Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

112 പൂരണി, പൂരണം

91. (1) സംഖ്യകളോടു ആംപ്രത്യയം ചേൎത്തുണ്ടാക്കുന്ന ശബ്ദങ്ങളെ പൂരണിയെന്നും പ്രത്യയത്തെ പൂരണമെന്നും പറയും.
ഒന്നാംപാഠം, നാലാന്തരം, ആറാംവകുപ്പു, പത്താമിടം, ഇരുപതാംനൂറ്റാണ്ടു.
(i) സംഖ്യാനാമങ്ങളെപ്പോലെ പൂരണികളും നാമവിശേഷണങ്ങൾ ആകുന്നു. പത്തു അവതാരങ്ങളിൽ പത്താം അവതാരം കല്കിയാകുന്നു.
(ii) അനേകം ആളുകളുടെ കൂട്ടത്തിൽ ഒരുവനെ അഞ്ചാമനെന്നു പറയും. അവന്നു മുമ്പുള്ള നാലാളുകളോടു അവനും ചേൎന്നാൽ ആളുകളുടെ സംഖ്യ അഞ്ചാകും. അഞ്ചിനെ പൂരിക്കുന്നവൻ അഞ്ചാമൻ എന്ന അൎത്ഥം കിട്ടുന്നതുകൊണ്ടു അഞ്ചാം എന്നതിനെ പൂരണി എന്നു പറയും.
(2) പുരണികളോടു അൻ, തു എന്ന പ്രത്യയങ്ങളെ ചേൎത്തു പൂരണിനാമങ്ങൾ ഉണ്ടാക്കും.
ഒന്നാമൻ, രണ്ടാമൻ, മൂന്നാമതു, നാലാമതു, ആറാമതു. (i) ഒന്നാമൻ മുതലായ ശബ്ദങ്ങൾക്കു സ്ത്രീലിംഗരൂപങ്ങൾ ഇല്ല.
(3) പൂരണിയോടു അത്തേ പ്രത്യയം ചേൎത്താൽ പൂരണിവിശേഷണം ഉണ്ടാകും.
ഒന്നാമത്തേ (അപരാധം), രണ്ടാമത്തേ (വിവാഹം), മൂന്നാമത്തേ (മകൻ).
(4) പൂരണിവിശേഷങ്ങളോടു അൻ, അൾ, അതു എന്ന ലിംഗപ്രത്യയങ്ങൾ ചേൎത്തു പൂരണിനാമങ്ങൾ ഉണ്ടാക്കും.
ഒന്നാമത്തേവൻ, രണ്ടാമത്തേവൾ, മൂന്നാമത്തേതു.

താളിളക്കം
!Designed By Praveen Varma MK!