Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

191 സംസ്കരണം

181. (1) പല വാക്യങ്ങളെ കൂട്ടിച്ചേൎത്തു ഒരു വാക്യമാക്കുകയോ ഒരു വാക്യത്തിലേ ഭാഗങ്ങളെ അൎത്ഥം വെളിവാകുന്നവിധത്തിൽ ചേൎക്കുകയോ ചെയ്യുന്നതു സംസ്കരണം ആകുന്നു.
(2) സമാനഭാഗങ്ങൾ ഉള്ള പല വാക്യങ്ങളെയും സമുച്ചയിച്ചു ഒരു വാക്യമാക്കാം. സമാനഭാഗത്തെ ഒരിക്കൽമാത്രം പ്രയോഗിച്ചു അസമാനഭാഗങ്ങളെ ഉള്ളതു പോലെയും ഉപയോഗിച്ചു ഒരു വാക്യമാക്കാം.
(i) രാമൻ പുസ്തകം വായിക്കുന്നു; കൃഷ്ണൻ പുസ്തകം വായിക്കുന്നു; ഗോവിന്ദൻ പുസ്തകം വായിക്കുന്നു. ഈ മൂന്നു വാക്യങ്ങളിൽ കൎമ്മവും ആഖ്യാതവും സമാനം; ആഖ്യ മാത്രം ഭേദിച്ചിരിക്കുന്നു. ഈ ആഖ്യകളെ ഉംകൊണ്ടു സമുച്ചയിച്ചു സമാനഭാഗം ഒരിക്കൽ ഉപയോഗിച്ചാൽ മതി.
രാമനും കൃഷ്ണനും ഗോവിന്ദനും പുസ്തകം വായിക്കുന്നു. ഇതു സംയുക്തവാക്യമാകുന്നു.
(3) ആഖ്യകളെ നിദൎശകസൎവ്വനാമത്തോടു സമാനാധികരണത്തിൽ അന്വയിപ്പിച്ചാലും മതി.
രാമൻ, കൃഷ്ണൻ, ഗോവിന്ദൻ ഇവർ പുസ്തകം വായിക്കുന്നു.
ഇവർ എന്നതിന്നു പകരം എന്നിവർ എന്നും പറയാം.
ഇതു കേവലവാക്യമായിട്ടു എടുക്കേണം. രാമൻ, കൃഷ്ണൻ, ഗോവിന്ദൻ ഇവർ (എന്നിവർ) എന്നതിനെ ആഖ്യയായിട്ടു വിചാരിക്കേണം.
(4) ആഖ്യകളെ ദ്വന്ദ്വസമാസമാക്കാം.
രാമകൃഷ്ണഗോവിന്ദന്മാർ പുസ്തകം വായിക്കുന്നു.
ഇതും കേവലവാക്യം ആകുന്നു.
(5) പല ആഖ്യകൾ ഉള്ള വാക്യത്തിൽ ചിലവയെ മാത്രം പറഞ്ഞിട്ടുണ്ടെങ്കിൽ പറഞ്ഞ ആഖ്യകളെ പ്രഥമയാക്കി ‘തുടങ്ങിയുള്ള’ ‘ഇത്യാദിയായ’, ‘മുതലായ’, ‘എന്നിങ്ങിനെ’, ‘ഇങ്ങിനെ’, മുതലായ പദങ്ങളോടു സമാനാധികരണത്തിൽ പ്രയോഗിക്കും.
രാമൻ, കൃഷ്ണൻ, ഗോവിന്ദൻ തുടങ്ങിയുള്ള കുട്ടികൾ പുസ്തകം വായിക്കുന്നു. രാമൻ, കൃഷ്ണൻ മുതലായവർ (മുതലായ കുട്ടികൾ) പുസ്തകം വായിക്കുന്നു. കൃതത്രേതദ്വാപരകലി എന്നിങ്ങിനെ നാലുയുഗത്തിലും ദുഷ്ടക്ഷത്രിയന്മാരുണ്ടായി. കൈക്കാൽ മുതലായി ഏതും കണ്ടില്ല.
182. കൎമ്മം മുതലായ മറ്റു കാരകങ്ങളെയും ഈ പ്രകാരത്തിൽ സമുച്ചയിക്കാം.
രാമൻ കൃഷ്ണനെ കണ്ടു. രാമൻ ഗോവിന്ദനെ കണ്ടു. രാമൻ ചാത്തുവിനെ കണ്ടു.
(a) രാമൻ കൃഷ്ണനെയും ഗോവിന്ദനെയും ചാത്തുവിനെയും കണ്ടു.
(b) കൃഷ്ണൻ, ഗോവിന്ദൻ, ചാത്തു എന്നിവരെ രാമൻകണ്ടു.
ജ്ഞാപകം.— ഇവിടെ അൎത്ഥത്തിന്നു സംശയം വരാതിരിപ്പാൻ രാമൻ എന്ന ആഖ്യയെ എന്നിവർ എന്നതിന്റെ ശേഷം ഉപയോഗിക്കുന്നതു നന്നു.
(c) രാമൻ ചാത്തുകൃഷ്ണഗോവിന്ദന്മാരെ കണ്ടു.
d) കൃഷ്ണൻ, ഗോവിന്ദൻ, ചാത്തു മുതലായവരെ രാമൻ കണ്ടു.
(e) കൃഷ്ണൻ, ഗോവിന്ദൻ, ചാത്തു എന്നിവരേ രാമൻ കണ്ടു.
(f) രാമൻ, കൃഷ്ണൻ എന്നിവൎക്കു സമ്മാനം കിട്ടി; കൃഷ്ണൻ ഗോവിന്ദൻ എന്ന വരുടെ അച്ഛൻ വലിയ ധനികൻ.

