Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

105. ചതുൎത്ഥി. DATIVE.

455. Denotes drawing near a place ചതുൎത്ഥിയുടെ മൂലാൎത്ഥംഒരു സ്ഥലത്തിന്നു നേരെ ചൊല്ലുക അത്രെ.
ഉ-ം കടല്ക്കു=പടിഞ്ഞാറോട്ടു, കോട്ടെക്കു ചെന്നു. ദിക്കിനുപോയി (നള.) രാജധാനിക്കു നടന്നു (ഭാഗ.) യമപുരത്തിനു നടത്തി. കാലനൂൎക്കയക്ക (ര. ച.) ആകാശത്തിന്നെഴുന്നെള്ളി (കേ. ഉ.)
കുറിക്കു വെച്ചാൽ മതില്ക്കു കൊൾ്ക. വള്ളിക്കു തടഞ്ഞു (പ. ചൊ.) തലെക്കു തലകൊണ്ടടിക്ക. (മ. ഭാ.) കവിൾ്ക്കുമിടിക്ക; തലെക്കും മേല്ക്കും തേക്ക. മൂൎത്തിക്കു ധാരയിടുക (മമ.) ലാക്കിന്നു തട്ടി (ചാണ) കഴുത്തിന്നു കൊത്തി. കാല്ക്കു കടിപ്പിച്ചു. വാൾഅരെക്കു ചേൎത്തു കെട്ടുക. പാശം കഴുത്തിന്നു കെട്ടി (ക. ര.) പുരെക്കു തീ പിടിച്ചു-കൈക്കു പിടിച്ചാശ്ലേഷം. വെള്ളത്തെ കരെക്കേറ്റി (പ. ത.) സഞ്ചി അരെക്കു കെട്ടി. കരെക്കെത്തിച്ചു, കരെക്കണയും. പുരിക്കടുത്തു, തീക്കടുത്തു (മ. ഭ.) ഇവ മുതലായവറ്റിൽ സാഹിത്യവും സാധു (438.)
456. Adverbs of Place require the Dative ദിഗ്ഭേദങ്ങളെ ചൊല്ലുന്ന നാമങ്ങളോടു ചതുൎത്ഥി ചേരുന്നതു.
ഉ-ം നദിക്കു പടിഞ്ഞാറെ. പമ്പെക്കു നേരെ കിഴക്കെപ്പുറം. മേരുശൈലത്തിന്മേല്ക്കു നേരെ അസ്തഗിരിക്കു കിഴക്കായി (കേ. ര.) ആഴിക്ക് ഇക്കരെ വന്നു—അകം,-ഇടെ,-മീതെ,-മുമ്പെ,-പിന്നെ,-നേരെ, മുതലായവ 505 കാണ്ക—കത്തിക്കു ചോര കണ്ടു—പുല്ല് ഇടെക്കിടെ സ്വരൂപിച്ചു (പ. ത.) മേല്ക്കുമേൽ. നാൾ്ക്കുനാൾ. പള്ളിക്കും മടത്തിലേക്കും കൂടി ഒരു തപ്പാൽ വഴി ദൂരം ഉണ്ടു.
457. കാലത്തിന്നു കൊള്ളിക്കുമ്പോൾ.
1.) Moment ക്ഷണനേരം കുറിക്കും.
ഉച്ചെക്ക് അന്തിക്ക്, അന്നു മുതല്ക്ക്, നീർ വെന്തു പാതിക്കു വാങ്ങി (വൈ. ശ=പാതിയാകുമ്പോൾ.) അവധിക്കു വന്നു; വേളിക്കു പാടുക (പ. ത.)
2.) Period വേണ്ടിയ കാലം. (434.)
നാഴികെക്കു 1000 കാതം ഓടും വായു (സോമ.) 14 സംവത്സരത്തിന്നു കൂടി സീതെക്കുടുപ്പാൻ പട്ടുകൾ (കേ. ര=കൂടി 435,2)—ആയിരത്താണ്ടേക്കു മുറിവു പോറായ്ക.(മ. ഭാ.)
