Loading...
Home / സാഹിത്യം / പുതിയവ / നാടകങ്ങള്‍ / സന്താനഗോപാലം
Author: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍

സന്താനഗോപാലം

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍

ഒന്നാമങ്കം (പേജ് 01 - 05)

 

-01-

ഒന്നാമങ്കം


ചിന്തും മോദമിയന്നു ചിത്തതളിരിൽ
ചിന്തിക്കുവോര്‍ക്കെത്രയും
സന്തോഷത്തൊടു സാധുസംസ്തുതയശ-
സ്സന്താനസമ്പത്തുകൾ
ഏന്തീടും കൃപയോടുകൂടിയുടനേ
നൽകാൻ കൃപാജാലസം-
ഭ്രാന്ത്യാ വാണരുളുന്നൊരാ വരദനാം
ഗോവിന്ദനെകൂപ്പുവിൻ. 1


അത്രതന്നെയല്ല,

കൂടീടും ഗർവ്വൊടെത്തിക്കടുതരവിഷവേ-
ഗത്തോടും ചുറ്റി നന്മ-
മൂടീടും കാളിയന്തന്നുടലുടനെ കുട-
ഞ്ഞിട്ടു ദൂരെക്കളഞ്ഞു
പാടീടും ദിവ്യനാരീസദസി ഫണിഫണാ-
മണ്ഡലേ നൃത്തമയ്മ്പോ-
ടാടീടും കൊണ്ടൽവർണ്ണന്തടവുമൊരിടയ-
ക്കുഞ്ഞിനെക്കുമ്പിടുന്നേൻ. 2


അതും പോരാ,.

പിടിച്ച വാശിക്കു നിനച്ചമട്ടി-
നിടിച്ചിലാവാതെ ജയംലഭിക്കാൻ
തടിച്ച കാരുണ്യമൊടംബികേ! നിൻ
പൊടിച്ചിടും പുഞ്ചിരിയെത്തൊഴുന്നോൻ. 3


സൂത്രധാരൻ- (നാലുപുറത്തും നോക്കീട്ട്)

കുലശേഖരപുരമരുളും
കുലദൈവതമായ വാസുദേവന്റെ
വലിയോരുത്സവമതിലീ
വിലയേറിയ സജ്ജനങ്ങളിടതിങ്ങി. 4


അതുകൊണ്ടിവിടെ സ്വകുലോചിതമായ നാട്യവിദ്യകൊണ്ടു സഭയെ രസിപ്പിയ്ക്കതന്നെ.

(അണിയറയിലേക്കു നോക്കീട്ട്) ഇവിടെ വരു.


-02-


നടൻ- (വന്നിട്ട്) ഇതാ ഞാൻ വന്നു.

സൂത്രധാരൻ- എന്താ കഥ തീര്‍ച്ചപ്പെടുത്തിയോ?

നടൻ- ഞങ്ങളെന്താ തീര്‍ച്ചപ്പെടുത്തുന്നത്? ഇവിടുന്നു പറയുന്നത് എന്നു തീർച്ചപ്പെടുത്തി എന്നു പറയാം.

സൂത്രധാരൻ- (ചിരിച്ചും കൊണ്ട്) ആട്ടെ ഞാനൊന്നു വിചാരിച്ചു. സന്താനഗോപാലമായെങ്കിലോ എന്നാണു്. തന്റെ പക്ഷമെന്താ?

നടൻ- അങ്ങിനെതന്നെ. സംശയിക്കാനില്ല. എന്താണെന്നല്ലേ?

കഞ്ഞിക്കുട്ടൻതമ്പുരാൻ തീര്‍ത്തതാണീ-
രഞ്ജിപ്പേറും നാടകം കേടകന്നു്
മഞ്ജുശ്രീമന്മാധവൻ പാര്‍ത്ഥനോടും
ഭഞ്ജിക്കാതേ ചെയ്തു ചാരിത്രമാണു്. 5


അതുകൊണ്ട് കഥാരസത്തിലും, കവിതാരസത്തിലും ഒട്ടും താണതല്ല ഈ നാടകം. എന്നാലിനിക്കൊരു സംശയം. ഞാനൊരുതവണയെ ഈ നാടകം നോക്കീട്ടുള്ളു. അതിലാദ്യം ആരുടേയാണ് പ്രവേശം?

സൂത്രധാരൻ- അല്ല! അതും മറന്നോ താൻ?

പ്രോദ്യന്മോദം കലര്‍ന്നാ പൃഥയുടെ സുതനും
കൃഷ്ണനും തേരിലേറി
പ്രദ്യുമ്നാദി പ്രധാനപ്രഥിത യദുജനം
മുമ്പിൽ വന്നെന്നു് കേട്ടു
പ്രീത്യാ സാക്ഷാല്‍ സുധര്‍മ്മാസഭയുടെ നടുവിൽ -
പ്പോയിയിപ്പോഴിവണ്ണം
വൃത്യാ വൃത്താന്തമോതും വിപൃഥു ശിനിസുത-
ന്മാര്‍ക്കു മുമ്പിൽ പ്രവേശം 6


നടൻ- ഓ! ശരിതന്നെ.

സൂത്രധാരൻ- ആട്ടെ. നോക്കു കാര്യം നടക്കട്ടെ. വേഗം വേഷം കെട്ടാൻ വേഷക്കാരോടു ചെന്നുപറയൂ.

നടൻ- അങ്ങിനെതന്നെ. (എന്നു പോയി)

-03-


സൂത്രധാരൻ- (നാലുപുറത്തും നോക്കീട്ട്)

കെല്പാകവേ തെളിവിനോടു തിരിച്ചുകാട്ടി-
പ്പുഷ്പാകരത്വമിയലുന്ന വസന്തകാലം
ഇപ്പോൾ വളർന്നു വടിവിൽ പ്രമദാവനാദി-
യ്ക്കുൾപ്പെട്ടഭംഗി പറയുമ്പോൾ മഹാവിശേഷം. 7


ചിത്തം തെളിഞ്ഞു മലർബാണനൊരാവനാഴി
തീർത്തെന്നപോലെ പല പൂങ്കുല ഭംഗിയോടെ
വൃത്തം വസന്തതിലകം വിലസുന്നു മാര-
നൊത്തോരുപത്നിയുടെപോർമുലയെന്നപോലെ. 8


(നോക്കീട്ട്) അല്ല! വേഷം വന്നുതുടങ്ങിയല്ലോ.

വൃത്യാ നമ്മുടെ ശിഷ്യരായിടുമൊരീ-
ഗ്ഗോവിന്ദനും രാമനും
വ്യത്യാസം പിണയാതെ യാദവവര-
ന്മാർതന്റെ വേഷത്തോടും
എത്തീ സാത്യകിയായിയും വിപൃഥുവാ-
യിട്ടും; മഹാഭംഗിയീ-
വിദ്വാന്മാർക്കൊരു മെച്ചമുണ്ടു നിയതം
വേഷപ്പകർച്ചക്കഹോ. 9


ഇനി ശേഷമുള്ള കാര്യം നടത്താൻ പോകതന്നെ.

(എന്നു പോയി)

(പ്രസ്താവന കഴിഞ്ഞു.)



(അനന്തരം സാത്യകിയും വിപൃഥവും പ്രവേശിക്കുന്നു.)

വിപൃഥു- അങ്ങ് എവിടുന്നാണ് വരുന്നത്?

സാത്യകി- ഞാനെന്റെ ഭവനത്തിൽനിന്നുതന്നെയാണ്.

വിപൃഥു- അങ്ങ് എന്തേ ഭഗവാൻ ശ്രീകൃഷ്ണന്റെ രാജധാനിയിലേക്കു പോയില്ലേ?

സാത്യകി- പോയില്ലെന്നേ ഉള്ളു.

-04-


ചൊല്ലൊള്ളുന്നോരനന്തശായി ഭഗവാ-
നാണീമുകുന്ദൻ, നമു-
ക്കുൾക്കൊള്ളുന്നൊരു ഭക്തിയുണ്ടു, പിരിയാൻ
സന്താപമുണ്ടെങ്കിലും
തല്ക്കാലം ചില കാര്യഗൌരവവശാൽ
വേർപാടു പറ്റുന്നതാ,-
ണിക്കാര്യം മനുജര്‍ക്കൊഴിച്ചുകളവാൻ
പറ്റുന്നതാണോ സഖേ! 10


വിപൃഥു- അതു ശരി. ഇന്നു വിശേഷിച്ച് അർജ്ജുനൻ വന്നിട്ടുണ്ടല്ലൊ. അതുകൊണ്ടു ചോദിക്കേ.

സാത്യ- (സന്തോഷത്തോടും സംഭ്രമത്തോടും കൂടീട്ട്)

സ്വർപ്പതിപ്രിയ തനൂജനായിടും
കെല്പെഴും കുരുകുലേന്ദ്രനര്‍ജ്ജുനൻ
എപ്പൊൾ വന്നു? അതറിഞ്ഞതില്ല ഞാൻ;
ക്ഷിപ്രമെൻ ഗുരുസമീപമെത്തുവൻ. 11


വിപൃഥു- ഇന്ന് ഉദയത്തോടുകൂടിയാണ് വന്നത്.

കണ്ണൻ കാലത്തുണർന്നിട്ടഴകൊടു സഭയിൽ-
പ്പോകുവാനായൊരുങ്ങി-
ത്തിണ്ണം തേരിൽകരേറന്നതിനു മുതിരുമ-
നേരമദ്ദൂരഭാഗേ,
ഗാണ്ഡീവം കയ്യിലേന്തും കരുകുലവരനാം
പാർത്ഥനെക്കണ്ടു മോദ-
ക്കണ്ണീരോടും ചിരിച്ചങ്ങിനെ വരു വരുവെ-
ന്നോതിനാൻ പ്രീതനായി. 12


അടുത്തു പാര്‍ത്ഥന്‍ വരുമപ്പൊഴേക്കു-
മെടുത്തു ചാടീട്ടിരുപേരുമൊപ്പം
കടുത്ത മോദേന പുണർന്നുടൻ തേര്‍-
ത്തടത്തിലേറ്റീ ഹരി പാര്‍ത്ഥനേയും. 13


പിന്നെ അങ്ങിനെതന്നെ സഭയിലേക്കു രണ്ടുപേരും കൂടി പോയി.

സാത്യകി- അതാണെന്നാൽ ഭഗവാനിനിക്കറിവുതരാത്തതു്. അല്ലെങ്കിൽ ഗുരുനാഥൻ അര്‍ജ്ജുനൻ വന്നാലുടനെ എനിക്കറിവുതരിക പതിവായിരുന്നു. ഇപ്പോൾ ഞാനും സഭയിലെത്തുമല്ലൊ എന്നു വെച്ചിട്ടാണ്, നിശ്ചയംതന്നെ.

-05-


വിപൃഥു- അതങ്ങിനെതന്നെ ആവണം. ഇനി ഏതെങ്കിലും ബ്രാഹ്മണകുലരക്ഷയും, ധര്‍മ്മപരിപാലനവും മറ്റു പല അത്ഭുതകര്‍മ്മങ്ങളും ചെയ്തുവെന്നു കേൾക്കാം.

സാത്യകി- എന്നാൽ നോക്കു വേഗം സഭയിലേക്കുപോവുക.

(എന്നു രണ്ടാളും പോയി).

(അനന്തരം സുധര്‍മ്മാസഭയിൽ ശ്രീകൃഷ്ണനും, അർജ്ജുനനും, ബലഭദ്രരും, ഉഗ്രസേനമഹാരാജാവും മറ്റും പ്രവേശിക്കുന്നു.)

ഉഗ്രസേനൻ-

അല്ല ഫൽഗുന! കേൾക്ക ഹസ്തിനപുര-
ത്തിൽ ധർമ്മജാതാദിയാം
ചൊല്ലേറും, നരനായര്‍കക്കു സുഖമാ-
ണല്ലേ? വിശേഷിച്ചിനി
ചൊല്ലേണം പുകൾപൂണ്ട കുന്തിയുമരി-
ഷ്ടം വിട്ടു വാഴുന്നതു-
ണ്ടില്ലേ? നല്ലൊരു നാട്ടുകാര്‍ക്കതിസുഭി-
ക്ഷംതന്നെയല്ലേ പരം? 14


അര്‍ജ്ജുനന്‍- എല്ലാവര്‍ക്കും സുഖമാണ്.

വളരെവളരെ നാളായ് ഞങ്ങളീ നിങ്ങളെക്ക-
ണ്ടളവിലുമതിയാകും പ്രീതിപൂണ്ടിട്ടിവണ്ണം
കളമൊടു പൊടിയും വൻമാലിനിത്തീര്‍ക്കുകെന്നുൾ-
ക്കളമതിൽ നിരുപിച്ചിട്ടിങ്ങു ഞാനൊന്നിറങ്ങി. 15


ജ്യേഷ്ഠന്മാരായ ധര്‍മ്മപുത്രനും, ഭീമനും, നകുലസഹദേവന്മാരും, അമ്മയും, മറ്റെല്ലാവരും ബന്ധുക്കളായ നിങ്ങളോടെല്ലാവരോടും എന്റെ മുഖം കൊണ്ടു കശലം ചോദിക്കുന്നു.

ബലഭദ്രൻ-

സൌശീല്യമാദിഗുണമൊക്കയുമുള്ള പാര്‍ത്ഥര്‍-
ക്കേശുന്നു ഞങ്ങളിലഹോ ബഹുകൂറതെന്നാൽ
ലേശം നിനക്കുകിലൊരത്ഭുതമില്ല, കര്‍മ്മ-
പാശത്തിനാൽ മമത തമ്മിലമന്ദമല്ലോ. 16


അർജ്ജുനൻ -

ഐശ്വര്യമേറിയൊരു നീങ്ങടെ ഭൃത്യരായ് -
ട്ടാശ്വാസമോടൊരുവിധം മരുവുന്നതെന്യേ-
വിശ്വേശരാകിയൊരു നിങ്ങടെ ബന്ധുഭാവ-
മാശ്ചയമാണതിനു തെല്ലു വിവാദമില്ല. 17


ഞങ്ങൾക്ക് ഈശ്വരന്മാരായിരിക്കുന്ന നിങ്ങളോട് ബന്ധുതക്ക് തക്ക യോഗ്യതയൊന്നുമില്ല. പിന്നെ നിങ്ങൾക്ക് ഞങ്ങളുടെ നേരെ ഒരു ബന്ധുതയോ, മമതയോ തോന്നുന്നുണ്ടെങ്കിൽ അതും ദാസരായ ഞങ്ങടേനേരേയുള്ള ഒരു വാത്സല്യവിശേഷം എന്ന വിചാരിച്ചുകൂടു.

 

ഒന്നാമങ്കം (പേജ് 06 - 10)

 

-06-


ശ്രീകൃഷ്ണൻ - ഏ ഹേ അങ്ങനെയൊന്നുമല്ല

ധര്‍മ്മന്താനിഹ ദൈവമായതു സഖേ!
മറ്റൊന്നുമല്ലോര്‍ക്കണം;
മര്‍മ്മം പാര്‍ക്കിലതിന്നു കേവലകൃത-
ശ്രുത്യുക്തകര്‍മ്മങ്ങൾതാൻ;
ധര്‍മ്മജ്ഞോത്തമരായ ധര്‍മ്മസുതനും
തത്സോദരന്മാരുമീ
മര്‍മ്മം കണ്ടുപിടിച്ച കൂട്ട,രതിനാൽ
പ്രത്യേകമുണ്ടേറെ മേ. 18


അർജ്ജുനൻ -

ധർമ്മമധർമ്മമതെന്നീ-
ക്കര്‍മ്മം രണ്ടായ് തിരിച്ചുവെച്ച വിഭോ!
നിന്മഹിമാവു നിനച്ചാൽ
ബ്രഹ്മാവിനുമറിയുവാൻ മഹാവിഷമം. 19


അങ്ങിനെയിരിക്കുന്ന സാക്ഷാൽ ധര്‍മ്മമൂര്‍ത്തിയായിട്ടുള്ള ഇവിടുത്തെ സേവിച്ചുകൊണ്ടിരിക്കുന്നതുതന്നെയാണ് ഞങ്ങൾക്കൊരു സന്തോഷവും സാമ്രാജ്യവും.

ശ്രീകൃഷ്ണൻ- അതൊക്കെ എങ്ങിനെയായാലും വേണ്ടില്ല.

