Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

104. ഒടു-ഓടു എന്നവ സഹാൎത്ഥത്തിന്നു പ്രമാണം.

അതിൽ ഒന്നാമതു പാട്ടിൽ നടക്കേ ഉള്ളു (വിരവിനൊടു നരപതികൾ. നള.)സപ്തമിയുടെ അൎത്ഥവും ഉണ്ടു. (അങ്ങോടിങ്ങോടു പാറി. മ. ഭാ.)
442. Expressing Proximity ഓടു സാമിപ്യവാചി തന്നെ.
ഉ-ം വാനോടു മുട്ടും. കുന്തം നെഞ്ചോടിടപെട്ടു (ര. ച.) പടിയോടു മുട്ടല്ല. കണ്ണോടു കൊള്ളുന്നത് പുരികത്തോടായി (പ. ചൊ.) വിളക്കോടു പാറുക. നിന്നോടെത്തുകയില്ല. പേടി നമ്മോടടായ്വതിന്നു (മ. ഭ.) ഗജങ്ങളോടടുത്താൽ (പ. ത.) വായോടടുപ്പിച്ചു. കുതിരകളെ രഥത്തോടു കെട്ടി (കേ. ര=തേരിൽ പൂട്ടി.) തൂണോടു ചാരി. തന്നോടു ചേൎന്നു. ഫലം അവനോടു പറ്റുക (വില്വ.) മെയ്യോടു മെയ്യും ഉരുമ്മും.മെയ്യോടണെച്ചു (കൃഗ=മാൎവ്വിൽ അണച്ചു.)
നീചരോടഭിമുഖനായി (ചാണ.) കുറഞ്ഞൊരു ദൂരം മുനികളോടു. കേ. രാ=ചതുൎത്ഥിപഞ്ചമി.)
ആപത്തോട് അനുബന്ധിക്കും സമ്പത്തു. അവനോടനുഗമിക്ക (കേ. രാ=ദ്വിതീയ.)
443. Denoting Limit പൎയ്യന്തത്തെയും കുറിക്കുന്നു.
പഴുത്ത തേങ്ങ മുതലായി വെളിച്ചിങ്ങാന്തമോടെത്ര (വ്യ. മ.) കോലം തുടങ്ങി വേ ണാട്ടോടിടയിൽ (കേ. ഉ.) ദക്ഷിണസൂത്രാഗ്രത്തിങ്കന്നു പൂൎവ്വ സൂത്രാഗ്രത്തോട് ഒരുകൎണ്ണം കല്പിച്ചു (ത. സ.)
Two Socials ഇട എന്നതിനോട് രണ്ടു സാഹിത്യങ്ങളും ചേരും.
ൟശകോണോടു നിരൃതികോണോടിടയുള്ള കൎണ്ണം. ഇഷ്ട പ്രദേശത്തോടിടെ ക്കു (ത. സ.) ചുണ്ടൂന്നിയോടു പെരുവിരലോടു നട്ടുവരയിൽ. മുലയോടു മുലയിടയിൽ നോം (വൈ. ശ.) മുടിയോടടികളോടിടയിൽ (ര. ച.) മുടിയോടടിയിട മുഴുവൻ.അടിമുടിയോടിടയിൽ (ചാണ.) തിരുമലരടിയോടു തിരുമുടിയോട തിരുവുടൽ(ഹ. കീ.)
444. Used with Verbs of speaking etc. ചൊല്ലാദികളിൽപുരുഷസാഹിത്യം നടപ്പള്ളതു (413.)
ഉ-ം ഇവ്വണ്ണം എന്നോടു നിന്നോടു ചൊല്ലുവാൻ അവർ പറഞ്ഞയച്ചു (നള.)അവനോടുത്തരം ചൊല്ലി (കൃ. ഗ.) നിന്നോടു പറഞ്ഞു തരും (ദേ. മാ.)