3.) Interval രണ്ടു നേരങ്ങൾ്ക്കന്തരം.
വിവാഹം കഴിഞ്ഞതിന്നു ഇപ്പോൾ 15 വൎഷം ഗതം (നള.) ചൊന്നൊരവധിക്കുവത്സരം ഇന്നിയും ഒന്നിരിക്കുന്നു (കേ. ര.) ഇതില്ക്കും ഒരാണ്ടു മുമ്പെ (ര. ച.)
458. ഏക്കു is the Dative of Time ഏക്കു എന്നതു കാലചതുൎത്ഥി തന്നെ.
ആമ്പോഴേക്കു. 14 ആണ്ടേക്കും ഭരിച്ചു കൊള്ളെണം (കേ. ര.) ജരനര 10,000ത്താണ്ടേക്കില്ല. ഇരിക്കാം 22 നാളേക്കു (മ. ഭാ.) അത്രനാളേക്കും അഭ്യസിച്ചിരിക്ക(കൈ. ന.) എത്രനാളേക്കുള്ളു (ഉ. ര.) എല്ലാ നാളേക്കും നല്കി (ഭാഗ.) മറ്റന്നാളേക്കുസംഭരിക്ക (പ. ത.)
459. Denoting qualifying Measure തൃതീയയെ പോലെ (434)അതു പ്രമാണത്തെയും കുറിക്കുന്നു.
ഉ-ം ചതുരനായാൻ മന്ത്രങ്ങൾ്ക്ക്. ആഭിജാത്യത്തിന്നു അവന് അന്തരമില്ല. ഗദെക്കധികൻ. അസ്ത്രങ്ങൾ്ക്കു മുമ്പൻ, എല്ലാറ്റിനും ദക്ഷൻ (മ. ഭ.) വിക്രമത്തിന്നു നിനക്കൊപ്പരില്ല (കേ. ര.)
Measure, calculation ഇങ്ങനെ അളവിന്നും ഗണിതത്തിന്നും പോരും.
അതിന്നു മാത്രം കുറയും (=അത്രേക്കു.) നെയ്ക്ക് ഇരട്ടിപാലും വീഴ്ത്തി (വൈ. ശ.)വഴിക്കു കണ്ടുള്ള ജനങ്ങൾ. (കേ. ര.)
നൂറ്റിന്നും മൂന്നു (വ്യമ=പലിശ) നിമിക്ക് ഏകവിംശൻ; ബ്രഹ്മാവിന്നു മുപ്പത്തെഴാമൻ ദശരഥൻ (കേ. ര; ഇങ്ങനെ സന്തതിക്രമത്തിൽ.)
460. Expressing Likeness തുല്യതെക്കും കൊള്ളാം (445.)
മിന്നൽ പിണരിന്നു തുല്യം. അവന്ന് എതിരില്ലൊരുത്തനും (നള.) അവൾ്ക്കൊത്തനാരി. ഇടിക്കുനേർ. നിണക്കു സമൻ (മ. ഭാ.) പുഷ്പത്തിന്നു ഉപമിക്ക (വൈ. ച.)സീതെക്കു നേരൊത്തവൾ (കേ. ര.)
2.) Difference പിന്നെ അന്യത.
ദേഹം നിണക്ക് അന്യമായി (തത്വ) അതിന്നു മറ്റെപ്പുറം വൎത്തിക്ക (മ. ഭ.)പഞ്ചമിയും സാധു (463-469)
3.) Degree താരതമ്യവും. 479.
