്ടുതുടങ്ങി
വരുണാസ്ത്രം ചെന്നഗ്നിക്കേറ്റു
പരവശനായതുകൊണ്ടുജ്വലനൻ
പൊരുപൊരയങ്ങു പൊരിഞ്ഞഥമങ്ങി
പരവശനായഥ പാഞ്ഞുനടന്നു
അന്തകനുടെ ദംഷ്ട്രത്തിനുകൊണ്ടു
ഹന്തപിശാചകബാണംതരസാ ,
എന്തൊരു കുതുകം ചുണ്ടു ചതഞ്ഞൂ
സന്താപത്തോടുചോരയൊലിച്ചു
നീലമഹാമലയുടെമുകളീന്നഥ
കോലാഹലമൊടുമരുവിവരുംപടി
കോലവുമങ്ങുനിണാംബുവിൽ മുഴുകി-
ച്ചാലോലത്തൊടുമണ്ടിനടന്നു,
വഡ്ഢിക്കുടവയറച്ചാരാകിയ
വൈശ്രവണന്നൊരുചെണ്ടപിണഞ്ഞു
ചട്ടറ്റൊരു മുടിയും കടകാംഗുലി-
പെട്ടക്കൈവളവട്ടപ്പാവും
വെട്ടുമിടിപ്രഭപോൽവിലുസുന്നൊരു
പട്ടുടഞാണുകളൊക്കെയുമറ്റു
നെട്ടിപ്പോപോൽ നഗ്നനതായി
വഡ്ഢിംതുള്ളിച്ചോടും നേരം
എട്ടൊൻപതുബാണംധനദന്റെ
വഡ്ഢിക്കിട്ടഥഭിണ്ഡന്നങ്ങിനെ
മിട്ടേൽകൊണ്ടുതുടങ്ങികുബേരൻ
മുട്ടുംകുത്തിനടന്നുതുടങ്ങി
ഉർവശ്യാദികളായീടുന്നൊരു
പാർവണശശിമുഖിമാർക്കുപിണഞ്ഞൊരു
ദുർവിഷമങ്ങളുരയ്ക്കാവല്ലതു
ദുർവാക്കായ് വരുമെന്നൊരുശങ്ക
അസ്ത്രംകൊണ്ടഥവസ്ത്രം പോയി
വിശ്രുതരാകിനദേവസ്ത്രീകൾ
ഹസ്തം കൊണ്ടവർമധ്യംപൊത്തി
പേർത്തും പരവശരായ് മണ്ടുമ്പോൾ
പാത്ഥശിലീമുഖമേകംചെന്നവ-
ളസ്താംഗുലിയുടെ ഇടയിൽകൂടെ
പൃഥ്വീമണ്ഡലമതിനുടെതാഴ-
ത്തസ്ത്രം കൊണ്ടു പതിഞ്ഞഥനിന്നു
ബാണങ്കൊണ്ടുതറച്ചിട്ടേതും
പേണിസൂക്ഷിച്ചാൽ മുറിവില്ലാ
പ്രാണത്രാണപരായണമാരാം
ദേവസ്ത്രീജനമിങ്ങിനെയോരോ-
ഭാവക്കേടുകൾ കാട്ടിയതോരോ-
ന്നേതുമെനിക്കോ പറയാവല്ലേ
കുംഭീശ്വരകുംഭസ്തനിയാകിയ-
രംഭയ്ക്കേറിയൊരമളിപിണഞ്ഞു
കുംഭീശ്വരകരഡംഭപ്രതിമസു-
സംഭോഗോരുഗംഭീരനിതംബാ
ഡംബരസംവൃതഭാരംകൊണ്ടും
കുംഭസ്തനയുഗളങ്ങളുതങ്ങടെ
സംഭാരങ്ങടെഭാരംകൊണ്ടും
കമ്പപ്പെട്ടുവിറച്ചുവിറച്ചവൾ
കുംഭീശ്വരഗമനാപായുമ്പോൾ
കല്ലേത്തല്ലികവിണിട്ടുടനെ
പല്ലവതുല്യാംഗിവീണപ്പോൾ
പല്ലൊന്നും പോയില്ലവൾതന്നുടെ
പല്ലവതുല്യാധരമതസാരം
എല്ലാവരെയും ചുംബിച്ചിട്ടവൾ
പൊല്ലാതുള്ള തഴമ്പുകളപ്പോൾ
നല്ലതുപല്ലിനുനൽകിയമൂലം
മെല്ലേമാനിച്ചുപല്ലതിനെ
എന്നുപമിക്കാമവൾവീണപ്പോൾ
തന്നുടെപല്ലുകിറിക്കിണകണ്ടാൽ
തുമ്പികളെക്കണ്ടൊരുകുംഭികളഥ
കമ്പംപൂണ്ടോടുന്നതുപോലെ
കുംഭസ്തനികളുമായോരോവഴി
അംബരചാരികളോടിനടന്നു
ശലഭംപായുംപോലെയുമപ്പോൾ
ശരതതികൊണ്ടു വിരണ്ടോടുകയും
ശശവൽച്ചാടുകകാചനയോടുക
ശശിമുഖിമാരെത്തേടുകകൂടുക
കൃശഗാത്രികളെയെടുത്തോടുകയും
പിശുനന്മാരിട്ടേച്ചോടുകയും
ആകെവിരണ്ടും മാലു പിരണ്ടും
ശോകംപൂണ്ടും മാനസ കുണ്ഠിത-
ബാണം കൊണ്ടും നാണം പൂണ്ടും
വീണുമുരുണ്ടും കേണുവിരണ്ടും
ഗുഹകൾകണ്ടുകൊലുവതുകൊണ്ടു
ഒന്നും രണ്ടുമോരോഗുഹതന്നിൽ
നിന്നുംകണ്ടുമിരുന്നുമൊളിച്ചും
വിബുധാംഗനമാർവിബുധന്മാരും
അമളികൾവിവിധം കാട്ടിയതെല്ലാം
വിവിധമുഖൻഫണിപതിയുര ചെയ്കിലു-
മവധിവരാഎന്നല്ലോവേണ്ടു
ഉണ്ണിത്തമ്പുരാനുടെ ഗണ്ഡത്തിലമ്പുചെന്നു
ഭിണ്ഡെന്നുവിലങ്ങകൊണ്ടണ്ടർകോനുടെസുതൻ
ഖണ്ഡിതധൈര്യത്തോടെ വിണ്ണിൽവീണതുനേരം
ചെണ്ടക്കാറന്മാർചെന്നുതാങ്ങുമ്പോഴവർക്കിട്ടു
കൊണ്ടബാണങ്ങളതുകൊണ്ടുകൂട്ടാക്കാതവർ
ഉമ്പർകോൻസുതനെയുംകൊണ്ടുവന്നിന്ദ്രൻമു
മ്പിൽ ഉണ്ടായ സന്താപത്താലണ്ടർ കോൻനിൽക്കു -
ന്നേരം ഉണ്ടോരോദിക്പാലന്മാർമണ്ടിമണ്ടിവരുന്നു
അഗ്ന്യന്തകനിര്യതിവരുണാദികൾ
ഭഗ്നഹൃദാനഗ്നന്മാരായ്
മഗ്നാശ്ചതഥാസന്താപാബ്ധൗ
മാഹേന്ദ്രാലയഗതരായൊക്കെ
ഏകാദശരുദ്രന്മാരശ്വിനി
ദേവകളഷ്ടവസുക്കൾ പിതൃക്കൾ
ഖേദാംഭോധൌമുങ്ങിമരുത്തുകൾ
ദ്വാദശസൂര്യർ ദേവസ്ത്രീകൾ
ഭാഗവതന്മാരും സുരമുനികൾ
കിന്നരകിംപുരുഷോരകഗുഹ്യക-
വിദ്യാധരയക്ഷാദികളെല്ലാം
തന്നുടെകോലം തന്നെയായ് വ -
ന്നന്യോന്യം നോക്കാതെയുമായി
ഒക്കെയധോമുഖരായ് നിന്നിങ്ങിനെ
സ്വർഗ്ഗനിവാസികൾചിന്തതുടങ്ങി:
"ചിത്രംചിത്രമിതോർത്താലെന്തൊരു
മർത്യന്റെ ഭുജവിക്രമമയ്യാ!
മർത്യൻതന്നെയുമല്ല പാർത്ഥൻ
മറ്റൊണ്ടതിനൊരു കഥബോധിക്ക
കൃത്യം ഗുരുവൊടുചോദിച്ചെന്നാൽ
സത്യമിതിന്നൊഴിവുണ്ടാമെന്നും
അമരേശ്വര ഗുരുവിന്റെ മുൻപി -
ലമംഗലവേഷത്തോടേചെൽവാൻ
ഭ്രമമേതാനുണ്ടോഎന്നും ചിലർ
ഭ്രമമല്ലങ്ങിനെതന്നേവേണം
എന്നുപറഞ്ഞമരന്മാർഗീഷ്പതി
തന്നെവരുത്തിയിതിന്നുടെഒഴിവുകൾ
ഒന്നൊഴിയാതെചോദിച്ചപ്പോൾ
ഇന്ദ്രാദികളോടരുളീഗുരുവും
അങ്ങുസുരന്മാരേ കേട്ടാലും:
"ഭംഗിയൊടർജ്ജുനനുടെചരിതങ്ങൾ
ഗംഗാധരസേവിതചരണൻഹരി
സംഗാസംഗൻസകലാധീശൻ
തുംഗസഹസ്രകവചനിശാചര -
ഭംഗംകർത്തും തിരുമെയ് നടുവേ
ഭംഗിയൊടേരണ്ടായിവിഭജി-
ച്ചിംഗിതമൊരുപോലെരണ്ടംശം
നരനെന്നും നാരായണനെന്നും
പരബോധത്തെവരുത്തിക്കൊണ്ടുട -
നരിയനിശാചരനെക്കൊലചെയ്തിതു
നരനാകുന്നതുഫൽഗുനനെന്നറി
നരനെന്നാലവനാരാകുന്നതു
പരമാത്ഥംബോധിപ്പിച്ചീടാം
വാമാംഗംവിഷ്ണു ദക്ഷിണമാ-
മംഗംശങ്കരനെന്നുംകേൾപ്പു
സോമാങ്കൻശങ്കരനാകുന്നതു
കാമ്യാംഗംദക്ഷിണമാംഭാഗം
ആയംശംതന്നെയാകുന്നതു
വീര്യപുമാനാം ഫൽഗുനനെന്നറി
കൃഷ്ണൻശ്രീനാരായണനെന്നു
പ്രത്യേകം പറയേണ്ടായല്ലോ
വർണ്ണംകൊണ്ടും ചിന്തിച്ചാലീ-
വണ്ണംതന്നെ എന്നു ധരിക്കാം;
ശുദ്ധസ്ഫടികവിരാജിതഗാത്രൻ
മുക്തശശാങ്കവിരാജിതമൗലി
ഇത്രൈലോക്യങ്ങൾക്കും കർത്താ
ഇത്രിദശന്മാർകൾക്കും കർത്താ
ശത്രുജനാനാംപേർത്തും കർത്താ
സത്രഭുജാമുപചാരംകർത്തും
അസ്ത്യസാഗ്നേർമ്മുഖമാകാരം
വൃഷ്ണികുലേശ്രീകൃഷ്ണനതായി
ഉണ്ണേതരകരകുലേജിഷ്ണുത്ത്വവു-
മത്രമുകുന്ദാംശം താൻവിജയൻ
തസ്യശരങ്ങൾ നിരോദ്ധും ലോകേ
കോസ്തി ഭവന്തോപ്യഭയം ഭൂത?
പോരിമയുള്ള ജനങ്ങൾ മറുത്താൽ
പോരായ്മകൾ വന്നീടുംമുൻപേ
ചേരുകതന്നെ അതുകൊണ്ടില്ലൊരു
മാനവിരോധം വാനവവരരേ
മാനവനെന്നൊരു നിന്ദബലാലിതു
മാനവിരോധത്തിന്നൊരുവഴിയായ്
ആമാമെന്നു പറഞ്ഞവരെല്ലാം
ഊമൻമുളീടുന്നതുപോലെ
ഭീമശരാവലികണ്ടുഭയപ്പെ-
ട്ടാമയമോടഥമണ്ടിനടന്നു
ഇണ്ടൽ നമുക്കുണ്ടായതുതീർപ്പാൻ
വേണ്ടുന്നതുപറയാംകേട്ടാലും
ചെണ്ടക്കാരന്മാരേ ഇനിയും
മണ്ടിപ്പിൻ നാരദനേഭൂമൌ
വേണ്ടും വണ്ണംകല്പിച്ചെന്നതു
കണ്ടുപറഞ്ഞേയമ്പുകൾ നിൽപ്പു.
കൊണ്ടതിലാർക്കാനുണ്ടാമുറിവി-
കണ്ടമരന്മാർക്കൊന്നതുപറവാൻ
രണ്ടുകരത്തിലുമുള്ളൊരുമുടുവുകൾ
ചങ്ങലകിങ്ങിണിമണിമാലകളും
കുണ്ഡലകവചകിരീടാദികളും
ഖണ്ഡിച്ചൊക്കെശരനിരകൊണ്ടു
മണ്ഡനഹീനതവന്നതുമോർത്താൽ
കർണ്ണേജപവരരേ!അറിയേണ്ടാ
കൊല്ലണമെങ്കിൽ കൊൽവാനവനൊരു
തെല്ലുംവേലയുമില്ലെന്നറിവിൻ!
വില്ലാളികൾ ബഹുമാനിക്കട്ടീ-
വില്ലിൻെറവൈദഗ്ദ്ധ്യം കണ്ടാൽ.
ഭൂമിയിൽ നിന്നുപ്രയോഗിച്ചതുകൊ-
ണ്ടാമയമെത്രലഭിച്ചു നമുക്ക്
ഭീമസഹോദരബാഹുബലൈരതി-
ഭീമതിശാലികളായെല്ലാരും
എന്തിനുവളരെപ്പറയുന്നിങ്ങിനെ
കുന്തീസുതസന്ദേശം കർത്തും
ഇന്ദ്രാദികളേകോപ്പുകൾമുതിരുക
ചെന്നീടുകമുന്നേ നാരദനെ-
ന്നന്നഗ്ഗുരുവരുൾചെയ്തതുകേട്ടും
നിന്നമഹാമുനിനാരദനരുളി:
"മുന്നേതന്നെഞാനവയെല്ലാ-
ഞ്ചൊന്നതുബഹുമാനിച്ചതുമില്ല
ഓടേണ്ടുന്നവനോടാം നിങ്ങളു-
മോടാതെകണ്ടിശ്ശിയിരിപ്പിൻ.
മേടുകളിനിയുണ്ടാകരുതെന്നവ -
നോടുപറഞ്ഞുശമിപ്പിപ്പൻഞാൻ
ഓടുകദേവാടികളും പുറകേ
മാടുകണക്കെല്ലാരും കൂടി
പേടകപെട്ടിതുറന്നു ജവത്തോ-
ടാടകളാഭരണാദികളെല്ലാം
കൂടെയണിഞ്ഞതിമോടികലർന്നി-
ട്ടാദരവായ് വന്നാലും നിങ്ങൾ.''
നാരദഗിരമീവണ്ണംകേട്ടു
നയവാനായ ബൃഹസ്പതിചൊന്നാൻ:
"താനിനിഹസ്തിനപുരിയിൽ ചെന്നാൽ
ആനന്ദാശികൾചെയ്തവനോടെ
ഞാനുരചെയ്തീടുംപടിപറകതു
മൂനംകൂടാതെകേട്ടാലും!
ആനകൾസേനകൾമാനിനിമാരും
ജ്ഞാനികളാകിയമാമുനിമാരും
വാനവരെല്ലാവരെയും കൂട്ടി
വാനവർകോനീവാനിൽക്കൂടെ
ദീനം തന്നേവരുവാനെന്നതു
താനവനോടുപറഞ്ഞിടേണം
ഇത്ഥം ഗീഷ്പതിവാക്കുകൾകേട്ടി-
ട്ടത്യാദരനാം നാരദമുനിയും
പൃത്ഥ്വീപതിയതിലാഗതനായി
പാർത്ഥനൊടിങ്ങനെയരുളിച്ചെയ്തു:-
"അരുതരുതമ്പുകളെയ്തീടരുതി-
ന്നമരാലയമതിലമളികൾപലതും
അമരാധിപനും ത്രിദശന്മാരും
ഭ്രമമൊടുയാത്രമുതിർന്നിട്ടുണ്ടു്
അവർകൾക്കൊരുവഴിവരുവാനില്ലാ -
ഞ്ഞവിടെത്തന്നേപാർത്തീടുന്നു
അതിനേതാനും കുശലുണ്ടെങ്കിൽ
ത്രിദശന്മാരിഹവന്നെന്നറിക"
മതിമാനാകിയപാർത്ഥനുമപ്പോ-
ളിതിനാരദഗിരമൻപിൽകേട്ടു
ചതുരൻശരതതികൊണ്ടാരായത-
സുഖകരസോപാനങ്ങൾ ചമച്ചു;
സുരലോകത്തോളമുർവീന്നങ്ങിനെ
സുരുചിരമെന്നേ പറവാനുള്ളൂ.