അവരോടു കഥയെ ധരിപ്പിച്ചു. (414) ഭൂപതിയോടു കേൾ്പിച്ചു. ഭവാനോടു ഗ്രഹിപ്പിച്ചു (നള.) പുത്രനോടു പഠിപ്പിച്ചു. താതനോടയപ്പിച്ചു കൊണ്ടു (കേ. രാ.) അവനോടു പലവും ഉപദേശിച്ചു (ചാണ.) അവനോടിതിൻ മൂലം ബോധം വരുത്തുവാൻ(പ. ത.) എന്നോടു നിയോഗിച്ചു (ഉ. രാ.) പോത്തോടു വേദം ഓതി (പ. ചൊ.)
ഇതിന്നു ചതുൎത്ഥിയും നടക്കുന്നു.
(ഞങ്ങൾ്ക്കു അരുൾ ചെയ്ക. മമ കേൾ്പിക്ക (മ. ഭാ.) തമ്പിക്കു ബുദ്ധി പറഞ്ഞു(കേ. ര.)
ചിലപ്പോൾ അവനെ നോക്കി ഉരചെയ്തു (മ. ഭ.)
445. Preferable to all, with Verbs of asking, receiving etc. ഇരക്കുന്നതിന്നും വാങ്ങുന്നതിന്നും പഞ്ചമിയെക്കാൾ സാഹിത്യം നല്ലൂ.
ഉ-ം എന്നോടു ചോദിച്ചു, അൎത്ഥിച്ചു. മൂവടിയെ മാബലിയോടിരന്നു (ര. ച.) 413.
സൌമിത്രിയോടു വില്ലു വാങ്ങി (സീവി.) ഭാൎയ്യയോടാശിസ്സ് പരിഗ്രഹിച്ചു. (മ.ഭാ.) അയനോടു വരം കൊണ്ടു (കേ. ര.) എന്നോടു മേടിച്ചു. നിങ്ങളോടെ താനുംഗ്രഹിച്ചു. രാമനോടനുജ്ഞ കൈക്കൊണ്ടു (അ. രാ.)
പ്രജകളോടൎത്ഥം പറിക്ക (സഹ.) അവനോടു നാടു പിടിച്ചടക്കി (കേ. ഉ.)ലുബ്ധനോടൎത്ഥം കൈക്കലാക്കിയാൽ (പ. ത.)
ശാസ്ത്രം അവനോടു പഠിച്ചു. (മ. ഭ.)
446. a. Denoting good or evil done to some body ഒരുവങ്കൽഗുണദോഷങ്ങളെ ചെയ്യുന്നതിന്നും ൟ വിഭക്തി കൊള്ളാം.
ഉ-ം. താതനോടു ചെയ്ത അപരാധം (ഭാഗ.) നിങ്ങളോടു ഒരു ദോഷം ചെയ്തു. ജനത്തോടു വിപ്രിയം ചെയ്ക (നള.) ജനനിയോടപമതി ചെയ്യാതെ (കേ. ര.) ചാപല്ല്യം എന്നോടു കാട്ടുന്നു (-ശി. പു.) എന്തു നിന്നോടു പിഴെച്ചു (മ. ഭാ.) എല്ലാരോടും കണ്ണെറിഞ്ഞു. ഞങ്ങളോടിങ്ങനെ തീച്ചൊരിഞ്ഞാലും (കൃ. ഗ.)
ഇങ്ങനെ ചതുൎത്ഥി.
വസിഷ്ഠനു വിപ്രിയം ചെയ്ക (കേ. രാ.)
സപ്തമിയും,
പിതാവ് പുത്രരിൽ പലതും ചെയ്തിടും. (കേ. രാ.)
447. b. The meaning concering is rare ആകയാൽ വിഷയാൎത്ഥവും ചുരുക്കമായ്‌വരും.