461. Required to denote design, plan, intention അഭിപ്രായഭാവങ്ങൾ്ക്ക ചതുൎത്ഥി പ്രമാണം.
1.) ഉ-ം പടെക്കു ഭാവിച്ചു. പടെക്കു ഒരുമ്പെട്ടു, വട്ടം കൂട്ടി. പോൎക്കു സന്നദ്ധൻ (കൃ. ഗ.) അതിന്നുത്സാഹി. വെള്ളത്തിന്നു പോയി. ചൂതിന്നു തുനിഞ്ഞു, തുടങ്ങി (നള.) തപസ്സിന്നാരംഭിച്ചു (ഭാഗ.) നായാട്ടിന്നു തല്പരൻ. ഭിക്ഷെക്കു തെണ്ടി നടന്നു. (ശി. പു.) പൂമലെരെ തെണ്ടി. (കൃ. ഗ.) പൂവിന്നു വനം പുക്കു (മ. ഭ.) വേട്ടെക്കുപോയാലും (കേ. ര.) വെണ്ണെക്കു തിരഞ്ഞു നടക്കു (കൃ. ഗ.) ആവലാദിക്കു വന്നു (പ.ത.) ഓരായ്കതിന്നു നീ (മ. ഭ.)
2.) വേളിക്കു മോഹിച്ച (ശീല.) രാജസേവെക്കു മോഹം (=സപ്തമി.) വൃദ്ധിക്കു കാമിച്ചു (പ. ത.)
3.) കാൎയ്യത്തിന്നു കഴുതക്കാൽ പിടിക്ക (പ. ചൊ=കാൎയ്യത്തിന്നായി.) നാട്ടിലേ പുഷ്ടിക്കിഷ്ടി ചെയ്ക (പ. ത.) ജീവരക്ഷെക്ക സത്യം ചൊല്ക (മ. ഭാ.) നെല്ലു പൊലുവിനു കൊടുത്തു. പുത്രോല്പത്തിക്കേ ചെയ്യാവതു (ക. ന.)—ചാത്തത്തിന്നു ക്ഷണിച്ചു ചൂതിന്നു വിളിച്ചു.
4.) ഒന്നിന്നും പേടിക്കേണ്ടാ (പ. ത.) ഒച്ചെക്കു പേടിക്കുന്നവൾ. യുദ്ധത്തിന്നു അഞ്ചി (ര. ച.) ദുഃഖിക്കുന്നതിന്നു ഭയമുള്ള (വൈ. ച.) (470.)
462. Expressing Worthiness, Want യോഗ്യതയും ആവശ്യതയും.
ഉ-ം അതിന്ന് ആൾ. നിണക്ക് ഒത്തതു ചെയ്ക (കേ. ര.) ഇതിന്നു ചിതം, യോഗ്യം, ഉത്തമം. എല്ലാ പനിക്കും നന്നു. കണ്ണിന്നു പൊടിക്കു മരുന്നു (വൈ. ശ.) അവനു പറ്റി. അതിന്നു തക്കം (പ. ത.) കപ്പല്ക്കു പിടിപ്പതു (കേ. ഉ.) ജാതിക്രമത്തിന്നടുത്തവണ്ണം (ശി. പു.) അവറ്റിന്നു പ്രായശ്ചിത്തം ചെയ്തു. കാലൻ്റെ വരവിനു നാൾ ഏതു (വൈ. ച.)
എനിക്കു വേണം. യുദ്ധം ഏവൎക്കുമാവശ്യം (പ. ത.) അരക്കനെ പാചകപ്രവൃത്തിക്കു കല്പിച്ചു (ശി. പു.)—എനിക്ക് എന്തു ചെയ്യാവതു, ചെയ്യാം, ചെയ്തു കൂടും.അവസ്ഥെക്കു ചേരുന്നവ ചൊല്ലും (പ. ത.) മോക്ഷത്തിന്ന് എളുതല്ല (വില്വ.) അതിന്നു പാരം ദണ്ഡം (=വൈഷമ്യം.)
ബ്രാഹ്മണൎക്കു അസാദ്ധ്യം (മ. ഭ=തൃതീയ.) പരമാത്മാവ് അവനുജ്ഞേയൻ(വില്വ.) സജ്ജനങ്ങൾക്കു പരിഹാസ്യനായി (പ. ത.)
463. Indicating Ownership and authority ഉടമയും അധികാരവും.
1.) ഉ-ം എനിക്കുണ്ടു. നാണക്കേടതിന്നില്ല (മ. ഭ.) മൃഗങ്ങൾ്ക്കു രാജാവ് സിംഹം. അവന്നു ദൂതൻ ഞാൻ (ദേ. മാ.)ഇങ്ങിനെ ഷഷ്ഠിയോട് ഒത്തു വരും.