ദുര്‍മ്മര്യാദികളായ ദുഷ്ടനൃപരെ-
പ്പാടേ മുടിച്ചും പരം
നന്മര്യാദനടത്തിയും നയമൊടും
കാത്തും ജഗത്തൊക്കയും
ചെമ്മേ വാഴുകയാണു വേണ്ടതു ദൃഢം
ഭൂപാലനായെങ്കിലീ-
ക്കര്‍മ്മത്തിൽ ബഹുനിഷ്ഠവേണമതു നി-
ങ്ങൾക്കുണ്ടു വേണ്ടുംവിധം. 20


അര്‍ജ്ജുനൻ - ധര്‍മ്മശാസ്ത്രം ബഹു അപാരം. ധര്‍മ്മത്തിന്റെ സാരം അറിയാൻ വളരെ വിഷമം. എങ്കിലും ധര്‍മ്മം പോലെ നടന്നാൽ കൊള്ളാമെന്നു മോഹമുണ്ടു് ഞങ്ങൾക്കെന്നേ പറയാൻ പാടുള്ളു. അല്ല,

ധര്‍മ്മക്കാമ്പായിടും നിൻതിരുവടിയടിയ-
ങ്ങൾക്കു തെറ്റുന്നദിക്കിൽ
ചെമ്മേ കാരുണ്യമോടും വലിയൊരു ഗുരുവായ്,
ചെയ്ത സാരോപദേശം
വന്മോഹം തീര്‍ക്കുമല്ലോ; പരമതു നിരുപി-
ക്കുമ്പൊളീദ്ധര്‍മ്മസാര-
ത്തിന്മേൽ തട്ടുന്നതുണ്ടീയിവരുടെ വിടുവി-
ഡ്ഡിത്തവും കൃത്യമായി. 21


ഇനിയും വേണ്ടപോലെ എന്നും ധര്‍മ്മം പോലെ പ്രവൃത്തിപ്പാനായി സംഗതിവരാൻ ആഗ്രഹിക്കുന്നു.

-07-


(അണിയറയിൽ)

അയ്യയ്യോ ബഹുകഷ്ടമിശ്ശിശുവിനെ-
ക്കണ്ടില്ലയോ നിങ്ങളി-
ക്കയ്യും കാലുമഹോ തണുത്തു കഠിനം
നിശ്വാസമില്ലാതെയായ്
ഇയ്യെൻപൈതലു സിദ്ധികൂടി നിയതം
താൻ; ബാലമൃത്യുദയം
മര്യാദക്കു നടന്നിടും നൃപവര-
ന്മാർ നാട്ടിലുണ്ടാകുമോ? 22


അതുകൊണ്ടു യാദവസഭയിൽ ചെന്ന് ഈ വിവരം അറിയിയ്ക്കുതന്നെ.

(യാദവന്മാരെല്ലാവരും കേൾക്കാത്തനാട്യം നടിക്കുന്നു)

അര്‍ജ്ജുനൻ- ഏ- എന്തൊരു നിലവിളിയാണീ കേൾക്കുന്നതു്? കഷ്ടംതന്നെ.

പിന്നെയും (അണിയറയിൽ)

അല്ലെങ്കിൽ എന്താണ് പറഞ്ഞിട്ടു സാദ്ധ്യം? എങ്കിലും പറയുകതന്നെ.

(അനന്തരം ചത്ത കുട്ടിയെ എടുത്തുംകൊണ്ടു ഒരു ബ്രാഹ്മണൻ പ്രവേശിക്കുന്നു)

അർജ്ജുനൻ- (കണ്ടിട്ട് വിചാരം)

മഹാകഷ്ടംതന്നെ. ബ്രാഹ്മണനാണ് ഇങ്ങിനെ വ്യസനിക്കുന്നതു്.

(പിന്നെ എല്ലാവരും കാണാത്ത നാട്യം നടിക്കുന്നു.)

ബ്രാഹ്മണൻ- (കുട്ടിയെ സഭയിൽ കൊണ്ടിട്ടിട്ട്)

(അയ്യയ്യോ ബഹുകഷ്ടം എന്ന് ഒന്നുംകൂടി ചൊല്ലീട്ട്)

നീതി ധര്‍മ്മമതുപോലെ പാലനം-
ചെയ്തിടുന്ന നൃവരന്റെ നാടതിൽ
ഏതുദിക്കിലൊരു ബാലമൃത്യുവീ-
മാതിരിക്കു നൃപരേ! ഭവിച്ചതും? 23


(എല്ലാവരും കേൾക്കാത്ത നാട്യം നടിക്കുന്നു.)

അർജ്ജുനൻ- (കണ്ടിട്ട് വിചാരം)

ബഹുകാര്യമാണിദ്ദേഹം പറയുന്നത്. ഇവരെന്താണിതിനൊന്നും മറുപടി പറയാത്തത്!

ബ്രാഹ്മണൻ- അതുകൊണ്ടു് നിങ്ങൾ എന്റെ ഈ വ്യസനം തീര്‍ത്തുതരണം.

അർജ്ജുനൻ- (വിചാരം)

ഇപ്പോഴും ഇവര്‍ക്കൊരു ഭാവഭേദമില്ല. എന്തൊരു കഷ്ടമാണിത്!

-08-


ബ്രാഹ്മണൻ-

ഒന്നല്ല രണ്ടല്ല കിടാങ്ങൾ ചത്ത-
തെന്നല്ലൽ ചൊല്ലാം മകനെട്ടു ചത്തു;
അന്നൊക്കയും ഞാൻ പറയാറുമുണ്ടു
വ,ന്നൊക്കയും കാനനരോദനന്താൻ. 24


(കുറച്ചു ദേഷ്യത്തോടുകൂടീട്ടു)

ഞാനാണൂഴിക്കു നാഥൻ വരണമഴകൊടെൻ-
കീഴിലൂഴീശരെല്ലാം
മാനം കൈവിട്ടു കപ്പംതരണമിനി മുറ-
യ്ക്കുള്ള നാട്ടാരശേഷം
താനേ റൊക്കംതരേണം നികുതി പദവി നൊ-
മ്മൾക്കിനിക്കൂട്ടിടേണം
സ്ഥാനത്തെ വിട്ടിവണ്ണം പറയുകിൽ മതിയോ
മന്നനാണെന്നുവെച്ചാൽ. 25


ഭുജബുദ്ധികൾതന്റെ ശക്തിയാൽ തൻ-
പ്രജകൾക്കുള്ളൊരു സങ്കടങ്ങളെല്ലാം
നിജധർമ്മമതെന്നുവച്ചു തീർക്കും
ഭുജജന്മാക്കൾ നൃപാലരായിരിക്കും. 26


അല്ലാതെകണ്ടു പ്രജകളുടെ സങ്കടം കേൾക്കാത്ത രാജാക്കന്മാരെ രാജാക്കന്മാരെന്നല്ലാ പറയേണ്ടത്. കള്ളന്മാരെന്നാണ് പറയേണ്ടതു്.

(ഉഗ്രസേനമഹാരാജാവിനോട് നേരിട്ട്)

അല്ലേ കേൾക്കണമുഗ്രസേനനൃപതേ!
താൻ നാട്ടുകാരോടു നേ-
ടില്ലേ കപ്പമവര്‍ക്കുവന്നഴലൊഴി-
പ്പാൻ ഭാരമില്ലേ തവ?
ചെല്ലേണ്ടും വിഷയം വരുത്തരുതു താൻ
ചെല്ലേണമൊന്നല്ലലാ-
വില്ലേയെന്നൊരു ശങ്കയുള്ളതുമൊഴി-
യ്ക്കേണം പ്രജക്കേറ്റവും. 27


ഉഗ്രസേനൻ- (കേൾക്കാത്ത നാട്യം നടിക്കുന്നു)

അർജ്ജുനൻ - (വിചാരം)

ഈ വിദ്വാൻ എന്തു രാജാവാണ്? പ്രജകളുടെ സങ്കടം കേൾക്കില്ലെന്നോ? കഷ്ടംതന്നെ.

ബ്രാഹ്മണൻ- (ദേഷ്യത്തോടുകൂടീട്ട്)

ഞാനീവിധം ബത പറഞ്ഞു കരഞ്ഞതീ വി-
ദ്വാനെന്തു കേട്ടറിയുവാൻ ചെവിയില്ലയെന്നോ?
താനെന്തു ഭിസ്സു ഹരിയാണിഹ ഭൂമിപാല-
സ്ഥാനത്തു വേണ്ടതു നടത്തിവരുന്നതെല്ലാം. 28


അതുകൊണ്ടു ഭഗവാനോടു പറഞ്ഞോളാം

-09-


(ശ്രീകൃഷ്ണന്റെ നേരേ തിരിഞ്ഞിട്ട്)

കേൾക്കേണമെന്നുടയ സങ്കടമൊന്നു നേരേ
നോക്കേണമച്യുത! ഭവാൻ കനിവുള്ളിൽവെച്ചു്;
തീര്‍ക്കേണമീ വലിയ സങ്കടമൊന്നു ഭദ്ര-
മാക്കേണമെന്നുടയ കാര്യവുമായ കീർത്തേ! 29


ചത്തിതെട്ടു മമ മക്കളൊൻപതാ-
മത്തയാണിതുമിവണ്ണമായിതേ;
ആര്‍ത്തിപോക്കുക വിഭോ! നരാധിപൻ-
തീർത്തിടേണ്ടോരഴലാണിതല്ലയോ. 30


(ശ്രീകൃഷ്ണൻ കേൾക്കാത്ത നാട്യം നടിക്കുന്നു.)

അർജ്ജുനൻ- (വിചാരം)

കഷ്ടം! ഭഗവാനുമൊന്നും മിണ്ടുന്നില്ലല്ലോ!

ബ്രാഹ്മണൻ-

കഷ്ടമിങ്ങനെ വിളിച്ചുചൊൽകിലും
കേട്ടിടാതെ മരുവുന്നതെന്തഹോ!
വിഷ്ടപേശ്വരനതായ കണ്ണനും
പൊട്ടിയോ ചെവി കടുപ്പമെത്രയും. 31


അർജ്ജുനൻ -(വിചാരം)

ബ്രാഹ്മണൻ പറയേണ്ടതൊക്കെ പറയുന്നുണ്ട്. ഭഗവാൻ കേൾക്കാത്തപോലെ ഇരിക്കുന്നു. എന്താണിത്? ഭഗവാനായാലും ധര്‍മ്മംതെറ്റി നടക്കാൻ പാടുണ്ടോ? എനിക്കു ബോധിച്ചില്ല. അതു നേരിട്ടു ചോദിച്ചെങ്കിലോ? വേണ്ട: അവിടക്കു് അറിയുക വയ്യാത്തതല്ലല്ലൊ. എന്തെങ്കിലുമാവട്ടെ. ഞാൻ നേരിട്ട മറുപടി പറഞ്ഞെങ്കിലോ. വരട്ടെ.

തെറ്റെന്നു വേഴ്ച മൂലം
മറ്റൊരു നൃവരന്റെ നാട്ടിൽ വന്നിട്ട്
തെറ്റുകൾ കണ്ടാൽ തീര്‍പ്പാ-
നേറ്റുപിടിച്ചാൽ കണക്കാമോ? 32


ബ്രാഹ്മണൻ - (ബലഭദ്രരോടായിട്ട്)

പല ഭദ്രമൊടൊത്തിടുന്ന സാക്ഷാൽ
ബലഭദ്ര ക്ഷിതിപാല വംശമൌലേ!
നലമോര്‍ത്തിഹ സങ്കടം നിവൃത്തി-
ചലമിത്തവ്വിവനിൽ കനിഞ്ഞിടേണം. 33


(ബലഭദ്രൻ കേൾക്കാ നാട്യം നടിക്കുന്നു)

-10-


ബ്രാഹ്മണൻ- (ദേഷ്യത്തോടുകൂടി)

കള്ള കടിച്ചും കട്ടും
ഭള്ളൊടു പുലയമിടഞ്ഞടൻ കൊന്നും
തുള്ളിനടക്കുന്നിവരുടെ-
യുള്ളിൽ കേറുന്നതില്ല മമ വചനം. 34


(ശ്രീകൃഷ്ണനോട്)

പതിനാറായിരമെട്ടും
മതിമുഖിമാരുണ്ടു ഭായിമാരയി തേ;
അതിലൊക്കെ മക്കൾ പത്തു-
ണ്ടതുകൊണ്ടറിയില്ല സങ്കടം മമ നീ. 35


(എല്ലാവരോടും)

ഈവണ്ണം വളരെപ്പറഞ്ഞിതഴൽ ഞാ-
നൊട്ടും ഫലം കണ്ടതി-
ല്ലീവങ്കപ്പെരുമാളുകൾക്കു കൃപയി-
ല്ലെന്നുള്ളതും തീച്ചയായ്;
പോകുന്നേനിനി; നിങ്ങൾ നിങ്ങടെ സുഖം
നോക്കിസ്സുഖിച്ചീടുവിൻ
പാവപ്പെട്ടൊരു ഞാനുമെൻ ഗൃഹിണിയും
ദുഃഖിയ്ക്കുകെന്നേ വരൂ. 36


അർജ്ജുനൻ- (വിചാരം)

ഇങ്ങിനെ ഒക്കെ ഒരു ബ്രാഹ്മണൻവന്നു പറഞ്ഞിട്ടും ഒരു വ്യത്യാസമുണ്ടായില്ലല്ലോ ഇവര്‍ക്കു്. ഞാൻ ആശ്വസിപ്പിച്ചു നോക്കട്ടെ. ഒരു ക്ഷത്രിയനായിട്ട് ഇങ്ങിനെ മറ്റൊരുത്തന്റെ സങ്കടം കണ്ടുംകൊണ്ടു ഇരിയ്ക്കാൻ പാടില്ല.

ബ്രാഹ്മണൻ- ( കുട്ടിയെ എടുത്തുംകൊണ്ടു പോയി)

അർജ്ജുനൻ - ഞാനും പിന്നാലെ ചെല്ലട്ടെ.

(എന്നുപോയി)

ശ്രീകൃഷ്ണൻ- നോക്കും നേരമായി; പോവുക.

(എന്ന് എല്ലാവരും പോയി)

[ഒന്നാമങ്കം കഴി‍ഞ്ഞു‍]



 

രണ്ടാമങ്കം (പേജ് 11 - 15)

 

-11-


രണ്ടാമങ്കം

(അണിയറയിൽ)

അല്ല ബ്രാഹ്മണൻ! നില്ക്കു; ഞാനൊന്നു പറയട്ടെ.

(അനന്തരം ബ്രാഹ്മണനും അർജ്ജുനനും പ്രവേശിക്കുന്നു)

ബ്രാഹ്മണൻ- എന്തിനാ വിളിയ്ക്കുന്നത്?

അർജ്ജുനൻ- അങ്ങേടെ ഈ സങ്കടം ഞാൻ നിവൃത്തിക്കാം.

ബ്രാഹ്മണൻ- (പുച്ഛരസത്തോടുകൂടി ചിരിച്ചിട്ട്)

സാക്ഷാൽ മുകുന്ദൻ ഭഗവാൻ തുടങ്ങീ-
ട്ടിക്ഷോണിയിൽ പെട്ടൊരു യാദവര്‍ക്കും
രക്ഷിക്കവയ്യാത്തതു നീ ഭരിച്ചാ-
ലാക്ഷേപമാം പാര്‍ത്ഥ! തുനിഞ്ഞിടേണ്ട. 37


അർജ്ജുനൻ- അങ്ങിനെ വെയ്ക്കുണ്ടാ. ഭഗവാനു ശക്തിയില്ലെന്നല്ല ഞാൻ പറയുന്നത്.

വടിവോടിഹ കാര്യമങ്ങു ചെയ്‍വാൻ
പടുവായോരവനും നിനച്ചിടുമ്പോൾ
നെടിയോരു മിടുക്കു പോക്കിടും വൻ-
മടിയായെങ്കിലസാദ്ധ്യമാകുമെല്ലാം. 38


എന്നു തന്നെയല്ലാ,

ഉത്സാഹശക്തി തികവായുടയോരവന്നു
ദുസ്സാദ്ധ്യമായുലകിലോര്‍ക്കുകിലൊന്നുമില്ലാ;
ഇസ്സാഹസത്തിനു തുടങ്ങുകിലും നടത്താൻ
മത്സാരമായ മഹിതോദ്യമമൊന്നു പോരും. 39


അതുകൊണ്ടു ഞാനിതിനുത്സാഹിച്ചു നോക്കട്ടെ.

