Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

127. പുരുഷപ്രതിസംജ്ഞകൾ. PERSONAL PRONOUNS.-a. Polite forms (honorifics)

പുരുഷപ്രതിസംജ്ഞകളിൽ പല ഭേദങ്ങളും ഉണ്ടു.
1.) ഞാൻ എന്നതല്ലാതെ-നാം-നോം-നമ്മൾ-ഞങ്ങൾ എന്നവ മാനവാചികളായി നടക്കും.
നോം കല്പിച്ചു തരുന്നുണ്ടു എന്നു പെരുമാൾ പറഞ്ഞു (കേ. ഉ.) കൈകേയി നമ്മെയും മുടിക്കും (കേ. രാ.) നമ്മളാർ ചെന്നിങ്ങു കൊണ്ടു പോന്നീടാതെ നമ്മുടെ രാജ്യത്തിൽ വന്നതു (ഉ. രാ.) നിന്നൊട് ഒരുത്തനെ ഞങ്ങൾ എതൃക്കുന്നു (മ. ഭാ.)
2.) അടിയൻ-അടിയങ്ങൾ (178.)
3.) ഇങ്ങും (I-So. M. you?) മുതലായവ,
അപ്പശു ഇങ്ങത്രെ യോഗ്യമാകുന്നു (കേ. ഉ.=എനിക്കു.) പുത്രൻ ഇങ്ങേകൻപോരും. ഇങ്ങൊട്ടേതും ഉപകരിയാഞ്ഞാലും (കേ. ര.=നമുക്കു.) ഇവൾ വഴുതിപോം എന്നു നിനെക്കേണ്ടാ (കേ. രാ.=ഞാൻ.) ഇക്കുമാരി (നള.) ഇജ്ജനംതന്നുടെവാണി (കൃ. ഗ=എൻ്റെ.) ഇജ്ജനങ്ങൾക്ക് കൺ കാണ്കയില്ല (പ. ത=നമുക്കു.) സംസ്കൃതപ്രയോഗം! ഏഷ തൊഴുന്നേൻ (കൃ. ഗ.) ഏഷ ഞാൻ=ഇഞ്ഞാൻ (കാമം നൃപനു കുറയും ഇഞ്ഞങ്ങളിൽ-വെ. ച.)
4.) (you) അങ്ങു മുതലായവ.
അങ്ങുള്ള മദത്തെക്കാൾ ഏറയില്ലെനിക്കു (മ. ഭാ.) അങ്ങുള്ള നാമം (ചാണ.) അങ്ങെത്തൃക്കൈ (കേ. ഉ.) എവിടെ നിന്നങ്ങെഴുന്നെള്ളത്തു (ഭാഗ.)-അങ്ങുന്നു ഞങ്ങളോടു കല്പിച്ചു. രാജാവിൻ തിരുവുള്ളത്തിൽ ഏറ്റാലും (=നിങ്ങളുടെ.)
5.) ശ്രീയാകുന്ന തിരു തൃ (His, her Majesty etc.) എന്നതും മാനവാചിയാകുന്ന പ്രതിസംജ്ഞ.
എട്ടു തൃക്കൈകളോടും (ദെ. മാ=അവളുടെ.) തമ്പുരാൻ നിരുനാടുവാണു(കേ. ഉ.) രക്ഷിക്കും അവൻ തന്തിരുവടി (ഉ. രാ.) തന്തിരുവടിയായ കൃഷ്ണൻ(മ. ഭാ.) നിന്തിരുവടി നിയോഗത്താൽ (=നിങ്ങളുടെ.)
6.) എടോ (Please etc.) എന്ന മാനവാചി (122.) ബഹുവചനത്തിലും നില്ക്കും.
കേട്ടു കൊൾ്കെടോ ബാലന്മാരെ (പ. ത.) ഒന്നിലും പ്രതിയോദ്ധാവില്ലെടോ രാമനോടു (കേ. രാ.) എന്നതിലും മറ്റും അതു-ഓൎത്താൽ, വിചാരിച്ചാൽനിരൂപിക്ക, മുതലായ പദങ്ങളെ പോലെ സാവധാനവിചാരത്തെ ഉപദേശിച്ചു കൊടുക്കുന്നു.
530. The dual form നാം നാം എന്നത് ഒരു വിധത്തിൽദ്വിവചനം തന്നെ.
ഉ-ം. പോക നാം. നമ്മളെ പാലിക്കും (നള=എന്നെയും നിന്നെയും.)