അവനു ലഭിച്ചു, സാധിച്ചു, കിട്ടി, അറിഞ്ഞു. കീൎത്തി ഭൂപനു വളൎന്നു (വെ.ച.) അവനു വിട്ടു പോയി, മറന്നു. നൃപന്മാൎക്കു വിസ്മൃതമായി (നള.)
2.) അവനു കൊടുത്തു, എനിക്കു തന്നു. മക്കൾ്ക്കു ദ്രവ്യം സമ്പാദിക്ക. അതിനുദേവകൾ അനുഗ്രഹിക്ക (കേ. ര.) യാത്രെക്കനുവദിക്ക (നള.)
എങ്കിലും സാഹിത്യവും പറ്റും (അനന്തരവനോടു കൊടുത്തിട്ടുണ്ടായിരുന്നു.)
ചൊല്ലറിയിക്കാദികൾ അതിനോടു ചേരും.
അരചന്നറിയിക്ക (ര. ച.) എനിക്കു മാൎഗ്ഗം ഉപദേശിച്ചു (നള.) അവനു കാണിച്ചു (കേ. ര.) പുത്രൎക്കു അസ്ത്രാദി ശിക്ഷിച്ചു പഠിപ്പിച്ചാൻ (ചാണ.) കുമാരൎക്കു നീതിയെ ധരിപ്പിപ്പതു. അവൎക്കഭ്യസിപ്പിച്ചു (പ. ത.) നിങ്ങൾക്കു ബോധിപ്പിക്കും (മ.ഭാ.)—അരക്കർ ഇതു ദശമുഖന്നുരചെയ്താർ (ര. ച.) 440. കാണ്ക.
3.) നാട്ടിന് അഭിഷേകം ചെയ്തു (മ. ഭ; കേ. ര.) സപ്തമി പോലെ 499.
464. The Dative has Genitive meaning ചതുൎത്ഥി പലപ്പോഴും ഷഷ്ഠിയോട് ഒക്കും.
ഉ-ം ഇവറ്റിന്നു പൊരുൾ (ക. സാ)=ഇവറ്റിൻ അൎത്ഥമാവിത്. പാരിനു നാഥൻ പരീക്ഷിതൻ (മ. ഭാ.) വേടൎക്കധിപതി ഗുഹൻ (കേ. ര.) അവൎക്കു പേർ കേട്ടരുൾ. എന്തു ഞങ്ങൾ്ക്കു കുറവൊന്നു കണ്ടതു. മറ്റുള്ള ജനങ്ങൾ്ക്ക കുറ്റങ്ങൾ പറയും (മ.ഭാ.) മലമകൾ്ക്കമ്പൻ. വേദങ്ങൾ നാലിനും കാതലായി (കൃ. ഗ.) സങ്കടം ഞങ്ങൾക്കു തീൎക്ക. (അ. രാ.) പുത്രനു ശോകമകറ്റി. ഉറക്കം ഉണൎന്നു പോം ഗുരുവിന്നു (മ. ഭാ.) ഭൂപതിക്കു ബുദ്ധി പകൎന്നു (നള.) ലോകൎക്കു ബാഷ്പങ്ങൾ വീണു തുടങ്ങി. ഒഴുകി കണ്ണുനീർകുതിരകൾ്ക്കെല്ലാം (കൃ. ഗ.) ഭരതനു കൊള്ളാം അഭിഷേകത്തിന്നു (കേ. ര.)
465. Denoting Retaliation, Retribution etc. (instead of, for)ചതുൎത്ഥി പകരം വരുന്നതിനെയും അറിയിക്കും.
ശപിച്ചതിന്ന് അങ്ങോട്ടു ശപിച്ചു (മ. ഭാ.) ഒന്നിന്നൊന്നായി പറഞ്ഞു പല തരം(ചാണ.) അഞ്ഞാഴി നെല്ലിന്നു ഇരുനാഴി അരി (ത. സ.) മാസപ്പടിക്കു നില്ക്ക (ഠി.)കൂലിക്കു പണി എടുത്തു.
