Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

167. ശേഷം ക്രിയാനാമങ്ങൾ. THE OTHER VERBAL NOUNS.

621. They have, on the whole, become firm Nouns ശേഷം ക്രിയാനാമങ്ങൾ ഏകദേശം സ്ഥിരനാമങ്ങൾ ആയിപോയി: അവൻ വരിക കണ്ടു എന്നതു അവൻ്റെ വരവു കണ്ടു എന്നതിനോടു ഉപമിക്കേണ്ടു. എല്ലാറ്റിലും വിശേഷിച്ചു ക്രിയാപ്രകൃതികളിൽ 265 ക്രിയാഭാവം വിളങ്ങുന്നു; പലപ്പോഴും നടുവിനയെച്ചത്തിന്നു പകരം നില്ക്കിലും ആം.
a. ക്രിയാപ്രകൃതികൾ.
ഉ-ം പിടിപെടുക, ഏശുപെടുക 638=പിടിക്കപ്പെടുക, ഏശുക, അടി തുടങ്ങുക=അടിക്ക; കടികൂടുക=കടിക്ക; ചതചെയ്ക=ചതെക്ക-വെട്ടിന്നടുക്ക (ഭാര.=വെട്ടുവാൻ അടുക്ക.)
സമാസത്തിൽ മുൻവിനയെച്ചങ്ങൾ അവറ്റെ മുഞ്ചെല്ലും (574 നോക്ക): തേച്ചുകുളി, തിരിച്ചറിവു, കെട്ടിവെപ്പു, നൊന്തുവിളി (സ. ഗോ.) കേട്ടുകേൾവി; ഇട്ടുകെട്ടു മുതലായവ.
കുത്തികൊല്ലി [=കുത്തി (=ട്ടു) കൊല്ലുന്നവൻ a (stabbing) murderer]; കൊണ്ടോടി (=സൂചി) എന്ന പുരുഷനാമങ്ങളാകട്ടേ അന്വയത്തിൽ സ്പഷ്ടവിനയെച്ചങ്ങൾ അത്രെ.
622. b. വേറെ മലയാളക്രിയാനാമങ്ങളെ ചൊല്ലുന്നു (574. 610. നോക്ക).
ഉ-ം പാച്ചൽ തുടങ്ങി (കൃ. ഗാ.) ജന്തുക്കൾ പിടച്ചൽ തുടങ്ങി (ഭാര.) കഥ ചൊല്ലലാം കേ. (രാ=ചൊല്ലാം 656). കൊല്ലലാമരികളെ (കേ. രാ. തമിഴ് അനുരാഗവും കൎണ്ണാടകവിനയെച്ചവും പോലേ). ഇനിപ്പമായി ഉരക്കൽ ഉറ്റാൻ (ര. ച. ആക-ഉറുക).
മുതുമാൻ ഓട്ടം വല്ലാ (പഴ.=ഓട). കോപിച്ചു നിന്നിനികാലം കളയാതെ ഗോവിന്ദനോടിനി ചേൎച്ച നല്ലൂ (കൃ. ഗാ.) നടക്കൊണ്ടാർ (മത്സ്യ=കൃ. ഗാ. നടത്തം കൊണ്ടാർ=നടന്നാർ) പാട്ടും ആട്ടവും തുടങ്ങിനാർ (ഭാര. ചാട്ടം, അത്തൽ തുടങ്ങീതു കൃ. ഗാ. 585.)
നാട്ടുവാക്കു: പറയലുണ്ടു one says, is used to say. അവിടെ നേൎച്ച നേരൽ ഉണ്ടു=നേരാറുണ്ടു. ഞാനവനോടു വാങ്ങലും കൊടുക്കലും ഉണ്ടു (=വാങ്ങുന്നതും 598.) അവൻ പുത്രൻ എന്നു നിനവില്ല. പാൎപ്പു എവിടെ? മുതലായവ.