ജ്ഞാപകം.— അനേകകൎമ്മങ്ങളുള്ള ഈവിധവാക്യങ്ങളെ കേവലവാക്യങ്ങളായിട്ടു എടുക്കേണം.

183. (1) സമാനാഖ്യകളും ഭിന്നാഖ്യാതങ്ങളും ഉള്ള വാക്യങ്ങളെ സമുച്ചയിപ്പാൻ ക്രിയകളെ ഭൂതക്രിയാന്യൂനങ്ങളാക്കി, ഒടുവിലേത്തെതിനെ പൂൎണ്ണക്രിയയാക്കി, ക്രിയകൾ സംഭവിച്ചക്രമത്തിൽ ചേൎക്കേണം.
(a) രാമൻ വരട്ടെ, രാമൻ പാഠങ്ങളെ പഠിക്കട്ടെ, രജൻ വിട്ടിൽ പോകട്ടെ. രാമൻ വന്നു പാഠങ്ങൾ പഠിച്ചു വീട്ടിൽ പോകട്ടെ.
(b) കുട്ടികൾ രാവിലേ പാഠശാലയിൽ വരും; കുട്ടികൾ തങ്ങളുടെ പാഠം പഠിക്കും; കുട്ടികൾ പിന്നെ ഉണ്മാൻ വീട്ടിൽ പോകും.
കുട്ടികൾ രാവിലേ പാഠശാലയിൽ വന്നു, തങ്ങളുടെ പാഠം പഠിച്ചു പിന്നെ ഉണ്മാൻ വീട്ടിൽ പോകും.
(c) ജനങ്ങൾ ധനം സംപാദിക്കുന്നു. ജനങ്ങൾ സുഖം അനുഭവിക്കുന്നു, ജനങ്ങൾ സന്തോഷിക്കുന്നു.
ജനങ്ങൾ ധനം സംപാദിച്ചു, സുഖം അനുഭവിച്ചു സന്തോഷിക്കുന്നു.
(2) ക്രിയകളെ എല്ലാം ക്രിയാനാമങ്ങളാക്കി ഉംകൊണ്ടു സമുച്ചയിച്ചു ചെയ്ത ധാതുകൊണ്ടു സമൎപ്പിക്കാം.
രാമൻ വരികയും പാഠങ്ങൾ പഠിക്കയും പിന്നെ വീട്ടിൽ പോകയും ചെയ്യട്ടെ.

ജ്ഞാപകം.— ഈ വിധ സമുച്ചിതവാക്യങ്ങൾ കേവലവാക്യങ്ങളാകുന്നു.

താളിളക്കം
!Designed By Praveen Varma MK!