Resembling the Nominative of Condition (adverb) പ്രഥമയുടെഅവസ്ഥാപ്രയോഗത്തോടും തുല്യത ഉണ്ടു (399.)
നൂറുലക്ഷത്തിന്നു ഒരു കോടി. മറകൾ നാലുണ്ടു കുതിരകൾ്ക്കിപ്പോൾ (മ. ഭാ=കുതിരകളായി.) എട്ടാമതിന്നൊരു കഥ ചൊല്ക (വെ. ച.) മൂന്നാമതിന്നുയൎത്തിയകാൽ (ഭാ.ഗ.) അവനിൽ സക്തി അനൎത്ഥത്തിന്നായി വരും (പ. ത.)
466. Conveying Motive (for) പിന്നെ കാരണം ഏകദേശം പകരത്തോട് ഒക്കും.
അതിന്ന് നിന്നെ കൊല്ലും (പൈ.) വീരർ മരിക്കുന്നതിന്നു ശോകിക്കൊല്ല (മ.ഭാ.) വെള്ളം ഒഴുകുന്നതിന്നു ചെരിപ്പഴിക്ക (പ. ചൊ.) ആ സംഗതിക്കു കുഴങ്ങി. പടെച്ചവൻ്റെ കല്പനെക്കു (ഠി=ആൽ.) ഖേദമില്ലെനിക്കതിന്നു (ഭാഗ.) ഡംഭിന്നു യാഗംചെയ്തു (വൈ. ച.) അതിന്നു നില്ലായ്കിൽ മരുന്നു (വൈ. ശ.) കയറിന് എന്തിന് പിശകുന്നു (കേ. ര.) പെരുന്ധൂളിക്ക് ഒന്നും അറിയരുതാതായി (ര. ച.) With Conditional സംഭാവന കൂടെ ചേരും.
ഹരിച്ച ശേഷം ഒന്നു വരികിൽ ആദിത്യൻ ഗ്രഹം, രണ്ടിന്നു ബുധൻ, മൂന്നിന്നുരാഹു (തി. പ=മൂന്നു വരികിൽ)
467. Two Datives in one Sentence ഒരു വാചകത്തിൽ രണ്ടുചതുൎത്ഥികൾ പലവിധത്തിലും കൂടും.
ഉ-ം ഊണിന്നു കൊള്ളാം എനിക്കു. അൎത്ഥമാഗ്രഹിപ്പവൎക്കു ശ്രേയസ്സായുള്ളതിന്നുതടവുകൾ ഉണ്ടാം (പ. ത.) അതിന്നു കോപം ഇല്ലെനിക്കു. ശില്പശാസ്ത്രത്തിന്നവനൊത്തവൻ ആർ? (ചാണ.) സങ്കടം ഒന്നിനും ഇല്ലൊരുവൎക്കുമേ. പാടവം പാരം വാക്കിന്നു നിണക്കു. ഭൃത്യാദികൾ്ക്കു പൊറുതിക്കു കൊടുക്ക. കൎമ്മത്തിന്നദ്ധ്യക്ഷ എനിക്കു (മ. ഭാ.) ഇതിന്നു തപിക്കുന്നെന്തിനു. ഭക്ഷണത്തിന്നെനിക്ക് എത്തി. ജനനിക്കും അതിന്നനുവാദം. മൂലാദിക്കേ മനസ്സ് എനിക്കുള്ളൂത് (കേ. രാ.) നിന്തിരുവടിക്ക് ഒട്ടുമേകീൎത്തിക്കു പോരാ (ഉ. രാ. പ. ത.) ദണ്ഡത്തിന്നു യോഗ്യത ഇവൎക്കു (വില്വ.) ഇത്തരംവൎഷം നൂറ്റിന്നന്ത്യമാം ബ്രഹ്മാവിനും (ഭാഗ.) ജനത്തിന്നു വിദ്യെക്കു വാസന ഇല്ല.(പ. ത.) ആ പ്രവൃത്തിക്കു കൌശലം എനിക്കു (നള.)
