Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

111 തദ്ധിതനാമങ്ങൾ, തദ്ധിതപ്രത്യയങ്ങൾ

87. പ്രാതിപദികങ്ങളോടു പ്രത്യയങ്ങൾ ചേൎത്തുണ്ടാകുന്ന നാമങ്ങളെ തദ്ധിതനാമങ്ങൾ എന്നും പ്രത്യയങ്ങളെ തദ്ധിതപ്രത്യയങ്ങൾ എന്നും പറയും.
മൂ(ക്കു)എന്ന ധാതുവിനോടു പ്പു എന്ന കൃൽപ്രത്യയം ചേൎത്താൽ മൂപ്പു എന്ന നാമം ഉണ്ടാകും. ഈ നാമത്തോടു അൻ എന്ന തദ്ധിതപ്രത്യയം ചേൎത്താൽ മൂപ്പുള്ളവൻ എന്ന അൎത്ഥമുള്ള മൂപ്പൻ എന്ന തദ്ധിതനാമം ഉണ്ടാകും.
88. ആയ്മ, ത്തം, തനം, തരം, മ എന്ന പ്രത്യയങ്ങളെ പ്രാതിപദികങ്ങളോടു ചേൎത്തു ഗുണനാമങ്ങൾ ഉണ്ടാകും. ഈ പ്രത്യയങ്ങൾ ചേൎന്നുണ്ടായ നാമങ്ങൾ ദ്രവ്യത്തിന്നുള്ള അനേക ഗുണങ്ങളിൽ ഒന്നിനെ മാത്രം ഗ്രഹിക്കുന്നതുകൊണ്ടു പ്രത്യയങ്ങളെ തന്മാത്രപ്രത്യയങ്ങൾ എന്നു പറയും.
ആയ്മ. മലയായ്മ, കൂട്ടായ്മ, കാരായ്മ, വല്ലായ്മ, ഇല്ലായ്മ. അം. വഷളത്തം, വിഡ്ഢിത്തം. തനം. കള്ളത്തനം, വേണ്ടാതനം. മ. ആണു, കോയ്മ, പുതുമ, ഇളമ, പശിമ.
89. അൻ എന്ന തദ്ധിതപ്രത്യയത്തെ പ്രാതിപദികത്തോടു ചേൎത്താൽ 'അതുള്ള' എന്ന അൎത്ഥം കിട്ടും. മൂപ്പുള്ളൻ, മൂപ്പൻ. അൻ. തടിയൻ, ചതിയൻ, കൊതിയൻ, ചടിയൻ, കുടിയൻ, കൂനൻ, തൊണ്ടൻ.
(i) ഈ തദ്ധിതാന്തങ്ങളിൽ സ്ത്രീപ്രത്യയങ്ങളും ചേരും. തടിച്ചി, ചതിച്ചി, കൊതിച്ചി, മടിച്ചി, കൂനി, തൊണ്ടി, മൂപ്പത്തി.
(ii) മുള്ളൻ, പൂവൻ, ചിങ്ങൻ, പുത്തൻ മുതലായവയിൽ അൻ പ്രത്യയം വിശേഷണപദങ്ങളെ ഉണ്ടാക്കുന്നു. മുള്ളൻചേന, പൂവൻകോഴി, ചിങ്ങൻ വാഴ.
(iii) ദിക്കുകളുടെ പേരുകളോടു അൻ ചേൎന്നാൽ ആ ദിക്കിനെ സംബന്ധിച്ചതെന്ന അൎത്ഥം കിട്ടും. തെക്കൻ (കാറ്റു), വടക്കൻ (പെരുമാൾ) പടിഞ്ഞാറൻ, കിഴക്കൻദിക്കു.
90. ആളൻ, ആളി, കാരൻ എന്നി പ്രത്യയങ്ങളെ ചേൎത്തു തദ്ധിതകൾ ഉണ്ടാകും.
(i) ആളൻ. മലയാളൻ, ഊരാളൻ, കാട്ടാളൻ, ഉള്ളാളൻ.
(ii) ആളി. മലയാളി, ഊരാളി, മുതലാളി, പടയാളി, വില്ലാളി, പാട്ടാളി.
(iii) വേലക്കാരൻ, പണിക്കാരൻ, വണ്ടിക്കാരൻ.

ജ്ഞാപകം. - 88ലും 90ലും പറഞ്ഞു തദ്ധിതപ്രത്യയങ്ങളെ തദ്വത്തു എന്നു പറയും.


താളിളക്കം
!Designed By Praveen Varma MK!