Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

193 വ്യാകരിക്കുന്ന ക്രമം.

184. (i) സംഭാഷണമെല്ലാം വാക്യങ്ങൾ ചേൎന്നുണ്ടാകുന്നതു പോലെ ഗ്രന്ഥങ്ങൾ മുതലായവയും ഉണ്ടാകുന്നു. മനസ്സിലേ വിചാരങ്ങളെ അറിയിപ്പാനുള്ള ശബ്ദങ്ങളുടെ കൂട്ടമാകുന്നു വാക്യം. ഒരേവിഷയത്തെക്കുറിച്ചുള്ള അനേകവാക്യങ്ങളുടെ സമൂഹത്തിന്നു മഹാവാക്യം എന്നെു പേർ. അന്യോന്യം സംബന്ധമുള്ള മഹാവാക്യങ്ങളുടെ കദംബമാകുന്നു ഗ്രന്ഥം അല്ലെങ്കിൽ പ്രബന്ധം. പ്രബന്ധങ്ങളുടെ പ്രയോജനം മനസ്സിൽ ജ്ഞാനം വൎദ്ധിപ്പിച്ചു ആയതിനെ പരിഷ്കരിക്കുകയോ, അതിൽ രസം ജനിപ്പിച്ചിട്ടു അതിനെ രഞ്ജിപ്പിക്കുകയോ, അഥവാ കാൎയ്യബോധം വരുത്തി പ്രവൃത്തിപ്പിക്കുകയോ നിവൃത്തിപ്പിക്കുകയോ ചെയ്യുന്നതാകുന്നു. പ്രബന്ധസംബന്ധമായ എല്ലാ കാൎയ്യങ്ങളെയും വിവരിക്കുന്നതാകുന്നു സാഹിത്യശാസ്ത്രം.
(2) വാക്യം ജ്ഞാനമുണ്ടാവാൻ അത്യാവശ്യമെന്നു മേൽ പറഞ്ഞതുകൊണ്ടറിയാം. ഈ വാക്യം ജ്ഞാനവിഷയങ്ങളായ പല പദങ്ങൾ ചേൎന്നുണ്ടായതു തന്നേ. ഈ പദങ്ങളുടെ സംബന്ധത്തിന്നൊത്തവണ്ണം ഇവയെ അടുത്തടുത്തുച്ചരിക്കുമ്പോൾ സന്ധിനിമിത്തം പദാദിയിലേയും പദാന്തത്തിലേയും വൎണ്ണങ്ങൾക്കു വികാരം വരുന്നു. ഇങ്ങനെ ചേൎന്നു നില്ക്കുന്ന വാക്യത്തെ സംഹിതയെന്നു പേർ. പദങ്ങളുടെ സംബന്ധം അറിയാനായിട്ടു പദങ്ങളെ വേൎപെടുത്തേണം. ഇതിന്നു പദച്ഛേദം എന്നെു പേർ. ഇപ്രകാരം വിഭാഗിച്ചു വെച്ച പദങ്ങളുടെ ജാതി, ലക്ഷണം, പ്രയോഗം, മുതലായതു പറയേണം. ഈ ക്രിയക്കു ജാതിവിഭാഗമെന്നു പേർ. പദങ്ങൾ തമ്മിലുള്ള ആകാംക്ഷകളെ വിവരിച്ചു കാണിക്കുന്നതു അന്വയം ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!