അമ്പുകൊണ്ടുനടകെട്ടീട്ടുമ്പർകുലമുമ്പൻ
തുംബുരു പ്രമുഖന്മാരുമൻപിനോടുകൂടി
തുംബുരുമുരളികൊമ്പും തുമ്പി കരതാളം
തമ്മിട്ടമുടുക്കിടയ്ക്കുതപ്പുതകിൽ ചിഹ്നം
മദ്ദളം പടഹം താളം തിത്തിയും മിഴാവും
ഒത്തുകൂടിമേളമിട്ടുകൊട്ടുകയുമേവം
കേട്ടനേരമമരന്മാർപുഷ്ട കൌതുകത്തൊ-
ടൊട്ടൊഴിയാതെ അമരപട്ടണത്തിൽ വന്നു
ചട്ടമോരോന്നേയൊരുങ്ങിയാത്രമുതിരുന്നു
അഷ്ടവസുക്കളുമന്നക്കെട്ടുമെടുപ്പിച്ചു
പ്രാഡ്വിപാകന്മാരെപ്പോലെനിന്നിതോരോപാട്ടിൽ
അശ്വിനീദേവകൾകളഭങ്ങളുമെടുപ്പി-
ച്ചച്ഛ വേഗത്തോടുമിന്ദ്രൻപാർശ്വഭുവിവന്നു
ദ്വാദശഭാസ്കരരരിരുദ്രഗണംകറിവക
ജാതവേദസ്സെടുപ്പിച്ചുഹോമപാത്രാദികളെല്ലാം
ഇന്ധനക്കെട്ടുകളെല്ലാമന്തകഭടന്മാർചിമ്മി
ഭിന്ദനംചെയ്വതിന്നോരോ കോടാലിയുംതോൾമേൽവെച്ചു
അന്ത്യഗായുസ്സിനെവന്നുദൃഷ്ടികളുന്തിച്ചധിക
സിംഹനാദധ്വനിപോലെഗർജ്ജനവുംചെയ്തുകൊണ്ട്
ഹുംകൃതികലർത്തും യമകിങ്കരസംഘങ്ങൾ വന്നു
ശങ്കരാനുഗാമികളാംഭൂതവൃന്ദങ്ങളുമപ്പോൾ
പൊൻകലശശരാവങ്ങൾവൻചരക്കുകമണ്ഡലു
പഞ്ജരാദികളിലൊക്കെ മഞ്ജുളവിഭവത്തോടേ
കുഞ്ജരത്തെക്കൊണ്ടുവന്നുകുഞ്ജരപാലകന്മാരു
മഞ്ജസാകുഞ്ജരോപരിഇന്ദ്രനുമമർന്നരുളി
പൊന്നുകൊണ്ടുചമച്ചേറ്റമുന്നതമാകിയതേരിൽ
കിന്നരേശനുംകരേറിത്തന്നുടെ പദവിയോടെ[2]
എന്നുടെപൗരുഷത്തെയിമ്മന്നിടത്തിൽകാട്ടണമെ-
ന്നുന്നിയോരോചാരണക്കൂട്ടന്മാരെയകമ്പടിയും
പൊന്നുമാണ്ട ചേലമാലപൊന്നിന്മൊട്ടുള്ളവാളുകൾ
മിന്നുമിടിപോലെമിന്നുംപൊന്നിന്മുടിമകുടവും
കുണ്ഡലമണ്ഡിതഗണ്ഡമണ്ഡലമണ്ഡിതനായി
ചണ്ഡബാഹുതുന്ദിലത്വംഎന്തൊരുപുതുമകണ്ടാൽ
ക്ഷീരമാജ്യംദധികളുംപാരമായചാറകളിൽ
ചാരുതരമെടുപ്പിച്ചുദേവർകോനകമ്പടിയായ്
ശർക്കര പഞ്ചതാരയുംപപ്പടംപഴക്കുലയും
ഒക്കെയോരോതരവഴിമിക്കതുംചുമന്നിട്ടൊണ്ടു
പെട്ടകങ്ങൾപെട്ടിചെല്ലംഒട്ടുഭണ്ഡാരക്കെട്ടുകൾ
കൊട്ടവട്ടിചട്ടകങ്ങൾ വട്ടുരുളീതരംവക
കട്ടകട്ടയുരുക്കിയിട്ടുള്ളപൊന്നങ്ങോരോവക
കട്ടിയായ്പാളങ്ങൾനീട്ടിയിട്ടുകിടന്നപൊന്നുകൾ
എട്ടുപത്തൊട്ടകത്തിന്റെപൃഷ്ഠഭാഗത്തിട്ടുംകൊണ്ടു
ധൃഷ്ടരായഗുഹ്യകന്മാരൊട്ടൊഴിയാതെവന്നപ്പോൾ
ചിക്കനെയസ്സുരനദികാന്തനോടുകൂടിവന്നു
ശക്രനുടെപുരോഭുവിനിർഗ്ഗതരായതിമോദാൽ.
ഉർവശിയാദിയായുള്ളസർവനാരിമാരുമായി
ആടുകയുംപാടുകയുംപാടവംകാട്ടീടുകയും
മന്ദമന്ദമങ്ങു നടന്നീടുകയുംകിന്നരന്മാർ
തുംബുരുവുംനാരദനുംതുംബുരുവായിച്ചുകൊണ്ടു
ഉമ്പർകോന്റെമുമ്പിൽകൂടിസംഭ്രമിയാതെനടന്നു
വിശ്വകർമ്മാവപ്പോൾവന്നൊരശ്വമേറീട്ടുതരസാ
വിശ്വദേവപിതൃക്കളുംപാണ്ഡുവാകുംനരേന്ദ്രനും
ഒക്കെയൊരുമിച്ചുദേവലോകവാസിജനമെല്ലാം
നിർഗ്ഗതരായതിന്മുമ്പേവിശ്വകർമ്മാനടകൊണ്ടു
ഹസ്തിനപുരിയിൽവന്നുപാർത്ഥഗേഹാങ്കണേനിന്നു
തത്രദേവരാജധാനി എന്നപോലെനിർമ്മിച്ചവൻ -
ഹാടകനിർമ്മിതനാടകശാലക-
ളോടുനടപ്പുരകൂത്തമ്പലവും
ഘോടകശാലകൾപാഠകശാലകൾ
വാടാവുകൾചിലചാവടിമാടം
ആട്ടക്കൊട്ടിലരങ്ങറപൂട്ടറ
ഊട്ടുപുരാദികൾകിണറുംകുളവും
ചാട്ടക്കൊട്ടിലുചന്തകൾ തെരുവുകൾ
കോട്ടപ്പടികൾപടിപ്പുരമാളിക
നാട്ടിപ്പൊൻകൊടി മരമതിലൊക്കെ
തൂക്കി കൊടിക്കൂറകൾനിരനിരവേ.
മിനുമിനെയങ്ങിനെതെറ്റീടുന്നൊരു
മുറ്റംകണ്ടാലെന്തൊരുകുതുകം
ഘനകനകത്തറതുളസിത്തറകൾ
ഘനപീനസ്തനിമാരുടെ സദനം
ഘനഖചിതംമണികാന്തികൾകൊണ്ട-
ദ്ദിനകരനുദയംപോലെചിലേടം.
ഇത്ഥം പാർത്ഥഗൃഹം കണ്ടാല-
ങ്ങത്രിദശാലയമെന്നകണക്കെ
ചിത്രതരംസൃഷ്ടിച്ചതു പറവാൻ
ബുദ്ധിബലം പോരാനമ്മൾക്ക്
സുത്രാമാദികളുംദേവകളും
എത്രയുമാഘോഷിച്ചതിതരസാ
ബദ്ധാടോപംവരുമൊരു കോപ്പുകൾ
പൃഥ്വിയിലുള്ളജനങ്ങളുകണ്ടു
വിസ്മയശാലികളൂർദ്ധ്വം പാർത്തി-
ട്ടിത്തിരിയങ്ങിനെനിൽക്കുന്നേരം
തീക്കിടിമിന്നൽ കണക്കോരോവക
സ്വർഗ്ഗശ്രേണികളെക്കാണായി
നാൽക്കൊമ്പന്റെ കഴുത്തിൽ കേറി-
ശ്ശക്രൻചാമരവും വീശിച്ചു
പൊൽക്കുടകൊടിതഴആമ്പടിമേളം
തിക്കിടകൂടീട്ടെന്തൊരുഘോഷം
ഉക്ഷവാഹനമേറിത്തരസാ
ത്രിക്ഷന്മാരാം രുദ്രന്മാരും
യക്ഷാധിപനുംതേരതിലേറി
ശിക്ഷയിൽവരുമൊരുമേളം കുതുകം
തൽക്ഷണമപ്പോളിക്ഷിതിതന്നിൽ
തൽക്ഷണമെത്തിനിറഞ്ഞുസുരന്മാർ
ധർമ്മജനാദികളൈവരുമായി
സമ്മാനിച്ചവരെല്ലാവരെയും
ചെമ്മേ ഓരോരോ ഭവനങ്ങളിൽ
വെണ്മതിമുഖിമാരെയുമവരാക്കി.
മണിമണ്ഡപമദ്ധ്യേശക്രനെയും
പ്രണമന്മാരയ്കൊണ്ടയിരുത്തി
പ്രണമനമമ്പൊടുചെയ്തപ്പോഴേ
ഘൃണയൊടുപാണ്ഡുവിനെയുമവർകണ്ടു
പ്രണമനമമ്പൊടുചെയ്തപ്പോഴതി-
പ്രണയത്തോടെനരപാലകനും
ഗുണവാന്മാരെയണച്ചുപുണർന്നു
പ്രണയത്തോടശ്രുക്കൾപൊഴിച്ചു;
കുന്തിയുമൻപൊടുകാന്തം ദൃഷ്ട്വാ
സന്താപത്തൊടുവന്ദിച്ചപ്പോൾ
ഇന്ദ്രാണിയുടെസവിധേമാദ്രിയെ
സാന്ദ്രാമോദത്തോടേകണ്ടു
ഇന്ദ്രാണിയെയും മാദ്രിയെയുംബത
കുന്തിയണച്ചാലിംഗനമോടും
നിന്നീടുമ്പോൾപാണ്ഡുസുതന്മാർ
ചെന്നവരിരുവരെയുംകൈകൂപ്പി
ശചിയും മാദ്രിയുമാമമ്മക്കളെ
വിശദസ്മിതമൊടുപരിരംഭിച്ചു,
കുചകലശങ്ങളിൽ നിന്നു ചുരന്നിതു
വിശദപയസ്സപ്പോൾ മാദ്രിക്കും.
ഇന്ദ്രനുമപ്പോൾ മകനെവിളിച്ചു
തന്നുടെയങ്കേതന്നെയിരുത്തി;
മന്ദസ്മിതമൊടുശിരസിനുകർന്നു
മന്ദേതരമിങ്ങനെയരുൾ ചെയ്തു:
"എന്തുണ്ണീ!മകനേവിജയാഞാൻ
ഹന്തവരാൻവൈകിയമൂലത്താൽ
സന്താപം കുറെയുണ്ടായതുനീ
സന്ത്യജതൽക്കാരണവും പറയാം
നിന്റെ ബാഹുപരാക്രമമറിവാൻ
നിന്നാണേയിന്നലെവരാഞ്ഞു
ഇന്നുപ്രസാദിച്ചിട്ടത്രേ ഞാൻ
വന്നതുമിവിടെസ്സുന്ദരഗാത്രാ
എന്നാലിനിവൈകിക്കാതെക -
ണ്ടൊന്നൊഴിയാതെയൊരുക്കുകോരോന്നേ"
എന്നമരാധിപനരുളിച്ചെയ്തു
നിന്നൊരുദേവകളോടും തരസാ
വന്നീടുകവാദ്യക്കാരെല്ലാം
നന്നായാഘോഷിപ്പിൻ വിരയേ
ദേവകളൃഷികൾകുളിച്ചുവരട്ട
ദേവസ്ത്രീകൾ നടിച്ചീടട്ടെ
ഒട്ടൊഴിയാതുള്ളമരകളെല്ലാ-
മുത്സവഘോഷം കൂട്ടീടട്ടെ
ധൃഷ്ടന്മാർചിലരരിവയ്ക്കട്ടേ
പട്ടന്മാരെക്കൂട്ടിക്കൊൾവിൻ
ഒട്ടുംവൈകാതെവൈശ്രവണൻ
വട്ടം കൂട്ടുക പഴയരിപക്വം
അഷ്ടവസുക്കൾകറിക്കുനുറുക്കുക
വട്ടികളീന്നരിതട്ടുകദിനകരൻ
കൊട്ടിലിലൊക്കെ അടുപ്പേലേററു
കുട്ടകമാദിചരക്കുകളൊക്കെ
ഇട്ടീടുകവെള്ളംവൈകാതരി-
വട്ടികളിൽക്കുത്തിക്കൊണ്ടരുവിൻ!
അമരാധിപനുടെകല്പനകേട്ടതി-
ശമദന്മാരാംദേവകദംബം
അകമേനല്ലസ്വഭാവത്തോടും
ശ്രമമോരോന്നവരുറ്റുതുടങ്ങി
മൃദുലതരം വാദ്യദ്ധ്വനികേട്ടതി-
ശമദമമാനസനാകിയഭീഷ്മരും
അമിതമനോഗുണനാകിയവിദുരരു-
മമിതപരാക്രമനാകിയകൃപരും
അമിതാനന്ദം പാണ്ഡവവാസേ
സുമനസ്സുകളായ് നിന്നുതദാനീം.
സുമനോജനകരഘടിതസുരദ്രുമ-
സുമഗന്ധാദികൾകൊണ്ടുവിടുർത്തി-
ക്ഷമയെല്ലാമാഹ്ലാദകമായി.
വിസ്മയമെന്നേപറവാനുള്ളു
ദേവാദികളാലപ്പുരമെല്ലാം
കേവലമങ്ങുനിറഞ്ഞിടതിങ്ങി
ആമല്ലാർക്കുമകത്തുകടപ്പാൻ
ആഘോഷം കേട്ടീടാംതാനും
ദുരിയോധനനാദികൾമതിൽ ചുററും
വിരയെപ്പാഞ്ഞുനടന്നുഴലുന്നു
ഒരു വാതിൽക്കും കേറിക്കൂടാ
സുരസംഘങ്ങളുടെമൂലത്താൽ
താപസരാർത്തുകുളിച്ചൈരാവത -
പൂജതുടങ്ങിമഹോത്സവസഹിതം
ഹാടകമാദിപുരങ്ങളിലൊക്കെ-
പ്പാടേരത്നക്കല്ലുകൾവച്ചൊരു
കോടിദിവാകരകാന്തിപ്രവിജിത-
കല്ലുകളായവിളക്കുകൾവച്ചു
നല്ലമുഹൂർത്തത്തോടിഹതന്നെ
മെല്ലെബൃഹസ്പതിപൂജതുടങ്ങി.