ബ്രാഹ്മണൻ-

പുരുഷപ്രയത്നമതുകൊണ്ടു സാദ്ധ്യമായ്-
വരുമാപ്രവൃത്തിയതു നീ നടത്തിടും;
പരമൊന്നിതോര്‍ക്കുകൊരുവന്നു ജീവനെ
ത്തരുവാൻ മിടുക്കു മനുജന്നു കിട്ടുമോ? 40


എന്നു തന്നെയല്ലാ,

-12-


പാഞ്ചാലീശ്വരനായിടുന്നു ഭഗവാൻ
ഗോവിന്ദനും കൂടിയി-
ന്നോർത്താൽ പറ്റുകയില്ലിതെന്നു കരുതി-
ക്കൈവിട്ട കായ്യത്തിൽ നീ
ആത്താടോപമൊരുങ്ങിടായ്കൊരു ഫലം
കിട്ടില്ലതാൻ വിഡ്ഢിയാം
പാര്‍ത്ഥാശ്വാസമതായെനിയ്ക്കു തവ സൌ-
ശീല്യത്തിനാൽ തൃപ്തിയായ്. 41


അതുകൊണ്ടീകായ്യത്തിനുത്സാഹിക്കേണ്ട. എന്റെ തലയിലെഴുത്താണെന്നെയുള്ളു ഈ വ്യസനമൊക്കെ അനുഭവിയ്ക്കുന്നതു്.

അർജ്ജുനൻ- അങ്ങുന്നു ബുദ്ധി ക്ഷയിക്കേണ്ട.

ദൈവത്തിനേയുമിഹ പൌരുഷശക്തിയാലേ
കൈവന്നിടുംപടിയടക്കി വെടുപ്പിനോടെ
ദേവേന്ദ്രപുത്രനിഹ ഞാനഴൽതീര്‍ക്കുവൻ ഭൂ-
ദേവേന്ദ്രപുത്രനെയിനിത്തവ കാത്തിടുന്നേൻ. 42


ബ്രാഹ്മണൻ- അസാദ്ധ്യമായ കാര്യത്തിൽ പുറപ്പെടേണ്ട.

അർജ്ജുനൻ- ഉത്സാഹമുള്ള ആളുകൾക്കു അസാദ്ധ്യമായൊന്നുണ്ടോ? (വിചാരം) ഇദ്ദേഹത്തിനെ ആശ്വസിപ്പിപ്പാൻ കുറച്ചു മേനി പറകയേയുള്ളൂ. (സ്പഷ്ടം)

ചാഞ്ചല്യമറ്റഖിലഭൂപർ നിറഞ്ഞിരിക്കും
പാഞ്ചാലഭൂപസഭയിൽ കുലവിൽ കുലച്ചു
ഞാഞ്ചാലവേ ചപലലാക്കു മുറിച്ചു സാക്ഷാൽ
പാഞ്ചാലിയേ വടിവിൽവേട്ടൊരു വീരനല്ലോ. 43


അത്രതന്നെയല്ലാ,

കർണ്ണൻ തുടങ്ങിയ മഹാബലമുള്ള ഭൂപ-
രെണ്ണം വെടിഞ്ഞടൽ നിലത്തണയുന്നനേരം
തിണ്ണന്നു നല്ല ശരമാരികളാൽ ജയിച്ച
വിണ്ണോർവരാത്മജനെഴും വിരുതോർത്തുനോക്കൂ. 44


ഇത്രതന്നെ പോരാ,

ഞാനും കണ്ണനുമൊത്തുചേര്‍ന്നൊരുദിനം
നായാട്ടിനായ് പോയവാ-
റാനന്ദത്തൊടുമഗ്നിദേവനിരാ-
യേകീടിനേൻ ഖാണ്ഡവം;
മാനിച്ചന്നു നമുക്കു ദേവനനലൻ
താന്തന്നൊരിഗ്ഗാണ്ഡീവാ-
ഖ്യാനം പൂണ്ടൊരു വില്ലു കാകിതപരൻ
പൊക്കാനുമാളാകുമോ? 45

-13-


പിന്നെ

ഞാനൊറ്റക്കു തപസ്സുചെയ്തു ശിവനെ-
ച്ചാഞ്ചല്യമറ്റോരു നൽ-
ധ്യാനത്താൽ വശനാക്കി വേടവടിവാ-
യ്‍വന്നീടുമദ്ദേവനെ
ഊനം വിട്ടു പടക്കളത്തിലറികി-
ഗ്ഗാണ്ഡീവമാം വില്ലിനാൽ
താനേ തല്ലിയൊതുക്കി വേണ്ടൊരു വരം
വാങ്ങിച്ചൊരാളല്ലയോ? 46


വിണ്ണോർനായകനായിടുന്ന ജനക -
നാവശ്യമായിട്ടു ഞാൻ
തിണ്ണം ചെന്നിഹ കാലകേയമുഖരാം
ദൈതേയരെക്കൊന്നതും
പൊണ്ണത്തം പെരുകു നിവാതകവച-
പ്രദ്ധ്വംസവും വിണ്ണവ-
പ്പെണ്ണങ്ങൾക്കൊരു പാട്ടതായ ധരാ-
ലേവൻ ധരിക്കത്തതോ? 47


ഇങ്ങിനെ പലവക വീര്യം
തിങ്ങിന ഞാൻ ക്ഷിതിസുരേന്ദ്ര! നിന്മകനെ ഭംഗി
നടിച്ചുരചെയ്ക-
ല്ലെങ്ങിനെയെന്നാലുമിങ്ങു കാത്തിടുവൻ 48


കഴിഞ്ഞതു കഴിഞ്ഞില്ലേ. ഇനി ഒരു പുത്രനുണ്ടാവാൻ സംഗതിവന്നാൽ ആ പുത്രനെ ജീവനോടുകൂടി തന്നേക്കാം; നിശ്ചയം തന്നെ.

ബ്രാഹ്മണൻ- (വിചാരം)

ബലവീര്യമെഴുന്ന പാര്‍ത്ഥനേവം
പല ശൌര്യം പറയുന്ന കേട്ടിടുമ്പോള്‍
വലിയോരഴൽനീറ്റിലാണ്ട ചിത്ത-
ത്തലയൊന്നിത്തിരിപൊങ്ങിയാശ്വസിപ്പാൻ. 49


എങ്കിലും എനിക്കു വിശ്വാസമാവുന്നില്ല. വല്ലെങ്കി ലും ഇദ്ദേഹം ഇനി ഉണ്ടാവുന്ന പുത്രനെ രക്ഷിച്ചാലായി. ഇല്ലെങ്കിൽ ഇപ്പഴത്തെപ്പോലെ വ്യസനിക്കാം അത്രേ ഉള്ളു. അതിലധികം ഒന്നും വരില്ലല്ലൊ.

(സ്പഷ്ടമായിട്ട്)

ആട്ടെ! അങ്ങക്കത്ര ഉറപ്പുണ്ടെങ്കിൽ സത്യം ചെയ്യാമോ?

അർജ്ജുനൻ- ഓഹോ, ധാരാളം.

ബ്രാഹ്മണൻ- എന്നാൽ രക്ഷിച്ചുതരാം എന്നു സത്യം ചെയ്യു.

അർജ്ജുനൻ- (ഗാണ്ഡിവം വില്ലു കയ്യിൽ പിടിച്ചുകൊണ്ടു്)

ഖാണ്ഡവം ജ്വലനനേകി വാങ്ങിയാ-
ഗ്ഗാണ്ഡിവാഖ്യവരചാപമാണു, ഞാൻ
തിണ്ണമങ്ങയുടെ പുത്രനെത്തരാം
ദണ്ഡപാണി ബത കൊണ്ടുപോകിലും. 50



-14-


അത്രതന്നെയല്ല,

ധര്‍മ്മന്താനാണു സാക്ഷാൽ പുകൾപെരുകിടുമെ-
ന്നമ്മയാണച്ഛനാണാ-
സൌമ്യശ്രീധര്‍മ്മജാതൻ മമ ഗുരുവരനാ-
ണുഗ്രനാം ഭീമനാണു്
ചെമ്മേ മാദ്രേയരാണെൻപ്രിയമഹിഷിയതാം
ദ്രൌപദീദേവിയാണെൻ-
ബ്രഹ്മൻ! നിൻ പുത്രനേ നൾകുവനതു നിയത-
ന്തന്നെ ഞാന്തന്നെയാണു് 51


ചൊവ്വൊത്ത നിൻതനയനെത്തരുവൻ തരത്തിൽ
സർവ്വാസ്ത്രദേവതകളാണതു സത്യമാണ്;
ദിവ്യപ്രഭാവമിയലുന്നൊരു നാഥനായി-
ബ്ഭവ്യത്വമാര്‍ന്ന ഭഗവാൻ മുരവൈരിയാണ്. 52


എന്നല്ല, കേൾക്കണമിതും തവ പുത്രനേ ഞാൻ
തന്നില്ലയെങ്കിലെരിയുന്നൊരു തീയ്യതന്നിൽ
അന്നല്ലൽ വിട്ടു മമ ഗാണ്ഡിവമോടുകൂടി-
ത്താന്നല്ലവണ്ണമഴകോടഥ ചാടുവൻ ഞാൻ. 53


ബ്രാഹ്മണൻ- (വിചാരം)

ഓ! സത്യം ബഹുസാഹസംതന്നെ. ഇത്രയും ഞാൻ വിചാരിച്ചില്ല. ഇങ്ങനെ വേണ്ടായിരുന്നു. ആട്ടെ ഇത്ര ഉറച്ചു പറയുന്നതുകൊണ്ടു് ഈ വിദ്വാൻ രക്ഷിച്ചുതരുമെന്നു നിശ്ചയിക്കാം.

(സന്തോഷത്തോടുകൂടീട്ടു പ്രകാശം)

എന്നാലിനിയ്ക്കു സഖമായ്ത്തവ പാർത്ഥ! മേലിൽ
നന്നായ്‍വരും; ഗൃഹണിതന്നുടെ ഗർഭകാലം
വന്നാൽ ഭവാനറിവുതന്നിടുവൻ മുറയ്ക്ക-
ങ്ങന്നാളിൽ വേണ്ട ഭുജവീര്യമെടുത്തുകൊൾക. 54


അർജ്ജുനൻ - അങ്ങിനെതന്നെ.

ബ്രാഹ്മണൻ- അങ്ങേയെത്രദിവസമുണ്ടീദ്വാരകയിൽ താമസം?

അർജ്ജുനൻ-

അത്യാദരേണ ഹരിയൊത്തുടനെത്രകാലം
പാർത്താലുമില്ല പരിതൃപ്തി മനസ്സിനെന്നാൽ
എത്തായ്കയാൽ ചിലദിനം പിരിയേണ്ടതായ
കൃത്യം വരുമ്പൊഴകലേണ്ടിവരുന്നതാണ്. 55


അതുകൊണ്ടു് ജ്യേഷ്ഠനും മറ്റും വിശേഷമൊന്നുമില്ലെങ്കിൽ മൂന്നുനാലുസംവത്സരം ഭഗവാന്റെകൂടെ താമസിപ്പാനൊരുങ്ങീട്ടാണ് പുറപ്പെട്ടിരിക്കുന്നതു്.

ബ്രാഹ്മണൻ- എന്നാൽ നന്നായി. ഇതിന്നിടയിൽ ഗർഭമായാൽ ഹസ്തിനപുരത്തേക്കു വരണ്ടല്ലോ.

അർജ്ജുനൻ- അതുവേണ്ട.

-15-


ബ്രാഹ്മണൻ- (നേരം നോക്കീട്ടു)

നേരം മദ്ധ്യാഹ്നമായീ നെടിയൊരു കരജാ-
ലങ്ങൾ പാരിൽപ്പരത്തി
സ്വൈരം വ്യോമാന്തരത്തിൻ നടുവിലിനനിതാ
നിന്നു ശോഭിച്ചിടുന്നു!
ആരോമൽപങ്കജൌഘം പരിചിനൊടു വിടർ-
ന്നിട്ടു സൂയ്യന്റെനേരേ
നീരോളം തട്ടിയാടീടിലുമഭിമുഖമായ് -
ത്തന്നെ നിൽക്കുന്നുതാനും. 56


അർജ്ജുനൻ- ശരിയാണ്.

ആകാശമാകുമൊരു ഘോരവനാന്തരാള-
മാകുന്നതിൽ കനലെരിഞ്ഞിടുമെന്നപോലെ
ആകെപ്പടര്‍ന്നു വിലസുന്ന രവിപ്രകാശം
മാഴ്കുന്നു വണ്ടുകൾ സരോജമതിൽക്കിടന്നും. 57


ബ്രാഹ്മണൻ- എന്നാൽ ഞാൻ മാദ്ധ്യാഹ്നികത്തിനു പോട്ടെ. ഈ കാര്യം അമാന്തമാക്കില്ലല്ലോ.

അർജ്ജുനൻ- അമാന്തമാക്കുന്നതാണെങ്കിൽ ഞാൻ മുമ്പിൽതന്നെ ഏറ്റു പറയുകയില്ലല്ലോ.

ബ്രാഹ്മണൻ-

നന്നായ്‍വരും ഭവാനിനി-
യെന്നാൽ പോട്ടേ, മുറയ്ക്കു വിവരങ്ങൾ
തനിക്കു ഗർഭമായാ-
ലന്നൊക്കയുമറിവു തന്നീടാം 58


അർജ്ജുനൻ- അങ്ങിനെയാവട്ടെ.

(ബ്രാഹ്മണൻ പോയി)

അർജ്ജുനൻ- ഞാനും ഭഗവാൻ ശ്രീകൃഷ്ണന്റെ ഭവനത്തിലേക്കു പോകുന്നു.

(എന്നു ചുററിനടന്നിട്ട്)

പ്രാസാദത്തിനു നാലുവട്ടവുമഹോ
പൊക്കത്തോടും പന്തലി-
ട്ടാസ്വാദിച്ചിടുമാക്കുളുര്‍ത്ത ചെറുകാ-
റ്റേറ്റുള്ള സൌഖ്യത്തോടും
ശ്രീസൌഭാഗ്യഫലക്കുഴമ്പു ഭഗവാൻ
ഗോവിന്ദനെന്നേ കൃതാ-
ശ്വാസം നോക്കി രസിച്ചുകൊണ്ടു മരുവീ-
ടുന്നുണ്ടു സൌധസ്ഥലേ. 59


അതുകൊണ്ട് അടുത്തു ചെല്ലുകതന്നെ.

(എന്നു പോയി)

[രണ്ടാമങ്കം കഴി‍ഞ്ഞു‍]



 

മൂന്നാമങ്കം (പേജ് 16 - 21)

 

-16-


മൂന്നാമങ്കം

(അനന്തരം രണ്ടു വൃഷളികൾ പ്രവേശിക്കുന്നു)

ഒന്നാമത്തവൾ- എടി നാരായണി! തിരുമനസ്സുകൊണ്ട് അന്ന് ആ മരിച്ച കുട്ടിയേയുംകൊണ്ടു യാദവസഭയിലേക്കു പോയfട്ടെന്താണ് പിന്നത്തെ കഥ?

രണ്ടാമത്തവൾ- എന്താ കഥയെന്നു ചോദിപ്പാനുണ്ടോ പാർവതി? അങ്ങിനേതന്നെ ഇങ്ങോട്ടു പോന്നു.

ഒന്നാമത്തവൾ - തമ്പുരാക്കന്മാരുമൊന്നും പറഞ്ഞില്ലെന്നോ ഈ സങ്കടം തീക്കാൻ?

രണ്ടാമത്തവൾ- ഒന്നുമില്ല. കേൾക്കാത്ത പോലെ ഇരുന്നു അത്രേ ഉള്ളു എന്നാണ് പറയുന്നതു കേട്ടത്.

ഒന്നാമത്തവൾ- പോയിട്ടൊരു ഫലമുണ്ടായില്ലെന്നോ?

രണ്ടാമത്തവൾ- കുറച്ചൊക്കെ ആശ്വാസമുണ്ടായേ.

ഒന്നാമത്തവൾ- എന്താണത്?

രണ്ടാമത്തവൾ - തമ്പുരാക്കന്മാരുമൊന്നും പറഞ്ഞില്ലെങ്കിലും കൌരവരാജാവ് അര്‍ജ്ജുനൻ 'ഇനിയുണ്ടാവുന്ന കുട്ടിയെ ഞാൻ രക്ഷിച്ചോളാ'മെന്നു പറഞ്ഞ് അദ്ദേഹത്തിനെ ആശ്വസിപ്പിച്ചു. അതുകേട്ടു കുറച്ചാശ്വാസത്തോടുകൂടി അവിടുന്നിങ്ങോട്ടു പോന്നു..