ക്രിയാനാമങ്ങൾ കൂടക്കൂടെ ഉത്ഭവിച്ച ക്രിയകളോടു ചേരുക പ്രിയം.
ഉ-ം തിര തുള്ളുന്ന തുള്ളൽ, കണ്ണൻ കളിച്ച കളി, വീൎക്കുന്ന വീൎപ്പു (പാട്ടു.) ശബരി രാമൻ വരുന്ന വരവു പാൎത്തിരുന്നു (വില്വ.) അവൻ പൊരുത പോർ (പ. രാ.)
623. c. സംസ്കൃതത്തിൽനിന്നുള്ള ക്രിയാനാമങ്ങൾക്കും ഒരു വിധത്തിൽ നാമസ്ഥിരതയെ കാണാം (582; b. നോക്കുക.)
ഉ-ം: തമ്മിൽ സംസാരം തുടങ്ങിനാർ (ഭാര.) വിക്രമം പ്രയോഗിപ്പു ദുൎബ്ബലന്മാരിലില്ല (പ. ത.) എന്നിങ്ങനെ ചിന്താ തുടങ്ങി (കൃ. ഗാ. അവന്നു ചിന്തതുടങ്ങി കൃ. ഗാ.=ചിന്തിച്ചു). ശോകം തീൎപ്പാൻ അരുൾ ചെയ്തതും പുത്രനെ കാണ്മാൻ മാൎക്കണ്ഡേയാഗമനം (ഭാര=ആഗമിച്ചതും-ഒരു പൎവ്വത്തിൻ്റെ അടക്കം that . . . that). സൃഷ്ടി തുടങ്ങിനാൻ മുന്നേപ്പോലെ (മത്സ്യ. 614. 585). വാനവർ നാഥനക്കാനനപാലനം വല്ലീല്ല (കൃ. ഗാ=പാലിക്ക could not). മകനാം നിങ്കൽ അവനിയാക്കി വനവാസം യോഗ്യം (കേ. രാ.) ഭരതനു രാജ്യപ്രദാനത്തിന്നായും (കേ. രാ.) കള്ളനാകിയകാൎമ്മുകിൽ വൎണ്ണനെ ഉള്ളോളം ബഹുമാനവും വേണ്ടാ (കൃ. ഗാ.=ബഹുമാനിക്ക). വല്ലതും ചെയ്തു പ്രാണരക്ഷണത്തിന്നു ദോഷം ഇല്ല (ഹ. ന. കീ=രക്ഷിക്കുന്നതിന്നു). നിഗ്രഹം അനുഗ്രഹം ചെയ്തവൎക്കെന്തു ദണ്ഡം? (ഭാര.=നിഗ്രഹിക്ക). അങ്ങനെ തന്നെ എന്നു രാഘവൻ നിയോഗത്താൽ (രാമ.) നാരിമാരെയും നൃപന്മാരെയും സൎപ്പത്തെയും സ്വാദ്ധ്യായത്തേയും ജീവിതകാലത്തേയും വിശ്വാസം ഉണ്ടാകവേണ്ടാ (ഭാര.)
മൂത്രം വീഴ്ത്തരുതാതെ വ്യസനം (വൈ. ശാ.) ഏവനെന്നാലും ശീലം എന്തെന്നു ബോധിക്കാതെ സല്ക്കാരം മഹാ ദോഷം (പ. ത. ബോധിക്കാതെ എന്ന വിനയെച്ചം നിമിത്തം സല്ക്കാരം=സല്ക്കരിക്ക എന്ന് നിരൂപിക്കേണ്ടതു,628, c. നോക്കാം.)
സൂചകം: ചിലപ്പോൾ അന്വയക്രമത്താൽ സംശയം ജനിക്കും.
ഉ-ം അവർ ബദ്ധപ്പാടുകൊണ്ടു=ബദ്ധപ്പെടുകകൊണ്ടു. എന്നു മാരുതിചൊല്ലിനെ കേട്ടു (കേ. രാ.=ചൊല്ലിയതിനെ). ദൂരത്തിങ്കൽനിന്നു ധനംവരവു ആദിത്യൻ്റെഫലം (തി. പ.=വരുന്നതു).

താളിളക്കം
!Designed By Praveen Varma MK!