ജലഗന്ധാക്ഷതധൂപാദികളാൽ
കുലിശായുധനെപ്പുജിച്ചുടനേ
കൊലയാനത്തലവനെയുംകൂടേ
പുരുഭക്ത്യാപൂജിച്ചുതുടങ്ങി;
അഷ്ടാംഗസംയുക്തംവിരവൊടു
ലബ്ധ്വാ ഗന്ധം കളഭവിമിശ്രം
കളഭാധിപനെക്കളഭംതേപ്പി-
ച്ചൊളിതിരളുംനെറ്റിപ്പടമിട്ടു
ഗളഭൂവികിംകിണിസംഘം കെട്ടി
ഘണഘണഝണഝണശൃംഖലശബ്ദം
ശംഖദ്ധ്വനിവാദ്യദ്ധ്വനിഘോഷം
സിംഹദ്ധ്വനിപോലാർപ്പുംകുരവകൾ
ഭംഗിയൊടേജയജയശബ്ദദ്ധ്വനി
ഭാഗവതന്മാരേറെമുഴക്കി
കുംകുമപങ്കാങ്കിതകൊങ്കകർസൂര -
മങ്കയർസംഗീതദ്ധ്വനിഘോഷം
തുംബുരു നാരദർപാടുകഘോഷം
അംബുജമുഖിമാരോടുകഘോഷം
എട്ടാശാധീശന്മാർതങ്ങടെ
പുഷ്ടാടോപത്തോടുംകൂടെ
കെട്ടിച്ചുറ്റിനടന്നുശ്രമിക്കയു-
മെഷ്ടിയുമായിനടന്നീടുകയും
അഷ്ടികഴിക്കയുമിടിയുടെകൂടെ
തുഷ്ട്യാഭൂമിയിലുള്ളന്തണരും
സൌരഭ്യാകരദ്രവ്യം കൊണ്ടു
സൌരഭ്യാർത്ഥംധൂപിക്കയുമിട
ഘോഷിക്കയുമുണ്ടോരോഗണ്ഡുക-
മർഘ്യാദിക്രമമമരാംഗനകടെ
നൃത്തംഗായകവൈണികൾവർഗ്ഗം
നർത്തനവുംവിബുധൌഘസുഘോഷം
ദിഗ്ഗജവരനാംകുംഭിവരോത്സവം
ദിക്പാലകരുകഴിച്ചീവണ്ണം
ദിവസം മൂന്നുകഴിഞ്ഞിതുപൂജ-
യ്ക്കവസാനാർഘ്യംനൽകിനശേഷം
ത്രിദശാധിപനൊരുസിംഹാസനമതി-
ലമിതാഭോഗമിരുന്നുംകൊണ്ട്
ത്രിദശന്മാരോടരുളിച്ചെയ്യൂ:
"പണമെല്ലാമെങ്ങു കൊണ്ടരുവിൻ"
അപ്പോൾത്രിദശന്മാരല്ലാരും
മുപ്പറഅൻപറകെട്ടിയപടക-
ളൊപ്പാരത്തൊടഴിച്ചുകുടഞ്ഞതു -
മപ്പാ!വലിയൊരു കുലമലപോലെ
അപ്പോഴദ്ധനദങ്കൊണ്ടന്നൊരു
കട്ടിപ്പൊന്നുകളരികേകൂടെ
പെട്ടികളീന്നു കുടഞ്ഞിട്ടപ്പോ -
ളൊട്ടല്ലതുമൊരുചെറുമലപോലെ
ഭൂസുരവരരെല്ലാരുംവരുവിൻ!
ഭൂതികൾവേണ്ടതു കൊണ്ടുപൊയ്ക്കൊൾവിൻ!
ഏതുംനാണിക്കേണ്ടാവരുവിൻ
വാരിക്കോരിത്തരുവൻഞങ്ങൾ-
ക്കാതുരഭാവമതില്പരമരുതെ “
ന്നരുളിച്ചെയ്തിന്ദ്രനുമതുനേരം;
താപസരപ്പോൾമുണ്ടുംപുടവക-
ളാകെവിരിച്ചുതുടങ്ങിപതുക്കെ;
ഭാസുരധാമാവിന്റെനിയോഗാൽ
വാരിക്കോരിപ്പൊന്നുംപണവും
ബഹുലംവിപ്രാർപ്പണവും ചെയ്തിതു
മതിമാന്മാരാംപാണ്ഡവരപ്പോൾ
കൊണ്ടുപോകാനൊരു കുശലില്ലാഞ്ഞതി-
കുണ്ഠിതരായിവിപ്രസമൂഹം
കൊണ്ടുപോകാഞ്ഞരിശപ്പെട്ടവരും
കൂടെദ്രവ്യംവാരിയെറിഞ്ഞു
ഭാണ്ഡങ്ങളിൽവാരിക്കെട്ടീട്ടു
പാണ്ഡുസുതന്മാർദാനംചെയ്തു
പാണ്ഡരയശസ്സംവർദ്ധിപ്പിച്ചു
പാണ്ഡുവിനും ഹൃദികൌതുകമേറി
ആശിസ്സുംചൊല്ലിബ്ഭൂസുരരും
ആകെപ്പോയിത്തങ്ങടെദിക്കിൽ
ആശാപാലകരോടും ശക്രൻ
അരശൻപാണ്ഡുനരപതിയോടും
ഐരാവതഗജപൂജകഴിപ്പി-
ചാദരവൊടുഘോഷിച്ചീവണ്ണം
കുന്തിയൊടുംതനയന്മാരോടും
ശന്തനുജൻവിദുരൻകൃപരോടും
അന്തർമ്മോദംപൂണ്ടുസുരന്മാർ
ആമന്ത്രിച്ചുനിജാലയഗതരായ്
അർജ്ജുനനുടെ കീർത്തികൾവാഴ്ത്തിദ്വിജ -
നിർജ്ജരസംഘം സുഖമായ് വാണു
ഐരാവതപൂജ ഓട്ടൻതുള്ളൽ സമാപ്തം[3]
-------------------------------
പള്ളിപ്പരമേശ്വരനുംതന്നുടെ
പിള്ള ഗണേശനുമറുമുഖനമ്മയു-
മുള്ളുതെളിഞ്ഞുവസിച്ചീടുമ്പോൾ
ഉള്ളിലഹമ്മതിതള്ളിനിറഞ്ഞഥ
ഭള്ളു നടിച്ചു തിരിച്ചുധനേശൻ
വെള്ളം ചൂടും പരമേശ്വരനുടെ
പള്ളിക്കാലിണതൊഴുതറിയിച്ചു:
“കള്ളമതല്ലിഹ നമ്മുടെനഗരേ
പള്ളിവിരുന്നിനെഴുന്നരുളേണം
ഉണ്ണികൾ ഭൂതാദികളും വന്നാൽ
ദണ്ഡം നഹിനഹിവിരവൊടുവരണം
ഉണ്ണിഗണേശനു വയർ നിറവോളം
കണ്ണുമടച്ചമൃതേത്തുകഴിക്കാം
ധനപതിതന്നുടവചനം കേട്ടു
പനിമതിചൂടും പരമേശ്വരനും
കനിവൊടിവന്റെയഹമ്മതി തീർപ്പാൻ
പണിചെയ്യേണമിതെന്നുമുറച്ചു
"വേണമിതെന്നാൽ വരുവൻനാമിഹ
കാണിയുമില്ലിഹമട ''യെന്നരുളി
ഗണപതിതന്നുടെ കുംഭതലോടി
ക്ഷണമൊടുമുന്നിലയച്ചുമഹേശൻ
ഗണപതിയുംധനപതിയുംകൂടി
കനിവൊടുതൊഴുതിട്ടാശു നടന്നു
ഗുണഗണമിയലും പുരമതിലെത്തി-
ഗ്ഗണപതിപൂജയ്ക്കാശു മുതിർന്നു;
വലുതായുള്ളൊരു പലകയതിന്മേൽ
വടിവൊടിരുത്തിഗ്ഗണനാഥനെയും
വിരവൊടുധനപതിവിശറിയെടുത്തു
വിരുതൻഗണപതിയേയഥവീശി;
തെളിവേറീടും പൊൻകിണ്ണത്തിൽ
തെളു തെളെ നല്ലോരെണ്ണയെടുത്തു
പിള്ളർവന്നിഹമെല്ലെ ത്തേപ്പി-
ച്ചുള്ളൊരു കൗതുകമെന്തുരചെയ്വു
വലിയൊരു കർണ്ണദ്വയവും മൂക്കും
വെളുവെളെമുഖവുംകുംഭയുമെല്ലാം
എണ്ണയൊലിപ്പിച്ചയ്യോ !ശിവശിവ
കണ്ണും ചിമ്മിപ്പിച്ചതു നേരം
താളിയുമിഞ്ചകൾ യോജിപ്പിച്ചി-
ട്ടാളികളാൽ ബതസ്നാനം ചെയ്തൂ
കാലുംകഴുകിച്ചാദരവോടെ
നാലിനകത്തൊരെടത്തുതളിച്ചു
മണ്ഡലവും തേച്ചിലയും വച്ചുക-
മണ്ഡലജലമതിടത്തുംവച്ചു
പൊന്നുവിളക്കുകൊളുത്തിപ്പരിചൊടു
മുന്നിൽവച്ചിട്ടാദരവോടെ
ഇലയുടെയരികെപലകയുമിട്ടു
വലിയൊരുഗണനാഥനെയുമിരുത്തി
ജലഗന്ധാക്ഷതധൂപംദീപം
കുസുമംചന്ദനമിവകളണിഞ്ഞു
മെല്ലെയിലയ്ക്കു ജലാദികൊടുത്തു
നല്ലൊരുചോറും കദളീഗുളവും
നറുനെയ്യീവകയൊക്കെവിളമ്പി
ക്കുടിനീർവീഴ്ത്തിക്കനിവൊടു കൂപ്പി.
അമ്പൊടുഗണപതിതന്നുടെ മടിയിൽ
കുംഭയൊതുക്കീട്ടൂണുതുടങ്ങി
ഝടിതിവിളമ്പിനവിഭവമതെല്ലാം
ഝടുഝടനെന്നമൃതേത്തുകഴിച്ചു
തെരുതെരെയായതുകണ്ടു വിളമ്പീ-
ട്ടരുതരുതെന്നരുളാശുതുടങ്ങി
കോരികവച്ചവർ വട്ടിയെടുത്ത –
ച്ചോറുകൾകൊണ്ടുവിളമ്പുതുടങ്ങി;
ചട്ടമിതൊന്നുപകർന്നതുകണ്ടവർ
വട്ടളമാശുചരിച്ചുവിളമ്പി
തുമ്പിക്കരവും പൊക്കിപ്പരിചൊടു
വൻപൻവായ് പിളർന്നുവശായി
ചെല്ലുന്നവരവർചോറും കറികളു-
മെല്ലാം തൊള്ളയിലിട്ടു തുടങ്ങി
ചോറതൊടുങ്ങികറിയതൊടുങ്ങി
വീരൻധനപതിയൊന്നുനടുങ്ങി;
വച്ചൊരു ചോറും കറികളുമെല്ലാം
കൊച്ചുഗണേശൻകൊറ്റുകഴിച്ചു
കുലയതെടുത്തു കുടഞ്ഞുപഴങ്ങൾ
കുലയുടെകൂടെയതൊക്കെയൊടുങ്ങി
പച്ചക്കായും പപ്പടവും പല
പച്ചക്കോപ്പുകളൊക്കെയൊടുങ്ങി;
തൈരതൊടുങ്ങിമോരതൊടുങ്ങി
സ്വൈരംകുംഭവുമൊക്കെത്തീർന്നു
ഉപ്പും മുളകും ചപ്പും ചിപ്പും
ക്ഷിപ്രംഗണപതിയപ്പടിതിന്നു
ഉള്ളതശേഷമൊടുങ്ങീട്ടവനുടെ-
യുള്ളിലൊരാധിവളർന്നുവശായി
ഒറ്റക്കൊമ്പനുകൊറ്റുമുഴക്കാ
ഞ്ഞേറ്റംകോപിച്ചെഴുനേറ്റുടനെ
മുൻപിലിരുന്നവിളക്കുവിഴുങ്ങി
ചെമ്പുകളങ്ങമൃതേത്തുതുടങ്ങി
ചട്ടുകവും പലകുട്ടകവും ചില
വട്ടികളെന്നിവയൊക്കെ വിഴുങ്ങി
മുരളിനടന്നങ്ങുരുളിവിഴുങ്ങീ
ട്ടതിരുചിയോടരകല്ലുവിഴുങ്ങി
കട്ടോടങ്ങളുലക്കയുമീവക
പാത്രംശാലയുമൊക്കെവിഴുങ്ങി
ആർത്തിപെരുത്തു സഹിക്കരുതാഞ്ഞി-
ട്ടൻപിനൊടൊത്തൊരു തൂണുവിഴുങ്ങി
സത്വരമങ്ങു നെടുമ്പുരയുണ്ടു
തൃപ്തിവരാഞ്ഞുഗണേശസ്വാമി
കണ്ടതശേഷവുമുണ്ടിട്ടുംബത-
കൊണ്ടാകൊണ്ടായെന്നരുൾചെയ്തു
ധനപതിതാനുമൊരാധിമുഴുത്തു
മനമതിലോർത്തു ഗിരീശനെയുടനെ
‘ഹരഹര ശിവശിവ’യെന്നുവിളിച്ചു
പരവശനായിനടന്നുതുടങ്ങി
ഒറ്റക്കൊമ്പൻ പിമ്പേചാടി
തെറ്റെന്നോടിച്ചെന്നുമഹേശൻ
തന്നുടെയടിമലർവീണുവണങ്ങി
ഖിന്നത വന്നതു തൊഴുതറിയിച്ചു:
"ഗണപതിയടിയനെയുണ്ണുംമുമ്പേ
ഗിരിമകൾപതി നീ രക്ഷിക്കേണം
പാത്രാപാത്രമിതോർക്കാഞ്ഞെന്നുടെ
പാത്രാദികളും തിന്നു ഗണേശൻ
അരുതരുതെന്നുവിലക്കീട്ടങ്ങനെ
ഒരുപിടിമലരുകൊടുത്തുമഹേശൻ
മതിമതിയെന്നരുൾചെയ്തതു കേട്ടു
തുരുതുരെയെല്ലാംഛർദ്ദിതുടങ്ങി
നെടുങ്ങനെയുള്ളനെടുമ്പുരമുൻപിൽ
ചടചടയങ്ങുഞെരിഞ്ഞഥവീണു
ഉണ്ടതുപോലെ ക്രമത്താൽതൂണും
തണ്ടെന്നീവകകണ്ടുതുടങ്ങി
ചെമ്പും വാർപ്പുവിളക്കും പലവക
വൻപനുമാശുവമിച്ചാനഖിലം;
എണ്ണവുമേറ്റു നടന്നാനങ്ങൊരു
വണ്ണംധനപതിതലയും താഴ്ത്തി;
ഇത്തരമുള്ളൊരു ഗണപതിഭഗവം-
നിന്നിതിനൊന്നുതുണച്ചീടേണം.
കളഭാസ്യൻഗണനായകനെന്നുടെ
കളഭാഷ്യത്തിനു തുണയായ് വരണം
കളഭാഷിണി വാണിയുമെൻ നാവിൽ
കളമാംവണ്ണംവിളയാടേണം
പ്രളയപയോധിയിലിളകിമറിഞ്ഞഥ
തെളുതെളവരുമൊരുതിരമാലകൾപോൽ
ഇളകിവരേണം വാക്കും പടുതയിൽ
ഇളകാതൊരു ഗുരു കൃപയൊടുകൂടെ
തെളിയണമാത്മജ്ഞാനമതിന്നായ്
തെളിവൊടുഞാനിതവന്ദിക്കുന്നേൻ.
കുന്തിയിരിക്കുമിടത്തുംപടിയേ
സന്തോഷത്തൊടുവിപ്രന്മാരും
ഗാന്ധാരിയെമാനിച്ചീവണ്ണം
ഹന്തപറഞ്ഞുരസിച്ചുനടന്നാർ.
"സദ്യാഘോഷമുരന്തന്നേധൃത
രാഷ്ട്രർക്കില്ലൊരു ലുബ്ധൊന്നിന്നും
സൂപട്ടെട്ടുലഭിച്ചതു സുബലജ-
പോർവട്ടസ്തനിമൂലം തന്നെ
പേവട്ടക്കാറൻ ശകുനിക്കും
ഈവട്ടം ചേർന്നിട്ടില്ലൊട്ടും
നാലുംരണ്ടും മതിയെന്നവനും,
ചേലൊടു ഗന്ധാരിയുമുരചെയ്തു.
