Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

075 വ്യഞ്ജനാഗമം.

38. (1) പദാന്ത്യസ്വരങ്ങളുടെ പിന്നിൽ ഖരം വന്നാൽ സവൎണ്ണമായ ഖരം ആഗമമായ്വരും.
അ + കാലം = അ + ൿ + കാലം = അക്കാലം; അ+ പോൾ = അപ്പോൾ; അ + ചിരി = അച്ചിരി; ഇ + തരം = ഇത്തരം; ഇ + പോൾ = ഇപ്പോൾ; ഇ + ചതി = ഇച്ചതി; ഗുരു + കൾ = ഗുരുക്കൾ; പിതൃ + കൾ = പിതൃക്കൾ; താമര + കണ്ണൻ = താമരക്കണ്ണൻ; തീ + കനൽ = തീക്കനൽ; തൃ + കൈ = തൃക്കൈ; പണി + പുര = പണിപ്പുര.
(2) മറ്റുള്ള വ്യഞ്ജനങ്ങൾ വന്നാൽ ചിലപ്പോൾ സവൎണ്ണം ആഗമമായ്വരും. മഹാപ്രാണത്തിന്നു മുമ്പു വരുന്ന ആഗമം അല്പപ്രാണമായ സവൎണ്ണമായിരിക്കും.
പട + ജനം = പട + ജ് + ജനം = പടജ്ജനം; മടി + ശീല = മടിശ്ശീല; ഇ + ഞാൻ = ഇഞ്ഞാൻ; ഇ + നമ്മെ = ഇന്നമ്മെ; അ + മയൂരം = അമ്മയൂരം; അ + മാമൻ = അമ്മാമൻ; ആന + ഭ്രാന്തു = ആന + ബ് + ഭ്രാന്തു = ആനബ്ഭ്രാന്തു; അ + ഭസിതം = അബ്ഭസിതം.
(3) ഒറ്റഹ്രസ്വമുള്ള വൃഞ്ജനാന്തപദങ്ങളുടെ പിന്നിൽ സ്വരം വന്നാൽ അന്ത്യവ്യഞ്ജനത്തിന്നു സവൎണ്ണം വരും.
കൺ + ഇല്ല = കണ്ണില്ല; മരുത് + ഇനു = മരുത്തിന്നു; സ്വം + ഉ = സ്വമ്മു; പെൺ + അല്ല = പെണ്ണല്ല; വാൿ+ ഉ = വാക്കു, രാട് + ഇനു = രാട്ടിനു.

ജ്ഞാപകം.— ഈ സവൎണ്ണാഗമത്തെ ചിലർ ദ്വിതം എന്നും പറയും.

താളിളക്കം
!Designed By Praveen Varma MK!