നമ്മോടുരചെയ്ക മാമുനേ. ചന്ദ്രൻ നമ്മളെ നിയോഗിച്ചു (പ. ത.) എന്നതിൽ മാനവാചിയായി (എന്നെ എന്ന പോലെ അത്രെ.)
നാം, ഇങ്ങു എന്നവ മന്ത്രികൾ മുതലായ പണിക്കാർ ചൊന്നാൽ സ്വാമിക്കും പറ്റും. ഇങ്ങെ തിരുമനസ്സുണ്ടെന്നു വരികിൽ അതുനമുക്കു വരേണം (കേ. ഉ.)
അല്പം ചിലദിക്കിൽ മാത്രം നാം എന്നതു ഞങ്ങളോട് അൎത്ഥം ഒത്തതു. നിങ്ങൾ ഇന്നമ്മോടു കൂടിക്കളിക്ക വേണം (കൃ. ഗ=ഞങ്ങളോട്)
531. b. The different uses of താൻ താൻ എന്നതിന്നു പലപ്രയോഗങ്ങളും കാണുന്നു.

1.) In the meaning of ones own etc. തൻ്റെ കാൎയ്യം എന്നതു സ്വകാൎയ്യം ആത്മകാൎയ്യം എന്നതിനോടു തുല്യം. നിജസമർ(മ. ഭാ=തങ്ങളോടുസമർ.) താൻ ഉണ്ണാദേവർ (പ. ചൊ.) തന്നെത്താൻ പുകഴ്ത്തുന്നവൻ. പുത്രന്മാർ തനിക്കുതാൻ പെറ്റൊന്നും ഇല്ല (മ. ഭാ.) ഞങ്ങൾക്കു രാജാവു ഞങ്ങൾ തങ്ങൾ (കൃ. ഗ.)
പിന്നെ താൻ ബഹുവചനാൎത്ഥത്തോടും നില്ക്കും. തനിക്കുതാൻ പോന്ന ജനങ്ങൾ (കേ. രാ.) തന്നെത്താൻ മറന്നുള്ള കാമുകന്മാർ (മ. ഭാ.) തന്നെത്താനറിയാതോർ ആർ ഉള്ളു (കൈ. ന.)

2.) It may stand for he ചില ദിക്കിൽ അവൻ എന്നതിനോടു പകൎന്നു നില്ക്കും. ബ്രാഹ്മണർ മറ്റൊരുത്തനെ വാഴിച്ചു താൻ മക്കത്തിന്നു പോകയും ചെയ്തു (കേ. ഉ.) ഇവിടെ അവൻ എന്നാൽ പുതുതായി വാഴിച്ചവന്നു കൊള്ളിക്കും; താൻ എന്നാൽ മുമ്പെത്ത പെരുമാൾ എ ന്നത്രെ.)
3.) It substitutes the unexpressed Subject വ്യക്തമല്ലാത കൎത്താവിനു സാധാരണാൎത്ഥമുള്ള താൻ കൊള്ളുന്നു.
താൻ പാതി ദൈവം പാതി. തന്നിൽ എളിയതു തനിക്കിര. തനിക്കു താനും പുരെക്കു തൂണും (പ. ചൊ.) തന്നുടെ രക്ഷെക്കു താൻ പോരും (നള.) തന്നുടെ ജാതി തന്നെക്കണ്ടുള്ള സമ്മാനം (മ. ഭാ.)4.) It assumes the meaning of each one, every one അതുകൊണ്ടു താൻ, അവനവൻ എന്നുള്ള അൎത്ഥത്തോടും ബഹുവചനങ്ങളെ ചേൎന്നും കാണുന്നു.
താനറിയാതെ നടുങ്ങും എല്ലാവരും (ചാണ.) അന്യദേവന്മാർ എല്ലാം തന്നാലായതു കൊടുത്തീടുവോർ (വില്വ.) തന്മുതൽ കാണുന്നോർ തന്നുടെ വൈരികൾ എന്നു തോന്നി (കൃ. ഗ.) എല്ലാൎക്കും സ്വധൎമ്മത്തിൽ രതി (കേ. ര.)