ഒന്നാമത്തവൾ- ആട്ടെ! ഇപ്പോൾ കഞ്ഞാത്തലക്കു ഗര്‍ഭമുണ്ടോ?

രണ്ടാമത്തവൾ- ഗര്‍ഭമുണ്ടോ എന്നോ ! പത്തു തികഞ്ഞു. നീയ്യറിഞ്ഞില്ലേ?

ഒന്നാമത്തവൾ- ഞാനെങ്ങിനെയാണറിയുന്നത് ? എന്റെ ഭർത്താവു് വിദര്‍ഭരാജ്യത്തേക്കു പോയപ്പോൾ കൂടെ അങ്ങോട്ടു പോയിട്ടുണ്ടായിരുന്നില്ലേ? മിനിഞ്ഞാന്നേ വന്നുള്ളു. എന്നാൽ ഇനിക്കൊന്നു കുഞ്ഞാത്തോലെ കാണണമെല്ലോ.

രണ്ടാമത്തവൾ- എന്നാൽ നമുക്കങ്ങോട്ടു പോവുക. (ചുറ്റിനടന്നു നോക്കീട്ട്) ഇതാ അവിടുന്ന് എഴുന്നെള്ളിയിരിക്കുന്നു.

ഒന്നാമത്തവൾ- അല്ലാ! തിരുമനസ്സുകൊണ്ടുമുണ്ടെടുക്കെ. നോക്കിപ്പോൾ കാണാൻ തരാവില്ല. പോ,കതന്നെ.

(രണ്ടാളും പോയി)

(പ്രവേശകം കഴിഞ്ഞു.)



-17-


(അനന്തരം ബ്രാഹ്മണനും ഭാര്യയും പ്രവേശിക്കുന്നു).

ഭാര്യ-

നാട്ടിൽപ്പെണ്ണുങ്ങളായാൽ നലമൊടൊരുവിധം
ഗർഭമായെന്നുവെച്ചാ-
ലൊട്ടപ്പോൾ പ്രീതിയാകും, പ്രസവമതു കഴി-
ഞ്ഞീടിലാനന്ദമേറും,
കുട്ടിപ്രായത്തിലുള്ളാത്തനയരെയധികം
വെച്ചു ലാളിച്ചുകൊണ്ടി-
ട്ടിഷ്ടപ്രാപ്തിക്കു സമ്പൂർത്തിയുമിഹ വരുമേ
നാൾക്കുനാൾക്കേറിയേറി. 60


നമുക്കങ്ങിനെയല്ലാ,

ഗർഭമാവുകിലുദിക്കുമത്തലും
വായ്പ കൂടിവരുമേ ദിനംപ്രതി
കെല്പൊടങ്ങൊരുവിധം പെറുന്നനാ-
ളുൾപ്പെടുന്നൊരഴൽ പൂര്‍ണ്ണമായ്‍വരും. 61


മക്കളെ ലാളിച്ചിട്ട-
ങ്ങുൾക്കളമതിലേന്തിടുന്നു സന്തോഷം
ഇക്കണ്ടവര്‍ക്കു കിട്ടി-
ല്ലുൾക്കൊണ്ട വിഷാദമാകുമന്നൊക്കെ. 62

 


ബ്രാഹ്മണന്‍- എങ്കിലും വ്യസനിക്കണ്ടാ. ഇപ്പോഴുണ്ടാകുന്ന കുട്ടിയെ രക്ഷിക്കാമെന്നര്‍ജ്ജുനൻ സത്യം ചെയ്തിട്ടുണ്ടെന്നു ഞാൻ പറഞ്ഞില്ലേ?

വീര്യംപെടുന്ന സുരനായകപുത്രനന്നാ-
ക്കാര്യം വെടിപ്പൊടു നടത്തിടുമില്ല വാദം
ഭാര്യേ! നമുക്കു സുഖമാമിനിയർജ്ജുനൻ ദോര്‍-
വീര്യേണ നോക്കു തരുമീമകനേ മനോജ്ഞേ! 63


ഭാര്യ- (ദീർഘശ്വാസമിട്ടിട്ട്) ഉവ്വ്! എങ്കിലും എനിക്കു വിശ്വാസം വരുന്നില്ല. ശ്രീകൃഷ്ണാദികളും മറ്റും വിചാരിച്ചിട്ട് അസാദ്ധ്യമാണെന്നു കയ്യൊഴിച്ച കാര്യം ഈ അര്‍ജ്ജുനൻ വിചാരിച്ചാൽ നേരെയാക്കാൻ സാധിക്കുമോ?

ബ്രാഹ്മണന്‍- ഇതു ഞാനും ശങ്കിച്ചു. എന്നിട്ടു ഞാൻ ചോദിക്കയും ചെയ്തു.

പ്രദ്യുമ്നനേറ്റമറിവുള്ളനിരുദ്ധനത്യ-
ന്തോദ്യോഗശാലി ബലനബ്ഭഗവാൻ മുകുന്ദൻ
ദുർദ്ദൈവമോര്‍ത്തിവരൊഴിപ്പൊരു കാര്യമങ്ങു-
മദ്ദേവരാജസുത നീ നടത്തുമെന്നോ? 64


എന്നു് അപ്പോൾ അദ്ദേഹം പറഞ്ഞു:

പ്രദ്യുമ്നനല്ലി,തനിരുദ്ധനുമല്ല, സാക്ഷാൽ
മദ്യപ്രിയൻ ബലനുമല്ല, മുകുന്ദനല്ല,
ഇദ്ദേഹമക്കൊടിയ ഗാണ്ഡിവവില്ലെടുക്കു-
മുദ്യോഗമേറിയൊരു പാർത്ഥനതോർത്തുകൊൾക 65


എന്നു്

-18-


ഭാര്യ- അർജ്ജുൻ വിചാരിച്ചാൽ കഴിയുമായിരിക്കും. എങ്കിലും അത്ര മനസ്സുവെച്ചുത്സാഹിക്കുമോ?

ബ്രാഹ്മണന്‍-

അയ്യോ നിയിശ്ശങ്ക ശങ്കിച്ചിടൊല്ലേ
പൊയ്യോതീടുന്നാളതല്ലർജ്ജുനൻ കേൾ;
കയ്യാൽ ചെന്നിക്കാര്യമൊപ്പിച്ചിടാഞ്ഞാൽ
തിയ്യിൽ ചാടാമെന്നൊരാസ്സത്യമില്ലേ? 66


ഭാര്യ- അതുവ്വ്

ബ്രാഹ്മണന്‍- അത്ര ഉറപ്പിച്ചു പറഞ്ഞതുകൊണ്ടു കാര്യം സാധിക്കുമെന്നുതന്നെ ഉറച്ചോളു അമാനുഷമായ വളരെ കാര്യം ചെയ്തിട്ടുള്ളാളാണു് അര്‍ജ്ജുനൻ.

പൈതോലും ബലമാര്‍ന്നെഴുന്നസുരരാ-
മക്കാലകേയാദിയാം
പൈതൽപ്പൊന്മറിമാൻകുലത്തിലധികം
'ശാര്‍ദൂലവിക്രീഡിതം'
ചെയ്തോരത്ഭുതശക്തിയുള്ള വിജയ-
ന്നിക്കാര്യവും സാദ്ധ്യമാ:-
മേതും ശങ്കനിനച്ചിടേണ്ട, സുഖമാം
കാന്ത! നിനക്കിന്നിമേൽ. 67


ഭാര്യ- ഇനിക്കൊരു കുട്ടിയേയെങ്കിലും ജീവനോടുകൂടി വളര്‍ത്താൻ കിട്ടിയാലത്തെ സന്തോഷം പറയാനില്ല.

മടിനടുവിൽ വഹിച്ചും, മാനമോടുമ്മവെച്ചും,
പൊടിചളികൾ തുടച്ചും, പുഞ്ചിരിക്കായ്ക്കൊതിച്ചും,
ഇടയിലിഹ കരഞ്ഞാൽ കണ്ണുനീർതാൻ തുടച്ചും
വടിവിനൊടു വളര്‍ത്തും സൌഖ്യമെന്തോതിടേണ്ടൂ? 68


ബ്രാഹ്മണന്‍- ശരിയാണു്.

ബാല്യത്തിലങ്ങുപനയാദി കഴിഞ്ഞവൻ ചാ-
ഞ്ചല്യം പറഞ്ഞൊരുപദേശഗിരാ കളഞ്ഞു്
ചൊല്ലാര്‍ന്നിടുന്നൊരറിവേറ്റിയ പുത്രനെക്ക-
ണ്ടുല്ലാസമാര്‍ന്നിടുവതിന്നതികൌതുകം മേ. 69


മറ്റുള്ളോരുടെ മക്കളേയുമവർതാൻ
വിദ്യാര്‍ത്ഥമെന്നന്തികേ
തെറ്റന്നങ്ങിനെ നൽകിലായവരിലും
വാത്സല്യമുണ്ടേറെ മേ
മുറ്റും നമ്മുടെ പുത്രനാകിലവനെ-
ശ്ശാസ്ത്രം പഠിപ്പിക്കുകിൽ
പറ്റും നിസ്തുലമോദമായതിതുകൊ-
ണ്ടൂഹിച്ചു മോഹിച്ചുഞാൻ. 70



-19-


ഭാര്യ-

പ്രായം തികഞ്ഞ, തനയന്നു വിവേകസാര-
മായിത്തെളിഞ്ഞ നവയൌവനഭംഗികൂടി
ജായാസമേതമവനേയൊരു നോക്കു നോക്കാൻ
മായാവിഹാരി ഭഗവാൻ തരമാക്കിടട്ടേ. 71


ബ്രാഹ്മണന്‍-

മഹനുടെ മഹനന്നാശന-
മഹമതിലാവിപ്രഭോജനാദികളിൽ
അഹമാദ്യവസാനമതായ്
മഹിമകൾ കാണുന്നതെന്നാര്യേ! 72


ഭാര്യ-

പാരം ക്ഷീണതയുണ്ടിനിക്കു വയറു-
ണ്ടറ്റം ചലിക്കുന്നതി-
ന്നേരം മാതിരി മാറിടുന്നിതു വയ-
റ്റാട്ടിയ്ക്കൊരാളോടണം;


ഞാൻ പ്രസവിക്കാനുള്ള അകത്തേക്കു പോട്ടെ.

(എന്നു പോയി)

ബ്രാഹ്മണന്‍-

ഓരോന്നിങ്ങിനെ ചൊല്ലിനില്ക്കിലിനിമേൽ
കാര്യം കണക്കല്ല ദോ-
സ്സാരം പൂണ്ടൊരു പാര്‍ത്ഥനോടിതറിയി-
ക്കട്ടേ നടക്കട്ടെ ഞാൻ. 73


(എന്നു ചുററിനടന്നിട്ട്) ഇതാ അര്‍ജ്ജുനനെ കാണുന്നു. എന്നുതന്നെയല്ല,

ഏറ്റം കര്‍ണ്ണകഠോരമാകിയവിധം
ഗാണ്ഡീവചാപം കുല-
ച്ചൂറ്റംപൂണ്ടു വലിച്ചിടുന്നു വിജയൻ
വില്ലാളിവീരൻ പരൻ


(നാലുപുറത്തും നോക്കീട്ട്)

തെറ്റെന്നെന്തൊരു വിദ്യയാണിതിവിടെ
സ്സൂര്യപ്രഭാജാലവും
പറ്റുന്നില്ല നിറഞ്ഞിടുന്നു നിരവേ
കൂരമ്പടഞ്ഞങ്ങിനെ. 74


ശരി, അജ്ജുനന്റെ വിദ്യയാണ്.

-20-


അന്തകനും കൂടിയിതി-
ന്നന്തികമതിലേക്കണഞ്ഞുവെന്നാകിൽ,
ഹന്ത വിജയാസ്ത്രമേറ്റു നി-
രന്തരമംഗം മുറിഞ്ഞ മൃതനാകും. 75


ഈ അര്‍ജ്ജുനനെങ്ങിനെയാണ് പ്രസവം കാലായെന്നറിഞ്ഞിവിടെ വന്നത്. ഇദ്ദേഹത്തിന്നു ദിവ്യചക്ഷുസ്സുണ്ടോ? (വിചാരിച്ചിട്ട്) ശരി. ഞാൻ പറഞ്ഞിട്ടുതന്നെയാണു്.

നിത്യവും ഗൃഹിണിതൻ ചരിത്രമ-
പ്പാർത്ഥനോടു പറയാറുമുണ്ടു ഞാൻ;
പേര്‍ത്തു പത്തുദിനമായി മൽഗൃഹേ
പാര്‍ത്തു പോന്നിടുവതുണ്ടു കാത്തിവൻ. 76


അതീപ്പരിഭ്രമത്തിൽ ഞാൻ അന്ധാളിച്ചു.

(അനന്തരം പറഞ്ഞപോലെ അര്‍ജ്ജുനൻ പ്രവേശിക്കുന്നു)

ബ്രാഹ്മണന്‍- (അർജ്ജുനൻ അടുക്കെ ചെന്നിട്ടു് )

വരട്ടേ ചൊല്ലട്ടേ വടിവൊടിതു ഞാൻ നന്ന കരുതീ-
ട്ടൊരിഷ്ടംചെയ്യേണം യമനെയുമയയ്ക്കൊല്ലിതിനകം;
ഗരിഷ്ഠന്മാർ കൂപ്പം ഗുണമുടയ വില്ലാളിനിരതൻ
വരിഷ്ഠൻ നീ മാനത്തോടു സുകൃതവും നേടുക സഖേ! 77


അര്‍ജ്ജുനന്‍-

ചൊല്ക്കൊണ്ടിടുന്ന ദിഗധീശരുമാരുമിന്നു
നോക്കേണ്ട ചൊല്ലെഴുമൊരിശ്ശരപഞ്ജരത്തിൽ
ഉൾക്കൊണ്ടു നിന്‍തനയനുള്ളൊരു ജീവിതത്തെ-
ക്കയ്ക്കൊണ്ടിടാൻ പരമിവര്‍ക്കു മിടുക്കു പോരാ. 78


(അണിയറയിൽ)

അയ്യോ വപുസ്സു തളരുന്നിതിടയ്ക്കിടയ്ക്കു,
വയ്യോ നമുക്കു ചില നോവുകൾ വന്നിടുന്നു;


ബ്രാഹ്മണന്‍- ഒ! നല്ലവണ്ണം മനസ്സിരുത്തിയിരിക്കണേ.

(അണിയറയിൽ)

അയ്യീവിധം പിടയൊലാ കുടലേറ്റമുണ്ടാം
പയ്യന്നു ദുർഘടമതാമതുമോർമ്മവേണേ! 79


അര്‍ജ്ജുനന്‍- (ശരപഞ്ജരത്തിന്റെ ഉള്ളിൽ ഒന്നുംകൂടി ശരപഞ്ജരം കെട്ടീട്ട്)

ബ്രഹ്മജ്ഞനായിടുമിളാസുാനുള്ള പുത്ര-
ന്നമ്മാതിരിക്കൊരു കുഴക്കു ഭവിച്ചിടായ്‍വാൻ
ബ്രഹ്മാസ്ത്രമന്ത്രമതുകൊണ്ടിഹ കെട്ടിടട്ടേ
നിർമ്മായമിന്നപജയങ്ങളകന്നിടട്ടേ. 80


(എന്നു ധ്യാനം നടിക്കുന്നു)

-21-


ബ്രാഹ്മണന്‍- (പരിഭ്രമിച്ചു വയറുതിരുമ്മിക്കൊണ്ടു്) എന്താണാവോ കഥ? അകത്തെന്തെല്ലാമാണാവോ?

(പിന്നയും അണിയറയിൽ)

നേരം നോക്കുക ബാലകന്നുടെ ശിരോ-
ഭാഗം പുറത്തായിയി-
ന്നേരം ഹന്ത പുറത്തുപോന്നിതു കിടാ-
വാണാണറിഞ്ഞേനഹം;


ബ്രാഹ്മണന്‍- ഇനിയാണ് നല്ലവണ്ണം രക്ഷിക്കേണ്ടത്. താഴത്തു വീണാൽ ജീവനുണ്ടാവാറില്ല കുട്ടിയ്ക്ക്.

