Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

096. നാമവിശേഷണത്തിൽ വിഭക്തിപ്പൊരുത്തം. - NOUNS AND ATTRIBUTIVES AGREEING IN CASES.

393. നാമത്തിന്ന് എത്ര വിശേഷണം സംഭവിച്ചാലും വിഭക്തിപ്രത്യയം ഒരു പദത്തിനേ വരുന്നുള്ളു എന്നു മുമ്പിലേ. ഉദാഹരണങ്ങളാൽ അറിയാം. എങ്കിലും സംസ്കൃതത്തിൽ എന്ന പോലെ (370. 4.) മലയായ്മയിലും വിഭക്തിപ്പൊരുത്തം ദുൎല്ലഭമായി കാണ്മാനുണ്ടു.
394. Numeral Adjectives and Indefinite Numerals ഇപ്രകാരം വരുന്നതു സംഖ്യാവാചികളിലും സൎവ്വനാമങ്ങളിലും തന്നെ; എല്ലാ വിഭക്തികൾ്ക്കല്ല താനും. ദ്വിതീയ, ചതുൎത്ഥി, സപ്തമി ഈ മൂന്നിന്നത്രെ വിഭക്തിപ്പൊരുത്തം വരിക ഞായം—

1.) Accusative ദ്വിതീയ.
മാതരെ എല്ലാരെയും (ര. ച.) ഇവറ്റെ എല്ലാറ്റെയും; ഗണിതങ്ങളെ മുഴുവനെ (ത. സ.) അവരെ എപ്പേരെയും; പെണ്ണുങ്ങളെ രണ്ടു പേരെയും (കേ. രാ.) അവര രണ്ടാളെയും ; രാത്രിസഞ്ചാരികളെ നിങ്ങളെ എല്ലാം (കേ. രാ — പക്ഷേ സംബോധന.)
എങ്കിലും.
ഇവ രണ്ടിനെയും. മറ്റെവ നാലിനെയും (ത. സ.) ദുഷ്ടന്മാർ പലരെയും (പ. ത.) ഉള്ളോർ ആരെയും (കൃ. ഗാ.) ജനങ്ങളും ഒക്കവെ വരുത്തി (കേ. രാ.) വങ്കടൽ ഒക്കെ കടന്നു (സി. വി.) മുതലായവയും പോരും.

2.) Dative ചതുൎത്ഥി.
ജീവന്മാൎക്കെല്ലാവൎക്കും (കൈ. ന.) മറ്റുള്ളൊൎക്ക എല്ലാൎക്കും. (കൃ. ഗാ.) ഇതിന്നെല്ലാറ്റിന്നും (കേ. രാ.) നിങ്ങൾ്ക്കു മൂവൎക്കും (നള.) അവൎകൾ്ക്കിരുവൎക്കും (മ. ഭാ.) രാജാക്കൾ്ക്ക് ഒരുവൎക്കും (ഉ. രാ.) പഠിച്ചതിന്നൊക്കെക്കും. ഒക്കെക്കും കാൎയ്യത്തിന്നും (കേ. രാ.) അവൎക്കാൎക്കുമേ (മ. ഭാ.)
എങ്കിലും.
മാനുഷർ എല്ലാവൎക്കും (വില്വ.) രാക്ഷസർ എല്ലാൎക്കും (കേ. രാ.) പഴുതുകൾ എല്ലാറ്റിന്നും (ത. സ.) ഇവ എല്ലാറ്റിന്നാധാരം (ഭാഗ.) നാമിരിവൎക്കും (കേ. രാ.) മറ്റവർ ഇരിവൎക്കും. പൈതങ്ങൾ രണ്ടിന്നും (കൃ. ഗാ.) മുതലായവയും പോരും.

3.) Locative സപ്തമി.
ക്ഷേത്രങ്ങളിൽ എല്ലാറ്റിലും (വില്വ.) ൟ ഭുജകളിൽ എല്ലായിലും (ത. സ.) അവരിൽ എല്ലാരിലും അനുജൻ (മ. ഭാ.) പുത്രരിൽ എല്ലാരിലനുജൻ. (ചാണ.) അവരിൽ ഏവരിലും അഗ്രജൻ. (ഭാഗ.) വിഷയങ്ങളിൽ ഒന്നിങ്കലും (ഹ. കീ.) കൈയിന്മേൽ രണ്ടിലും (പത.) കൈകളിൽ രണ്ടിലും (കൃ. ഗാ.) പാരിൽ ഏഴിലും വൎഷങ്ങളിൽ ഒമ്പതിലും (ഭാഗ.)
എങ്കിലും.
പതിനാലു ലോകങ്ങൾ എല്ലാറ്റിലും (ഹ. വ.) അതെല്ലാറ്റിലും. (മ. ഭാ.) പുരാണങ്ങൾ ഉള്ളവ എല്ലാറ്റിലും നല്ലതു (ഭാഗ.) മുതലായവയും ഉണ്ടു.
395. The remaining Cases ശേഷം വിഭക്തികളിൽ പോരുത്തം വരാ-പക്ഷേ തൃതീയക്കു ഉദാഹരണം ഉണ്ടാകും (-പാപകൎമ്മങ്ങളാൽ ഒന്നിനാലും നല്ലതുണ്ടായ്വരാ-കേ. രാ—എയ്തുശരങ്ങളാൽ ഇരിപത്തഞ്ചാൽ. ര. ച.)
ശേഷിച്ച ദൃഷ്ടാന്തങ്ങളെ വിചാരിച്ചാൽ-പേൺപിറന്നോർ എല്ലാ രോടും (പൈ.) അബ്ധികൾ രണ്ടിനോടും (ഭാഗ.) ഇങ്ങനെ സാഹിത്യവും.
ഭൂമ്യഗ്രങ്ങൾ രണ്ടിങ്കന്നും (ത. സ.) ഇങ്ങനെ പഞ്ചമിയും.
കൎണ്ണങ്ങൾ രണ്ടിൻ്റെയും. ഏവ ചില രണ്ടിൻ്റെ (ത. സ.) ഇങ്ങനെ ഷഷ്ഠിയും ചേൎന്നു കാണുകേ ഉള്ളു.
396. ഒക്ക used for എല്ലാം ഒക്ക എന്നതിന്നു ചില പ്രയോഗങ്ങളെ മീത്തൽ കണ്ടുവല്ലൊ (393. 1., 2.,)-അധികം നടപ്പുള്ളതോ എല്ലാം എന്നതിന്നു കൊള്ളുന്നതത്രെ.
ആ പൂജെക്ക് ഒക്ക, മുമ്പു നാലു ദിക്കിലും ഒക്ക.(മ. ഭ.) ജ്യാക്കളെ ഒക്ക കൂട്ടി (ത. സ.) പ്രാണികൾ്ക്കൊക്കയും (കെ. രാ.) എല്ലാരെയും ഒക്ക. പോയവൎക്കൊക്കവെ (മ. ഭാ.) പ്രാണികൾ്ക്കെല്ലാം ഉള്ളിൽ എന്ന പോലെ (മ. ഭാ.) 357. 2. 381, 2.
ഇതി സമാനാധികരണം സമാപ്തം (352-395.)

താളിളക്കം
!Designed By Praveen Varma MK!