അടിയനോടു പ്രസാദിക്ക (കേ. ഉ=എങ്കൽ, കുറിച്ചു) അടിയങ്ങളോടു രോഷം (ഭാഗ.) എന്നോടു കോപം പൂണ്ടാൻ (മ. ഭാ.) മൂപ്പരവൈരിക്കവനോടപ്രിയമായില്ല (കാൎത്ത. അ.) എന്നോടു കാരുണ്യമില്ല. നിന്നോടാശ കെട്ടു (കേ. ര.) വൈരംഎന്നോടുണ്ടു. നിന്നോടു പ്രണയം (കൃ. ഗ.) രാജാവോടില്ല സംശയം ഏതും (ചാണ.) എനിക്കു നിന്നോടു ഒരു ശങ്കയും ഇല്ല (കേ. രാ.)
448. Denoting Opposition, war etc. വിരോധയുദ്ധാദികൾ്ക്കും സാഹിത്യം വേണ്ടു. (ദ്വിതീയയും ദുൎല്ലഭമായി ചേരും. അരക്കരെപൊരുതാർ (ര. ച.) നിന്മൂലം നമ്മെ പൊരുന്നു. കൃ. ഗ.)
അവനോടു പോർ പൊരുവാൻ (കൃ. ഗ.) രാജാവോടു മറുത്തു. നമ്മോടു ക്രുദ്ധിക്കൊല്ല (നള.) നന്മോടു പകപ്പിടിത്തോർ (ര. ച.) എന്നോടു വെറുപ്പവർ. പലരോടു എതൃനില്പാൻ (മ. ഭാ.) എന്നോടു എതിർ പറകിൽ (പൈ.) ഭൂസുരരോടു ദ്വേഷിച്ചു (വൈ. ച.) രാമനോടു പ്രതിയോധാവില്ല. അവനോടു വൈരങ്ങൾ തീൎക്ക(കേ. ര.) അവനോടണഞ്ഞ് ഏശുവാൻ (കൃ. ഗ.) അവനോടു ചെന്നേല്ക്ക; പടകൂടുക. നിങ്ങൾ ദേവകളോടു ജയിക്കയില്ല. അവനോടു ചൂതു തോറ്റു പോയാൻ (മ.ഭാ.) നെടിയിരിപ്പോടു തടുത്തു നില്പാൻ. (കേ. ഉ.) രാമൻ നമ്മോടഴിയാൻ (ര. ച.)
449. Denoting Separation വേർപാടും-കൂടെ സാഹിത്യത്തിൻ്റെ അൎത്ഥം.
രാഘവനോടു വിയോഗം (അ. രാ.) അതിനോടു വെറുത്തു. ബന്ധനത്തോടുവേൎവ്വിടുത്തു. പാമ്പോടു വേറായ തോൽ. നീരോടു വേറായ മീൻ. തേരോടുംധീരതയോടും വേറായ്‌വന്നു (കൃ. ഗ.) നിന്നോടു പിരിഞ്ഞു ഞാൻ (മ. ഭാ.) പാപങ്ങളോടു വേറുപെട്ടേൻ (വില്വ.) ദൂതനെ ഉടലോടു തല തന്നെ വേറു ചെയ്തു. ഉടമ്പുയിരോടു വേൎപ്പെടുപ്പതു (ര. ച.) അകല്ച, മൌൎയ്യനോടു ചാണക്യനുണ്ടു (ചാണ.)
പിന്നെ ദ്വിതീയ (411. 1.)
വാനരൻ കൂട്ടം പിരിഞ്ഞു പോയി (പ. ത.) നിന്നെ വേറിട്ടു പോക. (കേ. ര.)
ചതുൎത്ഥിയും.
നളനു കലി വേറായി (മ. ഭാ.)
പഞ്ചമിയും.
കൂറ അരയിന്നു വേറായില്ല. (മ. ഭാ.)
450. Denoting Likeness തുല്യതെക്കു സാഹിത്യവും (ചതുൎത്ഥിയും (454) പ്രമാണം.
എന്നോട് ഒത്തോർ (കേ. ര.) നീന്നോട് ഒപ്പവർ ആർ (ര. ച.) നളനോടു തുല്യൻ (നള.) നിന്നോട് ഔപമ്യം കാണാ (കേ. ര.) തീയോട് എതിർ പൊരുതും താപം (കൃ. ച.)