എട്ടും പത്തും ചെയ്യണമായതി-
നൊട്ടം സംശയമില്ലെന്നവളുടെ
നെഷ്ടികൾകൊണ്ടിട്ടൊട്ടുലഭിച്ചതു
മിഷ്ടന്മാരേ! ബോധിച്ചാലും
ഭാഗ്യവതി ഗാന്ധാരിയവളുടെ
യോഗ്യത മറ്റാർക്കുള്ളൂ നിനച്ചാൽ
അല്ലേനമ്മുടെകുന്തികണക്കിനി-
യില്ലേനാളെയുമിങ്ങിനെപൂജാ
അല്ലേ പാണ്ഡമഹീപതിതന്നുടെ
വല്ലഭയെന്നിവളെന്നറിയേണം
പാതിരാജ്യത്തിന്നവകാശികൾ
ബോധിച്ചാലുംധർമ്മസുതാദികൾ
നാളെത്തന്നെപൂജതുടങ്ങും
നാമെല്ലാം പോയിടരുതിന്നു
കോളപ്പുറവും കോശ്യപ്പള്ളി
വാളക്കോടുംവള്ളിക്കാടും
കൂടെക്കേറിച്ചെന്നിട്ടിപ്പോൾ
കുന്തിയൊടും ചോദിച്ചറിയേണം
ആരെല്ലാം സദ്യയ്ക്കുശ്രമിപ്പാൻ
സംഘക്കാരരു നിന്നീടേണ്ടു
നാളെത്തന്നേയുണ്ടോയെന്നും
നല്ലപ്പോഴേയാവോയെന്നും
സൂപട്ടെത്രലഭിക്കുമിതെന്നും
ബോധിച്ചല്ലോ പോകണമെന്നും
അന്തണഭാഷിതമേവം കേട്ടഥ
ചിന്താപരവശയായിവണ്ണം
"നിനയ്ക്കിലിനിക്കല്ലോകണക്കുരാജ്യത്തിന്നു
ഇവൾക്കുകുട്ടിനീടെ കണക്കുള്ളവകാശം
കൊടുക്കുന്നതും തിന്നുകിടക്കേണ്ടവൾക്കിപ്പോൾ
അടക്കം നാടുമായി നമുക്കിപ്രകാരമായ്
വിധിക്കും നേരില്ലാതെയിരിക്കും കാലത്തിങ്കൽ
ഇരിക്കേക്കാളുംനല്ലമരിക്കസകലർക്കും;
ഭുജിക്കുംചെയ്തകർമ്മംമരിക്കും പിന്നെവന്നു
പിറക്കും മുന്നോക്കർമ്മം ഭുജിക്കുന്നിപ്രകാരം
വചിക്കുന്നതുംനേരായിരിക്കിലിനിക്കിതു
വരുവാൻസംഗതിയുംവരികയില്ലാഞ്ഞല്ലോ;
എന്തീശ്വര! ഞാൻ മുന്നേജ്ജന്മനി
ഹന്തമഹാപാപം ചെയ്തിട്ടോ
കാന്തൻമൃതനായിങ്ങനെയുള്ളൊരു
സന്താപങ്ങൾ ഭുജിച്ചീടുന്നു!
ഭർത്താവുള്ളന്നിങ്ങനെയൊരുവൻ
വൃത്താന്തംപോലും ചൊല്ലീടാ;
വൃദ്ധൻപൂർവജനുംപേടിക്കും
പൃഥ്വീപതികളുമെന്തുരചെയ് വൂ
ആവകയെന്തു പറഞ്ഞിട്ടിപ്പോൾ
ഈവിധമായ് വന്നതുവിധിവിഹിതം
ഹാ വിധിയോ മമ കർമ്മഫലംകിമു
ദൈവത്തിന്നുതകില്ലാതായോ?
ഈവിധമപവാദം കേട്ടാലി-
ജ്ജീവസുധാരണമെങ്ങിനെശിവശിവ!
നാരായണ! നരകാന്തകവിഷ്ണോ!
നീരദസന്നിഭവാരിജനാഭാ!
നേരിന്നാധാരം നീയല്ലാ.
താരും നഹിനരസിംഹശരീരം!
ഏകാദശിതിരുവോണം രോഹിണി
തിരുവാതിര കാർത്തികവ്രതമിങ്ങനെ
ശിവരാത്യാദികളുപവാസിച്ചതു
വിഫലമതായ്പോയോമുകിൽ വർണ്ണാ !
കരുണാകരകമലാവല്ലഭ!ജയ
ധരണീധരഭരണം സവേശം!
തിരുമലരടിയെന്യേമറ്റൊരു ഗതി
ഒരുവർക്കും നഹിസുരമുനിവന്ദ്യം
സ്രഷ്ടാസൃഷ്ടിപ്പതു നിൽകരുണാ
പുഷ്ട്യാതന്നെസന്ദേഹം നഹി
മട്ടലർശരവൈരിയുമിന്നിപ്പോൾ
മററല്ലെന്നുമഹത്തുകൾപറവൂ
ധൃഷ്ടതഭാവിച്ചമരേന്ദ്രൻദിവി
പുഷ്ടാടോപംമൌഢ്യതഭാവി-
ച്ചിട്ടുതെളിഞ്ഞീടുന്നതുനിന്നുടെ
പുഷ്ടകൃപാബലമല്ലോ പോറ്റി!
വിഡ്ഢിക്കുടവയറച്ചാർ കുബേരൻ
മൌഢ്യതയും നിൻതിരുവുളമത്രേ;
അന്തകനും തവകരുണാശക്ത്യാ
ഹന്തകഴിച്ചീടുന്നു നിതാന്തം,
എന്തീ കുന്തിപിഴച്ചതുനിന്നൊടു
ചെന്താമരനയനാനരകാരേ!
അവളുടെമക്കളുമെന്നുടെ മക്കളു-
മവകാശംകൊണ്ടൊരുപോലിവിടെ
ഇവരുടെ അച്ഛൻമൃതനായതിനാൽ
അഹമിതിപിടിയാത്തവളായ് വന്നു;
അതിബാലന്മാർമിറികിൻമുട്ടക-
ളവരുടെ ഭാഗ്യം പോരായ്കത്രേ;
അവനീശൻമൃതനായതിനെന്തിനു
പഴുതേഞാൻദുഃഖിച്ചീടുന്നു;
മായാമാനുഷനാകിയകൃഷ്ണൻ
ആയവനുടെകൃപയുണ്ടെന്നാകിൽ
ആയതുസാധിപ്പാൻ ഞാനോമതി –
യായേക്കാമിക്കാലംതന്നെ;
പണവുംഭണ്ഡാരംകരികോലം
പടയും നാടും പാടെയവക്കായ്;
ഒടികടമാടവുമോട്ടപ്പാത്രവു-
മുടുതുണിപഴയതുമായിനമുക്ക്
കൊട്ടണമുണ്ടോട്ടെപാണ്ഡവരും
കൊട്ടണമതുവേണ്ടായെന്നാലും
ഇഷ്ടം ദുര്യോധനനുറുങ്ങരി
എട്ടുനുറുങ്ങയവയ്ക്കേ വേണ്ടു
കൊട്ടുവതിന്നിമ്മക്കളെയെല്ലാം
യഷ്ടിയുമായിനടക്കും ശകുനി;
വിദുരരുഗംഗാദത്തനുമൊഴികെ
വിരുദ്ധക്കാറേയുള്ളിവിടത്തിൽ
ഒരുവരുമില്ലനമുക്കെന്നായി
അരുമയിതെന്നിവിടെസ്സാധിപ്പാൻ
ഇത്തിരിയെല്ലാമുണ്ടു നമുക്ക-
പ്പൊന്നുംപൊടിയുമെടുപ്പാനിന്നും
കിംഫലമിതുസാധിപ്പാൻഞാനും
എൻപിള്ളകളും മതിയാകാതായ്
ശരണാഗതവത്സല! ജയശൗരേ
ശാർങ് ഗായുധശാശ്വതഗോവിന്ദ!
എൻമക്കൾക്കാധാരം മറ്റി-
ലിമ്മഹിയിങ്കലിതതിനിതതൊഴുതേൻ.
നിനച്ചീവണ്ണം ചിന്തിച്ചഴുതുകുന്തിയപ്പോൾ
ഗമിച്ചുധർമ്മജനുംഅനുജന്മാരുമായി
എടുത്തുഭീമനൊരുകരത്തിൽ ചോറുമന്യ-
കരത്തിൽപ്രഥമനും കലത്തിൽപകർന്നിട്ടു
കുടത്തിൽ ദധിതൂക്കിഎടുത്തുകിരീടിയും
എടുത്തു മാദ്രിജരുംകരത്തിലിവമറ്റും
നിരത്തിവെച്ചമ്മയെ വിളിച്ചുമ്മാനായപ്പോൾ
മരുത്തിൻമകനതികരുത്തനായഭീമൻ
അമ്മേ! അമ്മേ!വന്നാലും തവ
ഉമ്മാനെന്തേവൈകിക്കുന്നു?
ചെമ്മേചോറും കറികളുമെല്ലാം
ചേലൊടുകൊണ്ടന്നിട്ടുണ്ടല്ലോ,
ഉമ്മിണിയല്ലമ്മേപരമാന്നം
തിമ്മാൻപട്ടർവിളമ്പുകമൂലം
അമ്മേയുണ്മാൻവരുവാറായെ
ന്നമ്മാരുതതനയൻപറയുമ്പോൾ
അമ്മാൻമിഴിയാളാകിയ കുന്തിയു-
മശ്രുപൊഴിച്ചഥമൂക്കുപിഴിഞ്ഞു
അമ്മുഴുമതിമുഖവുംബന്ധൂകം
ചെമ്മേകുമ്പിടുമധരോഷ്ഠങ്ങളു-
മാച്ഛാദിച്ചിതുകരകമലത്താൽ
ദീർഘശ്വാസത്തോടുംകൂടെ
അമ്മേയിവണ്ണംകണ്ടപ്പോൾ
അന്തകസുതനും ചിന്തതുടങ്ങി
അന്നേരം ഭീമനുമർജ്ജുനനും
ആദരവോടുപറഞ്ഞാനേവം:
"എന്താണമ്മയുംജ്യേഷ്ഠനുമിങ്ങനെ
ഹന്തതുടങ്ങീടുന്നതുകഷ്ടം!
അയുതഗജാധികബലവാനായ് ഞാ-
നനുജനുമായിങ്ങനെജീവിക്കിൽ
അവരിലുമധികമെശസ്സൊടുവാഴുവ-
നച്ഛൻപാണ്ഡുനൃപാധിപനാണ
അച്ഛന്റേകാലത്തിൽ സുബലജ.
യിച്ഛകളൊന്നു സാധിച്ചീലം
ആശ്രിതഭാവവുമുണ്ടായില്ല-
ന്നയശസ്സുകൾ കേൾപ്പാറായില്ല
അച്ഛൻസ്വർഗ്ഗതനായെന്നാലു
മനുഗ്രഹമുണ്ടെന്നാലീഞങ്ങൾ
അച്ഛൻപാതിക്കവകാശിക
ളിജ്ജനമെന്നതുസംശയമില്ല;
തുച്ഛന്മാർക്കതൊഴിഞ്ഞുകൊടുപ്പാ –
നിജ്ജന്മംമൂളകയില്ലിഹഞാൻ;
അച്ഛന്റെ ശീലം നന്നല്ലോ
അജ്ജന്തുഗാന്ധാരിവഷള്
ഇച്ഛിച്ചതു സാധിക്കട്ടിപ്പോ
ളിജ്ജനമിശ്ശിപ്രായം വരുവോളം
നൂറിനെയും കൊട്ടിക്കൊന്നെന്റെ
ഊറ്റമതാംകരകരശനതീർത്തു
കാറ്റിന്മകനാം ഞാനും ജേഷ്ഠനെ
വെറ്റിയൊടേരാജ്യം വാഴിപ്പൻ!
കൊറ്റവനന്ധൻ മുതുപ്രാണിയെനാം
കൊല്ലേണ്ടാ അതുമാനവിരോധം
ഇല്ലൊരു കഥയിന്നവനാലേതും
സൊല്ലയുമില്ലൊരെടത്തുകിടക്കും;
കറ്റണികുഴൽഗാന്ധാരിയെയിന്നൊരു
പറ്റു കുടിപ്പിച്ചീടുകയില്ലാ
കൊറ്റിനുമുട്ടിപ്പട്ടിണിയിട്ടു
ദുഷ്ടതയെന്നുനിനച്ചുകരഞ്ഞേ
തുഷ്ടിവരൂമമചിത്തതയെന്നതു
ജ്യേഷ്ഠനുമമ്മയുംബോധിച്ചാലും''
ഹരിസമഭുജബലവിക്രമിയാകിയ
ഹരിസുതഗിരമിതുകേട്ടദശായാം
ഹരിഹരവിക്രമിയാകിയപാർത്ഥൻ.
ഹരിഹരസൂനുവുരത്താനേവം.
“ഒടുക്കി നൂറ്റുപേരെ അടക്കം രാജ്യം വാഴ്വാൻ
മിടുക്കില്ലാഞ്ഞിട്ടല്ലേകിടക്കുന്നീവണ്ണം
നാം അടിക്കീഴ്പൊടിയേറ്റുകിടക്കുന്നെന്നഭാവം
നടിക്കുമവരിപ്പോൾക്ഷമിക്കകുറഞ്ഞൊന്നു
അടൽക്കുയോഗമെത്തി അടല്ക്കളത്തിലെത്തി
അടുക്കുന്നേരം കാട്ടിക്കൊടുപ്പൻ ഭുജബലം;
മുടിച്ച കള്ളന്മാരെ മുടിച്ചു ചിലരുടെ
മുടിക്കു ഭംഗമേറ്റിപ്പിടിച്ചുകെട്ടിനന്നാ –
യടിച്ചുകൊല്ലുവാനുമസഹ്യമഗ്രജനും
പടുത്വമോടുഞാനും മുടിപ്പൻ രിപുക്കളെ"
മക്കളുടെഗിരമേവം കേട്ടുകുന്തിതാനും
ചിക്കനെമോദാശ്രുപൊഴിച്ചുൾക്കനിവിനോടെ-
ദുഃഖവുമടക്കിച്ചെന്നുതൃക്കൈകൾകൊണ്ടപ്പോൾ
മക്കളെയനുഗ്രഹിച്ചുഗൽഗദവണ്ണേന !
ദുഃഖകാരണങ്ങളൊക്കെ അക്കരി നടയാൾ
തൽക്ഷണംചൊന്നതുകേട്ടഫൽഗുനനും ചൊന്നാൻ
"ധിക്കരിച്ചപൂജയിതുദുഷ്കരമിതല്ലോ.
മുഷ്ക്കരമായൊരുകർമ്മംമമ്മബോധിക്കേണം
അക്കരീശനെയിവിടെയിക്കിരീടികൊണ്ട-
ന്നിക്രിയകഴിപ്പനഹംമദ്ഗിരീശനാണ
പുഷ്കരലോചനനുടെഉൾക്കൃപയാൽവ്യോമ-
പുഷ്കരചാരികളോടും ശുക്രനെവരുത്തി
സ്വർഗ്ഗവിലാസിനികളാലിഗ്ഗൃഹമലംകൃ-
ത്യാഗ്രഭുക്കുകൾക്കമൃതഭുക്കുകളെയാക്കി-
സ്വർഗ്ഗവാസികളെക്കൊണ്ടുഭുക്തവുമുണ്ടാക്കി-
ച്ചിഗ് ഗൃഹേകഴിപ്പൻസദ്യഇക്കിരീടിനാളെ;
അച്ഛനമരേശൻപാണ്ഡുവാകുമച്ഛനോടും
ഇച്ഛയിൽ വന്നിവിടിരുന്നിജ്ജനവുമായി
മജ്ജനഭോജനനിദ്രാസക്തരായിമോദാൽ
മാനമോടും ഐരാവതപൂജകഴിപ്പിച്ചു
വേണ്ടുവോളംധനം വാരിക്കോരി വിപ്രന്മാർക്കും -
കൊണ്ടുപോവാൻ കൊടുപ്പിപ്പാനൊണ്ടിനിക്കുശക്തി
ശണ്ഠികൾമണ്ണുകൊണ്ടുള്ളോരാനയല്ലോപൂജി-
ച്ചണ്ടർകോനേയും ആനയുമിങ്ങുവരുത്തീട്ടു
രണ്ടുനാലുദിനം കഴിയുന്നതിനുമുമ്പേ
ഇണ്ടലെന്യേസാധിപ്പൻഞാൻകണ്ടുകൊൾകെന്റമ്മേ
ഉണ്ടുകൊണ്ടാലുമിതുകൊണ്ടുണ്ടാകേണ്ടതാപം
കുണ്ഠതകൈവെടികമ്മേ! ദണ്ഡനമസ്കാരം
ഫൽഗുനഗിരമിവണ്ണം കേട്ടുകുന്തിതാനും
ഫൽഗുപരിതാപയായിസൽഗുണിനിവേഗാൽ
ഭക്ഷ്യം ഭോജ്യഖാദ്യപേയാദ്യങ്ങളെല്ലാമൻപാൽ
ഭക്ഷണംശിക്ഷയിൽത്തന്നെതദ്ദിനംകഴിച്ചു;
ദക്ഷനാമർജ്ജുനൻ സഹസ്രാക്ഷനായിക്കൊണ്ടു.
