Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

002. മുഖവുര

വ്യാകരണം​ ഇല്ലാത്ത ഭാഷ ലോകത്തിൽ ഇല്ല; മലയാളഭാഷക്കും വ്യാകരണം ഇല്ലെന്നല്ല. ഇത്രോടം അതിനെ കണ്ടു കിട്ടാഞ്ഞതൊ നമ്മുടെ ഈ ഭാഷയെ തുഛ്ശീകരിച്ചു വ്യാകരണം ചമപ്പാൻ പ്രയാസംനിമിത്തം മടിച്ചു സംസ്കൃതത്തിൽ അധികം രസിച്ചതിന്നാലും അത്രെ. മലയാളിവിദ്വാന്മാർ ഏറിയ ഗ്രന്ഥങ്ങളെ വായിച്ചു കാവ്യാദികളെ പഠിച്ചതിന്നാൽ ഒരു വക അവ്യക്തവ്യാകരണത്തെ മനസ്സിൽ സംഗ്രഹിച്ചിട്ടു ചില പദ്യങ്ങളെ ചമച്ചു പഠിപ്പിച്ചു പോന്നു. ഇങ്ങിനെ മലയാളവിദ്യ വില കുറഞ്ഞു മലയാളവിദ്വാന്മാരും ചുരുങ്ങിയതിന്നാലും വ്യാകരണം സാധാരണ അവകാശം ആകയാലും ബാസൽ ജൎമ്മൻ മിശ്യൊനിലെ ആൎയ്യനായ ഹെൎമ്മൻ ഗുൻദൎത്ത് പണ്ഡിതർ ഇരുപത്തഞ്ചിൽ ചില്വാനം കൊല്ലം അദ്ധ്വാനിച്ചു ഈ ഭാഷാവ്യാകരണത്തെ ചമച്ചത്. അവർ തമിഴ് സംസ്കൃതാദി ഭാഷകളിലെ നിപുണതയോടു ആദ്യപത്രികയിൽ കാണിച്ച ഏറിയ ഗ്രന്ഥങ്ങളെയും, ഹൎജ്ജിതീൎപ്പുകളെയും വായിച്ചു, നാടോടിയതും താണതുമായ വാക്കുകളെയും വേണ്ടുവോളം ഗ്രഹിച്ചും അതാതിന്നു വേണ്ടും ഉദാഹരണങ്ങളെ ചേൎത്തും അവറ്റാൽ സൂത്രങ്ങളെയും സങ്കല്പിച്ചു. ൫൬൯ നിധാനങ്ങൾ അവരുടെ കൃത്യം അത്രെ. ശേഷമുള്ളത് ആയവരുടെ എഴുത്തുകളിൽനിന്നു എടുത്തു ഇതിൽ ചേൎത്തിരിക്കുന്നു എന്നറിവിൻ.

ഈ വ്യാകരണത്തിന്നു അക്ഷരകാണ്ഡം, പദകാണ്ഡം, വാചകകാണ്ഡം എന്നീ മൂന്നു മുഖ്യമായ പ്രകരണങ്ങൾ ഉണ്ടു. പദകാണ്ഡത്തിൽ നാമം, ക്രിയ, അവ്യയം എന്നിവറ്റിൻ്റെ രൂപങ്ങളെ കാണിക്കുന്നതിന്നൊത്തവണ്ണം വാചകകാണ്ഡത്തിന്നു അതിൻ്റെ പ്രയോഗങ്ങളെ കാണിച്ചത്. ശേഷം മുമ്പിൽ നില്ക്കുന്ന അനുക്രമണിക കണ്ടാൽ തെളിയും. ആയത് ആവൎത്തനം എന്നു തോന്നുകിലും കാൎയ്യത്തെയും അതിൻ്റെ സൂഷ്മങ്ങളെയും ചിന്തിക്കുന്നവൎക്കു അങ്ങിനെ തോന്നാ. ഇപ്പോഴത്തെ കാലത്തിൽ അനേക പാഠങ്ങളെ കഴിക്കേണ്ടുന്നതിന്നാൽ ഗ്രന്ഥങ്ങളെ മനോപാഠം ചെയ്യാതെ ഭാഷയുടെ ഭാവരീതികളെ ഗ്രഹിക്കുക തന്നെ ആവശ്യം. വിശിഷ്ടപദ്യങ്ങളിൽനിന്നു അല്പാല്പം മനോപാഠം കഴിച്ചാൽ മതി.

ഈ പ്രബന്ധം ചമക്കുന്നതിൽ പലപ്രയാസങ്ങളും വിഘ്നങ്ങളും സംഭവിച്ചതിന്നാൽ ഇതിലെ തെറ്റുകൾ എല്ലാം പുസ്തകത്തിൻ്റെ അവസാനത്തിലെ ശുദ്ധപത്രികയിൽ കാണിച്ചിരിക്കുന്നു. വ്യാകരണത്തിന്നു വേണ്ടും വിശേഷ സൂക്ഷ്മംനിമിത്തം ചെറിയ തെറ്റുകളെയും കുറിപ്പാൻ മടിച്ചില്ല. പദാന്തത്തിലെ വിരാമം ( . ) തേഞ്ഞുപോയ അര ഉകാരത്തെയും കൂട കാണിക്കുന്നു. പുസ്തകത്തെ വായിക്കുമ്മുമ്പെ, കാണിച്ച തെറ്റുകളെ തിരുത്തി, അബദ്ധങ്ങളെ നീക്കേണ്ടിയത.

താളിളക്കം
!Designed By Praveen Varma MK!