532. Duplication makes it Reflective with Distributive meaning വിഭാഗാൎത്ഥത്തോടു ദ്വിൎവ്വചനം വളരെ നടപ്പു.
1.) നരന്മാർ താന്താൻ ചെയ്ത പുണ്യദുരിതം ഒക്ക ഭുജിക്കേണം താന്താൻ (കേ. രാ.) താന്താൻ കുഴിച്ചതിൽ താന്താൻ (പ. ചൊ.) സ്ത്രീകൾക്കു താന്താൻ പെറ്റപുത്രർ ഇല്ലെങ്കിൽ. (മ. ഭാ.)

2. താന്താൻ്റെ ഭവനത്തിന്നു വരുവാൻ (കേ. രാ) താന്താൻ്റെ ജീവനോളം വലുതല്ലൊന്നും (ചാണ.) താന്താങ്ങൾക്കു ബോധിച്ചതു. അവർ ഒക്ക താന്താങ്ങളുടെ ദിക്കിൽ പോയി (കേ. ഉ.)
സംസ്കൃതമൊ നിജനിജ കൎമ്മങ്ങൾ (കേ. രാ.)

3.) എല്ലാരും തൻ്റെതൻ്റെ ഭവനമകമ്പുക്കാർ (വില്വ.) പരന്തും കിളികളും ഒക്കവെ തന്നെതന്നെ പോറ്റി രക്ഷിക്കുന്നു (പ. ത.) തങ്ങൾ തങ്ങടെ ഗേഹം തോറും പോയവൎകളും. ദേവകൾ എല്ലാം തങ്ങൾ തങ്ങൾക്കുള്ളൊരു പദം നല്കും. (ഹ. വ.) തങ്ങളിൽ തങ്ങളിൽ നോക്കാതെ. തങ്ങളാൽ തങ്ങളാലായ സല്ക്കാരവും തങ്ങൾ തങ്ങൾക്കുള്ള കോപ്പും (മ. ഭാ.)

4.) Joined to the 2nd Person മദ്ധ്യമപുരുഷനോടെ.
തങ്ങൾ തങ്ങൾക്കാശയുള്ള പദാൎത്ഥങ്ങൾ തങ്ങൾ തങ്ങൾ ചുമന്നീടുവിൻ (മ. ഭാ.)
533. Distributive meaning rendered by അവനവൻ, ഓരൊന്നു etc ആ അൎത്ഥം വേറെ രണ്ടു പ്രയോഗത്താലും വരും.
1.) അവനവൻ (129.)
അവരവൎക്ക അതത പേർ കോടുത്തു. അവരവരുടെ നേരും നേരുകേടും (കേ. ഉ.) അവരവരെ അതിനധിപതികൾ ആക്കി (ചാണ.) അവയവ നദിയും മലകളും കടന്നു (മ. ഭാ.)
2.) ഓരൊന്നു മുതലായവ (138.)
ഇത്തരം ഓരൊന്നു ചൊല്ലി. നാല്പതു മാലകൾ ഒന്നെക്കാൾ ഒന്നതിസുന്ദരമായി(കൃ. ഗ.) ഒന്നിന്നൊന്നൊപ്പം മരിച്ചിതു കാലാൾ (മ. ഭാ.) എല്ലാരും ഒന്നിന്നൊന്നു കൈകോത്തു പിടിച്ചു വന്നു (കേ. രാ.) പതുപ്പത്തു. (379.)
534. Reciprocal action or relation expressed by താൻ കൎമ്മവ്യതിഹാരമാകുന്ന അന്യോന്യാൎത്ഥത്തിന്നും താൻ എന്നതു പ്രമാണം.
1.) നളനും ദമയന്തിയും തമ്മിൽ ചേൎന്നു (നള.) ഗരുഡനും ദേവസമൂഹവും തമ്മിൽ ഉണ്ടായ യുദ്ധം. ബലങ്ങൾ തമ്മിൽ ഏറ്റു. തമ്മിൽ നോക്കീടിനാർ (മ. ഭാ.) ഒന്നിച്ചു തമ്മിൽ പിരിയാതെ (വേ. ച.) വെള്ളാളർ തമ്മിൽ കലമ്പുണ്ടാക്കി (കേ. ഉ.) കളത്രവും മിത്രവും തമ്മിൽ വിശേഷം ഉണ്ടു (പ. ത.)