ശിക്ഷയിലൊരുസന്ദേശപത്രികഎഴുതി
തൽക്ഷണമൊരമ്പുംകോലേലെക്കുട്ടിവില്ലും പൂട്ടിത്തൊടു
ത്തിക്ഷിതിയിൽ നിന്നുമേൽഭാഗത്തയച്ചരുളി.
ബാണവുമന്നേരംജഗൽ പ്രാണ വേഗംഗമിച്ചുഗീർ -
വാണലോകംപ്രവേശിച്ചനേരമമരാധിപനും
ഊണുമെല്ലാങ്കഴിച്ചുടനേണശാബാക്ഷികളോടു
വേണുവിളിച്ചീടുകയുംവീണവായിച്ചീടുകയും
തിത്തിയിൽ സ്വരം വിളിക്കമദ്ദളക്കാരൊത്തുകയും
നർത്തകീജനംവിവിധനർത്തന കൌതുകത്തോടും
ഉത്തമനാംനാരദനുംതുംബുരുവുംകയ്പിടിച്ചു
രുദ്രവീണതംബുരു തോളത്തുവച്ചതികുതുകം
ക്രത്തുകണ്ടുരസിച്ചുംമൂർദ്ധാവുകൊണ്ടുസമ്മാനിച്ചും
തത്രമദ്ധ്യേമദ്ധ്യേസൂത്രാമാവിനെനോക്കിച്ചിരിച്ചും
വൃത്രവൈരിതാനുമേറ്റം സുപ്രമോദം കലർന്നതി
സ്വസ്ഥനായിസിംഹാസനേഇത്തിരിനേരമിരുന്നു
പുത്രനാമർജ്ജുനനെയ്തൊരസ്ത്രവും പത്രികയുമായ്
സൂത്രാമാവിന്റെമടിയിൽവന്നിരുന്നനേരം
ചിത്രമിതെന്തെന്നുതന്റെതൃക്കരങ്ങൾകൊണ്ടെടുത്തു
പത്രികനോക്കിവായിച്ചു വാചകവുംധരിച്ചേവം
പുത്രവാത്സല്യാതിരേകാലെത്രയുംമുഖത്തുകാട്ടി
പത്രികമാർവത്തണച്ചുനിസ്തുല കൌതുകത്തോടും
പുഞ്ചിരിതൂകിമഹേന്ദ്രനുമപ്പോൾ
കഞ്ജഭവാത്മജനോടിദമരുളി
ഹേ ഹേ! നാരദർ വരികരികേയി-
സ്സാധനമധുനാവായിച്ചാലും!
ഊർവശ്യാദികളിശ്ശിയിരിപ്പിൻ
ഇശ്ശിയിരിപ്പിൻ വാദ്യക്കാരും;
അപ്പോൾ നാരദനമരാധിപനൊടു
പത്രികവാങ്ങിയുടൻ വായിച്ചു,
"അഗ്രജനായജയന്തൻവായി-
ച്ചച്ഛനെയറിയിക്കേണ്ടുമവസ്ഥ
സുബലസുതാതനയന്മാരിപ്പോൾ
പ്രബലംവിദ്യാഭ്യാസേവരുവാൻ
പ്രബലകരീശ്വരപൂജകഴിച്ചു
പ്രബലതയവിടെകാട്ടീതവരും;
ഉത്സവഘോഷമിവണ്ണം തന്നെ
ഉർവിയിലെങ്ങും കേട്ടിട്ടില്ല,
കുത്സയതിന്നുണ്ടായിട്ടില്ലതി
ദുസ്സഹമായവന്നിതുഞങ്ങൾക്കും;
സദ്യകഴിഞ്ഞാ ഭുസുരവരരും
സദ്യോഞങ്ങടെപടിയേപോമ്പോൾ
പരിഹാസോക്തികളിഹവിപ്രന്മാർ
പഥിവിവരിച്ചുനടന്നാരേവം:
"കുന്തികണക്കിനിയുണ്ടേനാളേ
ദന്തീശ്വരപൂജാഭുസുരരേ!
ഹന്തപണംവിംശതികിട്ടീടും
പന്തിയിതിനില്ലെന്നും കേചിൽ
ഹന്തനൃപൻമൃതനാകാഞ്ഞെങ്കിൽ
അങ്ങിനെതന്നെസംശയമില്ല;
ഇത്ഥം മാർഗ്ഗികൾ പറയുന്നതുകേ -
ട്ടുൾത്താപം ജനനിക്കുംജ്യേഷ്ഠനും
അക്കാര്യത്തിന്നച്ഛൻതന്നെ
അമരവരന്മാരേയും കൂട്ടി
അക്കരിവരനെയുമിങ്ങുവരുത്തി-
ട്ടിജ്ജപമാശുതുടങ്ങിക്കേണം;
പിന്നെവിശേഷിച്ചും താമസിയാ
തൊന്നിനുപേക്ഷവരാതേകണ്ടു
വന്നീടണമച്ഛൻതന്നെയി
തൊന്നൊഴിയാതെവഹിപ്പിക്കേണം;
ഇപ്പടികൈയെഴുതിയയയ്പമ്പാൽ
ഇന്ദുകുലേശൻ പാർത്ഥനെഴുത്തു്"
കുറിവാചകമതുകേട്ടമരേശൻ
കുറവിയലാതൊരുപ്രണയത്തോടും
മറുവാചകമുരചെയ്യാതേതൻ
മന്ത്രികളോടിദമരുളിച്ചെയ്തു:
"എല്ലാരും കേട്ടല്ലോയിതുകൊ-
ണ്ടെങ്ങിനെവേണ്ടുവെന്നതുപറവിൻ
ചെല്ലാഞ്ഞാലുണ്ടേപോരായ്മകൾ
ചെന്നാലും പുനരങ്ങിനെതന്നെ;
എല്ലാരും കൂടിക്ലേശിച്ചു
ചൊല്ലണമെങ്ങിനെവേണ്ടുവതെന്നും''
അമരാധിപഗിരമേവംകേട്ടി-
ട്ടമരന്മാരും ചിന്തിച്ചേവം
കുമതികൾ പലർകൂടിക്കൊണ്ടിന്ദ്രനെ
നമനം ചെയ്തീവണ്ണമുരത്താർ:
"ഇന്ദ്രാണീവല്ലഭ ദേവേന്ദ്ര
വന്ദാരോർമന്ദാരം!ജയജയ!
സന്ദേശത്തിൽകണ്ടൊരു കാര്യം
സന്ദേഹം തന്നെയാകുന്നു
തന്ദേശം ഗന്തും നഹിയോഗ്യം
മന്ദേശന്മാരല്ലല്ലോനാം;
വൃന്ദാരാധിപ ! നമ്മളിലാരാ –
നിന്നേതിൽകീഴിൽ ഭൂലോകേ
ചെന്നൊരു മർത്ത്യനുമായിസ്സഖ്യം
വന്നിട്ടില്ലതുബോധിച്ചാലും;
ഇന്ദ്രന്മാർ പലരുണ്ടായിവിടെ
അന്നിങ്ങിനെയിതുകേട്ടിട്ടില്ല”
എന്നമരന്മാർചൊന്നതുകേട്ടി-
ട്ടിന്ദ്രനുമരുളിച്ചെയ്താനപ്പോൾ
"എന്നല്ലുത്തരകോസലമായൊ –
രയോദ്ധ്യാവാസികളാകും നൃപരൊടു
വൃന്ദാരകനാഥന്മാർസഖ്യമി
രുന്നാവഴിപലതും പറയാമേ
അതുമിതുമെന്തിനുപറയുന്നിങ്ങിനെ
ഇതുകൊണ്ടിപ്പോൾവന്നതുപറവിൻ'
അതുകേട്ടവർപിന്നെയുമുരചെയ്തു.
"ഇതുങ്ങൾക്കൊട്ടുംചേർന്നില്ല;[1]
കണ്ടവരുടെകുറികണ്ടീടുമ്പോൾ
മണ്ടീടത്തക്കവരല്ലല്ലോ
അണ്ടർപുരാനങ്ങുന്നെന്തിങ്ങനെ
ചെണ്ടത്തരമായിട്ടുതുടങ്ങി?
പണ്ടേയീകല്പനകൾക്കല്ലാ-
തൊണ്ടേ ഞങ്ങൾക്കൊന്നിൽ കാര്യം
കല്പിക്കുന്നതുകേൾക്കാമിന്നും
കല്പിക്കുംവേലകളും ചെയ്യാം;
കല്പിച്ചൊരുകാര്യത്തിന്നിപ്പോൾ
ഇപ്പടിയെന്നേതോന്നുന്നുള്ളു’’
എന്നമരന്മാർചൊന്നതുകേട്ടു
മന്ദസ്മിതമൊടുശചിയും ചൊന്നാൾ;
വല്ലായ്മകൾ പറയായ് വിൻ നിങ്ങൾ
വല്ലായ്മക്കാരായ് വന്നിടും
സ്വർലോകാധിപനുടെ അന്തർഗ്ഗത-
മല്ലോയിക്കുറിവന്നതുമിവിടെ;
എല്ലാരും വിപരീതിച്ചാലും
വല്ലഭനിതിനായങ്ങുഗമിക്കും ;
കുന്തീ 'കുന്തി'യെന്നു നിശായാം
ഹന്ത! കിനാവിൽവിളിച്ചീടുന്നു.
എന്തെന്നതുഞാൻ ചെവിപാർത്തപ്പോൾ
എന്തൊരു പുതുമകൾപറയാവല്ലേ
എല്ലാംകൊണ്ടും പോകേയാവൂ
അല്ലാഞ്ഞാലമരേശൻമരണം
വല്ലാതെപ്രാപിക്കും നമ്മൾ-
ക്കെല്ലാർക്കും സങ്കടമുണ്ടാമേ!
പണ്ടുണ്ടായിന്ദ്രന്മാർക്കാർക്കാ -
നങ്ങിളയിൽകാമിനിമാരാരാ -
നുണ്ടായിട്ട് മിണ്ടേണ്ടചില
ശണ്ഠകളുണ്ടാമതുകൊണ്ടിവിടെ
' ഇങ്ങനെശചിയുരചെയ്തതുകേട്ടി-
ട്ടിന്ദ്രനുമവരോടരുളിച്ചെയ്തു:
"ഇന്നിതുനിങ്ങൾക്കെല്ലാപേർക്കും
ചേർന്നതിനിക്കുംചേർന്നെന്നറിക,
എന്നാൽ പോകുന്നില്ലെന്നപ്പോൾ
ഇന്ദ്രാദികൾ പറയുന്നതു കേട്ടു
മന്ദസ്മിതമൊടുനാരദമുനിയും
മന്ദേതരമവിടുന്നു നടന്നു;
ഇന്നെന്തൊരു കലശൽ കൂട്ടേണ്ടൂ ഞാ-
നിന്ദ്രനുമർജ്ജുനനും തങ്ങളിലൊരു
ശണ്ഠകുറഞ്ഞൊന്നുണ്ടാവാനൊരു
സംഗതിയുണ്ടാമോഎന്നിങ്ങനെ
ചിന്തപൊറാഞ്ഞുടനേ നാരദനും
കുന്തീസുതരെക്കാണ്മതിനായി
ഹസ്തിനപുരമതിലസ്തായാസം
യുദ്ധകുതൂഹലിചെന്നാനപ്പോൾ
കൊക്കരവീണയുമക്കരതാരിൽ
ഉൾക്കമലേഹരിപാദസ്മൃതിയും
തെക്കുവടക്കിടയിടനോക്കുകയും
കൊക്കുകണക്കുഗളം നീട്ടുകയും
മൌക്തികമണിനിഭദന്തപ്രഭയും
മുക്തസ്ഫടികശരീരപ്രഭയും
അർക്കാഭാജിതമായികിരീടേ
വിഭ്രന്മരതകമണിയുടെ പ്രഭയും
തിക്കിത്തള്ളിയടുത്തുവരുന്നതു
ശിവശിവ!കുതുകംപറയാവല്ലേ
ഏണാങ്കാന്വയജാതന്മാരും
വീണാപാണിയെയിങ്ങനെകണ്ടു
വീണാദരവിൽ കൂപ്പിനിവർന്നു
പേണിപ്പയസാകാൽകഴുകിച്ചു;
പ്രീണിച്ചു തത്തീർത്ഥവുമാടി
അർഘ്യാദികളാമുപചാരത്താൽ
അർക്കാത്മജസുതനാദരവോടെ
അക്കമലോത്ഭവസുതനെപ്പൂജി-
ച്ചുൾകൃപയോടരുൾചെയ്തീവണ്ണം:
"ഇന്ദീവരസുന്ദരനയനകഥാ-
നന്ദാമൃതപാനാനന്ദാത്മൻ
വന്ദേതവചരണാംബുജയുഗളം
വന്ദാരോർമ്മന്ദാര!മുനീന്ദ്ര!
എന്തിപ്പോളിവിടേനിന്തിരുവടി
ചെന്താർമലരടികൊണ്ടിഹഞങ്ങടെ
മന്ദിരമൊക്കെയലംകൃതമാക്കിയ-
തന്തർമ്മോദാലരുളീടേണം;
സ്വർഗ്ഗാവനിപാതാളങ്ങളിലെ-
ന്തിക്കാലത്തൊരു പുതുമകളുള്ളു?
നിഷ്കൈതവമരുളീടുകിൽ ഞങ്ങൾ
ക്കാഗ്രഹമേറീടുന്നതുകേൾപ്പാൻ''
ധർമ്മജനുടെ ഗിരമേവംകേട്ടു
നിർമ്മലമാനസനാകിയമുനിയും
അമ്മഹിപാലകബാലകമൂർദ്ധനി
ചെമ്മേതൃക്കൈവച്ചരുൾ ചെയ്തു
സ്വസ്ത്യസ്തുയുഷ്മാകം സുഖസം -
സിദ്ധിർഭവതുസുരൈന്ദ്രം സരസം"
അനുഗ്രഹിച്ചവരെമുനിപ്രവരനിത്ഥം
കുലുക്കിജ്ജട,മുടിചെറുപുഞ്ചിരിപൂണ്ടു
അനുത്തമപ്രയുക്തംവചിച്ചുനൃപനോടു
നിനച്ചുദേവാദികളുറച്ചകാര്യമെല്ലാം.
“ഇന്ദുവംശാംകുരന്മാരേ ഇന്നുഞാൻ വൈകുണ്ഠേ
നിന്നുവേഗാലമരേന്ദ്രസന്നിധിയിൽവന്നു
സുന്ദരിമാരോടുമുമ്പർനായകനും തന്റെ
മന്ദിരനികടേയാടിക്കൂടിയിരിക്കുമ്പോൾ
അസ്ത്രവും പത്രികയുമായ്ഗോത്രഭിത്തിന്റങ്കേ
മാത്രയും താമസിക്കാതെവന്നിരുന്നനേരം
വൃത്രവൈരിതാനതെടുത്താദരവോടെന്റെ
ഹസ്തേതന്നുഞാനതുവയിച്ചറിയിച്ചാറെ
സത്രഭുക്കുകളുമായിത്തത്രനിരൂപിച്ചു
ഇപ്പടയ്ക്കമ്പായ് വരികയില്ലയെന്നുറച്ചു;
ഇപ്പടിധരിച്ചവിടുന്നപ്പൊഴേ പുറപ്പെ-
ട്ടിപ്പുരിയിൽ വന്നുവിരയെപ്പറവതിന്നായ്
ഓലയെഴുതിയയച്ചകാരിയത്തിന്നിന്ദ്രൻ
നാളെ വരുമെന്നു ഭവിച്ചിങ്ങിരിക്കവേണ്ട
ആളുമമ്പും കണ്ടു പേടിക്കേണ്ടവനല്ലിന്ദ്രൻ
വ്രീളയാമിക്കുറിയിലെവാചകങ്ങൾകേട്ടു
ഇത്ഥമോരോ ഭർത്സനവുംകുത്സയായഗീരും
സൂത്രാമാവും കൂടിക്കൊണ്ടിട്ടത്രിദശന്മാരും
വത്സനെന്നഗീരുകേട്ടുമത്സരിച്ചിന്ദ്രാണീ
കുത്സയുരചെയ്തതൊന്നും ഹന്തപറയാമോ
ആയവസ്ഥകണ്ടും കേട്ടും ഞാനുമതിൽകൂടി
ആയബദ്ധന്മാർ പറഞ്ഞതാകവേധരിച്ചു
ആയവസ്ഥനിങ്ങളോടുബോധിപ്പിപ്പാനായി
മായഹീനം ഞാനിവിടെവന്നതുനരേന്ദ്ര!