(അജ്ജുനൻ ഒന്നുംകൂടി ശസ്ത്രബന്ധം ചെയ്യുന്നു.)

(പിന്നയുമണിയറയിൽ)

സ്വൈരം നന്നു കരഞ്ഞിടുന്നിതു കിടാവ് -

ബ്രാഹ്മണന്‍- (സന്തോഷിക്കുന്നു)

(അണിയറയിൽ)

അയ്യോ മഹാദുര്‍ഗഘട-
ക്കാരൻ നിർഘൃണനാണു ദൈവമുടലോ.
ടേകുട്ടി മേല്പോട്ടു പോയ്. 81


ബ്രാഹ്മണന്‍- അയ്യയ്യോ! എന്റെ അര്‍ജ്ജുന! രക്ഷിക്കേണ, രക്ഷിക്കണേ!

അര്‍ജ്ജുനന്‍- (ദേഷ്യത്തോടുകൂടി) എടാ കള്ളാ! നില്ക്കു് നില്ക്കു്.

സാക്ഷാൽ ശ്രീപരമേശ്വരൻ സകലലോ-
കേശൻ സുരാധീശ്വരൻ
ലക്ഷ്മീവല്ലഭനായ കണ്ണനമലൻ
ദ്രോണൻ കൃപൻ ഭീഷ്മർതാൻ
ദാക്ഷിണ്യത്തോടിനിയ്ക്കുതാനിവരു ത-
ന്നോരാ മഹാസ്ത്രങ്ങളെ-
യ്തുൾക്ഷോഭം പെടുമാറു നിന്നെയിവിടെ-
ത്താഴത്തു വീഴ്ത്തീടുവൻ. 82


(എന്ന് സകലദിവ്യാസ്ത്രങ്ങളേയും പ്രയോഗിക്കുന്നു)

 

മൂന്നാമങ്കം (പേജ് 22 - 23)

 

-22-


(അണിയറയിൽ)

കുതികുത്തിമറിഞ്ഞ ബാണജാലം
ധൃതിയോർത്തജ്ജുനനെയ്തിടുന്നതെല്ലാം.
അതിനിഷ്ഫലമായി ബാലനെക്കൊ-
ണ്ടിത പോയീ വിധിതാനദൃശ്യനായീ. 83


അര്‍ജ്ജുനന്‍- (വിഷാദത്തോടുകൂടീട്ട് വിചാരം)

പരമേശ്വരനിന്ദ്രനെൻ മുകന്ദൻ
പരമീയെൻ ഗുരുനാഥർ തന്നതായി
ശരമുള്ളതു നിഷ്ഫലീകരിപ്പി-
പ്പൊരു മാഹാത്മ്യമെഴുന്നതാരു പാരിൽ! 84


(നാലുപുറത്തും നോക്കീട്ട്) ആരേയും കാണാനില്ല; എന്തു കാട്ടാം.

സത്യം നിഷ്കലമായിടട്ടെ,യഭിമാനം
വേണ്ട പോട്ടേ, നമു-
ക്കെത്താതുള്ളൊരു കാര്യമായ്‍വരികിലും
മറ്റൊന്നു കൊണ്ടിണ്ടൽ മേ;
പൃത്ഥ്വീദേവനൊടേറ്റമേറ്റു പറയു-
ന്നെൻ വാക്കുകേട്ടായവ-
ന്നുൽത്താരിങ്കലുദിച്ച മോദമഴലായ്
ത്തീർത്തെന്നു മാഴ്കുന്നു ഞാൻ. 85


ഇനി എന്താണു വേണ്ടത്? ഇതുകൊണ്ടൊഴിക്കവയ്യാ.

സര്‍വ്വലോകമരണത്തിനീശനായ്-
സ്സര്‍വ്വധര്‍മ്മപതിയാകുമന്തകൻ
ചൊവ്വൊടൊത്തരുളിടുന്ന ദിക്കിലും
ദിവ്യശക്തിയൊടു പോയി നോക്കണം. 86


എന്നാൽ കാലൻ ബുദ്ധിമോശാലിനിയ്ക്കായ് -
ത്തന്നീലിന്നീബ്ബാലനേയെന്നിരിയ്ക്കിൽ
വന്നാൽ വന്നൂ കാലകാലന്റെ ശിഷ്യൻ
കൊന്നേ പോരൂ കാലനേക്കമ്പമെന്ന്യേ. 87


അന്തകപുരിയതിലില്ലീ-
യന്തണനുടെ പുത്രനെന്നു യമഗീതി
ഞാന്തിറമൊടു കേട്ടെന്നാ-
ലെന്തിനു ജവമൊടു തിരിക്കുമവിടന്നും. 88



-23-


ഇന്ദ്രലോകമൊടു ചന്ദ്രലോകവും
പിന്നെയുള്ള സുരവര്യലോകവും
ഒന്നുമിന്നിടവിടാതെ ഞാൻ തിര-
ഞ്ഞെന്നിയേ തിരിയെ വന്നിടാ ദൃഢം. 89


ബ്രാഹ്മണന്‍- (അര്‍ജ്ജുനന്റെ നേരെ നോക്കീട്ട്) എന്താവേണ്ടത് അർജ്ജുന? അങ്ങു വിചാരിച്ചിട്ടും എന്റെ മഹനെ കൊണ്ടുതരാൻ കഴിഞ്ഞില്ല, അല്ലേ?

അര്‍ജ്ജുനന്‍- (തൊഴുതും കൊണ്ടു്) കുറച്ചുനേരവുംകൂടെ അങ്ങ ക്ഷമിക്കണം.

ഉടനീയുലകാകവേ തിരഞ്ഞി-
പ്പടുവേഗത്തോടു ദിവ്യവിദ്യകൊണ്ടു
സ്ഫുടമാശ്ശിശുവേത്തിരഞ്ഞെടുത്തുല്‍-
ക്കടവേഗം വരുവാനനുജ്ഞചെയ്ക. 90


ബ്രാഹ്മണന്‍- എന്നാലങ്ങിനെയാട്ടെ. കിട്ടുമെന്നു തോന്നീല. അത്രയുണ്ടെന്റെ തലയിലെഴുത്തിന്റെ ദോഷം. ഞാൻ ഭാര്യയെ ചെന്നു സമാധാനപ്പെടുത്തട്ടെ.

അര്‍ജ്ജുനന്‍- ഞാനും വേഗം പോയി കൊണ്ടുവരട്ടെ.

(എന്ന് എല്ലാവരും പോയി)

[മൂന്നാമങ്കം കഴി‍ഞ്ഞു‍]



 

നാലാമങ്കം (പേജ് 24 - 30)

 

-24-


നാലാമങ്കം

(അനന്തരം യമധര്‍മ്മരാജാവും നാരദനും പ്രവേശിക്കുന്നു)

നാരദൻ - എന്നിട്ടോ?

യമൻ-

ഇവിടെയില്ല മഹീസപുത്രനീ
വിവരമൊക്കെയുരച്ച തിരിച്ചു ഞാൻ;
അവികലം പരിശോധനചെയ്യുവാൻ
ജവമൊടര്‍ജ്ജുനനേകിയനുജ്ഞയും. 91


പുണ്യം ചെയ്തവർ പാര്‍ത്തിടും പുരകളും
കോപിച്ച പാപിഷ്ഠരിൽ
ദണ്ഡം ചെയ്തുവരുന്ന വൻനരകവും
കാണിച്ചിതെല്ലാടവും
വിണ്ണോർനായകപുത്ര,നില്ലിവിടെയായ-
ബ്ഭൂദേവനുള്ളുണ്ണിയീ-
വണ്ണം തീര്‍ച്ചവരുത്തിവിട്ടു; വിജയൻ
പോയാൻ സുരേന്ദ്രാലയം. 92


സര്‍വ്വസുരാലയമൊക്കെ
സ്വര്‍വ്വരപുത്രൻ തിരഞ്ഞു, കണ്ടില്ല;
ചൊവ്വൊടു ഭൂപാതാളവു-
മവ്യാജം പോയ് തിരഞ്ഞിതവനത്രേ. 93


അവിടേയൊന്നും കാണാഞ്ഞിട്ടു തിരിച്ചുവന്നു ബ്രാഹ്മണന്റെ അടുക്കലേക്കു ചെന്നു എന്നാണ് അർജ്ജുനന്റെ കൂടെ അയച്ചിരുന്ന കിങ്കരന്മാർ പറഞ്ഞത്.

നാരദൻ - എന്തൊരു വിദ്യയാണ്? നിങ്ങളുടെ ആരുടേയും അധീനത്തിലില്ലാതേകണ്ടു മരിച്ച ആൾ വല്ല ദിക്കിലും പോകുമോ?

യമൻ -

എനിക്കു തോന്നുന്നതു ഞങ്ങളെല്ലാം
ജനിയ്ക്കുവാൻ കാരണമാദിദേവൻ
അനശീലൻ വിഭു വിഷ്ണു താനേ
നിനയ്ക്കിലല്ലാതിതു കിട്ടുകില്ല. 94


എന്നാണ്.

-25-


നാരദൻ- അങ്ങിനെ വരാം. ഭഗവാൻ തന്റെ ഒരു കലയായ അർജ്ജുനനു ഭൂലോകവാസം കൊണ്ടുണ്ടായ അഭിമാനാദിദോഷങ്ങളെ കളയുവാനും, കീർത്തി കളയുവാനുമായി ചെയ്ത കൌശലമായിരിക്കണം.

യമൻ- അങ്ങിനെതന്നെ വരാനേ സംഗതിയുള്ള. അതുകൊണ്ടല്ലേ ഈ ബ്രാഹ്മണപുത്രന്മാർ മരിക്കുന്നതു കേട്ടിട്ട് ഒരു പരിഹാരം ചെയ്യാതെ മായാമനുഷ്യനായ ഭഗവാൻ ശ്രീകൃഷ്ണൻ മിണ്ടാതെ ഇരുന്നത്.

നാരദൻ- ഇനി അർജ്ജുനന് അഭിമാനാദിദോഷങ്ങളൊക്കെ തീർന്നു വളരെ ഗുണം വരുന്നതിന്ന് അനുകൂലമായ നിർവ്വേദം വരേണ്ട ദിക്കായി. അതിന്ന് ആ ബ്രാഹ്മണന്റെ കുറേ നിന്ദാവാക്കുംകൂടി കേട്ടാൽ അധികം നന്നായിരിക്കും

യമൻ- അതുവ്വ്.

നാരദൻ- എന്നാൽ ഞാൻ ബ്രാഹ്മണന്റെ ശകാരവും അജ്ജുനന്റെ പ്രവൃത്തികളും ഒക്കെകേൾക്കുവാനും കാണുവാനും പോകട്ടെ.

യമൻ- അങ്ങിനതന്നെ.

(എന്നു പോയി)

(വിഷ്കംഭം കഴിഞ്ഞു.)



(അനന്തരം ബ്രാഹ്മണനും അർജ്ജുനനും പ്രാവശിക്കുന്നു.)

അർജ്ജുനൻ- (ബുദ്ധിക്ഷയത്തോടുകൂടി)

ഇക്കാണും ഭുവനങ്ങളൊക്കെയഴകിൽ-
പ്പോയിത്തിരഞ്ഞേനഹം
ചൊൽക്കൊള്ളും തവ പുത്രനെ ദ്വിജമണേ!
കണ്ടീലൊരേടത്തിലും;
തൽക്കാലം യമനിന്ദ്രനെന്നു മുതലാം
ദേവാലയം ഭൂതലം
മുഖ്യപ്പെട്ടഹിരാജ്യമെന്നിവ തിര-
ഞ്ഞീടാതെയില്ലേതുമേ. 95


ആത്മശക്തിസമമായ് ശ്രമിച്ചു ഞാ-
നാത്മവിത്തമ! കിടച്ചതില്ല തേ
ആത്മജന്റെ കഥകൂടി; യഗ്നിയിൽ
സ്വാത്മനാശമതു ചെയ്‍വതുണ്ടു ഞാൻ. 96


ബ്രാഹ്മണന്‍- (ദേഷ്യത്തോടുകൂടി)

മുമ്പേ ചൊല്ലീലയോ ഞാൻ മുരരിപുഭഗവാൻ
കയ്യൊഴിച്ചോരുദിക്കിൽ
താമ്പേറിക്കൂടിടേണ്ടെന്നതു, തവ ചെവിയിൽ
കേറിയില്ലപ്പൊഴൊട്ടും;
ഞാമ്പോരെന്നോ ജയിപ്പാൻ ത്രിഭുവനമിതഹോ
കാണ്‍ക ഗാണ്ഡീവമെന്നും
വീമ്പോരോന്നെന്നൊടോതീട്ടൊരു ഫലമിവിടെ-
ക്കണ്ടതഗ്നിപ്രവേശം. 97



-26-


കയ്യൂക്കും വില്ലുമായിശ്ശിവനുടെ തലയിൽ-
കൂടിയാടീട്ടുമുണ്ടെൻ
കയ്യിൽ കാര്യം തുടന്നീടുകിലിതി പലതും
മേനി ചൊല്ലുന്നനേരം
അയ്യിക്കോമാളി വങ്കപ്രഭുവിതി കരുതീ-
ലന്നു ഞാൻ കാലദോഷം;
തിയ്യിൽ കാണിയ്ക്കു വീര്യം തിറമൊടിനിയുടൻ
പട്ടടയ്ക്കായ് ശ്രമിക്കാം. 98


എന്തൊരു കഷ്ടമാണ്. എന്റെ വിഡ്ഢിത്തം വിചാരിച്ചുനോക്കൂ. ശ്രീകൃഷ്ണഭഗവാൻ വിചാരിച്ചാലും സാധിക്കാൻ കഴിയാത്തത്, താൻ സാധിപ്പിക്കുമെന്നു വിചാരിച്ചു ഭൂമിച്ചുവല്ലൊ.

ഞാനെന്റെ ഭാര്യയൊടു ഫൽഗുനനിന്നിമേലിൽ
മാനത്തോടും തവ സുഖം തരുമെന്നിവണ്ണം
ദീനത്വമങ്ങൊഴിയുവാൻ പലതും പറഞ്ഞേൻ
ഹീനാര്‍ത്ഥനാം തവ പകിട്ടുകളിൽ ഭ്രമിച്ചു. 99


മേനിക്കണ്ടപ്പരായിപ്പുലരുമവനിയിൽ-
പ്പാര്‍ത്തുപോരുന്നതുണ്ടീ-
മാനംകെട്ടോരു കയ്യിൽ പണമുടയവരിൽ
ത്തന്നെ ധാരാളമുണ്ടാം;
നൂനം ഭൂപാലായീടുകിലിനിയുര ചെ-
യ്യേണ്ടതുണ്ടോ നൃപാല-
സ്ഥാനം കേറുന്നതായാലറിവുടയവനും
മൌഢ്യമുണ്ടാകുമല്ലോ. 100


സത്യം ധമ്മം ശൌര്യമെന്നുള്ളതെല്ലാം
നിത്യം പാര്‍ത്താൽ പാര്‍ത്ഥനിൽ സിദ്ധമല്ലേ?
മൃത്യുഛേദത്തിന്നൊരുങ്ങുന്നരങ്ങോ
മൃത്യുച്ഛേദത്തിനൊരുങ്ങുന്നോരങ്ങോ
മൃത്യുച്ഛേദിക്കുള്ളൊരാശ്ശിഷ്യനാംപോൽ. 101


കാലാരാതിയതാം പുരാരിഭഗവാൻ-
താനെങ്ങു? താനെങ്ങടോ?
ചേലേറുന്നൊരു കണ്ണനെങ്ങ്? ചതിയു-
ള്ളങ്ങെങ്ങതോര്‍ക്കാതെ ഞാൻ
ബാലന്തന്നുടെ രക്ഷണയ്ക്കു മതിയാ-
മിപ്പാര്‍ത്ഥനെന്നോര്‍ത്തതെൻ
കാലക്കേടിനിയാരു നിന്നിൽ നിയതം
വിശ്വസ്തനായ് വന്നിടും? 102


ഇനിക്കിപ്പോൾ മുമ്പിലത്തേതിലധികം സങ്കടമൊന്നും ഇല്ലെന്നു പറയാം. ഇനിയ്ക്കു മക്കളുണ്ടായാൽ ഉടൻ മരിക്കുകയാണ് പതിവ്. എന്നാൽ ഈ കുട്ടി ജീവിച്ചുകിട്ടുമെന്നുറച്ചുപോയതുകൊണ്ടു പതിവിൽ വളരെ അധികം വ്യസനിക്കേണ്ടിവന്നു. അതിലധികം താനൊന്നും ചെയ്യാൻ കഴിയില്ല, അല്ലെ?

