Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

092 വിഭക്ത്യാഭാസങ്ങൾ

64 വിഭക്തിപ്രത്യയങ്ങളെപ്പോലെ എല്ലാ നാമങ്ങളിലും ചേരാത്ത ചില പ്രത്യയങ്ങൾക്കു വിഭക്തികളുടെ അൎത്ഥമുള്ളതുകൊണ്ടു അവക്കു വിഭക്ത്യാഭാസങ്ങൾ എന്നു പേർ. ഈ പ്രകരണത്തിൽ വിഭക്ത്യാഭാസങ്ങളെ പറയും.
65. ദ്വിതീയാദിവിഭക്തിപ്രത്യയങ്ങളെ ചേൎപ്പാനായിട്ടുണ്ടാക്കുന്ന ആദേശരൂപം തന്നേ ഒരു സ്വതന്ത്രവിഭക്തിയായി നടക്കും.
(1) മാന്തനാമങ്ങളിൽ വരുന്ന ത്തുപ്രത്യയം സപ്തമിയുടെ അൎത്ഥത്തിൽ വരും.
അകത്തു ചെന്നു; പുറത്തു പോയി; കാലത്തുണൎന്നു; കാലത്തു എത്തി.
(2) മാന്തമല്ലാത്ത ചിലനാമങ്ങളിൽ അത്തു പ്രത്യയം വരും.
ഇരയത്തു, നെഞ്ചത്തു, കൊമ്പത്തു, തുഞ്ചത്തു, മഴയത്തു, കാറ്റത്തു. അടപ്പത്തു, മാറത്തു, വെയിലത്തു.
(i) ഇതു ആദേശരൂപമല്ല. ഇതിനോടു പ്രത്യങ്ങൾ ചേൎക്കാറില്ല.
(ii) ഒന്നിലും രണ്ടിലും പറഞ്ഞ രൂപങ്ങൾ സ്ഥലത്തെയും കാലത്തെയും കാണിക്കുന്ന ക്രിയാവിശേഷണങ്ങൾ ആകുന്നു. ഇവ സപ്തമിയുടെ അൎത്ഥത്തിൽ വരുന്നതുകൊണ്ടു സപ്തമ്യാഭാസം എന്നു പറയും.
(8) ഇൻപ്രത്യയത്തിൽ അവസാനിക്കുന്ന ആദേശരൂപങ്ങൾ ഷഷ്ഠിയുടെ അൎത്ഥത്തിൽ വരും. ഇതു ഷഷ്ഠ്യാഭാസം.
ആട്ടിൻ പാലു, പശുവിൻ നെയ്യ്, പിലാവിൻ കീഴു, ആലിഞ്ചുവട്ടിൽ.
(4) സവൎണ്ണാഗമത്താൽ ദ്വിത്വം വന്നിട്ടു ട്ടു, റ്റു എന്നിവയിൽ അവസാനിക്കുന്ന ആദേശരൂപങ്ങളും ഷഷ്ഠിയുടെ അൎത്ഥത്തിൽ വരുന്നതുകൊണ്ടു ഷഷ്ഠ്യാഭാസം തന്നേ.
മാട്ടുത്തൊൽ, വീട്ടുകാൎയ്യം, കാട്ടാന, കാട്ടുപോത്തു, നീറ്റടക്ക, വയറ്റുനോവു.

ജ്ഞാപകം.—ഇവയെ നിത്യസമാസങ്ങളായി എടുക്കാം (ii. 99 നോക്കുക).
66. (1) സപ്തമിയോടു ഏപ്രത്യയം ചേൎത്താൽ ‘അതിലുള്ള’ എന്ന അൎത്ഥം കിട്ടും. ഇതു സപ്തമ്യാഭാസം.
കാട്ടിലേ ആന, നാട്ടിലേ വൎത്തമാനം, വീട്ടിലേ കാൎയ്യം, വിഷ്ണുവിങ്കലേ ഭക്തി, ബാല്യത്തിലേ അഭ്യാസം, വെള്ളത്തിലേ പോള.
(i) ഇതു നാമവിശേഷണം (i, 103).
(2) സപ്തമിയോടു ഏക്കു പ്രത്യയം ചേൎത്താൽ ‘അതിന്റെ നേരേ’ എന്ന അൎത്ഥം കിട്ടും. ഇതു ചതുൎത്ഥ്യഭാസം.
നാട്ടിൽ + ഏക്കു = നാട്ടിലേക്കു, കാട്ടിലേക്കു, വെള്ളത്തിലേക്കു.
67. ദിക്കിനെ കാണിക്കുന്ന നാമങ്ങളോടു ‘മാൎഗ്ഗം’ എന്ന അൎത്ഥത്തിൽ ഏപ്രത്യയം ചേൎന്നുവരും.
കിഴക്കേ, പടിഞ്ഞാറേ, വഴിയേ, ചുവടേ, കീഴേ, മീതേ, പിന്നേ, പിമ്പേ, അരികേ, അകലേ.
ഇഅവ ക്രിയാവിശേഷങ്ങളായ അവ്യയങ്ങളാകുന്നു.

താളിളക്കം
!Designed By Praveen Varma MK!