ആയതിനെന്തിനിവേണ്ടു എന്നുനിരൂപിച്ചി -
ട്ടായുധപാണികൾ നിങ്ങളൈവരുമുറയ്ക്കു്’’’
നാരദഗിരമതുകേട്ടദശായാം
നലമൊടുധമ്മാത്മജനുരചെയ്യൂ:
"ഞാനൊരു പന്തീരാണ്ടേക്കിന്ദ്രനെ
നലമൊടു സേവിച്ചിടുന്നാകിൽ
നഹി സംശയമിവിടേയ്ക്കു വരുത്തി
ഞാനീക്കർമ്മം സാധിക്കുന്നേൻ
ഇത്ഥംധർമ്മജഗീരുകൾകേട്ടതി-
ബദ്ധാടോപംമാരുതതനയൻ
ക്രൂദ്ധിച്ചഗ്നിയിൽ വരുമൂർമ്മികളെ
സ്തംഭിച്ചദ്ധാലജ്ജിപ്പിക്കും
ക്രുദ്ധിതഭാവം കാട്ടിദൃഷ്ടികൾ
വട്ടത്തിൽ ചുറ്റിച്ചരുൾചെയ്തു:
"മത്തേഭത്തലവന്മാർതങ്ങടെ
മസ്തകമസ്തായാസമടിച്ചു
ഭിത്ത്വാരക്തം പാനം ചെയ്തതി
ക്രൂദ്ധിച്ചലറും കേസരിതന്നുടെ
മസ്തകപാടപടുവാം മൽഗദ -
ഹസ്തേധൃത്വാ ഞാൻ സുരലോകേ
ഗത്വാതത്രസ്ഥാമമരാവതി
സൂത്രാമ്ണാമൈരാവതസഹിതം
ഹൃത്വാത്രാനേതുംശക്തോഹം
തത്രഗമിപ്പതുമാത്രമസാദ്ധ്യം
എന്നെയെടുത്താരാനും വാസവ-
വാസേവെച്ചേച്ചുഎന്നാകിൽ
ഇന്ദ്രൻതന്നെക്കൊണ്ടിക്കാര്യം
ഇന്നേദ്ദിവസം സാധിക്കുംഞാൻ;
'' അന്തകമാരുതനന്ദനഗീരുക-
ളന്തസ്സാരവിഹീനമിവണ്ണം
കൗന്തേയൻവിജയൻകേട്ടുടനേ
അന്തസ്സാരസമേതൻചൊന്നാൻ:
“ക്ഷമിക്കകുറഞ്ഞൊന്നുവരുത്തുന്നൊണ്ടിന്ദ്രനെ
ഒരിക്കലിനിച്ചെന്നുപറകനാരദനും
ചതുർദ്ദന്തിയേയുംകൊണ്ടിവിടെവന്നിക്രിയ
തരത്തിൽക്കഴിപ്പിക്കതരമെന്നറിഞ്ഞാലും
കരുത്തനാകുമെന്റെ ഉരത്തബാണം കൊണ്ടു
കരുത്തു കേടുനന്നായ്വരുത്തുമമരരെ
കനക്കേടുകൾ വരും മരുത്ത്വാനതുനേരം
ഇനിക്കൊണ്ടപമാനം കനക്കെയതുകൊണ്ട്
തന്നത്താനറിയാതൊരുഡംഭുകൾ
നന്നല്ലെന്നു പറഞ്ഞേച്ചാലും!
തന്നത്താനറിയാഞ്ഞാലുടനെ
പിന്നെത്താനറിയും പുനരെന്നും
ഇന്നത്തേതും മുന്നത്തേതും
പിന്നത്തേതും ചിന്തിക്കേണം;
ഇന്നത്തേദിവസംതന്നെചെ -
ന്നിന്ദ്രനൊടിങ്ങനെബോധിപ്പിക്ക;"
എന്നർജ്ജുനനുരചെയ്തതുകേട്ടു
മന്ദസ്മിതമൊടുനാരദമുനിയും
മന്ദേതരമാശ്ശിസ്സുംചൊല്ലി
മംഗലധാമാവരുളിച്ചെയ്തു:
"ഇന്നീവണ്ണം ചെന്നുപറഞ്ഞാ-
ലിന്ദ്രൻബഹുമാനിച്ചുവെങ്കിൽ
വന്നീടുവനഹമിന്നേതന്നപ-
മാന്യതയാകിലതന്യേതന്നെ;
എന്നുപറഞ്ഞമരാലയഗതനായ്
ഇന്ദീവരസുതസുതനാംമുനിയും;
ഒന്നൊഴിയാതമരേന്ദ്രനെയർജ്ജുന
സന്ദേശങ്ങളുണർത്തിച്ചരുളി
ഒന്നുംമിണ്ടീലാവാസവനും
നിന്നുകുറഞ്ഞോന്നവിടെമുനീന്ദ്രൻ.
അക്കഥയവിടെയിരിക്കട്ടേപുന-
രർജ്ജുനനദ്ദിനമിംഗിതമോടും
നിർജ്ജരനിശ്ചയമറിയണമെന്നതി
നിശ്ചലനായിവസിച്ചുഗംഭീരൻ;
പിറേറന്നാളെതിരേഫൽഗുനനും
തെറ്റന്നഥനിയമങ്ങൾ കഴിച്ചു
ഊറ്റമതായൊരു വില്ലുകുലച്ചഥ
കാറ്റിൻജവളിതബാണവരങ്ങളെ
മുറ്റുന്തെളികടയിച്ചുവെളുപ്പി-
ച്ചറ്റംകൂടാതുള്ളൊരുവഴിയിൽ
ഒറ്റാൽകുത്തും പോലേതന്നെ
ചുറ്റുംകുത്തിനിറുത്തികിരീടി;
വെറ്റിയൊടേതലകോർത്തുവലിച്ചഥ
ചുറ്റിക്കെട്ടിമുറുക്കിതദാനീം
നെറ്റിപ്പട്ടം പൊൻതകടാലൊരു
കുറ്റംകൂടാതുള്ളതുകെട്ടി,
മറ്റുംചട്ടകൾതോൽമെത്തകളും
മംഗലധാമാഭംഗീകൃത്വാ
തെറ്റെന്നഥ ചെറുഞാണൊലിയിട്ടുട
നൊറ്റക്കൊമ്പന്നായിക്കൊണ്ടു
ബാണവരം ചെവികഴിയെ വലിച്ചു
പിന്നെയൊരസ്ത്രം ഭൂമിയിലെയ്തു
ഗുരുഭൂതന്മാരെയുമപിതന്നുടെ
ഭരദേവതമാരെയുമപിചിന്തി-
ച്ചുരുരതരശൗര്യപ്രകടിതധാമാ
വരശരനിരസുരവരലോകത്തിൽ
തെരുതെരെയങ്ങനെ വർഷിക്കുന്നതു
കരിമുകിൽ നിരപെരുവരിഷം പോലെ
അഭ്രസ്തംഭ്രമദഭ്രംക്ഷിപ്രം
ശ്വഭ്രപ്രായോജന്യാഥഭ്രമു
വഭ്രതിവജ്റധ്വനിവിഭ്രമമൊടു
തൽപ്രതിമാർജ്ജുനസിംഹദ്ധ്വനിഭിഃ
ക്ഷിപ്രം ബ്രഹ്മാണ്ഡങ്ങളുമിളകി,
അഭ്രമുവല്ലഭനുൾഭ്രമമുൾക്കൊണ്ട -
ഭ്രതലേപരവശനായ് മണ്ടി
നിഭൃതേതരചെറുഞാണൊലികൊണ്ടും
നിർഭരകുതുകം ഘുമുഘുമുനിനദം
കിമിദമിതിസ്മൃതിചേർന്നമരകളും
സമരകുതൂഹലിനാരദമുനിയും
ഭ്രമമൊടു കീഴ്പോട്ടഥനോക്കുമ്പോൾ
ഭ്രമണശരാവലിവന്നുതുടങ്ങി,
അമരാധിപനും നാടകശാലയി-
ലമിതാഭോഗമികുന്നീടുമ്പോൾ
ധിമിനെന്നോരോപത്രികളാലേ
സദനസ്തംഭക്ഷോഭംകൊണ്ടു
കടച്ചിത്തൂണുകൾക്കുകടുക്കെന്നമ്പുകൊണ്ടു
നടുക്കംപൂണ്ടു പാരംനടുക്കമായിന്ദ്രനും
കടക്കങ്ങകത്തോട്ടുഅടയ്ക്കുവാതിലൊക്കെ
മിടുക്കന്മാരെങ്ങുപോയ്ത്തടുക്കകുമയെന്നു
മിടുക്കുള്ളവരോടീയവസ്ഥമുന്നേചൊന്നേൻ
തടുക്കാമെങ്കിലമ്പൂതടുപ്പിൻകയ്യന്മാരെ!
ഒടുക്കമിതുവരും നമുക്കെന്നതു ഞാന-
ന്നുരച്ചതന്നുചെമ്മേനിരസിച്ചിതുമിവർ
മടക്കിവാക്കാലെന്നെത്തടസ്സംചെയ്കകൊണ്ടു -
മുടിക്കുമിപ്പോഴെന്റെമിടുക്കനായമകൻ
അടക്കാമമരരെ അതിനുകില്ലില്ലേതും
ഇതിത്രിദശരോടെ വചിച്ചീടുന്നനേരം
പതത്രീപതിയാകയാലടച്ചുകതകുകൾ
അമരന്മാർക്കെല്ലാർക്കുംശരനിര
ധിമിധിമിനെന്നിടകൊണ്ടുതുടങ്ങി
വരുണാസ്ത്രം ചെന്നഗ്നിക്കേറ്റു
പരവശനായതുകൊണ്ടുജ്വലനൻ
പൊരുപൊരയങ്ങു പൊരിഞ്ഞഥമങ്ങി
പരവശനായഥ പാഞ്ഞുനടന്നു
അന്തകനുടെ ദംഷ്ട്രത്തിനുകൊണ്ടു
ഹന്തപിശാചകബാണംതരസാ ,
എന്തൊരു കുതുകം ചുണ്ടു ചതഞ്ഞൂ
സന്താപത്തോടുചോരയൊലിച്ചു
നീലമഹാമലയുടെമുകളീന്നഥ
കോലാഹലമൊടുമരുവിവരുംപടി
കോലവുമങ്ങുനിണാംബുവിൽ മുഴുകി-
ച്ചാലോലത്തൊടുമണ്ടിനടന്നു,
വഡ്ഢിക്കുടവയറച്ചാരാകിയ
വൈശ്രവണന്നൊരുചെണ്ടപിണഞ്ഞു
ചട്ടറ്റൊരു മുടിയും കടകാംഗുലി-
പെട്ടക്കൈവളവട്ടപ്പാവും
വെട്ടുമിടിപ്രഭപോൽവിലുസുന്നൊരു
പട്ടുടഞാണുകളൊക്കെയുമറ്റു
നെട്ടിപ്പോപോൽ നഗ്നനതായി
വഡ്ഢിംതുള്ളിച്ചോടും നേരം
എട്ടൊൻപതുബാണംധനദന്റെ
വഡ്ഢിക്കിട്ടഥഭിണ്ഡന്നങ്ങിനെ
മിട്ടേൽകൊണ്ടുതുടങ്ങികുബേരൻ
മുട്ടുംകുത്തിനടന്നുതുടങ്ങി
ഉർവശ്യാദികളായീടുന്നൊരു
പാർവണശശിമുഖിമാർക്കുപിണഞ്ഞൊരു
ദുർവിഷമങ്ങളുരയ്ക്കാവല്ലതു
ദുർവാക്കായ് വരുമെന്നൊരുശങ്ക
അസ്ത്രംകൊണ്ടഥവസ്ത്രം പോയി
വിശ്രുതരാകിനദേവസ്ത്രീകൾ
ഹസ്തം കൊണ്ടവർമധ്യംപൊത്തി
പേർത്തും പരവശരായ് മണ്ടുമ്പോൾ
പാത്ഥശിലീമുഖമേകംചെന്നവ-
ളസ്താംഗുലിയുടെ ഇടയിൽകൂടെ
പൃഥ്വീമണ്ഡലമതിനുടെതാഴ-
ത്തസ്ത്രം കൊണ്ടു പതിഞ്ഞഥനിന്നു
ബാണങ്കൊണ്ടുതറച്ചിട്ടേതും
പേണിസൂക്ഷിച്ചാൽ മുറിവില്ലാ
പ്രാണത്രാണപരായണമാരാം
ദേവസ്ത്രീജനമിങ്ങിനെയോരോ-
ഭാവക്കേടുകൾ കാട്ടിയതോരോ-
ന്നേതുമെനിക്കോ പറയാവല്ലേ
കുംഭീശ്വരകുംഭസ്തനിയാകിയ-
രംഭയ്ക്കേറിയൊരമളിപിണഞ്ഞു
കുംഭീശ്വരകരഡംഭപ്രതിമസു-
സംഭോഗോരുഗംഭീരനിതംബാ
ഡംബരസംവൃതഭാരംകൊണ്ടും
കുംഭസ്തനയുഗളങ്ങളുതങ്ങടെ
സംഭാരങ്ങടെഭാരംകൊണ്ടും
കമ്പപ്പെട്ടുവിറച്ചുവിറച്ചവൾ
കുംഭീശ്വരഗമനാപായുമ്പോൾ
കല്ലേത്തല്ലികവിണിട്ടുടനെ
പല്ലവതുല്യാംഗിവീണപ്പോൾ
പല്ലൊന്നും പോയില്ലവൾതന്നുടെ
പല്ലവതുല്യാധരമതസാരം
എല്ലാവരെയും ചുംബിച്ചിട്ടവൾ
പൊല്ലാതുള്ള തഴമ്പുകളപ്പോൾ
നല്ലതുപല്ലിനുനൽകിയമൂലം
മെല്ലേമാനിച്ചുപല്ലതിനെ
എന്നുപമിക്കാമവൾവീണപ്പോൾ
തന്നുടെപല്ലുകിറിക്കിണകണ്ടാൽ
തുമ്പികളെക്കണ്ടൊരുകുംഭികളഥ
കമ്പംപൂണ്ടോടുന്നതുപോലെ
കുംഭസ്തനികളുമായോരോവഴി
അംബരചാരികളോടിനടന്നു
ശലഭംപായുംപോലെയുമപ്പോൾ
ശരതതികൊണ്ടു വിരണ്ടോടുകയും
ശശവൽച്ചാടുകകാചനയോടുക
ശശിമുഖിമാരെത്തേടുകകൂടുക
കൃശഗാത്രികളെയെടുത്തോടുകയും
പിശുനന്മാരിട്ടേച്ചോടുകയും
ആകെവിരണ്ടും മാലു പിരണ്ടും
ശോകംപൂണ്ടും മാനസ കുണ്ഠിത-
ബാണം കൊണ്ടും നാണം പൂണ്ടും
വീണുമുരുണ്ടും കേണുവിരണ്ടും
ഗുഹകൾകണ്ടുകൊലുവതുകൊണ്ടു
ഒന്നും രണ്ടുമോരോഗുഹതന്നിൽ
നിന്നുംകണ്ടുമിരുന്നുമൊളിച്ചും
വിബുധാംഗനമാർവിബുധന്മാരും
അമളികൾവിവിധം കാട്ടിയതെല്ലാം
വിവിധമുഖൻഫണിപതിയുര ചെയ്കിലു-
മവധിവരാഎന്നല്ലോവേണ്ടു
ഉണ്ണിത്തമ്പുരാനുടെ ഗണ്ഡത്തിലമ്പുചെന്നു
ഭിണ്ഡെന്നുവിലങ്ങകൊണ്ടണ്ടർകോനുടെസുതൻ
ഖണ്ഡിതധൈര്യത്തോടെ വിണ്ണിൽവീണതുനേരം
ചെണ്ടക്കാറന്മാർചെന്നുതാങ്ങുമ്പോഴവർക്കിട്ടു
കൊണ്ടബാണങ്ങളതുകൊണ്ടുകൂട്ടാക്കാതവർ
ഉമ്പർകോൻസുതനെയുംകൊണ്ടുവന്നിന്ദ്രൻമു
മ്പിൽ ഉണ്ടായ സന്താപത്താലണ്ടർ കോൻനിൽക്കു -
ന്നേരം ഉണ്ടോരോദിക്പാലന്മാർമണ്ടിമണ്ടിവരുന്നു
അഗ്ന്യന്തകനിര്യതിവരുണാദികൾ
ഭഗ്നഹൃദാനഗ്നന്മാരായ്
മഗ്നാശ്ചതഥാസന്താപാബ്ധൗ
മാഹേന്ദ്രാലയഗതരായൊക്കെ
ഏകാദശരുദ്രന്മാരശ്വിനി
ദേവകളഷ്ടവസുക്കൾ പിതൃക്കൾ
ഖേദാംഭോധൌമുങ്ങിമരുത്തുകൾ
ദ്വാദശസൂര്യർ ദേവസ്ത്രീകൾ
ഭാഗവതന്മാരും സുരമുനികൾ
കിന്നരകിംപുരുഷോരകഗുഹ്യക-
വിദ്യാധരയക്ഷാദികളെല്ലാം
തന്നുടെകോലം തന്നെയായ് വ -
ന്നന്യോന്യം നോക്കാതെയുമായി
ഒക്കെയധോമുഖരായ് നിന്നിങ്ങിനെ
സ്വർഗ്ഗനിവാസികൾചിന്തതുടങ്ങി:
"ചിത്രംചിത്രമിതോർത്താലെന്തൊരു
മർത്യന്റെ ഭുജവിക്രമമയ്യാ!