2.) ഇരുവർ തങ്ങളിൽ ചേൎന്നു. തങ്ങളിൽ കടാക്ഷിച്ചു ചിരിച്ചു (നള.) ഇവതങ്ങളിൽ അകലത്താക (കേ. ഉ.) തങ്ങളിൽ പറഞ്ഞൊത്തു (പ. ത.) തങ്ങളിൽ നിരന്നു സഖ്യം ചെയ്തു (ഉ. രാ.) രണ്ടമ്മമക്കളവർ തങ്ങളിൽ (കേ. രാ.) മുമ്പിലേവ തങ്ങളിൽ പകൎന്നു വെപ്പു (ത. സ.) വാക്കിന്നു തങ്ങളിൽ ചേൎച്ചയില്ല. (ചാണ.) ജീവൻ ത ങ്ങളിൽ ത്യജിക്കാവു (നള.)
3.) ആത്മജന്മാർ അന്യോന്യം തച്ചു കൊന്നു ഭക്ഷിച്ചാർ (മ. ഭാ=അന്യൻ അന്യനെ.) അന്യോന്യം പഠിച്ചു. അനോന്യം ഒന്നിച്ചിരുന്നു (ഉ. രാ.) അന്യോന്യം ഉപമിക്കാം (പ. ത.) ത്രിവൎഗ്ഗം അന്യോന്യം വിരുദ്ധം ആക.
സ്പൎദ്ധയും പരസ്പരം വൎദ്ധിച്ചിതു എല്ലാവൎക്കും (മ. ഭാ.)
4.) കഴുതയും കാളയും ഒന്നോടൊന്നു സംസാരിച്ചു.
535. To express Reciprocity of 1st and 2nd Person ഉത്തമമദ്ധ്യമപുരുഷന്മാരിൽ അന്യോന്യത പറയുന്നീവണ്ണം.
1.) ഞങ്ങൾ തമ്മിൽ പറഞ്ഞു (നള.) ഞാനും തമ്പിയും തമ്മിൽ ജയം ചൊല്ലി പറന്നു (കേ. രാ.) ഇവൎക്കൊന്നിന്ന് ഒന്നില്ല തമ്മിൽ (പാ.)
2.) നിങ്ങൾ തങ്ങളിൽ കലഹം ഉണ്ടാകാതിരിക്ക. തങ്ങളിൽ കോപിയായ്ക (മ. ഭാ.) നിങ്ങൾ നാലരും കൂടി തങ്ങളിൽ പ്രേമത്തോടെ (നള.) ഞങ്ങളും നിങ്ങളും കൂട്ടം അന്യോന്യം ഉണ്ടാവാൻ കാരണം ഇല്ല (കേ. രാ.)
3.) നമ്മിൽ സഖ്യം ഉണ്ടാക. ഭേദം നമ്മിൽ എത്ര. സമാഗമം തമ്മിൽ ഉണ്ടായി (മ. ഭാ.) സ്നേഹിക്ക വേണം ഇന്നമ്മിൽ. ചെമ്മെ പിണങ്ങും ഇന്നമ്മിൽ. വേറിട്ടു പോയതിന്നമ്മിൽ. നമ്മിൽ പറഞ്ഞതു (കൃ. ഗ.) ചേരാ നമ്മിൽ പിണക്കത്തിന്നേതുമേ (കേ. രാ.) പിരിയുന്നത് എമ്മിൽ (ര. ച.)
4.) ഞാനും തമ്പിയും വേൎവ്വിട്ടു പോയി ഞങ്ങളിൽ കാണാതെ (കേ. രാ.) സമ്മതികേട് ഇന്നു നമ്മോടല്ല. (കൃ. ഗ.) ഇങ്ങിനെ സാഹിത്യവും.
5.) നിങ്ങളിൽ സഖ്യം ചെയ്തീടുവിൻ (ഉ. രാ.) നിങ്ങളിൽ ചേരും ഏറ്റം (അ. രാ.) നിമ്മിൽ വേറായിന കാലം (ര. ച.)
536. Duplication of Terms of Reciprocity അന്യോന്യവാചികളുടെ ഇരട്ടിപ്പു ദുൎല്ലഭമല്ല.
നീയും നരേന്ദ്രനും മോദിച്ചു തങ്ങളിൽ തങ്ങളിൽ വാഴേണം (നള.) തങ്ങളിൽ തങ്ങളിൽ ചൊല്ലിചൊല്ലി. (കൃ. ഗ.)