അര്‍ജ്ജുനന്‍ - (വിചാരം) ഓ! കര്‍ണ്ണകഠോരം തന്നെ വാക്ക് -

പ്രാണപ്രയത്നമൊടു ഞാൻ ദ്വിജബാലരക്ഷ-
യ്ക്കാണീ പ്രവൃത്തി മുഴുവൻ ബത ചെയ്തതെന്നാൽ
നാണിപ്പതിന്നുമിടയായ് ഫലമായിടാഞ്ഞു
കേണിപ്പൊഴഗ്നിനടുവിൽ ബത ചാടിടേണം. 103



-27-


ബ്രാഹ്മണന്‍- എന്താ ഒന്നും മിണ്ടാത്തത്? ഇപ്പോൾ തീയിൽ ചാടാൻ കുറച്ചു മടിയുണ്ടെന്നുണ്ടോ?

നിയ്യിച്ചലിച്ച ദുഃഖ-
ത്തിയ്യിൽച്ചാടിച്ചു ഞങ്ങളെയതിന്നായ്
പൊയ്യായ് ചൊന്നതിനെരിയും
തിയ്യിൽ ചാടുക മടിച്ചു നില്ക്കേണ്ടാ. 104


അര്‍ജ്ജുനന്‍- (വിചാരം)

ബ്രഹ്മവിത്തമരായിടുന്നൊരീ
ബ്രാഹ്മണര്‍ക്കു ഗുണമൊക്കെയെങ്കിലും
മര്‍മ്മമൊത്തു തുളയും ശകാരമാം
നര്‍മ്മമിത്ഥമറിവുണ്ടു മുമ്പു മേ. 105


അല്ലെങ്കിൽ,

ഞാൻ ചെയ്യേണ്ടതു ചെയ്തുവിക്ഷിതിസുര-
പ്രീതിയ്ക്കതെന്നാകിലും
ചാഞ്ചല്യം കലരുന്ന ദൈവവിധിയാൽ
കാര്യം ഫലിച്ചില്ലിതിൽ
എഞ്ചാറും കുടലും പറിച്ചുകളയും
ക്രൂരാക്ഷരഞ്ചൊല്ലിയും
താഞ്ചീറീട്ടൊരു കാര്യമെന്തു തിരിയെ-
ത്തൻകുട്ടിയെക്കിട്ടുമോ? 106


ഇത് ഇവരുടെ ദോഷമല്ല.

ശുദ്ധത്വമേറിടുമിവര്‍ക്കുടനപ്രിയത്താൽ
കൃദ്ധത്വമുള്ളിൽ വരുമേ വെളിവില്ല പിന്നെ
ഇത്തത്വമമ്പൊടറിയാതെ ജഗത്തിലോര്‍ത്താൽ
ബുദ്ധിത്തികച്ചിൽ കലരുന്നവരാരുമില്ല. 107


അതുകൊണ്ടു് ഇതിനെക്കുറിച്ച പരിഭവമൊന്നും നിരുപിക്കാനില്ലല്ലൊ. എന്തെങ്കിലും പറഞ്ഞോട്ടെ. എന്നല്ല, ഇദ്ദേഹം പറയുന്നതും കാര്യമാണല്ലോ.

കൂടീടുമുദ്യമമൊടാദ്വിജബാലനേ ഞാൻ
തേടീടിലും കരമതിൽ കിടയായ്കമൂലം
ആടീടുമാശ്ശപഥരക്ഷയതിന്നു തീയിൽ
ചാടീടവേണമിതു നല്ലൊരു കാര്യമല്ലേ? 108


എരികനലിലുടൻ തന്മൈ ചുടുന്നോരുനേര-
ത്തെരിയുമൊരു മണിക്കൂറെങ്കിലും പിന്നെ വേഗം
കരിയുമനൃതമോടീമട്ടു ജീവിച്ചിരുന്നാൽ
പെരിയൊരഴലതാം തീയുള്ളു പൊള്ളിക്കുമെന്നും. 109


അതുകൊണ്ടു വേഗം അഗ്നിപ്രവേശം കഴിക്കതന്നെ.

ബ്രാഹ്മണന്‍- സത്യസന്ധനായിരിക്കുന്ന അങ്ങക്ക് അഗ്നിപ്രവേശത്തിൽ മടിവരാൻ പാടുണ്ടോ?

അര്‍ജ്ജുനന്‍- അങ്ങുന്നു പറയുന്നതു ശരിയാണു്. അഗ്നിപ്രവേശം ചെയ്യേണ്ടതായിവന്നു. എനിക്ക് അതിന്നു മടിയില്ലതാനും.

-28-


മടികൊണ്ടമരുന്നതല്ല ഞാൻ പ-
ട്ടടകൂട്ടിത്തരുവൻ തരത്തിലിപ്പോൾ
പടുവായൊരു മര്‍ത്ത്യനില്ലതാണൊ-
ട്ടിട നില്ക്കേണ്ടിവരുന്നതുന്നതാത്മൻ! 110


ബ്രാഹ്മണന്‍- ഞാൻ പട്ടട കൂട്ടിത്തരാമല്ലോ. ഒരാളുടെ സത്യം രക്ഷിപ്പാനാവുന്നേടത്തോളം സഹായിക്കേണ്ടതല്ലേ? (എന്നു പട്ടട കൂട്ടിക്കൊടുക്കുന്നു )

അര്‍ജ്ജുനന്‍- (നോക്കീട്ട്)

മുമ്പിൽ പൊങ്ങിപ്പരന്നീടിന പുകയതിനാൽ
ദിക്കു കാണാതെയായീ,
വയ്മ്പായ് പ്പൊട്ടിത്തുടങ്ങി വിറകുകളിടയിൽ
ജ്വാല കണ്ടും തുടങ്ങീ,
അമ്പമ്പാ ദൂരെ വാങ്ങീ പുക സകലജനം
കാണുമാറങ്ങു പൊങ്ങീ
ജൃംഭിച്ചീടും പ്രഭാസംഘമൊടുടനധികം
തിയ്യുമാളിത്തുടങ്ങീ. 111


അതുകൊണ്ടു തിയ്യിൽ ചാടുകതന്നെ.

(എന്നു ഗാണ്ഡീവം കയ്യിൽ പിടിച്ചു കൊണ്ടു് അഗ്നിക്കു പ്രദക്ഷിണം വെക്കുന്നു)

ബ്രാഹ്മണന്‍- (സംഭ്രമത്തോടും കൂടി വിചാരം) അയ്യോ! ഈ വിദാൻ തിയ്യിൽ ചാടിക്കളയുമോ! അതു കഷ്ടം തന്നെ.

തനി താനൊത്തപടിക്കു പാർത്ഥ-
നെനിയ്ക്കു ചെയ്താനുപകാര,മെന്നാൽ
കനക്കുമാദൈവവിരോധശക്തി
ജനിയ്ക്കയാൽ പൊങ്ങിയതത്രെയുള്ളു. 112


ഇദ്ദേഹത്തിന്റെ ബുദ്ധിഗുണവും യഥാശക്തി ചെയ്ത ഉത്സാഹവും വിചാരിച്ചാൽ ഞാൻ വളരെ സന്തോഷിക്കേണ്ടതാണ്. അങ്ങിനേയിരിക്കുമ്പോൾ,

വീറൊടു ചെവികളൊടുൾത്തളിർ
കീറിടുമാറതികഠോരവചനങ്ങൾ
കോരിച്ചൊരിഞ്ഞതിന്നെൻ-
ക്രൂരത്വമതെന്നുതന്നെ പറയേണം. 113


(അര്‍ജ്ജുനനോട്)

ഹേ അർജ്ജുനാ! ഐ! തീയ്യിൽച്ചാടുകയും മറ്റുമൊന്നും വേണ്ട. എന്നല്ല,

സത്യഭംഗമതുകൊണ്ടു വന്നൊരി-
കൃത്യദോഷമതു ഞാൻ തപസ്സിനാൽ
തീർത്തിടാം തവ ഗുണം നിനയ്ക്കയാ,-
ലാര്‍ത്തിയുണ്ടു തവ നാശമോർക്കിൽ മേ. 114


അര്‍ജ്ജുനന്‍ - (തൊഴുതുംകൊണ്ടു്')

ഇവിടുത്തെ തപസ്സുകൊണ്ട് എന്റെ സത്യഭംഗദോഷത്തെ കളയാൻ ഇവിടെക്കു ശക്തിയുണ്ടെങ്കിലും ഒന്നു വിചാരിച്ചുനോക്കൂ. ദുര്‍യ്യശസ്സു കളയാൻ പറ്റുമോ?

-29-


വിപ്രന്തന്നുടെ പുത്രനേ വിരവൊടും
രക്ഷിച്ചതില്ലെങ്കിലോ
ക്ഷിപ്രം കത്തിയെരിഞ്ഞിടുന്ന കനലിൽ
ചാടുന്നതുണ്ടിങ്ങിനെ
അപ്പോളര്‍ജ്ജുനനങ്ങു ചെയ്ത ശപഥം
തീച്ചൂടു പേടിച്ചു വി-
ട്ടിപ്പോൾ പാർത്തുവരുന്നുവെന്നൊരയശ-
സ്സേൽക്കാനെനിക്കാകമോ? 115


ചാവുന്നതാണു ഗുണമീയശസ്സു കേട്ടു
വേവുന്ന ചിത്തമൊടു വാണുവരുന്നതേക്കാൾ,
ഹേ വന്ദ്യവിപ്രവര! ഞാനതുകൊണ്ടു ചാടാൻ
പോവുന്നു തീയ്യതിലനുഗ്രഹ്മമേകണം മേ. 116


ബ്രാഹ്മണന്‍- എന്താ കാട്ടുന്നത് ? പറഞ്ഞാലൊന്നും ഫലിക്കില്ലെന്നാണ് തോന്നുന്നത്.

വാശിപിടിച്ചാലതിലൊരു
വീശമൊഴിയ്ക്കുന്നതല്ല ബഹുശൂരൻ
ശ്രീശിവശിഷ്യൻ പാർത്ഥൻ;
മോശത്തരമായി വാശികേറ്റിയത്. 117


അര്‍ജ്ജുനന്‍-

സത്യം ദൈവമതെന്നുതന്നെ സതതം
വിശ്വാസമേറുന്ന ഞാൻ
നിത്യം കേവലചിൽപുമാന്റെ കൃപയാൽ
മാനത്തോടിന്നേവരെ
എത്തുമ്പോലെ പരോപകാരമയമാം
ധർമ്മത്തെയും സത്യവും
വൃത്ത്യാ ചെയ്തിതു സത്യമോര്‍ത്തിനിയുടൻ
ചേരുന്നു ഘോരാഗ്നിയിൽ. 118


(എന്നു പോയി)

ബ്രാഹ്മണന്‍- (ഭയത്തോടും സംഭ്രമത്തോടുംകൂടി)

അരുതരുതു സാഹസം ബഹു-
വിരുതുപെടും പാർത്ഥ! വേണ്ട വേണ്ടിതെടൊ;


(ഭഗവാനെ പ്രാർത്ഥിച്ചിട്ട്)

ഉരുതരകൃപയൊടു വന്നി-
പ്പരിതാപം തീർത്തുകൊൾക ഗോവിന്ദ! 119


(നേരേ നോക്കീട്ട്)

ഓടിക്ഷീണിച്ചഴിഞ്ഞീടിന തിരുമുടിയും,
തെല്ലു ഭാഗം കിഴിഞ്ഞി-
ട്ടാടിത്താഴത്തിഴയ്ക്കും കനകരുചിയെഴും
പട്ടുമായിട്ടിദാനീം
കോടക്കാർ കൊമ്പുകുത്തും കൊടിയ രുചിയെഴും
കണ്ണനെത്തീട്ടുടൻ ത-
ള്ളീടുന്നു പാർത്ഥനെച്ചെന്നരുതരുതരുതെ-
ന്നയ്യ ചെന്തീയ്യിൽനിന്നും. 120


ആവൂ. ഇനി ഭേദമായി ഭവനത്തിലേക്കു പോവുകതന്നെ.

(എന്ന് എല്ലാവരും പോയി)

[നാലാമങ്കം കഴി‍ഞ്ഞു‍]





 

അഞ്ചാമങ്കം (പേജ് 30- 35)

 

-30-


അഞ്ചാമങ്കം

(അനന്തരം നന്ദനും സുദർശനവും പ്രവേശിയ്ക്കുന്നു)

നന്ദൻ-

അങ്ങേ ഞാനെത്രനാളായഖിലരുചികലാ-
പൂർണ്ണനായിട്ടു കണ്ടി-
ട്ടിങ്ങെത്താനെന്തു ബന്ധം പറക, യദുവരൻ
കൃഷ്ണനബ്ഭൂമിവിട്ടോ?
ചങ്ങാതിത്തം കലർന്നീടിന തവ മുനകൊ-
ണ്ടല്ലയോ വാസുദേവൻ
മങ്ങാതേ കൊന്നൊടുക്കീ മദയുതശിശുപാ-
ലാദിഭൂ പാലജാലം. 121


സുദർശനം- അതേ; ഞാനിത്രനാളും ദ്വാരകയിലായിരുന്നു. ഇപ്പോഴൊരു കാരണംകൊണ്ടിവിടെ വന്നു എന്നേ ഉള്ളൂ.

നന്ദൻ- എന്താ കാരണം?

സുദർശനം—

കണ്ണൻ തിരുവടിയെബ്ബത
തിണ്ണെന്നപ്പാർത്ഥനോടുമൊരുമിച്ചു
അർണ്ണോജനേത്രനങ്ങൊരു
കണ്ണിഹ കാണ്മാൻ വരുത്തി വിരവോടെ. 122


നന്ദൻ- ഓ! ശരിതന്നെ. വരുത്താനായിട്ടുത്സാഹിച്ചിട്ടുണ്ടെന്നുള്ളതിനിക്കറിവുണ്ടല്ലൊ. കൃഷ്ണാജ്ജുനന്മാരെ ഇവിടെ വരുത്തുന്നതിനുവേണ്ടി ബ്രാഹ്മണപുത്രന്മാരെ പത്തുപേരേയും ഇവിടെ കൊണ്ടുവന്നിട്ടുണ്ടല്ലൊ. അങ്ങെ കണ്ട പരിഭ്രമത്തിൽ ഞാനതോർത്തില്ലെന്നേയുള്ള.

സുദർശനം- ശരിയാണത്'.

ബന്ധുക്കളെക്കെല്പൊടു കണ്ടിടുമ്പോ-
ളേന്തിക്കുളുർക്കും പ്രമദോദയത്താൽ
ചിന്തിക്കയില്ലാപ്രകൃതങ്ങളൊന്നു-
മെന്തെക്കയെന്നായ് വെളിവാംവരയ്ക്കും. 123


നന്ദൻ - എങ്ങിനെയാണവർക്കിങ്ങോട്ടു വരാൻ സംഗതി വന്നത്. ബ്രാഹ്മണന്റെ ഇനിയുണ്ടാവുന്ന പുത്രനെ ഞാൻ രക്ഷിച്ചുതരാമെന്നർജ്ജുനൻ സത്യംചെയ്തു എന്നു. ആ കുട്ടിയെ ഇങ്ങോട്ടു കൊണ്ടുവന്നതിന്റെ ശേഷം അർജ്ജുനൻ ഉത്സാഹശക്തികൊണ്ടു തന്നാൽതന്നെ വരികവയ്യാത്ത ഈ വൈകുണ്ഠമല്ലാതെ മറ്റേദ്ദിക്കുകളിലെല്ലാം അന്വേഷിച്ചിട്ടും കിട്ടിയില്ലെന്നും പിന്നെ സത്യഭംഗം വരാതിരിപ്പാൻവേണ്ടി അഗ്നിപ്രവേശം ചെയ്യാൻ ഭാവിക്കുന്നു എന്നും നാരദൻ വിഷ്ണുഭഗവാനെ അറിയിച്ചപ്പോൾ ഞാൻ കേട്ടു. പിന്നെ പറഞ്ഞാൽ മതി.

