Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

007. ഹ്രസ്വസ്വരങ്ങൾ. Short Vowels.

10. ഹ്രസ്വസ്വരങ്ങളടെ ചില വിശേഷങ്ങളെ ചൊല്ലുന്നു. ഹ്രസ്വമാകുന്നതു ലഘുസ്വരം (കുറിൽ)
11. അകാരം-ഗ-ജ-ഡ-ദ-യ-ര എന്ന മൃദുക്കളോടു ചേൎന്നു വന്നാലും, അൻ-അർ-എന്ന പദാന്തങ്ങളിലും എകാരത്തിൻ്റെ ഉച്ചാരണം കലൎന്നിട്ടു കേൾക്കുന്നു— (ഉ-ം. ചെടയൻ-ജട)
അതു ചില ഗ്രന്ഥങ്ങളിൽ അധികം എഴുതി കാണുന്നു. ഉം-അരെ ചെർ-അരചർ; കെന്തകം-ഗന്ധകം; തെചമി-ദശമി-വൈ-ശ. ഓഷ്ഠ്യങ്ങളോടു സംബന്ധിച്ചു വന്നാൽ, ഒകാരം ആശ്രയിച്ച സ്വരം കേൾക്കുന്നതും ഉണ്ടു. (ബഹു, ബൊഹു, ഓളം, ഓളൊം)
12. പദാന്തമായ അകാരം രണ്ടു വിധം. ഒന്നു ശുദ്ധ അകാരം.
(ഉ-ം. ചെയ്ത-പല.), ഒന്നു തമിഴിലെ ഐകാരക്കുറുക്കത്തൊടു ഒത്തു വരുന്ന താലവ്യാകാരം തന്നെ. (ഉം-തല-തലെക്കു; പറ-പറെഞ്ഞു)
13. രേഫാദിയായ ചില ശബ്ദങ്ങളിൽ അകാരം തമിഴുനടപ്പിൽ എന്ന പൊലെ മുന്തി വരും. (രാക്ഷസർ-അരക്കർ; രംഗം-അരങ്ങു)-ചിലതിൽ ആദിയായ അകാരം കെട്ടു പോയി (അരാവുക-രാവുക-അരം)
14. ഇകാരം ചിലതു പദാന്തത്തിലെ യകാരത്തിൽനിന്നുണ്ടായതു (കന്ന്യ-കന്നി; സന്ധ്യ-അന്തി; ആചാൎയ്യൻ-ആശാരി). തമിഴധാതുക്കളിലേ ചില അകാരങ്ങളും അതിലാഘവത്താൽ ഇകാരമായി പോയി (ഉം. കടാ-കടച്ചി-കിടാ; കനാ-കിനാ; പലാ-പിലാവു) 15. രേഫത്തൊടു ഉകാരമല്ല ഇകാരം തന്നെ നാവിന്നു വിഹിതം (ഇരുവർ-ഇരിവർ; പെരും, പെരിം; ഇരുക്ക-ഇരിക്ക; വൎഷം-വരിഷം; കാൎയ്യം, കാരിയം; സൂരിയൻ). എങ്കിലും ഓഷ്ഠ്യങ്ങളുടെ മുമ്പിൽ ഉകാരം അധികം ഇഷ്ടം (പൊന്നിൻപൂ-പൊന്നുമ്പൂ; നിൎവ്വഹിക്ക-നിറുവഹിക്ക-കേ-രാ-) ചിവക്ക, ചുവക്ക-ധാതു ചെം.
16. ഇകാരവും ചില ശബ്ദാദികളിൽ ഉച്ചാരണാൎത്ഥമായി മുന്തി വരുന്നു. (13. ലവംഗം-ഇലവംഗം; ഉരസ്സുമിലാക്കായി- കേ-രാ; ഇരാശി; ഢക്ക-ഇടക്ക-. ചിലതിൽ അതു കെട്ടു പോയി (ഇരണ്ടു-രണ്ടു; ഇരാ-രാ- ധാതു ഇരു തന്നെ).
17. പദാന്തമായ ഉകാരം രണ്ടു വിധം. ഒന്നു നിറയുകാരം (മുറ്റുകാരം). ഉം-ശിശു-തെരു; മറ്റെത അരയുകാരം (ഉകാരക്കുറുക്കം) സകല സ്വരങ്ങളിലും ലഘുവായുള്ളത; അതുകൊണ്ടു ആയതിനെ നിത്യം എഴുതുമാറില്ല (കൺ, കണ്ണു, കണ്ണ, കണ്ണ-നാൾ, നാളു, നാള.) തെക്കർ അത അകാരമായിട്ടു ഉച്ചരിച്ചും പോയിരിക്കുന്നു. അത തെറ്റെന്ന ഓരോരൊ സമാസത്താലും പുരാണ ഗ്രന്ഥങ്ങളുടെ നടപ്പിനാലും നിശ്ചയിക്കാം. (ഉ-ം. ആർ-ആര-ആരു പോൽ; നാൾ-നാളുകൾ; മേൽ-മേലുവെന്നു-മ-ഭാ-കെട്ട-കെട്ടുകഥ ഇത്യാദി). മീത്തൽ തൊട്ടു കുറിക്കുന്നത വടക്കെ ചിലദിക്കിലും തുളുനാട്ടിലും മൎയ്യാദ ആകുന്നു. (കണ്ണ പൊന്ന).