തമ്മിൽതമ്മിൽ വിരുദ്ധമാക (കേ. രാ.) ഭാൎയ്യാഭൎത്താക്കൾ തമ്മിൽ അന്യോന്യം രാഗം ഇല്ല (ഹ. വ.) അന്യോന്യം അങ്ങവർ തങ്ങളിൽ വെല്ലുവാൻ (കേ. രാ.) നാലരും അന്യോന്യം ഓരൊന്നു നോക്കി തുടങ്ങി. നിങ്ങളിൽ തങ്ങളിൽ ചേരുവാൻ (നള.)
537. താൻ serves as Apposition to Nouns (Postpositive article)താൻ ഘനവാചിയായൊരു നാമവിശേഷണമായി നടക്കും. ഒരു എന്നത് (389.) നാമത്തിൻ്റെ മുമ്പിൽ വരും പോലെ, താൻ എന്നതു നാമത്തിൻ പിന്നിലത്രെ.
1.) Singular ഏകവചനം.
ഭഗവാനും ദേവി താനും (മ. ഭാ.) വിഷ്ണുതന്മുമ്പിൽ (വില്വ.) ഇവൾ തന്നെ വേൾപ്പാൻ. നിൎമ്മലനാം അവന്തൻ്റെ മകൻ. ഹിമവാൻ തന്മേൽ. അദ്രി തങ്കൽ (മ.ഭാ.) മാതാവു തന്നുടെ ദാസി. ദിവിതന്നിൽ (കേ. രാ.) ഒരുവന്തൻ്റെ മേനി. അവന്തന്നോടു പറവിൻ (കൃ. ഗ.) മുതലായവ.
2.) Plural ബഹുവചനത്തോടെ താൻ.
ബ്രാഹ്മണർ തന്നുടെ പാദം (സഹ.) നിങ്ങൾ താൻ ആർ (കേ. രാ.) അരചർതൻ കോൻ (ര. ച.) പൂക്കൾ തൻനാമങ്ങൾ (കേ. ര.) എൻപാദങ്ങൾ തന്നോടു ചേരും. വീരർ തൻ വേദങ്ങൾ തന്നെ ആരാഞ്ഞു. ചെമ്പുകൾ തന്നിൽ നിറെച്ചു (ഭാഗ.)
3.) താം.
അപ്സരികൾ താമും. മൂവർ തമ്മെയും (മ. ഭാ.) ദേവകൾ തമുക്കു. (ര. ച.) അമ്മമാർ തമ്മെയും വന്ദിച്ചു (കേ. രാ.) തോഴികൾ തമ്മുടെ ചാരത്തു (കൃ. ഗ.) ഋഷികൾതമ്മോടു (മത്സ്യ.) രാമനും തമ്പിയും അവർ തമ്മാലുള്ള ഭയം. (കേ. രാ.)
4.) തങ്ങൾ.
നമ്പൂതിരിമാർ തങ്ങടെ ദേശം (കേ. ഉ.) രാക്ഷസർ തങ്ങളാൽ ഉണ്ടായ ദണ്ഡം(കേ. രാ.) ഇങ്ങനെ കഴിക്കയും മരിക്കയും തങ്ങളിൽ ജീവിതത്യാഗം സുഖം (നള=എന്നീരണ്ടിൽ.) ഗുരുഭൂതന്മാരവർ തങ്ങളുടെ ഗുണം (മ. ഭ.)
538. താൻ used adverbially (as Particle)—(alone etc.) താൻ എന്നതിന്നു ചില അവ്യയപ്രയോഗങ്ങളും ഉണ്ടു.
1.) താൻതന്നെ=താനെ.
താന്തന്നെ സഞ്ചരിച്ചു (ഏകനായി.) നീ താനെ തന്നെ കാനനേ നടപ്പാൻ(നള.) മന്നവൻ താനെ തന്നെ ചെന്നു (മ. ഭാ.) എങ്കിൽ ഞാൻ താന്തന്നെ മന്നവൻ(ചാണ.) എങ്ങനെ താനെ സൌഖ്യം ലഭിപ്പു (കേ. ര.) താനെ ഞാൻ എത്ര നാൾ പാൎക്കേണ്ടു (പ. ത.)
2. ബഹുവചനത്തിൽ.
ഗോക്കളും ഗോശാലെക്കൽ തങ്ങളെ വന്നാർ (മഹാ. ഭാ.)