സുദർശനം-

തിയ്യിൽ ചാടുന്നു നേരം തിറമൊടു ഭഗവാൻ
വാസുദേവൻ 'സഖേ! നീ
ചെയ്യല്ലേ സാഹസം ചെ'റ്റിതി ധൃതിയൊടുടൻ
തിയ്യിൽ നിന്നുന്തിനീക്കി
കയ്യോടെ പാർത്ഥനോടും കളരുചി കലരും
കാഞ്ചനത്തേരിലേറി-
പ്പെയ്യും മോദാൽ പടിഞ്ഞാട്ടധികജവമൊടും
സൂതനായ്‍വെച്ചടിച്ചാൻ. 124



-31-


ആകുലമില്ലേ തേരതി-
വേഗം പായിപ്പിച്ചിടുമ്പോളർജ്ജുനനും
മാഴ്കാതേവമമന്ദം
ലോകാലോകംവരയ്ക്കുമെത്തിച്ചു. 125


ലോകാലോകം കടന്നൂ, രവിയുടെ രുചിയ-
ദ്ദിക്കിലില്ലാതെയായീ,
പാകം നോക്കിസ്ഫുടംവച്ചൊരു കരിനിറമാ-
ക്കൂരിരുൾക്കൂട്ടമായി,
ആകപ്പാടെ കുഴങ്ങീ കുതിരകൾ, വിജയൻ
തെല്ലു സംഭ്രാന്തനായി,
ശ്രീകൃഷ്ണസ്വാമിയപ്പോൾ സ്മിതമൊടു സഖിയോ-
ടിപ്പൊഴെന്തെന്നതായീ. 126


അപ്പോൾ അർജ്ജുനൻ,

അയ്യോ മഹാവിഷമമീ ബഹുകൂരിരുട്ടിൽ
വയ്യൊന്നുമെന്തിനു മുകുന്ദ! പറഞ്ഞിടുന്നു
നിയ്യേ നമുക്കു ശരണം കരുണാകടാക്ഷ-
ക്കയ്യെന്നിലാക്കുക ഭവന്മുഖമൊന്നു കാണ്മാൻ. 127


അപ്പോൾ പുഞ്ചിരിതൂകി-
ക്കെല്പൊടു ഭഗവാൻ മുറയ്ക്കു നമ്മോടായ്
കല്പിച്ചു കൂരിരുളൊ-
ന്നിപ്പോൾ ചിന്തിച്ച കത്തിവയ്പാനായ്. 128


പിന്നെ നമ്മുടയ കാന്തി തെല്ലെടു-
ത്തൊന്നു കാട്ടി ശതകോടി ഭാസ്കരൻ
വന്നുകൂടിയ കണക്കെ,യപ്പൊഴും
ഖിന്നനായി വിജയൻ പ്രഭോദയാൽ. 129

 


അപ്പോൾ അർജ്ജുനൻ;

ഇപ്പോഴുമില്ലൊരു ഫലം മമ കണ്ണുകൾക്കു
ചിൽപൂരുഷന്റെ തിരുമേനി തിരിച്ചു കാഴ്മാൻ
കെല്പോടുമിത്തിരി മിഴിക്കുക വയ്യ പൊട്ടി-
പ്പൊയ്പോകുമൊന്നിഹ കുറയ്ക്കുക കാന്തിചക്രം. 130


എന്നർജ്ജുനന്റെ മൊഴിയാൽ ഭഗവാന്റെ ദൃഷ്ടി-
യൊന്നിജ്ജനത്തിൽ മൃദുവായി വരുന്ന കണ്ടു;
പിന്നെ പ്രഭാകരനെഴും പ്രഭപോലെയാക്കി
നന്ദിപ്പെടുത്തിയമൃതാംശുകലേന്ദ്രനേ ഞാൻ. 131


അങ്ങനെ കുറച്ചു പോന്നപ്പോൾ

ഗോവിന്ദസ്വാമിതൻനൽപുകളൊടു കിടയായ്
ഭൂരികല്ലോലജാല-
ശ്രീവന്നീടുന്നൊരപ്പാൽക്കടൽ വെളുവെളെയ-
മ്പോടു കാണായി ദൂരേ;
ആവുന്നോരാദരത്താലവരതു വളരെ-
ക്കണ്ടു കൊണ്ടാടി, മേലേ
പോവുന്നേരത്തു കാണായിതു കനകമഹാ-
ശോഭമാം ദീപമഗ്രേ. 132


വൈകുണ്ഠദേശമതിലായവർ വന്നിറങ്ങി
ശ്രീകണ്ടു വന്നരുളുമീപ്പുരി കണ്ടു കണ്ടു്
വൈകുണ്ഠവീര്യമയരാമിവർ പോന്നു ഞാനും
കൂർകൊണ്ട നിന്നെയിഹ കണ്ടരികത്തുവന്നേൻ. 133



-32-


എന്നാൽ അവരുടെ പിന്നാലെ നോക്കും പോവാം.

(എന്നു് രണ്ടാളും പോയി)

(വിഷ്കംഭം കഴിഞ്ഞു.)



(അനന്തരം ശ്രീകൃഷ്ണാർജ്ജുനന്മാർ തേരിൽ കേറി പ്രവേശിക്കുന്നു)

ശ്രീകൃഷ്ണൻ-

കണ്ടില്ലേ പാര്‍ത്ഥ! പാരം പുകൾപെരുകിടുമീ-
പട്ടണം ശുദ്ധ തങ്കം-
കൊണ്ടല്ലേ നോക്കു മ,ണ്ണീസ്ഥലമതിലിടയിൽ
കല്ലു രത്നങ്ങളല്ലേ?
വേണ്ടില്ലേ മട്ടു നോം കണ്ടവയിലിതുവിധം
ഭംഗിയെന്നല്ല ലേശം -
കൊണ്ടില്ലേ സാമ്യമോതാൻ സകലജഗതിയിൽ
സര്‍വ്വവും നോക്കിയാലും. 134


അര്‍ജ്ജുനൻ - (നോക്കീട്ട്)

പാലാണിക്കട,ലത്രയല്ല കരയും
പൊന്നാണു രത്നവജ്ര-
ത്താലാണിങ്ങിഹ കല്ലുകൂടി,യതിലും
പാര്‍ത്താലിതാണത്ഭുതം
ചേലാണീവക വൃക്ഷജാലവുമഹോ
പൊന്നാണു്, നൽകല്പകം-
പോലാണീ വഴി കണ്ടതൊക്കവെ ഹിതം
നൾകുന്നതുണ്ടേവനും. 135


(രഥവേഗം നടിച്ചിട്ട്)

ഏ- ഏ-

ചിന്താമണിച്ചരലുമുണ്ടിഹ കൊച്ചുമുത്താ-
ണെന്താണു ചൊൽവതു സഖേ! മണലുള്ളതെല്ലാം;
ചെന്താമരാക്ഷ! മതിലൊക്കവെ രത്നമാണു;
താന്താഴ്ത്തണം തല സുരാലയമിപ്പുരിയ്ക്കായ്. 136


അങ്ങനെ പറഞ്ഞാൽ പോരാ.

സ്വര്‍ഗ്ഗം ദൂരെപ്പോ,മപ-
വര്‍ഗ്ഗം നൾകുന്നൊരീപുരി വരുമ്പോൾ;
ദുര്‍ഗ്ഗന്ധമെന്നതിന്നിഹ
മാര്‍ഗ്ഗങ്ങളിലല്ല നാട്ടിലേയില്ല. 137


(രഥവേഗം നടിച്ച്, നോക്കീട്ട്)

ഇതെന്തൊരു വകക്കാരാണ്?

സൌന്ദര്യമുണ്ടു സുരനാരികൾ തോറ്റിടുംമ -
ട്ടെന്നാലിവര്‍ക്കു കനകച്ചിറകുണ്ടു താനും
തോന്നുമ്പൊഴൊക്കെയഴകോടു പറന്നിടാമീ-
ത്തന്വംഗിമാര്‍ക്കു വരരുണ്ടൊരുപോലെതന്നെ. 138


ശ്രീകൃഷ്ണൻ- ഇവരൊക്കെ ഗരുഡന്റെ വംശത്തിലുള്ളാളുകളാണ്. എന്നാലിവര്‍ക്കു്,

-33-


കാമസുഖാദികളവരവർ
കാമം പോലേ നടത്തുമെന്നാലും
ശ്രീമുരനാശനകൃപയാൽ
ക്ഷേമം മോക്ഷത്തിനുള്ളമട്ടുണ്ട്. 139


സംസാരദുഃഖമൊന്നുമനുഭവിക്കേണ്ട.

(രഥവേഗം നടിച്ചിട്ട്)

ഇവരെ കണ്ടുവോ?

വെള്ളപ്പളുങ്കിനെതിരാം നിറമോടു നീല-
പ്പുള്ളിപ്പുതുപ്പുടവ നല്ലഴകോടുടുത്തു്
ഉള്ളം തെളിഞ്ഞ നിജകാന്തരൊടൊത്തു പാടി-
പുള്ളിക്കുരംഗമിഴിമാർ സുഖമാര്‍ന്നിടുന്നു. 140


അര്‍ജ്ജുനൻ - (നോക്കീട്ട്)

ഇവരുടെ ശിരസ്സിലൊക്കെ പടം കാണുന്നുണ്ട്. എന്നു തന്നെയല്ല,

പാട്ടുപാടുന്ന നേരത്തീ-
ക്കൂട്ടർ കാണുന്നതില്ലഹോ
തിട്ടം കാതും കണ്ണുമൊന്നാ-
യിട്ടാവാമേവമായത്. 141


ഇവരൊക്കെ അനന്തന്റെ വംശത്തിള്ളവരായിരിയ്ക്കും, അല്ലേ?

ശ്രീകൃഷ്ണൻ - അതേ.

സൂര്യരശ്മിയിവർ കൊള്ളുകില്ലഹോ
ശൌര്യമുള്ള വകയാണു കേവലം
ധൈര്യമോടറികിവര്‍ക്കെഴും വിഷേ
വീര്യമുണ്ടുലകു ചുട്ടെരിയ്ക്കുവാൻ. 142


എന്നാലും ഇവർ പരോപദ്രവാദിദോഷം ഒന്നും ചെയ്കയില്ല. എന്നുതന്നെയല്ല വളരെ ജ്ഞാനമുള്ളവരുമാണ്. വിശേഷിച്ചും ശബ്ദശാസ്ത്രത്തിങ്കൽ വളരെ പണ്ഡിതന്മാരാണ്.

അര്‍ജ്ജുനൻ- അനന്തന്റെ വംശമല്ലേ?

(രഥവേഗം നടിച്ചിട്ട്')

കാർവണ്ണം കയ്യു നാലാക്കളതരകനകം
പോലെയുള്ളോരു വസ്ത്രം
കൈവന്നീടും കൃപപ്പെൺകൊടി കുടിമതിയായ്-
പാർത്തിടും ദീര്‍ഗ്ഘനേത്രം
ശ്രീവത്സം മാർവ്വിടത്തിൽ പലവിധമിയലും
ശംഖചക്രാദി ചിഹ്നം
ഗോവിന്ദഛായയെന്നീവക കലരുമൊരീ-
ക്കൂട്ടരാരായിരിക്കാം? 143



-34-


ശ്രീകൃഷ്ണൻ-

വളരെ വളരെക്കാലം ഗോവിന്ദനെ-
ക്കരൾതാരിലായ്
തെളിവൊടു വിചാരിച്ചിട്ടിച്ഛാന്വിതം
ഹരിരൂപരായ്
തെളിവിലമരുന്നോരാണിക്കണ്ട ലോ-
ക,രിവർക്കിനി-
ക്കളവു പറകല്ലെന്നും സംസാരസം
ഗതിയില്ലെടോ. 144


അര്‍ജ്ജുനൻ- ഇവരെപ്പോലെ ഇത്ര ഭാഗ്യവാന്മാരായിട്ടാരുമില്ല. (എന്നു തൊഴുന്നു)

ശ്രീകൃഷ്ണൻ- (ഒരാളെ വിശേഷിച്ചു കാണിച്ചിട്ട്) ഇദ്ദേഹമാരാണെന്നറിയുമോ? സാക്ഷാൽ പ്രഹ്ലാദനാണു്.

സാദംകൂടാതെ കൂടുംപടി ഭരിതയതാം
ഭക്തികൊണ്ടിട്ടു താതൻ
ഭേദച്ഛേദാദി ചെയ്തീടിലുമകമിളകാ-
തന്നു ഗോവിന്ദപാദം
വാദംകൈവിട്ടുറപ്പിച്ചിടുമതിസുകൃതി-
ക്കാതലാകുന്നൊരാ പ്ര-
ഹ്ലാദൻ തന്നോടുതുല്യം പറയുക മധുജിൽ-
ഭക്തരായാരു പാരിൽ? 145


ഇദ്ദേഹമിപ്പോൾ നൊമ്മളെ കണ്ടിട്ടെതിരേറ്റുവരുന്നു.

അര്‍ജ്ജുനൻ- (നോക്കീട്ടു്)

ധാടിപൂണ്ട ജടയും പെരുത്തൊരാ-
ത്താടിയും കരമതിങ്കൽ വീണയും
പാടിടും വടിവുമായി നാരദൻ
ചാടിയെത്തിടുവതുണ്ടു കണ്ടിതോ? 146


ശ്രീകൃഷ്ണൻ- (നോക്കി പുഞ്ചിരിതൂകുന്നു.)

അര്‍ജ്ജുനൻ- ഈവരുന്നവരൊക്കെ ആരാണ് ? വിഷ്ണുവിനേപ്പോലേതന്നെ ശംഖചക്രാദിചിഹ്നങ്ങളോടുകൂടിയിരിക്കുന്നു.

ശ്രീകൃഷ്ണൻ- നന്ദോപനന്ദാദികളായ പാരിഷദന്മാരാണ്. (രണ്ടാളേ ചൂണ്ടിക്കാണിച്ചിട്ട്) ഇവരെ രണ്ടാളെ അറിയുമോ?

അര്‍ജ്ജുനൻ- ഇല്ല

ശ്രീകൃഷ്ണൻ- എന്നാല്‍ കേള്‍ക്ക

-35-


പണ്ടുൾക്കൊണ്ട ബലം കലര്‍ന്നൊരു ഹിര-
ണ്യാക്ഷാസുരാധീശനായ്,
വീണ്ടും കേൾക്കുക കുംഭകര്‍ണ്ണരജനീ-
ചാരീന്ദ്രനായ്, പിന്നെയും
കൊണ്ടാളും ബലി ദന്തവക്ത്രനൃപനായ്-
ത്താനും ജനിച്ചോരു വൈ-
കുണ്ഠശ്രീഗൃഹപാലനാം വിജയനാ-
ണെന്നങ്ങറിഞ്ഞീടണം. 147


അര്‍ജ്ജുനൻ- എന്നാലിദ്ദേഹം

ഹിരണ്യകശിപുത്വമോടമരവൈരിയായ്‍വാണുമാ-
ഹിരണ്യപുരലങ്കയിൽ ദശമുഖത്വമാര്‍ന്നും സഖേ!
വരേണ്യശിശുപാലനായ്‍വിദിതവേദിയിൽ പാര്‍ത്തുമ-
ന്നിരുന്നൊരതിവീര്യനാം ജയനുമായി വന്നീടണം. 148


ശ്രീകൃഷ്ണൻ- അങ്ങിനെതന്നെയാണ'.

വിരവോടു നമ്മുടയൊരാഗമം മനം-
നിറവോരു മോദമൊടു കണ്ടുകൊണ്ടിവർ
ജവമോടുകൂടിയെതിരേറ്റിടുന്നു നോ-
ക്കവിപന്നമോദമോടടുത്തു ചെല്ലണം. 149


അര്‍ജ്ജുനൻ- (വിചാരം)

ചലിയ്ക്കുമാനന്ദജലങ്ങളേറ്റേ-
റ്റൊലിയ്ക്കുമാക്കണ്ണിണ ചീമ്പിടാതെ
കലക്കമറ്റീടിന ഭക്തിയോടു-
ജ്വലിക്കുമീ മാന്യരടുത്തുവല്ലോ. 150


അടുത്തു ചെല്ലുകതന്നെ

(എന്നു രണ്ടാളും പോയി)

[അഞ്ചാമങ്കം കഴി‍ഞ്ഞു‍]



 

ആറാമങ്കം (പേജ് 36 - 41)

 

-36-


ആറാമങ്കം

(അനന്തരം നാരദനും പ്രഹ്ലാദനും പ്രവേശിക്കുന്നു)

നാരദൻ-

കൊണ്ടൽവര്‍ണ്ണനൊടുമൊത്തു പാര്‍ത്ഥനെ-
കൊണ്ടുവന്നു ഹരി കൌശലത്തിനാൽ
വീണ്ടുമായവരെയൊന്നു കാണുവാൻ
വേണ്ടിയെന്നതിഹ വേണ്ടതെത്രയും. 151


പ്രഹ്ലാദന്‍-

പൂര്‍ണ്ണാവതാരമയനായ മുരാരിയേയം
കര്‍ണ്ണാരിയേയുമഴകോടു രമാമണാളൻ
കര്‍ണ്ണംകവിഞ്ഞ മിഴികൊണ്ടൊരു നോക്കുകാണ്മാൻ
തൂര്‍ണ്ണംവരുത്തിയതു നമ്മുടെ ഭാഗ്യമത്രേ. 152


സർവ്വകലാസമ്പൂര്‍ണ്ണനായ വിഷ്ണുഭഗവാനെ കാണാമല്ലൊ. എനിയ്ക്കു ശ്രീകൃഷ്ണനേയും അർജ്ജുനനേയും കാണുമ്പോൾ വിഷ്ണുഭഗവാനെ കാണുന്നതിനേക്കാൾ ഭക്തിയോ വിശ്വാസമോ ഒന്നുമൊരു കുറവും തോന്നിയില്ല.