മർത്യൻതന്നെയുമല്ല പാർത്ഥൻ
മറ്റൊണ്ടതിനൊരു കഥബോധിക്ക
കൃത്യം ഗുരുവൊടുചോദിച്ചെന്നാൽ
സത്യമിതിന്നൊഴിവുണ്ടാമെന്നും
അമരേശ്വര ഗുരുവിന്റെ മുൻപി -
ലമംഗലവേഷത്തോടേചെൽവാൻ
ഭ്രമമേതാനുണ്ടോഎന്നും ചിലർ
ഭ്രമമല്ലങ്ങിനെതന്നേവേണം
എന്നുപറഞ്ഞമരന്മാർഗീഷ്പതി
തന്നെവരുത്തിയിതിന്നുടെഒഴിവുകൾ
ഒന്നൊഴിയാതെചോദിച്ചപ്പോൾ
ഇന്ദ്രാദികളോടരുളീഗുരുവും
അങ്ങുസുരന്മാരേ കേട്ടാലും:
"ഭംഗിയൊടർജ്ജുനനുടെചരിതങ്ങൾ
ഗംഗാധരസേവിതചരണൻഹരി
സംഗാസംഗൻസകലാധീശൻ
തുംഗസഹസ്രകവചനിശാചര -
ഭംഗംകർത്തും തിരുമെയ് നടുവേ
ഭംഗിയൊടേരണ്ടായിവിഭജി-
ച്ചിംഗിതമൊരുപോലെരണ്ടംശം
നരനെന്നും നാരായണനെന്നും
പരബോധത്തെവരുത്തിക്കൊണ്ടുട -
നരിയനിശാചരനെക്കൊലചെയ്തിതു
നരനാകുന്നതുഫൽഗുനനെന്നറി
നരനെന്നാലവനാരാകുന്നതു
പരമാത്ഥംബോധിപ്പിച്ചീടാം
വാമാംഗംവിഷ്ണു ദക്ഷിണമാ-
മംഗംശങ്കരനെന്നുംകേൾപ്പു
സോമാങ്കൻശങ്കരനാകുന്നതു
കാമ്യാംഗംദക്ഷിണമാംഭാഗം
ആയംശംതന്നെയാകുന്നതു
വീര്യപുമാനാം ഫൽഗുനനെന്നറി
കൃഷ്ണൻശ്രീനാരായണനെന്നു
പ്രത്യേകം പറയേണ്ടായല്ലോ
വർണ്ണംകൊണ്ടും ചിന്തിച്ചാലീ-
വണ്ണംതന്നെ എന്നു ധരിക്കാം;
ശുദ്ധസ്ഫടികവിരാജിതഗാത്രൻ
മുക്തശശാങ്കവിരാജിതമൗലി
ഇത്രൈലോക്യങ്ങൾക്കും കർത്താ
ഇത്രിദശന്മാർകൾക്കും കർത്താ
ശത്രുജനാനാംപേർത്തും കർത്താ
സത്രഭുജാമുപചാരംകർത്തും
അസ്ത്യസാഗ്നേർമ്മുഖമാകാരം
വൃഷ്ണികുലേശ്രീകൃഷ്ണനതായി
ഉണ്ണേതരകരകുലേജിഷ്ണുത്ത്വവു-
മത്രമുകുന്ദാംശം താൻവിജയൻ
തസ്യശരങ്ങൾ നിരോദ്ധും ലോകേ
കോസ്തി ഭവന്തോപ്യഭയം ഭൂത?
പോരിമയുള്ള ജനങ്ങൾ മറുത്താൽ
പോരായ്മകൾ വന്നീടുംമുൻപേ
ചേരുകതന്നെ അതുകൊണ്ടില്ലൊരു
മാനവിരോധം വാനവവരരേ
മാനവനെന്നൊരു നിന്ദബലാലിതു
മാനവിരോധത്തിന്നൊരുവഴിയായ്
ആമാമെന്നു പറഞ്ഞവരെല്ലാം
ഊമൻമുളീടുന്നതുപോലെ
ഭീമശരാവലികണ്ടുഭയപ്പെ-
ട്ടാമയമോടഥമണ്ടിനടന്നു
ഇണ്ടൽ നമുക്കുണ്ടായതുതീർപ്പാൻ
വേണ്ടുന്നതുപറയാംകേട്ടാലും
ചെണ്ടക്കാരന്മാരേ ഇനിയും
മണ്ടിപ്പിൻ നാരദനേഭൂമൌ
വേണ്ടും വണ്ണംകല്പിച്ചെന്നതു
കണ്ടുപറഞ്ഞേയമ്പുകൾ നിൽപ്പു.
കൊണ്ടതിലാർക്കാനുണ്ടാമുറിവി-
കണ്ടമരന്മാർക്കൊന്നതുപറവാൻ
രണ്ടുകരത്തിലുമുള്ളൊരുമുടുവുകൾ
ചങ്ങലകിങ്ങിണിമണിമാലകളും
കുണ്ഡലകവചകിരീടാദികളും
ഖണ്ഡിച്ചൊക്കെശരനിരകൊണ്ടു
മണ്ഡനഹീനതവന്നതുമോർത്താൽ
കർണ്ണേജപവരരേ!അറിയേണ്ടാ
കൊല്ലണമെങ്കിൽ കൊൽവാനവനൊരു
തെല്ലുംവേലയുമില്ലെന്നറിവിൻ!
വില്ലാളികൾ ബഹുമാനിക്കട്ടീ-
വില്ലിൻെറവൈദഗ്ദ്ധ്യം കണ്ടാൽ.
ഭൂമിയിൽ നിന്നുപ്രയോഗിച്ചതുകൊ-
ണ്ടാമയമെത്രലഭിച്ചു നമുക്ക്
ഭീമസഹോദരബാഹുബലൈരതി-
ഭീമതിശാലികളായെല്ലാരും
എന്തിനുവളരെപ്പറയുന്നിങ്ങിനെ
കുന്തീസുതസന്ദേശം കർത്തും
ഇന്ദ്രാദികളേകോപ്പുകൾമുതിരുക
ചെന്നീടുകമുന്നേ നാരദനെ-
ന്നന്നഗ്ഗുരുവരുൾചെയ്തതുകേട്ടും
നിന്നമഹാമുനിനാരദനരുളി:
"മുന്നേതന്നെഞാനവയെല്ലാ-
ഞ്ചൊന്നതുബഹുമാനിച്ചതുമില്ല
ഓടേണ്ടുന്നവനോടാം നിങ്ങളു-
മോടാതെകണ്ടിശ്ശിയിരിപ്പിൻ.
മേടുകളിനിയുണ്ടാകരുതെന്നവ -
നോടുപറഞ്ഞുശമിപ്പിപ്പൻഞാൻ
ഓടുകദേവാടികളും പുറകേ
മാടുകണക്കെല്ലാരും കൂടി
പേടകപെട്ടിതുറന്നു ജവത്തോ-
ടാടകളാഭരണാദികളെല്ലാം
കൂടെയണിഞ്ഞതിമോടികലർന്നി-
ട്ടാദരവായ് വന്നാലും നിങ്ങൾ.''
നാരദഗിരമീവണ്ണംകേട്ടു
നയവാനായ ബൃഹസ്പതിചൊന്നാൻ:
"താനിനിഹസ്തിനപുരിയിൽ ചെന്നാൽ
ആനന്ദാശികൾചെയ്തവനോടെ
ഞാനുരചെയ്തീടുംപടിപറകതു
മൂനംകൂടാതെകേട്ടാലും!
ആനകൾസേനകൾമാനിനിമാരും
ജ്ഞാനികളാകിയമാമുനിമാരും
വാനവരെല്ലാവരെയും കൂട്ടി
വാനവർകോനീവാനിൽക്കൂടെ
ദീനം തന്നേവരുവാനെന്നതു
താനവനോടുപറഞ്ഞിടേണം
ഇത്ഥം ഗീഷ്പതിവാക്കുകൾകേട്ടി-
ട്ടത്യാദരനാം നാരദമുനിയും
പൃത്ഥ്വീപതിയതിലാഗതനായി
പാർത്ഥനൊടിങ്ങനെയരുളിച്ചെയ്തു:-
"അരുതരുതമ്പുകളെയ്തീടരുതി-
ന്നമരാലയമതിലമളികൾപലതും
അമരാധിപനും ത്രിദശന്മാരും
ഭ്രമമൊടുയാത്രമുതിർന്നിട്ടുണ്ടു്
അവർകൾക്കൊരുവഴിവരുവാനില്ലാ -
ഞ്ഞവിടെത്തന്നേപാർത്തീടുന്നു
അതിനേതാനും കുശലുണ്ടെങ്കിൽ
ത്രിദശന്മാരിഹവന്നെന്നറിക"
മതിമാനാകിയപാർത്ഥനുമപ്പോ-
ളിതിനാരദഗിരമൻപിൽകേട്ടു
ചതുരൻശരതതികൊണ്ടാരായത-
സുഖകരസോപാനങ്ങൾ ചമച്ചു;
സുരലോകത്തോളമുർവീന്നങ്ങിനെ
സുരുചിരമെന്നേ പറവാനുള്ളൂ.
അമ്പുകൊണ്ടുനടകെട്ടീട്ടുമ്പർകുലമുമ്പൻ
തുംബുരു പ്രമുഖന്മാരുമൻപിനോടുകൂടി
തുംബുരുമുരളികൊമ്പും തുമ്പി കരതാളം
തമ്മിട്ടമുടുക്കിടയ്ക്കുതപ്പുതകിൽ ചിഹ്നം
മദ്ദളം പടഹം താളം തിത്തിയും മിഴാവും
ഒത്തുകൂടിമേളമിട്ടുകൊട്ടുകയുമേവം
കേട്ടനേരമമരന്മാർപുഷ്ട കൌതുകത്തൊ-
ടൊട്ടൊഴിയാതെ അമരപട്ടണത്തിൽ വന്നു
ചട്ടമോരോന്നേയൊരുങ്ങിയാത്രമുതിരുന്നു
അഷ്ടവസുക്കളുമന്നക്കെട്ടുമെടുപ്പിച്ചു
പ്രാഡ്വിപാകന്മാരെപ്പോലെനിന്നിതോരോപാട്ടിൽ
അശ്വിനീദേവകൾകളഭങ്ങളുമെടുപ്പി-
ച്ചച്ഛ വേഗത്തോടുമിന്ദ്രൻപാർശ്വഭുവിവന്നു
ദ്വാദശഭാസ്കരരരിരുദ്രഗണംകറിവക
ജാതവേദസ്സെടുപ്പിച്ചുഹോമപാത്രാദികളെല്ലാം
ഇന്ധനക്കെട്ടുകളെല്ലാമന്തകഭടന്മാർചിമ്മി
ഭിന്ദനംചെയ്വതിന്നോരോ കോടാലിയുംതോൾമേൽവെച്ചു
അന്ത്യഗായുസ്സിനെവന്നുദൃഷ്ടികളുന്തിച്ചധിക
സിംഹനാദധ്വനിപോലെഗർജ്ജനവുംചെയ്തുകൊണ്ട്
ഹുംകൃതികലർത്തും യമകിങ്കരസംഘങ്ങൾ വന്നു
ശങ്കരാനുഗാമികളാംഭൂതവൃന്ദങ്ങളുമപ്പോൾ
പൊൻകലശശരാവങ്ങൾവൻചരക്കുകമണ്ഡലു
പഞ്ജരാദികളിലൊക്കെ മഞ്ജുളവിഭവത്തോടേ
കുഞ്ജരത്തെക്കൊണ്ടുവന്നുകുഞ്ജരപാലകന്മാരു
മഞ്ജസാകുഞ്ജരോപരിഇന്ദ്രനുമമർന്നരുളി
പൊന്നുകൊണ്ടുചമച്ചേറ്റമുന്നതമാകിയതേരിൽ
കിന്നരേശനുംകരേറിത്തന്നുടെ പദവിയോടെ[2]
എന്നുടെപൗരുഷത്തെയിമ്മന്നിടത്തിൽകാട്ടണമെ-
ന്നുന്നിയോരോചാരണക്കൂട്ടന്മാരെയകമ്പടിയും
പൊന്നുമാണ്ട ചേലമാലപൊന്നിന്മൊട്ടുള്ളവാളുകൾ
മിന്നുമിടിപോലെമിന്നുംപൊന്നിന്മുടിമകുടവും
കുണ്ഡലമണ്ഡിതഗണ്ഡമണ്ഡലമണ്ഡിതനായി
ചണ്ഡബാഹുതുന്ദിലത്വംഎന്തൊരുപുതുമകണ്ടാൽ
ക്ഷീരമാജ്യംദധികളുംപാരമായചാറകളിൽ
ചാരുതരമെടുപ്പിച്ചുദേവർകോനകമ്പടിയായ്
ശർക്കര പഞ്ചതാരയുംപപ്പടംപഴക്കുലയും
ഒക്കെയോരോതരവഴിമിക്കതുംചുമന്നിട്ടൊണ്ടു
പെട്ടകങ്ങൾപെട്ടിചെല്ലംഒട്ടുഭണ്ഡാരക്കെട്ടുകൾ
കൊട്ടവട്ടിചട്ടകങ്ങൾ വട്ടുരുളീതരംവക
കട്ടകട്ടയുരുക്കിയിട്ടുള്ളപൊന്നങ്ങോരോവക
കട്ടിയായ്പാളങ്ങൾനീട്ടിയിട്ടുകിടന്നപൊന്നുകൾ
എട്ടുപത്തൊട്ടകത്തിന്റെപൃഷ്ഠഭാഗത്തിട്ടുംകൊണ്ടു
ധൃഷ്ടരായഗുഹ്യകന്മാരൊട്ടൊഴിയാതെവന്നപ്പോൾ
ചിക്കനെയസ്സുരനദികാന്തനോടുകൂടിവന്നു
ശക്രനുടെപുരോഭുവിനിർഗ്ഗതരായതിമോദാൽ.