3.) അവർ തനിച്ചു ഭൂമിയിൽ പതിച്ചു. തമയനെ തനിച്ചു തന്നെ ചെന്നു കാണേണം (കേ. ര.)
4.) സ്വയം: തോണിയിൽ സ്വയം കരേറിനാൻ (കേ. ര.)
539. It emphasizes എത്ര and such-like words എത്ര മുതലായ പദങ്ങളോട് ഒന്നിച്ചു താൻ കേമം വരുത്തുന്ന അവ്യയമായി വരും.
എത്ര താൻ പറഞ്ഞാലും, എത്ര താൻ ചെയ്തീടിലും മറ്റൊന്നിൽ മനം വരാ. എത്ര താൻ ഇക്കഥ കേൾക്കിലും എത്ര താൻ വിപത്തുകൾ വന്നിരിക്കിലും (കേ. ര.)പേൎത്തു താൻ പറഞ്ഞാലും (കൃ. ഗ.) ഏണങ്ങളോടു താൻ ഒന്നിച്ചു പോയിതോ (=പക്ഷെ.) ഞങ്ങൾ അറിഞ്ഞതു ചൊല്ലേണമല്ലൊ താൻ (കൃ. ഗ=എങ്ങനെ ആയാലും.) എല്ലാരും ഒന്നു താൻ ഉര ചെയ്താൽ (പ. ത.)
540. It expresses: either-or; neither-nor; whether-or etc. താൻ-താൻ എന്നതു എങ്കിലും, ആകട്ടെ, ഓ, ഉം. ൟ അൎത്ഥങ്ങൾഉള്ളതാകുന്നു.
1.) With Nouns നാമങ്ങളോടെ.
എണ്ണ താൻ നെയി താൻ വെന്തു. അതു 2 നാൾ താൻ 3 നാൾ താൻ നോം (മമ.)ഒന്നിൽ അര താൻ കാൽ താൻ കൂട്ടുക (ത. സ.) പാലിൽത്താൻ നീറ്റിൽത്താൻ എഴുതുക (വൈ. ശ.) എങ്കൽ താൻ ഭഗവാങ്കൽതാൻ ഭക്തി (വില്വ.) തള്ളെക്കു താൻ പെറുവാൾക്കു താൻ ചില്ലാനത്താൽ ഒന്നു കൂടി (ക. സാ.)
2.) Wound up with the Demonstrative ഇ-ഇക്കൊണ്ടു സമൎപ്പിച്ചിട്ടു (354.)
ഭീതി താൻ ശോകം താൻ മുഖവികാരം താൻ ഇതൊന്നും ഇല്ലഹോ. ശാസ്ത്രയുക്തി താൻ ലൌകികം താൻ ജ്ഞാനനിശ്ചയങ്ങൾ താൻ പിന്നെ ഇത്തരങ്ങളിൽ നിന്നോട് ആരുമേ സമനല്ല (കേ. ര.)
3.) With Verbs ക്രിയകളോടെ.
പഠിക്ക താൻ കേൾക്ക താൻ ചെയ്താൽ (അ. രാ.) ഗുണ്യത്തിൽത്താൻ ഗുണകാരത്തിൽത്താൻ ഒരിഷ്ടസംഖ്യ കൂട്ടിത്താൻ കളഞ്ഞു താൻ ഇരിക്കുന്നവ (ത. സ.)
541. It expresses: although-yet; not-but; yet etc. താനും എന്നതു എന്നിട്ടും എന്നുള്ള അൎത്ഥത്തോടും കൂടി വാചകാന്തത്തിൽനില്ക്കും.
ഉ-ം. സ്വൎണ്ണം നിറെച്ചാലും ദാനം ചെയ്വാൻ തോന്നാ താനും (വൈ. ച.) കാമിച്ചതൊന്നും വരാ നരകം വരും താനും (വില്വ.) എന്നു സ്മൃതിയിൽ ഉണ്ടു താനും (ഹ.വ.) വന്ദ്യന്മാരെ വന്ദിച്ചു കൊൾക നിന്ദ്യന്മാരെ നിന്ദിക്കേണ്ടാ താനും (മ. ഭ.) അന്നിതൊന്നും അറിക താനും ഇല്ല. (കേ. ര=പോലും, എങ്കിലും.)

താളിളക്കം
!Designed By Praveen Varma MK!