18. ഉകാരവും (16) ര ല റ ൟ മൂന്നിന്നും ശബ്ദാദിയിൽ ഉച്ചാരണാൎത്ഥമായി മുന്തി വരുന്നു: ലോകം-ഉലോകം; രൂപ്പിക-ഉറുപ്പികചിലപ്പോൾ ആദിയായ ഉകാരം കെട്ടു പോയി (ഉവാവ-വാവു; ഉലാവുക-ലാവുക).
Changes of രാ, രൂ, രേ, ലോ etc. into അര etc.
19. a.) ര-ല-ആദിയായ പദങ്ങൾ ചിലതിൽ ദീൎഘസ്വരം രണ്ടു ഹ്രസ്വങ്ങളായി പിരിഞ്ഞും-രാ-അര; രൂ-ഉരു; രേ-ഇര; ലോ-ഉല-എന്നിങ്ങനെ ഭിന്നിച്ചും പോകും (ഉം-രാജാ, അരചൻ-ലാക്ഷാ, അരക്കു-രൂപം, ഉരുപം, ഉരുവു-രേവതി, ഇരവതി-ലോകം, ഉലകം, ഉലകു-രൂമി, ഉറുമി.
b.) എനിക്ക-തനിക്ക-എന്നവറ്റിൽ ഇകാരം തന്നെ ബന്ധസ്വരം; നമുക്കു-നിണക്ക-എന്നവറ്റിൽ ഉകാരവും അകാരവും അതു പോലെ പ്രയൊഗിച്ചു കാണുന്നു.
Changes of ന്തു & ഉ into എ & ഒ
20. ഇ-ഉ-എന്നവ-ട-ല-റ-ള-ഴ- മുതലായതിൻ്റെ മുമ്പിൽ നില്ക്കുമ്പോൾ, പിന്നത്തേ അകാരം കലൎന്നു വന്നിട്ടു-എ-ഒ. എന്ന ഒച്ചകളോളം ദുഷിച്ചു പൊന്നു. (ഇടം-എടം; ഇടവം-എടവം; ഇല-എല; ഇറ-എറ; ഇളയ-എളയ; പിഴ-പെഴ—പുടവ-പൊടവ; പുലയൻ-പൊലയൻ; ഉറപ്പു-ഒറപ്പു; മുളം-മൊളം; പുഴ-പൊഴ) ൟ വകയിൽ ധാതുസ്വരം തന്നെ പ്രമാണം; ചിലതിൽ രണ്ടും നടപ്പു (ചെറു, ചെററു, ചിറുറു.) ചിലവു-തുടങ്ങുക-തുടരുക-എന്നവറ്റിന്നു ചെൽ തൊടു എന്നവ ധാതുക്കളായിരുന്നിട്ടും നടപ്പു വേറെ ആയി.
21. എകാരം ആദ്യമായതു മിക്കവാറും യ എന്നതു പൊലെ ഉച്ചരിക്കയാൽ, (ഉം-എപ്പോൾ, എവിടെ) അതു ചിലപ്പോൾ സംസ്കൃത യകാരത്തിന്നു പകാരമായി നില്ക്കുന്നു (എയ്തെമപുരത്തിലാക്കി-കേ-രാ; പ്രശസ്തമായുള്ളൊരേശസ്സു; ചൂഴക്കണ്ടിട്ടെഥേഷ്ടം; മരിച്ചാളെദൃഛ്ശയാ)
22. ശബ്ദാദിയിൽ അതിന്നു യകാരത്തിൻ ഒച്ചകലരാത്ത ചില വാക്കുകൾ ഉണ്ടു (എന്നു, എടാ, എടൊ ) ഇവറ്റിൽ അകാരം തന്നെ മൂലം (കൎണ്ണാടകം-അനുതമിഴ-അടാ) അതു പോലെ എന്നിയെ(സംസ്കൃത-അന്ന്യേ).
23. ചില എകാരങ്ങൾ ഇകാരത്തിൽനിന്നു (ചേറ്റു, ചിറ്റു-20), ചിലത അകാരത്തിൽനിന്നും ജനിക്കുന്നു (കെട്ടു, കട്ടു-പെടുക പടുക-പാടു.); താലവ്യാകാരത്തിൽ നിന്നുണ്ടാകുന്നവയും ഉണ്ടു (12 മലെക്കൽ-അടെച്ചു).
24. ഒകാരം ചിലതു ഉകാരത്തിൽ നിന്നും (20), ചിലതു വകാരത്തിൽനിന്നും ജനിക്കുന്നു. (ഒല്ലാ-വല്ലാ; ഒശീർ-വശീർ; ഒളിവു-വെളിവു)— എകാരത്തിൽനിന്നും ഓഷ്ഠ്യം മുമ്പിൽ ഉണ്ടാകും (ചൊവ്വ-ചെവ്വായി).
25. ഋകാരം മലയാളത്തിൽ ഇല്ലാത്തത എങ്കിലും ഇർ-ഇരു-ഇറു-ഉർ-ഉരി- എന്നവറ്റിന്നു പകരം പാട്ടിലും എഴുതി കാണുന്നു. (കുളൃത്തു-ഉർ; എതൃത്തു-ഇർ; തൃക്കൈ-ഇരു; നൃത്തി-ഇറു; മധൃത്തു-ഉരി.)ഋകാരം തത്ഭവങ്ങളിൽ * പല വിധേന മാറിപ്പോകുന്നു (ഋഷഭം-ഇടവം-ഗൃഹം, കിരിയം-വൃത്തി, വിരുത്തി-ഇരിഷിമാർ-ദനാ; മൃഗം. വിരിയം; കൃമി-കിറിമി; അമൃത-അമർതു-മ. മ-അമറേത്ത; ശൃംഖല-ചങ്ങല; കൃഷ്ണൻ-കിട്ടണൻ-കിട്ടു.)

താളിളക്കം
!Designed By Praveen Varma MK!