ഉർവശിയാദിയായുള്ളസർവനാരിമാരുമായി
ആടുകയുംപാടുകയുംപാടവംകാട്ടീടുകയും
മന്ദമന്ദമങ്ങു നടന്നീടുകയുംകിന്നരന്മാർ
തുംബുരുവുംനാരദനുംതുംബുരുവായിച്ചുകൊണ്ടു
ഉമ്പർകോന്റെമുമ്പിൽകൂടിസംഭ്രമിയാതെനടന്നു
വിശ്വകർമ്മാവപ്പോൾവന്നൊരശ്വമേറീട്ടുതരസാ
വിശ്വദേവപിതൃക്കളുംപാണ്ഡുവാകുംനരേന്ദ്രനും
ഒക്കെയൊരുമിച്ചുദേവലോകവാസിജനമെല്ലാം
നിർഗ്ഗതരായതിന്മുമ്പേവിശ്വകർമ്മാനടകൊണ്ടു
ഹസ്തിനപുരിയിൽവന്നുപാർത്ഥഗേഹാങ്കണേനിന്നു
തത്രദേവരാജധാനി എന്നപോലെനിർമ്മിച്ചവൻ -
ഹാടകനിർമ്മിതനാടകശാലക-
ളോടുനടപ്പുരകൂത്തമ്പലവും
ഘോടകശാലകൾപാഠകശാലകൾ
വാടാവുകൾചിലചാവടിമാടം
ആട്ടക്കൊട്ടിലരങ്ങറപൂട്ടറ
ഊട്ടുപുരാദികൾകിണറുംകുളവും
ചാട്ടക്കൊട്ടിലുചന്തകൾ തെരുവുകൾ
കോട്ടപ്പടികൾപടിപ്പുരമാളിക
നാട്ടിപ്പൊൻകൊടി മരമതിലൊക്കെ
തൂക്കി കൊടിക്കൂറകൾനിരനിരവേ.
മിനുമിനെയങ്ങിനെതെറ്റീടുന്നൊരു
മുറ്റംകണ്ടാലെന്തൊരുകുതുകം
ഘനകനകത്തറതുളസിത്തറകൾ
ഘനപീനസ്തനിമാരുടെ സദനം
ഘനഖചിതംമണികാന്തികൾകൊണ്ട-
ദ്ദിനകരനുദയംപോലെചിലേടം.
ഇത്ഥം പാർത്ഥഗൃഹം കണ്ടാല-
ങ്ങത്രിദശാലയമെന്നകണക്കെ
ചിത്രതരംസൃഷ്ടിച്ചതു പറവാൻ
ബുദ്ധിബലം പോരാനമ്മൾക്ക്
സുത്രാമാദികളുംദേവകളും
എത്രയുമാഘോഷിച്ചതിതരസാ
ബദ്ധാടോപംവരുമൊരു കോപ്പുകൾ
പൃഥ്വിയിലുള്ളജനങ്ങളുകണ്ടു
വിസ്മയശാലികളൂർദ്ധ്വം പാർത്തി-
ട്ടിത്തിരിയങ്ങിനെനിൽക്കുന്നേരം
തീക്കിടിമിന്നൽ കണക്കോരോവക
സ്വർഗ്ഗശ്രേണികളെക്കാണായി
നാൽക്കൊമ്പന്റെ കഴുത്തിൽ കേറി-
ശ്ശക്രൻചാമരവും വീശിച്ചു
പൊൽക്കുടകൊടിതഴആമ്പടിമേളം
തിക്കിടകൂടീട്ടെന്തൊരുഘോഷം
ഉക്ഷവാഹനമേറിത്തരസാ
ത്രിക്ഷന്മാരാം രുദ്രന്മാരും
യക്ഷാധിപനുംതേരതിലേറി
ശിക്ഷയിൽവരുമൊരുമേളം കുതുകം
തൽക്ഷണമപ്പോളിക്ഷിതിതന്നിൽ
തൽക്ഷണമെത്തിനിറഞ്ഞുസുരന്മാർ
ധർമ്മജനാദികളൈവരുമായി
സമ്മാനിച്ചവരെല്ലാവരെയും
ചെമ്മേ ഓരോരോ ഭവനങ്ങളിൽ
വെണ്മതിമുഖിമാരെയുമവരാക്കി.
മണിമണ്ഡപമദ്ധ്യേശക്രനെയും
പ്രണമന്മാരയ്കൊണ്ടയിരുത്തി
പ്രണമനമമ്പൊടുചെയ്തപ്പോഴേ
ഘൃണയൊടുപാണ്ഡുവിനെയുമവർകണ്ടു
പ്രണമനമമ്പൊടുചെയ്തപ്പോഴതി-
പ്രണയത്തോടെനരപാലകനും
ഗുണവാന്മാരെയണച്ചുപുണർന്നു
പ്രണയത്തോടശ്രുക്കൾപൊഴിച്ചു;
കുന്തിയുമൻപൊടുകാന്തം ദൃഷ്ട്വാ
സന്താപത്തൊടുവന്ദിച്ചപ്പോൾ
ഇന്ദ്രാണിയുടെസവിധേമാദ്രിയെ
സാന്ദ്രാമോദത്തോടേകണ്ടു
ഇന്ദ്രാണിയെയും മാദ്രിയെയുംബത
കുന്തിയണച്ചാലിംഗനമോടും
നിന്നീടുമ്പോൾപാണ്ഡുസുതന്മാർ
ചെന്നവരിരുവരെയുംകൈകൂപ്പി
ശചിയും മാദ്രിയുമാമമ്മക്കളെ
വിശദസ്മിതമൊടുപരിരംഭിച്ചു,
കുചകലശങ്ങളിൽ നിന്നു ചുരന്നിതു
വിശദപയസ്സപ്പോൾ മാദ്രിക്കും.
ഇന്ദ്രനുമപ്പോൾ മകനെവിളിച്ചു
തന്നുടെയങ്കേതന്നെയിരുത്തി;
മന്ദസ്മിതമൊടുശിരസിനുകർന്നു
മന്ദേതരമിങ്ങനെയരുൾ ചെയ്തു:
"എന്തുണ്ണീ!മകനേവിജയാഞാൻ
ഹന്തവരാൻവൈകിയമൂലത്താൽ
സന്താപം കുറെയുണ്ടായതുനീ
സന്ത്യജതൽക്കാരണവും പറയാം
നിന്റെ ബാഹുപരാക്രമമറിവാൻ
നിന്നാണേയിന്നലെവരാഞ്ഞു
ഇന്നുപ്രസാദിച്ചിട്ടത്രേ ഞാൻ
വന്നതുമിവിടെസ്സുന്ദരഗാത്രാ
എന്നാലിനിവൈകിക്കാതെക -
ണ്ടൊന്നൊഴിയാതെയൊരുക്കുകോരോന്നേ"
എന്നമരാധിപനരുളിച്ചെയ്തു
നിന്നൊരുദേവകളോടും തരസാ
വന്നീടുകവാദ്യക്കാരെല്ലാം
നന്നായാഘോഷിപ്പിൻ വിരയേ
ദേവകളൃഷികൾകുളിച്ചുവരട്ട
ദേവസ്ത്രീകൾ നടിച്ചീടട്ടെ
ഒട്ടൊഴിയാതുള്ളമരകളെല്ലാ-
മുത്സവഘോഷം കൂട്ടീടട്ടെ
ധൃഷ്ടന്മാർചിലരരിവയ്ക്കട്ടേ
പട്ടന്മാരെക്കൂട്ടിക്കൊൾവിൻ
ഒട്ടുംവൈകാതെവൈശ്രവണൻ
വട്ടം കൂട്ടുക പഴയരിപക്വം
അഷ്ടവസുക്കൾകറിക്കുനുറുക്കുക
വട്ടികളീന്നരിതട്ടുകദിനകരൻ
കൊട്ടിലിലൊക്കെ അടുപ്പേലേററു
കുട്ടകമാദിചരക്കുകളൊക്കെ
ഇട്ടീടുകവെള്ളംവൈകാതരി-
വട്ടികളിൽക്കുത്തിക്കൊണ്ടരുവിൻ!
അമരാധിപനുടെകല്പനകേട്ടതി-
ശമദന്മാരാംദേവകദംബം
അകമേനല്ലസ്വഭാവത്തോടും
ശ്രമമോരോന്നവരുറ്റുതുടങ്ങി
മൃദുലതരം വാദ്യദ്ധ്വനികേട്ടതി-
ശമദമമാനസനാകിയഭീഷ്മരും
അമിതമനോഗുണനാകിയവിദുരരു-
മമിതപരാക്രമനാകിയകൃപരും
അമിതാനന്ദം പാണ്ഡവവാസേ
സുമനസ്സുകളായ് നിന്നുതദാനീം.
സുമനോജനകരഘടിതസുരദ്രുമ-
സുമഗന്ധാദികൾകൊണ്ടുവിടുർത്തി-
ക്ഷമയെല്ലാമാഹ്ലാദകമായി.
വിസ്മയമെന്നേപറവാനുള്ളു
ദേവാദികളാലപ്പുരമെല്ലാം
കേവലമങ്ങുനിറഞ്ഞിടതിങ്ങി
ആമല്ലാർക്കുമകത്തുകടപ്പാൻ
ആഘോഷം കേട്ടീടാംതാനും
ദുരിയോധനനാദികൾമതിൽ ചുററും
വിരയെപ്പാഞ്ഞുനടന്നുഴലുന്നു
ഒരു വാതിൽക്കും കേറിക്കൂടാ
സുരസംഘങ്ങളുടെമൂലത്താൽ
താപസരാർത്തുകുളിച്ചൈരാവത -
പൂജതുടങ്ങിമഹോത്സവസഹിതം
ഹാടകമാദിപുരങ്ങളിലൊക്കെ-
പ്പാടേരത്നക്കല്ലുകൾവച്ചൊരു
കോടിദിവാകരകാന്തിപ്രവിജിത-
കല്ലുകളായവിളക്കുകൾവച്ചു
നല്ലമുഹൂർത്തത്തോടിഹതന്നെ
മെല്ലെബൃഹസ്പതിപൂജതുടങ്ങി.
ജലഗന്ധാക്ഷതധൂപാദികളാൽ
കുലിശായുധനെപ്പുജിച്ചുടനേ
കൊലയാനത്തലവനെയുംകൂടേ
പുരുഭക്ത്യാപൂജിച്ചുതുടങ്ങി;
അഷ്ടാംഗസംയുക്തംവിരവൊടു
ലബ്ധ്വാ ഗന്ധം കളഭവിമിശ്രം
കളഭാധിപനെക്കളഭംതേപ്പി-
ച്ചൊളിതിരളുംനെറ്റിപ്പടമിട്ടു
ഗളഭൂവികിംകിണിസംഘം കെട്ടി
ഘണഘണഝണഝണശൃംഖലശബ്ദം
ശംഖദ്ധ്വനിവാദ്യദ്ധ്വനിഘോഷം
സിംഹദ്ധ്വനിപോലാർപ്പുംകുരവകൾ
ഭംഗിയൊടേജയജയശബ്ദദ്ധ്വനി
ഭാഗവതന്മാരേറെമുഴക്കി
കുംകുമപങ്കാങ്കിതകൊങ്കകർസൂര -
മങ്കയർസംഗീതദ്ധ്വനിഘോഷം
തുംബുരു നാരദർപാടുകഘോഷം
അംബുജമുഖിമാരോടുകഘോഷം
എട്ടാശാധീശന്മാർതങ്ങടെ
പുഷ്ടാടോപത്തോടുംകൂടെ
കെട്ടിച്ചുറ്റിനടന്നുശ്രമിക്കയു-
മെഷ്ടിയുമായിനടന്നീടുകയും
അഷ്ടികഴിക്കയുമിടിയുടെകൂടെ
തുഷ്ട്യാഭൂമിയിലുള്ളന്തണരും
സൌരഭ്യാകരദ്രവ്യം കൊണ്ടു
സൌരഭ്യാർത്ഥംധൂപിക്കയുമിട
ഘോഷിക്കയുമുണ്ടോരോഗണ്ഡുക-
മർഘ്യാദിക്രമമമരാംഗനകടെ
നൃത്തംഗായകവൈണികൾവർഗ്ഗം
നർത്തനവുംവിബുധൌഘസുഘോഷം
ദിഗ്ഗജവരനാംകുംഭിവരോത്സവം
ദിക്പാലകരുകഴിച്ചീവണ്ണം
ദിവസം മൂന്നുകഴിഞ്ഞിതുപൂജ-
യ്ക്കവസാനാർഘ്യംനൽകിനശേഷം
ത്രിദശാധിപനൊരുസിംഹാസനമതി-
ലമിതാഭോഗമിരുന്നുംകൊണ്ട്
ത്രിദശന്മാരോടരുളിച്ചെയ്യൂ:
"പണമെല്ലാമെങ്ങു കൊണ്ടരുവിൻ"
അപ്പോൾത്രിദശന്മാരല്ലാരും
മുപ്പറഅൻപറകെട്ടിയപടക-
ളൊപ്പാരത്തൊടഴിച്ചുകുടഞ്ഞതു -
മപ്പാ!വലിയൊരു കുലമലപോലെ
അപ്പോഴദ്ധനദങ്കൊണ്ടന്നൊരു
കട്ടിപ്പൊന്നുകളരികേകൂടെ
പെട്ടികളീന്നു കുടഞ്ഞിട്ടപ്പോ -
ളൊട്ടല്ലതുമൊരുചെറുമലപോലെ
ഭൂസുരവരരെല്ലാരുംവരുവിൻ!
ഭൂതികൾവേണ്ടതു കൊണ്ടുപൊയ്ക്കൊൾവിൻ!
ഏതുംനാണിക്കേണ്ടാവരുവിൻ
വാരിക്കോരിത്തരുവൻഞങ്ങൾ-
ക്കാതുരഭാവമതില്പരമരുതെ “
ന്നരുളിച്ചെയ്തിന്ദ്രനുമതുനേരം;
താപസരപ്പോൾമുണ്ടുംപുടവക-
ളാകെവിരിച്ചുതുടങ്ങിപതുക്കെ;
ഭാസുരധാമാവിന്റെനിയോഗാൽ
വാരിക്കോരിപ്പൊന്നുംപണവും
ബഹുലംവിപ്രാർപ്പണവും ചെയ്തിതു
മതിമാന്മാരാംപാണ്ഡവരപ്പോൾ
കൊണ്ടുപോകാനൊരു കുശലില്ലാഞ്ഞതി-
കുണ്ഠിതരായിവിപ്രസമൂഹം
കൊണ്ടുപോകാഞ്ഞരിശപ്പെട്ടവരും
കൂടെദ്രവ്യംവാരിയെറിഞ്ഞു
ഭാണ്ഡങ്ങളിൽവാരിക്കെട്ടീട്ടു
പാണ്ഡുസുതന്മാർദാനംചെയ്തു
പാണ്ഡരയശസ്സംവർദ്ധിപ്പിച്ചു
പാണ്ഡുവിനും ഹൃദികൌതുകമേറി
ആശിസ്സുംചൊല്ലിബ്ഭൂസുരരും
ആകെപ്പോയിത്തങ്ങടെദിക്കിൽ
ആശാപാലകരോടും ശക്രൻ
അരശൻപാണ്ഡുനരപതിയോടും
ഐരാവതഗജപൂജകഴിപ്പി-
ചാദരവൊടുഘോഷിച്ചീവണ്ണം
കുന്തിയൊടുംതനയന്മാരോടും
ശന്തനുജൻവിദുരൻകൃപരോടും
അന്തർമ്മോദംപൂണ്ടുസുരന്മാർ
ആമന്ത്രിച്ചുനിജാലയഗതരായ്
അർജ്ജുനനുടെ കീർത്തികൾവാഴ്ത്തിദ്വിജ -
നിർജ്ജരസംഘം സുഖമായ് വാണു
ഐരാവതപൂജ ഓട്ടൻതുള്ളൽ സമാപ്തം[3]
-------------------------------
[1] തയ്യാറാക്കിയത്: സരിക വി.ആർ, ഗായത്രി കെ, ഡോ. ഷിജു കെ
[2] തയ്യാറാക്കിയത്: ആതിര എം, അഖില എൻ, ഡോ .സോമലാൽ ടി.എം
[3] തയ്യാറാക്കിയത്: അനുശ്രീ സി.വി, നന്ദന പി.എസ്, നിമിഷ. ടി.എസ്, ഡോ. കൃഷ്ണ അരവിന്ദ്
തയ്യാറാക്കിയത്:
സരിക വി.ആർ.
എം എ മലയാളം
ഗായത്രി കെ.
എം എ മലയാളം
ആതിര എം.
എം എ മലയാളം
അഖില എൻ.
എം എ മലയാളം
അനുശ്രീ സി.വി.
എം എ മലയാളം
നന്ദന. പി.എസ്.
എം എ മലയാളം
നിമിഷ. ടി.എസ്.
പി .എച്ച് .ഡി . മലയാളം
സംശോധകര്:
ഡോ. ഷിജു കെ.
അസോ.പ്രൊഫസർ
ഡോ .സോമലാൽ ടി.എം.
അസി.പ്രൊഫസർ
ഡോ .കൃഷ്ണ അരവിന്ദ്
അസി.പ്രൊഫസർ