Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

090. പൊരുത്തം The Agreement.

347. Subject and Predicate must agree in Gender and Number ആഖ്യാതത്തിന്നു കൎത്താവോ‌ടു ലിംഗവചനങ്ങളിലും ആവോളം
പൊരുത്തം വേണം.
ഉ-ം അവൻ സുന്ദരൻ. അവൾ സുന്ദരി. അതു നല്ലതു. അവർ നല്ലവർ.
348. The Predicate may be a Neuter Singular എങ്കിലും ആഖ്യാ തത്തിന്നു പലപ്പോഴും നപുംസകത്തിൽ ഏകവചനം മതി.
ഏ: ഉ-ം ചങ്ങാതി നന്നെങ്കിൽ നിന്നോളം നന്നല്ലാരും. ബ്രാഹ്മണൻ വലുതല്ലോ (മ. ഭാ). പിതാവെക്കാൾ വലുത് ഒരുത്തരും ഇല്ല (കെ. രാ). അവർ പ്രധാനമായി (കേ. ഉ). ശിവനും പാൎവ്വതിയും പ്രത്യക്ഷമായി (മ. ഭാ). നിവാസികൾ പ്രതികൂലമാക (വ്യ. ശ) അൎത്ഥത്തെക്കാളും പ്രിയം ആത്മജൻ (കൈ. ന) സാമ്യമവൎക്കു മറ്റാരുള്ളു (സഹ). ഐവരും തുല്യമല്ല (മ. ഭാ.)
ബ: ചെറുതായ സുഷിരങ്ങൾ (ചാണ.) ദുഃഖപ്രദമായുള്ള വഴികൾ (വില്വ). ഭക്തിവൎദ്ധനമായ സ്തോത്രങ്ങൾ. ആൎദ്രമായുള്ള മനസ്സുകളായി (കൃ-ഗാ). ക്രൂരമാം ഗന്ധങ്ങൾ (നള).
ആക്കുക എന്നതിന്നും ആ പ്രയോഗം തന്നെ.
ഉ-ം അവരെ വിധേയമാക്കി (കേ. ഉ). ദേവികളെയും വിധേയമാക്കി (ഭാഗ). അവരെ നഷ്ടമാക്കുവാൻ (അ. ര)= നഷ്ടമാം നീയും ഞാനും (പ. ത.)
349. The Predicate agreeing with the Subject (in Poetry) സംസ്കൃതത്തെ അനുസരിച്ചുള്ള വിപരീത നടപ്പു പ്രത്യേകം പാ‌‌ട്ടിൽ ഉണ്ടു.
ബ: ഉ-ം അന്തകൻ തൻവശരല്ലൊ മനുഷ്യകൾ (ഉ. രാ.) ലോകങ്ങൾ ആനന്ദവശങ്ങളായി (നള.) ബഹുവിധങ്ങളായ ഭോജ്യങ്ങൾ (ദേ. മ.) ഗുണപ്രകാശങ്ങളാം സ്തവങ്ങൾ (വില്വ) പുണ്യകളായ നാനാകഥകൾ (മ. ഭാ.) പ്രജകൾ ഗുണയുക്തകൾ (ഭാഗ). സല്ഗുണമാരായ നല്പ്രജകൾ (കേ. രാ).
ഏ: അവൻ്റെ ദയ ഉത്തമ. മുക്തി അവര. നൂതനയായൊരു ചേല. ദത്തയായ ധേനു (കൃ. ഗാ.) ഉഗ്രയായുള്ള വാക്കു, ക്രൂരയായ മതി-(കേ. രാ).
350. Exceptions to the foregoing rule ശേഷം പൊരുത്ത ക്രമത്തിന്നു ഓരോരൊ ഹേതുക്കളാൽ ഭംഗം വരുന്നതീവ്വണ്ണം
1.) The honorary Plural with Sing. Number ഏകവചനത്തിന്നു ബഹുവചനാൎത്ഥം ബഹുമാനത്താൽ വരും.
കൃപാചാൎയ്യർ ചൊന്നാൻ. വമ്പനാം ഭീഷ്മർ-മ. ഭാ. ദാരങ്ങളായിവൾ-കേ. രാ. അന്ധനായുള്ളൊരു നമ്മെ. ഇഞ്ഞങ്ങൾ കൈതൊഴുന്നെൻ (കൃ. ഗാ.) പെങ്ങൾ-ഗുരുക്കൾ-പണിക്കർ- തമ്പ്രാക്കൾ.

2) Collective Nouns with Plur. Number ഏകവചനത്തോടും വൃന്ദാൎത്ഥത്താൽ ബഹുവചനം ചേരും
ഉ-ം ഉത്തമരായ ജനം. വാഴ്ത്തിനാർ കാണിജനം (കേ. രാ.) സുന്ദരീജനം ചൊന്നാർ. നാരീജനം മിക്കതും പരവശമാർ. രണ്ടു പരിഷയും സന്നദ്ധരായാർ. സൈന്യം തിരിച്ചു മണ്ടിനാർ (മ. ഭാ). ദുഷ്ടരാം ശത്രുക്കൂട്ടം (കേ. രാ). അക്ഷരൂപങ്ങളായി ചതിച്ച കൂട്ടം (നള.) അധിപതിമാരുടെ പേരും ഇവ. ധരിപ്പതിന്നാളായ പുരുഷന്മാർ (ഭാഗ.) വധിക്കേണ്ടും പേരിൽ അയക്കേണ്ടതാരെ (കേ. രാ)? സഭാസത്തിൽ ഒരുത്തമൻ (വ്യ-മാ.) ദേവഗന്ധൎവ്വസിദ്ധന്മാർ ഒന്നിലും പ്രതിയോധാവില്ല (കേ. രാ.) ആണിൽ മാണിക്യമായ നളൻ (ദ. നാ.)
ചിലർ സുകൃതി തോന്നിക്കും അതിൽ ഒന്നായത്ത് ൟ ദശരഥൻ-(കേ-രാ) ഏതിതിൽ അവൾ്ക്കിഛ്ശ. നേരിട്ടതിൽ ഓടാതവർ എല്ലാരെയും പിളന്താൻ-(ര. ച.)