തുള്ളുന്ന ഇലകളോട് ഉള്ളം വിറെച്ചു (ഭാഗ=ഇലകളെ പോലെ.)
451. a. The social used adverbially അതും ആലെക്കണക്ക(നെ 426.)
b. അവ്യയശക്തിയുള്ളതു.
വായു വേഗത്തോടടുത്തു. അവനോട് അരുമയോടു പൊരുതു. അരുവയരോടതിസുഖമോട് അഴകിനോടു മേവിനാർ (മ. ഭ.) മോദേന ചൊല്ലി (നള.) ശോകേനവനം പുക്കാൻ (ദേ. മാ.) താപസൻ തപസാ വാഴും (മ. ഭാ.) ബന്ധുത്വമോടു വാണു(പ. ത.) നലമോടു ചൊന്നാൾ മകനോടു. പ്രാണഭയത്തോടു മണ്ടുന്നു. കാറ്റു പൂമണത്തോട് വീശുന്നു (കേ. രാ.) ആശ്വാസമൊടു കൈക്കൊണ്ടു (വേ. ച.) തളൎച്ചയോടും. ദുഃഖഭാവത്തോടും നില്ക്കുന്നു. (സോമ.)
കുണ്ഠിതത്തോടിരിക്ക (നള.) പ്രാണനോടിരിക്ക (കേ. ര.) നിന്നെ ജിവനോടുക്കവെ.
ഓടെ ഏറ്റം നടപ്പും
ധൎമ്മത്തോടെ പാലിച്ചു (ദേ. മാ.) അല്ലലോടെ പറഞ്ഞു (നള.) ചെന്നു ചെവ്വിനോടെ (കൃ. ഗ.) നേരോടെ ചൊല്ലുവിൻ (വേ. ച.)
452. The social having the meaning of the Instrumental ആലിൻ്റെ അൎത്ഥം മറ്റ് ചില വാചകത്തിലും ഉണ്ടു.
ഉ-ം. കടലോടു പോയാർ (പൈ=വഴിയായി.) എന്നോടു ചിരിച്ചു പോയി=എന്നാൽ ചിരിക്കപ്പെട്ടു. ഇതു നിന്നോടു പകൎന്നു പോയി (കേ. രാ.)
453. Proximity, intimacy and fellowship expressed by differentwords added to the social സാമീപ്യമല്ലാതെ ഉറ്റ ചേൎച്ചയും സഹയോഗവും കുറിക്കേണ്ടതിന്നു ചില പദങ്ങളെ കൂട്ടുന്നുണ്ടു.
1) കൂട, കൂടെ എന്നത്.
അവനോടു കൂട പോന്നു. ഗമിച്ചാലും വിശ്വാമിത്രൻ്റെ കൂട (കേ. ര.) പിള്ളരെക്കൂട കളിച്ചാൽ (പ. ചൊ.) ആളിമാരെ കൂടെ മേളിച്ചു (ശി. പു.) നമ്മോടു സാകം ഇരിക്ക (മ. ഭാ.)
2.) കൂടി.
ആശ്ചൎയ്യത്തോടും കൂടി ചോദിച്ചു (വില്വ)
3.) ഒരുമിച്ചു.
ദമയന്തിയോട് ഒരുമിച്ചു സ്വൈരത്തോടെ വാണു (നള.) ഞങ്ങളെ ഒരുമിച്ചുണ്ടായിരുന്നവൻ നിങ്ങളോട് ഏകീകരിച്ചു ഞാൻ പോരുന്നു (പ. ത.)—
4.) ഒന്നിച്ചു.
നിന്നോട് ഒന്നിച്ചു വസിക്കും (നള.) ഭാൎയ്യയൊട് ഒന്നിച്ചു മേവും (വേ. ച.)
5.) ഒക്ക, ഒത്തു.