എന്നുതന്നെയല്ല,

ഇഷ്ടമോടുമിഹ കൃഷ്ണർ വന്നു ക-
ണ്ടിട്ടുമോദമുളവായിതെങ്കിലും,
വിട്ടുപോയളവു കണ്ണു പോയൊരാ-
മട്ടു തെല്ലിട മലച്ചുനിന്നു ഞാൻ. 153


ആട്ടെ, അവർ വിഷ്ണുഭഗവാനെ കാണാനായിട്ടു പോയോ?

നാരദൻ- സാക്ഷാൽ വിഷ്ണുഭഗവാന്റെ മന്ദിരത്തിനു പ്രദക്ഷിണമായിട്ട് അകത്തേക്കു കടന്നു. അത്രത്തോളം ഞാൻ കൂടെ പോയിരുന്നു.

പ്രഹ്ലാദന്‍- ആട്ടെ, ഭഗവാനെ കാണുക കഴിഞ്ഞിട്ടവർ തിരിയേ വരുമല്ലൊ. അപ്പോൾ ഒന്നുകൂടി കാണാം. നോക്ക് ആ വരവു നോക്കാൻ പോക.

(രണ്ടാളും പോയി)

(വിഷ്കംഭം കഴിഞ്ഞു.)



(അനന്തരം ശ്രീകൃഷ്ണനും അജ്ജുനനും പ്രവേശിക്കുന്നു )

-37-


ശ്രീകൃഷ്ണന്‍-

അതിലസന്മണിവെച്ചു പതിച്ച പൊ-
ന്മതിലു കാണുക കന്മണി ചിന്നിടും;
ഇത ലസിപ്പതു ഗോപരമങ്ങു നോ-
ക്കിതിലെ വേണമകത്തു കടക്കുവാൻ. 154


(ഗോപുര പ്രവേശം നടിച്ചിട്ട്, നോക്കീട്ടു്)

ചാലേ കാണുന്നു സൌധോപരി നിരനിരവേ
നീലരത്നപ്രകാശ-
ത്താലേ മിന്നുന്ന ശോഭാവലി ശശിയിലെഴും
നൽകളങ്കാഭപോലെ
കാലേ കാണുന്നു കാന്ത്യാ കളതരകമനീ-
വക്‍രൂപത്മങ്ങൾ മേലേ
ചേലേറും നൽകളങ്കേ വിലസുമമൃതബി-
ന്ദുക്കൾ മിന്നുന്നപോലെ. 155


അമൃതബിന്ദുവിൽ വണ്ടുകൾപോലെയി-
ക്കമനിമാർവദനേ നയനങ്ങളും
അമരനന്ദന! കാണ്‍ക ലസിപ്പതീ-
യമലമന്ദിരമെത്ര മനോഹരം. 156

>
ഈ ഭവനത്തിലാണ് വിഷ്ണുഭഗവാൻ എഴുന്നള്ളി ഇരിക്കുന്നത്. (ചുറ്റിനടന്നിട്ട്) ഇതാ ഗരുഡൻ വരുന്നു.

(അനന്തരം ഗരുഡൻ വന്ന് ആപാരോപചാരങ്ങൾ ചെയ്യുന്നു )

അല്ലേ ഗരുഡ! ഭവാൻ പോയ്
ചൊല്ലേണം ദേവനോടിവിടെ ഞങ്ങൾ
ചൊല്ലേറും നാഥമിഴി-
ത്തല്ലേല്പാൻ കാത്തിടുന്നുവെന്നായി 157


ഗരുഡൻ- അങ്ങിനെത്തന്നെ (എന്നു പോയി രണ്ടാമതും പ്രവേശിട്ട്)

ഉടൻ നിനയ്ക്കുംപടി നിങ്ങൾ വന്നി-
ട്ടെടുക്കൽ നില്ക്കുന്നതു വിഷ്ണുവോടായ്
വെടിപ്പിലായിത്തിരുവുള്ളിലേറി-
ക്കിടക്കുമാറായറിയിച്ചു ഞാനും. 158


വന്നാട്ടേ ബഹുകാലമായിതവരെ-
ക്കാണ്മാൻ കൊതിക്കുന്നു ഞാ-
നിന്നാട്ടേ രസമായി നിർത്തരുതുടൻ
കൊണ്ടിങ്ങു വന്നീടണം;
എന്നൊട്ടേറെയലിഞ്ഞിടും തിരുമന-
സ്സോടങ്ങ കല്പിച്ചുതേ
ചെന്നാട്ടേ ചിതമോടു ദേവനങ്ങളും
മേടയ്ക്കകത്തേക്കിനി. 159



-38-


(എല്ലാവരും ചുററിനടക്കുന്നു)

(അനന്തരം ബ്രാഹ്മണശിശുക്കളോടും ശ്രീ ഭഗവതിയോടും കൂടി അനന്തശയനത്തിന്മേൽ വിഷ്ണുഭഗവാൻ പ്രവേശിക്കുന്നു)

(ശ്രീകൃഷ്ണനും അർജ്ജുനനും കണ്ടിട്ടു ഭക്തിയോടുകൂടി കാക്കൽ ചെന്നു വീഴുന്നു.)

വിഷ്ണുഭഗവാൻ - (പിടിച്ചെണീപ്പിച്ചിട്ട്)

എന്നാലീ മമ വീര്യമാകിയ ഭവാ-
ന്മാരാണു ഭൂമണ്ഡല-
ത്തിന്നാകെപ്പിടിപെട്ട ഭാരമതിറ-
ക്കിത്തീർത്തതെന്നാകിലും,
നന്നായ് നിങ്ങടെ ദേഹമൊന്നു വെളിവിൽ
കണ്ടേ സുഖം കൂടുവെ-
ന്നെന്നാലോചന കൊണ്ടുപായവഴിയാൽ
പറ്റിച്ചതാണിങ്ങിനെ. 160


അല്ലേ പാര്‍ത്ഥ! ഭവാനെഴും ഗുണഗണ-
ത്താലേ പ്രസാദിച്ചുവെ-
ന്നല്ലേ നാം പറയേണ്ടു മാധവ! ഭവാൻ-
താനാണു ഞാനായതും;
ചൊല്ലേറും പുകൾകൊണ്ടു പുണ്യമിനിയും
ലോകര്‍ക്കു നൽകുംപടി-
യ്ക്കല്ലേ നിങ്ങടെ യാത്ര മേലിലധികം
നിങ്ങൾക്കു നന്നായ്‍വരും. 161


കൃഷ്ണൻ- (തൊഴുതുംകൊണ്ട്)

സൃഷ്ടിച്ചും മൂന്നുലോകം പുനരതു വിധിയാ-
മ്മട്ടു രക്ഷിച്ചുമന്തേ
ചൊട്ടിച്ചിന്നുന്ന കോപാനലവിഷമതിനാൽ
സർവ്വവും സംഹരിച്ചും
ഒട്ടിച്ഛക്കായ്ക്കളിയ്ക്കുന്നൊരു തവ കളിയാ-
ണോര്‍ക്കിലിന്നൊക്കെയെന്നീ
മട്ടിൽ ചിന്തിച്ചിടുന്നോര്‍ക്കഗതിയൊരുവിധ-
ത്തിങ്കലും തങ്കുകില്ലാ. 162


അർജ്ജുനന്‍-

മുക്തിപ്പൊൻപുരയിൽ പെരുത്ത വിഷയോ-
ന്മേഷക്കൊതുക്കൂട്ടവും
നീക്കിപ്പങ്കജനേത്ര! പത്ഥ്യമിയലും
വൈരാഗ്യമോടൊത്തഹോ
യുക്തിപ്പെട്ട വിചാരമാമമൃതു സേ-
വിച്ചാദരത്താൽ ഭവൽ-
ഭക്തിപ്പെണ്‍കൊടിയൊത്തെഴുന്നൊരു മഹാ-
ന്മാര്‍ക്കായ് നമിക്കുന്നു ഞാൻ. 163



-39-


വിഷ്ണു- (പുഞ്ചിരിയിടുന്നു)

ശ്രീഭഗവതി- (ചെറിയ കുട്ടിയെ എടുത്തിട്ട്)

അമ്മയ്ക്കു നിന്റെ ചിരികാണ്മതിനേറെ മോഹ-
മമ്മിഞ്ഞി നൽകിടുവനൊന്നു ചിരിയ്ക്കുകുണ്ണി;
കാണിക്ക തെല്ലു ചില പല്ലുകൾ വന്നതുച്ചി-
യുമ്മയ്ക്കു കാട്ടു മകനേ മുഖമൊന്നുയര്‍ത്തി. 164


(കുട്ടിയെ ഉമ്മവെച്ചു മുലകൊടുക്കുന്നു)

വിഷ്ണു- (ബ്രാഹ്മണപുത്രരോട്)

കേൾക്കേണമേ പ്രിയമെഴുന്ന കിടാങ്ങളേ! കൺ-
നോക്കേണമച്ഛനുമഹോ ജനനിയ്ക്കുമെന്നാൽ
ഇക്കണ്ടൊരാളുകളതിന്നിഹ നിങ്ങളെത്താൻ
കയ്ക്കൊണ്ടുപോവതിനു വന്നിതു പോകയല്ലീ? 165


കുട്ടികൾ-

അച്ഛനുമായയുമുണ്ടോ
മെച്ചമൊടിഹ നിങ്ങൾവിട്ടു ഞങ്ങൾക്ക്?
തീര്‍ച്ചയിവിടുന്നു പോകെ-
ന്നായ്ച്ചൊല്ലരുതേ വിഷാദമാണതഹോ. 166


വേണ്ടാ വിഷാദമിഹ നിങ്ങടെ താതനേറെ-
ക്കൊണ്ടാടിടും ജനനിയൊത്തിഹ ഞങ്ങൾപോലെ
ഉണ്ടാകയില്ലഴലൊരിക്കലുമിന്നി,യെന്നു
വേണ്ടാ ഗുണങ്ങൾ വരുമൊക്കെവെ മേല്ക്കുമേലെ. 167


കുട്ടികൾ- ഇവിടുന്നു പറഞ്ഞതൊക്കെ ഞങ്ങൾക്കു സന്തോഷം. അല്ലാതെന്താ കാട്ടണേ?

ഗരുഡൻ- (വിചാരം)

ഉണ്ണിയെ വിഷ്ണുവെടുത്തി-
ക്കണ്ണനു നൽകുന്നു കണ്ണനര്‍ജ്ജുനനും;
തിണ്ണന്നേവമിവര്‍ക്കാ
യെണ്ണിപ്പത്തും കൊടുത്തു മധുവൈരി. 168


കുട്ടികൾക്കു വിട്ടുപോവാൻ വളരെ സങ്കടമുണ്ടെങ്കിലും ശ്രീകൃഷ്ണന്റേയും അജ്ജുനന്റേയുംകൂടെ പോവാനും രസമുണ്ടെന്നു തോന്നുവരുടെ മുഖംകണ്ടാൽ.

വിഷ്ണു-

ഇങ്ങിനെ നിങ്ങളെയുള്ളിൽ
തിങ്ങിന മോദത്തോടൊന്നു കണ്ടിടുവാൻ
ഭംഗിയിൽ നേടിയ ബാലരെ-
യങ്ങിഹ തന്നേന്നൊഴിഞ്ഞു മമ ഭാരം. 169



-40-


കൃഷ്ണൻ-

ഉള്ള പാരിടമടച്ചു കാക്കുവാ-
നുള്ള ഭാരമിവിടേയ്ക്കിരിയ്ക്കവേ
കള്ളവായ്മൊഴികളേവമോതിയാൽ
കൊള്ളുമോ മനസി നാഥ! ഞങ്ങളെ? 170


അർജ്ജുനന്‍-

എനിയ്ക്കു ഞാൻ നല്ലൊരു കേമനെന്നും
നിനയ്ക്കിലില്ലെന്നെതിര്‍വീരരെന്നും
കനക്കുമഗ്ഗർവു വളർന്നതെല്ലാ-
മിനിക്കിടയ്ക്കില്ല നശിച്ചുപോയീ. 171


(വിഷ്ണുവും കൃഷ്ണനും പുഞ്ചിരിയിടുന്നു)

ഗരുഡൻ- (വിചാരം) ഇതുംകൂടിയുണ്ടല്ലേ കുട്ടികളെ കൊണ്ടുവരുമ്പോൾ ഭഗവാൻ ഉള്ളിൽ.

ശുദ്ധവങ്കത പെടും നമുക്കുമീ-
ബുദ്ധിലേശവുമുദിച്ചതില്ലഹോ!
ഇത്രയെന്തിതിനൊരത്ഭുതം ജഗൽ
കർത്തൃമായയറിയുന്നതാരഹോ. 172


കൃഷ്ണൻ-

പിരിഞ്ഞുപോയ ഞങ്ങളതെന്നിരിക്കിലും
പരം ജഗനായക! നിങ്കരൾക്കളേ
നിറഞ്ഞിടും നൽ കൃപകൊണ്ടിടക്കിടെ-
കുറഞ്ഞൊരോർമ്മയ്ക്കൊരപേക്ഷയുണ്ടു മേ. 173


വിഷ്ണു- അങ്ങിനെതന്നെ.

ശ്രീഭഗവതി-

വൈദർഭിയെന്നു വെളിവായൊരു പേരുവെച്ച
ഭേദപ്പെടുത്തിയൊരു നമ്മുടെ ശക്തിയേയും
സാദം വെടിഞ്ഞു യദുപുംഗവ! കാണുവാനായ് -
മോദം നമുക്കു കലരാതമരുന്നതല്ല. 174


പക്ഷെ അങ്ങിനെ ഒക്കെ കൊണ്ടുവരാൻ ബുദ്ധിമുട്ടല്ലേ എന്നു വിചാരിച്ചുത്സാഹിയ്ക്കാതിരിക്കേ

അർജ്ജുനന്‍-

ദിവ്യമതാകും മിഴിയാൽ
സർവ്വം കാണുന്ന നിങ്ങളീവണ്ണം
ഭവ്യതയൊടുമരുളുന്നതു-
മിവ്യാജക്കളിയിലുള്ള വകഭേദം. 175



-41-


വിഷ്ണു- എന്നാലങ്ങിനെയാട്ടെ. താമസം കൂടാതിനി നിങ്ങളെ തിരിയെ വന്നുകാണാൻ കാത്തിരിക്കുന്നു.

മാനുഷവേഷം പൂണ്ടതി-
മാനുഷമാം കീർത്തിതീർത്ത നിങ്ങളിനി
താനേ നമ്മൊടു ചേരുവൊ-
രാനന്ദം വഴിയെ ഞാൻ വരുത്തീടാം. 176


എന്നാൽ ചെല്ലു.

(പ്രദക്ഷിണംവെച്ചു നമസ്കരിച്ചു ശ്രീകൃഷ്ണാർജ്ജുനന്മാർ പോയി)

വിഷ്ണു-

ഇവരെക്കാണ്മാൻ കൊതി മമ
കവിയുന്നു മനസ്സിലായതുനിമിത്തം
ജവമോടൻയാത്രയെന്നൊരു
കബളത്തോടൊന്നുകൂടി നോക്കട്ടെ; 177


(എന്നു ശ്രീയോടും ഗരുഡനോടും കൂടിപോയി)

[ആറാമങ്കം കഴി‍ഞ്ഞു‍]