3.) Numeral adjectives with Sing. Number സംഖ്യാവാചികളോടെ ഏകവചനം വളരെ നടപ്പു.
ആയിരം തിങ്കൾ തൻകാന്തി (കൃ. ഗാ.) നാലു വേദം. ആറു ശാസ്ത്രം. നൂറാൾ. പല ഗ്രാമവും. കുഴിച്ചു വെച്ച വരാഹൻ എടുത്തു (= ആയിരം). ഏതാനും ചില ഏടു (കേ. ഉ)

4.) Distributive Diction with Sing. Number വിഭജനവാചകത്തിൽ ഏകവചനം ഉപയോഗിക്കും.
ഉ-ം തങ്ങൾ തങ്ങൾ വിട്ടിൽ പോയി. ൟ രണ്ടു സല്ഫലം നല്കിനാർ (നള).

5.) Feminine meaning applying to Masculine Nouns പുല്ലിഗ രൂപത്തോടു സ്ത്രീലിംഗാൎത്ഥം ചേരും.
ഒരു പെണ്ണെട്ടുകാലൻ. പാൎവ്വതി വലിയ തമ്പുരാൻ. റാണിമഹാരാജാവു (തി. പ) നിണക്കു കൎത്താവായിരിക്കും കൈ കേയി (കേ. ര.)

6.) Neuter Nouns put for Personal Nouns നപുംസകരൂപം സ്ഥാനനാമങ്ങളിൽ പുരുഷവാചിയായും കാണും
ഉ-ം കോലംവാഴ്ചയെക്കണ്ടു. പുറവഴിയാം കോവിലെക്കൂട്ടി. തിരുമങ്ങലത്തോടു പറഞ്ഞു. 64 ഗ്രാമത്തെയും പുറപ്പെടുവിച്ചു. (കേ. ഉ.) വലിയ മേലെഴുത്തു (തി. പ.)

7.) The Neuter applied to rational beings നപുംസകം സബുദ്ധികൾ്ക്കും പറ്റും.
വേദവിത്തുകളാകിയ ഭൂസുരർ (186)—പരമാത്മാവ് സദസത്തും മഹത്തും പലപല ഗുണവത്തും നിത്യൻ (ജ്ഞാനപാന). ഘോരങ്ങളായൊരു രക്തബീജന്മാർ (ദേ. മ).

8.) Irrational Beings personified അബുദ്ധികളെ പുരുഷീകരിക്കാം.
a. ദൃശ്യങ്ങളാവിതു.
മത്തനായ വൃഷഭം (കെ. രാ.) ധൃഷ്ടനാം അന്നം (നള). കാള-അവൻ-അതു;-കാകന്മാർ-അവർ-അവ (പ. ത.) ഗോക്കൾ വന്നാർ (മ. ഭാ.) മീനൻ മിഴുങ്ങിനാൻ (കൃ. ഗാ.) ഭീമരായ കൂമന്മാർ. കപികൾ ഏവരും. (സീ. വി.) കുതിരകൾ ഓടി തുടങ്ങിനാർ. അന്ധകാരങ്ങൾ കൂടിനാർ; ഘോരമാം കാട്ടു തീ ദഹിച്ചാൻ (നള.)-ദേവിക്കുസമരൂപമായ സിംഹം (ദേ. മാ.) ശൈലാഢ്യനായ വിന്ധ്യൻ. പൎവ്വതോത്തമനായ മഹേന്ദ്രത്തിൽ (മ. ഭാ.) ഗ്രഹങ്ങൾ അവരവർ (തി. പ.)

b.അദൃശ്യങ്ങളാവിതു-പു: ധൎമ്മവും അധൎമ്മവും എന്നിവർ ഇരിവരും(വൈ. ച.) പാപങ്ങൾ എന്നോടു തോറ്റ്; ഓടിനാർ (കൃ. ഗാ.) ദുഷ്ടനാം കലിയുഗം (നള). ഗൎഭസ്ഥനായ ജീവൻ. ബുദ്ധീന്ദ്രിയാദ്യങ്ങളെ ദാസരാക്കി (കൈ. ന).
സ്ത്രീ: ചിന്തയാകുന്നതു കാൎയ്യവിനാശിനീ (ശീവി.) നിദ്രാതാൻ മങ്ങിനാൾ‍ (കൃ. ഗാ.)
351. The Subject is a Neuter Singular in case of doubt കൎത്താവിന്നു സംശയഭാവത്താൽ ഏകവചനനപുംസകത്വം വരും.
ഉ-ം. കൊന്നതു ചെട്ടിയല്ല; അൎത്ഥാൽ കൊന്നത് ഏവൻ എന്നാൽ, ഏവരെന്നാൽ, ഏതെന്നാൽ. അടുത്തതു ഭരതനല്ലയോ (കേ. രാ.) പുത്രീപുത്രാദികളിൽ മൂത്തതു—അതിന്നു സാക്ഷി ഇവരെല്ലാവരും—

താളിളക്കം
!Designed By Praveen Varma MK!