468. The Sanscrit Dative (meaning Design and Bestowal) ex-pressed in Malayalam by Particles, adverbial Participles etc. സംസ്കൃത ചതുൎത്ഥിക്കു അഭിപ്രായസമ്പ്രദാനശക്തികൾ മുഖ്യമാക കൊണ്ടു, അതിന്നു ഭാഷാന്തരത്തിൽ കൂടക്കൂടെ മലയായ്മചതുൎത്ഥി പോരാതെ വരും; അതിന്നു പൂൎണ്ണത വരുത്തുന്ന പ്രയോഗങ്ങൾ ആവിതു.
1.) ഏ-നിഷ്കളാത്മകനേ നമഃ. വേദമായവനേ നമഃ (കൃ. ഗ.)
2.) ആയി.
അടല്ക്കായടുത്തു. പോൎക്കായി ചെന്നു (ര. ച.) രാവണൻ ചോറുണ്ടതിന്നായി മരിക്ക (കേ. ഉ.) അതിനായി കോപിയാതെ (മ. ഭ.)
ആയ്ക്കൊണ്ടു.
ഭവാനായ്ക്കൊണ്ടു നല്കി (മ. ഭ.) ഉന്നതിക്കായിക്കൊണ്ടു പ്രയത്നം ചെയ്തു (നള.)നിന്തിരുവടിക്കായ്ക്കൊണ്ടു നമാമി. (ഭാഗ.)—തെക്കിൽ പ്രത്യേകം നടപ്പുള്ള തു-മാംസത്തിന്നായും വിനോദത്തിന്നായിട്ടും കൊല്ലും. രാമനായിട്ട് അപ്രിയം ഭാവിക്ക (കേ. ര.)
ആ മാറു-തപസ്സിന്നാമാറ് എഴുന്നെള്ളി (കേ. ഉ.)
3.) കുറിച്ചു-ചൊല്ലി-കൂലിയെക്കുറിച്ചു. ഇത്തരം എന്നെ ചൊല്ലി വേലകൾ ചെയ്തു (മ. ഭാ.)
4.) എന്തു.
എന്തു കാമമായി തപസ്സു ചെയ്തു (വില്വ.) എന്തൊരു കാൎയ്യമായി പെരുമാറുന്നു.(ഭാഗ.) അതിൻ പൊരുട്ടു വന്നു. നിമിത്താദികളും (427.)
5.) അൎത്ഥം.
അശനാൎത്ഥം (ചാണ.) അഭിഷേകാൎത്ഥമാം പദാൎത്ഥങ്ങൾ (കേ. ര.) ലോകോപകാരാൎത്ഥമായി (മ. ഭാ.) രാമകാൎയ്യാൎത്ഥം ഉണൎന്നു. (അ. ര.) വിവാഹം ചെയ്തു അൎത്ഥാൎത്ഥമായി; ജീവരക്ഷാൎത്ഥമായി (വേ. ച.)
6.) വേണ്ടി.
ഗുരുക്കൾ്ക്ക് വേണ്ടി (=ഗുരുക്കളെ നിനെച്ചു) (പ. ചൊ.) അവനു വേണ്ടി മരിക്ക(=മിത്രത്തെ ചൊല്ലി മരിക്ക, മിത്രകാൎയ്യത്താൽ മരിക്ക.) ദൂതനായീടെണം ഞങ്ങൾക്കുവേണ്ടീട്ടു (നള.) നിണക്കു വേണ്ടി ഇതൊക്കയും വരുത്തി (കേ. ര.)
പിന്നെ വേണ്ടി എന്നതിനാൽ ഒന്നിൻ്റെ സ്ഥാനത്തിൽ നില്പതും വരും.
ഉ-ം എനിക്കു വേണ്ടി അങ്ങിരിക്ക. താതനു വേണ്ടി മറുക്കിൽ രഘുപതിക്കുവേണ്ടി വനവാസം കഴിക്ക (കേ. ര.)

താളിളക്കം
!Designed By Praveen Varma MK!