മങ്കമാരോട് ഒക്കപ്പോയി (ശി. പു.) ഋഷികളോട് ഒത്തതിൽ കരേറി (മത്സ്യ.)ജനങ്ങളോടു ഒത്തു തിരിഞ്ഞു (കേ. ര.)
6.) ഒപ്പം (പടുവാക്കായി ഒപ്പരം.)
ഞങ്ങളോട് ഒപ്പം ഇരുന്നാലും (ചാണ.)
7.) കലൎന്നു.
പൌരന്മാരോടു കലൎന്നു. ഘോരസേനയുമായിട്ടു ചെന്നു (കൃ. ഗ.)
8.) ഏ.
പടയോടേ അടുത്തു വന്നു (കേ. ര.) വേടരോടേ വസിച്ചു. ബുന്ധുക്കളോടേ സുഖിച്ചു വാണു (നള.) പുക്കിതു പടയോടേ (മ. ഭ.) മന്ത്രി എന്ന പേരോടേ നടക്ക(പ. ത.)
454. Adverbial Participles used instead of the Social ഓടു എന്നതിന്നു പകരം ചിലവിനയേച്ചങ്ങളും പ്രയോഗിക്കാം.
1.) ഉ-ം ആയി.
വാളുമായടുത്തു (ചാണ.) തുഴയുമായി നിന്നു (മ. ഭ.) ദണ്ഡുമായി മണ്ടും (കൃ. ച.)മാമരവുമായുള്ള കൈ. വന്നാർ വിമാനങ്ങളുമാകിയെ (ര. ച.) മരുന്നിനെ പഞ്ചതാരയും പാലുമായി കുടിക്ക (വൈ. ച.)
\ആരുമായിട്ടു യുദ്ധം (വൈ. ച.) കൌരവരും പാണ്ഡവരുമായി വൈരംഉണ്ടായി. അവരുമായിട്ടേ ഞങ്ങൾ്ക്കു ലീലകൾ ചേൎന്നു കൂടൂ. സേനയുമായി ചെന്നു (കൃ.ഗ.) ഇയ്യാളുമായിട്ടു കണ്ടു (നള.)
മൂവരുമായി പൎണ്ണശാല കെട്ടി വസിച്ചു (ഉ. രാ.)=അൎത്ഥാൽ താൻഇരുവരോടു കൂട, ആകെ മൂവരും.
കാഴ്ചയുമായിട്ടു പാച്ചൽ തുടങ്ങി (കൃ. ഗ.) എന്നതിന്നു ചതുൎത്ഥീഭാവം.
2.) കൂടി,-ചേൎന്നു,-ഒന്നിച്ചു,-ആയൊക്ക.
ഉ-ം അവൾ തൂണും ചേൎന്നു നിന്നു (പ. ത.) വിപ്രരും താനും കൂടി അത്താഴംഉണ്ടു (മ. ഭാ.) വാനോർ മുനികളും ഒക്കവെ ഒന്നിച്ചു. ബ്രഹ്മിഷ്ഠന്മാരായൊക്ക നാംവസിക്ക (കേ. ര.)
3.) പൂണ്ടു,-ഉൾ്ക്കൊണ്ടു,-കലൎന്നു,-ഉയന്നു,-ഉറ്റു,-ആൎന്നു,-ഇവറ്റിന്ന് അവ്യയീഭാവം (446.)
ദാസ്യഭാവം പൂണ്ടു, ദാസ്യഭാവേന (മ. ഭാ.) വിഭ്രമം കൈക്കൊണ്ടു (അ. ര.)മോദം ഉൾ്ക്കൊണ്ടു, മന്ദഹാസം പൂണ്ടുരെച്ചു (വില്വ.) ൟൎഷ്യ കലൎന്നു ചൊല്ലി. മാനമിയന്നു വരിക (മ. ഭാ.) കനിവുറ്റു, സന്തോഷം ആൎന്നു പറഞ്ഞു (ചാണ.)

താളിളക്കം
!Designed By Praveen Varma MK!